ഇടയൻ

ഇടയൻ

‘ചിലരെ ഇടയന്മാരായും നിയമിച്ചിരിക്കുന്നു;’ (എഫെ, 4:11). സഭയെ പത്ഥ്യോപദേശത്തിൽ പരിപാലിക്കുന്ന അദ്ധ്യക്ഷന്മാരെയാണ് ഇടയന്മാർ എന്ന് വിവക്ഷിച്ചിരിക്കുന്നത്. യഹോവയും യിസ്രായേലും തമ്മിലുള്ള ബന്ധം ഇടയനും ആടുകളും തമ്മിലുള്ള ബന്ധത്തിനു സദൃശമാണ്. “യഹോവ എന്റെ ഇടയനാകുന്നു” എന്ന് ദാവീദു പാടുന്നു. (സങ്കീ, 23:1). “യഹോവ ഒരു ഇടയനെപ്പോലെ തന്റെ ആട്ടിൻകുട്ടത്തെ മേയ്ക്കുകയും കുഞ്ഞാടുകളെ ഭുജത്തിൽ എടുത്ത് മാറിടത്തിൽ ചേർത്തു വഹിക്കുകയും തള്ളകളെ പതുക്കെ നടത്തുകയും ചെയ്യും.” (യെശ, 40:11). പുതിയ നിയമത്തിൽ ക്രിസ്തുവിനും സഭയ്ക്കും തമ്മിലുള്ള ബന്ധം വ്യക്തമാക്കുവാൻ കർത്താവുപയോഗിച്ച സാദൃശ്യങ്ങളിലൊന്നാണ് ഇടയനും ആടുകളും. സഭാപരിപാലനത്തെ കുറിക്കുന്ന പ്രയോഗമാണ് ഇടയപരിപാലനം. യേശുക്രിസ്തു നല്ല ഇടയനാണ്. ഈ നല്ല ഇടയൻ ആടുകൾക്കുവേണ്ടി സ്വന്തം ജീവൻ കൊടുക്കുന്നു. (യോഹ, 10:11). യെഹൂദന്മാരിൽ നിന്നും ജാതികളിൽ നിന്നും വിളിച്ചു വേർതിരിക്കപ്പെട്ട സഭയാണ് ആട്ടിൻകുട്ടം. ഇടയൻ എന്ന നിലയിൽ ക്രിസ്തുവിനു മൂന്ന് പ്രത്യേക വിശേഷണങ്ങൾ നൽകപ്പെട്ടിട്ടുണ്ട്. നല്ല ഇടയൻ (യോഹ, 10:1, 14). വലിയ ഇടയൻ (എബ്രാ, 13:20), ഇടയശ്രഷ്ഠൻ (1പത്രൊ, 5:4). ദൈവത്തിൻ്റെ ആട്ടിൻകൂട്ടമായ സഭയെ പരിപാലിക്കുവാൻ ദൈവം നല്കുന്ന വരമാണ് ഇടയശുശ്രൂഷ. “അവൻ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു.” (എഫെ, 4:11).

Leave a Reply

Your email address will not be published. Required fields are marked *