ഗലീലക്കടൽ

ഗലീലക്കടൽ (Sea of Galilee)

പലസ്തീൻ്റെ വടക്കുഭാഗത്ത് ഗലീലയിലുള്ള ഒരു ശുദ്ധജലതടാകം. അതിനു 21 കി.മീറ്റർ നീളവും 11 കി.മീറ്റർ വീതിയുമുണ്ട്. സമുദ്രനിരപ്പിൽനിന്നു 211 മീറ്റർ താഴെയായി കിടക്കുന്നു. പഴയനിയമത്തിൽ കിന്നേരത്ത് കടൽ (കിന്നേരൊത്ത്, കിന്നെരോത്ത് ) അഥവാ തടാകം എന്നും (സംഖ്യാ, 34:1; യോശു, 12:3; 13:27) പുതിയനിയമത്തിൽ ഗലീലാക്കടൽ എന്നും ഗന്നേസരെത്ത് തടാകം എന്നും (മത്താ, 4:18; ലൂക്കൊ, 5:1) ഇതിനെ വിളിക്കുന്നു. എ.ഡി. 30-ൽ തിബെര്യാസ് കടൽ എന്ന പേർ നല്കി. (യോഹ, 21:1). ഗലീലാ തടാകത്തിന്റെ തീരത്തു കിന്നെരോത്ത് ഗ്രാമം സ്ഥിതിചെയ്യുന്നു. ഏതാണ്ടാരു ഹൃദയാകൃതിയാണ് ഇതിനുളളതു്. തീരം പാറക്കെട്ടുകളെക്കൊണ്ടും മണൽതിട്ടകളെക്കൊണ്ടും നിറഞ്ഞിരിക്കുന്നു. ഇവിടത്തെ കാലാവസ്ഥ സുഖപദമാണ്. റോമൻ ഭരണകാലത്ത് ഇവിടം ഒരു സുഖവാസ കേന്ദ്രമായിരുന്നു. യേശുവിന്റെ പ്രവർത്തനം അധികവും കേന്ദ്രീകരിച്ചത് ഇവിടെയാണ്. ചുറ്റുമുളള കിഴുക്കാംതൂക്കായ മലകളിൽനിന്ന് അടിക്കുന്ന കൊടുങ്കാറ്റു കാരണമായി ശാന്തമായി കിടക്കുന്ന തടാകം പെട്ടെന്നു പ്രക്ഷുബ്ധമാകും. (മർക്കൊ, 6:48-52). ഈ കടലോരവും തീരപ്രദേശങ്ങളും കർത്താവിന്റെ ഉപമകൾക്കും കഥകൾക്കും പശ്ചാത്തലമായിരുന്നു. മത്സ്യവ്യവസായം ഇവിടെ അഭിവൃദ്ധിപ്പെട്ടിരുന്നു. കഫർന്നഹും, കോരസീൻ, ബെത് സയിദ, മഗ്ദല, തിബെര്യാസ്, ഗദര, ദല്മനൂഥ തുടങ്ങി പുതിയനിയമത്തിൽ പ്രസ്താവിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങൾ അനശ്വരങ്ങളാണ്. എന്നാൽ അവയിൽ പലതും ഇന്നു തിരിച്ചറിയുവാൻ നിവൃത്തിയില്ല.

Leave a Reply

Your email address will not be published. Required fields are marked *