പ്രത്യാശ (hope)
വിശ്വാസത്താൽ വാഞ്ഛയോടെ കാത്തിരിക്കുന്ന അവസ്ഥയാണ് പ്രത്യാശ. കഴിഞ്ഞവയും ഇപ്പോഴുളളവയും വരാനുള്ളവയും ആയി കാണാത്ത കാര്യങ്ങളെ പ്രത്യക്ഷമായി ഗ്രഹിക്കുന്നതാണ് വിശ്വാസം. ഭൂതവർത്തമാനഭാവികൾ സിദ്ധദശയിൽ വിശ്വാസത്തിൽ അന്തർഭവിക്കുന്നു. വരാനുളളവയെ മാത്രം വിശ്വാസത്തോടെ നോക്കിപ്പാർക്കുന്നതാണു പ്രത്യാശ. വിശ്വാസം കാലത്രയത്തെയും ഉൾക്കൊള്ളുന്നു. പ്രത്യാശ ഭാവികമാണ്. നിശ്ചയജ്ഞാനം ക്രൈസ്തവ വിശ്വാസത്തെയും പ്രത്യാശയെയും നിസ്തുല്യമാക്കുന്നു. ‘പ്രത്യാശയാലല്ലോ നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്. (റോമ, 8:24).
ഒരു വിധത്തിലുള്ള പ്രത്യാശ എല്ലാവരിലും കാണാം. സാദ്ധ്യതകൾ വിരളമാണെങ്കിലും ഒരു ശോഭനമായ ഭാവി എല്ലാവരുടെയും പ്രതീക്ഷയാണ്. വർത്തമാന കാലത്തിലെ കഷ്ടതകൾ നിസ്സാരമായിക്കരുതി മുന്നോട്ടു പോകാൻ പ്രത്യാശ നമ്മെ പ്രേരിപ്പിക്കുന്നു. “അവൻ തന്റെ മുഖത്തെ പൊടിയോളം താഴ്ത്തട്ടെ; പക്ഷേ പ്രത്യാശ ശേഷിക്കും.” (വിലാ, 3:29). പ്രവൃത്തിയുടെ ഫലം ഒരു മനുഷ്യന്റെ പ്രത്യാശയാണ്. “ഉഴുന്നവൻ ആശയോടെ ഉഴുകയും മെതിക്കുന്നവൻ പതം കിട്ടും എന്നുള്ള ആശയോടെ മെതിക്കയും വേണ്ടതാകയാൽ.” (1കൊരി, 9:10). ഇതു മനുഷ്യ സാമാന്യത്തിന്റെ പ്രത്യാശയാണ്. തിരുവെഴുത്തുകളിൽ അധികവും പ്രതിപാദിക്കപ്പെട്ടിരിക്കുന്നത് ഉന്നതവും ഉദാത്തവും ആയ പ്രത്യാശയാണ്. പൗരാണിക ലോകത്തിലെ ചിന്തകന്മാരിലധികം പേരും പ്രത്യാശയെ ഒരു മൗലിക ഗുണമായി കണ്ടില്വ. അവരുടെ ദൃഷ്ടിയിൽ പ്രത്യാശ കാലികമായ ഭ്രാന്തി മാത്രം. ഈ ചിന്താഗതിയെ പൗലൊസ് അപ്പൊസ്തലൻ സൂക്ഷ്മമായി ചിത്രീകരിച്ചു, ‘പ്രത്യാശയില്ലാത്ത ജാതികൾ’ എന്ന പ്രയോഗത്തിലൂടെ. ജാതികൾക്കു പ്രത്യാശ ഇല്ലാത്തതിനു കാരണം ദൈവമില്ലാത്തതാണ്. “അക്കാലത്തു നിങ്ങൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും …… പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു.” (എഫെ, 2:12). ‘സഹോദരന്മാരേ, നിങ്ങൾ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ.’ (1തെസ്സ, 4:13).
ജീവിക്കുന്ന ദൈവത്തിലും ദൈവിക വാഗ്ദാനങ്ങളിലും വിശ്വസിക്കുന്നവർക്കു മാത്രമേ തിരുവെഴുത്തുകൾ വെളിപ്പെടുത്തുന്ന രീതിയിലുള്ള പ്രത്യാശ ഉണ്ടാകൂ. ഈ പ്രത്യാശ മനസ്സിന്റെ ഒരു ഭാവം മാത്രമോ, നിലവിലിരിക്കുന്ന ചുറ്റുപാടുകളാലും മാനുഷിക സാദ്ധ്യതകളാലും നിയന്ത്രിതവുമോ അല്ല. സാറാ ഒരു മകനെ പ്രസവിക്കും എന്ന പ്രത്യാശയ്ക്ക് അന്നത്തെ ചുറ്റുപാടുകളിൽ ഒരു ന്യായീകരണവും നല്കാൻ അബ്രാഹാമിനില്ലായിരുന്നു. അബ്രാഹാം ദൈവത്തിൽ വിശ്വസിച്ചതു കൊണ്ടു “നിന്റെ സന്തതി ഇവ്വണ്ണം ആകും എന്നു അരുളിച്ചെയ്തിരിക്കുന്നതു പോലെ താൻ ബഹുജാതികൾക്കു പിതാവാകും എന്നും അവൻ ആശയ്ക്കു വിരോധമായി ആശയോടെ വിശ്വസിച്ചു.” (റോമ, 4:18). ആശിക്കുവാൻ ഒരു സാധ്യതയുമില്ലാതിരുന്ന രംഗത്താണ് അബ്രഹാം ആശിച്ചത്. ദൈവവിശ്വാസത്തിൽ നിന്നും വേർപെടുത്തുവാൻ ആവാത്തതാണ് പ്രത്യാശ.
