സ്നാനവും രക്ഷയും

സ്നാനവും രക്ഷയും

സ്നാനത്താലാണ് രക്ഷ, പക്ഷെ ജലസ്നാനത്താലല്ല; ആത്മസ്നാനത്താലാണ്. ജലസ്നാനം രക്ഷയുടെ ഉപാധിയല്ല; രക്ഷിക്കപ്പെട്ടവർ അനുഷ്ഠിക്കേണ്ട പ്രഥമവും പ്രധാനവുമായ ക്രിസ്തീയ കർമ്മമാണ് സാനാനം. ക്രൈസ്തവരോട് ചെയ്യാൻ കല്പിച്ചിരിക്കുന്ന രണ്ടനുഷ്ഠാനങ്ങളിൽ ഒന്നാമതായും ഒരിക്കലായും ചെയ്യേണ്ടതാണ് സ്നാനം. രക്ഷ സ്നാനമെന്ന കർമ്മത്തിലല്ല അധിഷ്ഠിതമായിരിക്കുന്നത്; കൃപയാലുള്ള ആത്മസ്നാനത്താലാണ്. “കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല; അല്ലെങ്കിൽ കൃപ കൃപയല്ല.” (റോമ, 11:6. ഒ.നോ: എഫെ, 2:5,8,9). സ്നാനമെന്ന പ്രവൃത്തികൂടാതെ രക്ഷിക്കപ്പെടുവാൻ കഴിയില്ലെന്നുവന്നാൽ, രക്ഷ കൃപയാൽ മാത്രമല്ല; പ്രവൃത്തികൂടി വേണമെന്നുവരും. ഗലാത്യരോട് പൗലൊസ് പറയുന്നു: “ന്യായപ്രമാണത്താൽ (പ്രവൃത്തികളാൽ) നീതീകരിക്കപ്പെടുവാൻ ഇച്ഛിക്കുന്ന നിങ്ങൾ ക്രിസ്തുവിനോടു വേറുപെട്ടുപോയി; നിങ്ങൾ കൃപയിൽനിന്നു വീണുപോയി.” (5:4).

രക്ഷയ്ക്കായി ജലസ്നാനം അത്യന്താപേക്ഷിതമാണെന്ന് കരുതുന്നവരുണ്ട്. ജലസ്നാനത്താലാണ് പാപമോചനവും പരിശുദ്ധാത്മാവും ലഭിക്കുന്നതെന്നും അക്കൂട്ടർ കരുതുന്നു. എന്നാൽ രക്ഷ ജലസ്നാനത്താലല്ല: ആത്മസ്നാനത്താലാണ് ലഭിക്കുന്നത്. എന്തെന്നാൽ രക്ഷ ഭൗതികമല്ല; ആത്മീകമാണ്. ജഡത്തിൻ്റെ രക്ഷയല്ല; ആത്മരക്ഷയാണ് നമുക്കു ലഭിച്ചിരിക്കുന്നത്. ദേഹം ദേഹി ആത്മാവടങ്ങുന്ന സമ്പൂർണ്ണരക്ഷ ലഭിക്കുന്നത് കർത്താവിൻ്റെ പ്രത്യക്ഷതയിലാണ്. നമ്മുടെ വിശ്വാസത്തിനും മാനസാന്തരത്തിനും പാപമോചനത്തിനും വീണ്ടുംജനനത്തിനുമായി ദൈവം നമുക്കു ദാനമായി നല്കുന്നതാണ് ആത്മസ്നാനം; നമ്മുടെ വിശ്വാസത്തിൻ്റെ വെളിച്ചത്തിൽ അഥവാ, നമ്മുടെ വിശ്വാസം ഏറ്റുപറയുന്നതിൻ്റെ വെളിച്ചത്തിൽ പ്രാദേശികസഭ നല്കുന്നതാണ് ജലസ്നാനം. ക്രിസ്തു തലയായ അവൻ്റെ ശരീരമായ ദൈവസഭയിലെ അംഗങ്ങളിൽ ജലസ്നാനം സ്വീകരിക്കാത്തവർ ഒരുപക്ഷെ ഉണ്ടാകാം; എന്നാൽ ദൈവത്തിൻ്റെ ദാനമായ ആത്മസ്നാനം കൂടാതെ ഒരാൾക്കുപോലും ക്രിസ്തു തലയായ അവൻ്റെ ശരീരമായ സഭയുടെ ഭാഗമാകാൻ കഴിയില്ല. എന്തെന്നാൽ ജലസ്നാനത്താലല്ല; ആത്മസ്നാനത്താലാണ് ഒരുവ്യക്തി ക്രിസ്തുവിൻ്റെ മാർമ്മികശരീരത്തോടു ചേരുന്നത്: “ശരീരം ഒന്നും, അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും. യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.” (1കൊരി, 12:12,13). ജലസ്നാനമെന്നല്ല, മറ്റേതൊരു പ്രവൃത്തിയാലും ദൈവത്തിൻ്റെ ദാനമായ പരിശുദ്ധാത്മാവിനെ നേടാൻ കഴിയില്ല; വിശ്വാസത്തിൻ്റെ പ്രസംഗം അഥവാ സുവിശേഷത്താൽ സൗജന്യമായാണ് ആത്മാവു ലഭിക്കുന്നത്:  “ഞാൻ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ?” (ഗലാ, 3:2. ഒ.നോ: ഗലാ, 3:5; എഫെ, 2:13,14; 2:8,9). (ആത്മസ്നാനത്തെക്കുറിച്ചു കൂടുതലറിയാൻ കാണുക: ആത്മസ്നാനവും ജലസ്നാനവും). ചില വേദഭാഗങ്ങൾ വായിക്കുമ്പോൾ ജലസ്നാനം രക്ഷയ്ക്ക് ആവശ്യമാണെന്നു തോന്നാം. അതിനാൽ എല്ലാ വേദഭാഗങ്ങളും നാം വിശദമായി ചിന്തിക്കുന്നതാണ്.

പുതിയനിയമത്തിലെ സ്നാനത്തെക്കുറിച്ചുള്ള പരാമർശങ്ങൾ:

1. മഹാനിയോഗം: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു. (മത്താ, 28:19). ജലസ്നാനത്തെക്കുറിച്ചുള്ള ആദ്യപരാമർശത്തിൽ സ്നാനാനമേല്ക്കേണ്ട നാമത്തെക്കുറിച്ചും സ്നാനം എന്തിനാണെന്നും പറഞ്ഞിട്ടുണ്ട്. പിതാവിന്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം: പുതിയനിയമം വെളിപ്പെടുത്തുന്ന പിതാവിൻ്റെ നാമവും പുത്രൻ്റെ നാമവും ഒന്നുതന്നെയാണ്: “നീ എനിക്കു തന്നിരിക്കുന്ന നിൻ്റെ നാമം” എന്നു പുത്രൻ രണ്ടുവട്ടം പിതാവിനോടു പറയുന്നതായി കാണാം: (യോഹ, 17:11; 17:12). “ഞാൻ എൻ്റെ പിതാവിൻ്റെ നാമത്തിൽ വന്നിരിക്കുന്നു” എന്നു പുത്രൻ പറയുകയുണ്ടായി: (യോഹ, 5:43). സുവിശേഷങ്ങളിൽ ദൈവപുത്രൻ പിതാവിൻ്റെ നാമത്തിൽ പ്രവർത്തിച്ചതായും (യോഹ, 10:25) ശിഷ്യന്മാർ യേശുവിൻ്റെ നാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചതായും കാണാം: (ലൂക്കൊ, 10:17. ഒ.നോ. മർക്കൊ, 9:38; ലൂക്കൊ, 9:49). “നിൻ്റെ നാമത്തെ മഹത്വപ്പെടുത്തേണമേ” എന്നും “പുത്രനെ മഹത്വപ്പെടുത്തേണമേ” എന്നും പുത്രൻ അഭിന്നമായി പറഞ്ഞിരിക്കുന്നത് കാണാം: (യോഹ, 12:28; 17:1). എന്നേക്കും ഇരിക്കേണ്ടതിന് പരിശുദ്ധാത്മാവ് വന്നതും യേശുവിൻ്റെ നാമത്തിലാണ്: (യോഹ, 14:16). യഹോവയെന്ന നാമമായിരുന്നു പഴയനിയമത്തിൽ രക്ഷയ്ക്കായുള്ള ഏകനാമം: (യോവേ, 2:32; പ്രവൃ, 2:21). പുതിയനിയമത്തിൽ രക്ഷയ്ക്കായുള്ള ഏകനാമം യേശുക്രിസ്തു ആണ്: (പ്രവൃ, 4:12). പിതാവായ ഏകദൈവമേ നമുക്കുള്ളെന്നു ദൈവപുത്രനും അപ്പൊസ്തലന്മാരും പറയുന്നു: (യോഹ, 17:3; 8:41; 1കൊരി, 8:6; എഫെ, 4:6). അപ്പോൾ, “യേശുക്രിസ്തു” എന്ന നാമം പുത്രൻ്റെ നാമം മാത്രമായാൽ, ആ നാമത്തിലെങ്ങനെ രക്ഷകിട്ടും? (പ്രവൃ, 4:12) മാനസാന്തരവും പാപമോചനം ലഭിക്കും? (ലൂക്കൊ, 24:47; പ്രവൃ, 10:43) അത്ഭുതങ്ങളും അടയാളങ്ങളും നടക്കും? (പ്രവൃ, 4:30. ഒ.നോ: മത്താ, 1:21; സങ്കീ, 118:26–മത്താ, 23:39, യോഹ,10:25, 17:6, യോഹ, 17:26; യെശ, 45:22, യോവേ, 2:32–പ്രവൃ, 2:22; 4:12, റോമ, 10:13). കൂടാതെ, ആദിമസഭ യേശുക്രിസ്തു എന്ന ഏകനാമം വിളിച്ചാണ് അപേക്ഷിച്ചിരുന്നത്: സ്തെഫാനോസും (പ്രവൃ, 7:59), ദമസ്കൊസിലുള്ള സഭയും (പ്രവൃ, 9:14), യെരൂശലേം സഭയും (പ്രവൃ, 9:21), പൗലൊസും (പ്രവൃ, 22:16), കൊരിന്ത്യസഭയും (1കൊരി, 1:2), പൗലൊസ് മൂന്നുട്ടം അപേക്ഷിച്ചതും (2കൊരി, 12:8), തിമൊഥെയൊസിൻ്റെ സഭയും (2തിമൊ, 2:12), ബൈബിൾ എഴുതി അവസാനിപ്പിക്കുമ്പോൾ യോഹന്നാൻ അപ്പൊസ്തലനും (വെളി, 22:20) വിളിച്ചപേക്ഷിച്ചതു യേശുക്രിസ്തുവിൻ്റെ നാമമാണ്. പിതാവിൻ്റെയോ പരിശുദ്ധാത്മാവിൻ്റെയോ നാമം ആരും വിളിച്ചപേക്ഷിച്ചിട്ടില്ല എന്നതും, “അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവർ” എന്ന പൗലൊസിൻ്റെ പ്രസ്താവനയും ചേർത്തു ചിന്തിച്ചാൽ; പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ്, യേശുക്രിസ്തു എന്നു സ്ഫടികസ്ഫുടം വ്യക്തമാകും. (മത്താ, 28:19–പ്രവൃ, 2:38, 8:16, 10:48, 19:5, 22:16). സ്നാനത്തിൻ്റെ ആവശ്യകത: “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” അപ്പോൾ, സ്നാനം ക്രിസ്തുവിൻ്റെ ശിഷ്യരാക്കുന്ന ശുശ്രൂഷയാണെന്ന് ഇവിടെ മനസ്സിലാക്കാം.

2. വിശ്വസിക്കുകയും സ്നാനം ഏല്ക്കുകയും: “വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.” (മർക്കൊ, 16:16). ഈ വാക്യപ്രകാരം ജലസ്നാനം രക്ഷയ്ക്ക് അനിവാര്യമാണെന്ന് വിചാരിക്കുന്നവരുണ്ട്. “വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും” എന്നു പറഞ്ഞശേഷം സ്നാനമേല്ക്കാത്തവനല്ല, വിശ്വസിക്കാത്തവന് ശിക്ഷാവിധി വരുമെന്നാണ് പറഞ്ഞിരിക്കുന്നത്. സ്നാനം രക്ഷയ്ക്ക് അനിവാര്യമായിരുന്നെങ്കിൽ, ഒന്നെങ്കിൽ; “വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും” എന്നു പറഞ്ഞശേഷം ആ വാക്യത്തിന് കുത്ത് (full stop) ഇടുമായിരുന്നു. അല്ലെങ്കിൽ; രണ്ടാംഭാഗത്ത്, “വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും” എന്നുമാത്രം പറയാതെ, “വിശ്വസിച്ച് സ്നാനമേൽക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും” എന്ന് പറയുമായിരുന്നു. അതുമല്ലെങ്കിൽ; “വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും” എന്ന് പറഞ്ഞശേഷം, “ഇത് വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും” എന്നു പറയുമായിരുന്നു. അതാണ് ഭാഷയുടെ ഒരു രീതി. പുതിയനിയമരക്ഷ പ്രവൃത്തിയാലല്ല; കൃപയാലാണ്. അതായത്, രക്ഷകനിൽ വിശ്വസിക്കാനുള്ള കൃപപോലും സുവിശേഷത്താൽ ദാനമായി ലഭിക്കുന്നതാണ്: (2തിമൊ, 2:8; പ്രവൃ, 8:12; എഫെ, 2:5,8). എന്നിട്ടും, സുവിശേഷം വിശ്വസിക്കാൻ കൂട്ടാക്കാതെ തള്ളിക്കളയുന്നവർക്കാണ് ശിക്ഷാവിധി വരുന്നത്. രക്ഷിക്കപ്പെട്ടവനാണ് യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനമേല്ക്കേണ്ടത്. ലൂക്കൊസിൻ്റെ സമാന്തര വേദഭാഗം നോക്കുക: “അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.” (ലൂക്കോ, 24:47). ഇവിടെ സ്നാനത്തെക്കുറിച്ച് സൂചനപോലുമില്ല.

അനുബന്ധം: മർക്കൊസ് 16:9-20-വരെയുള്ള ഭാഗങ്ങൾ സന്ദിഗ്ധമാകയാൽ സത്യവേദപുസ്തകം, മലയാളം ഓശാന തുടങ്ങിയ മലയാളം പരിഭാഷകളിലും ഇംഗ്ലീഷിലെ പല പരിഭാഷകളിലും വാക്യങ്ങൾ ബ്രാക്കറ്റിലാണ് ഇട്ടിരിക്കുന്നത്. ഉദാ: (AB, BV2020, CEB, CSB, ESV, LEB, LSB, MSG, NASB, NCC, NET, NLV, NOY, NRS, NRSV-CI, RKJNT,  Rotherham, T4T, WNT, WMNT). വത്തിക്കാൻ്റെ ഔദ്യോഗിക പരിഭാഷയായ The New American Bible-ലും ബ്രാക്കറിലാണ് കാണുന്നത്. CSB-യിൽ എട്ടാം വാക്യത്തിനുശേഷം “ചില ആദ്യകാല കയ്യെഴുത്തുപ്രതികളിൽ 16:8-ഓടു കൂടി മർക്കൊസ് അവസാനിക്കുന്നു” എന്നു അടിക്കുറിപ്പ് കാണാം. NIV-യുടെ എട്ടാം വാക്യത്തിനുശേഷം, “ആദ്യകാല കൈയെഴുത്തുപ്രതികളിലും മറ്റ് ചില പുരാതന സാക്ഷികൾളും 16:9-20 വാക്യങ്ങൾ ഇല്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു” എന്ന അടിക്കുറിപ്പ് കാണാം. Noyes Bible-ൽ എട്ടാം വാക്യത്തിനുശേഷം, “ടിഷെൻഡോർഫിന്റെയും മറ്റുള്ളവരുടെയും അഭിപ്രായത്തിൽ ബാക്കിയുള്ള പന്ത്രണ്ട് വാക്യങ്ങൾ യഥാർത്ഥത്തിൽ മാർക്കൊസ് സുവിശേഷത്തിന്റെ ഭാഗമല്ലായിരുന്നു, എന്ന അടിക്കുറിപ്പ് കാണാം. പുതിയലോകം ഭാഷാന്തരത്തിലും RSV-യിലും 16:9-120-വരെയുള്ള പ്രസ്തുതവേദഭാഗം ഒഴിവാക്കിയിക്കിയാക്കിയതായി കാണാം. “പിൽക്കാല ഗ്രീക്ക് കയ്യെഴുത്തുപ്രതികളിൽ ഭൂരിഭാഗവും മർക്കോസ് 16:9-20 അടങ്ങിയിട്ടുണ്ടെങ്കിലും, ഏറ്റവും പഴക്കമേറിയതും ആദരണീയവുമായ രണ്ട് കൈയെഴുത്തുപ്രതികളായ കോഡെക്‌സ് സിനാറ്റിക്കസ് (Codex Sinaiticus), കോഡെക്‌സ് വത്തിക്കാനസ് (Codex Vaticanus) എന്നിവയിൽ 8-ാം വാക്യത്തിലാണ് മർക്കൊന്റെ സുവിശേഷം അവസാനിക്കുന്നത്. കൂടാതെ, നാലാം നൂറ്റാണ്ടിലെ സഭാപിതാക്കൻമാരായ യൂസേബിയസും (Eusebius) ജെറോമും (Jerome) തങ്ങൾക്ക് ലഭ്യമായ മിക്കവാറും എല്ലാ ഗ്രീക്ക് കൈയെഴുത്തുപ്രതികളിലും മർക്കൊസ് 16:9-20 ഇല്ലെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.”

മർക്കൊസ് 16:9-20 യഥാർത്ഥമായി ബൈബിൻ്റെ ഭാഗമല്ലെന്ന് തെളിയിക്കാൻ പര്യാപ്തമായ പ്രയോഗങ്ങൾ ആ വേദഭാഗത്തു തന്നെയുണ്ട്: “വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളിൽ സംസാരിക്കും; സർപ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കുടിച്ചാലും അവർക്കു ഹാനി വരികയില്ല; രോഗികളുടെ മേൽ കൈവെച്ചാൽ അവർക്കു സൌഖ്യം വരും എന്നു പറഞ്ഞു.” (മർക്കൊ, 16:17,18). വിശ്വസിക്കുന്നവരാൽ നടക്കുന്ന അഞ്ച് അടയാളങ്ങളാണ് മേല്പറഞ്ഞത്. അതിൽ രണ്ടെണ്ണം ശ്രദ്ധേയമാണ്.1. “സർപ്പങ്ങളെ പിടിച്ചെടുക്കും. എന്താവശ്യത്തിനാണ് സർപ്പങ്ങളെ പിടിച്ചെടുക്കുന്നത്? ഈ പ്രയോഗത്തെ സാധൂകരിക്കാൻ പൗലൊസിൻ്റെ കയ്യിൽ അണലി ചുറ്റിയകാര്യം പലരും പറഞ്ഞുകേട്ടിട്ടുണ്ട്. പൗലൊസ് അണലിയെ പിടിച്ചെടുത്തതല്ല; വിറകു പെറുക്കിയപ്പോൾ അബദ്ധവശാൽ ചുറ്റിയതാണ്: (പ്രവൃ, 28:3). അതവനെ കടിക്കാതെ അവൻ കുടഞ്ഞുകളഞ്ഞു; അഥവാ അത് കടികാതെവണ്ണം ദൈവമവനെ രക്ഷിച്ചു: (22:6-7). അതുപോലാണോ ഒരുത്തൻ സർപ്പത്തെ പിടിച്ചെടുന്നത്? സർപ്പത്തെ കണ്ടാൽ ഓടി രക്ഷപെടുകയല്ലാതെ, അതിനെ പിടിച്ചെടുക്കാൻ നോക്കുന്നവൻ ദൈവത്തെ പരീക്ഷിക്കുന്നകാരണത്താൽ മരിക്കതന്നെവേണം. ദൈവത്തിന് ഒരു പണിയും ഇല്ലാഞ്ഞിട്ടുവേണമല്ലോ, അവനെ രക്ഷിക്കാൻ. 2. മരണകരമായ യാതൊന്നു കുടിച്ചാലും അവർക്കു ഹാനി വരികയില്ല. അതായത്, വിഷംകുടിച്ചാലും ചാകില്ല. ബെസ്റ്റ്!ദൈവത്തെ പരീക്ഷിക്കാൻ വേറൊന്നും വേണ്ട. ക്രിസ്തുവിനെ ദൈവാലയത്തിൻ്റെ അഗ്രത്തിൽ കൊണ്ടുപോയി നിർത്തിയിട്ട് സാത്താൻ പറഞ്ഞു: നീ അവിടുന്ന് ചാടിക്കോ; ദൂതന്മാർ നിന്നെ താങ്ങും. ക്രിസ്തു ചാടിയോ; “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു” എന്നാണ് സാത്താനോട് പറഞ്ഞത്. ദൈവത്തെ പരീക്ഷിക്കുന്ന മേല്പറഞ്ഞ രണ്ട് പ്രയോഗങ്ങൾ ക്രിസ്തീയ ഉപദേശത്തിൻ്റെ ഭാഗമല്ലെന്ന് തെളിയുന്നു. അതിനാൽ, മർക്കൊസ് 16:9-20 പില്ക്കാലത്ത് കൂട്ടുചേർത്തതാണെന്ന് മനസ്സിലാക്കാം.

3. മൂവായിരം പേരുടെ സ്നാനം: “പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.” (പ്രവൃ, 2:38). ആദ്യാമ്യപാപത്തിന് വേണ്ടിയാണ് ക്രിസ്തു മരിച്ചത്: (റോമ, 5:15-17; 1കൊരി, 15:21). എന്നാൽ, പെന്തെക്കൊസ്തിലെ യെഹൂദന്മാർക്കുള്ളത് ആദാമ്യപാപം മാത്രമല്ല; “നീതിമാനായ ഹാബേലിന്റെ രക്തംമുതൽ ബെരെഖ്യാവിന്റെ മകനായ സെഖര്യാവിന്റെ രക്തംവരെ സകലപ്രവാചകന്മാരുടെയും രക്തംചൊരിഞ്ഞ പാപം അവരുടെമേലുണ്ട്. (മത്താ, 23:35, ലൂക്കൊ, 11:50,51). അതവരുടെ തലമേൽ നില്ക്കുമ്പോഴാണ്, കുലപാതകനുവേണ്ടി പരിശുദ്ധനും നീതിമാനുമായവനെ തള്ളിപ്പറയുകയും അവരുടെ ജീവനായകനെ കൊന്നുകളയുകയും ചെയ്തത്: (പ്രവൃ, 3:14). പത്രൊസിൻ്റെ പെന്തെക്കൊസ്തിലെ പ്രസംഗത്തിലും അതുണ്ട്: (പ്രവൃ, 2:23). പെസഹാ പെരുന്നാളിന് വന്ന യെഹൂദാ ജനമാണ്, അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ’ എന്ന് അലറിവിളിച്ചതും (മത്താ, 27:25) “യേശുവിനെ നീക്കിക്കളക; ബറബ്ബാസിനെ വിട്ടു തരിക” എന്നു നിലവിളിച്ചു അവനെ ക്രൂശിനേല്പിച്ചതും. (ലൂക്കോ, 23:17). പെസഹ, പെന്തെക്കൊസ്ത്, കൂടാരപ്പെരുന്നാൾ എന്നിങ്ങനെ മൂന്ന് മഹോത്സവങ്ങൾക്കാണ് യെഹൂദാ പുരുഷന്മാർ എല്ലാവരും ദൈവാലയത്തിൽ വരേണ്ടത്. (പുറ, 34:20-23). പെസഹ പെരുന്നാളിനുവന്ന് യേശുവിനെ ക്രൂശിക്കാൻ കൂട്ടുനിന്നവരെല്ലാവരും പെന്തെക്കൊസ്തിനുമുണ്ടാകും. അവരിൽനിന്നാണ് 3,000 യെഹൂദന്മാർ രക്ഷപ്രാപിച്ചത്. പത്രൊസിൻ്റെ പ്രസംഗത്താൽ അവരുടെ ഹൃദയത്തിൽ കുത്തുകൊണ്ടതായി 37-ാം വാക്യത്തിൽ വായിക്കുന്നു. അതവരുടെ മാനസാന്തരത്തെയാണ് കാണിക്കുന്നത്. മാനസാന്തരമുണ്ടാകുന്നത് സുവിശേഷത്താലാണ്: (2കൊരി, 7:8-10; പ്രവൃ, 5:31). എന്നാൽ, 38-ാം വാക്യത്തിൽ അവരോടു യേശുക്രിസ്തുനാമത്തിൽ സ്നാനമേറ്റു കഴുകിക്കളാൻ പറയുന്നത്, രക്ഷകനെ ക്രൂശിച്ച അവരുടെ വർത്തമാനകാലപാപമാണ്. യോഹന്നാൻ സ്നാനപകൻ അവരെ കഴിപ്പിച്ചതും പാപമോചനത്തിനുള്ള മാനസാന്തരസ്നാനമാണ്: (മർക്കൊ, 1:4; ലൂക്കൊ, 3:3. ഒ.നോ: മത്താ, 3:2; 3:8; ലൂക്കൊ, 3:8). യെഹൂദന്മാർ യോഹന്നാനാൽ സ്നാനമേറ്റത് പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ടാണ്: (മത്താ, 3:6; മത്താ, 1:4). അതിനാൽ, വെള്ളത്താൽ കഴുകിക്കളയാൻ കഴിയുന്ന പാപം ആദാമ്യപാപമല്ല; വർത്തമാനകാലപാപമാണെന്ന് വ്യക്തമാകുന്നു. അതായത്, രക്ഷിതാവിനെ തള്ളുകയും കൊല്ലുകയും ചെയ്ത അവരുടെ വർത്തമാനകാല പാപമാണ് ക്രിസ്തീയ സ്നാനത്തോടൊപ്പം മാനസാന്തരപ്പെട്ട് കഴുകിക്കളയാൻ പത്രൊസ് നിർദ്ദേശിച്ചതെന്ന് മനസ്സിലാക്കാം: (പ്രവൃ, 2:38). അപ്പോൾ, സ്നാനത്താലാണോ പരിശുദ്ധാത്മാവു എന്ന ദാനം അഥവാ, പരിശുദ്ധാത്മാസ്നാനം ലഭിക്കുന്നത്? അല്ല. സുവിശേഷത്താലാണ് പരിശുദ്ധാവ് ലഭിക്കുന്നതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്: (പ്രവൃ, 10:44;:ഗലാ, 3:2,5).  ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമാണ് പരിശുദ്ധാത്മാവെന്ന ദാനം: (യോഹ, 7:7-9; 14:26; പ്രവൃ, 2:33). ദൈവത്തിൻ്റെ ദാനം സ്നാനമെന്ന പ്രവൃത്തിയുടെ ഫലമല്ല; സുവിശേഷത്താൽ സൗജന്യമായി ലഭിക്കുന്നതാണ്: (പ്രവൃ, 8:20; 10:46; റോമ, 11:6). എന്നാൽ, ക്രിസ്തുവിനെ ക്രൂശിച്ച പാപം യെഹൂദന്മാർക്ക് ഉണ്ടായിരുന്നതിനാൽ, സുവശേഷത്താൽ ദാനമായി ലഭിക്കേണ്ട പരിശുദ്ധാത്മാവെന്ന ദാനം അഥവാ, ആത്മസ്നാനം അവർക്ക് ലഭിച്ചിരുന്നില്ല; ആ പാപമാണ് യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള ക്രിസ്തീയ സ്നാനത്തോടൊപ്പം കഴുകിക്കളയാൻ പത്രോസ് അവരോട് പറഞ്ഞതെന്ന് മനസ്സിലാക്കാം.

4. ദൈവസഭയുടെ അടിസ്ഥാന ഉപദേശങ്ങൾ: “അവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേർ അവരോടു ചേർന്നു. അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാർത്ഥന കഴിച്ചും പോന്നു.” (പ്രവൃ, 2:41,42). ദൈവസഭയുടെ അടിസ്ഥാന ഉപദേശങ്ങളാണിത്. അതിൽ രണ്ടാമത്തേതാണ് സ്നാനം: 1. ദൈവവചനം കൈക്കൊള്ളുക. (അവന്റെ വാക്കു കൈക്കൊണ്ടവർ = പത്രൊസിൽനിന്നു ദൈവവചനം കൈക്കൊണ്ടവർ). (2:41). 2. സ്നാനം ഏല്ക്കുക. (2:41). 3. സഭയോടു ചേരുക (അവരോടു ചേർന്നു = പ്രാദേശിക സഭയോടു ചേരുക). (2:41). 4. ഉപദേശം കേൾക്കുക. (2:42). 5. കൂട്ടായ്മ ആചരിക്കുക (2:42). 6. അപ്പം നുറക്കുക. (2:42). 7. പ്രാർത്ഥന കഴിക്കുക. (2:42). 38-ാം വാക്യംമുതൽ അടിസ്ഥാന ഉപദേശങ്ങൾ മനസ്സിലാക്കുന്നവരുണ്ട്. അവരെ സംബന്ധിച്ച് മാനസാന്തരമാണ് ഒന്നാമത്തെ ഉപദേശം. രക്ഷയ്ക്കായുള്ള അഥവാ, ദൈവഹിതപ്രകാരമുള്ള മാനസാന്തരം വ്യക്തിക്ക് സ്വയമുളവാക്കാൻ കഴിയുന്നതല്ല; വചനത്താൽ ലഭിക്കുന്ന ആത്മാവിലാണ് വ്യക്തിക്കു മാനസാന്തരം ഉണ്ടാകുന്നത്: (പ്രവൃ, 5:31; 11:18; 20:21; 2കൊരി, 7:9,10; ഗലാ, 3:2). അതിനാൽ മാനസാന്തരം ഉപദേശത്തിൽ പെട്ടതല്ല; നമുക്ക് അനുസരിക്കാനോ, ചെയ്യാനോ കഴിയാത്തത് ഉപദേശമാണെന്ന് പറയാൻ പറ്റില്ല. ഒരു വ്യക്തി സുവിശേഷം കൈക്കൊള്ളുന്നത് അഥവാ, ക്രിസ്തുവിനെ സ്വീകരിക്കുന്നത് കൃപയാൽ അഥവാ ദൈവത്തിൻ്റെ പരിശുദ്ധാത്മാവിനാലാണ്. (ഗലാ, 3:2; എഫെ, 2:5,8; 1കൊരി, 12:3). അടിസ്ഥാന ഉപദേശങ്ങളിൽ ഒന്നാമത്തേതാണ് “സുവിശേഷം കൈക്കൊള്ളുക” എന്നതാണ്. എന്തെന്നാൽ സുവിശേഷത്താൽ ലഭിക്കുന്ന ആത്മാവിലാണ് ഒരു വ്യക്തി വീണ്ടും ജനിക്കുന്നത്. (യോഹ, 3:3,5; 1കൊരി, 4:15; ഗലാ, 3:2; എഫെ, 3:6; ഗലാ, 1:18,21; 1പത്രൊ, 1:23). എന്നാൽ അനേകരും കരുതുന്നത്; രക്ഷിക്കപ്പെട്ട് സ്നാനമേറ്റ് പ്രാദേശിക സഭയിൽ കൂടിയശേഷം കാത്തിരുന്ന് പ്രാപിക്കേണ്ട ഒന്നാണ് പരിശുദ്ധാത്മാവെന്നാണ്. അത് കത്തോലിക്കരുടെ ശിശുസ്നാനത്തോട് ഒക്കുന്നു: “ആദ്യം സ്നാനമേല്ക്കുക; പിന്നെ വിശ്വസിക്കുക.” എന്നാൽ ബൈബിൾ മുന്നോട്ട് വെക്കുന്നത് വിശ്വാസത്താലുള്ള നീതീകരണമാണ്. പൗലൊസിൻ്റെ ലേഖനങ്ങളിലെ പ്രധാനവിഷയവും വിശ്വാസത്താലുള്ള നീതീകരണമാണ്. (റോമ, 1:17; 3:21, 3:27, 328, 3:30; 4:5).

