മാതാവിന് മറ്റു മക്കളുണ്ടോ❓

യേശുവിൻ്റെ അമ്മയെ കന്യകയായ മറിയം എന്ന് വിശേഷിപ്പിക്കുന്നത് ഒരിക്കലും തെറ്റല്ല; നമ്മുടെ രക്ഷയും (ലൂക്കാ, 3:31) രക്ഷകനും (ലൂക്കാ, 2:11) രക്ഷയുടെ കർത്താവുമായ (ഹെബ്രാ, 2:10) യേശുവിനെ പ്രസവിക്കുന്നതുവരെ മാതാവ് കന്യകയായിരുന്നു: (മത്താ, 1:25; ലൂക്കാ, 2:6). എന്നാൽ, നിത്യകന്യകയെന്ന പ്രയോഗം ന്യായീകരിക്കപ്പെടുന്നതല്ല. യേശുവിനെ കൂടാതെ മാതാവിന് ജോസഫിൽ കുറഞ്ഞത്, ആറു മക്കളെങ്കിലും ഉള്ളതായിട്ട് ബൈബിൾ വ്യക്തമാക്കുന്നു: (മത്താ, 13:55,56; മർക്കോ, 6:3). ഇത് മാതാവിൻ്റെ സഹോദരിയുടെ മക്കളാണെന്ന് കത്തോലിക്കാസഭ പഠിപ്പിക്കുന്നു. അതിനായി അവർ പറയുന്ന വാക്യം ഇതാണ്: “ഇതെല്ലാം കണ്ടുകൊണ്ട്‌ ദൂരെ കുറെ സ്‌ത്രീകളും നിന്നിരുന്നു. മഗ്‌ദലേന മറിയവും യോസേയുടെയും ചെറിയ യാക്കോബിന്റെയും അമ്മയായ മറിയവും സലോമിയും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.” (മര്‍ക്കോ, 15:40).

യേശുവിൻ്റെ ക്രൂശിനരികെ ആറിൽക്കൂടുതൽ സ്ത്രീകളുണ്ടെങ്കിലും നാലു സുവിശേഷങ്ങളും ചേർത്ത് പഠിച്ചാൽ ആറുപേരെ മനസ്സിലാക്കാൻ കഴിയും:⏬

1. “അക്കൂട്ടത്തില്‍ മഗ്‌ദലേനമറിയവും യാക്കോബിന്റെയും ജോസഫിന്റെയും അമ്മയായ മറിയവും സെബദീപുത്രന്‍മാരുടെ അമ്മയും ഉണ്ടായിരുന്നു.” (മത്താ, 27:56)

ഈ വാക്യത്തിൽ മൂന്നുപേരെക്കാണാം: 1️⃣മഗ്‌ദലേനമറിയം. 2️⃣യാക്കോബിന്റെയും ജോസഫിന്റെയും അമ്മയായ മറിയം: (അപ്പസ്തോലനായ ചെറിയ യാക്കോബിൻ്റെ അമ്മ: മർക്കോ, 15:40. അപ്പസ്തോലന്മാരുടെ കൂട്ടത്തിൽ രണ്ട് യാക്കോബ് ഉള്ളതുകൊണ്ടാണ് ഇവനെ ചെറിയ യാക്കോബ് എന്ന് വിളിക്കുന്നത്). 3️⃣സെബദീപുത്രന്‍മാരുടെ അമ്മ: (അപ്പസ്തോലന്മാരായ യാക്കോബിൻ്റെയും യോഹന്നാൻ്റെയും അമ്മ: മത്താ, 10:2)

2. “ഇതെല്ലാം കണ്ടുകൊണ്ട്‌ ദൂരെ കുറെ സ്‌ത്രീകളും നിന്നിരുന്നു. മഗ്‌ദലേന മറിയവും യോസേയുടെയും ചെറിയ യാക്കോബിന്റെയും അമ്മയായ മറിയവും സലോമിയും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.” (മര്‍ക്കോ, 15:40)

ഈ വാക്യത്തിലും അതേ മൂന്നുപേരെക്കാണാം: 1️⃣മഗ്‌ദലേനമറിയം. 2️⃣യോസേയുടെയും ചെറിയ യാക്കോബിന്റെയും അമ്മയായ മറിയം. 3️⃣സലോമി: (അപ്പസ്തോലന്മാരായ യാക്കോബിൻ്റെയും യോഹന്നാൻ്റെയും അമ്മയുടെ പേരാണ് സലോമി: മത്താ, 10:2; മർക്കോ, 16:1)

3. “മഗ്‌ദലേനമറിയവും യോവാന്നയും യാക്കോബിന്റെ അമ്മയായ മറിയവും അവരുടെകൂടെയുണ്ടായിരുന്ന മറ്റു സ്‌ത്രീകളുമാണ്‌ ഇക്കാര്യങ്ങള്‍ അപ്പസ്‌തോലന്‍മാരോടു പറഞ്ഞത്‌.” (ലൂക്കാ 24:10. ഒ.നോ: 23:55-56)

