ഒലിവുമലപ്രഭാഷണം (olivet Discourse)
ഒലിവുമലപഭാഷണം ‘സമവീക്ഷണ വെളിപ്പാടു’ (Synoptic Apocalypse) എന്നും അറിയപ്പെടുന്നുണ്ട്. ഭാവിയെക്കുറിച്ചു യേശുക്രിസ്തു നല്കിയ പരമപ്രധാനവും സുദീർഘവുമായ പ്രഭാഷണമാണിത്. സമവീക്ഷണ സുവിശേഷകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ള ക്രിസ്തുവിന്റെ ദീർഘഭാഷണങ്ങളിൽ ഒടുവിലത്തേതാണിത്. (മത്താ, 24 : 3:25-46, മർക്കൊ, 13-3-37, ലൂക്കൊ, 21:5-36). പ്രഭാഷണത്തിന്റെ പൂർണ്ണരൂപം മത്തായി സുവിശേഷത്തിലാണുള്ളത്. ദൈവരാജ്യത്തിന്റെ ധാർമ്മികപ്രമാണങ്ങൾ ഗിരിപ്രഭാഷണത്തിൽ (മത്താ, 5-7 അ) വിളംബരം ചെയ്തശേഷം വർത്തമാനകാലത്തിന്റെ വ്യക്തമായ വിവരണം സ്വർഗ്ഗരാജ്യത്തിന്റെ ഉപമകളിലുടെ ക്രിസ്തു നല്കി. (മത്താ, 13 അ). അതിനുശേഷം ക്രൂശീകരണത്തിനു മുമ്പ് തന്റെ പുനരാഗമനം വരെയുള്ള കാര്യങ്ങൾ ക്രിസ്തു ഒലിവുമല പ്രഭാഷണത്തിൽ വ്യക്തമാക്കി.
ഉദ്ദേശ്യങ്ങൾ: ഒലിവുമല പ്രഭാഷണത്തിനു സുപ്രധാനമായ രണ്ടുദ്ദേശ്യങ്ങളുണ്ട്. ഒന്ന്; യുഗാന്ത്യത്തിന്റെയും ക്രിസ്തുവിന്റെ വരവിന്റെയും അടയാളങ്ങൾ വ്യക്തമാക്കുക. രണ്ട്; ശ്രോതാക്കളെ ദൈവികകാര്യങ്ങളിൽ ഉറപ്പിച്ചു അവർക്കു ആശ്വാസവും ആത്മികസ്ഥിരതയും നല്കുക. അന്ത്യകാലത്തിന്റെ സ്വഭാവവും അപ്പോഴുണ്ടാകുന്ന സംഭവങ്ങളും വിശദമാക്കിക്കൊണ്ടു ക്രിസ്തു പറഞ്ഞു; “നോഹയുടെ കാലം പോലെ തന്നേ മനുഷ്യപുത്രന്റെ വരവും ആകും.” (മത്താ, 24:37). സ്വന്തജനത്തിനു വരാൻപോകുന്ന കഷ്ടതയെക്കുറിച്ചു “എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകയ്ക്കും” എന്നു മുന്നറിയിപ്പു നല്കിയ ശേഷം ”നിങ്ങളുടെ തലയിലെ ഒരു രോമം പോലും നശിച്ചുപോകയില്ലതാനും” എന്നുറപ്പു നല്കി. (ലൂക്കൊ, 21:17-18).