ക്രിസ്തുവിന്റെ ആഗമനത്തിനു വേണ്ടി ദൈവം ചരിത്രത്തിൽ പ്രവർത്തിച്ചതിലും ക്രിസ്തുവിലൂടെ ദൈവം ഒരു വിശ്വാസിയിൽ പ്രവർത്തിക്കുന്നതിലും നിന്നു ഇന്നു അദൃശ്യമായ ഭാവികാല അനുഗ്രഹങ്ങളെ വിശ്വാസി ധൈര്യപൂർവ്വം പ്രത്യാശിക്കുകയാണ്. “ഇത്ര ഭയങ്കരമരണത്തിൽ നിന്നു ദൈവം ഞങ്ങളെ വിടുവിച്ചു, വിടുവിക്കുകയും ചെയ്യും; അവൻ മേലാലും വിടുവിക്കും എന്നു ഞങ്ങൾ അവനിൽ ആശ വെച്ചുമിരിക്കുന്നു.” (2കൊരി, 1:10). ക്രിസ്തു നമ്മുടെ പ്രത്യാശയാണ് (1തിമൊ, 1:1); അവൻ നമ്മുടെ മഹത്വത്തിന്റെ പ്രത്യാശയും (കൊലൊ, 1:27), നിത്യജീവന്റെ പ്രത്യാശയും (തീത്തൊ, 1:2) അത്രേ. പ്രത്യാശയാലാണ് നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്. (റോമ, 8:24). ഈ രക്ഷയുടെ പ്രത്യാശ ഒരു വിശ്വാസിയുടെ ശിരസ്രമാണ്. (1തെസ്സ, 5:8). ഒരിക്കലും ഭംഗം വരാത്ത പ്രത്യാശയാണിത്. (റോമ, 5:5). വരുവാനുള്ളതിനെയാണു നാം നോക്കിപ്പാർക്കുന്നത്. (എബാ, 13:14). ജീവിതവിശുദ്ധി പാലിക്കാൻ ഈ പ്രത്യാശ നമ്മെ പ്രബോധിപ്പിക്കുന്നു. (1യോഹ, 3:2-3). സ്ഥിരത, സഹിഷ്ണുത എന്നിവയോടു കൂടി പ്രത്യാശയും പറയപ്പെട്ടിരിക്കുന്നു. (1തെസ്സ, 1:3). ഈ പ്രത്യാശ കഷ്ടത അനുഭവിക്കാൻ വിശ്വാസിക്കു ബലം നല്കുന്നു. “കഷ്ടത സഹിഷ്ണുതയെയും സഹിഷ്ണുത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്നു അറിഞ്ഞു നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു. പ്രത്യാശയ്ക്കു ഭംഗം വരുന്നില്ല.” (റോമ, 5:3-5). തന്മൂലം അപ്പൊസ്തലലൻ ഉപദേശിക്കുകയാണു; ‘ആശയിൽ സന്തോഷിപ്പിൻ; കഷ്ടതയിൽ സഹിഷ്ണുത കാണിപ്പിൻ.’ (റോമ, 12:12). നമുക്കു പ്രത്യാശ ഉണ്ടാകുന്നതു തിരുവെഴുത്തുകളിലൂടെയാണ്. ‘മുന്നെഴുതിയിരിക്കുന്നതു ഒക്കെയും …. പ്രത്യാശ ഉണ്ടാകേണ്ടതിനു തന്നെ എഴുതിയിരിക്കുന്നു.’ (റോമ, 15:4).
ലേഖനങ്ങളിൽ അനേകം സ്ഥാനങ്ങളിൽ പ്രത്യാശ വിശ്വാസത്തിന്റെ സഹവർത്തിയായി പറയപ്പെടുന്നു. സ്നേഹം, വിശ്വാസം ഇവയുടെ സഹചാരിയായി പ്രത്യാശയെക്കുറിച്ചു പറയുന്നതു പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. (1തെസ്സ, 1:3; 5:8; ഗലാ, 5:5,6; 1കൊരി, 13:13; എബ്രാ, 6:10-12; 1പത്രൊ, 1:21,22). സ്നേഹത്തോടൊപ്പം പ്രത്യാശ പറയപ്പെട്ടിരിക്കുന്നതിനാൽ പ്രത്യാശ ഒരിക്കലും സ്വാർത്ഥമായി മാറുന്നില്ല. തനിക്കുള്ള പ്രത്യാശ മറ്റുള്ളവർക്കും ലഭിക്കണമെന്നു വിശ്വാസി ആഗ്രഹിക്കുന്നു. വിശ്വാസം, പ്രത്യാശ, സ്നേഹം ഇവ പരസ്പരബദ്ധമാണ്. (1കൊരി, 13:13). വിശ്വാസം കൂടാതെ പ്രത്യാശയ്ക്ക് നിലനില്പില്ല; പ്രത്യാശ കൂടാതെ സ്നേഹം പ്രായോഗികവുമല്ല. പ്രത്യാശ നല്കുന്നതു ദൈവമാണ്, പരിശുദ്ധാത്മാവിന്റെ ശക്തിയാലാണ് പ്രത്യാശയിൽ സമൃദ്ധിയുള്ളവരായി തീരുന്നത്. (റോമ, 15:13).