ഈ വാക്യത്തിൽ മൂന്നിൽക്കൂടുതൽ സ്ത്രീകളുണ്ടെങ്കിലും മൂന്നുപേരുടെ പേരാണ് പറഞ്ഞിരിക്കുന്നത്. അതിൽ, മുകളിൽ നാം കണ്ട മൂന്നുപേരിൽ സെബദീപുത്രന്‍മാരുടെ അമ്മയെ എടുത്തുപറയാതെ, പുതിയൊരു സ്ത്രീയുടെ പേരാണ് പറഞ്ഞിരിക്കുന്നത്. അതാണ് നാലാമതായി കാണുന്ന സ്ത്രീ. 4️⃣യോവാന്ന: (ഹേറോദേസിൻ്റെ കാര്യസ്ഥനായ കൂസായുടെ ഭാര്യയാണ് യോവാന്ന: ലൂക്കാ, 8:3)

4. “യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്‌ദലേനമറിയവും നില്‍ക്കുന്നുണ്ടായിരുന്നു.” (യോഹ, 19:25). “Standing by the cross of Jesus were his mother and his mother’s sister, Mary the wife of Clopas, and Mary of Magdala.” (വത്തിക്കാൻ പരിഭാഷ)

ഈ വാക്യത്തിൽ നാലുപേരാണുള്ളത്. അതിൽ രണ്ടുപേർ മുകളിൽ നാം കണ്ടവരാണ്. പുതിയ രണ്ടുപേരെക്കൂടി കാണാം: 5️⃣യേശുവിൻ്റെ അമ്മ. 6️⃣അമ്മയുടെ സഹോദരി. ഈ ഇവിടെപ്പറെഉന്ന ക്ലോപ്പാസ്, ഹല്‍പൈ എന്ന പേരിൻ്റെ ഗ്രീക്കു രൂപമാണ്. (മത്താ, 10:3; മർക്കോ, 3:18; ലൂക്കാ, 6:15; അപ്പ, 1:13). അപ്പസ്തോലനായ ചെറിയ യാക്കോബിൻ്റെയും യോസേയുടെയും അപ്പനും അമ്മയുമാണ് ഈ വാക്യത്തിൽപ്പറയുന്ന, ക്ലോപ്പാസും ഭാര്യ മറിയയും.

യേശുവിൻ്റെ ക്രൂശിനരികെ ആറിൽക്കൂടുതൽ സ്ത്രീകളുള്ളതായി മേല്പറഞ്ഞ വാക്യങ്ങളിൽനിന്ന് മനസ്സിലാക്കാം. അതിൽ, പേരും വിശേഷണങ്ങളുമുള്ള ആറുപേരെ വ്യക്തമായി മനസ്സിലാക്കാം:⏬

1️⃣ മഗ്‌ദലേനമറിയം,
2️⃣ അപ്പസ്തോലനായ ചെറിയ യാക്കോബിന്റെയും യോസേയുടെയും അമ്മയായ മറിയം,
3️⃣ അപ്പസ്തോലന്മാരായ യാക്കോബിൻ്റെയും യോഹന്നാൻ്റെയും അമ്മയായ സലോമി.
4️⃣ ഹേറോദേസിൻ്റെ കാര്യസ്ഥനായ കൂസായുടെ ഭാര്യ യോവാന്ന,
5️⃣ യേശുവിൻ്റെ അമ്മ,
6️⃣ യേശുവിൻ്റെ അമ്മയുടെ സഹോദരി.

അതിൽ, മാതാവിൻ്റെ സഹോദരിയെക്കുറിച്ച് ആകെ ഒരു പരാമർശമാണുള്ളത്: (യോഹ, 19:25). നാലു സുവിശേഷകന്മാരും ക്രൂശിനരികിൽ നില്ക്കുന്ന സ്ത്രീകളെക്കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും, യോഹന്നാൻ മാത്രമാണ് അമ്മ മറിയത്തെക്കുറിച്ചും അമ്മയുടെ സഹോദരിക്കുറിച്ചും പറയുന്നത്. മാതാവിനൊപ്പം ഒരിക്കൽമാത്രം പറഞ്ഞിരിക്കുന്ന ഈ സഹോദരിയുടെ പേരെന്താണെന്നോ, അവൾക്ക് ഭർത്താവുള്ളതായോ, മക്കളുള്ളതായോ യാതൊരു സൂചനയും ബൈബിളിൽ കാണാൻ കഴിയില്ല. പിന്നെങ്ങനെയാണ്, യേശുവിൻ്റെ സഹോദരന്മാർ മാതാവിൻ്റെ സഹോദരിയുടെ മക്കളാകുന്നത്?

