ബൈബിൾ വെളിപ്പെടുത്തുന്ന വിശ്വാസം: ട്രിനിറ്റി വിശ്വാസമാണോ, വൺനെസ്സ് വിശ്വാസമാണോ മോണാതീയിസമാണോ (monotheism) എന്നാണ് നാം പരിശോധിക്കുന്നത്. യഹോവയായ ഏകദൈവവും പഴയനിയമ ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും അവൻ്റെ ശിഷ്യന്മാരും പഠിപ്പിച്ചത്, ഏകദൈവം അഥവാ, ഒരുത്തൻ മാത്രമായ ദൈവത്തെക്കുറിച്ചാണ്. ഏകദൈവത്തിലുള്ള വിശ്വാസമാണ് മോണോതീയിസം (Monotheism) അഥവാ, ഏകദൈവവിശ്വാസം. എന്നാൽ, ദൈവം ട്രിനിറ്റിയാണെന്നോ, വൺനെസ്സ് ആണെന്നോ ബൈബിളിൽ ആർക്കും കണ്ടെത്താൻ കഴിയില്ല. ത്രിത്വം, ത്രിയേകത്വം, മൂന്ന് ആളത്വം, മൂന്ന് വ്യക്തി, മൂന്ന് വ്യക്തിത്വം, മൂന്നു ഹൈപ്പോസ്റ്റാസിസ്, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി, നിത്യപുത്രൻ, ഐക്യത്തിൽ ഒന്ന്, ബഹുത്വമുള്ള ഏകത്വം, സത്യദൈവത്തിൽ നിന്ന് ജനിച്ച സത്യദൈവം, സമനിത്യരായ മൂന്നുപേർ, സാരാംശത്തിലൊന്ന് തുടങ്ങി, ട്രിനിറ്റിയെന്ന ഉപദേശം നിർവ്വചിക്കാൻ എടുക്കുന്ന ഒരു വാക്കുപോലും ബൈബിളിൽ കാണാൻ കഴിയില്ല. പല വാക്കുകളും തിഘണ്ടുവിൽപ്പോലും ഉള്ളതല്ല. 783,137 വാക്കുകളുമുള്ള ബൈബിളിൽ, ഒരു വാക്കിൽപോലും പറഞ്ഞിട്ടില്ലാത്ത ദൈവമാണ്, ത്രിത്വദൈവം. ആ വിശ്വാസമാണ് ത്രിത്വവിശ്വാസം. ആ ദൈവവും വിശ്വാസവും ബൈബിൽ ഉണ്ടെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും. തന്മൂലം, ട്രിനിറ്റിയെന്ന ഉപദേശത്തിനു് ബൈബിളുമായി യാതൊരു ബന്ധവുമില്ലെന്ന് മനസ്സിലാക്കാം. പല ഭാഗങ്ങൾ ചേർന്ന് ഒന്നായതോ, പലർ ചേർന്ന് ഒന്നായതോ ആയ അവസ്ഥയ്ക്കാണ് വൺനെസ്സ് അഥവാ, ഏകത്വം എന്ന് പറയുന്നത്. അങ്ങനെ ഒരു ദൈവത്തെയും ബൈബിളിൽ ആർക്കും കാണാൻ കഴിയില്ല. തന്മുലം, വൺനെസ്സ് വിശ്വാസത്തിനും ബൈബിളുമായി വലിയ ബന്ധമൊന്നുമില്ലെന്ന് മനസ്സിലാക്കാം.