പശ്ചാത്തലം: അവിശ്വാസവും കപടഭക്തിയും ഹേതുവായി പരീശന്മാരെയും ശാസ്ത്രിമാരെയും ക്രിസ്തു നിശിതമായി ഭർത്സിച്ചു. തുടർന്നു പ്രവാചകന്മാരെ കൊല്ലുകയും തങ്ങളുടെ അടുക്കലയച്ചവരെ കല്ലെറിയുകയും ചെയ്തുപോന്ന യെരുശലേമിന്റെ ചരിതമോർത്ത് ക്രിസ്തു വിലപിച്ചു. അനന്തരം യെരുശലേമിന്റെ മേൽ ശാപം ഉച്ചരിച്ചു. “നിങ്ങളുടെ ഭവനം ശൂന്യമായ്തീരും; കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു പറയുവോളം നിങ്ങൾ ഇനി എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്താ, 23-38-39). യേശുദൈവാലയം വിട്ടുപോകുമ്പോൾ ദൈവാലയത്തിന്റെ പണി കാണിക്കേണ്ടതിന് ശിഷ്യന്മാർ അവന്റെ അടുക്കൽ വന്നു. അപ്പോൾ അവരോടു അത്യന്തം ദാരുണമായ ഈ കാര്യം കിസ്തു പ്രവചിച്ചു. “അവൻ അവരോടു ഇതെല്ലാം കാണുന്നില്ലയോ? ഇടിഞ്ഞുപോകാതെ കല്ലിന്മേൽ കല്ല് ഇവിടെ ശേഷിക്കയില്ല എന്നുഞാൻ സത്യമായിട്ടു നിങ്ങളോടു പറ് യുന്നു എന്നു പറഞ്ഞു.” (മത്താ, 24:2). ഈ പ്രവചനം കേട്ടു ശിഷ്യന്മാർ പരിഭ്രമിച്ചു. യേശു ഒലിവുമലയിലിരിക്കുമ്പോൾ പത്രൊസ്, യാക്കോബ്, യോഹന്നാൻ, അന്ത്രയാസ് എന്നീ നാലുശിഷ്യന്മാർ സ്വകാര്യമായി യേശുവിനോടു ചോദിച്ചു: “അതു എപ്പോൾ സംഭവിക്കും? നിന്റെ വരവിന്നും ലോകാവസാനത്തിനും അടയാളമെന്ത്?” (മത്താ, 24:3, മർക്കൊ, 13:3-4, ലൂക്കൊ, 21:7). ശിഷ്യന്മാരുടെ ഈ മൂന്നു ചോദ്യങ്ങൾക്ക് ക്രിസ്തു നല്കിയ മറുപടിയാണ് ഒലിവുമല പ്രഭാഷണം. യെരുശലേമിന്റെ നാശത്തേക്കുറിച്ചുള്ളതാണ് ഒന്നാമത്തെ ചോദ്യം. അതിന്റെ മറുപടി ലൂക്കോസ് 21:20-24-ൽ ഉണ്ട്. ലോകാവസാനം (യുഗാവസാനം), യേശുക്രിസ്തുവിന്റെ പുനരാഗമനം എന്നിവയെ സംബന്ധിച്ചുള്ള രണ്ടും മൂന്നും ചോദ്യങ്ങൾ അർത്ഥാൽ ഒന്നു തന്നെയാണ്. ക്രിസ്തുവിന്റെ പുനരാഗമനത്തിലാണ് ഈ യുഗം അവസാനിക്കുന്നത്. ഈ രണ്ടു ചോദ്യങ്ങൾക്കുള്ള മറുപടി വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ളത് മത്തായി സുവിശേഷത്തിലാണ്. (24:4-30).
യെരുശലേമിന്റെ നാശം: യെരുശലേമിന്റെ നാശത്തിന്റെ അടയാളം രേഖപ്പെടുത്തിയിട്ടുള്ളതു ലൂക്കൊസാണ്. (21:20-24). സൈന്യങ്ങൾ യെരുശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അതിന്റെ നാശകാലം ആസന്നമാണെന്നു മനസ്സിലാക്കേണ്ടതാണ്. യിസ്രായേലിനു അതു പ്രതികാരകാലം അഥവാ പീഡനകാലമാണ്. അതുകൊണ്ട് ഈ അടയാളം കാണുന്നവർ മലയിലേക്ക് ഓടി ഒളിക്കേണ്ടതാണ്. ആരും പട്ടണത്തിൽ കടക്കരുത്. അന്ന് ഗർഭിണികൾക്കും മുലകുടിപ്പിക്കുന്നവർക്കും കഷ്ടകാലമാണ്. യിസ്രായേലിൽ അനേകർ വാളിന്റെ വായ്ത്ത്തലയാൽ വീഴും. അനേകരെ ബദ്ധരാക്കിക്കൊണ്ടു പോകും. ജാതികളുടെ കാലം തികയുന്നതുവരെ ജാതികൾ യെരൂശലേമിനെ ചവിട്ടും. ബി.സി. 605-ൽ നെബുഖദ്നേസർ യെരൂശലേം ആക്രമിച്ചു് ബദ്ധന്മാരുടെ പ്രഥമഗണത്തെ ബാബേലിലേക്കു കൊണ്ടുപോയതോടുകൂടി ജാതികളുടെ കാലം ആരംഭിച്ചു. അതിനുശേഷം ഇടയ്ക്കിടെ അല്പ കാലത്തേക്ക് യെരുശലേം യിസ്രായേലിന്റെ അധീനതയിലായിട്ടുണ്ടെങ്കിലും ശാശ്വതമായി അവർക്കധീനമായില്ല. യേശുവിന്റെ കാലത്തും യെരുശലേം ജാതികളുടെ നിയന്ത്രണത്തിലായിരുന്നു. അതു തുടർന്നുവരികയാണ്. ദാനീയേൽ പ്രവചനമനുസരിച്ച് മഹാപീഡനത്തിന്റെ അവസാനം മാത്രമേ ജാതികളുടെ കാലം അവസാനിക്കൂ.