1️⃣ യേശുവിൻ്റെ സഹോരന്മാരെക്കുറിച്ച് പറയുന്ന ആനേകം വാക്യങ്ങളുണ്ട്: (മത്താ, 12:46-47; മത്താ, 13:55,56; മർക്കൊ, 3:31-32; മർക്കോ, 6:3; ലൂക്കാ, 8:19-20; യോഹ, 2:12; 7:3-5). അതിൽ യേശുവിനെക്കൂടാതെ, ആറിലേറെ മക്കൾ ജോസേഫിനും മറിയയ്ക്കും ഉള്ളതായി രണ്ട് വാക്യങ്ങളിൽ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്: “ഇവന്‍ ആ തച്ചന്റെ മകനല്ലേ? മറിയമല്ലേ ഇവന്റെ അമ്മ? യാക്കോബ്‌, ജോസഫ്‌, ശിമയോന്‍, യൂദാസ്‌ എന്നിവരല്ലേ ഇവന്റെ സഹോദരന്‍മാര്‍? ഇവന്റെ സഹോദരിമാരെല്ലാം നമ്മുടെ കൂട്ടത്തിലുണ്ടല്ലോ? പിന്നെ ഇവന്‌ ഇതെല്ലാം എവിടെനിന്ന്‌?” (മത്താ, 13:55-56). അടുത്തവാക്യം: ഇവന്‍ മറിയത്തിന്റെ മകനും യാക്കോബ്‌, യോസെ, യൂദാസ്‌, ശിമയോന്‍ എന്നിവരുടെ സഹോദരനുമായ മരപ്പണിക്കാരനല്ലേ? ഇവന്റെ സഹോദരിമാരും ഇവിടെ നമ്മുടെ കൂടെയില്ലേ? ഇങ്ങനെ പറഞ്ഞ്‌ അവര്‍ അവനില്‍ ഇടറി. (മര്‍ക്കോ, 6:3). ഇനി, കത്തോലിക്കാ സഭ പഠിപ്പിക്കുന്നപോലെ, യോസേയും ചെറിയ യാക്കോബുമാണ് മാതാവിൻ്റെ സഹോദരിയുടെ മക്കളെന്ന് മനസ്സിലാക്കിയാൽ, അവർക്ക് രണ്ട് മക്കൾ മാത്രമേ ഉള്ളു. (മത്താ, 27:56; മർക്കോ, 15:40). തന്മൂലം, യേശുവിൻ്റെ സഹോദരന്മാരും സഹോദരിമാരെന്നും പറയുന്നത് ജോസേഫിൻ്റെയും മറിയയുടെയും സ്വന്തമക്കളും യേശുവിൻ്റെ സ്വന്ത സഹോദരന്മാരും ആണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

2️⃣ മാതാവിനെ യേശുവിൻ്റെ അമ്മയെന്നും മറ്റുള്ളവരെ യേശുവിൻ്റെ സഹോദരന്മാരെന്നും സഹോദരിമാരെന്നും ആണ് പറയുന്നത്. അതായത്, മറിയയെ യേശുവിൻ്റെ അമ്മയെന്ന് എപ്രകാരം വിശേഷിപ്പിച്ചിരിക്കുന്നുവോ, അപ്രകാരം തന്നെയാണ്, അവൻ്റെ സഹോദരന്മാരെന്നും സഹോദരിമാരെന്നും വിശേഷിപ്പിക്കുന്നത്. പിന്നെ മാതാവ് യേശുവിൻ്റെ സ്വന്തമാതാവും സഹോദരങ്ങൾ വകയിലേതും ആകുന്നത് എങ്ങനെയാണ്? മാതാവ് യേശുവിൻ്റെ സ്വന്തം അമ്മയാണെങ്കിൽ; സഹോദരങ്ങളും അങ്ങനെതന്നെ. സഹോദരങ്ങൾ വകയിലുള്ളതാണെങ്കിൽ, മാതാവും പെറ്റമ്മയല്ല; പോറ്റമ്മയെന്നേ വരൂ. ഭാഷാപരമായി അങ്ങനെ മാത്രമേ മനസ്സിലാക്കാൻ നിർവ്വാഹമുള്ളു; ബാക്കിയെല്ലാം ദുർവ്യാഖ്യാനങ്ങളാണ്.

3️⃣ “പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവന്‍ അറിഞ്ഞില്ല; അവന്‍ ശിശുവിന്‌ യേശു എന്നു പേരിട്ടു.” (മത്താ, 1:25). ഈ വാക്യത്തെ കത്തോലിക്കർ വ്യാഖ്യാനിക്കുന്നത്, പത്രനെ പ്രസവിക്കുംവരെ ജോസഫിന് മറിയയെ പരിചയമേ ഇല്ലായിരുന്നു എന്നാണ്. ജോസഫ് വിവാഹനിശ്ചയം ചെയ്തവളായിരുന്നു മറിയം. യെഹൂദൻ്റെ വിവാഹത്തിനും മൂന്നു ഘട്ടമുണ്ട്: 1. വധുവിനെ കണ്ടെത്തുക. 2. വരൻ വധുവിന് സ്ത്രീധനം നല്കി വിവാഹനിശ്ചയം ചെയ്യുക. 3. വധുവിന് ഭവനം ഒരുക്കിയശേഷം തോഴ്മക്കാരുമായി ചെന്ന് വധുവിനെ കൂട്ടിക്കൊണ്ടു വന്നിട്ട്, വരൻ്റെ വീട്ടിൽവെച്ച് ആഘോഷമായി വിവാഹം നടത്തുക. മറിയവും ജോസേഫും വിവാഹനിശ്ചയം കഴിഞ്ഞവരാണ്: (മത്താ, 1:18). വിവാഹനിശ്ചയം കഴിഞ്ഞാൽ; നിയമപരമായി അവർ ഭാര്യാഭർത്താക്കന്മാരാണ്. അതുകൊണ്ടാണ്, ഗർഭിണിയായ വിവരമറിഞ്ഞ് അവളെ രഹസ്യമായി ഉപേക്ഷിക്കാൻ തീരുമാനിച്ചത്: (മത്താ, 1:19). മൂന്നാമത്തെ ഘട്ടം അഥവാ, വിവാഹം കഴിയാത്തതുകൊണ്ട് അവരുടെ ആദ്യരാത്രി കഴിഞ്ഞിട്ടില്ലെന്നേയുള്ളു. അതിനാലാണ്, “അവർ സഹവസിക്കുന്നതിനുമുമ്പെ അവൾ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി” എന്ന് എഴുതിയിരിക്കുന്നത്. (മത്താ, 1:18). യേശുവിനെ പ്രസവിച്ചുകഴിഞ്ഞ് അവർ ഭാര്യാഭർത്തൃബന്ധം നിവൃത്തിക്കുകയും ചെയ്തു. അതുകൊണ്ടാണ്, “പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവന്‍ അറിഞ്ഞില്ല”എന്നെഴുതിയിരിക്കുന്നത്: (മത്താ, 1:25). മലയാളത്തിലെ മറ്റു പരിഭാഷകൾ കൂടി പരിശോധിച്ചാൽ കാര്യം വ്യക്തമാകും:⏬