5. ശമര്യരുടെ സ്നാനം: “എന്നാൽ ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന ഫിലിപ്പൊസിനെ അവർ വിശ്വസിച്ചപ്പോൾ പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു …… അന്നുവരെ അവരിൽ ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റിരുന്നതേയുള്ളു…… അവർ അവരുടെമേൽ കൈ വെച്ചപ്പോൾ അവർക്കു പരിശുദ്ധാത്മാവു ലഭിച്ചു.” (പ്രവൃ, 8:12-17). ശമര്യർ ഫിലിപ്പോസിൻ്റെ പ്രസംഗവും അവൻ ചെയ്ത അത്ഭുതങ്ങളും അടയാളങ്ങളുമൊക്കെ കണ്ട് വിശ്വസിച്ച് സ്നാനമേറ്റിട്ടും അവർക്ക് പരിശുദ്ധാവ് ലഭിച്ചില്ല; അപ്പൊസ്തലന്മാർ അവരുടെ മേൽ കൈവെച്ചപ്പോൾ പരിശുദ്ധാത്മാവ് ലഭിക്കുകയും ചെയ്തുവെന്നാണ് കാണുന്നത്. പെന്തെക്കൊസ്തിലെ പ്രസ്താവനയിൽനിന്ന് തികച്ചും വ്യത്യസ്മാണ് ശമര്യയിലേത്. പരിശുദ്ധാത്മാവ് നിറഞ്ഞ പുരുഷനായ ഫിലിപ്പോസാണ് അവരോട് സുവിശേഷം അറിയിച്ചത്. (പ്രവൃ, 6:5; 8:12). വിശ്വാസത്തിൻ്റെ പ്രസംഗം അഥവാ, സുവിശേഷത്താലാണ് ആത്മാവ് ലഭിക്കുന്നതും (ഗലാ, 3:2), വിശ്വാസം ഉളവാകുന്നതും (റോമ, 10:17) രക്ഷ ലഭിക്കുന്നതും. (2തെസ്സ, 2:13). എന്നിട്ടും അവർക്ക് ആത്മാവ് ലഭിച്ചിരുന്നില്ലെങ്കിൽ അവരുടെ രക്ഷ പൂർണ്ണമായിരുന്നില്ല അല്ലെങ്കിൽ ലഭിച്ചിരുന്നില്ല എന്നു വ്യക്തമാണ്. ഇനി ചിലർ കരുതുന്നതുപോലെ ജലസ്നാനത്താലാണ് പാപമോചനവും പരിശുദ്ധാത്മാവും ലഭിക്കുന്നതെങ്കിൽ അവർക്ക് പരിശുദ്ധാത്മാവ് ലിഭിക്കേണ്ടതായിരുന്നുവല്ലോ? അപ്പോൾ അതൊന്നുമല്ല കാര്യം: സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോലെന്ന വിശേഷാധികാരം ഫിലിപ്പോസിനില്ലായിരുന്നു; അത് പത്രൊസിൻ്റെ കയ്യിലായിരുന്നു. (മത്താ, 16:19). ആ താക്കോൽ അഥവാ അധികാരം കൈയ്യിലുള്ള ആൾക്കു മാത്രമേ, ഭൂമിയിലെ സകല ജാതികളെയും പ്രതിനിധീകരിച്ചുകൊണ്ട് യെഹൂദന്മാരിൽനിന്നും ശമര്യരിൽനിന്നും ജാതികളിൽനിന്നും ആദ്യമായി ദൈവസഭയിലേക്ക് പ്രവേശനം നല്കാൻ അധികാരമുള്ളു. അതിനാലാണ് ഫിലിപ്പോസിനാൽ അവർക്ക് ആത്മസ്നാനം നല്കാതിരുന്നതും പത്രൊസിൻ്റെ സാന്നിധ്യത്തിൽ ആത്മസ്നാനം നല്കിയതും. (പ്രവൃ, 8:17). രണ്ടാം അദ്ധ്യായത്തിൽ യെഹൂദന്മാരെയും (2:1-41), എട്ടാം അദ്ധ്യായത്തിൽ ശമര്യരെയും (8:14-17), പത്താം അദ്ധ്യായത്തിൽ ജാതികളെയും പത്രൊസിൻ്റെ സാന്നിധ്യത്തിൽ ദൈവസഭയിലേക്ക് പ്രവേശനം നല്കിയത് അതിൻ്റെ തെളിവാണ്. അനന്തരം ഫിലിപ്പോസിൻ്റെ കയ്യാൽ ഐത്യപ്യാ രാജ്ഞിയുടെ ഷണ്ഡൻ രക്ഷിക്കപ്പെടാൻ യാതൊരു തടസ്സവും വന്നില്ല എന്നതും ഓർക്കുക. (8:26-39). ഷണ്ഡൻ യെരൂശലേമിൽ നമസ്കരിപ്പാൻ വന്ന യെഹൂദ മതാനുസാരിയാണ് ആണ്. യെഹൂദ മതാനുസാരി യെഹൂദന്മാരുടെ കൂട്ടത്തിൽ ഉൾപ്പെട്ടവനാണ്. അവർക്ക് രണ്ടാം അദ്ധ്യായത്തിൽ സ്വർഗ്ഗരാജ്യത്തിലേക്ക് പ്രത്രൊസ് പ്രവേശനം നല്കിയതാണ്. (2:10). അതിനാലാണ് ഫിലിപ്പോസിനാൽ അവൻ രക്ഷിക്കപ്പെട്ടതും വിശ്വാസം ഏറ്റുപറഞ്ഞ് സ്നാനമേറ്റതും (1കൊരി, 12:3) സന്തോഷത്തോടെ തൻ്റെ വഴിക്കുപോയതും. (8:37-39). [കൂടുതൽ അറിവിലേക്കായി ‘പരിശുദ്ധാത്മസ്നാനം‘ എന്ന ലേഖനം കാണുക]

6. എത്യോപ്യനായ ഷണ്ഡൻ്റെ സ്നാനം: “അവർ ഇങ്ങനെ വഴിപോകയിൽ വെള്ളമുള്ളോരു സ്ഥലത്തു എത്തിയപ്പോൾ ഷണ്ഡൻ: ഇതാ വെള്ളം ഞാൻ സ്നാനം ഏല്ക്കുന്നതിന്നു എന്തു വിരോധം എന്നു പറഞ്ഞു. അതിന്നു ഫിലിപ്പൊസ്: നീ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം എന്നു പറഞ്ഞു. യേശുക്രിസ്തു ദൈവപുത്രൻ എന്നു ഞാൻ വിശ്വസിക്കുന്നു എന്നു അവൻ ഉത്തരം പറഞ്ഞു. അങ്ങനെ അവൻ തേർ നിർത്തുവാൻ കല്പിച്ചു; ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, അവൻ അവനെ സ്നാനം കഴിപ്പിച്ചു;” (പ്രവൃ, 8:36-38). യെശയ്യാപ്രവചനം അമ്പത്തിമൂന്നാം അദ്ധ്യായം വായിച്ചുകൊണ്ടിരുന്ന ഷണ്ഡനോട് ആ അദ്ധ്യായം ആധാരമാക്കി യേശുവിനെ കുറിച്ചുള്ള സുവിശേഷം അറിയിച്ചപ്പോൾ ഷണ്ഡൻ രക്ഷിക്കപ്പെടുകയുണ്ടായി. 2:38-ൽ പത്രോസ് പറഞ്ഞ പാപമോചനത്തിനായുള്ള സ്നാനത്തിന് ഷണ്ഡനോടുള്ള ബന്ധത്തിൽ യാതൊരു പ്രസക്തിയുമില്ലെന്നു കാണാൻ കഴിയും. മാത്രമല്ല, രക്ഷിക്കപ്പെട്ട ഷണ്ഡൻ ഫിലിപ്പോസിനോടാണ് ചോദിക്കുന്നത്; ‘ഇതാ വെള്ളം ഞാൻ സ്നാനം ഏല്ക്കുന്നതിന്നു എന്തു വിരോധം.’ ഫിലിപ്പോസിൻ്റെ മറുപടി; ‘നീ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം.’ ബൈബിൾ പാപമോചനത്തിനും രക്ഷയ്ക്കുമായി വെച്ചിരിക്കൂന്ന കൃപയാലുള്ള വിശ്വാസത്തിൻ്റെയും, ക്രിസ്തീയ സ്നാനത്തിൻ്റെയും കൃത്യമായ മാതൃക ഇവിടെ കാണാം: ഫിലിപ്പോസ് ഷണ്ഡനോടു യേശുവിനെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിച്ചു (8:35); സുവിശേഷത്താൽ ആത്മസ്നാനമുണ്ടായി (ഗലാ, 3:2); അവൻ കൃപയാൽ വിശ്വസിച്ച് രക്ഷപ്രാപിക്കുന്നു (എഫെ, 2:5,8); അനന്തരം ജലസ്നാനം സ്വീകരിച്ചു (പ്രവൃ, 8:36-38) പിന്നെ സന്തോഷിച്ചുകൊണ്ടു തൻ്റെ വഴിക്കുപോയി. (8:39).

7. പൗലൊസിൻ്റെ സ്നാനം: “ഉടനെ അവന്റെ കണ്ണിൽ നിന്നു ചെതുമ്പൽ പോലെ വീണു; കാഴ്ച ലഭിച്ചു അവൻ എഴുന്നേറ്റു സ്നാനം ഏൽക്കയും ആഹാരം കൈക്കൊണ്ടു ബലം പ്രാപിക്കയും ചെയ്തു.” (പ്രവൃ, 9:18). ഒൻപതാം അദ്ധ്യായത്തിൽ സ്നാമേറ്റതായും, ഇരുപത്തിരണ്ടാം അദ്ധ്യാത്തിൽ യേശുവിൻ്റെ നാമം വിളിച്ചപേക്ഷിച്ച് പാപം കഴുകിക്കളയാനും പറയുന്നുണ്ട്. നമുക്ക് രണ്ടു വേദഭാഗങ്ങളും ചേർത്ത് ചിന്തിക്കാം: “ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ നാമം വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു.” (പ്രവൃ, 22:16; 9:18). പൗലൊസ് യെരൂശലേമിൽ അറസ്റ്റു ചെയ്യപ്പെട്ടപ്പോൾ സഹസ്രാധിപൻ്റെ കോട്ടയുടെ പടിക്കെട്ടിൽ നിന്നുകൊണ്ട് യഹൂദന്മാരോട് പ്രസംഗിക്കുമ്പോൾ തൻ്റെ മാനസാന്തരത്തെ അനുസ്മരിച്ചുകൊണ്ട് പറയുന്ന ഭാഗമാണിത്. ഈ പ്രസംഗത്തിനും ഏകദേശം 20-ലേറെ വർഷങ്ങൾക്ക് മുമ്പാണ് ദമസ്കൊസിലേക്കുള്ള യാത്രയിൽ താൻ കർത്താവിനാൽ പിടിക്കപ്പെട്ടതും, അനന്യാസ് എന്ന ശിഷ്യൻ മുഖാന്തരം രക്ഷിക്കപ്പെട്ടതും. (പ്രവൃ, 9:2-20). മാനസാന്തരസമയത്ത് അനന്യാസ് പൗലൊസിൻ്റെ കണ്ണിനു കാഴ്ച നല്കുന്നതും, സ്നാമേല്ക്കുന്നതും അല്ലാതെ, സുവിശേഷം അറിയിക്കുന്നതായി അവിടെ രേഖപ്പെടുത്തിയിട്ടില്ല. (പ്രവൃ, 9:17,18). എന്നാൽ പൗലൊസ് അത് പറയുമ്പോൾ; ”എഴുന്നേറ്റു യേശുവിന്റെ നാമം വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക” എന്ന് അനന്യാസ് തന്നോട് പറഞ്ഞതായിട്ട് പറയുന്നുണ്ട്. വിശുദ്ധന്മാരെ നിഗ്രഹിപ്പാൻ താൻ സമ്മതം കൊടുത്തതായും ദൈവത്തിന്റെ സഭയെ അത്യന്തം ഉപദ്രവിച്ചു മുടിച്ചവനാണെന്നും പൗലൊസ് തന്നെ സാക്ഷ്യം പറഞ്ഞിട്ടുണ്ട്: (പ്രവൃ, 26:10; ഗലാ, 1:13). അതിനാൽ, പെന്തെക്കൊസ്തിലെപ്പോലെ പൗലൊസിൻ്റെയും വർത്തമാനകാല പാപമാണ് കഴുകിക്കളയാൻ പറഞ്ഞതെന്ന് മനസ്സിലാക്കാം: (പ്രവൃ, 22:16). ജലസ്നാനത്താലാണ് പാപമോചനവും ആത്മസ്നാനവും പൗലൊസിനു ലഭിച്ചതെങ്കിൽ, സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതെന്നു അവൻ ഒരിക്കലും പറയില്ല: (1കൊരി, 1:17). മേല്പറഞ്ഞ വസ്തുതകൾക്ക് പല തെളിവുകളുണ്ട്: 1. സുവിശേഷത്താലാണ് ആത്മസ്നാനം നടക്കുന്നതെന്നതിന് കൃത്യമായ തെളിവുണ്ട്: (പ്രവൃ, 10:44-45). 2. സുവിശേഷത്താലാണ് പരിശുദ്ധാത്മാവ് ലഭിക്കുന്നതെന്ന് തെളിവായി പറഞ്ഞിട്ടുമുണ്ട്: (ഗലാ, 3:2,5). 3. ന്യായപ്രമാണത്താൽ അഥവാ പ്രവൃത്തികളാലല്ല ആത്മാവ് ലഭിക്കുന്നതെന്നും അതേ വാക്യത്തിൽ മനസ്സിലാക്കാം: (ഗലാ, 3:2,5). 4. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ ദാനമാണ്: (പ്രവൃ, 8:20; 10:46). സ്നാനംപോലൊരു പ്രവൃത്തിയാലാണ് ആത്മസ്നാനം ലഭിക്കുന്നതെങ്കിൽ ദാനമെന്നല്ല; പ്രവൃത്തിയുടെ ഫലം അഥവാ പ്രതിഫലമെന്ന് പറയുമായിരുന്നു. 5. ആത്മസ്നാനത്തിൻ്റെ ഉപാധി സ്നാനമല്ലെന്നതിൻ്റെ തെളിവാണ് ശമര്യയിലെ സംഭവം; അവർ യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനമേറ്റിട്ടും അവർക്ക് ആത്മാവ് ലഭിച്ചില്ല: (പ്രവൃ, 8:15-16). 6. കൊർന്നേല്യസും കുടുംബവും സ്നാനമേല്ക്കുന്നതിനു മുമ്പെ സുവിശേഷത്താൽത്തന്നെ അവർക്ക് ആത്മസ്നാനം ലഭിച്ചു: (പ്രവൃ, 8:14-16). 7. യെഹൂദന്മാരോടും പൗലൊസിനോടുമല്ലാതെ പാപമോചനത്തിനായുള്ള സ്നാനത്തെക്കുറിച്ച് പറയുന്നില്ല.

8. കൊർന്നേല്യൊസിൻ്റെയും കുടുംബത്തിൻ്റെയും സ്നാനം: “യേശുവിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു. ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവു വന്നു…… പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെ മേലും പകർന്നതു കണ്ടു വിസ്മയിച്ചു. നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു. പത്രൊസ് അവരെ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ കല്പിച്ചു. അവൻ ചില ദിവസം അവിടെ താമസിക്കേണം എന്നു അവർ അപേക്ഷിച്ചു.” (പ്രവൃ, 10:43-48). കൊർന്നേല്യൊസിനോടുള്ള ബന്ധത്തിലും വിശ്വാസത്താലുള്ള നീതീകരണത്തിൻ്റെയും, അനന്തരമുള്ള ക്രൈസ്തവ സ്നാനത്തിൻ്റെയും മാതൃക കൃത്യമായി കാണാം: പത്രൊസ് സുവിശേഷം അറിയിക്കുന്നു; അവർക്ക് പരിശുദ്ധാത്മാവ് ലഭിക്കുന്നു; തുടർന്ന് സ്നാനമേല്ക്കുന്നു. പരിശുദ്ധാത്മാവ് കൃപാവരത്തോടെ അവരിൽ വെളിപ്പെട്ടിട്ടും അവരുടെ പാപമോചനം നടന്നില്ല; പിന്നീട് വെള്ളത്തിൽ സ്നാനമേറ്റപ്പോഴാണ് അവർക്ക് പാപമോചനം ലഭിച്ചതെന്ന് ആർക്ക് പറയാൻ കഴിയും? കൊർന്നേല്യസിനോടുള്ള ബന്ധത്തിൽ ശ്രദ്ധേയമായൊരു കാര്യമുണ്ട്. സ്വർഗ്ഗത്തിലെ ദൂതൻ വന്നിട്ട് അവനോട് പറയുന്നത്: നീ യോപ്പയിലേക്കു ആളയച്ചു പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വരുത്തുക; നീയും നിന്റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ അവൻ നിന്നോടു സംസാരിക്കും.” (പ്രവൃ, 11:13,14). നീയും നിൻ്റെ കുടുംബംവും രക്ഷിക്കപ്പെടാൻ അവൻ നിന്നെ സ്നാനപ്പെടുത്തും എന്നല്ല ദൂതൻ പറഞ്ഞത്; രക്ഷിക്കപ്പെടുവാനുള്ള വാക്കുകൾ അഥവാ, സുവിശേഷം നിന്നോടു പറയും. രക്ഷ സുവിശേഷത്താലുള്ള ആത്മസ്നാത്താലാണ്; ജലസ്നാനത്താലല്ലെന്ന് കൊർന്നേല്യൊസിനോടുള്ള ബന്ധത്തിൽ പരിശുദ്ധാത്മാവ് അടിവരയിട്ട് പറഞ്ഞിട്ടുണ്ട്.

കൊർന്നേല്യൊസിൻ്റെയും കുടുംബത്തിൻ്റെയും മേൽ ആത്മസ്നാനം ഉണ്ടായശേഷമാണ് അവരെ ജലസ്നാനം കഴിപ്പിച്ചതെന്ന് പത്രൊസ് സാക്ഷ്യം പറയുന്നു: “ഞാൻ സംസാരിച്ചു തുടങ്ങിയപ്പോഴേക്കു പരിശുദ്ധാത്മാവു ആദിയിൽ നമ്മുടെമേൽ എന്നപോലെ അവരുടെ മേലും വന്നു. അപ്പോൾ ഞാൻ: യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു; നിങ്ങൾക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കർത്താവു പറഞ്ഞ വാക്കു ഓർത്തു. ആകയാൽ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ?” (പ്രവൃ, 11:15-17). ആത്മസ്നാനത്താൽ വിശ്വസിച്ച് രക്ഷപ്രാപിച്ചശേഷമാണ് ജലസ്നാനം നല്കിയതെന്ന് ഇവിടെ വ്യക്തമാണല്ലോ? കൊർന്നേല്യൊസിനോടുള്ള ബന്ധത്തിൽ ദൈവമക്കൾ ഒരുകാര്യംകൂടി അറിയുകയും അംഗീകരിക്കുകയും വേണം: ജാതികളായ വിശ്വാസികൾക്കു മുമ്പൻ കൊർന്നേല്യൊസാണ്. ഭൂമിയിലുള്ള സകല ജാതികളെയും പ്രതിനിധീകരിച്ചുകൊണ്ട് ക്രിസ്തു തലയായിരിക്കുന്ന അവൻ്റെ ശരീരമായ ദൈവസഭയിൽ ആദ്യമായി പ്രവേശനം സിദ്ധിച്ചത് കൊർന്നേല്യൊസിനും കുടുബത്തിനുമാണ്. (പ്രവൃ, 10:34-48). ക്രിസ്തു കല്പിച്ച ക്രമപ്രകാരമാണ് പത്രൊസ് യെഹൂദരെയും (പ്രവൃ, 2:38-41) ശമര്യരെയും (8:14-17) ജാതികളെയും (10:44-48) ദൈവസഭയിലേക്ക് പ്രവേശനം നല്കിയത്. (പ്രവൃ, 1:8). അതിനുള്ള അധികാരം ക്രിസ്തു പത്രൊസിനെയാണ് ഏല്പിച്ചിരുന്നത്. (മത്താ, 16:19). കൊർന്നേല്യൊസിൻ്റെയും കുടുബത്തിൻ്റെയും രക്ഷാനുഭവത്തിൻ്റെ നേർചിത്രവും (8:34-48) പത്രൊസ് അപ്പൊസ്തലൻ്റെ സാക്ഷ്യവും വ്യക്തമായി ഉള്ളതുകൊണ്ട് (11:14-17), നമ്മുടെ രക്ഷ സുവിശേഷത്താൽ ലഭിക്കുന്ന ആത്മാസ്നാനത്താലാണെന്നും രക്ഷാനന്തരമാണ് ജലസ്നാനം സ്വീകരിക്കേണ്ടതെന്നും ജാതികളായിരുന്ന നമ്മൾ മനസ്സോടെ അംഗീകരിക്കേണ്ടത് ആവശ്യമാണ്.

9. ഫിലിപ്പിയിലെ ലുദിയയുടെ സ്നാനം:  “ശബ്ബത്തുനാളിൽ ഞങ്ങൾ ഗോപുരത്തിന്നു പുറത്തേക്കു പോയി അവിടെ പ്രാർത്ഥനാസ്ഥലം ഉണ്ടായിരിക്കും എന്നു ഞങ്ങൾ വിചാരിച്ചു പുഴവക്കത്തു ഇരുന്നു; അവിടെ കൂടിവന്ന സ്ത്രീകളോടു സംസാരിച്ചു. തുയത്തൈരാ പട്ടണക്കാരത്തിയും രക്താംബരം വില്ക്കുന്നവളുമായി ലുദിയ എന്നു പേരുള്ള ദൈവഭക്തയായോരു സ്ത്രീ കേട്ടുകൊണ്ടിരുന്നു. പൌലൊസ് സംസാരിച്ചതു ശ്രദ്ധിക്കേണ്ടതിന്നു കർത്താവു അവളുടെ ഹൃദയം തുറന്നു അവളും കുടുംബവും സ്നാനം ഏറ്റ ശേഷം: നിങ്ങൾ എന്നെ കർത്താവിൽ വിശ്വസ്ത എന്നു എണ്ണിയിരിക്കുന്നുവെങ്കിൽ എന്റെ വീട്ടിൽ വന്നു പാർപ്പിൻ എന്നു അപേക്ഷിച്ചു ഞങ്ങളെ നിർബ്ബന്ധിച്ചു.” (പ്രവൃ, 16:13-15). ഇവിടെയും സുവിശേഷംകേട്ട് ആത്മാസ്നാനത്താൽ രക്ഷിക്കപ്പെട്ടശേഷമാണ് ജലസ്നാനം സ്വീകരിച്ചതെന്ന് മനസ്സിലാക്കാം: പൗലൊസിൽനിന്നു സുവിശേഷം കേട്ട ലുദിയയുടെ ഹൃദയം കർത്താവ് തുറന്നു; ഹൃദയം തുറന്നത് ആത്മസ്നാനത്തെയാണ് കാണിക്കുന്നത്; സുവിശേഷത്താലാണ് ആത്മസ്നാനം ലഭിക്കുന്നത് (ഗലാ, 3:2), കൃപായാൽ അവൾ വിശ്വസിച്ചു (എഫെ, 2:5,8), അനന്തരം ജലസ്നാനം സ്വീകരിച്ചു.

10. കാരാഗൃഹ പ്രമാണിയുടേയും കുടുംബത്തിൻ്റെയും സ്നാനം: “യജമാനന്മാരേ, രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചു. കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും എന്നു അവർ പറഞ്ഞു. പിന്നെ അവർ കർത്താവിന്റെ വചനം അവനോടും അവന്റെ വീട്ടിലുള്ള എല്ലാവരോടും പ്രസംഗിച്ചു. അവൻ രാത്രിയിൽ, ആ നാഴികയിൽ തന്നേ, അവരെ കൂട്ടികൊണ്ടുപോയി അവരുടെ മുറിവുകളെ കഴുകി; താനും തനിക്കുള്ളവരെല്ലാവരും താമസിയാതെ സ്നാനം ഏറ്റു. പിന്നെ അവരെ വീട്ടിൽ കൈക്കൊണ്ടു അവർക്കു ഭക്ഷണം കൊടുത്തു, ദൈവത്തിൽ വിശ്വസിച്ചതിൽ വീടടക്കം ആനന്ദിച്ചു.” (പ്രവൃ, 16:30-34). രക്ഷപ്രാപിപ്പാൻ എന്തു ചെയ്യണമെന്ന് കാരാഗൃഹപ്രമാണി ചോദിക്കുമ്പോൾ, നീ സ്നാനമേല്ക്കണം എന്നല്ല പൗലൊസും ശീലാസും പറഞ്ഞത്; ‘കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും’ എന്നാണ്. ചിലർ കരുതുന്നതുപോലെ ജലസ്നാത്താലാണ് പാപമോചനവും പരിശുദ്ധാത്മാവും ലഭിക്കുന്നതെങ്കിൽ, പത്രൊസ് പറഞ്ഞപോലെ പ്രവൃത്തി 2:38 ആവർത്തിച്ചാൽ മതിയായിരുന്നല്ലോ; പെന്തെക്കൊസ്തിൽ യെഹൂദന്മാർ ചോദിച്ച ചോദ്യം തന്നെയാണ് കാരാഗൃഹപ്രമാണിയും ചോദിച്ചത്: ഞാൻ എന്തു ചെയ്യേണം? രണ്ടു ചോദ്യങ്ങളുടെയും വ്യത്യാസം ശ്രദ്ധിക്കണം: പെന്തെക്കൊസ്തിലെ യെഹൂദന്മാർ രക്ഷയെക്കുറിച്ചു മിണ്ടുന്നില്ല; കാരാഗൃപ്രമാണി രക്ഷപ്രാപിപ്പാൻ എന്തുചെയ്യണമെന്നും ചോദിക്കുന്നു. സുവിശേഷത്താൽ അഥവാ, ദൈവത്തിൻ്റെ വചനത്താലാണ് പരിശുദ്ധാവ് ലഭിക്കുന്നതെന്നും വീണ്ടുംജനനും ഉണ്ടാകുന്നതെന്നും വ്യക്തമായി വേദപുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്: (യോഹ, 3:6,8; ഗലാ, 3:2; എഫെ, 1:12,13; യാക്കോ, 1:18; 1പത്രൊ, 1:23). അതിനാൽ, പത്രൊസിൽനിന്നു സുവിശേഷം കേട്ട് രക്ഷ പ്രാപിച്ചനന്തരമാണ് യെഹൂദന്മാരുടെ ചോദ്യമെന്നു മനസ്സിലാക്കാം. കാരാഗൃഹപ്രമാണിയാകട്ടെ, സുവിശേഷം കേൾക്കുന്നതിനുമുമ്പ് അഥവാ, രക്ഷിക്കപ്പെടുന്നതിനു മുമ്പാണ്, രക്ഷപ്രാപിപ്പാൻ ഞാൻ എന്തു ചെയ്യണമെന്ന് ചോദിക്കുന്നത്: (16:30). “കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും.” രക്ഷയ്ക്കായുള്ള വിശ്വാസം ആത്മസ്നാനത്താൽ ലഭിക്കുന്നതാണ്; സ്വയമായുളവാക്കാൻ കഴിയില്ല. പരിശുദ്ധാത്മാവ് ലഭിക്കാൻ സുവിശേഷം അറിയിക്കണം. (ഗലാ, 3:2). രക്ഷയുടെ സുവിശേഷം അവരോടു പ്രസംഗിച്ചു; അവൻ മാനസാന്തരപ്പെട്ടു; സ്നനമേറ്റു. അപ്പൊസ്തലന്മാർ കാരാഗൃഹ പ്രമാണിയോടും കുടുബത്തോടും സുവിശേഷം പ്രസംഗിച്ചു; പിന്നെ എഴുതിയിരിക്കുന്നത്, “അവൻ രാത്രിയിൽ, ആ നാഴികയിൽ തന്നേ, അവരെ കൂട്ടികൊണ്ടുപോയി അവരുടെ മുറിവുകളെ കഴുകി; താനും തനിക്കുള്ളവരെല്ലാവരും താമസിയാതെ സ്നാനം ഏറ്റു” (16:33). ദൈവവചനത്താൽ ആത്മസ്നാനം ലഭിക്കുകയും താനും കുടുംബവും മാനസാന്തരപ്പെട്ട് ക്രിസ്തുവിനോടു ചേരുകയും ചെയ്തതിൻ്റെ ഫലമാണ് ആ രാത്രിയിത്തന്നെ അപ്പൊസ്തലന്മാരുടെ മുറിവുകളെ കഴുകി എന്നു പറഞ്ഞിരിക്കുന്നത്. അതവരുടെ മാനസാന്തരത്തിന്നു തെളിവാണ്. അതിനുശേഷം അവർ സ്നാമേറ്റു. 

11. ക്രിസ്പൊസും കുടുംബവും ഉൾപ്പെടെ അനേകം കൊരിന്ത്യരുടെ സ്നാനം: “പള്ളി പ്രമാണിയായ ക്രിസ്പൊസ് തന്റെ സകല കുടുംബത്തോടുംകൂടെ കർത്താവിൽ വിശ്വസിച്ചു; കൊരിന്ത്യരിൽ അനേകർ വചനം കേട്ടു വിശ്വസിച്ചു സ്നാനം ഏറ്റു.” (പ്രവൃ, 18:8). കൊരിന്തിൽ പൗലൊസ് ശബ്ബത്തുതോറും പള്ളിയിൽ പ്രസംഗിച്ചിരുന്നു. വചനഘോഷണത്തിൽ ശുഷ്കാന്തിപൂണ്ടു യേശു തന്നേ ക്രിസ്തു എന്നു യെഹൂദന്മാർക്കു സാക്ഷീകരിച്ചു. (18:5). അങ്ങനെ പള്ളിപ്രമാണിയായ ക്രിസ്പൊസും കുടുംബവും അനേകം കൊരിന്ത്യരം ആത്മസ്നാനത്താൽ കൃപയാൽ വിശ്വസിച്ച് രക്ഷപ്രാപിച്ച ശേഷമാണ് സ്നാനമേറ്റതെന്ന് കാണാൻ കഴിയും. 

12. എഫെസൊസിലെ പന്ത്രണ്ട് ശിഷ്യന്മാരുടെ സ്നാനം: പൗലൊസ്: “നിങ്ങൾ വിശ്വസിച്ചിട്ടു പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ എന്നു അവരോടു ചോദിച്ചതിന്നു: പരിശുദ്ധാത്മാവു ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ല എന്നു അവർ പറഞ്ഞു. എന്നാൽ ഏതായിരുന്നു നിങ്ങളുടെ സ്നാനം എന്നു അവൻ അവരോടു ചോദിച്ചതിന്നു: യോഹന്നാന്റെ സ്നാനം എന്നു അവർ പറഞ്ഞു. അതിന്നു പൌലൊസ്: യോഹന്നാൻ മനസാന്തരസ്നാനമത്രേ കഴിപ്പിച്ചു തന്റെ പിന്നാലെ വരുന്നവനായ യേശുവിൽ വിശ്വസിക്കേണം എന്നു ജനത്തോടു പറഞ്ഞു എന്നു പറഞ്ഞു. ഇതു കേട്ടാറെ അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു. പൌലൊസ് അവരുടെ മേൽ കൈവെച്ചപ്പോൾ പരിശുദ്ധാത്മാവു അവരുടെമേൽ വന്നു അവർ അന്യഭാഷകളിൽ സംസാരിക്കയും പ്രവചിക്കയും ചെയ്തു.” (പ്രവൃ, 19:6). ഈ ഭാഗത്തെ വിഷയം ക്രിസ്തീയസ്നാനം അഥവാ, യേശുവിൻ്റെ നാമത്തിലുള്ള സ്നാനത്തിൻ്റെ ശ്രേഷ്ഠതയാണ്. പൗലൊസ് അവരോട് ചോദിക്കുന്നത്; ‘നിങ്ങൾ വിശ്വസിച്ചിട്ട് പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ’ എന്നാണ്. ഇതൊരു കുഴപ്പംപിടിച്ച ചോദ്യമാണ്. വ്യക്തി വിശ്വാസത്താൽ പരിശുദ്ധാത്മാവിനെ ആർജ്ജിച്ചെടുക്കണം എന്നൊരു ധ്വനി ഈ പ്രയോഗത്തിനുണ്ട്. ഇത് ബൈബിളിലെ മറ്റു വേദഭാഗങ്ങളുമായി പൊരുത്തപ്പെടില്ല. ഒന്നാമത്; പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ ദാനവും വാഗ്ദത്തവുമാണ്. ദാനം ദൈവത്തിൻ്റെ കൃപയാലും വാഗ്ദത്തം തൻ്റെ വിശ്വസ്തതയാലും ലഭിക്കുന്നതാണ്; അല്ലാതെ ആർജ്ജിക്കേണ്ട ഒന്നല്ല. രണ്ടാമത്; രക്ഷയുടെ സുവിശേഷം (എഫെ, 1:13) അഥവാ, വിശ്വാസത്തിൻ്റെ പ്രസംഗത്താലാണ് (ഗലാ, 3:2) ആത്മാവ് ലഭിക്കുന്നത്. ആത്മാവാണ് കൃപയാലുള്ള വിശ്വാസം വ്യക്തിയിൽ ഉളവാക്കുന്നത്. (എഫെ, 2:8). അതായത്, വിശ്വാസത്താൽ ആത്മാവ് ലഭിക്കുകയല്ല; ആത്മാവിനാൽ വിശ്വാസം ലഭിക്കുകയാണ് ചെയ്യുന്നത്. മൂന്നാമത്; പ്രാപിക്കുക (receive) എന്ന പദത്തിന് അനുഭവിക്കുക, എത്തുക, ചെല്ലുക, പ്രവേശിക്കുക, സമീപിക്കുക എന്നൊക്കെയും അർത്ഥമുണ്ട്. അതായത്, പൗലൊസിൻ്റെ ചോദ്യത്തിൻ്റെ അർത്ഥമിതാണ്; “വിശ്വസിക്കുന്ന നിങ്ങൾ പരിശുദ്ധാത്മാവിനെ അനുഭവിക്കുന്നുണ്ടോ?” 