പുനരാഗമനത്തിന്റെ സാമാന്യലക്ഷണങ്ങൾ: ക്രിസ്തുവിന്റെ പുനരാഗമനത്തിന്റെ സാമാന്യലക്ഷണങ്ങൾ മത്തായി 24:1-14, മർക്കൊ, 13:5-13, ലൂക്കൊ, 21:5-19 എന്നീ ഭാഗങ്ങളിൽ കാണാം. വർത്തമാനയുഗത്തിന്റെ ഗതി ക്രിസ്തു സൂക്ഷ്മമായി ചിത്രണം ചെയ്തു. ലിബറൽ ചിന്തകന്മാർ സുവിശേഷത്തിന്റെ വിജയത്തോടൊപ്പം ലോകം ഉത്തരോത്തരം ഉത്കർഷത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു എന്നു കരുതുന്നു. എന്നാൽ തന്റെ വരവു സമീപിക്കുന്തോറും അധർമ്മവും ദുഷ്ടതയും ഉച്ചാവസ്ഥയിലേക്കു നീങ്ങിക്കൊണ്ടിരിക്കുമെന്നു ക്രിസ്തു വ്യക്തമാക്കി. ഈ കാലത്തിന്റെ എട്ടു സവിശേഷതകൾ ക്രിസ്തു ചൂണ്ടിക്കാണിച്ചു: (മത്താ, 24:1-14).1.കള്ളക്രിസ്തുക്കൾ, 2.യുദ്ധങ്ങളും യുദ്ധശ്രുതികളും, 3.ക്ഷാമം, 4.ഭൂകമ്പം, 5.അനേകരുടെ രക്തസാക്ഷിത്വം, 6.കള്ളപ്രവാചകന്മാർ, 7.അധർമ്മം പെരുകുന്നതുകൊണ്ട് അനേകരുടെ സ്നേഹം തണുത്തുപോകും, 8.ഭൂലോകം മുഴുവൻ സുവിശേഷം പ്രസംഗിക്കപ്പെടും. പല രംഗങ്ങളിലും മനുഷ്യൻ പുരോഗതി നേടിയിട്ടുണ്ടെങ്കിലും യുദ്ധം ക്ഷാമം എന്നിവ കുറഞ്ഞിട്ടില്ല. രാജ്യം രാജ്യത്തോടും ജാതി ജാതിയോടും എതിർക്കുകയാണ്.
യുഗാന്ത്യത്തിനും ക്രിസ്തുവിന്റെ വരവിനുമുള്ള പ്രത്യേക അടയാളങ്ങൾ: യുഗാന്ത്യത്തിന്റെ സാമാന്യലക്ഷണങ്ങൾ പ്രസ്താവിച്ചശേഷം യുഗാന്ത്യത്തിന്റെ പ്രത്യേക അടയാളങ്ങൾ കിസ്തു വിശദമാക്കി. ക്രിസ്തുവിന്റെ വരവിനു തൊട്ടു മുമ്പുള്ള മൂന്നരവർഷം മഹാപീഡനകാലമാണ്. ആ കാലത്തിന്റെ പ്രധാന ലക്ഷണം ദാനീയേൽ പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതുപോലെ ശൂന്യമാക്കുന്ന മേച്ഛതയാണ്. ശൂന്യമാക്കുന്ന മേച്ഛത വിശുദ്ധസ്ഥലത്തു നില്ക്കുന്നതു കാണുമ്പോൾ വായിക്കുന്നവർ ചിന്തിക്കും. ആ കാലത്തു നിലവിലുള്ള ദൈവാലയത്തിന്റെയും യാഗപീഠത്തിന്റെയും വിശുദ്ധസ്വഭാവത്ത അതു ഹനിക്കും. ഇതുപോലൊന്നു ബി.സി. 