BCS മലയാളം: “മകനെ പ്രസവിക്കുംവരെ അവൻ അവളുമായി ശാരീരികമായി ബന്ധപ്പെട്ടിരുന്നില്ല.”

ERV മലയാളം: “മറിയ മകനെ പ്രസവിക്കും വരെ അവന്‍ അവളുമായി ലൈംഗികബന്ധത്തിൽ ഏര്‍പ്പെട്ടില്ല.”

MSV മലയാളം: “മറിയ പുത്രന് ജന്മം നൽകുന്നതുവരെ ജോസഫ് അവളുമായി സഹധർമ്മം ചെയ്തില്ല.”

പുതിയലോകഭാഷാന്തരം: “മകനെ പ്രസവിക്കുന്നതുവരെ ജോസേഫ് മറിയയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടില്ല.”

ബെഞ്ചമിൻ ബെയ്‌ലി: “അവൻൾ അവളുടെ പ്രഥമപുത്രനെ പ്രസവിക്കുവോളത്തിന് അവൻ അവളെ അറിയാതെയുമിരുന്നു.”

മാണിക്കത്തനാർ: “അവൾ തൻ്റെ കടിഞ്ഞൂൽ പുത്രനെ പ്രസവിച്ചതുവരെ അവൻ അവളെ അറിഞ്ഞുമില്ല.”

വിശുദ്ധഗ്രന്ഥം: “അവള്‍ ആദ്യജാതനെ പ്രസവിച്ചതുവരെ അവന്‍ അവളെ അറിഞ്ഞില്ല.”

സത്യം പരിഭാഷ: “ആദ്യജാതനായ മകനെ പ്രസവിക്കുംവരെ അവൻ അവളെ പരിഗ്രഹിച്ചില്ല.”

സത്യവേദപുസ്തകം: ”മകനെ പ്രസവിക്കുംവരെ അവൻ അവളെ പരിഗ്രഹിച്ചില്ല.”

സത്യവേദപുസ്തകം സമകാലിക പരിഭാഷ: “മകനെ പ്രസവിക്കുംവരെ അവൻ അവളുമായി ശാരീരികമായി ബന്ധപ്പെട്ടിരുന്നില്ല.”

ഹെർമ്മൻ ഗുണ്ടർട്ട്: “അവൾ ആദ്യജാതനായ തൻ്റെ മകനെ പ്രസവിക്കുംവരെ (യോസഫ്) അവളെ അറിയാതെ നിന്നു.”

മേല്പറഞ്ഞ പരിഭാഷകൾ പരിശോധിച്ചാൽ, ജോസഫ് മറിയയെ അറിഞ്ഞില്ല എന്ന പ്രയോഗത്തിൻ്റെ ശരിയായ അർത്ഥം എന്താണെന്ന് മനസ്സിലാക്കാം. യേശുവിനെ പ്രസവിക്കുന്നതുവരെ മാത്രമേ മറിയം കന്യകയായിരുന്നുള്ളൂ എന്ന് ഈ വാക്യത്തിലൂടെ അസന്ദിഗ്ധമായി തെളിയുന്നു. ജോസഫിൻ്റെ മക്കളെ മാതാവ് പ്രസവിച്ചാൽ മാതാവ് അശുദ്ധയാകുമോ? ദൈവം വിവാഹം നിയമിച്ചത് നിഷ്പാപ യുഗത്തിലാണ്. (ഉല്പ, 2:24). ആദവും ഹവ്വയും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതുകൊണ്ടല്ല; ദൈവകല്പന ലംഘിച്ചതുകൊണ്ടാണ് അവർ പാപികളായത്. വിരുദ്ധരിൽ വിശുദ്ധയായ യേശുവിൻ്റെ മാതാവിന് കത്തോലിക്കർ ദുർവ്യാഖ്യാനത്താൽ വിശുദ്ധിയൊന്നും ഉണ്ടാക്കിക്കൊടുക്കണ്ട. സ്ത്രീ തൻ്റെ ഭർത്താവിൽനിന്ന് ഗർഭം ധരിക്കുമ്പോഴല്ല; ഭർത്താവല്ലാത്തവരിൽനിന്ന് ഗർഭം ധരിക്കുമ്പോഴാണ് അശുദ്ധയാകുന്നത്.

