അപ്പൊസ്തലൻ
‘ദൈവം സഭയിൽ ഒന്നാമതു അപ്പൊസ്തലന്മാർ’ ((1കൊരി, 12:28), ‘അവൻ ചിലരെ അപ്പൊസ്തലന്മാരായും നിയമിച്ചിരിക്കുന്നു.’ (എഫെ, 4:11). അപൊറ്റൊലൊസ് എന്ന മൂലപദത്തിന്റെ അർത്ഥം അധികാരത്തോടുകൂടിയ പ്രതിപുരുഷൻ അഥവാ, ദൈവത്താൽ അയക്കപ്പെട്ടവൻ (പ്രേഷിതൻ) എന്നാണ്. അയക്കപ്പെട്ടവൻ അയക്കുന്നവന് തുല്യനാണെന്ന് യെഹൂദന്മാരുടെ തൽമൂദിലും പറയുന്നു.
അപ്പോസ്തലന്മാരുടെ യോഗ്യത: ഒന്ന്; അവർ യേശുവിനെ കണ്ടവരും അവന്റെ പുനരുദ്ധാനത്തിന് സാക്ഷികളും ആണ്. “ആദിമുതലുള്ളതും ഞങ്ങൾ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങൾ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതുമായ ജീവന്റെ വചനം.” (1 യോഹ, 1:1). ‘ഞങ്ങളോടുകൂടെ നടന്ന പുരുഷന്മാരിൽ ഒരുത്തൻ ഞങ്ങളോടുകൂടെ അവന്റെ പുനരുത്ഥാനത്തിനു സാക്ഷിയായിത്തീരേണം.” (പ്രവൃ, 1:22). “ഞാൻ സ്വതന്ത്രൻ അല്ലയോ? ഞാൻ അപ്പൊസ്തലൻ അല്ലയോ? നമ്മുടെ കർത്താവായ യേശുവിനെ ഞാൻ കണ്ടിട്ടില്ലയോ? കർത്താവിൽ ഞാൻ ചെയ്ത പ്രവൃത്തിയുടെ ഫലം നിങ്ങൾ അല്ലയോ?” (1കൊരി, 9:1). രണ്ട്; അവരുടെ പ്രവർത്തനങ്ങൾ അടയാളങ്ങൾ അത്ഭുതങ്ങളിലൂടെ വെളിപ്പെടണം. “അപ്പൊസ്തലന്റെ ലക്ഷണങ്ങൾ പൂർണ്ണ സഹിഷ്ണുതയിലും അടയാളങ്ങളാലും അത്ഭുതങ്ങളാലും വീര്യപ്രവൃത്തികളാലും നിങ്ങളുടെ ഇടയിൽ വെളിപ്പെട്ടുവന്നുവല്ലോ.” (2കൊരി, 12:12). മൂന്ന്; യേശുക്രിസ്തു നേരിട്ടു വിളിച്ചു നിയമിച്ചവരാണ് അപ്പൊസ്തലന്മാർ. (മത്താ, 10:2-4, ലൂക്കൊ, 6:13). തനിക്കു നേരിട്ടു ലഭിച്ച ദൈവവിളിയെക്കുറിച്ച് പൗലൊസ് അപ്പൊസ്തലൻ ആവർത്തിച്ചു പറയുന്നുണ്ട്. (റോമ, 1:1; 1കൊരി, 1:1, 9:12; ഗലാ, 1:1, 15).
അപ്പൊസ്തലികവരം ഇന്നുമുണ്ടെന്ന് കരുതുന്നവരുണ്ട്. അപ്പൊസ്തലികവരം ഇന്നാർക്കുമില്ല; എന്നാൽ നാമെല്ലാവരും അപ്പൊസ്തലന്മാരാണ്. നമ്മുടെ കർത്താവായ യേശുക്രിസ്തു രാജാവും, അപ്പൊസ്തലനും, മഹാപുരോഹിതനും, പ്രവാചകനും ആയതുകൊണ്ട്, ദൈവത്തിൻ്റെ മക്കളും ക്രിസ്തുവിന് കൂട്ടവകാശികളായ (റോമ, 8:17) നാമോരോരുത്തരും രാജാക്കന്മാരും അപ്പൊസ്തലന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും ആണ്. അപ്പൊസ്തലികവരം ഇന്നുണ്ടോയെന്നറിയാൻ ഒറ്റക്കാര്യം മാത്രം നോക്കായാൽ മതി. അപ്പൊസ്തലൻ്റെ ലക്ഷണം ബൈബിളിൽ പറഞ്ഞിട്ടുണ്ട്: “അപ്പൊസ്തലന്റെ ലക്ഷണങ്ങൾ പൂർണ്ണ സഹിഷ്ണതയിലും അടയാളങ്ങളാലും അത്ഭുതങ്ങളാലും വീര്യപ്രവൃത്തികളാലും നിങ്ങളുടെ ഇടയിൽ വെളിപ്പെട്ടുവന്നുവല്ലോ.” (2കൊരി, 12:12). ഈ ലക്ഷണങ്ങളില്ലാത്ത ആരും അപ്പൊസ്തലിക വരമുള്ളവരല്ല. (അപ്പൊസ്തലന്മാരെക്കുറിച്ച് കൂടുതലറിയാൻ നോക്കുക: അപ്പൊസ്തലന്മാർ).