168-ൽ സംഭവിച്ചു. അന്ത്യൊക്കസ് എപ്പിഫാനസ് നിരന്തര ഹോമയാഗം നിർത്തലാക്കുകയും ദൈവാലയത്തെ അശുദ്ധമാക്കുകയും ചെയ്തു. ആ കാലത്തെക്കുറിച്ചു ദാനീയേൽ ഇപ്രകാരം പ്രവചിച്ചു. “നിരന്തര ഹോമയാഗം നിർത്തലാക്കുകയും ശൂന്യമാക്കുന്ന മേച്ഛബിംബത്തി പ്രതിഷ്ഠിക്കയും ചെയ്യുന്ന കാലം മുതൽ ആയിരത്തി ഇരുനൂറ്റിത്തൊണ്ണൂറു ദിവസം ചെല്ലും” (ദാനീ, 12:11). ഈ കാലയളവ് മഹാപീഡനകാലയളവായ മൂന്നര വർഷത്തോട് ഏകദേശം ഒരുക്കുന്നു. ഭാവിയിൽ ഉദയം ചെയ്യുന്ന ലോകാധിപതി ദൈവാലയത്തെ അശുദ്ധമാക്കും. ക്രിസ്തുവിന്റെ പുനരാഗമനത്തിന്റെ ആസന്നതയെ ചൂണ്ടിക്കാണിക്കുന്ന സവിശേഷ അടയാളമാണിത്. (2തെസ്സ, 2:3-4, വെളി, 13:11-15).
എ.ഡി. 70-ൽ റോമൻ സൈന്യം യെരുശലേമിനെ വളഞ്ഞത് യെഹൂദ്യയിലുള്ളവർക്കു മലകളിലേക്കു ഓടിപ്പോകാനുള്ള അടയാളമായിരുന്നു. (ലൂക്കൊ, 21:20-21). ഭാവിയിൽ ശൂന്യമാക്കുന്ന ശ്ലേച്ഛത വിശുദ്ധസ്ഥലത്തു നില്ക്കുന്നതു, യെരൂശലേമിലുള്ള യെഹൂദന്മാർക്ക് ഓടിപ്പോകാനുള്ള അടയാളമായിരിക്കും. ഈ അടയാളം കാണുമ്പോൾ ഉടൻതന്നെ ഓടിപ്പോകാനാണു കർത്താവു നിർദ്ദേശിച്ചത്: വസ്ത്രം എടുക്കുവാൻ പോലും ശ്രമിക്കരുത്. (മത്താ, 24:16-18). യെരൂശലേം നാശത്തിൽ സംഭവിച്ചതുപോലെ ഇതും ഗർഭിണികൾക്കും മുലകുടിപ്പിക്കുന്നവർക്കും രക്ഷപ്പെടാൻ പ്രയാസമായ കഷ്ടകാലമാണ്. ഈ ഓടിപ്പോക്കു ശീതകാലത്തോ ശബ്ബത്തിലോ സംഭവിച്ചാതിരിപ്പാൻ പ്രാർത്ഥിക്കേണ്ടതാണ്. ശബ്ബത്തിൽ സഞ്ചാരം യെഹൂദനു വിലക്കപ്പെട്ടിരിക്കുന്നു. തന്മൂലം ശബ്ബത്തിലെ സഞ്ചാരം ഓടിപ്പോക്കാണെന്നതു വ്യക്തമാണ്. ദൈവാലയം അശുദ്ധമാക്കപ്പെടുന്നതോടുകൂടി യാക്കോബിന്റെ കഷ്ടകാലം മൂർദ്ധന്യാവസ്ഥയിലെത്തും. ലോകാരംഭം മുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതുമായ വലിയ കഷ്ടം അന്നുണ്ടാകും. (മത്താ, 24:21). ഈ കാലയളവു ചുരുക്കപ്പെടാതിരുന്നാൽ ആരും രക്ഷപ്പെടുകയില്ല. എന്നാൽ വൃതന്മാർ നിമിത്തം ആ നാളുകൾ ചുരുങ്ങും. ആകാശത്തിലുണ്ടാകുന്ന അടയാളങ്ങളെക്കുറിച്ചും മനുഷ്യരുടെ പരിഭ്രമത്തെക്കുറിച്ചും ക്രിസ്തു