എന്നാൽ, എലോഹീം ബാദ് അഥവാ, ദൈവം ഒരുത്തൻ മാത്രമാണെന്ന് നിങ്ങൾക്ക് പഴയനിയമത്തിൽ ആവർത്തിച്ച് കാണാൻ കഴിയും. പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയായ സെപ്റ്റ്വജിൻ്റിൽ, തിയോസ് മോണോസ് (theos monos) അഥവാ, ദൈവം ഒരുത്തൻ മാത്രം എന്ന് കാണാൻ കഴിയും. പുതിയ നിയമത്തിലും, mnos o theos, monou theou, mono theo എന്നിങ്ങനെ ആവർത്തിച്ച് കാണാൻ കഴിയും. മോണോസ് തിയോസ് (μόνος θεός) അഥവാ, മോണോ തിയോ (μόνῳ θεῷ) അഥവാ, ഏകദൈവത്തിൽ ഉള്ള വിശ്വാസമാണ് മോണോതീയിസം അഥവാ, ഏകദൈവവിശ്വാസം. അതായത്, മോണോതീയിസം എന്നത് പുതിയനിയമ ഭാഷയായ ഗ്രീക്ക് പ്രയോഗമാണ്. പുതിയനിയമത്തിൽ ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച ദൈവമാണ്, മോണോസ് തിയോസ് അഥവാ, ഒരേയൊരു ദൈവം. മോണോസ് തിയോസിൽ ഉള്ള വിശ്വാസമാണ് മോണോതീയിസം. അതാണ് ബൈബിൾ വെളിപ്പെടുത്തുന്ന ദൈവവും വിശ്വാസവും. മറ്റൊരു ദൈവത്തെയും വിശ്വാസത്തെയും ആർക്കും കണ്ടെത്താൻ കഴിയില്ല.
ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രം എന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണ് എന്നത് കേവലം ഒരു അറിവല്ല, അതൊരു പരിജ്ഞാനവും പ്രാർത്ഥനയും ആണ്. പഴയ നിയമത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ, യഹോവയായ ദൈവം ഏകൻ ആണെന്നതും അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടും പൂർണ്ണ ശക്തിയോടും കൂടെ സ്നേഹിക്കേണം എന്നതും; നമ്മുടെ ഹൃദയത്തിൽ ഇരിക്കേണ്ടതും നമ്മൾ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും സംസാരിക്കേണ്ടതും നമ്മുടെ മക്കൾക്ക് ഉപദേശിച്ചു കൊടുക്കേണ്ടതും അതൊരു അടയാളമായി നമ്മുടെ കൈയ്യിൽ കെട്ടേണ്ടതും ഒരു പട്ടമായി നമ്മുടെ നെറ്റിയിൽ അണിയേണ്ടതും വീടിന്റെ കട്ടിളകളിന്മേലും പടിവാതിലുകളിലും എഴുതിവെക്കേണ്ടതും ആണ്. നിർഭാഗ്യവശാൽ, ഈ പരമമായ സത്യം ക്രിസ്ത്യാനികളിൽ ഭൂരിപക്ഷം പേർക്കും അറിയില്ല. അല്ലെങ്കിൽ, അറിയാത്തവരായി നടിച്ചുകൊണ്ട്, ദൈവത്തിൻ്റെ, ഇല്ലാത്ത ബഹുത്വത്തിൽ അവർ വിശ്വസിക്കുന്നു. അതിനാൽ, ദൈവം ഒരുത്തൻ മാത്രമാണെന്നും, ബൈബിൾ വെളിപ്പെടുത്തുന്ന വിശ്വാസം; മോണോ ത്തീയിസം ആണെന്നും ഉള്ളതിൻ്റെ തെളിവുകളാണ്, ഇനി കാണാൻ പോകുന്നത്: “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു.” (2രാജാ, 19:15). ഈ വേദഭാഗത്ത് ദൈവം ഒരുത്തൻ മാത്രമെന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം ബാദ് ആണ്. പഴയനിയമത്തിൽ കേവലമായ ഒന്നിനെ കുറിക്കാൻ, ഇംഗ്ലീഷിൽ only, alone എന്നു പരിഭാഷ ചെയ്തിരിക്കുന്ന അക് (ak), റാഖ് (raq), ബാദ് (bad), ബദാദ് (badad) എന്നിങ്ങനെ നാല് എബ്രായ പദങ്ങൾ 24 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ബാദ് ഉപയോഗിച്ചിരിക്കുന്ന 20 വാക്യങ്ങളിൽ, പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ മോണോസ് ആണ് കാണുന്നത്. (പുറ, 22:20; ആവ, 32:12; 1ശമൂ, 7:3,4; 12:24; 2രാജാ, 19:15,19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; 71:16; 72:18; 83:18; 86:10; 136:4; 148:13; യെശ, 2:11,17; 