4️⃣ മേല്പറഞ്ഞതൊന്നും വിശ്വസിക്കാതെ അജ്ഞത നടിക്കുന്നവർക്കുള്ളവർക്ക് ഉള്ളതാണ് ഈ വാക്യം: “അവിടെയായിരിക്കുമ്പോള്‍ അവള്‍ക്കു പ്രസവസമയമടുത്തു. അവള്‍ തന്റെ കടിഞ്ഞൂല്‍പുത്രനെ പ്രസവിച്ചു.” (ലൂക്കാ 2:6. ഒ.നോ: 2:22). മത്തായിയിലും കടിഞ്ഞുൽപുത്രൻ എന്ന പ്രയോഗമുണ്ട്; എന്നാൽ പല മലയാളം പരിഭാഷകളും അതിനെ വിഴുങ്ങിക്കളഞ്ഞു. മലയാളം സുറിയാനി പരിഭാഷയായ വിശുഗ്രന്ഥത്തിലെ വാക്യം: “അവള്‍ ആദ്യജാതനെ പ്രസവിച്ചതുവരെ അവന്‍ അവളെ അറിഞ്ഞില്ല അവന് യേശു എന്ന് അവള്‍ പേരു വിളിച്ചു.” (ഒ.നോ: ബെഞ്ചമിൽ ബെയിലി, മാണിക്കത്താനാർ, സത്യം പരിഭാഷ, ഹെർമ്മൻ ഗുണ്ടർട്ട് എന്നീ മലയാളം പരിഭാഷകളും ഇംഗ്ലീഷ് പരിഭാഷകളും പരിശോധിക്കുക).

കടിഞ്ഞൂൻ പുത്രൻ (firstborn) അഥവാ, ആദ്യജാതനായ പുത്രൻ എന്നു പറഞ്ഞാൽ; യേശു മാതാവിൻ്റെ ഏകപുത്രനെന്നല്ല അർത്ഥം; മൂത്ത പുത്രൻ അഥവാ, ആദ്യത്തെ പുത്രൻ എന്നാണ്. ബൈബിൾ മാനുഷികമല്ല; ദൈവികമാണെന്ന് ആദ്യം തിരിച്ചറിയണം. (2തിമൊ, 3:16). ബൈബിളിൻ്റെ യഥാർത്ഥ കർത്താവായ ദൈവാത്മാവിന് തെറ്റുപറ്റില്ല. കത്തോലിക്കർ അംഗീകരിച്ചാലും ഇല്ലെങ്കിലും, കടിഞ്ഞൂൽ പുത്രൻ അഥവാ, ആദ്യജാതൻ എന്ന പ്രയോഗം അനന്തരജാതരെ സൂചിപ്പിക്കുന്നതാണ്. യേശുവിനെ മറിയത്തിൻ്റെ കടിഞ്ഞൂൽപുത്രൻ എന്ന് വിശേഷിപ്പിക്കുന്നത് മാതാവിന് മറ്റു മക്കൾ ഉണ്ടെന്നതിൻ്റെ സ്ഫടികസ്ഫുടമായ തെളിവാണ്. അല്ലെങ്കിൽ, ബൈബിൾ തെറ്റാണെന്ന് കത്തോലിക്കർ പറയണം.

5️⃣ “മോശയുടെ നിയമമനുസരിച്ച്‌, ശുദ്ധീകരണത്തിനുള്ള ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍, അവര്‍ അവനെ കര്‍ത്താവിനു സമര്‍പ്പിക്കാന്‍ ജറുസലെമിലേക്കു കൊണ്ടുപോയി. കടിഞ്ഞൂല്‍ പുത്രന്‍മാരൊക്കെയും കര്‍ത്താവിന്റെ പരിശുദ്‌ധന്‍ എന്നുവിളിക്കപ്പെടണം എന്നും, ഒരു ജോടി ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ ബലി അര്‍പ്പിക്കണം എന്നും കര്‍ത്താവിന്റെ നിയമത്തില്‍ പറഞ്ഞിരിക്കുന്നതനുസരിച്ചാണ്‌ അവര്‍ അങ്ങനെ ചെയ്‌തത്‌.” (ലൂക്കാ 2:22-24). മാതാവ് പ്രസവിച്ച കടിഞ്ഞൂൽപുത്രൻ ആയതുകൊണ്ടാണ് അവളുടെ ശൂദ്ധീകരണകാലം തികഞ്ഞപ്പോൾ, അവനെ പരിശുദ്ധനായി ദൈവാലയത്തിൽ സമർപ്പിച്ചിട്ട്, പ്രാവിൻ കുഞ്ഞുങ്ങളെ കൊടുത്ത് അവനെ വീണ്ടെടുത്തത്. മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമല്ലാതെ മറ്റാരെയും പരിശുദ്ധനായി സമർപ്പിക്കുകയോ, വീണ്ടെടുക്കുകയോ ചെയ്യാൻ പ്രമാണമില്ല. (സംഖ്യാ, 3:12,13; 18:15). മറിയയ്ക്കും യോസേഫിനും മറ്റ് മക്കൾ ഇല്ലായിരുന്നെങ്കിൽ, “കടിഞ്ഞൂല്‍ പുത്രനായ യേശുവിനെ സമർപ്പിച്ചു” എന്ന് പിൽക്കാലത്ത് രചിച്ച ബൈബിളിൽ എഴുതിവെക്കില്ലായിരുന്നു. പ്രത്യുത, ഏകപുത്രനെ സമർപ്പിച്ചു എന്നായിരിക്കും പറയുക.