വ്യക്തമാക്കിയത് ലൂക്കൊസ് രേഖപ്പെടുത്തി: “സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും ലക്ഷ്യങ്ങൾ ഉണ്ടാകും; കടലിന്റെയും ഓളത്തിന്റെയും മുഴക്കം നിമിത്തം ഭൂമിയിലെ ജാതികൾക്കു നിരാശയോടുകൂടിയ പരിഭ്രമം ഉണ്ടാകും. ആകാശത്തിന്റെ ശക്തികൾ ഇളകിപ്പോകുന്നതിനാൽ ഭൂലോകത്തിനു എന്തു ഭവിപ്പാൻ പോകുന്നു എന്നു പേടിച്ചും നോക്കിപ്പാർത്തുംകൊണ്ടു മനുഷ്യർ നിർജ്ജീവന്മാർ ആകും.” (ലൂക്കൊ, 21:25-26). ക്രിസ്തുവിന്റെ വരവിന്റെ നാളും നാഴികയും അറിഞ്ഞുകൂടെങ്കിലും ആ കാലയളവിന്റെ ദൈർഘ്യം (മൂന്നരവർഷം) വ്യക്തമാക്കിയിട്ടുണ്ട്. (വെളി, 13:5). വഞ്ചനാത്മകമായ അടയാളങ്ങൾ ഉണ്ടാകും . ക്രിസ്തു അവിടെ പ്രത്യക്ഷപ്പെട്ടു ഇവിടെ പ്രത്യക്ഷപ്പെട്ടു എന്നിങ്ങനെ കിംവദന്തികൾ പരക്കും. കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റ് അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ച് വൃന്മാരെപ്പോലും തെറ്റിക്കും. ക്രിസ്തു മരുഭൂമിയിൽ പ്രത്യക്ഷപ്പെട്ടുവെന്നും അറകളിൽ പ്രത്യക്ഷപ്പെട്ടുവെന്നും പറയും. (മത്താ, 24:23-26, മർക്കൊ, 13:21-23). ക്രിസ്തുവിൻ്റെ പുനരാഗമനം ഒരു ദൃശ്യസംഭവമാണ്. അതിനുമുമ്പായി ആകാശത്ത് അടയാളങ്ങളുണ്ടാകും. “ആ കാലത്തിലെ കഷ്ടം കഴിഞ്ഞ ഉടനെ സൂര്യൻ ഇരുണ്ടുപോകും; ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കും; നക്ഷത്രങ്ങൾ ആകാശത്തു നിന്നും വീഴും; ആകാശത്തിലെ ശക്തികൾ ഇളകിപ്പോകും. (മത്താ, 24:29, മർക്കൊ, 13:24-25, ലൂക്കൊ, 21:25-26). ക്രിസ്തു ഭൂമിയിലേക്കു വരുമ്പോൾ വൃതന്മാരെ ചേർക്കുന്നതിന് മഹാകാഹളധ്വനിയോടുകൂടെ ദൂതന്മാരെ അയക്കും. (മത്താ, 24:31, മർക്കൊ, 13:27). ഉണർന്ന് കാത്തിരിക്കുവാനുള്ള ഉപദേശം ക്രിസ്തു നല്കി. (മത്താ, 24:36, 25:13). യിസായേലിന്റെ ന്യായവിധി (മത്താ, 24:45-25:30) ജാതികളുടെ ന്യായവിധി (മത്താ, 25:31-46) എന്നിവയുടെ അനാവരണത്തോടുകൂടി ക്രിസ്തു ഒലിവുമല പ്രഭാഷണം ഉപസംഹരിച്ചു.