26:13; 37:16,20; 44:24). ഒറ്റയെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഖീദിന് തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. ആ പരിഭാഷയിലാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് മോണോസ് ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 20 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തോട് ചേർത്ത് മോണോസ് 13 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് മോണോസ് കൊണ്ടാണ്. (മത്താ, 4:10; 24:36; ലൂക്കോ, 4:8; 5:21; യോഹ, 5:44; 17:3; റോമ, 16:26; 1തിമൊ, 1:17;6:15,16; യൂദാ, 1:4,24; വെളി, 15:14). അതായത്, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന യാഖീദിന് (yahid) തുല്യമായ മോണോസ്, പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 33 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 20 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും യഹോവ അഥവാ, പിതാവായ ഏകദൈവമല്ലാതെ, മറ്റൊരു ദൈവത്തെ ദുരുപദേശങ്ങളും ദുർവ്യാഖ്യാനങ്ങളും കൊണ്ടല്ലാതെ, ബൈബിളിൽ കണ്ടെത്താൻ ആർക്കും കഴിയില്ല.
ദൈവം ഏകൻ, ഒരുവൻ, ഒരുത്തൻ മാത്രം, യഹോവ ഒരുത്തൻ മാത്രം ദൈവം, യഹോയല്ലാതെ മറ്റൊരു ദൈവമില്ല, യഹോവയ്ക്ക് സമനായും സദൃശനായും ആരുമില്ല, യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ല, യഹോവയ്ക്ക് മുമ്പോ പിമ്പോ മറ്റൊരു ദൈവമില്ല, ഏക സത്യദൈവം, പിതാവായ ഏകദൈവം, ദൈവവും പിതാവും ആയവൻ ഒരുവൻ എന്നിങ്ങനെ അല്ലാതെ, ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ, ദൈവത്തിനു് ബഹുത്വമുണ്ടെന്നോ, ഐക്യത്തിൽ ഒന്നാണെന്നോ ഒരു വാക്യത്തിൽപ്പോലും പറഞ്ഞിട്ടില്ല. യഹോവയായ ഏകദൈവവും പഴയനിയമ ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും അവൻ്റെ ശിഷ്യന്മാരും പഠിപ്പിച്ചത് ഏകദൈവം അഥവാ, ഒരുത്തൻ മാത്രമായ ദൈവത്തെക്കുറിച്ചാണ്. ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; “ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; എനിക്കു സമനായും സദൃശനായും ആരുമില്ല, ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നൊക്കെയാണ് യഹോവ പറഞ്ഞത്. (യെശ, 40:25; 43:10; 44:8; 45:5). “യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും, അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നുമാണ് പഴയനിയമ ഭക്തന്മാർ പറഞ്ഞത്. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:15,19; നെഹെ, 9:6; സങ്കീ, 40:5).
ദൈവത്തിൻ്റെ ക്രിസ്തു പഠിപ്പിച്ചത്, മോണോസ് തിയോസ് അഥവാ, ദൈവം ഒരുത്തൻ മാത്രമാണ് എന്നാണ്. മത്താ, 4:10; 19:4; 24:36; മർക്കൊ, 12:29; ലൂക്കൊ, 4:8; യോഹ, 5:44; 17:3). ക്രിസ്തു പഠിപ്പിച്ചത് തന്നെയാണ് അവൻ്റെ ശിഷ്യന്മാരും പഠിപ്പിച്ചത്. യഥാർത്ഥമായി, ദൈവപുത്രനായ ക്രിസ്തുവിൽ വിശ്വസിക്കുന്നവർ ആരും ദൈവത്തിൻ്റെ ബഹുത്വത്തിൽ വിശ്വസിക്കില്ല. എന്തെന്നാൽ, ഒരേയൊരു സത്യദൈവത്തെക്കുറിച്ച് ഏറ്റവും ശക്തമായ ഭാഷയിൽ പഠിപ്പിച്ചിരിക്കുന്നത് ക്രിസ്തുവാണ്.