അവരുടെ മുപടി: “പരിശുദ്ധാത്മാവു ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ല.” അവർ യേശുവിനെക്കുറിച്ചുള്ള സുവിശേഷം കേട്ടവരാണെന്ന് പൗലൊസിനറിയാം; അല്ലെങ്കിൽ അവൻ്റെ ചോദ്യം അസ്ഥാനത്താണ്. അപ്പൊല്ലോസിൽ നിന്ന് സുവിശേഷം കേട്ടവരാണവർ. പൗലൊസ് എഫെസൊസിൽ വരുന്നതിന് മുമ്പ് അപ്പൊല്ലൊസ് എഫെസൊസിൽ ഉണ്ടായിരുന്നു. (പ്രവൃ, 18:24). അപ്പൊല്ലോസിനു ക്രൈസ്തവ സ്നാനത്തെക്കുറിച്ചു ധാരണയുണ്ടായിരുന്നില്ല; യോഹന്നാൻ്റെ സ്നാനത്തെക്കുറിച്ചു മാത്രമേ അറിഞ്ഞിരുന്നുള്ളു. (പ്രവൃ, 18:25). അപ്പൊല്ലോസാണ് അവരോട് സുവിശേഷം അറിയിച്ചതെന്ന് പൗലൊസിനും അറിയാം; അല്ലെങ്കിൽ നിങ്ങൾ കൈക്കൊണ്ട സുവിശേഷം ഏതാണെന്നായിരിക്കും ചോദിക്കുക. അപ്പൊല്ലോസ് ആത്മാവിൽ എരിവുള്ളവനും യേശുവിന്റെ വസ്തുത സൂക്ഷമമായി പ്രസ്താവിക്കയും ഉപദേശിക്കയും ചെയ്തവനാണ്. (18:25). അതുകൊണ്ടാണ് സുവിശേഷം ഏതാണെന്ന് ചോദിക്കാതെ, സ്നാനം ഏതായിരുന്നു എന്നു ചോദിച്ചത്. സുവിശേഷം അറിയിക്കുന്നത് ആത്മനിറവിലാണെങ്കിലും (പ്രവൃ, 2:4-40; 4:31), സുവിശേഷം പരിശുദ്ധാത്മാവിനെക്കുറിച്ചല്ല; ക്രിസ്തുവിനെക്കുറിച്ചാണ്. മാത്രമല്ല, വീണ്ടുംജനനം ആന്തരിക പ്രവൃത്തിയായതുകൊണ്ട് ബാഹ്യലക്ഷണങ്ങൾ നിർബ്ബന്ധമല്ല. (യോഹ, 3:8). അതിനാലാണ് അവരോട് ‘പരിശുദ്ധാത്മാവിനെ അനുഭവിച്ചുവോ’ എന്നു ചോദിക്കുന്നത്; അവരുടെ മറുപടിയാകട്ടെ; പരിശുദ്ധാത്മാവു ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ലെന്നാണ്. ഇതിനെ ത്രിത്വം വ്യാഖ്യാനിക്കുന്നത്, പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന സ്ഥാനനാമം പറഞ്ഞ് സ്നാനപ്പെടുത്താത്തതുകൊണ്ടാണ് അവർ പരിശുദ്ധാത്മാവിനെക്കുറിച്ച് കേൾക്കാത്തതെന്നാണ്. പൗലൊസിൻ്റെ ചോദ്യം: പരിശുദ്ധാത്മാവിനെക്കുറിച്ചു നിങ്ങൾ കേട്ടിട്ടുണ്ടോ എന്നല്ല; പ്രത്യുത, പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ അഥവാ, പരിശുദ്ധാത്മാവിനെ നിങ്ങൾ അനുഭവിക്കുന്നുണ്ടോ എന്നാണ്. കേവലം പരിശുദ്ധാത്മാവെന്ന പേര് കേട്ടാൽ എന്തെങ്കിലും പ്രയോജനമുണ്ടോ? പരിശുദ്ധാത്മാവെന്ന പേര് കേൾക്കുന്നവർക്കെല്ലാം ആത്മാവിൻ്റെ പ്രവൃത്തികൾ അനുഭവിക്കാൻ കഴിയുമോ? ഇല്ല. ‘പരിശുദ്ധാത്മാവു ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ല’ എന്നത് അവർ അതിശയോക്തിയിൽ പറയുന്നതാണ്. എന്തെന്നാൽ ആത്മാവിൻ്റെ വരങ്ങളോ, ആത്മാവിൻ്റെ ഫലങ്ങളോ അവർ അനുഭവിച്ചിരുന്നില്ല. അവർ സുവിശേഷത്താൽ രക്ഷപ്രാപിച്ചുവെങ്കിലും ആത്മാവിൻ്റെ വരങ്ങളൊന്നും അവർക്ക് ലഭിച്ചിട്ടില്ല. കാരണം, യോഹന്നാൻ സ്നാപകൻ കഴിപ്പിച്ച ജലസ്നാനത്തെക്കാൾ ശ്രേഷ്ഠമാണ് യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള സ്നാനമെന്ന് അവരെയും അവരിലൂടെ ലോകംമുഴുവനും ഉണ്ടാകുവാനുള്ള ദൈവമക്കളെയും ബോധ്യപ്പെടുത്താനാണ് സുവിശേഷം കൈക്കൊണ്ടിട്ടും ദൈവം അവർക്ക് ആത്മവരങ്ങളോ, ഫലങ്ങളോ ഒന്നും നല്കാതിരുന്നത്. തുടർന്ന്, യോഹന്നാൻ്റെ സ്നാനവും യേശുവിൻ്റെ നാമത്തിലുള്ള സ്നാനവും തമ്മിലുള്ള വ്യത്യാസം അവരെ ബോധ്യപ്പെടുത്തുകയും; യേശുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിക്കയും ചെയ്തു. “പൗലൊസ് അവരുടെ മേൽ കൈവെച്ചപ്പോൾ പരിശുദ്ധാത്മാവു അവരുടെമേൽ വന്നു അവർ അന്യഭാഷകളിൽ സംസാരിക്കയും പ്രവചിക്കയും ചെയ്തു.” യോഹന്നാൻ്റെ സ്നാനമേറ്റവർ വീണ്ടും യേശുവിൻ്റെ നാമത്തിൽ സ്നാനമേല്ക്കുമ്പോൾ പ്രത്യക്ഷമായ കൃപാവരങ്ങൾ ലഭിച്ചില്ലെങ്കിൽ, ഒരുപക്ഷെ യേശുവിൻ്റെ ണാമത്തിലുള്ള സ്നാനത്തെ സംശയിക്കാനിടയാകും. കാരണം, യോഹന്നാൻ യേശുവിനു സ്നാനം നല്കിയ ആളാണ്. വീണ്ടും സ്നാനമേല്ക്കുമ്പോൾ പ്രത്യേകമായൊരനുഭവം അവർക്കുണ്ടായില്ലെങ്കിൽ, അവർക്ക് രണ്ടു സ്നാനവും തമ്മിലുള്ള വ്യത്യാസം ബോധ്യമാകില്ല. അതുകൊണ്ടാണ് ആത്മാവ് വരങ്ങളോടുകൂടി വെളിപ്പെട്ടത്. രണ്ടു വരങ്ങൾ ഒരുമിച്ചു ലഭിച്ചതായി ഇവിടെ മാത്രമാണ് പറഞ്ഞിരിക്കുന്നത്. അപ്പൊസ്തലന്മാരുടെ കൈവെപ്പിനാൽ കൃപാവരങ്ങൾ ലഭിക്കുന്നതായി വേറെയും വാക്യങ്ങളുണ്ട്: (1തിമൊ, 4:14; 2തിമൊ, 1:6)

13. 1പത്രൊസ് 3:20-21: “ആ പെട്ടകത്തിൽ അല്പജനം, എന്നുവെച്ചാൽ എട്ടുപേർ, വെള്ളത്തിൽകൂടി രക്ഷ പ്രാപിച്ചു. അതു സ്നാനത്തിന്നു ഒരു മുൻകുറി. സ്നാനമോ ഇപ്പോൾ ജഡത്തിന്റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ നമ്മെയും രക്ഷിക്കുന്നു.” ജലസ്നാനത്താലാണ് രക്ഷയെന്ന് കാണിക്കാൻ ഈ വാക്യവും പലരും എടുക്കാറുണ്ട്. 21-ാം വാക്യത്തിൽ “സ്നാനമോ ഇപ്പോൾ ജഡത്തിന്റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ” എന്ന ഭാഗം സന്ദിഗ്ധമാകയാൽ 1587-മുതലുള്ള ജെനീവ പരിഭാഷകളിലും 1611-മുതലുള്ള കെജെവി പരിഭാഷകളിലും ബ്രാക്കറ്റിലാണ് ഇട്ടിരിക്കുന്നത്: “The like figure whereunto even baptism doth also now save us (not the putting away of the filth of the flesh, but the answer of a good conscience toward God,) by the resurrection of Jesus Christ: (KJV, 1പത്രൊ, 3:21). അനേകം പരിഭാഷകളിൽ ബ്രാക്കറ്റിലാണ് കാണുന്നത്: (ABU, ANT, BSB, BSV, BV2020, CLNT, CSB, DLNT, Diaglott, EMTV, HCSB, HNT, LHB, LITV, Logos, LONT, LSV,  MNT, Murd, NASB, NCV,  NET, NKJV, NTM, OEB-cw, OEB-us, PCE, RHB, RWV+, SLT, Thomson, WBT, WEB, WNT, Worrell, Worsley, WoNT, YLT). അതായത്, പഴയകാല കയ്യെഴുത്തുപ്രതികളിൽ ഇല്ലാത്തത് അഥവാ ഇല്ലെന്ന് സംശയിക്കുന്ന വേദഭാഗമാണ് ബ്രാക്കറ്റിലിടുന്നത്. അങ്ങനെയായാൽ, 21-ാം വാക്യം ഇങ്ങനെവരും: അതു സ്നാനത്തിന്നു ഒരു മുൻകുറി. യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ നമ്മെയും രക്ഷിക്കുന്നു. യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമാണ് പരിശുദ്ധാത്മാവെന്ന ദാനം: (യോഹ, 7:37-39; പ്രവൃ, 2:33). യേശുക്രിസ്തുവാകുന്ന (2തിമൊ, 2:8), അവൻ്റെ നാമത്തെക്കുറിച്ചുള്ള സുവിശേഷത്തിലൂടെ (പ്രവൃ, 8:12) അവൻ ദാനമായി നല്കുന്നതാണ് ആത്മസ്നാനം: (മത്താ, 3:11; പ്രവൃ, 10:46; ഗലാ, 3:2,5). പഴയനിയമത്തിൽ വെള്ളത്തിലൂടെ എട്ടുപേർ രക്ഷപ്രാപിച്ചുവെങ്കിൽ, പുതിയനിയമത്തിൽ യേശുക്രിസ്തുവിൻ്റെ പുനരുത്ഥാനത്താൽ അഥവാ, പുനരുത്ഥാനത്തിൻ്റെ ഫലമായ ആത്മസ്നാനത്താലാണ് വ്യക്തികൾ രക്ഷ പ്രാപിക്കുന്നത്. ഇനി, മേല്പറഞ്ഞ വേദഭാഗം സന്ദിഗ്ധമല്ല; ബൈബിളിൻ്റെ ഭാഗമാണെന്ന് വാദിച്ചാലും ജലസ്നാനത്താലാണ് രക്ഷയെന്ന് അവിടെ പറയുന്നില്ല. “സ്നാനം നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായും യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ നമ്മെയും രക്ഷിക്കുന്നു” എന്നാണ് പറഞ്ഞിരിക്കുന്നത്. വേറൊരു പരിഭാഷ ചേർക്കുന്നു: “ആ ജലം സ്നാനത്തിന്റെ ഒരു പ്രതീകം! അത് നിങ്ങളുടെ ശരീരത്തിൽനിന്ന് മാലിന്യം നീക്കിക്കളയുന്നതിനല്ല; മറിച്ച്, ദൈവത്തോട് നാം ചെയ്യുന്ന നല്ല മനസ്സാക്ഷിക്കുള്ള ഉടമ്പടിയാണ്. യേശുക്രിസ്തുവിന്റെ ഉയിർപ്പിലൂടെയാണ് നിങ്ങളുടെ രക്ഷ സാധ്യമാകുന്നത്.” (മ.ബൈ.നൂ.പ). ജലസ്നാനത്താലാണ് രക്ഷയെന്ന് ബൈബിളിൽ ഒരിടത്തും പറയുന്നില്ല. സുവിശേഷത്താലുള്ള ദൈവത്തിൻ്റെ ദാനമായ പരിശുദ്ധാത്മസ്നാനത്താലാണ് വ്യക്തി രക്ഷ പ്രാപിക്കുന്നത്: (പ്രവൃ, 10:44-46; ഗലാ, 3:2,5).

14. സ്നാനപ്പെട്ടു എന്നു പറയാതെ വിശ്വസിച്ചു രക്ഷപ്രാപിച്ചവരെക്കുറിച്ചും പറഞ്ഞിട്ടുണ്ട്: “മേല്ക്കുമേൽ അനവധി പുരുഷന്മാരും സ്ത്രീകളും കർത്താവിൽ വിശ്വസിച്ചു ചേർന്നുവന്നു.” (പ്രവൃ, 9:42). “ഇതു യോപ്പയിൽ എങ്ങും പ്രസിദ്ധമായി, പലരും കർത്താവിൽ വിശ്വസിച്ചു.” (പ്രവൃ, 9:43). രക്ഷയ്ക്കായി വിശ്വാസത്തോടൊപ്പം സ്നാനവും അത്യന്താപേക്ഷിതമായിരുന്നു എങ്കിൽ, ഇവിടെയൊക്കെ വിശ്വാസത്തോടൊപ്പം സ്നാനവും പറയില്ലായിരുന്നോ? ആത്മസ്നാനത്താൽ ലഭിക്കുന്ന കൃപയാലുള്ള വിശ്വാസത്താലാണ് ഓരോ വ്യക്തിയും രക്ഷിക്കപ്പെടുന്നതും ദൈവസഭയുടെ ഭാഗമാകുന്നതും.

റോമർ 6:1-11; ഗലാത്യർ 3:27; എഫെസ്യർ 4:5; കൊലൊസ്യർ 2:12,13 തുടങ്ങിയ വേദഭാഗങ്ങൾ ജലസ്നാനത്തെ സൂചിപ്പിക്കുന്നതായി അനേകരും മനസ്സിലാക്കുന്നു. എന്നാൽ ആ വേദഭാഗങ്ങൾ യഥാർത്ഥത്തിൽ ആത്മസ്നാനത്തെ കുറിച്ചുള്ളതാണ്. ക്രിസ്തുവിനോട് നമ്മെ ഏകീഭവിപ്പിക്കുന്നതും അവൻ്റെ മരണപുരനുത്ഥാനങ്ങളിൽ പങ്കുകാരാക്കുന്നതും തോട്ടിലെ വെള്ളമല്ല; ദൈവത്തിൻ്റെ ആത്മാവാണ്. അതിനാണ് അവൻ നമുക്ക് ആത്മാവിൽ സ്നാനം നല്കുന്നത്. (മത്താ, 3:11; 1കൊരി, 12:12,13). “നിങ്ങളെ വിളിച്ചപ്പോൾ ഏകപ്രത്യാശെക്കായി നിങ്ങളെ വിളിച്ചതുപോലെ ശരീരം ഒന്നു, ആത്മാവു ഒന്നു, കർത്താവു ഒരുവൻ, വിശ്വാസം ഒന്നു, സ്നാനം ഒന്നു, എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെ, 4:4-6). ഈ വേദഭാഗത്ത് പറയുന്ന ‘സ്നാനം ഒന്നു’ എന്നത് ജലസ്നാനത്തെ കുറിക്കുന്നതല്ല; ആത്മസ്നാത്തെ കുറിക്കുന്നതാണ്. രക്ഷയ്ക്കായുള്ള സ്നാനം ആത്മസ്നാനമാണ്. (കാണുക: ആത്മസ്നാനവും ജലസ്നാനവും)

യോഹന്നാൻ്റെ സുവിശേഷത്തിൽ യേശു നിക്കോദേമോസിനോട് വീണ്ടുംജനനത്തെക്കുറിച്ചു പറയുമ്പോൾ; “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.” (3:5). സ്നാനം കൂടാതെ രക്ഷയില്ലെന്നു വിശ്വസിക്കുന്നവർ അവിടെ ‘വെള്ളത്താലും ആത്മാവിനാലും ജനിക്കണം’ എന്നു പറയുന്നതിനെ അക്ഷരാർത്ഥത്തിൽ വെള്ളമായി മനസ്സിലാക്കുന്നു. അത് ‘വിശ്വാസത്താൽ നീതീകരണം’ എന്ന ബൈബിളിൻ്റെ പഠിപ്പിക്കലിന് ഘടകവിരുദ്ധമാണ്. എഫെസ്യർ 5:26-ൽ വചനത്തെ വെള്ളത്തോട് സാദൃശ്യപ്പെടുത്തിയിട്ടുണ്ട്. വചനത്തെ ജീവനുള്ള വെള്ളമായി യേശുതന്നെ പറഞ്ഞിട്ടുണ്ട്. (യോഹ, 4:10-14. ഒ.നോ: 4:12). വചനം ജീവനും ആത്മാവുമാണെന്നും പറഞ്ഞിട്ടുണ്ട്: (യോഹ, 6:63). വചനത്താലുള്ള വീണ്ടുംജനനത്തെപ്പറ്റിയും കൃത്യമായി ബൈബിളിൽ പറഞ്ഞിട്ടുണ്ട്: “നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിന്നു അവൻ തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു.” (യാക്കോ, 1:18). “കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.” (1പത്രൊ, 1:23). വിശ്വാസമുളവാകുന്നത് ദൈവവചന കേൾവിയാലാണ്. (റോമ, 10:17). വിശ്വാസവചനം അഥവാ, സുവിശേഷത്താലാണ് ആത്മാവ് ലഭിക്കുന്നത്. (ഗലാ, 3:2). വചനത്താൽ ലഭിക്കുന്ന ആത്മാവിനാലാണ് വ്യക്തി വീണ്ടും ജനിക്കുന്നത്. യേശുവിനു മുന്നോടിയായി വന്ന യോഹന്നാൻ വെള്ളത്തിൽ സ്നാനം കഴിപ്പിച്ചു; ദൈവം ആത്മാവിൽ സ്നാനം കഴിപ്പിച്ചു. (പ്രവൃ, 1:5; 11:16). കർത്താവായ യേശുക്രിസ്തുവിൻ്റെ നാമവും ആത്മാവും വചനവും മാത്രംമതി രക്ഷ്ക്ക്; വെള്ളം വേണ്ട. ആത്മാവിലുള്ള ശുദ്ധീകരണത്തെയും കഴുകലായി പറഞ്ഞിട്ടുണ്ട്: “നിങ്ങളും ചിലർ ഈ വകക്കാരായിരുന്നു; എങ്കിലും നിങ്ങൾ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെത്തന്നേ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു.” (1കൊരി, 6:11. ഒ.നോ: തീത്തൊ, 2:14; 3:6,7). (കാണുക: ആത്മസ്നാനവും ജലസ്നാനവും)

രക്ഷയ്ക്കായി ജലസാനാനം ആവശ്യമില്ലെന്നതിൻ്റെ ആന്തരികവും ബാഹ്യവുമായ തെളിവുകൾ താഴെ ചേർക്കുന്നു:

1. രക്ഷ വ്യക്തിയിൽ സ്വയമായി ഉളവാകുന്നതല്ല; കൃപയാലാണ് ലഭിക്കുന്നത്. (റോമ, 11:6). ക്രിസ്തുവെന്ന സ്വർഗ്ഗത്തേക്കാൾ ഉന്നതനായിത്തീർന്ന വ്യക്തിയിലുള്ള വിശ്വാസമാണ് രക്ഷയ്ക്കാധാരം. നമുക്കു പാപമോചനമുള്ളത് യേശുവിലൂടെയാണ് അല്ലാതെ, ജലസ്നാനമെന്ന പ്രവൃത്തിയിലല്ല. “ക്രിസ്തുവിൽ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പു ഉണ്ടു.” (കൊലൊ, 1:14). ഒരു കുഞ്ഞ് ഭൂമിയിൽ ജനിക്കുന്നത് സ്വാഭിലാഷം കൊണ്ടല്ല, പരാഭിലാഷം കൊണ്ടാണ്. അതുപോലെ, സ്വപ്രയത്നമോ, പ്രവർത്തനമോ, ആഗ്രഹമോ കൊണ്ടല്ല രക്ഷപ്രാപിച്ച് ദൈവകുടുംബത്തിൽ ഒരു വ്യക്തി അംഗമാകുന്നത്. മനുഷ്യജനനത്തിൽ എന്നപോലെ ആത്മീയജനനത്തിലും ഒരു കാരകൻ ഉണ്ട്; അത് പരിശുദ്ധാത്മാവാണ്. യേശു പറയുന്നു: എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ (പരിശുദ്ധാത്മാവ്) ഒഴുകും. (യോഹ, 7:37-39). വിശ്വസിക്കുന്നവന് ആത്മാവ് ലഭിക്കുമെന്നല്ല; അവൻ്റെ ഉള്ളിൽനിന്ന് പുറപ്പെടും. അപ്പോൾ വിശ്വസിക്കണമെങ്കിൽ നമ്മുടെ ഉള്ളിൽ ആത്മാവ് ഉണ്ടായിരിക്കണം. “വിശ്വാസത്തിൻ്റെ പ്രസംഗം അഥവാ രക്ഷയുടെ സുവിശേഷം (എഫെ 1:13) കേൾക്കുമ്പോഴാണ് വ്യക്തിയുടെ ഉള്ളിലേക്ക് ആത്മാവ് വരുന്നത് അഥവാ ആത്മസ്നാനം നടക്കുന്നത്. (ഗലാ, 3:2,5). പരിശുദ്ധാത്മാവാണ് രക്ഷിതാവിനെ വിശ്വസിക്കാൻ വ്യക്തിക്കു കൃപ നല്കുന്നത്. (റോമ, 10:17; എഫെ, 2:5,8). തുടർന്ന്, ആത്മാവ് പാപബോധം വരുത്തുകയും (യോഹ, 16:8), പാപബോധം ദുഃഖം ഉണ്ടാക്കുകയും (2കൊരി, 7:9), ദുഃഖം മാനസാന്തരം വരുത്തുകയും (2കൊരി, 7:9), മാനസാന്തരം രക്ഷ ഉളവാക്കുകയും ചെയ്യുന്നു.” (2കൊരി, 7:10). പരിശുദ്ധാത്മാവാണ് യേശുവിനെ കർത്താവു എന്നു വായ്കൊണ്ടു ഏറ്റുപറയാനും, ഹൃദയംകൊണ്ടു വിശ്വസിക്കാനും കൃപ നല്കുന്നത്. (റോമ, 10:9,10). “പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല” (1കൊരി, 12:3). “സകലവും അവനിൽ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന്നു എന്നേക്കും മഹത്വം ആമേൻ.” (റോമ, 11:36).

2. ജലസ്നാനം രക്ഷയ്ക്ക് അന്യവാര്യമെങ്കിൽ, ക്രിസ്തു ക്രൂശിൽ തികച്ച പാപമോചനബലി അപൂർണ്ണമാണെന്നല്ലേ അർത്ഥം? പിന്നെങ്ങനെ ആറാമത്തെ മൊഴിയായി ”നിവൃത്തിയായി” എന്നു തനിക്ക് പറയാൻ കഴിയും? (യോഹ, 19:30). 22-ാം സങ്കീർത്തനത്തിലെ ”അവൻ നിവർത്തിച്ചിരിക്കുന്നു” എന്ന പ്രവചനത്തിനെങ്ങനെ നിവൃത്തിവരും? (സങ്കീ, 22:31). ”അവൻ സ്വന്ത രക്തത്താൽ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു” എന്നെങ്ങനെ പറയാൻ കഴിയും? (എബ്രാ, 9:12). സർവ്വലോകത്തിൻ്റെയും പാപത്തിന്നു പരിഹാരം യേശുക്രിസ്തുവാണ്. (1യോഹ, 1:7, 2:2). യേശുക്രിസ്തു എന്ന ഏകമനുഷ്യൻ്റെ കൃപയാലുള്ള ദാനമാണ് മനുഷ്യരുടെ രക്ഷ. (റോമ, 5:15; പ്രവൃ, 15:11). ക്രിസ്തു ക്രൂശിൽ തികച്ച പരമയാഗത്തിൻ്റെ ഫലമായാണ് ദൈവം പരിശുദ്ധാത്മാവിനെ ദാനമായി നല്കിയത്. (യോഹ, 7:37-39; പ്രവൃ, 2:23). അല്ലാതെ, ജലസ്നാനമെന്ന പ്രവൃത്തിയാലല്ല.

3. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ ദാനവും (പ്രവൃ, 2:38; 8:20; റോമ, 8:23) വാഗ്ദത്തവുമാണ്. (ലൂക്കൊ, 24:49; പ്രവൃ, 1:4; 2:33; 2:39). ദാനം ലഭിക്കാൻ പ്രവൃത്തി വേണമെന്നും, വാഗ്ദത്തത്തിനു വില കൊടുക്കണമെന്നും പറഞ്ഞാൽ ദൈവത്തിൻ്റെ കൃപ വൃഥാവായിപ്പോയോ? ദൈവത്തിൻ്റെ ദാനം പണത്തിനു വാങ്ങാൻ ശ്രമിച്ച ശിമോൻ്റെ ഗതിയെയെന്തായി? (പ്രവൃ, 8:17-23). ദൈവം താൻ വാഗ്ദത്തം ചെയ്തതു പ്രവർത്തിപ്പാൻ ശക്തനല്ലേ? (റോമ, 4:21). ദൈവത്തിൻ്റെ ദാനവും വാഗ്ദത്തവും ലഭിക്കാൻ ക്രിസ്തുവിലുള്ള വിശ്വാസം മാത്രംമതി. “അതുകൊണ്ടു കൃപാദാനം എന്നു വരേണ്ടതിന്നു വിശ്വാസത്താലത്രേ അവകാശികൾ ആകുന്നതു; വാഗ്ദത്തം സകലസന്തതിക്കും, ന്യായപ്രമാണമുള്ളവർക്കു മാത്രമല്ല, അബ്രാഹാമിന്റെ വിശ്വാസമുള്ളവർക്കും കൂടെ ഉറപ്പാകേണ്ടതിന്നു തന്നെ.” (റോമ, 4:16). രക്ഷകനിൽ വിശ്വസിക്കാനുള്ള വിശ്വാസവും നമുക്കു സുവിശേഷ കേൾവിയാൽ കൃപയാൽ ലഭിക്കുന്നതാണ്. (റോമ, 10:17: ഗലാ, 3:2; എഫെ, 2:5,8).

4. ജലസ്നാനം ഒരു കല്പനയാണ്: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” ആരോടുള്ള കല്പനയാണിത്? ജാതികളോടാണോ? അല്ല. ശിഷ്യന്മാരോട് അഥവാ തൻ്റെ മക്കളോടുള്ള ദൈവത്തിൻ്റെ കല്പനയാണ്. ഇനി, ജാതികൾ കർത്താവിൻ്റെ കല്പന അനുസരിക്കാൻ ബാദ്ധ്യസ്ഥരാണോ? അല്ല. ദൈവത്തെ അറിയാത്ത ജാതികളെന്തിനു ദൈവത്തിൻ്റെ കല്പന അനുസരിക്കണം? കല്പനകൾ അനുസരിക്കാൻ ബാദ്ധ്യസ്ഥരായവർ; തൻ്റെ അനുയായികളും ശിഷ്യന്മാരും ദാസന്മാരും മക്കളുമാണ്. തൻ്റെ ശിഷ്യന്മാരോട് യേശു പറയുന്നു: “ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ അഥവാ അനുസരിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” എന്താണ് ഇവിടെപ്പറയുന്ന ഉപദേശം: ക്രിസ്തുവിൻ്റെ സുവിശേഷം പ്രസംഗിക്കുന്നതിനെക്കുറിച്ചാണ്. (മർക്കൊ, 16:15). ദൈവത്തിൻ്റെ മക്കളായ സുവിശേഷകന്മാർ ക്രിസ്തുവിനെക്കുറിച്ചുള്ള സംവിശേഷം തെരുവുകളിൽ പ്രസംഗിക്കുമ്പോൾ, കേൾവിയാൽ ഉളവാകുന്ന വിശ്വാസത്താൽ (റോമ, 10:17) സുവിശേഷം കൈക്കൊള്ളുന്ന ജാതികളെ ദൈവാത്മാവ് വീണ്ടുംജനിപ്പിച്ച് ദൈവത്തിൻ്റെ മക്കളാക്കിക്കഴിയുമ്പോഴാണ്, അവർ കല്പനയായ സ്നാനം അനുസരിക്കുവാൻ ബാദ്ധ്യസ്ഥരാകുന്നത്. “അവന്റെ (പത്രൊസിൻ്റെ) വാക്കു (സുവിശേഷം) കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേർ അവരോടു (പ്രാദേശികസഭ) ചേർന്നു. അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാർത്ഥന കഴിച്ചും പോന്നു.” (പ്രവൃ, 2:41,42). സുവിശേഷം കൈക്കൊണ്ടവർ രക്ഷപ്രാപിച്ചു; പിന്നെ സ്നാനമേറ്റു; അനന്തരം പ്രാദേശിക സഭയോടു ചേർന്ന് ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറുക്കിയും പ്രർത്ഥന കഴിച്ചും പോന്നു. ദൈവത്തിൻ്റെ വചനത്താൽ രക്ഷപ്രാപിച്ചവർ അനുസരിക്കേണ്ട കല്പനയാണ് സ്നാനം. സുവിശേത്താൽ നാം രക്ഷപ്രാപിച്ച് ദൈവവുമായി വ്യക്തിപരമായി ബന്ധം സ്ഥാപിച്ചുകഴിയുമ്പോഴാണ് ദൈവകല്പനയായ ജലസ്നാനമെന്ന കർമ്മം അനുഷ്ഠിക്കേണ്ടത്.

5. ക്രൂശിൽ മാനസാന്തരപ്പെട്ട കള്ളൻ സ്നാനമാറ്റിട്ടാണോ രക്ഷ പ്രാപിച്ചത്? അവൻ്റെ വിശ്വാസത്താൽ രക്ഷിതാവുതന്നെ അവനെ രക്ഷിക്കുകയായിരുന്നു. യേശുവിൻ്റെ മരണംമൂലം രക്ഷകിട്ടിയ ആദ്യവ്യക്തിയാണ് ക്രൂശിലെ കള്ളൻ. യേശു മശീഹയാണെന്ന് വിശ്വസിക്കുക മാത്രമാണ് അവൻ ചെയ്തത്. ഒരുത്തൻ യേശുവിനെ ദുഷിച്ചുപറഞ്ഞപ്പോൾ മറ്റവൻ അവനെ ശാസിച്ചുകൊണ്ട് പറഞ്ഞത്: “സമശിക്ഷാവിധിയിൽ തന്നേ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ? നാമോ ന്യായമായിട്ടു ശിക്ഷ അനുഭവിക്കുന്നു; നാം പ്രവർത്തിച്ചതിന്നു യോഗ്യമായതല്ലോ കിട്ടുന്നതു; ഇവനോ അരുതാത്തതു ഒന്നും ചെയ്തിട്ടില്ല.” (ലൂക്കൊ, 23:40,41). താൻ പാപിയാണെന്നു സമ്മതിക്കുകയും, നീതിയായവനിൽ വിശ്വസിക്കുകയും ചെയ്തപ്പോൾ അവൻ്റെ മാനസാന്തരം പൂർണ്ണമായി. (യോഹ, 16:8). പിന്നെ അവൻ: “യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ” എന്നു അപേക്ഷിച്ചു. യേശു അവനോടു: “ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു” എന്നു പറഞ്ഞു. (ലൂക്കൊ, 23:39-43). ക്രിസ്തുവിൻ്റെ പ്രായശ്ചിത്ത മരണത്തിലൂടെ പ്രവൃത്തികൂടാതെ രക്ഷപ്രാപിച്ച ആദ്യവ്യക്തി അന്നുതന്നെ അവനോടുകൂടി പറുദീസാവാസവും ആരഭിച്ചു. ചിലർ പറയുന്നത്; ക്രിസ്തുവിൻ്റെ മരണം മുഖാന്തരമുള്ള രക്ഷ കള്ളനു ലഭിക്കില്ല; എന്തെന്നാൽ ക്രിസ്തു ആ സമയം മരിച്ചിട്ടില്ലായിരുന്നു എന്നാണ്. ക്രിസ്തു ജീവനോടെയിരുന്നപ്പോൾ കള്ളനു രക്ഷയുടെ ഉറപ്പാണ് നല്കിയത്. ക്രിസ്തുവിൻ്റെ മരണശേഷമാണ് കള്ളൻ മരിച്ചത്. അങ്ങനെ ക്രിസ്തുവിൻ്റെ മരണത്തിൽ കള്ളനും പങ്കാളിയായതായി മനസ്സിലാക്കാം.

6. “ക്രിസ്പൊസിനെയും ഗായൊസിനെയും ഒഴികെ നിങ്ങളിൽ ആരെയും ഞാൻ സ്നാനം കഴിപ്പിക്കായ്കയാൽ ഞാൻ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. സ്തെഫനാസിന്റെ ഭവനക്കാരെയും ഞാൻ സ്നാനം കഴിപ്പിച്ചു; അതല്ലാതെ മറ്റു വല്ലവരെയും സ്നാനം കഴിപ്പിച്ചുവോ എന്നു ഞാൻ ഓർക്കുന്നില്ല. സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു; ക്രിസ്തുവിന്റെ ക്രൂശു വ്യർത്ഥമാകാതിരിക്കേണ്ടതിന്നു വാക്ചാതുര്യത്തോടെ അല്ലതാനും.” (1കൊരി, 1:15-17). ജലസ്നാനത്താലാണ് പാപമോചനവും രക്ഷയുമെന്ന് ചിലർ വിശ്വസിക്കുന്നു. എന്നാൽ ഇവിടെയിതാ ജാതികളെ സ്നാനപ്പെടുത്തായ്കയാൽ അപ്പൊസ്തലനായ പൗലൊസ് ദൈവത്തിനു സ്തോത്രം കരേറ്റുന്നു. സ്നാനം കഴിപ്പിപ്പാൻ അല്ല തന്നെ അയച്ചതെന്നും താൻ അടിവരയിട്ടു പറയുന്നു. സുവിശേഷം അറിയിക്കുന്നതിനെക്കാൾ ശ്രേഷ്ഠമായൊരു ശുശ്രൂഷയല്ല ജലസ്നാനം കഴിപ്പിക്കുന്നത്. ആത്മസ്നാനം സുവിശേഷത്തിലൂടെ ദൈവം ദാനമായി നല്കുന്നതാണ്; ജലസ്നാനമാകട്ടെ, പ്രാദേശിക സഭയിലെ ആർക്കും നല്കാവുന്നതാണ്. ഒരുവിധത്തിൽ സുവിശേഷം അറിയിച്ചു വ്യക്തികളെ രക്ഷയിലേക്കു നടത്തുന്നവർ യേശുക്രിസ്തുവിൻ്റെ പ്രതിനധികളായി നിന്നുകൊണ്ട് ആത്മസ്നാനത്താൽ അവരെ രക്ഷിക്കുകയാണ് ചെയ്യുന്നത്. ജലസ്നാനത്തെക്കാൾ ശ്രേഷ്ഠമാണ് ആത്മസ്നാനമെന്നതിൽ ആർക്കും തർക്കമില്ലല്ലോ; അതുകൊണ്ടാണ് പൗലൊസ് പറയുന്നത്; എന്നെ സ്നാനം അഥവാ, ജലസ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചത്. എന്തെന്നാൽ സുവിശേഷത്താലാണ് വ്യക്തി ആത്മസ്നാനം പ്രാപിക്കുന്നതും രക്ഷപ്രാപിച്ച് ക്രിസ്തുവിൻ്റെ മാർമ്മിക ശരീരമായ ദൈവസഭയിൽ അംഗമാകുന്നതും.