6️⃣ ഇനി വളരെ പ്രധാനപ്പെട്ട മറ്റൊരു തെളിവ് തരാം: “മറ്റ്‌ അപ്പസ്‌തോലന്‍മാരും കര്‍ത്താവിന്റെ സഹോദരന്‍മാരും കേപ്പായും ചെയ്യുന്നതുപോലെ സഹോദരിയായ ഒരു സ്‌ത്രീയെ കൊണ്ടുനടക്കാന്‍ ഞങ്ങള്‍ക്കും അവകാശമില്ലേ?” (1കോറി, 9:5). ഈ വേദഭാഗത്ത്, കർത്താവിൻ്റെ സഹോദരന്മാർ (oi adelfoi tou kyriou – the brethren of the Lord) എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് യേശുവിൻ്റെ സ്വന്ത സഹോദരന്മാരെയാണ്. അടുത്തവാക്യം: “കര്‍ത്താവിന്റെ സഹോദരനായ യാക്കോബിനെയല്ലാതെ അപ്പസ്‌തോലന്‍മാരില്‍ മറ്റാരെയും ഞാന്‍ കണ്ടില്ല.” (ഗലാ, 1:19). ഈ വേദഭാഗത്ത്, കർത്താവിൻ്റെ സഹോദരൻ (ton adelfon tou kyriou – the Lord’s brother) എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് യേശുവിൻ്റെ സ്വന്തസഹോദരൻ യാക്കോബിനെയാണ്. അപ്പസ്തോലന്മാരെ യേശു സഹോദരന്മാർ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. (യോഹ, 20:17). എന്നാൽ, യേശുവിൻ്റെ സ്വന്ത സഹോദരന്മാരെയല്ലാതെ, അപ്പസ്തോലന്മാരെപ്പോലും “കർത്താവിൻ്റെ സഹോദരൻ” എന്ന് ബൈബിൾ വിശേഷിപ്പിച്ചിട്ടില്ല. തൻ്റെ മാതാവ് പ്രസവിക്കാത്ത, യേശുവിൻ്റെ വകയിലെ സഹോദരന്മാരായിരുന്നെങ്കിൽ, അപ്പസ്തോലന്മാർക്കുപോലും കൊടുക്കാത്ത ഒരു മഹനീയ വിശേഷണം പൗലൊസ് അവർക്ക് കൊടുക്കുമായിരുന്നോ? ഈ വേദഭാഗം കൂടി കാണുക: “എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക്‌ എവിടെ നിന്ന്‌?” (ലൂക്കാ 1:43). എൻ്റെ കർത്താവിൻ്റെ അമ്മ (mitir tou kyriou mou – mother of my Lord) എന്ന് എലിസബത്ത് മാതാവിനെ എപ്രകാരം, ഏത് വാക്കുകൊണ്ട് വിശേഷിപ്പിച്ചുവോ, അപ്രകാരം തന്നെയാണ് കർത്താവിൻ്റെ സഹോദരന്മാരെന്ന് പൗലൊസ് വിശേഷിപ്പിച്ചിരിക്കുന്നതും. തന്മൂലം, കർത്താവിൻ്റെ അമ്മയായ മറിയ യേശുവിൻ്റെ സ്വന്ത മാതാവാണെങ്കിൽ, കർത്താവിൻ്റെ സഹോദരന്മാർ യേശുവിൻ്റെ സ്വന്തസഹോദരന്മാരാണെന്ന് സംശയലേശമന്യേ തെളിയുന്നു. വചനത്തെ കോട്ടിമാട്ടി ഉപദേശം ഉണ്ടാക്കിയാൽ, ദൈവത്തിൽനിന്ന് പണി മേടിക്കുമെന്ന് തിരിച്ചറിഞ്ഞാൽ; എല്ലാം ശരിയാകും.

