സഹായം ചെയ്യുവാനുള്ള വരം
‘സഹായം ചെയ്യുവാനുള്ള വരം’ (1കൊരി, 12:28). സഹായം ചെയ്യുവാനുള്ള ഈ വരം എന്താണെന്ന് അപ്പൊസ്തപ്രവൃത്തി 20:35-ൽ നിന്ന് മനസ്സിലാക്കാം: “ഇങ്ങനെ പ്രയത്നം ചെയ്തു പ്രാപ്തിയില്ലാത്തവരെ സാഹായിക്കയും, വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം എന്നു കർത്താവായ യേശുതാൻ പറഞ്ഞ വാക്കു ഓർത്തുകൊൾകയും വേണ്ടതു എന്നു ഞാൻ എല്ലാം കൊണ്ടും നിങ്ങൾക്കു ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു.” സ്വന്തം മാതൃക ചൂണ്ടിക്കാണിച്ചാണ് അപ്പൊസ്തലൻ സഭയെ പ്രബോധിപ്പിക്കുന്നത്. ആദിമസഭ ദരിദ്രരുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ കാണിച്ചിരുന്നു. അതിനു ക്രിസ്തുവാണ് നമ്മുടെ മാതൃക: “നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും അവന്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നർ ആകേണ്ടതിനു നിങ്ങൾ നിമിത്തം ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നുവല്ലോ?” (2കൊരി, 8:9). ഈ വരം മക്കദോന്യ സഭയ്ക്കുണ്ടായിരുന്നതായി അപ്പൊസ്തലൻ സാക്ഷ്യം പറയുന്നു. (2കൊരി, 8:1). “വിശുദ്ധന്മാരുടെ സഹായത്തിനുള്ള ധർമ്മവും കൂട്ടായ്മയും സംബന്ധിച്ച് അവർ വളരെ താല്പര്യത്തോടെ ഞങ്ങളോട് അപേക്ഷിച്ചു പ്രാപ്തിപോലെയും പ്രാപ്തിക്കുമീതെയും സ്വമേധയായി കൊടുത്തു എന്നതിനു ഞാൻ സാക്ഷി.” (2കൊരി, 8:3,4).