പിസിദ്യയിലെ അന്ത്യൊക്യയിൽ വെച്ചുള്ള പ്രഥമ പ്രസംഗത്തിൽത്തന്നെ കർത്താവ് തന്നെ വിളിച്ചിരിക്കുന്നതിൻ്റെ ഉദ്ദേശ്യം പൗലൊസ് വ്യക്തമാക്കിയിട്ടുണ്ട്: “നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കർത്താവു ഞങ്ങളോട് കല്പിച്ചിട്ടുണ്ട്. (പ്രവൃ, 13:47). താൻ ജാതികളുടെ അപ്പൊസ്തലനുമാണ്. (റോമ, 11:3). പൗലൊസ് ജാതികൾക്ക് ആരാണെന്നു ചോദിച്ചാൽ അതിനൊരുത്തരമുണ്ട്: “വെളിച്ചമായി ലോകത്തിൽ വന്ന ക്രിസ്തുവിനെക്കുറിച്ചുള്ള സുവിശേഷം, ഭൂമിയുടെ അറ്റത്തോളവും അറിയിക്കേണ്ടതിന് ആകേണ്ടതിന്നു ദൈവം ജാതികളുടെ വെളിച്ചമാക്കി വെച്ച ജാതികളുടെ അപ്പൊസ്തലനാണ്.” ആ പൗലൊസാണ് പറയുന്നത്: “സ്നാനം കഴിപ്പിപ്പാൻ അല്ല, സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു.” ജലസ്നാനത്തിന് രക്ഷയുമായി ഒരിറ്റു ബന്ധമുണ്ടെങ്കിൽ പൗലൊസിന് ഇത് പറയാൻ കഴിയുമോ? സുവിശേഷത്തിനുവേണ്ടി ഇത്രയധികം വിലകൊടുത്ത മറ്റൊരപ്പൊസ്തലനില്ല. “ക്രിസ്തുവിന്റെ കഷ്ടങ്ങളിൽ കുറവായുള്ളതു എന്റെ ജഡത്തിൽ സഭയായ അവന്റെ ശരീരത്തിന്നുവേണ്ടി പൂരിപ്പിക്കുന്നു” എന്നു പറഞ്ഞ ശ്രേഷ്ഠ അപ്പൊസ്തലൻ ക്രിസ്തുവിന് എതിരാളിയോ, സുവിശേഷ വിരോധിയോ ആയിരുന്നോ? (1കൊരി, 1:24). ജലസ്നാനം രക്ഷയ്ക്ക് ആവശ്യമില്ലെന്നതൻ്റെ ഏറ്റവും നല്ല തെളിവാണ് പൗലൊസിൻ്റെ വാക്കുകൾ. [കൂടുതൽ അറിയാൻ കാണുക: ആത്മസ്നാനവും ജലസ്നാനവും]

7. യിസ്രായേൽ എന്തുകൊണ്ടാണ് ക്രിസ്തുവിൽ ഇടറിപ്പോയതെന്ന് പൗലൊസ് പറഞ്ഞിട്ടുണ്ട്: “ആകയാൽ നാം എന്തു പറയേണ്ടു? നീതിയെ പിന്തുടരാത്ത ജാതികൾ നീതിപ്രാപിച്ചു, വിശ്വാസത്താലുള്ള നീതി തന്നേ. നീതിയുടെ പ്രമാണം പിന്തുടർന്ന യിസ്രായേലോ ആ പ്രമാണത്തിങ്കൽ എത്തിയില്ല. അതെന്തുകൊണ്ടു? വിശ്വാസത്താലല്ല, പ്രവൃത്തികളാൽ അന്വേഷിച്ചതുകൊണ്ടു തന്നേ അവർ ഇടർച്ചക്കല്ലിന്മേൽ തട്ടി ഇടറി:” (റോമ, 9:30-32). അവർ പ്രവൃത്തികളാൽ രക്ഷപ്രാപിപ്പാൻ ഇച്ഛിച്ചതുകൊണ്ടാണ് ഇടർച്ചക്കല്ലായ ക്രിസ്തുവിൽ ഇടറിപ്പോയത്. ഗലാത്യരോട് ക്ഷോഭത്തോടെ പൗലോസ് ചോദിക്കുന്നത്: “ഹാ ബുദ്ധിയില്ലാത്ത ഗലാത്യരേ, യേശുക്രിസ്തു ക്രൂശിക്കപ്പെട്ടവനായി നിങ്ങളുടെ കണ്ണിന്നു മുമ്പിൽ വരെച്ചുകിട്ടിയിരിക്കെ നിങ്ങളെ ക്ഷുദ്രംചെയ്തു മയക്കിയതു ആർ? ഞാൻ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ?” (ഗലാ, 3:1-2). ന്യായപ്രമാണത്താൽ നീതീകരിക്കപ്പെടുവാൻ ഇച്ഛിക്കുന്ന നിങ്ങൾ ക്രിസ്തുവിനോടു വേറുപെട്ടുപോയി; നിങ്ങൾ കൃപയിൽനിന്നു വീണുപോയി.” (ഗലാ, 5:4). “ഞാൻ ദൈവത്തിന്റെ കൃപ വൃഥാവാക്കുന്നില്ല ന്യായപ്രമാണത്താൽ നീതിവരുന്നു എങ്കിൽ ക്രിസ്തു മരിച്ചതു വെറുതെയല്ലോ.” (ഗലാ, 2:21). “ന്യായപ്രമാണത്തിന്നോ വിശ്വാസമല്ല ആധാരമായിരിക്കുന്നതു; “അതു ചെയ്യുന്നവൻ അതിനാൽ ജീവിക്കും” അതണ് ന്യായപ്രാമാണ വ്യവസ്ഥ.” (ഗലാ, 3:12). സ്നാനമെന്ന പ്രവൃത്തിയാൽ പാപമോചനം ലഭിച്ച് നീതീകരിക്കപ്പെടാമെന്ന് വിചാരിച്ചാലുള്ള കുഴപ്പമിതാണ്: 1. ക്രിസ്തുവിൻ്റെ മരണപുനരുത്ഥാന സ്വർഗ്ഗാരോഹണങ്ങളുടെ ഫലവും, ദൈവത്തിൻ്റെ ദാനവും വാഗ്ദത്തവുമായ പരിശുദ്ധാത്മാവിനു വിലയിടുന്നു. 2. ഇക്കൂട്ടർ ക്രിസ്തുവിനോടു വേറുപെട്ടു കൃപയിൽനിന്നു വീണുപോകുന്നു. 3. ക്രിസ്തുവിൻ്റെ ക്രൂശുമരണത്തെ വൃഥാവാക്കുന്നു അഥവാ, തുച്ഛീകരിക്കുന്നു.

8. യേശു അപ്പൊസ്തലന്മാരോട് സുവിശേഷം അറിയിക്കുന്നതിൻ്റെ ഒരു ക്രമം പറഞ്ഞിട്ടുണ്ടായിരുന്നു: “എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.” (പ്രവൃ, 1:8). ആദ്യം യെഹൂദന്മാരോട്, പിന്നെ ശമര്യരോട്, അതിനുശേഷം സകല ജാതികളോടും. കർത്താവിന്റെ കല്പനപോലെ, സുവിശേഷം പറഞ്ഞതും സ്നാനം കഴിപ്പിച്ചതും ആ ക്രമത്തിലാണ്. (പ്രവൃ, 2:36-41; 8:12-17; 10:43-48). നാം യെഹൂദന്മാരും, ശമര്യരുമല്ല, പ്രകൃതിയാൽ ജാതികളായിരുന്നു. (എഫെ, 2:11). നമുക്കു രക്ഷ ലഭിക്കുന്നത് എങ്ങനെയാണെന്ന് അറിയാൻ കൊർന്നേല്യൊസ്, ലുദിയ, കാരഗൃഹപ്രമാണി, കൊരിന്ത്യർ എന്നിവർ രക്ഷപ്രാപിച്ചത് ഏങ്ങനെയാണെന്ന് നോക്കിയാൽ മതിയാകും. 

കൊർന്നേല്യൊസ്: സുവിശേഷം കേട്ടു; പരിശുദ്ധാത്മാവ് വന്നു; സ്നാനമേറ്റു. (10:34-48). 

ലുദിയ: സുവിശേഷം കേട്ടു; കർത്താവ് അവളുടെ ഹൃദയം തുറന്നു; സ്നാനമേറ്റു. (16:14,15).

കാരാഗൃഹപ്രമാണി: വചനം കേട്ടു; അവരുടെ മുറിവുകളെ കഴുകി (മാനസാന്തരം); സ്നാനമേറ്റു. (16:30-33).

കൊരിന്ത്യർ: വചനം കേട്ടു; വിശ്വസിച്ചു; സ്നാനമേറ്റു. (18:8).

മേല്പറഞ്ഞ ജാതികളായ എല്ലാവർക്കും ഒരേ ക്രമത്തിലാണ് രക്ഷാനുഭവം പറഞ്ഞിരിക്കുന്നത്. ആത്മസ്നാനത്താലല്ലാതെ ആർക്കും ക്രിസ്തുവിൽ വിശ്വസിക്കുവാനോ മാനസാന്തരപ്പെടുവാനോ കഴിയില്ല. ദൈവത്തിൻ്റെ ആത്മാവിനാലുളവാകുന്ന ദൈവഹിതപ്രകാരമുള്ള മാനസാന്തരത്താൽ മാത്രമാണ് രക്ഷ ലഭിക്കുന്നത്. (2കൊരി, 7:10). കൊർന്നേല്യൊസും കുടുംബവും സുവിശേഷം കേട്ട് പരിശുദ്ധാത്മാവ് കൃപാവരത്തോടെ അവരിൽ വെളിപ്പെട്ടശേഷമാണ് സ്നാനമേറ്റത്. പരിശുദ്ധാത്മാവ് അവരുടെ ഉള്ളിൽ വന്നിട്ടും പാപം മോചിക്കപ്പെട്ടില്ല; പിന്നീട് ജലത്തിൽ സ്നാനമേറ്റപ്പോഴാണ് പാപമോചനം ഉണ്ടായതെന്നു പറഞ്ഞാൽ, അതിനേക്കാൾ വലിയ അബദ്ധമെന്താണ്? അവരുടെ മാനസാന്തരത്തെക്കുറിച്ച് പത്രൊസ് യെരൂശലേം സഭയിൽ സാക്ഷ്യം പറഞ്ഞപ്പോൾ അവിടുത്തെ സഹോദരന്മാർ പറഞ്ഞതും കുറിക്കൊള്ളുക: “അവർ ഇതു കേട്ടപ്പോൾ മിണ്ടാതിരുന്നു: അങ്ങനെ ആയാൽ ദൈവം ജാതികൾക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നല്കിയല്ലോ എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.” (പ്രവൃ, 11:18). മേല്പറഞ്ഞ ആരും ജലസ്നാനമേറ്റിട്ടല്ല രക്ഷപ്രാപിച്ചത്; ആത്മസ്നാനത്താൽ ലഭിച്ച കൃപയാലുള്ള വിശ്വാസത്താലാണ് രക്ഷപ്രാപിച്ചത്.

9. “അലക്സാന്ത്രിയക്കാരനായി വാഗ്വൈഭവവും തിരുവെഴുത്തുകളിൽ സാമർത്ഥ്യവുമുള്ള അപ്പൊല്ലോസ് എന്നു പേരുള്ളോരു യെഹൂദൻ എഫെസോസിൽ എത്തി. അവൻ കർത്താവിന്റെ മാർഗ്ഗത്തിൽ ഉപദേശം ലഭിച്ചവൻ ആയിരുന്നു; യോഹന്നാന്റെ സ്നാനത്തെക്കുറിച്ചു മാത്രം അറിഞ്ഞിരുന്നു എങ്കിലും ആത്മാവിൽ എരിവുള്ളവനാകയാൽ അവൻ യേശുവിന്റെ വസ്തുത സൂക്ഷമമായി പ്രസ്താവിക്കയും ഉപദേശിക്കയും ചെയ്തു.” (പ്രവൃ, 18:24,25). ചിലർ വിചാരിക്കുന്നത്: അപ്പൊല്ലോസ് ക്രിസ്ത്യാനിയായിരുന്നില്ല; മശീഹായുടെ ആഗമനം പ്രസംഗിക്കുന്ന യെഹൂദനായിരുന്നു എന്നാണ്. ഒരു കാര്യം ശരിയാണ്; ക്രിസ്തുവിനു മുമ്പും, ക്രിസ്തുവിൻ്റെ കാലത്തും, ക്രിസ്തുവിനു ശേഷവും ഇക്കാലത്തും മശിഹ വന്നതറിയാതെയോ, അറിഞ്ഞിട്ടും വിശ്വസിക്കാതെയോ മശീഹായുടെ ആഗമനം പ്രസംഗിക്കുന്ന യെഹൂദന്മാരുണ്ട്. അപ്പൊല്ലോസിൻ്റെ കാര്യം അതാണോ? അല്ല. ഒന്നാമത്; അങ്ങനെയൊരു യെഹൂദനെ വെള്ളപൂശി പ്രവൃത്തികളിൽ അവതരിപ്പിക്കേണ്ട ആവശ്യം പരിശുദ്ധാത്മാവിനോ ലൂക്കോസിനോയില്ല. രണ്ടാമത്; പ്രസ്തുത വേദഭാഗത്ത് അപ്പൊല്ലോസിനെപ്പറ്റി ആറ് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്: 1. വാഗ്വൈഭവവും തിരുവെഴുത്തുകളിൽ സാമർത്ഥ്യവുമുള്ളവൻ. 2. കർത്താവിന്റെ മാർഗ്ഗത്തിൽ ഉപദേശം ലഭിച്ചവൻ. 3. ആത്മാവിൽ എരിവുള്ളവൻ. 4. യേശുവിന്റെ വസ്തുത സൂക്ഷമമായി പ്രസ്താവിക്കയും ഉപദേശിക്കയും ചെയ്തവൻ. 5. ദൈവകൃപയാൽ വിശ്വസിച്ചവർക്കു വളരെ പ്രയോജനമായിത്തിർന്നവൻ. 6. യേശു തന്നേ ക്രിസ്തു എന്നു അവൻ തിരുവെഴുത്തുകളാൽ തെളിയിച്ചു ബലത്തോടെ യെഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞവൻ. (പ്രവൃ, 18: 24-28). ഇവിടെ വിരോധാഭാസമെന്താണെന്നു ചോദിച്ചാൽ; അപ്പൊല്ലോസിനു ക്രൈസ്തവസ്നാനത്തെ കുറിച്ച് ഒരു ധാരണയും ഇല്ലായിരുന്നു. സ്നാനം കൂടാതെ ഒരുവൻ്റെ രക്ഷ പൂർണ്ണമാകില്ലെന്ന് പറയുന്നവർ ഒന്നു പറഞ്ഞാട്ടെ; സ്നാനം കൂടാതെ രക്ഷയില്ലെങ്കിൽ, യേശുവിനെക്കുറിച്ചുള്ള സുവിശേഷം സൂക്ഷ്മമായിട്ട് അഥവാ കൃത്യതയോടെയാണ് അപ്പൊല്ലോസ് പ്രസംഗിച്ചതെന്ന് ദൈവാത്മാവ് രേഖപ്പെടുത്തി വെയ്ക്കുമോ? വിശേഷാൽ അപ്പൊല്ലോസിനെ അപ്പൊസ്തലൻ എന്നാണ് ബൈബിളിൽ പറഞ്ഞിരിക്കുന്നതെന്നും ഓർക്കുക.  (1കൊരി, 4:6-9). ക്രിസ്തീയ സ്നാത്തെക്കുറിച്ച് കേട്ടിട്ടുപോലും ഇല്ലായിരുന്ന അപ്പൊല്ലോസെന്ന ഈ അപ്പൊസ്തലൻ രക്ഷിക്കപ്പെട്ടവനല്ലേ? അല്ലെങ്കിൽ, ക്രിസ്തീയ സ്നാനം അനുഷ്ഠിക്കാത്ത, രക്ഷിക്കപ്പെടാത്ത ഇവനെയെന്തിനാണ് പരിശുദ്ധാത്മാവ് വൈറ്റ് വാഷ് ചെയ്ത് വേദപുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്?

10. യേശുവിൻ്റെ രണ്ടു രഹസ്യ ശിഷ്യന്മാരെക്കുറിച്ച് ബൈബിളിൽ പറഞ്ഞിട്ടുണ്ട്. അരിമത്യയിലെ യോസേഫും നിക്കൊദേമൊസും. യേശു തിരഞ്ഞെടുത്തവരും, മൂന്നരവർഷം തൻ്റെകൂടെ നടന്ന് നന്മ അനുഭവിച്ചവരുമായ പതിനൊന്നു ശിഷ്യന്മാർ യേശുവിനെ അറസ്റ്റുചെയ്തപ്പോൾ ഓടിയൊളിച്ചു. യേശുവിനൊരാവശ്യം വന്നപ്പോൾ രഹസ്യശിഷ്യന്മാരാണ് പ്രയോജനപ്പെട്ടത്. (യോഹ, 38:42). അവർ യേശുവിൻ്റെ കൂടെ നടന്നവരോ, തൻ്റെ ശിഷ്യന്മാരാണെന്ന് അവകാശപ്പെട്ടവരോ അല്ല; പക്ഷെ, അവരായിരുന്നു ശരിക്കും ശിഷ്യന്മാർ. ധൈര്യത്തോടെ ചെന്ന് യേശുവിൻ്റെ ശരീരം ചോദിച്ചുവാങ്ങി യഥാവിധി സംസ്കരിച്ചു. (യോഹ, 19:38-42). അതുപോലെ യേശുവിന് ലോകത്തിൽ അനേകം രഹസ്യശിഷ്യന്മാരുണ്ട്. പാകിസ്ഥാനിലും, അറബി രാജ്യങ്ങളിലും അങ്ങനെയുള്ളവർ ധാരാളമുണ്ട്. അവരൊന്നും പരസ്യമായി ക്രിസ്ത്യാനികളെന്ന് പറയുകയോ, ജലസ്നാനം സ്വീകരിച്ചിട്ടുള്ളവരോ ആയിരിക്കില്ല. എന്തെന്നാൽ, അങ്ങനെയൊരു സാഹചര്യത്തിലല്ല അവർ ജീവിക്കുന്നത്. രഹസ്യത്തിൽ യേശുവിനെ കർത്താവും രക്ഷിതാവുമായി സ്വീകരിച്ച്, ദൈവത്തെ ആരാധിച്ച്, അവൻ്റെ കല്പനകൾ അനുസരിച്ച് ജീവിക്കുന്ന അവരൊക്കെ രക്ഷപ്രാപിച്ചവരല്ലേ? 

11. വെള്ളം അലർജ്ജിയുള്ള രണ്ട് യുവതികളെക്കുറിച്ചുള്ള വാർത്ത കുറേനാൾനാൾ മുമ്പ് പത്രത്തിൽ ഉണ്ടായിരുന്നു. സസെക്സിൽ നിന്നുള്ള ‘നിയ സെല്‍വെ’ എന്ന ഇരുപത്തിയൊന്നുകാരിയാണ് ഒരാൾ. അക്വാജെനിക്ക് പ്രൂരിട്ടസ് (aquagenic pruritus) എന്ന രോഗമാണ് ഈ യുവതിയെ ബാധിച്ചിരിക്കുന്നത്. ശരീരവും വെള്ളവുമായി ബാഹ്യസമ്പർക്കം ഉണ്ടായാൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് നിയക്കുള്ളത്. വിയർക്കുക, കുളിക്കുക, കൈകാലുകൾ കഴുകുക എന്നിവ ചെയ്താൽ ശരീരത്ത് ചുവന്നുതടിച്ച പാടുകൾ പ്രത്യക്ഷപ്പെടുക, കഠിനമായ വേദന പുകച്ചിൽ എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങൾ. (മെയ് 11, 2019). കലിഫോർണിയ സ്വദേശിയായ ടെസ്സ ഹാന്‍സന്‍ സ്മിത്ത് എന്ന ഇരുപത്തൊന്നുകാരിയാണ് മറ്റൊരാൾ. Aquagenic urticaria എന്നാണ് ഈ രോഗത്തിൻ്റെ പേര്. വെള്ളം തൊട്ടാല്‍ ചൊറിച്ചിലും പനിയും. മൈഗ്രൈനും ഉണ്ടാകുന്നതാണ് ഈ രോഗത്തിന്റെ ഏറ്റവും വലിയ ബുദ്ധിമുട്ട്. വെള്ളം കുടിക്കുമ്പോള്‍ പോലും അതീവശ്രദ്ധ ആവശ്യമാണ്. സ്വന്തം തുപ്പലും വിയര്‍പ്പും പോലും ടെസ്സയ്ക്ക് അലര്‍ജി ആണ്. (നവംബർ 30, 2019). ഇതുപോലുള്ള 100 കേസ്സുകൾ ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുന്നാണ് പറയപ്പെടുന്നത്. സ്നാനം കൂടാതെ പാപം മോചിക്കപ്പെടുകയില്ലെങ്കിൽ, യേശുവിൻ്റെ മരണം ഇവരെ സംബന്ധിച്ച് വ്യർത്ഥമല്ലേ? ”യേശു സർവ്വലോകത്തിന്റെയും പാപങ്ങൾക്കു പ്രായശ്ചിത്തം ആകുന്നു” എന്ന വേദവാക്യത്തിനു എന്തർത്ഥമാണുള്ളത്? (1യോഹ, 2:2).

ഒരുപക്ഷെ, ഇതിനെതിരായി; വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ളവർ എങ്ങനെ രക്ഷപ്രാപിക്കും എന്നു ചോദിച്ചേക്കാം. യേശു കുഞ്ഞുങ്ങളെക്കുറിച്ചു പറയുന്നു;  “ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടെതല്ലോ.” (മർക്കൊ, 10:14; മത്താ, 19:14; ലൂക്കൊ, 18:16). ശിശുക്കളെന്നാൽ ശാരീരികമായും മാനസികമായും വളർച്ചയെത്താത്ത അവസ്ഥയാണ്. സ്വന്തം പാപത്തെക്കുറിച്ച് ബോധം വന്നിട്ടില്ലാത്തതുകൊണ്ട് അവരുടെ ജന്മപാപം അഥവാ, അവരിലുള്ള ആദാമ്യപാപം ദൈവം കണക്കിടുന്നില്ല. വിശ്വാസികളെല്ലാം തിരിഞ്ഞ് ശിശുക്കളെപ്പോലെ ആയ്വരാൻ കല്പിക്കുന്നതും (മത്താ, 18:3), “ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ചിപ്പിൻ” എന്നു പറഞ്ഞിരിക്കുന്നതും കുറിക്കൊള്ളുക. (1പത്രൊ, 2:2). അതുപോലെ മാനസികമായി വളർച്ചപ്രാപിക്കാത്ത അഥവാ, വിശ്വസിക്കാൻ പ്രാപ്തിയില്ലാത്ത മുതിർന്നവരുടെ പാപവും ദൈവം കണക്കിടുന്നില്ലെന്നു മനസ്സിലാക്കാം. തന്നെയുമല്ല, സ്നാനത്തിനെന്നപോലെ മനുഷ്യരുടെ പ്രവൃത്തിയല്ല വിശ്വാസത്തിനാധാരം; ദൈവത്തിൻ്റെ കൃപയാണ്. (എഫെ, 2:5,8). “നിങ്ങളുടെ വിശ്വാസത്തിന്നു മനുഷ്യരുടെ ജ്ഞാനമല്ല, ദൈവത്തിന്റെ ശക്തി തന്നേ ആധാരമായിരിക്കേണ്ടതിന്നു എന്റെ വചനവും എന്റെ പ്രസംഗവും ജ്ഞാനത്തിന്റെ വശീകരണവാക്കുകളാൽ അല്ല, ആത്മാവിന്റെയും ശക്തിയുടെയും പ്രദർശനത്താലത്രേ ആയിരുന്നതു.” (1കൊരി, 2:4,5).

12. സുവിശേഷത്താലാണ് രക്ഷ: യേശു പറഞ്ഞ വിതയ്ക്കപ്പെടുന്ന വചനത്തിൻ്റെ ഉപമയുടെ പൊരുൾ: “വിത്തു ദൈവവചനം; വഴിയരികെയുള്ളവർ കേൾക്കുന്നവർ എങ്കിലും അവർ വിശ്വസിച്ചു രക്ഷിക്കപ്പെടാതിരിപ്പാൻ പിശാചു വന്നു അവരുടെ ഹൃദയത്തിൽ നിന്നു വചനം എടുത്തുകളയുന്നു.” (ലൂക്കോ, 8:11). കൊർന്നേല്യൊസിനോടു ദൂതൻ പറഞ്ഞത്: “നീയും നിന്റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ അവൻ നിന്നോടു സംസാരിക്കും എന്നു ദൂതൻ പറഞ്ഞു എന്നും ഞങ്ങളോടു അറിയിച്ചു.” (പ്രവൃ, 11:14). ദൈവത്തിൻ്റെ ദാനമായ പരിശുദ്ധാത്മാവ് ലഭിക്കുന്നത് സുവിശേഷത്താലാണ്: “ഞാൻ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ? നിങ്ങൾ ഇത്ര ബുദ്ധികെട്ടവരോ? ആത്മാവുകൊണ്ടു ആരംഭിച്ചിട്ടു ഇപ്പോൾ ജഡംകൊണ്ടോ സമാപിക്കുന്നതു? ഇത്ര എല്ലാം വെറുതെ അനുഭവിച്ചുവോ?” (ഗലാ, 3:2). രക്ഷയെക്കുറിച്ചുള്ള സുവിശേഷത്താൽ പരിശുദ്ധാത്മാവ് ലഭിക്കുന്നു: “അവനിൽ നിങ്ങൾക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങൾ കേൾക്കയും അവനിൽ വിശ്വസിക്കയും ചെയ്തിട്ടു, തന്റെ സ്വന്തജനത്തിന്റെ വീണ്ടെടുപ്പിന്നു വേണ്ടി തന്റെ മഹത്വത്തിന്റെ പുകഴ്ചെക്കായിട്ടു നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു.” (എഫെ, 1:13,14). ദൈവത്തിൻ്റെ കൃപയാലാണ് രക്ഷ: “അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടു കൂടെ ജീവിപ്പിക്കയും — കൃപയാലത്രേ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു.” (എഫെ, 2:5). “കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.” (എഫെ, 2:8). “സകലവും അവനിൽ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന്നു എന്നേക്കും മഹത്വം ആമേൻ.” (റോമ, 11:36)

13. ബൈബിളിൻ്റെ ആകെത്തുക: ബൈബിളിൻ്റെ ആകെത്തുകയാണ് ദൈവം തൻ്റെ ക്രിസ്തുവിലൂടെ ഒരുക്കിയിരിക്കുന്ന രക്ഷ. (യോഹ, 20:31). ക്രിസ്തു തൻ്റെ സ്വന്തരക്തംചിന്തി കൂശിൽ മരിച്ച് സമ്പാദിച്ചതാണ് ഈ രക്ഷ. (പ്രവൃ, 20:28; റോമ, 3:25; എഫെ, 1:7; ഫിലി, 2:68; കൊലൊ, 1:22; എബ്രാ, 2:14,15; 1പത്രൊ, 1:18,19). രക്ഷ ക്രിസ്തുവിൻ്റെ വിലമതിയാത്ത രക്തത്താൽ സമ്പാദിച്ചതിനാൽ ഇത്രവലിയ രക്ഷയെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. (എബ്രാ, 2:4). ഈ രക്ഷ ലോകം മുഴുവൻ എത്തിക്കാനാണ് അപ്പൊസ്തലന്മാരെ തിരഞ്ഞെടുത്തത്. (മത്താ, 28:19; മർക്കൊ, 16:15; ലൂക്കൊ, 24:47). അപ്പൊസ്തലന്മാർ ശിഷ്യന്മാർ ക്രിസ്തുവിനൊപ്പം സഭയുടെ അടിസ്ഥാനത്തിൽ പങ്കുള്ളവരാണ്. (എഫെ, 2:20). പ്രവൃത്തി 2:38 ഉദ്ധരിച്ചുകൊണ്ട് സ്നാനം കൂടാതെ പരിശുദ്ധാത്മാവ് ലഭിക്കില്ലെന്നും രക്ഷ കിട്ടില്ലെന്നും പറയുന്നവർ എന്തു വിചാരിക്കുന്നു: പന്ത്രണ്ട് അപ്പൊസ്തലന്മാരും രക്ഷിക്കപ്പെട്ടവരല്ലേ? അവർ സ്നാനമേല്ക്കുന്നതിന് മുമ്പാണ് പരിശുദ്ധാത്മാവ് ശക്തിയോടെ അവരുടമേൽ വന്നത്. പിന്നീടും അവർ സ്നാനമേറ്റതായി പറഞ്ഞിട്ടില്ല. (3,000 പേർക്കൊപ്പം ഒരുപക്ഷെ സ്നാനമേറ്റിരിക്കാം). ചോദ്യം അതൊന്നുമല്ല; രക്ഷ സ്നാനമെന്ന കർമ്മത്തിലാണ് അധിഷ്ഠിതമായിരിക്കുന്നതെങ്കിൽ സഭയുടെ അടിസ്ഥാനത്തിൽ പങ്കുള്ളവരായ ഒരു അപ്പൊസ്തലനെങ്കിലും പെന്തെക്കൊസ്തിനു മുമ്പോപിമ്പോ സ്നാനപ്പെട്ടതിൻ്റെ ഒരു രേഖയില്ലാതിരിക്കുമോ? ക്രിസ്തുവിനൊപ്പം ചേർത്തുപണിയപ്പെട്ട അടിസ്ഥാനക്കല്ലുകൾക്ക് സ്നാനം കൂടാതെ അല്ലെങ്കിൽ, സ്നാനത്തിനുമുമ്പെ രക്ഷകിട്ടും, ക്രിസ്തുവാകുന്ന അടിസ്ഥാനത്തിൻ്റെ മുകളിലേക്കു പണിയപ്പെടുന്ന മറ്റുകല്ലുകളായ വിശ്വാസികൾക്കു സ്നാനംകൂടാതെ രക്ഷ കിട്ടില്ല; നല്ല ഉപദേശമാണ്. മറ്റൊരപ്പൊസ്തലന് ക്രിസ്തീയ സ്നാനത്തെക്കുറിച്ച് ഒരു ധാരണയുമില്ലായിരുന്നു. നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കർത്താവു കല്പിച്ച വേറൊരപ്പൊസ്തലൻ പറയുന്നു: “സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു.” സ്നാനത്താൽ മാത്രമേ രക്ഷ കിട്ടുകയുള്ളുവെങ്കിൽ ഇവരൊക്കെ കള്ളയപ്പൊസ്തന്മാർ ആയിരുന്നുവെന്നതിൽ ഒരു തർക്കവുമില്ല. ബൈബിൾ തെറ്റാണെന്നും അപ്പൊസ്തലന്മാർ കള്ളന്മാരാണെന്നും സ്നാനവാദികൾ ഇനി പറയാതിരുന്നാൽ ഭാഗ്യം.

“നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ദയയും മനുഷ്യപ്രീതിയും ഉദിച്ചപ്പോൾ അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചതു. നാം അവന്റെ കൃപയാൽ നീതീകരിക്കപ്പെട്ടിട്ടു പ്രത്യാശപ്രകാരം നിത്യജീവന്റെ അവകാശികളായിത്തീരേണ്ടതിന്നു പുനർജ്ജനനസ്നാനം കൊണ്ടും നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുമൂലം നമ്മുടെമേൽ ധാരാളമായി പകർന്ന പരിശുദ്ധാത്മാവിന്റെ നവീകരണംകൊണ്ടും തന്നേ.” (തീത്തൊ, 3:4). സുവിശേഷങ്ങൾ അവസാനിക്കുമ്പോൾ യോഹന്നാൻ എഴുതുന്നു: “എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തുഎന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.” (യോഹ, 20:31). “മോശെയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽ നിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ.” (പ്രവൃ, 13:39).

കർത്താവായ യേശുക്രിസ്തുവിന്റെ ജനനമരണപുനുരുത്ഥാന സ്വർഗ്ഗാരോഹണങ്ങളാണ് മനുഷ്യരുടെ രക്ഷയ്ക്കടിസ്ഥാനം. ക്രിസ്തു തൻ്റെ സ്വന്തരക്തത്താൽ സമ്പാദിച്ച രക്ഷ വ്യക്തികൾക്കു ലഭിക്കുന്നത് ജലസ്നാനത്താലല്ല; രക്ഷയെക്കുറിച്ചുള്ള സുവിശേഷ കേൾവിയാൽ ലഭിക്കുന്ന ആത്മസ്നാനത്താൽ കൃപയാലുളവാകുന്ന വിശ്വാസത്താലാണ്. ജലസ്നാനം രക്ഷയ്ക്കുള്ള ഉപാധിയല്ല; രക്ഷിക്കപ്പെട്ടവൻ അനുഷ്ഠിക്കേണ്ട പ്രഥമവും പ്രധാനവുമായ ക്രിസ്തീയ കർമ്മമാണ്. അതനുഷ്ഠിക്കേണ്ടത് നമുക്കു ജീവൻ നല്കാൻ ക്രൂശിൽമരിച്ചുയിർത്ത കർത്താവായ യേശുക്രിസ്തുവിൻ്റെ നാമത്തിലാണ്.