7️⃣ മാതാവിന് മറ്റു മക്കൾ ഇല്ലാത്തതുകൊണ്ടാണ് യേശു ശിഷ്യൻ യോഹന്നാന് തൻ്റെ അമ്മയെ ഏല്പിച്ചുകൊടുത്തത് എന്നൊരു കത്തോലിക്കാ വ്യാഖ്യാനമുണ്ട്. മാതാവിന് മക്കളുണ്ടെന്ന് തെളിവായി ബൈബിൾ പറയുമ്പോൾ, കാരണം മറ്റൊന്നാണെന്ന് മനസ്സിലാകേണ്ടതല്ലേ? യേശുവിൻ്റെ പുനരുത്ഥാനം വരെയും സ്വന്തസഹോദരന്മാർ യേശുവിൽ വിശ്വസിച്ചിരുന്നില്ല. “അവന്റെ സഹോദരന്‍മാര്‍ പോലും അവനില്‍ വിശ്വസിച്ചിരുന്നില്ല.” (യോഹ, 7:5). യേശു മാതാവിൻ്റെ ആദ്യജാതനാണ്. (മത്താ, 1:25; ലൂക്കാ, 2:6,23). തന്മൂലം, മാതാവിൻ്റെ ഉത്തരവാദിത്വം മൂത്തപുത്രനായ യേശുവിന് ഉള്ളതാണ്. അതിനാൽ, തന്നിൽ വിശ്വസിക്കാത്ത സഹോദരങ്ങളേക്കാൾ, തൻ്റെ പ്രിയശിഷ്യൻ അമ്മയെ സംരക്ഷിക്കുമെന്ന് അറിയാവുന്നതുകൊണ്ടാണ് യോഹന്നാന് ഏല്പിച്ചുകൊടുത്തത്. (യോഹ, 26:27). അല്ലാതെ തനിക്ക് സ്വന്ത സഹോദരന്മാർ ഇല്ലാഞ്ഞിട്ടല്ല. മാനുഷികമായി സ്വന്തമെന്നോ, അന്യരെന്നോ വേർതിരിച്ചു കണ്ടിട്ട് ലോകപ്രകാരം കാര്യങ്ങളെ കാണാൻ, അവൻ കേവലമൊരു മനുഷ്യനല്ല. യേശു ആത്മപ്രകാരമാണ് ആ പ്രവൃത്തി ചെയ്തത്. യേശു യോർദ്ദാനിൽ വെച്ച് പരിശുദ്ധാത്മാവിനാലും ശക്തിയാലും ദൈവത്താൽ അഭിഷേകം ചെയ്യപ്പെട്ടതു മുതൽ, മനുഷ്യരോട്, സ്വന്തമെന്നും ബന്ധമെന്നും ഒരു വേർതിരിവ് താൻ കാണിച്ചിട്ടില്ല. (ലൂക്കാ, 3:22; അപ്പ, 10:38). അതിന് പല തെളിവുകളും ബൈബിളിലുണ്ട്; പ്രധാനപ്പെട്ട ഒരു തെളിവ് കാണിക്കാം: യേശു തൻ്റെ ജനനം മുതൽ അപ്പൻ അമ്മ എന്നാണ്, മറിയയെയും ജോസഫിനെയും വിളിച്ചിരുന്നത്. (ലൂക്കോ, 2:48; മർക്കോ, 6:3; യോഹ, 1:45; 6:42). എന്നാൽ, എപ്പോൾ താൻ അഭിഷേകം പ്രാപിച്ച് ദൈവത്തിൻ്റെ ക്രിസ്തു ആയോ, അപ്പോൾ മുതൽ അമ്മയെയും മറ്റു സ്ത്രീകളെയും സ്ത്രീയേ എന്ന് അഭിന്നമായാണ് സംബോധന ചെയ്തത്. (ലൂക്കാ, 4:16-21; യോഹ, 2:4; 19:26; മത്താ, 15:28; ലൂക്കൊ, 13:12; യോഹ, 4:21; 8:10; 20:15). ഒരു യഥാർത്ഥ അഭിഷിക്തൻ്റെ മുമ്പിൽ, ദൈവവും മനുഷ്യരും എന്ന രണ്ടു കൂട്ടരായുള്ളു. എല്ലാ മനുഷ്യരെയും ഒരുപോലെ കാണുന്നവനാണ് യഥാർത്ഥ അഭിഷിക്തൻ. അതുകൊണ്ടാണ്, “ആരാണ്‌ എന്റെ അമ്മ? ആരാണ്‌ എന്റെ സഹോദരര്‍? …… സ്വര്‍ഗസ്‌ഥനായ എന്റെ പിതാവിന്റെ ഇഷ്‌ടം നിറവേറ്റുന്നവനാരോ അവനാണ്‌ എന്റെ സഹോദരനും സഹോദരിയും അമ്മയും” എന്ന് കർത്താവ് പറഞ്ഞത്. (മത്താ, 12:48-50). അല്ലാതെ, അമ്മയോട് ബഹുമാനക്കുറവുകൊണ്ടല്ല “സ്ത്രീയേ” എന്ന് സംബോധന ചെയ്തത്. ഒരു യഥാർത്ഥ അഭിഷിക്തൻ്റെ ധർമ്മം നിവൃത്തിക്കുകയാണ് താൻ ചെയ്തത്. എന്നാൽ, അമ്മയെ സുരക്ഷിതമായ കരങ്ങളിൽ ഏല്പിച്ചത്, ദൈവത്തിനും മനുഷ്യർക്കും മുമ്പിൽ കുറ്റമില്ലാത്ത, ധാർമ്മികതയുള്ള ഒരു ആദ്യജാതൻ്റെ കർത്തവ്യം എന്ന നിലയിലാണ്.

എന്നാൽ, അത് ജീവിതകാലം മുഴുവനും വേണ്ടിയായിരുന്നില്ല; ചില ദിവസങ്ങൾക്കു വേണ്ടി മാത്രമായിരുന്നു എന്ന് മനസ്സിലാക്കാവുന്നതാണ്. യേശുവിൻ്റെ മരണപുനരത്ഥാനങ്ങൾക്ക് ശേഷം സഹോദരന്മാർ അവനിൽ വിശ്വസിച്ചതായി കാണാം. ജറുസലെമിൽ ശിഷ്യന്മാർ കൂടിയിരുന്ന വീടിൻ്റെ മുകളിലത്തെ നിലയിൽ, അമ്മയ്ക്കൊപ്പം സഹോദരന്മാരെയും കാണാൻ കഴിയും. (അപ്പ. 1:14). പന്തക്കുസ്‌താദിനത്തിനുശേഷം യേശുവിൻ്റെ സഹോദരനായ യാക്കോബ്, അപ്പസ്തോലൻ എന്ന് പേർ വിളിക്കപ്പെടുകയും (ഗലാ, 1:19), പ്രഥമ പ്രദേശിക ക്രൈസ്തവ സഭയായ ജറുസലെം സഭയുടെ അദ്ധ്യക്ഷനായിത്തീരുകയും ചെയ്തതായി കാണാം. (അ.പ്ര, 15:13; 21:18; ഗലാ, 1:19; 2:9). യേശുവിൻ്റെ സ്വന്ത സഹോദരന്മാരല്ലാതെ കർത്താവിൻ്റെ സഹോദരൻ, സഹോദരന്മാർ എന്ന് പേർ വിളിക്കപ്പെട്ടില്ല എന്നതും പ്രത്യേകം കുറിക്കൊള്ളുക. (1കോറി, 9:5; ഗലാ, 1:19). ഇത്രയും തെളിവുകൾ ബൈബിളിൻ്റെ കർത്താവായ ദൈവാത്മാവ് എഴുതിവെച്ചിരിക്കെ, പിന്നെയും ന്യായീകരണങ്ങൾ നിരത്തുന്നവർ ദൈവത്തിൽ വിശ്വസിക്കുന്നവരോ, ദൈവത്തിന്റെ വചനത്തിന് കീഴ്പ്പെടുന്നവരോ അല്ലെന്ന് വ്യസനസമേതം പറയേണ്ടിവരും.