ചില വ്യാഖ്യാന പ്രശ്നങ്ങൾ: ഒന്ന്; ഒലിവുമല പ്രഭാഷണത്തിലെ പ്രാവചനികമായി പഠിപ്പിക്കൽ ക്രിസ്തുവിന്റെ ഉപദേശത്തോടു പൊരുത്തപ്പെടുന്നതല്ലെന്ന് കണക്കാക്കുന്നവരുണ്ട്. പ്രഭാഷണം മുഴുവൻ ക്രിസ്തുവിന്റേതല്ലെന്ന് ചിലർ വാദിക്കുമ്പോൾ അതിൽ ചില ഭാഗങ്ങൾ മാത്രം ക്രിസ്തുവിന്റേതല്ലെന്നു മറ്റു ചിലർ വാദിക്കുന്നു. വെറും നൈതികസത്യങ്ങൾ മാത്രമാണ് ക്രിസ്തു പഠിപ്പിച്ചതെന്നും ഒരു യുഗാന്ത്യപരമായ പഠിപ്പിക്കൽ ക്രിസ്തുവിനില്ലായിരുന്നു എന്നുമുള്ള തെറ്റിദ്ധാരണയാണു ഈ വാദത്തിനു പിന്നിൽ. രണ്ട്; ഇതു ഒക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല (മർക്കൊ, 18:30) എന്ന പ്രസ്താവനയുടെ അർത്ഥവും പലർക്കും സന്നിഗ്ദ്ധമാണ്. മനുഷ്യപുത്രന്റെ വരവും പ്രവചിത സംഭവങ്ങളും ആ തലമുറയിൽ സംഭവിക്കുമെന്ന് ക്രിസ്തു വിവക്ഷിച്ചു എങ്കിൽ ഇതു അബദ്ധപ്രവചനമാണ്. ഈ അബദ്ധം ക്രിസ്തുവിന്റെ മാനവികതയുടെ പ്രതിഫലനമായി വ്യാഖ്യാനിക്കുന്നവരുണ്ട്. ഇതു ക്രിസ്തുവിന്റെ ഭാഷണമല്ല, പ്രത്യുത ആദിമസഭയുടെ ഉപദേശമാണെന്നു വാദിക്കുന്നവരുണ്ട്. തലമുറ യിസ്രായേലാണെന്നും ഇതു ഒക്കെയും നിറവേറുന്നതുവരെ യിസ്രായേൽ ഒഴിഞ്ഞുപോകയില്ല എന്നും ഒരു വ്യാഖ്യാനമുണ്ട്. ഒരു നിശ്ചിത കാലയളവായി ‘തലമുറ’യെ മനസ്സിലാക്കിയാൽ മാത്രം മതി എന്നൊരു നിർദ്ദേശവുമുണ്ട്. ‘ഇതു ഒക്കെയും’ എന്നത് മഹാപീഡന സംഭവങ്ങളെക്കുറിക്കുന്നു എന്നും പ്രസ്തുത കാലയളവു വെറും മൂന്നരവർഷം ആയതുകൊണ്ടു് മഹാപീഡനം കാണുന്നവർ ക്രിസ്തുവിന്റെ വരവും കാണും എന്നും വ്യാഖ്യാനിക്കുന്നതിൽ തെറ്റില്ല. അന്ത്യകാലം ക്രിസ്തുവിൽ ആരംഭിച്ചു, ഇനി നാം സമാപിയെ വാഞ്ഛയോടെ കാത്തിരിക്കുന്നു എന്ന സാമാന്യവാഖ്യാനത്തിൽ പലരും സംതൃപ്തരാണ്. മൂന്ന്; ശൂന്യമാക്കുന്ന മേച്ഛതയും വ്യാഖ്യാനത്തിനു പ്രയാസമുള്ള ഒരു പ്രയോഗമാണ്.(മത്താ, 24:15, മർക്കൊ, 13:14). ബി.സി. 168-ൽ അന്ത്യൊക്കസ് എപ്പിഫാനസ് യെരുശലേം ദൈവാലയത്തിൽ ഒരു ജാതീയയാഗപീഠം സ്ഥാപിച്ചു ബലിയർപ്പിച്ചതിന്റെ പ്രാഥമിക സൂചനയാണ് ദാനീയേലിലെ ശൂന്യമാക്കുന്ന മേച്ചബിംബം. (ദാനീ, 11:31, 12:11). എ.ഡി. 40-ൽ സ്വന്തം പ്രതിമ ദൈവാലയത്തിൽ പ്രതിഷ്ഠിക്കുവാൻ റോമൻ ചക്രവർത്തിയായ ‘ഗായസ് സീസർ’ നടത്തിയ വിഫലശ്രമത്തോടു ചില ആധുനിക പണ്ഡിതന്മാർ ഇതിനെ ബന്ധിപ്പിക്കുകയും ആ കാലം മുതൽ ഈ പ്രവചനം പ്രാബല്യത്തിൽ വന്നു എന്നും, അതു നിറവേറിയില്ലെന്നും വാദിക്കുകയും ചെയ്യുന്നു. ഈ വാദമനുസരിച്ചു് ശൂന്യമാക്കുന്ന മേച്ഛതയെക്കുറിച്ചുള്ള പ്രവചനം ക്രിസ്തുവിന്റേതല്ലാതാകും. എന്നാൽ ഭാവിയിൽ എതിർക്രിസ്തു ദൈവാലയത്തെ അശുദ്ധമാക്കും എന്നത് അപ്പൊസ്തലനായ പൗലൊസും വെളിപ്പെടുത്തിയിട്ടുണ്ട്. (2തെസ്സ, 2:3-4).