“ലോകം ചോദിക്കുന്നു: സഹോദരന്മാരെ, രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം; വിശ്വാസി, നീ ഒന്നുമാത്രം പറക: “കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും.” അതിനുശേഷം ദാവീദിൻ്റെ സന്തതിയായി ജനിച്ചുമരിച്ചു ഉയിർത്തെഴുന്നേന്നറ്റ യേശുക്രിസ്തുവിനെക്കുറിച്ചു പറയുക; അതാകുന്നു സുവിശേഷം.അഥവാ, പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും പരിശുദ്ധാത്മാവിനാൽ ലോകത്തിന് ബോധം വരുത്തുന്നതാണ് സുവിശേഷം. അതുമാത്രം പറയുക. പരീശപക്ഷത്തുനിന്നു ക്രിസ്ത്യാനികളായവർ ചെയ്തപോലെ അധികമായ ഭാരമൊന്നും സുവിശേഷത്തോട് കൂട്ടിക്കെട്ടാതിരിക്കുക. ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ! 

ജലസ്നാനംകൂടാതെ രക്ഷ കിട്ടില്ലെന്നു വിചാരിക്കുന്ന സഹോദരങ്ങളോടു ചില ചോദ്യങ്ങൾ:

1. ക്രിസ്തു ആത്മാവിൽ ഏറ്റ തൻ്റെ മരണപുനരുത്ഥാനങ്ങളെന്ന പരമയാഗത്തോടു ദൈവത്തിൻ്റെ ആത്മാവിനാലല്ലാതെ, ജലത്താൽ നമുക്കെങ്ങനെ ഏകീഭവിക്കാൻ കഴിയും? (എബ്രാ, 9:14; റോമ, 8:11; 1പത്രൊ, 3:18)

2. പ്രസംഗിക്കപ്പെടുന്ന വചനത്താലാണ് ആത്മാവ് ലഭിക്കുന്നത് അഥവാ, ആത്മസ്നാനം നടക്കുന്നത്: (പ്രവൃ, 10:44; 11:15,16; ഗലാ, 3:2,5; 1കൊരി, 12:12,13). ആത്മസ്നാനത്താൽ ക്രിസ്തുവിൻ്റെ മരണത്തോടു ഏകീഭവിക്കുന്ന വ്യക്തി അവൻ്റെ പുനരുത്ഥാനത്തോടും ഏകീഭവിച്ചുകൊണ്ടു അഥവാ, അവനോടുകൂടി ഉയിർത്തെഴുന്നേറ്റു പുതിയ സൃഷ്ടിയാകുന്നു: (റോമ, 6:3,4; 2കൊരി, 5:17). ഇനി, ജലസ്നാനത്താലാണ് രക്ഷയെന്ന് വാദിച്ചാൽ, വ്യക്തി ദൈവത്തിൻ്റെ ആത്മാവിനാൽ അവൻ്റെ മരണപുനരുത്ഥാനങ്ങളോടു ഏകീഭവിച്ചു പുതിയസൃഷ്ടിയായശേഷം ഒന്നുകൂടി മരിച്ചുയിർക്കുന്ന ശുശ്രൂഷയാകില്ലേ ജലസ്നാനം?

3. യോഹന്നാൻ 3:5 പ്രകാരം വെള്ളത്താൽ അഥവാ, ജലസ്നാനത്താലാണ് വ്യക്തി വീണ്ടുംജനിക്കുന്നതെങ്കിൽ,
സുവിശേഷത്താൽ അഥവാ, വചനത്താലും ആത്മാവിനാലും വീണ്ടുംജനിച്ച വ്യക്തി ഒന്നുകൂടി വീണ്ടുംജനിക്കുന്ന ശുശ്രൂഷയാകില്ലേ ജലസ്നാനം? ഒരു വ്യക്തി രണ്ടുപ്രാവശ്യം വീണ്ടുംജനിക്കണോ? [വചനത്താലുള്ള ജനനം: 1കൊരി, 4:15; 2തെസ്സ, 2:14; യാക്കോ, 1:18; 1:21; 1പത്രൊ, 1:23. ആത്മാവിലുള്ള ജനനം: യോഹ, 3:5,6,8; 1കൊരി, 6:11; ഗലാ, 5:25]

4. ഏകപ്രത്യാശ, ഏകശരീരം, ഏകാത്മാവു, ഏകകർത്താവു, ഏകവിശ്വാസം, ഏകസ്നാനം, ഏകദൈവം. (എഫെ, 4:4-6). ഈ ശ്രേണിയിലുള്ള ‘ഏകസ്നാനം’ ജലസ്നാനമാണെങ്കിൽ, ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമായ ആത്മസ്നാനം എന്തിനാണ്? (യോഹ, 7:37-39)

5. ജലസ്നാനത്താലാണ് രക്ഷയെങ്കിൽ ദൈവം നല്കിയ, നല്കിക്കൊണ്ടിരിക്കുന്ന ആത്മസ്നാനത്തിൻ്റെ അർത്ഥമെന്താണ്? ആവശ്യമെന്താണ്?

6. ദൈവം നല്കുന്ന ആത്മസ്നാനത്താൽ വ്യക്തികൾ രക്ഷപ്രാപിക്കുന്നില്ല; പ്രാദേശിക സഭകളിലെ ഏതോ ഒരാൾ നല്കുന്ന ജലസ്നാനത്താലാണ് രക്ഷ കിട്ടുന്നതെന്നു വിചാരിക്കാനുള്ള ന്യായമെന്താണ്?

7. പ്രവൃത്തി 2:38 ഉദ്ധരിച്ചുകൊണ്ട് ജലസ്നാനം കൂടാതെ പരിശുദ്ധാത്മാവ് ലഭിക്കില്ലെന്നും രക്ഷ കിട്ടില്ലെന്നും പറയുന്നവർ എന്തു വിചാരിക്കുന്നു: സഭയുടെ അടിസ്ഥാനത്തിൽ ക്രിസ്തുവിനൊപ്പം പങ്കുണ്ടായിരുന്ന മത്ഥിയാസ് ഉൾപ്പെടെയുള്ള പന്ത്രണ്ട് അപ്പൊസ്തലന്മാരും രക്ഷിക്കപ്പെട്ടവരല്ലേ? അവർ സ്നാനമേല്ക്കുന്നതിന് മുമ്പാണ് പരിശുദ്ധാത്മാവ് ശക്തിയോടെ അവരുടെമേൽ വന്നത്. പിന്നീടും അവർ സ്നാനമേറ്റതായി പറഞ്ഞിട്ടില്ല. [3,000 പേർക്കൊപ്പം ഒരുപക്ഷെ സ്നാനമേറ്റിരിക്കാം]. ചോദ്യം അതൊന്നുമല്ല; ആത്മദാനവും രക്ഷയും സ്നാനമെന്ന കർമ്മത്തിലാണ് അധിഷ്ഠിതമായിരിക്കുന്നതെങ്കിൽ സഭയുടെ അടിസ്ഥാനത്തിൽ പങ്കുള്ളവരായ ഒരു അപ്പൊസ്തലനെങ്കിലും പെന്തെക്കൊസ്തിനു മുമ്പോപിമ്പോ സ്നാനപ്പെട്ടതിൻ്റെ ഒരു രേഖയില്ലാതിരിക്കുമോ? തന്നെയുമല്ല, ക്രിസ്തുവിനൊപ്പം ചേർത്തുപണിയപ്പെട്ട അടിസ്ഥാനക്കല്ലുകളായ അപ്പൊസ്തലന്മാർക്ക് ജലസ്നാനം കൂടാതെ അല്ലെങ്കിൽ സ്നാനത്തിനുമുമ്പെ ആത്മദാനവും രക്ഷയുംകിട്ടും, മൂലക്കല്ലായ ക്രിസ്തുവും അപ്പൊസ്തലന്മാരുമെന്ന അടിസ്ഥാനത്തിനു മുകളിൽ ആത്മാവിനാൽ ചേർത്തു പണിയപ്പെടുന്ന കല്ലുകളായ വിശ്വാസികൾക്കു സ്നാനംകൂടാതെ ആത്മദാനവും രക്ഷയും കിട്ടില്ലേ? (എഫെ, 2:20-23)

8. പ്രവൃത്തി 2:38 പ്രകാരം യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏറ്റശേഷമാണ് പരിശുദ്ധാത്മാവെന്ന ദാനം ലഭിക്കേണ്ടത്. എന്നാൽ ശമര്യർ യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനമേറ്റിട്ടും പരിശുദ്ധാത്മാവ് ലഭിച്ചതായി കാണുന്നില്ല. അപ്പോൾ സ്നാനത്താലാണ് പരിശുദ്ധാത്മാവും രക്ഷയും ലഭിക്കുന്നതെന്ന വാദം അവിടെ തെറ്റുകയല്ലേ?

9. ജാതികളുടെ രക്ഷയ്ക്ക് മുമ്പൻ കൊർന്നേല്യൊസും കുടുംബവുമാണ്. അവർക്ക് സുവിശേഷകേൾവിയാൽ ആത്മസ്നാനം ലഭിച്ചു: (പ്രവൃ, 10:44; 11:15). അനന്തരം പത്രൊസ് അവരെ ജലസ്നാനം കഴിപ്പിക്കാൻ കല്പിക്കയായിരുന്നു. പ്രവൃത്തി 2:38-ലെ ക്രമം ഇവിടെ തെറ്റിയെന്നു മാത്രമല്ല; ജലസ്നാനത്തിനു മുമ്പെ അവർക്ക് ആത്മസ്നാനം ലഭിക്കുകയും ചെയ്തു. കൊർന്നേല്യൊസിനോടുള്ള ബന്ധത്തിൽ നാം എന്താണ് മനസ്സിലാക്കേണ്ടത്: ആത്മാസ്നാനത്താൽ അവർ രക്ഷിക്കപ്പെട്ടില്ല; അനന്തരം, ജലസ്നാനം സ്വീകരിച്ചപ്പോഴാണ് അവർ രക്ഷിക്കപ്പെട്ടതെന്നോ? [ദൂതൻ പ്രത്യക്ഷപ്പെട്ട് കോർന്നേല്യൊസിനോടു പറഞ്ഞത്: പത്രൊസിനെ വരുത്തുക; നീയും ‘നിന്റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള സ്നാനം കഴിപ്പിക്കുമെന്നല്ല; പ്രത്യുത, രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ (സുവിശേഷം) അവൻ നിന്നോടു സംസാരിക്കും’ എന്നാണ്: 11:14]

10. “ജനത്തിനു പാപമോചനം നല്കാനും സാത്താൻ്റെ അധികാരത്തിൽനിന്നു ദൈവത്തിങ്കലേക്കു തിരിപ്പാനും ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു കർത്താവു ജാതികളുടെ വെളിച്ചമാക്കി വെച്ച പൗലൊസ് പറയുന്നു: സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു.” ജാതികളോടു സുവിശേഷം പ്രസംഗിക്കുവാൻ ക്രിസ്തുവിൽ നിന്നും പ്രത്യേകം നിയോഗം പ്രാപിച്ച അപ്പൊസ്തലനായിരുന്നു പൗലൊസ്. സ്നാനം പ്രസ്തുത നിയോഗത്തിന്റെ ഭാഗമായിരുന്നെങ്കിൽ, സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതെന്നു പൗലൊസ് പറയുമായിരുന്നോ? ജലസ്നാനം കൂടാതെ രക്ഷ കിട്ടില്ലെങ്കിൽ പൗലൊസ് കള്ളയപ്പൊസ്തലൻ ആയിരുന്നോ?

11. അപ്പൊല്ലോസിനെക്കുറിച്ചുള്ള വിവരങ്ങളാണിത്: 1. വാഗ്വൈഭവവും തിരുവെഴുത്തുകളിൽ സാമർത്ഥ്യവുമുള്ളവൻ. 2. കർത്താവിന്റെ മാർഗ്ഗത്തിൽ ഉപദേശം ലഭിച്ചവൻ. 3. ആത്മാവിൽ എരിവുള്ളവൻ. 4. യേശുവിന്റെ വസ്തുത സൂക്ഷമമായി പ്രസ്താവിക്കയും ഉപദേശിക്കയും ചെയ്തവൻ. 5. ദൈവകൃപയാൽ വിശ്വസിച്ചവർക്കു വളരെ പ്രയോജനമായിത്തിർന്നവൻ. 6. യേശു തന്നേ ക്രിസ്തു എന്നു അവൻ തിരുവെഴുത്തുകളാൽ തെളിയിച്ചു ബലത്തോടെ യെഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞവൻ. (പ്രവൃ, 18: 24-28). ഏഴാമത് ഒരു യോഗ്യത കൂടിയുണ്ട്; അവൻ അപ്പൊസ്തലനായിരുന്നു: (1കൊരി, 4:6-9). സ്നാനംകൂടാതെ രക്ഷ കിട്ടില്ലെങ്കിൽ, യോഹന്നാന്റെ സ്നാനത്തെക്കുറിച്ചു മാത്രം അറിഞ്ഞിരുന്ന, ക്രിസ്തീയ സ്നാത്തെക്കുറിച്ച് കേട്ടിട്ടുപോലും ഇല്ലായിരുന്ന അപ്പൊല്ലോസെന്ന ഈ അപ്പൊസ്തലനും രക്ഷിക്കപ്പെട്ടവനായിരുന്നില്ലേ? [പിന്നീട് അവൻ സ്നാനപ്പെട്ടിരിക്കാം, എന്നു പറയുമായിരിക്കും]. ചോദ്യമിതാണ്: അതുവരെ രക്ഷിക്കപ്പെടാത്ത അവനെയെന്തിനാണ് പരിശുദ്ധാത്മാവ് വൈറ്റ് വാഷ് ചെയ്ത് വേദപുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്?

കൂടുതലറിയാൻ കാണുക:

പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം

ആത്മസ്നാനവും ജലസ്നാനവും

സ്നാനം ഏല്ക്കേണ്ട നാമം

കൃപയാലള്ള വിശ്വാസത്താലാണ് രക്ഷ ലഭിക്കുന്നതെന്ന 100-ലധികം വാക്യങ്ങൾ കാണാൻ:👇

രക്ഷ കൃപയാലുള്ള വിശ്വാസത്താൽ മാത്രം

രക്ഷ വിശ്വാസത്താൽ മാത്രം

രക്ഷ കൃപയാലുള്ള വിശ്വാസത്താൽ മാത്രം

ക്രിസ്തുവെന്ന സ്വർഗ്ഗത്തേക്കാൾ ഉന്നതനായ വ്യക്തിയിലുള്ള വിശ്വാസമാണ് രക്ഷയ്ക്കാധാരം. അല്ലാതെ, മനുഷ്യൻ്റെ യാതൊരു പ്രവൃത്തിയും രക്ഷയ്ക്ക് കാരണമായി ഭവിക്കുന്നില്ല.

“ക്രിസ്തുവിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.” (പ്രവൃ, 10:43).

ദൈവത്തിന്റെ കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൌജന്യമായത്രേ നീതീകരിക്കപ്പെടുന്നതു. വിശ്വസിക്കുന്നവർക്കു അവൻ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്റെ പൊറുമയിൽ മുൻകഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്റെ നീതിയെ പ്രദർശിപ്പിപ്പാൻ, താൻ നീതിമാനും യേശുവിൽ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിന്നു ഇക്കാലത്തു തന്റെ നീതിയെ പ്രദർശിപ്പിപ്പാൻ തന്നേ അങ്ങനെ ചെയ്തതു. ആകയാൽ പ്രശംസ എവിടെ? അതുപൊയ്പോയി. ഏതു മാർഗ്ഗത്താൽ? കർമ്മ മാർഗ്ഗത്താലോ? അല്ല, വിശ്വാസമാർഗ്ഗത്താലത്രേ. അങ്ങനെ മനുഷ്യൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തികൂടാതെ വിശ്വാസത്താൽ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു.” (റോമ, 3:24-28).

“അതുകൊണ്ടു കൃപാദാനം എന്നു വരേണ്ടതിന്നു വിശ്വാസത്താലത്രേ അവകാശികൾ ആകുന്നതു; വാഗ്ദത്തം സകലസന്തതിക്കും, ന്യായപ്രമാണമുള്ളവർക്കു മാത്രമല്ല, അബ്രാഹാമിന്റെ വിശ്വാസമുള്ളവർക്കും കൂടെ ഉറപ്പാകേണ്ടതിന്നു തന്നെ.” (റോമ, 4:16)

“കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാ സ്നേഹംനിമിത്തം അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടു കൂടെ ജീവിപ്പിക്കയും — കൃപയാലത്രേ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു — കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു. ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.” (എഫെ, 2:4,5–8,9)

“ക്രിസ്തുവിൽ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പു ഉണ്ടു.” (കൊലൊ, 1:14).

രക്ഷ വ്യക്തിയിൽ സ്വയമായി ഉളവാകുന്നതല്ല. യേശു പറയുന്നത്; എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ (പരിശുദ്ധാത്മാവ്) ഒഴുകും എന്നാണ്. (യോഹ, 7:37-39). വിശ്വസിക്കുന്നവന് പരിശുദ്ധാത്മാവ് ലഭിക്കുമെന്നല്ല; അവൻ്റെ ഉള്ളിൽനിന്ന് ആത്മാവ് വരുമെന്നാണ്. അപ്പോൾ വിശ്വസിക്കണമെങ്കിൽ നമ്മുടെ ഉള്ളിൽ ആത്മാവ് ഉണ്ടായിരിക്കണം. അതായത്, വിശ്വാസത്തിൻ്റെ പ്രസംഗം അഥവാ സുവിശേഷം കേൾക്കുമ്പോഴാണ് വ്യക്തിയുടെ ഉള്ളിലേക്ക് പരിശുദ്ധാത്മാവ് വരുന്നത്. (ഗലാ, 3:2). ഈ ആത്മാവാണ് രക്ഷിതാവിനെ വിശ്വസിക്കാൻ വ്യക്തിക്കു കൃപ നല്കുന്നതും (എഫെ, 2:5, 8), പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ബോധംവരുത്തി വ്യക്തിയെ മാനസാന്തരത്തിലേക്ക് നടത്തുന്നതും. (യോഹ, 16:8; 2കൊരി, 7:8-10; എബ്രാ, 4:12). ഈ പരിശുദ്ധാത്മാവ് തന്നെയാണ് യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറയാനും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കാനും കൃപ നല്കുന്നതും. (റോമ, 10:9,10). പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു ഏറ്റുപറഞ്ഞ് രക്ഷപ്രാപിക്കാൻ ആർക്കും കഴിയില്ല.(1കൊരി, 12:3). “കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല; അല്ലെങ്കിൽ കൃപ കൃപയല്ല.” (റോമ, 11:6). “സകലവും അവനിൽ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന്നു എന്നേക്കും മഹത്വം ആമേൻ.” (റോമ, 11:36).

1. വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും. (മർക്കൊ, 16:16)

2. യേശുവിനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. (യോഹ, 1:12)

3. യേശുവിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നേ. (യോഹ, 3:15)

4. തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. (യോഹ, 3:16)

5. യേശുവിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജതാനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു. (യോഹ, 3:18)

6. പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ള. (യോഹ, 3:36)

7. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽ നിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു. (യോഹ, 5:24)

8. ഇതു ഹേതുവായിട്ടത്രേ ഞാൻ നിങ്ങളോടു: “പിതാവു കൃപ നല്കീട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല എന്നു പറഞ്ഞതു” എന്നും അവൻ പറഞ്ഞു. (യോഹ, 6:65)

9. യേശു അവരോടുപറഞ്ഞതു: “ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവന്നു വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന്നു ഒരു നാളും ദാഹിക്കയുമില്ല. (യോഹ, 6:35)

10. പുത്രനെ നോക്കിക്കൊണ്ടു അവനിൽ വിശ്വസിക്കുന്ന ഏവന്നും നിത്യജീവൻ ഉണ്ടാകേണമെന്നാകുന്നു എന്റെ പിതാവിന്റെ ഇഷ്ടം; ഞാൻ അവനെ ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കും. (യോഹ, 6:40)

11. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു. (യോഹ, 6:47)

12. എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും” എന്നു വിളിച്ചു പറഞ്ഞു. അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചു ആകുന്നു പറഞ്ഞതു; യേശു അന്നു തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാൽ ആത്മാവു വന്നിട്ടില്ലായിരുന്നു. (യോഹ, 7:38,39)

13. ആകയാൽ നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും എന്നു ഞാൻ നിങ്ങളോടു പറഞ്ഞു; ഞാൻ അങ്ങനെയുള്ളവൻ എന്നു വിശ്വസിക്കാഞ്ഞാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും” എന്നു പറഞ്ഞു. (യോഹ, 8:24)

14. യേശു അവളോടു: ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. (യോഹ, 11:25)

15. ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരു നാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു. (യോഹ 11:26)

16. യേശു അവളോടു: വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും എന്നു ഞാൻ നിന്നോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു. (യോഹ, 11:40)

17. എന്നിൽ വിശ്വസിക്കുന്നവൻ ആരും ഇരുളിൽ വസിക്കാതിരിപ്പാൻ ഞാൻ വെളിച്ചമായി ലോകത്തിൽ വന്നിരിക്കുന്നു. (യോഹ, 12:46)

18 എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തുഎന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു. (യോഹ, 20:31)

19 എങ്കിലും ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്‍റെ നാമത്തെയുംകുറിച്ച് ഫീലിപ്പോസ് പ്രസംഗിച്ച സുവിശേഷം വിശ്വസിച്ച പുരുഷന്മാരും സ്‍ത്രീകളും സ്നാപനം സ്വീകരിച്ചു. ശിമോന്‍പോലും വിശ്വസിച്ചു; (പ്രവൃ, 8:12. സ.വേ.പു.നൂ.പ)

20. അവനിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു. (പ്രവൃ, 10:43)

21. ആകയാൽ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ? (പ്രവൃ, 11:17)

22. മോശെയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽ നിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ. (പ്രവൃ, 13:39)

23. ജാതികൾ ഇതു കേട്ടു സന്തോഷിച്ചു ദൈവവചനത്തെ മഹത്വപ്പെടുത്തി, നിത്യജീവന്നായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു. (പ്രവൃ, 13:48)

24. കര്‍ത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതു പോലെ അവരും വിശ്വസിക്കുന്നു. (പ്രവൃ, 15:11)

25. കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും എന്നു അവർ പറഞ്ഞു. (പ്രവൃ, 16:31)

26. പള്ളി പ്രമാണിയായ ക്രിസ്പൊസ് തന്റെ സകല കുടുംബത്തോടുംകൂടെ കർത്താവിൽ വിശ്വസിച്ചു; കൊരിന്ത്യരിൽ അനേകർ വചനം കേട്ടു വിശ്വസിച്ചു സ്നാനം ഏറ്റു. (പ്രവൃ, 18:8)

27. അവൻ അഖായയിലേക്കു പോകുവാൻ ഇച്ഛിച്ചപ്പോൾ സഹോദരന്മാർ അവനെ ഉത്സാഹിപ്പിക്കയും അവനെ കൈക്കൊള്ളേണ്ടിതിന്നു ശിഷ്യന്മാർക്കു എഴുതുകയും ചെയ്തു; അവിടെ എത്തിയാറെ അവൻ ദൈവകൃപയാൽ വിശ്വസിച്ചവർക്കു വളരെ പ്രയോജനമായിത്തിർന്നു. (പ്രവൃ, 18:27)

28. എങ്കിലും ഞാൻ എന്റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല; എന്റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിന്നു സാക്ഷ്യം പറയേണ്ടതിന്നു കർത്താവായ യേശുതന്ന ശുശ്രൂഷയും തികെക്കേണം എന്നേ എനിക്കുള്ളു. (പ്രവൃ, 20:24)

29. സുവിശേഷത്തെക്കുറിച്ചു എനിക്കു ലജ്ജയില്ല; വിശ്വസിക്കുന്ന ഏവന്നും ആദ്യം യെഹൂദന്നും പിന്നെ യവനവന്നും അതു രക്ഷെക്കായി ദൈവശക്തിയാകുന്നുവല്ലോ. (റോമ, 1:16)

30. അതിൽ ദൈവത്തിന്റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിന്നായിക്കൊണ്ടും വെളിപ്പെടുന്നു. “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ. (റോമ, 1:17)

31. ഇപ്പോഴോ ദൈവത്തിന്റെ നീതി, വിശ്വസിക്കുന്ന എല്ലാവർക്കും യേശുക്രിസ്തുവിങ്കലെ വിശ്വാസത്താലുള്ള ദൈവനീതി, തന്നേ, ന്യായപ്രമാണം കൂടാതെ വെളിപ്പെട്ടുവന്നിരിക്കുന്നു. (റോമ, 3:21)

32. അവന്റെ കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൌജന്യമായത്രേ നീതീകരിക്കപ്പെടുന്നതു. (റോമ, 3:24)

32. വിശ്വസിക്കുന്നവർക്കു അവൻ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്റെ പൊറുമയിൽ മുൻകഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്റെ നീതിയെ പ്രദർശിപ്പിപ്പാൻ. (റോമ, 3:25)

33. താൻ നീതിമാനും യേശുവിൽ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിന്നു ഇക്കാലത്തു തന്റെ നീതിയെ പ്രദർശിപ്പിപ്പാൻ തന്നേ അങ്ങനെ ചെയ്തതു. (റോമ, 3:26)

34. ആകയാൽ പ്രശംസ എവിടെ? അതുപൊയ്പോയി. ഏതു മാർഗ്ഗത്താൽ? കർമ്മ മാർഗ്ഗത്താലോ? അല്ല, വിശ്വാസമാർഗ്ഗത്താലത്രേ. (റോമ, 3:27)

35. അങ്ങനെ മനുഷ്യൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തികൂടാതെ വിശ്വാസത്താൽ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു. (റോമ, 3:28)

36. ദൈവം ഏകനല്ലോ; അവൻ വിശ്വാസംമൂലം പരിച്ഛേദനക്കാരെയും വിശ്വാസത്താൽ അഗ്രചർമ്മികളെയും നീതീകരിക്കുന്നു. (റോമ, 3:30)

37 പ്രവർത്തിക്കാത്തവൻ എങ്കിലും അഭക്തനെ നിതീകരിക്കുന്നവനിൽ വിശ്വസിക്കുന്നവന്നോ അവന്റെ വിശ്വാസം നീതിയായി കണക്കിടുന്നു. (റോമ, 4:5)

38. അഗ്രചർമ്മത്തിൽവെച്ചു ഉണ്ടായിരുന്നു വിശ്വാസനീതിക്കു മുദ്രയായി പരിച്ഛേദന എന്ന അടയാളം അവന്നു ലഭിച്ചതു അഗ്രചർമ്മത്തോട വിശ്വസിക്കുന്നവർക്കും കൂടെ നീതി കണക്കിടപ്പെടുവാന്തക്കവണ്ണം താൻ അവർക്കു എല്ലാവർക്കും പിതാവായിരിക്കേണ്ടതിന്നും (റോമ, 4:11)

39. എന്നാൽ ന്യായപ്രമാണമുള്ളവർ അവകാശികൾ എങ്കിൽ വിശ്വാസം വ്യർത്ഥവും വാഗ്ദത്തം ദുർബ്ബലവും എന്നു വരും.” (റോമ, 4:14)

40. അതുകൊണ്ടു കൃപാദാനം എന്നു വരേണ്ടതിന്നു വിശ്വാസത്താലത്രേ അവകാശികൾ ആകുന്നതു; വാഗ്ദത്തം സകലസന്തതിക്കും, ന്യായപ്രമാണമുള്ളവർക്കു മാത്രമല്ല, അബ്രാഹാമിന്റെ വിശ്വാസമുള്ളവർക്കും കൂടെ ഉറപ്പാകേണ്ടതിന്നു തന്നെ. (റോമ, 4:16)

41. നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്നു ഉയർപ്പിച്ചവനിൽ വിശ്വസിക്കുന്ന നമുക്കും കണക്കിടുവാനുള്ളതാകയാൽ തന്നേ. (റോമ, 4:25)

42. വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ടു. (റോമ, 5:1)

43. നാം നില്ക്കുന്ന ഈ കൃപയിലേക്കു നമുക്കു അവന്മൂലം വിശ്വാസത്താൽ പ്രവേശനവും ലഭിച്ചിരിക്കുന്നു; നാം ദൈവതേജസ്സിന്റെ പ്രത്യാശയിൽ പ്രശംസിക്കുന്നു. (റോമ, 5:2)

44. എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു. (റോമ, 5:15)

45. ഏകന്റെ ലംഘനത്താൽ മരണം ആ ഏകൻ നിമിത്തം വാണു എങ്കിൽ കൃപയുടെയും നീതിദാനത്തിന്റെയും സമൃദ്ധിലഭിക്കുന്നവർ യേശുക്രിസ്തു എന്ന ഏകൻ നിമിത്തം ഏറ്റവും അധികമായി ജീവനിൽ വാഴും. (റോമ, 5:17)

46. പാപം മരണത്താൽ വാണതുപോല കൃപയും നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നീതിയാൽ നിത്യജീവന്നായി വാഴേണ്ടതിന്നു തന്നേ. (റോമ, 5:21)

47. പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ. (റോമ, 6:23)

48. ആകയാൽ നാം എന്തു പറയേണ്ടു? നീതിയെ പിന്തുടരാത്ത ജാതികൾ നീതിപ്രാപിച്ചു, വിശ്വാസത്താലുള്ള നീതി തന്നേ. (റോമ, 9:30)

49. അതെന്തുകൊണ്ടു? വിശ്വാസത്താലല്ല, പ്രവൃത്തികളാൽ അന്വേഷിച്ചതുകൊണ്ടു തന്നേ അവർ ഇടർച്ചക്കല്ലിന്മേൽ തട്ടി ഇടറി: (റോമ, 9:32)

50. “ഇതാ, ഞാൻ സീയോനിൽ ഇടർച്ചക്കല്ലും തടങ്ങൽ പാറയും വെക്കുന്നു; അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിച്ചു പോകയില്ല” എന്നു എഴുതിയിരിക്കുന്നുവല്ലോ. (റോമ, 9:33)

51. വിശ്വസിക്കുന്ന ഏവന്നും നീതി ലഭിപ്പാൻ ക്രിസ്തു ന്യായപ്രമാണത്തിന്റെ അവസാനം ആകുന്നു. (റോമ, 10:4)

52. വിശ്വാസത്താലുള്ള നീതിയോ ഇവ്വണ്ണം പറയുന്നു: “ക്രിസ്തുവിനെ ഇറക്കേണം എന്നു വിചാരിച്ചു ആർ സ്വർഗ്ഗത്തിൽ കയറും എന്നോ (റോമ, 10:6)

53. എന്നാൽ അതു എന്തു പറയുന്നു? “വചനം നിനക്കു സമീപമായി നിന്റെ വായിലും നിന്റെ ഹൃദയത്തിലും ഇരിക്കുന്നു;” അതു ഞങ്ങൾ പ്രസംഗിക്കുന്ന വിശ്വാസ വചനം തന്നേ. (റോമ, 10:8)

54. യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും. (റോമ, 10:9)

55. ഹൃദയം കൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു. (റോമ, 10:10)

56. “അവനിൽ വിശ്വസിക്കുന്നവൻ ഒരുത്തനും ലജ്ജിച്ചു പോകയില്ല” എന്നു തിരുവെഴുത്തിൽ അരുളിച്ചെയ്യുന്നുവല്ലോ. (റോമ, 10:11)

57. ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു. (റോമ, 10:17)

58. അങ്ങനെ ഈ കാലത്തിലും കൃപയാലുള്ള തിരഞ്ഞെടുപ്പിൻ പ്രകാരം ഒരു ശേഷിപ്പുണ്ടു. (റോമ, 11:5)

59. കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല; അല്ലെങ്കിൽ കൃപ കൃപയല്ല. (റോമ, 11:6 )

60. ശരി; അവിശ്വാസത്താൽ അവ ഒടിഞ്ഞുപോയി; വിശ്വാസത്താൽ നീ നില്ക്കുന്നു; ഞെളിയാതെ ഭയപ്പെടുക. (റോമ, 11:20)

61. ഇതു ചെയ്യേണ്ടതു ഉറക്കത്തിൽനിന്നു ഉണരുവാൻ നാഴിക വന്നിരിക്കുന്നു എന്നിങ്ങനെ നിങ്ങൾ സമയത്തെ അറികയാൽ തന്നേ; നാം വിശ്വസിച്ച സമയത്തെക്കാൾ രക്ഷ ഇപ്പോൾ നമുക്കു അധികം അടുത്തിരിക്കുന്നു. (റോമ, 13:11)

62. ദൈവത്തിന്റെ ജ്ഞാനത്തിൽ ലോകം ജ്ഞാനത്താൽ ദൈവത്തെ അറിയായ്കകൊണ്ടു വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്വത്താൽ രക്ഷിപ്പാൻ ദൈവത്തിന്നു പ്രസാദം തോന്നി. (1കൊരി, 1:21)