മാതാവിനെ നിത്യകന്യകയാക്കാൻ ശ്രമിക്കുന്നതിനു പിന്നിൽ കന്യകാജീവിതം വിശുദ്ധവും, വിവാഹജീവിതം അശുദ്ധവുമാണെന്ന തെറ്റിദ്ധാരണയാകാം. വിവാഹിതയേക്കാൾ എന്തു വിശേഷതയാണ് കന്യകയ്ക്കുള്ളത്? ദൈവം പുരുഷനെയും സ്ത്രീയേയും സൃഷ്ടിച്ചതുതന്നെ ഒരുമിച്ചു ജീവിക്കാനാണ്. ആദാമും ഹവ്വായും പാപം ചെയ്തതിനു ശേഷമല്ല, ദൈവം വിവാഹം നിയമിച്ചത്; പാപം ചെയ്യുന്നതിനു മുമ്പാണ് അവരെ ഒരുമിപ്പിച്ചത്. “അതിനാല്‍, പുരുഷന്‍ മാതാപിതാക്കളെ വിട്ട്‌ ഭാര്യയോടു ചേരും. അവര്‍ ഒറ്റ ശരീരമായിത്തീരും” എന്നാണ് പറഞ്ഞിരിക്കുന്നത്. (ഉല്പത്തി 2:24). പുതിയ നിയമത്തിലാകട്ടെ; “എല്ലാവരുടെയിടയിലും വിവാഹം മാന്യമായി കരുതപ്പെടട്ടെ” എന്നാണ് പറഞ്ഞിരിക്കുന്നത്. (ഹെബ്രാ, 13:4). ദൈവം മനുഷ്യരെക്കുറിച്ച് ആഗ്രഹിക്കുന്നത്, വ്യഭിചാരികളായി നടക്കാനല്ല; വിശുദ്ധമായ കുടുംബജീവിതം നയിക്കാനാണ്. അതിനാൽ, ബൈബിളിൽ യാതൊരു അടിസ്ഥാനവുമില്ലാത്ത വിശേഷണങ്ങളൊക്കെ ചാർത്തിക്കൊടുത്ത്; ദൈവത്തിൻ്റെ അളവറ്റ കൃപ ലഭിച്ചവളും സ്തീകളിൽ ഏറ്റം അനുഗ്രഹിക്കപ്പെട്ടവളും വിശേഷാൽ, ഭക്തയും ഭാഗ്യവതിയുമായിരുന്ന വിശുദ്ധ അമ്മയെ ദയവായി അപമാനിക്കരുതെന്ന് ദൈവനാമത്തിൽ അപേക്ഷിച്ചുകൊള്ളുന്നു.

ചില ചോദ്യങ്ങൾ:⏬

യേശുവിനെക്കൂടാതെ കുറഞ്ഞത് ആറുമക്കളെങ്കിലും മറിയയത്തിനുണ്ടെന്ന് ബൈബിളിൽ എഴുതിവെച്ചിരിക്കെ; മക്കൾ ഇല്ലെന്ന് പറയുന്നതല്ലേ മാതാവിന് അപമാനം?

സന്തമക്കൾ തൻ്റേതല്ലെന്ന് ആരെങ്കിലും പറഞ്ഞുകേൾക്കുന്നതില്പരം ഒരമ്മയ്ക്ക് അപമാനം മറ്റെന്താണ്?

ദൈവം നിയമിച്ച വ്യവസ്ഥപ്രകാരം വിവാഹം ചെയ്തിട്ട് ഒരു സ്ത്രീ അവളുടെ ഭർത്താവിനാൽ മക്കളെ പ്രസവിക്കുന്നത് പാപമാണോ?

ഒരു സ്ത്രീ തൻ്റെ ഭർത്താവിനാൽ ഗർഭം ധരിച്ചാൽ അവൾ അശുദ്ധയാകുമോ?

അമ്മ മറിയത്തിന് മറ്റു മക്കളില്ലെന്ന് വ്യാജമായി പറയുന്നവർ, മാതാവിനെ അപമാനിക്കാനും വിശുദ്ധ ജോസഫ് ഷണ്ഡനാണെന്ന് സ്ഥാപിക്കാനുമാണ് ശ്രമിക്കുന്നത്. അല്ലാതെ മറ്റൊരു ഗുണവും ഉണ്ടാകില്ലെന്ന് ദൈവത്തിൻ്റെ വചനം സാക്ഷിവെച്ച് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കുന്നു. 

Leave a Reply

Your email address will not be published. Required fields are marked *