മാംസരക്തങ്ങളോടു ആലോചിക്കാത്തവർ
യേശുവിന്റെ സ്നേഹനിർഭരമായ വിളി അനേകർ കേൾക്കാറുണ്ട്. ആ വിളികേട്ട് യേശുവിന്റെ സന്നിധിയിലേക്കു വന്ന് യേശുവിനുവേണ്ടി പ്രവർത്തിക്കണമെന്ന് അവരിൽ ഒരു വലിയ വിഭാഗം ആഗ്രഹിക്കാറുമുണ്ട്. എന്നാൽ യേശുവിന്റെ വിളി അനുസരിക്കുവാനുള്ള തങ്ങളുടെ ആഗ്രഹത്തെക്കുറിച്ച് തങ്ങളുടെ പ്രിയപ്പെട്ടവരുമായി ആലോചിക്കുമ്പോൾ യേശുവിന്റെ വിളി അവഗണിക്കുവാൻ പലപ്പോഴും നിർബന്ധിതരായിത്തീരും. എന്തെന്നാൽ വാർദ്ധക്യത്തിലെത്തിയ മാതാപിതാക്കൾ, ഭാര്യ അഥവാ ഭർത്താവ്, മക്കൾ, സ്നേഹിതർ തുടങ്ങിയവർ സൃഷ്ടിക്കുന്ന കടമകളുടെയും കടപ്പാടുകളുടെയും സ്നേഹബന്ധങ്ങളുടെയും ചോദ്യശരങ്ങൾക്കു മുമ്പിൽ യേശുവിന്റെ വിളി അവർക്കു തിരസ്കരിക്കേണ്ടിവരുന്നു. എന്നാൽ ദൈവത്തിന്റെ വിളി കേൾക്കുമ്പോൾ, മാംസരക്തങ്ങളായ മനുഷ്യരോട് ആലോചിക്കാതെ (ഗലാ, 1:16) ദൈവത്തിനുവേണ്ടി ഇറങ്ങിത്തിരിക്കുന്നവരെയാണ് ദൈവം എടുത്തുപയോഗിക്കുന്നതെന്ന് പൗലൊസിന്റെ അനുഭവം തെളിയിക്കുന്നു. എന്തെന്നാൽ തന്നെ വിളിക്കുന്ന നീതിമാനും സ്നേഹവാനുമായ ദൈവം തന്റെ പ്രിയപ്പെട്ടവരെക്കാളുപരി തന്നെ കരുതുവാൻ മതിയായവനാണെന്ന് വിശ്വസിക്കുന്നവനു മാത്രമേ ആരോടും ചോദിക്കാതെ ദൈവത്തിന്റെ വിളി കേൾക്കുന്ന നിമിഷത്തിൽത്തന്നെ ദൈവത്തിനായി മുമ്പോട്ട് എടുത്തു ചാടുവാൻ കഴിയുകയുള്ളു. അതോടൊപ്പം, യേശുവിനോടുകൂടെ ഉണ്ടായിരുന്ന അപ്പൊസ്തലന്മാർ യെരുശലേമിൽ ഉണ്ടായിരുന്നുവെങ്കിലും അവരുടെ അടുത്തേക്ക് പോകാതെ അറേബ്യയിലേക്കാണ് താൻ പോയതെന്ന് പൗലൊസ് കൂട്ടിച്ചേർക്കുന്നു. കാരണം, ദമസ്കൊസിലേക്കുള്ള പ്രയാണത്തിൽ വച്ച് യേശു അവനെ വിളിച്ചപ്പോൾ, “നീ എഴുന്നേറ്റ് പട്ടണത്തിൽ ചെല്ലുക; നീ ചെയ്യേണ്ടതെന്തെന്ന് അവിടെവച്ച് നിന്നോടു പറയും” (പ്രവൃ, 9:6) എന്നാണ് അരുളിച്ചെയ്തത്. ഗമാലീയേലിന്റെ പാദപീഠത്തിലിരുന്നു പഠിച്ചവനും പരീശനുമായ ശൗൽ യേശുവിന്റെ വിളി കേൾക്കുക മാത്രമല്ല, യേശുവിനെ അനുസരിച്ച് മൂന്നുവർഷം ആരാലും അറിയപ്പെടാത്തവനായി കഷ്ടതകൾ സഹിച്ച് അറേബ്യാമരുഭൂമിയിൽ യേശുവിന്റെ ശിക്ഷണത്തിൽ ചെലവഴിച്ചു, എന്ന യാഥാർത്ഥ്യം യേശുവിന്റെ വിളികേട്ട് ഇറങ്ങിത്തിരിക്കുന്ന ഓരോരുത്തർക്കും മാർഗ്ഗദീപമാകണം. യേശുവിൻ്റെ വിളികേട്ട് മാംസരക്തങ്ങളോട് ആലോചിക്കാതെ ഇറങ്ങിത്തിരിക്കുന്നതോടൊപ്പം താൻ കല്പിക്കുന്നതെന്തും സമ്പൂർണ്ണമായി അനുസരിക്കുകകൂടി ചെയ്യുന്നവരെയാണ് യേശുവിന് ആവശ്യമായിട്ടുള്ളത്. അവരെയാണ് യേശു മനുഷ്യരെ പിടിക്കുന്നവരാക്കിത്തീക്കുന്നതെന്ന് പൗലൊസിന്റെ അനുഭവം പഠിപ്പിക്കുന്നു.