63. എന്നാൽ സഹോദരന്മാരേ, ഞാൻ നിങ്ങളോടു സുവിശേഷിച്ചതും നിങ്ങൾക്കു ലഭിച്ചതും നിങ്ങൾ നില്ക്കുന്നതും നിങ്ങൾ വിശ്വസിച്ചതും വൃഥാവല്ലെന്നു വരികിൽ നിങ്ങൾ രക്ഷിക്കപ്പെടുന്നതുമായ സുവിശേഷം നിങ്ങൾ പിടിച്ചുകൊണ്ടാൽ ഞാൻ ഇന്നവിധം നിങ്ങളോടു സുവിശേഷിച്ചിരിക്കുന്നു എന്നു നിങ്ങളെ ഓർപ്പിക്കുന്നു. (1കൊരി, 15:1)

64. എങ്കിലും ഞാൻ ആകുന്നതു ദൈവകൃപയാൽ ആകുന്നു; എന്നോടുള്ള അവന്റെ കൃപ വ്യർത്ഥമായതുമില്ല; അവരെല്ലാവരെക്കാളും ഞാൻ അത്യന്തം അദ്ധ്വാനിച്ചിരിക്കുന്നു; എന്നാൽ ഞാനല്ല എന്നോടുകൂടെയുള്ള ദൈവകൃപയത്രേ. (1കൊരി, 15:10)

65. ക്രിസ്തുവിന്റെ കൃപയാൽ നിങ്ങളെ വിളിച്ചവനെ വിട്ടു നിങ്ങൾ ഇത്രവേഗത്തിൽ വേറൊരു സുവിശേഷത്തിലേക്കു മറിയുന്നതു കൊണ്ടു ഞാൻ ആശ്ചര്യപ്പെടുന്നു. (ഗലാ, 1:6)

66. യെഹൂദന്മാരത്രെ; എന്നാൽ യേശുക്രിസ്തുവിലുള്ള വിശ്വാസത്താലല്ലാതെ ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ മനുഷ്യൻ നീതികരിക്കപ്പെടുന്നില്ല എന്നു അറിഞ്ഞിരിക്കകൊണ്ടു നാമും ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാലല്ല ക്രിസ്തുവിലുള്ള വിശ്വാസത്താൽ തന്നേ നീതീകരിക്കപ്പെടേണ്ടതിന്നു ക്രിസ്തുയേശുവിൽ വിശ്വസിച്ചു; ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും നീതീകരിക്കപ്പെടുകയില്ലല്ലോ. (ഗലാ, 2:16)

67. ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നതു ഞാനല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു; ഇപ്പോൾ ഞാൻ ജഡത്തിൽ ജീവിക്കുന്നതോ എന്നെ സ്നേഹിച്ചു എനിക്കു വേണ്ടി തന്നെത്താൻ ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നതു. (ഗലാ, 2:20)

68. ഞാൻ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ? (ഗലാ, 3:2)

69. എന്നാൽ നിങ്ങൾക്കു ആത്മാവിനെ നല്കി നിങ്ങളുടെ ഇടയിൽ വീര്യപ്രവൃത്തികളെ ചെയ്യുന്നവൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗത്താലോ അങ്ങനെ ചെയ്യുന്നതു? (ഗലാ, 3:5)

70. എന്നാൽ ദൈവം വിശ്വാസംമൂലം ജാതികളെ നീതീകരിക്കുന്നു എന്നു തിരുവെഴുത്തു മുൻകണ്ടിട്ടു: “നിന്നിൽ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രാഹാമിനോടു മുമ്പുകൂട്ടി അറിയിച്ചു. (ഗലാ, 3:8)

71. എന്നാൽ ന്യായപ്രമാണത്താൽ ആരും ദൈവസന്നിധിയിൽ നീതീകരിക്കപ്പെടുന്നില്ല എന്നതു സ്പഷ്ടം; “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നല്ലോ ഉള്ളതു. (ഗലാ, 3:11)

72. അബ്രാഹാമിന്റെ അനുഗ്രഹം ക്രിസ്തുയേശുവിൽ ജാതികൾക്കു വരേണ്ടതിന്നു നാം ആത്മാവെന്ന വാഗ്ദത്തവിഷയം വിശ്വാസത്താൽ പ്രാപിപ്പാൻ തന്നേ. (ഗലാ, 3:14)

73. എങ്കിലും വിശ്വസിക്കുന്നവർക്കു വാഗ്ദത്തം യേശുക്രിസ്തുവിലെ വിശ്വാസത്താൽ ലഭിക്കേണ്ടതിന്നു തിരുവെഴുത്തു എല്ലാവറ്റെയും പാപത്തിൻ കീഴടെച്ചുകളഞ്ഞു. (ഗലാ, 3:22)

74. അങ്ങനെ നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന്നു ന്യായപ്രമാണം ക്രിസ്തുവിന്റെ അടുക്കലേക്കു നടത്തുവാൻ നമുക്കു ശിശുപാലകനായി ഭവിച്ചു. (ഗലാ, 3:24)

75. ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു. (ഗലാ, 3:26)

76. ഞങ്ങളോ വിശ്വാസത്താൽ നീതി ലഭിക്കും എന്നുള്ള പ്രത്യാശാനിവൃത്തിയെ ആത്മാവിനാൽ കാത്തിരിക്കുന്നു. (ഗലാ, 5:5)

77. ക്രിസ്തുയേശുവിൽ പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല സ്നേഹത്താൽ വ്യാപരിക്കുന്ന വിശ്വാസമത്രേ കാര്യം. (ഗലാ, 5:6)

78. അവനിൽ നിങ്ങൾക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങൾ കേൾക്കയും അവനിൽ വിശ്വസിക്കയും ചെയ്തിട്ടു, തന്റെ സ്വന്തജനത്തിന്റെ വീണ്ടെടുപ്പിന്നു വേണ്ടി തന്റെ മഹത്വത്തിന്റെ പുകഴ്ചെക്കായിട്ടു നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു. (എഫെ, 1:13,14)

79. വിശ്വസിക്കുന്ന നമുക്കുവേണ്ടി വ്യാപരിക്കുന്ന അവന്റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്നും നിങ്ങൾ അറിയേണ്ടതിന്നും പ്രാർത്ഥിക്കുന്നു. (എഫെ, 1:19)

80. അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടു കൂടെ ജീവിപ്പിക്കയും — കൃപയാലത്രേ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു. (എഫെ, 2:5)

81. കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു. (എഫെ, 2:8)

82. അവനിൽ ആശ്രയിച്ചിട്ടു അവങ്കലുള്ള വിശ്വാസത്താൽ നമുക്കു ധൈര്യവും പ്രവേശനവും ഉണ്ടു. (എഫെ, 3:12)

83. ക്രിസ്തു വിശ്വാസത്താൽ നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കേണ്ടതിന്നും വരം നല്കേണം എന്നും നിങ്ങൾ സ്നേഹത്തിൽ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി (എഫെ, 3:17)

84. എന്നാൽ നമ്മിൽ ഓരോരുത്തന്നു ക്രിസ്തുവിന്റെ ദാനത്തിന്റെ അളവിന്നു ഒത്തവണ്ണം കൃപ ലഭിച്ചിരിക്കുന്നു. (എഫെ, 4:7)

85. ഞാൻ ക്രിസ്തുവിനെ നേടേണ്ടതിന്നും ന്യായപ്രമാണത്തിൽനിന്നുള്ള എന്റെ സ്വന്ത നീതിയല്ല, ക്രിസ്തുവിങ്കലുള്ള വിശ്വാസംമൂലം ദൈവം വിശ്വസിക്കുന്നവർക്കു നൽകുന്ന നീതി തന്നേ ലഭിച്ചു. (ഫിലി, 3:9)

86. ആകാശത്തിൻ കീഴെ സകല സൃഷ്ടികളുടെയും ഇടയിൽ ഘോഷിച്ചും പൌലോസ് എന്ന ഞാൻ ശുശ്രൂഷകനായിത്തീർന്നും നിങ്ങൾ കേട്ടുമിരിക്കുന്ന സുവിശേഷത്തിന്റെ പ്രത്യാശയിൽനിന്നു നിങ്ങൾ ഇളകാതെ അടിസ്ഥാനപ്പെട്ടവരും സ്ഥിരതയുള്ളവരുമായി വിശ്വാസത്തിൽ നിലനിന്നുകൊണ്ടാൽ അങ്ങനെ അവന്റെ മുമ്പിൽ നില്ക്കും. (കൊലൊ, 1:23)

87. അവനിൽ വേരൂന്നിയും ആത്മികവർദ്ധന പ്രാപിച്ചും നിങ്ങൾക്കു ഉപദേശിച്ചുതന്നതിന്നു ഒത്തവണ്ണം വിശ്വാസത്താൽ ഉറെച്ചും സ്തോത്രത്തിൽ കവിഞ്ഞും ഇരിപ്പിൻ. (കൊലൊ, 2:7)

88. സ്നാനത്തിൽ നിങ്ങൾ അവനോടുകൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേല്പിച്ച ദൈവത്തിന്റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താൽ അവനോടുകൂടെ നിങ്ങളും ഉയിർത്തെഴുന്നേൽക്കയും ചെയ്തു. (കൊലൊ, 2:12)

89. യേശു മരിക്കയും ജീവിച്ചെഴുന്നേൽക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നേ ദൈവം നിദ്രകൊണ്ടവരെയും യേശുമുഖാന്തരം അവനോടുകൂടെ വരുത്തും. (1തെസ്സ, 4:14)

90. അതുകൊണ്ടു ഞങ്ങൾ നമ്മുടെ ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും കൃപയാൽ നമ്മുടെ കർത്താവായ യേശുവിന്റെ നാമം നിങ്ങളിലും നിങ്ങൾ അവനിലും മഹത്വപ്പെടേണ്ടതിന്നു. (2തെസ്സ, 1:11)

91. സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന ഏവർക്കും ന്യായവിധി വരേണ്ടതിന്നു. (2തെസ്സ, 2:11)

92. ഞങ്ങളോ, കർത്താവിന്നു പ്രിയരായ സഹോദരന്മാരേ, ദൈവം നിങ്ങളെ ആദിമുതൽ ആത്മാവിന്റെ വിശുദ്ധീകരണത്തിലും സത്യത്തിന്റെ വിശ്വാസത്തിലും രക്ഷെക്കായി തിരഞ്ഞെടുത്തതുകൊണ്ടു നിങ്ങൾ നിമിത്തം ദൈവത്തെ എപ്പോഴും സ്തുതിപ്പാൻ കടമ്പെട്ടിരിക്കുന്നു. (2തെസ്സ, 2:13)

93. നമ്മുടെ കർത്താവായ യേശുക്രിസ്തുതാനും നമ്മെ സ്നേഹിച്ചു നിത്യാശ്വാസവും നല്ല പ്രത്യാശയും കൃപയാലെ നല്കിയിരിക്കുന്ന നമ്മുടെ പിതാവായ ദൈവവും (2തെസ്സ, 2:16)

94. അതിന്നായിട്ടു തന്നേ നാം സകലമനുഷ്യരുടെയും പ്രത്യേകം വിശ്വസികളുടെയും രക്ഷിതാവായ ജീവനുള്ള ദൈവത്തിൽ ആശവെച്ചു അദ്ധ്വാനിച്ചും പോരാടിയും വരുന്നു. (1തിമൊ, 4:10)

95. അതു നിമിത്തം തന്നേ ഞാൻ ഇതൊക്കെയും സഹിക്കുന്നു; എങ്കിലും ലജ്ജിക്കുന്നില്ല; ഞാൻ ആരെ വിശ്വസിച്ചിരിക്കുന്നു എന്നറിയുന്നു; അവൻ എന്റെ ഉപനിധി ആ ദിവസംവരെ സൂക്ഷിപ്പാൻ ശക്തൻ എന്നു ഉറച്ചുമിരിക്കുന്നു. (തിമൊ, 2 1:12)

96. നീയോ ഇന്നവരോടു പഠിച്ചു എന്നു ഓർക്കുകയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താൽ നിന്നെ രക്ഷെക്കു ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ ബാല്യംമുതൽ അറികയും ചെയ്യുന്നതു കൊണ്ടു (2തിമൊ, 3:14)

97. സകലമനുഷ്യർക്കും രക്ഷാകരമായ ദൈവകൃപ ഉദിച്ചുവല്ലോ; (തീത്തൊ, 2:11)

98. നാം അവന്റെ കൃപയാൽ നീതീകരിക്കപ്പെട്ടിട്ടു പ്രത്യാശപ്രകാരം നിത്യജീവന്റെ അവകാശികളായിത്തീരേണ്ടതിന്നു പുനർജ്ജനനസ്നാനം കൊണ്ടും (തീത്തൊ, 3:6)

99. എങ്കിലും ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു. (എബ്രാ, 2:9)

100. വിശ്വസിച്ചവരായ നാമല്ലോ സ്വസ്ഥതയിൽ പ്രവേശിക്കുന്നു; ലോകസ്ഥാപനത്തിങ്കൽ പ്രവൃത്തികൾ തീർന്നുപോയശേഷവും: “അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല എന്നു ഞാൻ എന്റെ കോപത്തിൽ സത്യം ചെയ്തു” എന്നു അരുളിച്ചെയ്തിരിക്കുന്നുവല്ലോ. (എബ്രാ, 4:3)

101. എന്നാൽ “എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും; പിൻമാറുന്നു എങ്കിൽ എന്റെ ഉള്ളത്തിന്നു അവനിൽ പ്രസാദമില്ല.” (എബ്രാ, 10:38)

102. നാമോ നാശത്തിലേക്കു പിന്മാറുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലത്രേ ആകുന്നു. (എബ്രാ, 10:39)

103. യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു. ജനിപ്പിച്ചവനെ സ്നേഹിക്കുന്നവൻ എല്ലാം അവനിൽനിന്നു ജനിച്ചവനെയും സ്നേഹിക്കുന്നു. (1യോഹ, 5:1)

104. ദൈവത്തിൽനിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ. (1യോഹ, 5:4)

105. ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്കു ഞാൻ ഇതു എഴുതിയിരിക്കുന്നതു നിങ്ങൾക്കു നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ അറിയേണ്ടതിന്നു തന്നേ. (1യോഹ, 5:13).

“മുമ്പെ ദൂരസ്ഥരായിരുന്ന നിങ്ങൾ ഇപ്പോൾ ക്രിസ്തുയേശുവിൽ ക്രിസ്തുവിന്റെ രക്തത്താൽ സമീപസ്ഥരായിത്തീർന്നു. അവൻ നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താൽ നീക്കി വേർപ്പാടിന്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞതു സമാധാനം ഉണ്ടാക്കിക്കൊണ്ടു ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിപ്പാനും ക്രൂശിന്മേൽവെച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിപ്പാനും തന്നേ. അവൻ വന്നു ദൂരത്തായിരുന്ന നിങ്ങൾക്കു സമാധാനവും സമീപത്തുള്ളവർക്കു സമാധാനവും സുവിശേഷിച്ചു. അവൻ മുഖാന്തരം നമുക്കു ഇരുപക്ഷക്കാർക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്കു പ്രവേശനം ഉണ്ടു.” (എഫെ, 2:13).

അപ്പൊസ്തലന്മാർ

അപ്പൊസ്തലന്മാർ

അപ്പൊസ്തലൻ എന്ന പദത്തിനർത്ഥം അയക്കപ്പെട്ടവൻ അഥവാ പ്രേക്ഷിതൻ എന്നാണ്. ആ അർത്ഥത്തിൽ ആകെ 91/93 അപ്പൊസ്തലന്മാരുണ്ട്.

യേശുക്രിസ്തു 12 ശിഷ്യന്മാരെ തിരഞ്ഞെടുത്തത് കൂടാതെ 70 ശിഷ്യന്മാരെക്കൂടി തിരഞ്ഞെടുത്തതായി കാണാം. (ചില പരിഭാഷകളിൽ 72 എന്നും കാണുന്നുണ്ട്). യേശു ഉൾപ്പെടെ 24 പേരെ ‘അപ്പൊസ്തലൻ’ എന്നു ബൈബിളിൽ സംബോധന ചെയ്തിട്ടുണ്ട്. അതിൽ മത്ഥിയാസ്, ശീലാസ്, ബർന്നബാസ് എന്നീ മൂന്നുപേർ 72 ശിഷ്യന്മാരുടെ കൂട്ടത്തിൽ ഉൾപ്പെട്ടവരാണ്. കാരണം, മത്ഥിയാസിനെ പെന്തെക്കൊസ്തിനു മുമ്പേ അപ്പൊസ്തലന്മാർ തിരഞ്ഞെടുത്തതാണ്. ശീലാസ് യെരൂശലേം സഭയിലെ ഒരു പ്രധാന ശിഷ്യനായിരുന്നു; ബർന്നബാസിനെയും പെന്തെക്കൊസ്തു മുതൽ കാണുന്നുണ്ട്. മാത്രമല്ല, 72 പേരുടെ പട്ടികയിൽ ഇവരുടെ പേരുമുണ്ട്. എന്നാൽ, ഈ പട്ടികയിൽ ഉൾപ്പെട്ടതും, ബൈബിളിൽ അപ്പൊസ്തലന്മാർ എന്നു പറഞ്ഞിരിക്കുന്നതുമായ; യേശുവിൻ്റെ സഹോദരനായ യാക്കോബ് യേശുവിൻ്റെ ശുശ്രൂഷാകാലത്ത് അവനിൽ വിശ്വസിച്ചിരുന്നില്ല. അന്ത്രൊനിക്കൊസ്, യൂനിയാവ്, അപ്പൊല്ലോസ്, തീത്തൊസ്, തിമൊഥെയൊസ്, എപ്പഫ്രൊദിത്തൊസ് തുടങ്ങിയവർ പിൽക്കാലത്ത് വിശ്വാസത്തിലേക്ക് വന്നവരാണ്. ആകയാൽ, ബൈബിളിലെ 24 പേരുകളിൽ; മത്ഥിയാസ്, ശീലാസ്, ബർന്നബാസ് എന്നീ മൂന്നു പേരുകൾ കുറച്ചാൽ 21+70/72 = 91/93 അപ്പൊസ്തലന്മാർ എന്നു കിട്ടും. യേശു 70 പേരെയാണ് രണ്ടാമത് തിരഞ്ഞെടുത്തതെങ്കിൽ 91 അപ്പൊസ്തലന്മാരെന്നും; 72 പേരെയാണ് തിരഞ്ഞെടുത്തതെങ്കിൽ 93 പേരെന്നും കിട്ടും.

ആകെ അപ്പൊസ്തലന്മാർ

യേശു: “അതുകൊണ്ടു വിശുദ്ധ സഹോദരന്മാരേ, സ്വർഗ്ഗീയവിളിക്കു ഓഹരിക്കാരായുള്ളോരേ, നാം സ്വീകരിച്ചുപറയുന്ന അപ്പൊസ്തലനും മഹാപുരോഹിതനുമായ യേശുവിനെ ശ്രദ്ധിച്ചുനോക്കുവിൻ.” (എബ്രാ, 3:1). യേശു അവരോടു പറഞ്ഞതു: “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്തു അവന്റെ പ്രവൃത്തി തികെക്കുന്നതു തന്നെ എന്റെ ആഹാരം.” (യോഹ, 4:34).

പന്തണ്ട് ശിഷ്യന്മാർ: “നേരം വെളുത്തപ്പോൾ അവൻ ശിഷ്യന്മാരെ അടുക്കെ വിളിച്ചു, അവരിൽ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു, അവർക്കു അപ്പൊസ്തലന്മാർ എന്നും പേർ വിളിച്ചു.” (ലൂക്കോ, 6:13; മത്താ, 10:2,2; മർക്കൊ, 3:14,15).

എഴുപത് (72) ശിഷ്യന്മാർ: “അനന്തരം കർത്താവു വേറെ എഴുപതു പേരെ നിയമിച്ചു, താൻ ചെല്ലുവാനുള്ള ഓരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും അവരെ തനിക്കു മുമ്പായി ഈരണ്ടായി അയച്ചു, അവരോടു പറഞ്ഞതു:” (ലൂക്കോ, 10:1. സ.വേ.പു). “അതിനുശേഷം വേറെ എഴുപത്തിരണ്ടുപേരെ യേശു നിയമിച്ചു. അവിടുന്ന് അവരെ രണ്ടുപേരെ വീതം താന്‍ പോകാനിരുന്ന ഓരോ പട്ടണത്തിലേക്കും മറ്റു സ്ഥലങ്ങളിലേക്കും അയച്ചു. യേശു അവരോടു പറഞ്ഞു: (സ.വേ.പു.നൂ.പ; ഇ.ആർ.വി).

പൗലൊസ്: “കർത്താവു അവനോടു: നീ പോക; അവൻ എന്റെ നാമം ജാതികൾക്കും രാജാക്കന്മാർക്കും യിസ്രായേൽമക്കൾക്കും മുമ്പിൽ വഹിപ്പാൻ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നൊരു പാത്രം ആകുന്നു.” (പ്രവൃ, 9:15).

യാക്കോബ് (ഗലാ, 1:19), അന്ത്രൊനിക്കൊസ് (റോമ, 16:7), യൂനിയാവ് (റോമ, 16:7), അപ്പൊല്ലൊസ് (1കൊരി, 4:6-9), തീത്തൊസ് (2കൊരീ, 8:23), തിമൊഥെയൊസ് (1തെസ്സ, 2:6), എപ്പഫ്രൊദിത്തൊസ് (ഫിലി, 2:25)

1+12+70+1+7 = 91 പേർ. 72 പേരെയാണ് യേശു തിരഞ്ഞെടുത്തതെങ്കിൽ 93 അപ്പൊസ്തലന്മാരാകും.

24 പേരെ അപ്പൊസ്തലന്മാർ എന്നു ബൈബിളിൽ പറഞ്ഞിട്ടുണ്ട്:

1. യേശുക്രിസ്തു

പിതാവ് പുത്രനെ അയച്ചതുകൊണ്ട് പ്രഥമ അപ്പൊസ്തലൻ യേശുവാണ്. (യോഹ, 20:21; 1യോഹ, 4:14). “അതുകൊണ്ടു വിശുദ്ധ സഹോദരന്മാരേ, സ്വർഗ്ഗീയവിളിക്കു ഓഹരിക്കാരായുള്ളോരേ, നാം സ്വീകരിച്ചുപറയുന്ന അപ്പൊസ്തലനും മഹാപുരോഹിതനുമായ യേശുവിനെ ശ്രദ്ധിച്ചുനോക്കുവിൻ.” (എബ്രായർ 3:1).

2. പത്രൊസ്

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് അപ്പൊസ്തലന്മാരിൽ പ്രഥമൻ: “പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: ഒന്നാമൻ പത്രൊസ് എന്നു പേരുള്ള ശിമോൻ.” (മത്താ, 10:2; മർക്കൊ, 3:15,16; ലൂക്കൊ, 6:14; പ്രവൃ, 1:13).

3. അന്ത്രെയാസ്

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവനും പത്രൊസിൻ്റെ സഹോദരനും: “പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: ശീമോന്റെ സഹോദരൻ അന്ത്രെയാസ്.” (മത്താ, 10:2; മർക്കൊ, 3:18; ലൂക്കൊ, 6:14; പ്രവൃ, 1:13).

4. യാക്കോബ്

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവനും സെബെദിയുടെ മകനും: “പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: “സെബെദിയുടെ മകൻ യാക്കോബ്.” (മത്താ, 10:2; മർക്കൊ, 3:17; ലൂക്കൊ, 6:14; പ്രവൃ, 1:13).

5. യോഹന്നാൻ

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവനും യാക്കോബിൻ്റെ സഹോദരനും: “പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: യാക്കോബിന്റെ സഹോദരൻ യോഹന്നാൻ.” (മത്താ, 10:2,3; മർക്കൊ, 3:17; ലൂക്കൊ, 6:14; പ്രവൃ, 1:13).

6. ഫിലിപ്പൊസ്

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവൻ: “പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: ഫിലിപ്പൊസ്.” (മത്താ, 10:2,3; മർക്കൊ, 3:18; ലൂക്കൊ, 6:14; പ്രവൃ, 1:13).

7. ബർത്തൊലൊമായി

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവൻ: “പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: ബർത്തൊലൊമായി.” (മത്താ, 10:2,3; മർക്കൊ, 3:18; ലൂക്കൊ, 6:14; പ്രവൃ, 1:13).

8. തോമാസ്

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവൻ: “പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: തോമസ്.” (മത്താ, 10:2,3; മർക്കൊ, 3:18; ലൂക്കൊ, 6:15; പ്രവൃ, 1:13).

9. മത്തായി

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവൻ: പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: ചുങ്കക്കാരൻ മത്തായി.” (മത്താ, 10:2,3; മർക്കൊ, 3:18; ലൂക്കൊ, 6:15; പ്രവൃ, 1:13).

10. ചെറിയ യാക്കോബ്

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവൻ: പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: അല്ഫായുടെ മകൻ യാക്കോബ്.” (മത്താ, 10:2,3; മർക്കൊ, 3:18; ലൂക്കൊ, 6:16; പ്രവൃ, 1:13).

11. തദ്ദായി

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവൻ: പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: തദ്ദായി.” (മത്താ, 10:2, 4; മർക്കൊ, 3:18; ലൂക്കൊ, 6:15; പ്രവൃ, 1:13).

12. ശിമോൻ

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവൻ: “പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: എരിവുകാരനായ ശിമോൻ.” (മത്താ, 10:2, 4; മർക്കൊ, 3:18; ലൂക്കൊ, 6:15; പ്രവൃ, 1:13).

13. യൂദാ

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവൻ: പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: യേശുവിനെ കാണിച്ചുകൊടുത്ത ഈസ്കര്യോത്താ യൂദാ.” (മത്താ, 10:2, 4; മർക്കൊ, 3:19; ലൂക്കൊ, 6:16).

14. മത്ഥിയാസ്

ഈസ്കര്യോത്താ യൂദാ ഒഴിഞ്ഞുപോയ സ്ഥാനത്തേക്ക് അപ്പൊസ്തലന്മാർ തിരഞ്ഞെടുത്തവൻ: “ചീട്ടു മത്ഥിയാസിന്നു വീഴുകയും അവനെ പതിനൊന്നു അപ്പൊസ്തലന്മാരുടെ കൂട്ടത്തിൽ എണ്ണുകയും ചെയ്തു.” (പ്രവൃ, 1:26).

15. പൗലൊസ്

കർത്താവ് തിരഞ്ഞെടുത്ത്, ‘ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ജാതികളുടെ വെളിച്ചമാക്കി വെച്ച’ (പ്രവൃ, 13:47) ജാതികളുടെ അപ്പൊസ്തലനായ (റോമ, 11:13) പൗലൊസ്: “മനുഷ്യരിൽ നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ അപ്പൊസ്തലനായ പൌലൊസും” (ഗലാ, 1:1; 2:8).

16. ബർന്നബാസ്

“ഇതു അപ്പൊസ്തലന്മാരായ ബർന്നബാസും പൌലൊസും കേട്ടിട്ടു വസ്ത്രം കീറിക്കൊണ്ടു പുരുഷാരത്തിന്റെ ഇടയിലേക്കു ഓടിച്ചെന്നു നിലവിളിച്ചു പറഞ്ഞതു:” (പ്രവൃ, 14:14).

17. യാക്കോബ് (യേശുവിന്റെ സഹോദരൻ)

“എന്നാൽ കർത്താവിന്റെ സഹോദരനായ യാക്കോബിനെ അല്ലാതെ അപ്പൊസ്തലന്മാരിൽ വേറൊരുത്തനെയും കണ്ടില്ല.” (ഗലാ, 1:19; 2:9; യാക്കോ, 1:1).

18. അന്ത്രൊനിക്കൊസ്

“എന്റെ ചാർച്ചക്കാരും സഹബദ്ധന്മാരായ അന്ത്രൊനിക്കൊസിന്നും യൂനിയാവിന്നും വന്ദനം ചൊല്ലുവിൻ; അവർ അപ്പൊസ്തലന്മാരുടെ ഇടയിൽ പേർകൊണ്ടവരും എനിക്കു മുമ്പെ ക്രിസ്തുവിൽ വിശ്വസിച്ചവരും ആകുന്നു.” (റോമ, 16:7).

19. യൂനിയാവ്

“എന്റെ ചാർച്ചക്കാരും സഹബദ്ധന്മാരായ അന്ത്രൊനിക്കൊസിന്നും യൂനിയാവിന്നും വന്ദനം ചൊല്ലുവിൻ; അവർ അപ്പൊസ്തലന്മാരുടെ ഇടയിൽ പേർകൊണ്ടവരും എനിക്കു മുമ്പെ ക്രിസ്തുവിൽ വിശ്വസിച്ചവരും ആകുന്നു.” (റോമ, 16:7).

20. അപ്പൊല്ലോസ്

“സഹോദരന്മാരേ, ഇതു ഞാൻ നിങ്ങൾനിമിത്തം എന്നെയും അപ്പൊല്ലോസിനെയും ഉദ്ദേശിച്ചു പറഞ്ഞിരിക്കുന്നതു: ……. ഞങ്ങൾ ലോകത്തിന്നു, ദൂതന്മാർക്കും മനുഷ്യർക്കും തന്നേ, കൂത്തുകാഴ്ചയായി തീർന്നിരിക്കയാൽ ദൈവം അപ്പൊസ്തലന്മാരായ ഞങ്ങളെ ഒടുക്കത്തവരായി മരണവിധിയിൽ ഉൾപ്പെട്ടവരെപ്പോലെ നിറുത്തി എന്നു എനിക്കു തോന്നുന്നു.” (1കൊരി, 4:6-9)

21. തീത്തൊസ്

“തീതൊസ് എനിക്കു കൂട്ടാളിയും നിങ്ങൾക്കായിട്ടു കൂട്ടുവേലക്കാരനും ആകുന്നു; നമ്മുടെ സഹോദരന്മാർ സഭകളുടെ ദൂതന്മാരും (apostolos) ക്രിസ്തുവിന്നു മഹത്വവും തന്നേ.” (2കൊരി, 8:23). ദൂതൻ എന്നതിന് ഗ്രീക്കിൽ അപ്പൊസ്തലനാണ്.

22. ശീലാസ്, സില്വാനൊസ്

“പൌലൊസും സില്വാനൊസും തിമൊഥെയൊസും പിതാവായ ദൈവത്തിലും കർത്താവായ യേശുക്രിസ്തുവിലും ഉള്ള തെസ്സലൊനീക്യസഭെക്കു എഴുതുന്നതു: നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. (1തെസ്സ, 1:1). “ക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ എന്ന അവസ്ഥെക്കു ഘനത്തോടെയിരിപ്പാൻ കഴിവുണ്ടായിട്ടും ഞങ്ങൾ മനുഷ്യരോടു, നിങ്ങളോടാകട്ടെ മറ്റുള്ളവരോടാകട്ടെ മാനം അന്വേഷിച്ചില്ല;” (1തെസ്സ, 2:6).

23. തിമൊഥെയൊസ്

“പൌലൊസും സില്വാനൊസും തിമൊഥെയൊസും പിതാവായ ദൈവത്തിലും കർത്താവായ യേശുക്രിസ്തുവിലും ഉള്ള തെസ്സലൊനീക്യസഭെക്കു എഴുതുന്നതു: നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. (1തെസ്സ, 1:1). “ക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ എന്ന അവസ്ഥെക്കു ഘനത്തോടെയിരിപ്പാൻ കഴിവുണ്ടായിട്ടും ഞങ്ങൾ മനുഷ്യരോടു, നിങ്ങളോടാകട്ടെ മറ്റുള്ളവരോടാകട്ടെ മാനം അന്വേഷിച്ചില്ല;” (1തെസ്സ, 2:6).

24. എപ്പഫ്രൊദിത്തൊസ്

“എന്നാൽ എന്റെ സഹോദരനും കൂട്ടുവേലക്കാരനും സഹഭടനും നിങ്ങളുടെ ദൂതനും (apostolo) എന്റെ ബുദ്ധിമുട്ടിന്നു ശുശ്രൂഷിച്ചവനുമായ എപ്പഫ്രൊദിത്തൊസിനെ നിങ്ങളുടെ അടുക്കൽ അയക്കുന്നതു ആവശ്യം എന്നു എനിക്കു തോന്നി.” (ഫിലി, 2:25). ദൂതൻ ഗ്രീക്കിൽ അപ്പൊസ്തലനാണ്.