ദൈവം ഒരുത്തൻ മാത്രമാണെന്നും, ആ ദൈവം പിതാവ് മാത്രമാണെന്നും, പിതാവിനെ മാത്രം ആരാധിക്കണമെന്നും, പിതാവ് മാത്രമാണ് സകലവും അറിയുന്നതെന്നും ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന മോണോസ് കൊണ്ട് ഖണ്ഡിതമായിട്ടാണ് ക്രിസ്തു പഠിപ്പിച്ചത്. ദൈവം ഒരുത്തൻ മാത്രമാണെന്ന് അപ്പൊസ്തലന്മാർ പഠിപ്പിച്ചതും മോണോസ് കൊണ്ടാണ്. ക്രിസ്തു അഞ്ച് വാക്യങ്ങളിലും, അപ്പൊസ്തലന്മാർ എട്ട് വാക്യങ്ങളിലും മോണോസ് ഉപയോഗിച്ചിട്ടുണ്ട്. പിതാവായ ഏകദൈവമേ നമുക്കുള്ളൂ എന്നും അപ്പൊസ്തലന്മാർ പറഞ്ഞു. (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് പറഞ്ഞാൽ, യഹോവയായ പിതാവല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് അർത്ഥം: “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). ഏകസത്യദൈവമായ യഹോവവും അവൻ്റെ ഭക്തന്മാരും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവും അവൻ്റെ ശിഷ്യന്മാരും സ്വന്ത വായ്കൊണ്ട് അരുളിച്ചെയ്തതും പരിശുദ്ധാത്മാവ് വചനത്തിൽ ആലേഖനം ചെയ്ത് വെച്ചിരിക്കുന്നതുമായ ഏകദൈവത്തിൽ ഉള്ള വിശ്വാസത്തെയാണ് മോണോതീയിസം (Monotheism) അഥവാ, ഏകദൈവവിശ്വാസം എന്ന് പറയുന്നത്. യഹോവയായ ഏകദൈവത്തെയും അവനെ കണ്ണാൽ കാണുകയും അവൻ്റെ ശബ്ദം കേൾക്കുകയും ചെയ്ത പഴയനിയമ ഭക്തന്മാരുടെയും വാക്കുകൾ വിശ്വസിക്കാത്തവർക്ക് എങ്ങനെ ദൈവമക്കളാകാൻ കഴിയും? ദൈവത്തിൻ്റെ ക്രിസ്തുവിൻ്റെയും അവൻ്റെ ശിഷ്യന്മാരുടെയും വാക്കുകൾ വിശ്വസിക്കാത്തവർക്ക് എങ്ങനെ ക്രിസ്തുവിൻ്റെ അനുയായികൾ ആകാൻ കഴിയും? ക്രിസ്തുവിലുള്ള വിശ്വാസത്താലാണ് ദൈവമക്കളും ക്രിസ്ത്യാനികളും ആകുന്നതെങ്കിൽ, ക്രിസ്തു പഠിപ്പിച്ച ഒരേയൊരു സത്യദൈവത്തിലല്ലേ വിശ്വസിക്കേണ്ടത്. ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച മോണോതീയിസത്തിൽ വിശ്വസിക്കാതെ, നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിൻ്റെ ത്രിമൂർത്തി ബഹുദൈവത്തിൽ വീശ്വസിക്കുന്നവർ ക്രിസ്തുവിൻ്റെ അനുയായികളല്ല; ക്രിസ്തു വൈരികളാണ്. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!