എഴുപത്തിരണ്ട് ശിഷ്യന്മാർ

പന്ത്രണ്ടു ശിഷ്യന്മാരെ കൂടാതെ യേശു തിരഞ്ഞെടുത്തവർ. ശമര്യയുടെ പ്രദേശത്ത് വെച്ചായിരുന്നു യേശു എഴുപത്തിരണ്ടു ശിഷ്യന്മാരെ തിരഞ്ഞെടുത്തത്. ഈ എഴുപത്തിരണ്ടുപേർക്കും മത്തായിയിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ തന്റെ പന്ത്രണ്ടു ശിഷ്യന്മാർക്കു നല്കിയ അതേ നിർദ്ദേശങ്ങളും ഉപദേശങ്ങളും തന്നെ നല്കി അയച്ചു. “അനന്തരം അവൻ തന്റെ പ്രന്ത്രണ്ടു ശിഷ്യന്മാരെയും അടുക്കൽ വിളിച്ചു. അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധദീനവും വ്യാധിയും പൊറുപ്പിക്കാനും അവർക്കു അധികാരം കൊടുത്തു.” (മത്താ, 10:1). “അതിനുശേഷം വേറെ എഴുപത്തിരണ്ടുപേരെ യേശു നിയമിച്ചു. അവിടുന്ന് അവരെ രണ്ടുപേരെ വീതം താന്‍ പോകാനിരുന്ന ഓരോ പട്ടണത്തിലേക്കും മറ്റു സ്ഥലങ്ങളിലേക്കും അയച്ചു. യേശു അവരോടു പറഞ്ഞു: “കൊയ്ത്തു വളരെയുണ്ട്, പക്ഷേ, വേലക്കാര്‍ ചുരുക്കം. അതുകൊണ്ട് നിലമുടമസ്ഥനോടു കൊയ്ത്തിനു വേലക്കാരെ അയച്ചുതരുവാന്‍ അപേക്ഷിക്കുക. ചെന്നായ്‍ക്കളുടെ ഇടയിലേക്ക് ആട്ടിന്‍കുട്ടികളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്‍ക്കുന്നു; നിങ്ങള്‍ പോകുക. പണസഞ്ചിയോ, ഭാണ്ഡമോ, ചെരുപ്പോ കൊണ്ടുപോകേണ്ടാ; വഴിയില്‍വച്ച് ആരെയും അഭിവാദനം ചെയ്യേണ്ടതില്ല. ..… ആ പട്ടണത്തിലെ രോഗികളെ സുഖപ്പെടുത്തുകയും ‘ദൈവരാജ്യം നിങ്ങളുടെ അടുക്കലെത്തിയിരിക്കുന്നു’ എന്ന് അവരോടു പറയുകയും ചെയ്യുക.” (ലൂക്കോ 10:14, 9. സ.വേ.പു.നൂ.പ). കർത്താവ് പന്ത്രണ്ടു ശിഷ്യന്മാരെ നിയമിച്ചു അവർക്കു കൊടുത്ത നിർദ്ദേശങ്ങൾ മത്തായി 10:1-23-ൽ കാണാം. അതിൽനിന്നും വ്യത്യസ്തമായിരുന്നില്ല എഴുപതു ശിഷ്യന്മാർക്കു നല്കിയ നിർദ്ദേശങ്ങൾ. (ലൂക്കൊ, 10:1-24). സുവിശേഷകന്മാരിൽ യെഹൂദേതരനായിരുന്നു ലൂക്കൊസ്. ലൂക്കൊസിൻ്റെ സുവിശേഷത്തിൽ മാത്രമേ എഴുപതുപേരെ അയച്ചതിനെക്കുറിച്ചു രേഖപ്പെടുത്തിയിട്ടുള്ളൂ. യെഹൂദന്മാരിൽ തന്റെ കർത്തൃത്വം വെളിപ്പെടുത്തുവാൻ പന്ത്രണ്ടുപേരെ നിയമിച്ചതുപോലെ സകലജാതികളുടെമേലും യേശുവിനുള്ള കർത്തൃത്വത്തെ വെളിപ്പെടുത്തുവാൻ ആയിരുന്നു എഴുപതുപേരെ നിയമിച്ചത്.

70 പേരെന്നും, 72 പേരെന്നും കാണുന്നുണ്ട്: മലയാളം CS; മലയാളം SI; സത്യവേദ പുസ്തകം; ANDRESON; AKJV; ASV; AMP; CJB; COMMON; DARBY; EMTV; ETHERIDGE; FBE; GNV; GW; HCSB; PHILLIPS; JUB; KJV; TLB; MSG; NOG; NKJV; NLV; NRSV; NRSVA; NRSVACE; NRSVCE; OJB; RSV; RSVCE; VOICE; WEB; WE; YLT തുടങ്ങിയവയിൽ 70 പേരാണ്. മലയാളം ERV; സത്യവേദപുസ്തകം CL; മലയാളം ഓശാന; AUV; BLB; BSB; CEB; CEV; CGV; CLNT; CPDV; DRA; EHV; ERV; ESV; ESVUK; EXB; GB; GNT; HNC; LEB; MOUNCE; NASB; NCV; NET; NHEBJE; NIRV; NIV; NIVUK; NLT; NOG; OEB-cw; OEB-us; REM; WYC തുടങ്ങിയവയിൽ 72 പേരാണ്. പൊതുവായി അംഗീകരിക്കപ്പെട്ട ഒരു കാനോൻ പ്രകാരമുള്ള 72 ശിഷ്യന്മാരുടെ പേരുകൾ ചുവടെ ചേർക്കുന്നു:

1. അംപ്ലിയാത്തൊസ് (റോമ, 16:8)

2. അംസുംക്രിതൊസ് (റോമ, 16:14)

3. അക്വിലാസ് (18:2)

4. അഖായിക്കൊസ് (1കൊരി, 16:7)

5. അഗബൊസ് (പ്രവൃ, 11:28)

6. അനന്യാസ് (പ്രവൃ, 9:10)

7. അന്ത്രൊനിക്കൊസ് (റോമ, 16:7)

8. അപ്പെലേസ് (റോമ, 16:10)

9. അപ്പൊല്ലോസ് (പ്രവൃ, 18:24)

10. അരിസ്തർഹോസ് (പ്രവൃ, 19:29)

11. അരിസ്തൊബൂലസ് (റോമ, 16:10)

12. അർത്തെമാസ് (തീത്തൊ, 3:12)

13. അർഹിപ്പൊസ് (കൊലൊ, 4:17)

14. ഉർബ്ബാനൊസ് (റോമ, 16:9)

15. എപ്പഫ്രാസ് (കൊലൊ,1:7)

16. എപ്പഫ്രൊദിത്തൊസ് (ഫിലി, 2:25)

17. എപ്പൈനത്തൊസ് (റോമ, 16:5)

18. എരസ്തൊസ് (പ്രവൃ, 19:22)

19. ഒനേസിഫൊരൊസ് (2തിമൊ, 1:16)

20. ഒനേസിമൊസ് (കൊലൊ, 4:9)

21. ഒലുമ്പാസ് (റോമ, 16:15)

22. കർപ്പൊസ് (2തിമൊ, 4:13)

23. കേഫാസ് (Cephas) (ഇക്കോണിയം ബിഷപ്പ്, പാംഫില്ലിയ)

24. ക്രിസ്പൊസ് (പ്രവൃ, 18:8)

25. ക്രേസ്കേസ് (2തിമൊ, 4:10)

26. ക്ളെയൊപ്പാവ് (യോഹ, 19:25)

27. ക്ളേമന്ത് (ഫിലി, 4:3)

28. ക്വർത്തൊസ് (റോമ, 16:23)

29. ക്വാഡ്രാറ്റസ് (Quadratus) (ഏഥൻസിലെ ബിഷപ്പ്. അദ്ദേഹം അപ്പോളോജിയയുടെ രചയിതാവായിരുന്നു. കല്ലെറിഞ്ഞെങ്കിലും രക്ഷപ്പെട്ടു. താമസിയാതെ, ജയിലിൽ പട്ടിണി കിടന്ന് അദ്ദേഹം മരിച്ചു.)

30. ഗായൊസ് (പ്രവൃ, 19:29)

31. തിമൊഥെയൊസ് (പ്രവൃ, 16:1)

32. തിമോൻ (പ്രവൃ, 6:5)

33. തീത്തൊസ് (പ്രവൃ, 18:7)

34. തുഹിക്കൊസ് (പ്രവൃ, 20:4)

35. തെർതൊസ് (റോമ, 16:22)

36. ത്രൊഫിമൊസ് (പ്രവൃ, 20:4)

37. നർക്കിസ്സൊസ് (റോമ, 16:11)

38. നിക്കാനോർ (പ്രവൃ, 6:5)

39. നിക്കൊലാവൊസ് (പ്രവൃ, 6:5)

40. പത്രൊബാസ് (റോമ, 16:14)

41. പർമ്മെനാസ് (പ്രവൃ, 6:5)

42. പൂദെസ് (2തിമൊ, 4:21)

43. പ്രൊഖൊരൊസ് (പ്രവൃ, 6:5)

44. പ്ളെഗോൻ (റോമ, 16:14)

45. ഫിലിപ്പൊസ് (പ്രവൃ, 6:8)

46. ഫിലേമോൻ (ഫിലേ, 1:1)

47. ഫിലൊലൊഗൊസ് (റോമ, 16:15)

48. ഫൊർത്തുനാതൊസ് (1കൊരി, 16:17)

49. ബർന്നബാസ് (പ്രവൃ, 4:36)

50. മത്ഥിയാസ് (പ്രവൃ, 1:23)

51. മർക്കൊസ് (പ്രവൃ, 12:12)

52. മിക്കാനോർ (പ്രവൃ, 6:5)

53. യാക്കോബ് (പ്രവൃ, 12:17)

54. യാസോൻ (പ്രവൃ, 17:7)

55. യുസ്തൊസ് (പ്രവൃ, 1:23)

56. രൂഫൊസ് (മർക്കൊ, 15:21)

57. ലീനൊസ് (2തിമൊ, 4:21)

58. ലൂക്കൊസ് (കൊലൊ, 4:14)

59. ലൂക്യൊസ് (പ്രവൃ, 13:1)

60. ശിമോൻ (മത്താ, 13:55)

61. ശീലാസ് (പ്രവൃ, 15:22)

62. സക്കായി (ലൂക്കോ, 19:10)

63. സില്വാനൊസ് (2കൊരി, 1:19)

64. സീസർ (Caesar) (ഡിറാച്ചിയം ബിഷപ്പ്, ഗ്രീസിന്റെ പെലോപ്പൊന്നീസിൽ)

65. സേനാസ് (തീത്തൊ, 3:13)

66. സോസിപത്രൊസ് (റോമ, 16:21)

67. സോസ്തെനേസ് (1കൊരി, 1:1)

68. സ്താക്കു (റോമ, 16:9)

69. സ്തെഫാനൊസ് (പ്രവൃ, 6:5)

70. ഹെരോദിയോൻ (റോമ, 16:11)

71. ഹെർമ്മാസ് (റോമ, 16:14)

72. ഹെർമ്മോസ് (റോമ, 16:14)

ബൈബിളിൽ ‘അപ്പൊസ്തലൻ’ എന്നു പറഞ്ഞിരിക്കുന്ന 24 പേരെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും അറിയാൻ:👇

അപ്പൊസ്തലന്മാർ

ആത്മസ്നാനവും ജലസ്നാനവും

“യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു.” (പ്രവൃ, 1:5). “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം (ജലസ്നാനം) കഴിപ്പിക്കുക.” (മത്താ, 28:19)

രക്ഷയ്ക്കായി ജലസ്നാനം അത്യന്താപേക്ഷിതമാണെന്ന് കരുതുന്നവരുണ്ട്. ജലസ്നാനത്താലാണ് പാപമോചനവും പരിശുദ്ധാത്മാവും ലഭിക്കുന്നതെന്നും അക്കൂട്ടർ കരുതുന്നു. രക്ഷ ലഭിക്കുന്നത് സ്നാനത്താലാണ് അതിനു രണ്ടുപക്ഷമില്ല. എന്നാൽ ജലസ്നാനത്താലല്ല: ആത്മസ്നാനത്താലാണ് രക്ഷ ലഭിക്കുന്നത്. എന്തെന്നാൽ രക്ഷ ഭൗതികമല്ല; ആത്മികമാണ്. ജഡത്തിൻ്റെ രക്ഷയല്ല; ആത്മരക്ഷയാണ് നമുക്കു ലഭിച്ചിരിക്കുന്നത്. സമ്പൂർണ്ണരക്ഷ ലഭിക്കുന്നത് കർത്താവിൻ്റെ പ്രത്യക്ഷതയിലാണ്. നമ്മുടെ വിശ്വാസത്തിനും മാനസാന്തരത്തിനും പാപമോചനത്തിനും വീണ്ടുംജനനത്തിനുമായി ദൈവം നമുക്കു ദാനമായി നല്കുന്നതാണ് ആത്മസ്നാനം; നമ്മുടെ വിശ്വാസത്തിൻ്റെ വെളിച്ചത്തിൽ അഥവാ, നമ്മുടെ വിശ്വാസം ഏറ്റുപറയുന്നതിൻ്റെ വെളിച്ചത്തിൽ പ്രാദേശികസഭ നല്കുന്നതാണ് ജലസ്നാനം. ക്രിസ്തു തലയായ അവൻ്റെ ശരീരമായ ദൈവസഭയിലെ അംഗങ്ങളിൽ ജലസ്നാനം സ്വീകരിക്കാത്തവർ ഒരുപക്ഷെ ഉണ്ടാകാം; എന്നാൽ ദൈവത്തിൻ്റെ ദാനമായ ആത്മസ്നാനം കൂടാതെ ഒരാൾക്കുപോലും ക്രിസ്തുവിൻ്റെ ശരീരമായ സഭയുടെ ഭാഗമാകാൻ കഴിയില്ല. എന്തെന്നാൽ ജലസ്നാനത്താലല്ല; ആത്മസ്നാനത്താലാണ് ഒരുവ്യക്തി ക്രിസ്തുവിൻ്റെ മാർമ്മികശരീരമായ സഭയോടു ചേരുന്നത്. ജലസ്നാനമെന്നല്ല, മറ്റേതൊരു പ്രവൃത്തിയാലും ദൈവത്തിൻ്റെ ദാനമായ പരിശുദ്ധാത്മാവിനെ നേടാൻ കഴിയില്ല; വിശ്വാസത്തിൻ്റെ പ്രസംഗം അഥവാ, സുവിശേഷത്താൽ സൗജന്യമായാണ് ആത്മസ്നാനം ലഭിക്കുന്നത്.

ആത്മസ്നാനം: ആത്മസ്നാനത്താലാണ് വ്യക്തി രക്ഷിക്കപ്പെടുന്നതും ക്രിസ്തുവിൻ്റെ ശരീരമായ സാർവ്വത്രികസഭയോടു ഏകീഭവിക്കുന്നതും: “ശരീരം ഒന്നും, അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും. യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.” (1കൊരി, 12:12,13). സുവിശേഷത്താൽ അഥവാ വിശ്വാസത്തിൻ്റെ പ്രസംഗത്താലാണ് ആത്മസ്നാനം ലഭിക്കുന്നത്: “ഞാൻ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ?” (ഗലാ, 3:2). ദൈവം തൻ്റെ ആത്മാവിനെ അച്ചാരമായി അഥവാ ആദ്യഫലമായി വ്യക്തിക്കു നല്കുന്നതും ആത്മാവിനാൽ വ്യക്തിയെ മുദ്രയിടുന്നതും രക്ഷയുടെ സുവിശേഷത്താലാണ്: “അവനിൽ നിങ്ങൾക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങൾ കേൾക്കയും അവനിൽ വിശ്വസിക്കയും ചെയ്തിട്ടു, തന്റെ സ്വന്തജനത്തിന്റെ വീണ്ടെടുപ്പിന്നു വേണ്ടി തന്റെ മഹത്വത്തിന്റെ പുകഴ്ചെക്കായിട്ടു നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു.” (എഫെ, 1:13,14. ഒ.നോ: റോമ, 8:23; 2കൊരി, 1:22; 5:5; എഫെ, 4:30). സുവിശേഷം പ്രസംഗിക്കപ്പെടുന്നതു പരിശുദ്ധാത്മാവിലാണ്: “സ്വർഗ്ഗത്തിൽ നിന്നു അയച്ച പരിശുദ്ധാത്മാവിനാൽ നിങ്ങളോടു സുവിശേഷം അറിയിച്ചവർ അതു ഇപ്പോൾ നിങ്ങളെ ഗ്രഹിപ്പിച്ചിരിക്കുന്നു. അതിലേക്കു ദൈവദൂതന്മാരും കുനിഞ്ഞുനോക്കുവാൻ ആഗ്രഹിക്കുന്നു.” (1പത്രൊ, 1:12). പ്രസംഗിക്കപ്പെടുന്ന വചനം ജീവനും ആത്മാവുമാണ്: “ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു; മാംസം ഒന്നിന്നും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു.” (യോഹ, 6:63). ആത്മാവും ജീവനുമായ വചനത്താലാണ് വീണ്ടും ജനിക്കുന്നത്: “നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിന്നു അവൻ തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു.” (യാക്കോ, 1:18). “കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.” (1പത്രൊ, 1:23). ആത്മാവാണ് ജീവൻ നല്കുന്നത്: “ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു.” (യോഹ, 6:63). ജീവൻ ലഭിച്ചത് ജഡത്തിനല്ല; ആത്മാവിനാണ്: “ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു:” (യോഹ, 3:6). ആത്മസ്നാനത്താലുള്ള വിശുദ്ധീകരണത്താലാണ് ജീവൻ നല്കി രക്ഷയ്ക്കായി തിരഞ്ഞെടുത്തത്: “ഞങ്ങളോ, കർത്താവിന്നു പ്രിയരായ സഹോദരന്മാരേ, ദൈവം നിങ്ങളെ ആദിമുതൽ ആത്മാവിന്റെ വിശുദ്ധീകരണത്തിലും സത്യത്തിന്റെ വിശ്വാസത്തിലും രക്ഷെക്കായി തിരഞ്ഞെടുത്തതുകൊണ്ടു നിങ്ങൾ നിമിത്തം ദൈവത്തെ എപ്പോഴും സ്തുതിപ്പാൻ കടമ്പെട്ടിരിക്കുന്നു.” (2തെസ്സ, 2:13. ഒ.നോ: റോമ, 1:16).

ആത്മസ്നാനദാതാവ്: ദൈവമാണ് ആത്മസ്നാനം നല്കുന്നത്. (പ്രവൃ, 11:17; 1കൊരി, 6:19). വഴിയൊരുക്കാൻ വന്ന യോഹന്നാൻ സ്നാപകനാണ് ആദ്യമായി ആത്മസ്നാത്തെക്കുറിച്ച് പ്രസ്താവിച്ചത്: “ഞാൻ നിങ്ങളെ മാനസാന്തരത്തിന്നായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും.” (മത്താ, 3:11. ഒ.നോ: മർക്കൊ, 1:8; ലൂക്കൊ, 3:16; യോഹ, 1:33; പ്രവൃ, 1:5; 11:15; 1കൊരി, 12,13). തൻ്റെ പിന്നാലെ വന്ന പുരുഷൻ അഥവാ, മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുമെന്നല്ല യോഹന്നാൻ പറഞ്ഞത്; ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും. യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ് ക്രിസ്തു. അതാണ് ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:14-16. ഒ.നോ: ലൂക്കൊ, 1:68; യെശ, 25:8-9; 35:3-6; 40:3). ഫിലിപ്പിൻ്റെ കൈസര്യയിൽവെച്ച് യേശുക്രിസ്തു തൻ്റെ നിർണ്ണയം പ്രഖ്യാപിക്കുകയുണ്ടായി: “ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.” (മത്ത, 16:18). ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനമാണ് മനുഷ്യരുടെ രക്ഷ: (റോമ, 5:15; പ്രവൃ, 15:11). അഥവാ, ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമാണ് പരിശുദ്ധാത്മാവെന്ന ദൈവത്തിൻ്റെ വാഗ്ദത്തം: (യോഹ, 7:37-39; പ്രവൃ, 2:33). ഒലിവുമലയിൽനിന്ന് സ്വർഗ്ഗാരോഹണം ചെയ്യുന്നതിനുമുമ്പ് ആത്മസ്നാനത്തെക്കുറിച്ചു കർത്താവ് പറഞ്ഞു: “യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു.” (പ്രവൃ, 1:5). ന്യായപ്രമാണത്തിലെ അവസാനത്തെ പ്രവാചകനായ യോഹന്നാൻ്റെയും കർത്താവിൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായിരുന്നു, പെന്തെക്കൊസ്തു നാളിലെ ആത്മസ്നാനത്താലുള്ള സഭാസ്ഥാപനം: “പെന്തെക്കൊസ്തുനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു. പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തുനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു. അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി.” (പ്രവൃ, 2:1-4).

ആത്മാവിനാൽ പണിയപ്പെടുന്ന ദൈവസഭ: ദൈവത്തിൻ്റെ സഭ പണിയപ്പെടുന്നത് ജഡത്താലും ജലത്താലുമല്ല; ആത്മാവിനാലാണ്: “ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു. അവനിൽ കെട്ടിടം മുഴുവനും യുക്തമായി ചേർന്നു കർത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു. അവനിൽ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന്നു ആത്മാവിനാൽ ഒന്നിച്ചു പണിതുവരുന്നു.” (എഫെ, 2:20-22). പെന്തെക്കൊസ്തു നാളിലാണ് ക്രിസ്തുയേശു എന്ന മൂലക്കല്ലിന്മേൽ അപ്പൊസ്തലന്മാരെയും പ്രവാചകന്മാരെയും ചേർത്തുകൊണ്ട് ആത്മസ്നാനത്താൽ ദൈവസഭയുടെ അടിസ്ഥാനമിട്ടത്. (1കൊരി, 12,12,13; എഫെ, 2:20). ആ അടിസ്ഥാനത്തിന്മേൽ വിശ്വാസികളായ കല്ലുകളെ ചേർത്തുകൊണ്ട് ആത്മാവിനാൽ പണിയപ്പെടുന്നതാണ് ദൈവസഭ. ക്രിസ്തു തലയായ അവൻ്റെ ശരീരമാണ് സഭ: “സർവ്വവും അവന്റെ കാൽക്കീഴാക്കിവെച്ചു അവനെ സർവ്വത്തിന്നും മീതെ തലയാക്കി എല്ലാറ്റിലും എല്ലാം നിറെക്കുന്നവന്റെ നിറവായിരിക്കുന്ന അവന്റെ ശരീരമായ സഭെക്കു കൊടുക്കയും ചെയ്തിരിക്കുന്നു.” (എഫെ, 1:22,23). “അവൻ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു;” (കൊലൊ, 1:18). വിശ്വാസി ക്രിസ്തുവിനോടു ഏകീഭവിക്കുന്നത് ആത്മാവിലാണ്: (എഫെ, 2:22). “സഭയുടെ തലയായ ക്രിസ്തുവിൻ്റെ ശുശ്രൂഷകൾ മുഴുവൻ ആത്മാവിലായിരുന്നു: ജനനം (മത്താ, 1:18,20; ലൂക്കൊ, 1:35), വളർച്ച (ലൂക്കൊ, 2:40,52), ശുശ്രൂഷയ്ക്കായുള്ള അഭിഷേകം (മത്താ, 3:16; ലൂക്കോ, 4:1; പ്രവൃ, 10:48), പരീക്ഷ (മത്താ, 4:1; മർക്കൊ, 1:12; ലൂക്കൊ, 4:1), ശുശ്രൂഷ (ലൂക്കൊ, 4:14,18,19), അത്ഭുതങ്ങൾ അടയാളങ്ങൾ (മത്താ, 12:28; പ്രവൃ, 10:48), ക്രൂശുമരണം (എബ്രാ, 9:14), പുനരുത്ഥാനം (1പത്രൊ, 3:18. ഒ.നോ: റോമ, 8:11; എഫെ, 1:20). ദൈവസഭാസ്ഥാപനം: (മത്താ, 3:11; 16:18; പ്രവൃ, 1:5; 2:1-4). വിശ്വാസികളോടുള്ള ബന്ധത്തിൽ: വ്യക്തികളോടു സുവിശേഷം അറിയിക്കുന്നത് പരിശുദ്ധാത്മാവിലാണ് (1പത്രൊ, 1:12), സുവിശേഷത്താലാണ് വ്യക്തികൾക്ക് ആത്മാവെന്ന ആദ്യദാനം ലഭിക്കുന്നത് (റോമ, 8:23; ഗലാ, 3:2), ആത്മാവിൽ സ്നാനം ലഭിക്കുന്നു (1കൊരി, 12,13), ആത്മാവിനെ അച്ചാരമായി നല്കി മുദ്രയിടുന്നു (2കൊരി, 2:22; എഫെ, 1:13,14; 4:30), പാപത്തെക്കുറിച്ചും നീതിയെക്കുറുറിച്ചും വരുവാനുള്ള ന്യായവിധിയെക്കുറിച്ചും ബോധം വരുത്തി മാനസാന്തരത്തിലേക്കു നയിക്കുന്നു (യോഹ, 16:7,8), വീണ്ടുംജനിപ്പിക്കുന്നു (യോഹ, 3:3-6,8; യാക്കോ, 1:18; 1പത്രൊ, 1:23), ദൈവസഭയോടു ചേർക്കുന്നു (എഫെ, 2:22), ദൈവമന്ദിരമാക്കുന്നു (1കൊരി, 3:16; 6:19), എന്നേക്കും കൂടെയിരിക്കുന്നു (യോഹ, 14:6), നടത്തുന്നു (റോമ, 8:14), കൂടെ ജീവിക്കുന്നു (ഗലാ, 5:25), മക്കളാണെന്ന ഉറപ്പുനല്കുന്നു (റോമ, 8:16), കൃപാവരങ്ങൾ നല്കുന്നു (1കൊരി, 12:8-11), അകത്തെ മനുഷ്യനെ ശക്തിയോടെ ബലപ്പെടുത്തുന്നു (എഫെ, 3:16), പ്രാർത്ഥനയിൽ സഹായിക്കുന്നു (റോമ, 8:26), മർത്യശരീരങ്ങളെ ജീവിപ്പിക്കും. (റോമ, 8:11). പുതിയനിയമരക്ഷ ജലത്താലല്ല; ആത്മാവിനാലാണ്. ക്രിസ്തുവിൻ്റെ ജീവിതത്തിലും ക്രിസ്ത്യാനികളുടെ ജീവിതത്തിലും  ആത്മാവാണ് പ്രവർത്തിക്കുന്നത്. ജലസ്നാനമൊരു പ്രവൃത്തിയാണ്. പ്രവൃത്തികളുടെ ഒരു നിയമം മനുഷ്യർക്ക് ദൈവം നല്കിയതായിരുന്നു: (റോമ, 10:5). മനുഷ്യൻ്റെ ബലഹീനത നിമിത്തം പ്രവൃത്തികളാൽ നീതീകരണം പ്രാപിക്കാൻ മനുഷ്യനു കഴിയാഞ്ഞതിനാലാണ്, ദൈവം കന്യകയിലൂടെ ഒരു മനുഷ്യപ്രത്യക്ഷത എടുത്തിട്ട് അവൻ്റെ മരണത്താൽ കൃപയാലുള്ള രക്ഷ ആത്മാവിനാൽ സൗജന്യമായി നല്കിയത്: (റോമ, 8:3; എഫെ, 2:5,8). ദൈവത്തിൻ്റെ കൃപയോടൊപ്പം രക്ഷയ്ക്കായി പ്രവൃത്തികൂടി വേണമെന്ന് ശഠിച്ചിരുന്നവർ ആദിമസഭയിലും ഉണ്ടായിരുന്നു. ആ പ്രശ്നം പരിഹരിക്കാനാണ് യെരൂശലേമിൽ അപ്പൊസ്തലന്മാരുടെ കൗൺസിൽ കൂടിയത്: (പ്രവൃ, 15:1-33). സമ്മേളത്തിനൊടുവിൽ വിജാതീയരാരും ന്യായപ്രമാണത്തിന്റെ ആചാരങ്ങളൊന്നും അനുഷ്ഠിക്കേണ്ടതില്ലെന്നാണ് പരിശുദ്ധാത്മാവും അപ്പൊസ്തലന്മാരും വിധിച്ചത്: (15:28). ദൈവസഭ പണിയുന്നത് ആത്മാവാണ്; ആത്മാവിനാൽ രക്ഷിക്കപ്പെട്ട് ദൈവമക്കളായവർ ദൈവത്തിൻ്റെ കല്പനയായ ജലസ്നാനമെന്ന കർമ്മം സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.

പരിശുദ്ധാത്മാവെന്ന ദാനം: “പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെ മേലും പകർന്നതു കണ്ടു വിസ്മയിച്ചു.” (പ്രവൃ, 10:46. ഒ. നോ: പ്രവൃ, 2:38; 8:20; 11:17; റോമ, 8:23; ഗലാ, 3:3; എഫെ, 1:13,14). രക്ഷയുടെ സുവിശേഷം കേൾക്കുമ്പോൾ ദൈവം നമുക്കു ദാനമായി തരുന്നതാണ് ആത്മസ്നാനം. ജാതികളായ വിശ്വാസികൾക്കു മുമ്പൻ കൊർന്നേല്യൊസാണ്. ഭൂമിയിലുള്ള സകല ജാതികളെയും പ്രതിനിധീകരിച്ചുകൊണ്ട് ക്രിസ്തു തലയായിരിക്കുന്ന അവൻ്റെ ശരീരമായ ദൈവസഭയിൽ ആദ്യമായി പ്രവേശനം സിദ്ധിച്ചത് കൊർന്നേല്യൊസിനും കുടുബത്തിനുമാണ്. (പ്രവൃ, 8:34-48). ക്രിസ്തു കല്പിച്ച ക്രമപ്രകാരമാണ് പത്രൊസ് യെഹൂദരോടും (പ്രവൃ, 2:38-41) ശമര്യരോടും (8:14-17) ജാതികളെയും (10:44-48) സുവിശേഷം അറിയിച്ച് ദൈവസഭയിലേക്ക് പ്രവേശനം നല്കിയത്. (പ്രവൃ, 1:8). അതിനുള്ള അധികാരം ക്രിസ്തു പത്രൊസിനെയാണ് ഏല്പിച്ചിരുന്നത്. (മത്താ, 16:19). കൊർന്നേല്യൊസിൻ്റെയും കുടുബത്തിൻ്റെയും രക്ഷാനുഭവത്തിൻ്റെ നേർചിത്രം ബൈബിളിലുണ്ട്: (8:34-48) കൊർന്നേല്യസിനോടു ദൂതൻ പ്രത്യക്ഷനായി പറഞ്ഞത്; പത്രൊസിനെ വരുത്തുക; രക്ഷിക്കപ്പെടുവാനുള്ള ജലസ്നാനം നിന്നെ അവൻ കഴിപ്പിക്കുമെന്നല്ല; രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ (വചനം) അവൻ നിന്നോടു പറയുമെന്നാണ് പറഞ്ഞത്: (പ്രവൃ,11:14). പത്രൊസ് രക്ഷയുടെ ആ വാക്കുകളെ അഥവാ സുവിശേഷം പ്രസംഗിക്കുമ്പോൾത്തന്നെ വചനം കേട്ട എല്ലാവരുടെമേലും പരിശുദ്ധാത്മാവ് വന്നു. (പ്രവൃ, 10:44). അതിനുശേഷമാണ് അഥവാ, അവർ രക്ഷിക്കപ്പെട്ട ശേഷമാണ് ജലസ്നാനം കഴിപ്പിക്കാൻ പത്രൊസ് കല്പിച്ചത്. (10:48). ക്രിസ്തുവിനെ വിശ്വസിക്കാനുള്ള നമ്മുടെ വിശ്വാസംപോലും ആത്മാസ്നാനാന്തരം കൃപയാൽ നമുക്കു ലഭിക്കുന്നതാണ്: “ഞാൻ വിശ്വസിച്ചു, അതുകൊണ്ടു ഞാൻ സംസാരിച്ചു” എന്നു എഴുതിയിരിക്കുന്നതു പോലെ വിശ്വാസത്തിന്റെ അതേ ആത്മാവു ഞങ്ങൾക്കുള്ളതിനാൽ ഞങ്ങളും വിശ്വസിക്കുന്നു അതുകൊണ്ടു സംസാരിക്കുന്നു.” (2കൊരി, 4:13. ഒ.നോ: എഫെ, 2:8,9). കൊർന്നേല്യൊസിൻ്റെ ഭവനത്തിലെ സംഭവം യെരൂശലേം സഭയിൽ അവതരിപ്പിക്കുമ്പോൾ പത്രൊസ് പറഞ്ഞത്: “ഞാൻ സംസാരിച്ചു തുടങ്ങിയപ്പോഴേക്കു പരിശുദ്ധാത്മാവു ആദിയിൽ നമ്മുടെമേൽ എന്നപോലെ അവരുടെ മേലും വന്നു. അപ്പോൾ ഞാൻ: യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു; നിങ്ങൾക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കർത്താവു പറഞ്ഞ വാക്കു ഓർത്തു. ആകയാൽ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ?” (പ്രവൃ, 11:15-17). യോഹന്നാൻ മുന്നറിയിച്ചതും (മത്താ, 3:11) കർത്താവ് വാഗ്ദത്തം ചെയ്തതും (പ്രവൃ, 1:5) പെന്തെക്കൊസ്തുനാളിൽ അപ്പൊസ്തലന്മാരിലൂടെ ആരംഭിച്ച് (പ്രവൃ, 2:1-4) യെഹൂദർ (2:37-42) ശമര്യർ (8:14-17) ജാതികളിലൂടെ പുരോഗമിച്ച (10:44-48) ആത്മസ്നാനം, അവസാന വ്യക്തിയും ക്രിസ്തുവിൻ്റെ ശരീരമായ ദൈവസഭയോടു ചേർക്കുന്നതുവരെ തടർന്നുകൊണ്ടിരിക്കും. (എഫെ, 2:21,22).

ആത്മസ്നാനവും വീണ്ടുംജനനവും: സുവിശേഷം യേശക്രിസ്തുവാണ്: “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക; അതാകുന്നു സുവിശേഷം” (2തിമൊ, 2:8). സുവിശേഷം യേശുക്രിസ്തുവിൻ്റെ നാമത്തെക്കുറിച്ചുള്ളതാണ്: “എന്നാൽ ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന ഫിലിപ്പൊസിനെ അവർ വിശ്വസിച്ചപ്പോൾ പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു.” (പ്രവൃ, 8:12). സുവിശേഷം അറിയിക്കുന്നത് പരിശുദ്ധാത്മാവിലാണ്: “സ്വർഗ്ഗത്തിൽ നിന്നു അയച്ച പരിശുദ്ധാത്മാവിനാൽ നിങ്ങളോടു സുവിശേഷം അറിയിച്ചവർ അതു ഇപ്പോൾ നിങ്ങളെ ഗ്രഹിപ്പിച്ചിരിക്കുന്നു. അതിലേക്കു ദൈവദൂതന്മാരും കുനിഞ്ഞുനോക്കുവാൻ ആഗ്രഹിക്കുന്നു.” (1പത്രൊ, 1:12. ഒ.നോ 1തെസ്സ, 1:5). സുവിശേഷത്താലാണ് ആത്മാവ് ലഭിക്കുന്നത് അഥവാ, ആത്മസ്നാനം നടക്കുന്നത്: “ഞാൻ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ?” (ഗലാ, 3:2. ഒ.നോ: 3:5; എഫെ, 1:13,14). ആത്മാവാണ് ദൈവത്തിൻ്റെ ആദ്യദാനം: “ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു.” (റോമ, 8:23). ആത്മാവിനാലും ദൈവവചനത്താലുമാണ് വ്യക്തി വീണ്ടും ജനിക്കുന്നത്. ആത്മാവിലുള്ള ജനനം: “ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു.” (യോഹ, 3:6. ഒ.നോ: 3:5,8). “ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു.” (യോഹ, 6:63. ഒ.നോ: റോമ, 8:11; 2കൊരി, 3:6). ദൈവവചനത്താലുള്ള ജനനം: “കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.” (1പത്രൊ, 1:23. ഒ.നോ: 2തെസ്സ, 2:14; യാക്കോ, 1:18; 1:21). സുവിശേഷമായ യേശുക്രിസ്തുവിലൂടെയാണ് ആത്മാവു ലഭിക്കുന്നതെന്നും ആത്മാവിനാലും സുവിശേഷത്താലുമാണ് വീണ്ടുംജനിക്കുന്നതെന്നും അഭിന്നമായി പറഞ്ഞിരിക്കയാൽ, സുവിശേഷമായ ക്രിസ്തുവിലൂടെയുള്ള ആത്മാവെന്ന ആദ്യദാനത്തിലൂടെയാണ് വ്യക്തി വീണ്ടും ജനിക്കുന്നതെന്ന് വ്യക്തമാണല്ലോ? ആത്മാവിലുള്ള സ്നാനത്താലാണ് വ്യക്തി ക്രിസ്തുവിൻ്റെ മരണത്തോടും പുനരുത്ഥാനത്തോടും ഏകീഭവിക്കുന്നത്: ”ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. അതിൽ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ.” (ഗലാ, 3:27-28). യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.” (1കൊരി, 12:13). “സ്നാനത്തിൽ നിങ്ങൾ അവനോടുകൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേല്പിച്ച ദൈവത്തിന്റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താൽ അവനോടുകൂടെ നിങ്ങളും ഉയിർത്തെഴുന്നേൽക്കയും ചെയ്തു.” (കൊലൊ, 2:12. ഒ.നോ: യോഹ, 3:3,5,8; റോമ, 4:24,25; 6:3; 6:8; 7:4; 1കൊരി, 12:13; ഗലാ, 3:27; എഫെ, 2:4,5,8; 4:5; കൊലൊ, 3:1). ക്രിസ്തുവാകുന്ന ദൈവനിവസത്തിൻ്റെ അടിസ്ഥാനത്തോടു നമ്മെച്ചേർത്തു പണിയുന്നത് ആത്മാവാണ്: “അവനിൽ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന്നു ആത്മാവിനാൽ ഒന്നിച്ചു പണിതുവരുന്നു.” (എഫെ, 2:22). സുവിശേഷത്താൽ ലഭിക്കുന്ന ആത്മാവിനാൽ അഥവാ, ആത്മസ്നാനത്താൽ വ്യക്തി തൻ്റെ പാപങ്ങളിൽ ക്രിസ്തുവിനോടുകൂടി മരിക്കുകയും അവനോടുകൂടി പുതുജീവനോടെ ഉയിർക്കുകയും ചെയ്യുന്നതാണ് വീണ്ടുംജനനം. സുവിശേഷത്താൽ ദാനമായി ലഭിച്ച ആത്മാവിനാൽ വീണ്ടുംജനനം പ്രാപിച്ച വ്യക്തി വീണ്ടും മരിച്ചടക്കപ്പെടേണ്ട ആവശ്യമില്ല. അതിനാൽ ജലസ്നാനം ആത്മികജീവൻ പ്രാപിച്ച വ്യക്തിയുടെ ബാഹ്യസാക്ഷ്യമാണെന്നു മനസ്സിലാക്കാം.

സ്നാനം ഒന്നു: “നിങ്ങളെ വിളിച്ചപ്പോൾ ഏകപ്രത്യാശെക്കായി നിങ്ങളെ വിളിച്ചതുപോലെ ശരീരം ഒന്നു, ആത്മാവു ഒന്നു, കർത്താവു ഒരുവൻ, വിശ്വാസം ഒന്നു, സ്നാനം ഒന്നു, എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെ, 4:4-6). ഈ വേദഭാഗത്തെ സ്നാനത്തെ ജലസ്നാനമായി മനസ്സിലാക്കുന്നവരുണ്ട്. എന്നാൽ ജലസ്നാനമല്ല; ആത്മസ്നാനമാണ് ഈ വേദഭാഗത്തെ വിഷയം. മേല്പറഞ്ഞ വേദഭാഗത്ത് ഏഴ് കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്; അത് ഏഴും ഭൗതികമല്ല; ആത്മികമാണ്: 1. ഏകപ്രത്യാശ, 2. ഏകശരീരം, 3. ഏകാത്മാവ്, 4. ഏകകർത്താവ്, 5. ഏകവിശ്വാസം, 6. ഏകസ്നാനം, 7. ഏകദൈവം. ഏകപ്രത്യാശ: ലോകപ്രകാരമുള്ള പ്രത്യാശയാലല്ല വിശ്വാസി രക്ഷിക്കപ്പെടുന്നതും ജീവിക്കുന്നതും. കൃപയാലുള്ള പ്രത്യാശയാലാണ്. നിലനില്ക്കുന്ന കൃപാവരങ്ങളിൽ ഒന്നാണ് പ്രത്യാശ: (1കൊരി, 13:13). പ്രത്യാശയാലാണ് നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്: (റോമ, 8:24). ഏകശരീരം: ക്രിസ്തു തലയായിരിക്കുന്ന അവൻ്റെ ഏകശരീരമായ സഭയെക്കുറിച്ചാണ്: (കൊലൊ, 3:15. ഒ.നോ: 1കൊരി, 12:12,13; എഫെ, 1:23; 2:16; 3:6; കൊലൊ, 2:19; 3:15). ഇവിടെ പറഞ്ഞിരിരിക്കുന്ന ശരീരം ജഡശരീരമല്ല; ആത്മശരീരമാണ് അഥവാ ക്രിസ്തുവിൻ്റെ മാർമ്മികശരീരമാണ്. ഏകാത്മാവ്: യെഹൂദനെന്നും യവനൻ അഥവാ, ജാതികളെന്നും വ്യത്യാസമില്ലാതെ ഏകാത്മാവിലാണ് നമുക്കു പിതാവിങ്കലേക്കു പ്രവേശനം ലഭിച്ചത്: (എഫെ, 2:18. ഒ.നോ: യോഹ, 3:6,8; 1കൊരി, 12:13; എഫെ, 1:13,14). ഏകകർത്താവ്: യേശുക്രിസ്തുവെന്ന ഏകകർത്താവാണ് നമുക്കുള്ളത്: (ലൂക്കൊ, 2:11; പ്രവൃ, 2:36; 1കൊരി, 8:6). ഏകവിശ്വാസം: ലോകപ്രകാരമുള്ള വിശ്വാസത്താലല്ല, കൃപയാലുള്ള വിശ്വാസത്താലാണ് വ്യക്തികൾ രക്ഷപ്രാപിക്കുന്നത്: (എഫെ, 2:5,8). നിലനില്ക്കുന്ന കൃപാവരങ്ങളിലൊന്നാണ് വിശ്വാസം: (1കൊരി, 13:13). ഏകസ്നാനം: ജലസ്നാനത്താലല്ല, ഏകാത്മസ്നാനത്താലാണ് വ്യക്തികൾ ക്രിസ്തുവിൻ്റെ ശരീരമായ സഭയോടു ചേരുന്നത്: (1കൊരി, 12:12,13. ഒ.നോ: മത്താ, 3:11; മർക്കൊ, 1:8; ലൂക്കൊ, 3:16; യോഹ, 1:33; 20:22; പ്രവൃ, 1:5; 2:1-4; 11:16; റോമ, 15:15; 1കൊരി, 12:3; എഫെ, 1:14; 2:18; 2തെസ്സ, 2:13; തീത്തൊ, 3:7; എബ്രാ, 6:4). മൂലക്കല്ലായ ക്രിസ്തുവിനോടും അപ്പൊസ്തലന്മാരും പ്രവാചകന്മാരുമെന്ന അടിസ്ഥാനത്തോടും നമ്മെച്ചേർത്തു പണിയുന്നത് ആത്മാവിനാലാണ്: (എഫെ, 2:20-22). ഏകദൈവപിതാവ്: പിതാവായ ഏകദൈവമേ നമുക്കുള്ളു: (യോഹ, 5:44; 8:41; 17:3; 1കൊരി, 8:4,6; 1തിമൊ, 1:17; എബ്രാ, 2:11 യൂദാ, 1:24). ഏകാത്മസ്നാനത്താലാണ് ഏകശരീരത്തിൽ വിശ്വാസികൾ അംഗങ്ങളാകുന്നത്: “ശരീരം ഒന്നും, അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും. യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.” (1കൊരി, 12:12,13). സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതുമെല്ലാം പിന്നെയും ക്രിസ്തുവിൽ ഒന്നായിച്ചേർക്കുവാനുള്ള കാലസമ്പൂർണ്ണതയിലെ വ്യവസ്ഥെക്കായിട്ടാണ് പരിശുദ്ധാത്മസ്നാനത്താൽ നമ്മെ ഒന്നാക്കിയിരിക്കുന്നത്: (എഫെ, 1:10-14).

‘സ്നാനം ഒന്നു’ എന്നു പറഞ്ഞിരിക്കുന്നത് ജലസ്നാനമല്ല; ആത്മസ്നാനമാണെന്നതിന് ശക്തമായ ഒരു തെളിവുകൂടി തരാം: പൗലൊസാണല്ലോ സ്നാനം ഒന്നെന്നു പറഞ്ഞിരിക്കുന്നത്; അതേ പൗലൊസ് തന്നെ കൊരിന്ത്യരോടു പറയുന്നു: “സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു.” (1കൊരി, 1:17). ഇവിടെ പറയുന്ന സ്നാനം ആത്മസ്നാനമല്ല; ജലസ്നാനമാണ്. മനുഷ്യർക്കു കൊടുക്കാൻ കഴിയുന്നത് ജലസ്നാനമാണ്; ആത്മസ്നാനം ദൈവം നല്കുന്നതാണ്. (പ്രവൃ. 11:17; 1കൊരി, 6:19). കൊരിന്ത്യരോടു പറയുന്നകാര്യം വ്യക്തമായി മനസ്സിലാക്കാൻ അന്ത്യൊക്യയിലെ പള്ളിയിൽവെച്ചുള്ള പൗലൊസിൻ്റെ മറ്റൊരു പ്രസ്താവനയും ചേർത്തുചിന്തിക്കണം: “നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കർത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ടു.” (പ്രവൃ, 13:47. ഒ.നോ: യെശ, 49:6). ജലസ്നാനം കൂടാതെ രക്ഷ കിട്ടില്ലെങ്കിൽ, ഭൂമിയുടെ അറ്റത്തോളം രക്ഷയാകേണ്ടതിന്നു പൗലൊസിനെ കർത്താവ് അയച്ചിരിക്കെ, എന്നെ സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ കർത്താവ് എന്നെ അയച്ചതെന്നു എങ്ങനെ പറയാൻ കഴിയും? ഇനി, പൗലൊസിനോടു കർത്താവ് പറഞ്ഞ മറ്റൊരു കാര്യംകൂടി താൻ പറയുന്നുണ്ട്: “ജനത്തിന്നു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന്നു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയക്കുന്നു എന്നു കല്പിച്ചു.” (പ്രവൃ, 26:18). പാപമോചനവും ക്രിസ്തുവിവിലുള്ള വിശ്വാസവും ശുദ്ധീകരിക്കപ്പെട്ടവരുടെ അവകാശവും ലഭിക്കുന്നത് ജലസ്നാനത്താലാണെങ്കിൽ, എന്നെ സ്നാനം കഴിപ്പിപ്പാനല്ല അയച്ചതെന്ന് പൗലൊസ് പറയുമോ? അപ്പോൾ രക്ഷയ്ക്കായുള്ളത് ജലസ്നാനമല്ല; ആത്മസ്നാനമാണ്. അത് സുവിശേഷത്തിലൂടെ കർത്താവ് ദാനമായി നല്കുന്നതാണ്. (ഗലാ, 3:2,5; എഫെ,1:13,14). ദൈവം തൻ്റെ ക്രിസ്തുവിലൂടെ ഒരുക്കിയിരിക്കുന്ന രക്ഷയ്ക്കായി ഒരേയൊരു സ്നാനമേയുള്ളു; അത് തൻ്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷത്തിൽ ദൈവം ദാനമായി നല്കുന്നതാണ്. സുവിശേഷം പ്രസംഗിക്കുവാൻ ക്രിസ്തുവിൽ നിന്നും പ്രത്യേകം നിയോഗം പ്രാപിച്ച അപ്പൊസ്തലനായിരുന്നു പൗലൊസ്. പ്രസ്തുത നിയോഗത്തിന്റെ ഭാഗമായിരുന്നില്ല ജലസ്നാനം. അതുകൊണ്ടാണ് പൗലൊസ് പറഞ്ഞത്; സ്നാനം അഥവാ ജലസ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു.

ജലസ്നാനം: ജലസ്നാനം രക്ഷയുടെ ഉപാധിയല്ല; രക്ഷിക്കപ്പെട്ടവർ അനുഷ്ഠിക്കേണ്ട പ്രഥമവും പ്രധാനവുമായ ക്രിസ്തീയ കർമ്മമാണ്; അഥവാ രക്ഷാനന്തര പ്രവൃത്തിയാണ്. വീണ്ടെടുക്കപ്പെട്ട വ്യക്തിയുടെ ആത്മാവു ക്രിസ്തുവിനോടു ചേർന്നു എന്നതിന്റെ ബാഹ്യ അടയാളമാണ് ക്രിസ്തീയ സ്നാനം. ദൈവം വാഗ്ദാനം ചെയ്ത രക്ഷയുടെ നിവൃത്തിയായിരുന്നു ക്രിസ്തുവിന്റെ ആഗമനം. ക്രിസ്തുയേശുവിലെ വിശ്വാസത്താൽ ഈ രക്ഷയിൽ പങ്കാളിയായതിനെ ചൂണ്ടിക്കാണിക്കുകയാണ് ക്രിസ്തു വ്യവസ്ഥാപനം ചെയ്ത സ്നാനം. കർത്താവ് നല്കിയ മഹാനിയോഗമനുസരിച്ചാണ് അപ്പൊസ്തലന്മാർ സ്നാനം നല്കിയതും, സഭ ഇന്നും അതു അനുവർത്തിക്കുന്നതും. (മത്താ, 28:19,20; മർക്കൊ, 16:15,16). മഹാനിയോഗത്തോടൊപ്പം കർത്താവ് നല്കിയ വാഗ്ദത്തമാണ് “ഞാനോ യുഗാന്ത്യം വരെയും എപ്പോഴും നിങ്ങളോടു കൂടെ ഉണ്ടായിരിക്കും” എന്നത്. അപ്പൊസ്തലന്മാർ യുഗാവസാനംവരെ ജീവിച്ചിരുന്നില്ല. എന്നാൽ സഭ യുഗാവസാനംവരെ ഭൂമിയിൽ ഉണ്ടായിരിക്കും. സഭയുടെ പ്രതിനിധികൾ എന്ന നിലയ്ക്കാണ് കർത്താവ് ഈ കല്പന ശിഷ്യന്മാർക്കു നല്കിയത്. അതിനാൽ കർത്താവിന്റെ വരവുവരെയും തുടരേണ്ട അനുഷ്ഠാനമാണ് സ്നാനം കഴിപ്പിക്കൽ.

ജലസ്നാനത്തിൻ്റെ ആവശ്യകത: ഒന്നാമത്, യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള  ജലസ്നാനം എന്തിനാണെന്ന് സ്നാനത്തെക്കുറിച്ചുള്ള കർത്താവിൻ്റെ കല്പനയിൽത്തന്നെ പറഞ്ഞിട്ടുണ്ട്: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.” (മത്താ, 28:19-20). ഈ വേദഭാഗത്ത്, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അഥവാ, യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിക്കുന്നത് എന്തിനാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. “സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” എന്നാണ് പറയുന്നത്. രക്ഷിതാവും കർത്താവുമായ ക്രിസ്തുവിൻ്റെ ശിഷ്യരാകാനുള്ളതാണ് സ്നാനം. ഒന്നുകൂടി പറയാം: ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് നമ്മുടെ രക്ഷിതാവും കർത്താവും ആക്കിവെച്ച യേശുവിൻ്റെ ശിഷ്യരാകാനുള്ള കർമ്മമാണ് സ്നാനം. (പ്രവൃ, 2:23-24,36; 5:31). അതായത്, ഞാനിനി ലോകത്തിൻ്റെ വകയല്ല; ദൈവത്തിൻ്റെ വകയാണെന്ന് ലോകത്തോടു വിളിച്ചുപറയുന്നത് പരസ്യമായി കഴിക്കുന്ന ജലസ്നാനത്താലാണ്. സുവിശേഷം അറിയിക്കാൻ പൗലൊസിനെ അയക്കുമ്പോൾ, കർത്താവ് കല്പിച്ചതുകൂടി ഇതിനൊപ്പം ചിന്തിക്കണം:  “അവർക്കു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന്നു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽനിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയക്കുന്നു എന്നു കല്പിച്ചു.” (പ്രവൃ, 26:18). ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽനിന്നു ദൈവത്തിങ്കലേക്കും തിരിക്കുന്നതാണ് സുവിശേഷം. അഥവാ, ദൈവം തൻ്റെ ക്രിസ്തുവിലൂടെ ഒരുക്കിയ സുവിശേഷത്താൽ മനുഷ്യർക്ക് ദാനമായി ലഭിക്കുന്നതാണ് മാനസാന്തരവും പാപമോചനവും രക്ഷയും. അതിനാൽ, സാത്താൻ്റെ അധീനതയിലുള്ള ലോകത്തിൻ്റെ അടിമത്വത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രാപിച്ച് ക്രിസ്തുവിൻ്റെ അനുയായി ആകുന്നുവെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നതാണ് ജലസ്നാനം. ലോകത്തിൻ്റെ ഏതെങ്കിലുമൊരു കൂട്ടായ്മയിൽനിന്നു ദൈവത്തിൻ്റെ കൂട്ടായ്മയിൽ ചേരുന്നതിനെയും ജലസ്നാനം കാണിക്കുന്നു. ഒപ്പം, രക്ഷിക്കപ്പെട്ടവൻ്റെ ബാഹ്യസാക്ഷ്യവും നല്ല മനസ്സാക്ഷിക്കുള്ള അപേക്ഷയും കൂടിയാണ് ജലസ്നാനം: (1പത്രൊ, 3:21). തന്മൂലം, രക്ഷിക്കപ്പെട്ടവൻ അനുഷ്ഠിക്കേണ്ട പ്രഥമവും പധാനവുമായ ക്രിസ്തീയ കർമ്മമാണ് ജലസ്നാനം എന്ന് മനസ്സിലാക്കാം. അല്ലാതെ, രക്ഷിക്കപ്പെടാൻ വേണ്ടിയല്ല സ്നാനം ഏല്ക്കേണ്ടത്. ആദിമസഭയിൽ ജലസ്നാനം സാർവ്വത്രികമായിരുന്നു. (പ്രവൃ, 2:41; 8:12, 8:38; 9:18; 10:47,48; 16:14,15,33; 18:8; 19:5).

ഒന്നുകൂടി വ്യക്തമാക്കിയാൽ: ദൈവമക്കൾ ആകാനല്ല സ്നാനം ഏല്ക്കേണ്ടത്; ദൈവമക്കളായവർ അനുഷ്ഠിക്കേണ്ടതാണ് സ്നാനം. ക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനമാണ് മനുഷ്യൻ്റെ രക്ഷ. “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). പത്രൊസ് അപ്പൊസ്തലൻ പറയുന്നത് നോക്കുക: “കര്‍ത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു.” (പ്രവൃ, 15:11}. ക്രിസ്തുവിൻ്റെ കൃപയാലാണ് രക്ഷ പ്രാപിക്കുന്നത്; അല്ലാതെ, യാതൊരു പ്രവൃത്തിയാലുമല്ല മനുഷ്യൻ രക്ഷ പ്രാപിക്കുന്നത്. “കാരാഗൃഹ പ്രമാണിയുടെ പ്രസിദ്ധമായ ഒരു ചോദ്യമുണ്ട്: രക്ഷ പ്രാപിപ്പാൻ ഞാൻ എന്ത് ചെയ്യണം.” (പ്രവൃ, 16:30). അതിൻ്റെ ഉത്തരമാണ്: “കർത്താവായ യേശുവിൽ വിശ്വസിക്ക; നീയും നിൻ്റെ കുടുബവും രക്ഷ പ്രാപിക്കും.” (പ്രവൃ, 16:31). ക്രിസ്തുവാകുന്ന, അവൻ്റെ നാമത്തെക്കുറിച്ചുള്ള സുവിശേഷത്താൽ രക്ഷ പ്രാപിച്ചവരാണ് ദൈവമക്കളാകുന്നത്. (2തിമൊ, 2:8; പ്രവൃ, 8;12; യോഹ, 3:15-18; 20:31). ദൈവത്തിൻ്റെ മക്കൾ ഒഴികഴിവില്ലാതെ അനുസരിക്കേണ്ട കല്പനയാണ് സ്നാനം. അല്ലാതെ മക്കളാകാൻവേണ്ടി അനുസരിക്കേണ്ട കല്പനയല്ല. എന്തെന്നാൽ, കല്പന അനുസരിക്കാൻ പോയിട്ട് ജീവൻപോലും ഇല്ലാത്തവരായിരുന്നു നമ്മൾ. നമ്മുടെ പഴയ അവസ്ഥ അപ്പൊസ്തലൻ വ്യക്തമാക്കിയിട്ടുണ്ട്: പ്രകൃതിയാൽ ജാതികളും പരിച്ഛേദനക്കാരാൽ അഗ്രചർമ്മക്കാർ എന്നു വിളിക്കപ്പെട്ടിരുന്നവരും ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേൽപൌരതയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങൾക്കു അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും പാപത്തിൽ മരിച്ചവരും ആയിരുന്നു: (എഫെ, 2:1,5,11,13). ദൈവത്തിൻ്റെ കല്പന അനുസരിക്കേണ്ടത് അവൻ്റെ മക്കളും ദാസന്മാരുമാണ്. ദൈവവുമായി ഒരു ബന്ധവുമില്ലാതെ പാപത്തിൽ മരിച്ചവരായിരുന്ന ജാതികൾ കല്പന എന്തിനനുസരിക്കും; എങ്ങനെയനുസരിക്കും? ഒന്നാമത്; നമുക്ക് യാതൊരു ബന്ധവുമില്ലാത്ത ഒരാളുടെ കല്പന അനുസരിക്കാൻ നാം ബാധ്യസ്ഥരല്ല. ഒരുദാഹരണം പറയാം: ‘എന്റെ ജനത്തെ വിട്ടയക്കേണം എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു’ എന്നു മോശെയും അഹരോനും ഫറവോനോടു പറഞ്ഞപ്പോൾ, അവൻ്റെ മറുപടി: “യിസ്രായേലിനെ വിട്ടയപ്പാൻ തക്കവണ്ണം ഞാൻ യഹോവയുടെ വാക്കു കേൾക്കേണ്ടതിന്നു അവൻ ആർ? ഞാൻ യഹോവയെ അറികയില്ല; ഞാൻ യിസ്രായേലിനെ വിട്ടയക്കയുമില്ല” എന്നാണ് പറഞ്ഞത്. (പുറ, 5:1,2). ഫറവോനു യഹോവയെ അറിയില്ല; മിസ്രയീമ്യരുടെ ദേവന്മാർ ആരെങ്കിലും പറഞ്ഞുവെന്ന് പറഞ്ഞാൽ ചിലപ്പോൾ അവൻ അനുസരിക്കും. അതുതന്നെയാണ് ദൈവവുമായി ഒരു ബന്ധവുമില്ലാത്ത ജാതികളോടു ‘നീ സ്നാനമേറ്റാൽ രക്ഷിക്കപ്പെടുന്നു പറഞ്ഞാലുള്ള സ്ഥിതി; അവൻ അനുസരിക്കാൻ കൂട്ടാക്കില്ല. രണ്ടാമത്; ആത്മികമായി മരിച്ചവർക്ക് ഒരു കല്പനയും അനുസരിക്കാൻ കഴിയില്ല. അതിന്, ആദ്യം ജീവനുണ്ടാകണം. ആത്മികമായി മരിച്ച അവസ്ഥയിലുള്ള ഒരാൾ, ആത്മികമായ കല്പന എങ്ങനെ അനുസരിക്കും? അതിനു ആത്മിക ജീവൻ പ്രാപിക്കണം. അതിന് ആദ്യം സുവിശേഷം കൈക്കൊള്ളണം. (പ്രവൃ, 2:41). സുവിശേഷത്താൽ ആത്മാവ് ലഭിക്കും; ആത്മിക ജീവൻ പ്രാപിക്കും; ദൊവമക്കളാകും. (യോഹ, 3:5-8;  20:31; പ്രവൃ, 10:44; ഗലാ, 3:2,5; എഫെ, 1:13-14). ദൈവവുമായി പിതൃപുത്ര ബന്ധത്തിലാകുന്ന വ്യക്തി, ക്രിസ്തുവിൻ്റെ ശിഷ്യത്വം സ്വീകരിക്കാനായി ദൈവകല്പനയായ സ്നാനം സ്വീകരിക്കും. ക്രിസ്തുവിൻ്റെ കാൽച്ചുവട് പിന്തുടരുവാനാണ് നമ്മളെ വിളിച്ചിരിക്കുന്നത്. (1പത്രൊ, 2ൻ്റെ21). അതിൻ്റെ ആദ്യ പടിയായാണ് സ്നാനം.

ജലത്തിൽ സ്നാനപ്പെടുന്നതു എപ്പോൾ: വിശ്വാസം ഏറ്റുപറയുന്ന സമയത്തു സ്ഥാനപ്പെടുന്നതായാണ് അപ്പൊസ്തലപ്രവൃത്തികളിൽ നാം കാണുന്നത്. കേൾക്കുക, കൈക്കൊള്ളുക, വിശ്വസിക്കുക, സ്നാനപ്പെടുക എന്നതാണു പുതിയനിയമ മാതൃക: (പ്രവൃ, 2:41), ശമര്യരുടെ സ്നാനം (പ്രവൃ, 8:12), ഷണ്ഡൻ്റെ സ്നാനം (പ്രവൃ, 9:35-38), കൊർന്നേല്യൊസിന്റെയും ചാർച്ചക്കാരുടെയും സ്നാനം (പ്രവൃ, 10:44-48) ലുദിയയുടെയും കുടുംബത്തിന്റെയും സ്നാനം (പ്രവൃ, 16:14,15), കാരാഗൃഹ പ്രമാണിയുടെയും കുടുംബത്തിന്റെയും സ്നാനം (പ്രവൃ, 16:32,33), ക്രിസ്പൊസിന്റെയും കുടുംബത്തിന്റെയും, അനേകം കൊരിന്ത്യരുടെയും സ്നാനം (പ്രവൃ,18:8), എഫെസൊസിലെ വിശ്വാസികളുടെ സ്നാനം (പ്രവൃ, 19:4,5) എന്നിവയും നോക്കുക. സുവിശേഷം കേൾക്കുക അഥവാ, കൈക്കൊള്ളുക എന്നത് സഭയുടെ അടിസ്ഥാന ഉപദേശങ്ങളിൽ ആദ്യത്തേതാണ്: (പ്രവൃ, 2:41,42). ‘വിശ്വസിക്കുക’ എന്നത് സുവിശേഷ കേൾവിയാൽ ഉളവാകുന്ന ആത്മസ്നാനത്താൽ ലഭിക്കുന്ന കൃപയാണ്: (1കൊരി, 13:13; ഗലാ, 3:2; എഫെ, 1:13,14; 2:5,8). “പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.” (1കൊരി, 12:3). സുവിശേഷത്താൽ ലഭിക്കുന്ന ആത്മസ്നാനത്താൽ വ്യക്തിയുടെ ഹൃദയത്തിൽനിന്നു സ്വാഭാവികമായി ഉളവാകുന്ന സാക്ഷ്യമാണ്: യേശുവെൻ്റെ കർത്താവും രക്ഷിതാവുമാണെന്നുള്ളത്. ആ സാക്ഷ്യത്തിൻ്റെ വെളിച്ചത്തിലാണ് ജലസ്നാനം നല്കുന്നത്. “നീ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം.” (പ്രവൃ, 8:37). സഭയുടെ അടിസ്ഥാന ഉപദേശങ്ങളിൽ രണ്ടാമത്തേതാണ് സ്നാനം: (പ്രവൃ, 2:41,42). അടിസ്ഥാന ഉപദേശങ്ങൾ: “അവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേർ അവരോടു ചേർന്നു. അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാർത്ഥന കഴിച്ചും പോന്നു.” (പ്രവൃ, 2:41,42). “Then they that gladly received his word, were baptized, and the same day there were added to the Church about three thousand souls. And they continued in the Apostles’ doctrine, and fellowship, and breaking of bread, and prayers.” (GNV 1599). 1. ദൈവവചനം കൈക്കൊള്ളുക. (അവന്റെ വാക്കു കൈക്കൊണ്ടവർ = പത്രൊസിൽനിന്നു ദൈവവചനം കൈക്കൊണ്ടവർ). (2:41). 2. സ്നാനം ഏല്ക്കുക. (2:41). 3. സഭയോടു ചേരുക (അവരോടു ചേർന്നു = പ്രാദേശിക സഭയോടു ചേരുക). (2:41). 4. ഉപദേശം കേൾക്കുക. (2:42). 5. കൂട്ടായ്മ ആചരിക്കുക (2:42). 6. അപ്പം നുറക്കുക. (2:42). 7. പ്രാർത്ഥന കഴിക്കുക. (2:42). പ്രവൃത്തികൾ 2:38-ലെ ‘മാനസാന്തരം’ തുടങ്ങിയാണ് അടിസ്ഥാന ഉപദേശങ്ങളെന്ന് മനസ്സിലാക്കുന്നവരുണ്ട്; തെറ്റാണത്. ലോകപ്രകാരമുള്ള മാനസാന്തരം മാത്രമേ ഒരു വ്യക്തിക്ക് സ്വയമായി ഉളവാക്കാൻ കഴിയുകയുള്ളു; ആ മാനസാന്തരം ജീവൻ നല്കുന്നതല്ല; മരണം ഉളവാക്കുന്നതാണ്. ദൈവഹിതപ്രകാരമുള്ള മാനസാന്തരമാണ് വ്യക്തിക്ക് ജീവൻ നല്കുന്നത്. അത് ദൈവത്തിൻ്റെ വചനം അഥവാ സുവിശേഷത്താൽ ലഭിക്കുന്ന പരിശുദ്ധാത്മാവിൻ്റെ ദാനമാണ്. (2കൊരി, 7:8-10; ഗലാ, 3:2; എഫെ, 1:13,14). ‘അവരോടു ചേർന്നു’ അഥവാ, പ്രാദേശിക സഭയോടുചേർന്ന് ദൈവവചനം പഠിക്കുകയും ദൈവത്തെ ആരാധിക്കുകയും ചെയ്യേണ്ടത് രക്ഷിക്കപ്പെട്ട വ്യക്തി ചെയ്യേണ്ടതാണ്. എന്നാൽ ക്രിസ്തുവിൻ്റെ ശരീരമായ സാർവ്വത്രിക സഭയോട് ചേർക്കുന്നത് മനുഷ്യരല്ല; കർത്താവണത് ചെയ്യുന്നത്: “കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു.” (പ്രവൃ, 2:46; 1കൊരി, 12:12,13).

വിശ്വസിക്കുന്നുവെങ്കിൽ ആകാം: “അവർ (ഫിലിപ്പൊസും ഷണ്ഡനും) ഇങ്ങനെ വഴിപോകയിൽ വെള്ളമുള്ളോരു സ്ഥലത്തു എത്തിയപ്പോൾ ഷണ്ഡൻ: ഇതാ വെള്ളം ഞാൻ സ്നാനം ഏല്ക്കുന്നതിന്നു എന്തു വിരോധം എന്നു പറഞ്ഞു. അതിന്നു ഫിലിപ്പൊസ്: നീ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം എന്നു പറഞ്ഞു. യേശുക്രിസ്തു ദൈവപുത്രൻ എന്നു ഞാൻ വിശ്വസിക്കുന്നു എന്നു അവൻ ഉത്തരം പറഞ്ഞു. അങ്ങനെ അവൻ തേർ നിർത്തുവാൻ കല്പിച്ചു; ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, അവൻ അവനെ സ്നാനം കഴിപ്പിച്ചു.” (പ്രവൃ, 8:36-38). ഇതിൻ്റെ 37-ാം വാക്യം സത്യവേദപുസ്തകം ഉൾപ്പെടെ ആധുനിക പരിഭാഷകളിൽ ചിലതിൽ സന്ദിഗ്ധമെന്ന നിലയിൽ ബ്രാക്കറ്റിലിട്ടിരിക്കുന്നതും ചിലതിൽനിന്ന് നീക്കം ചെയ്തിക്കുന്നതായും കാണാം. എന്നാൽ, ഇംഗ്ലീഷിലെ ആദ്യത്തെ പരിഭാഷയായ william tyndale (1526) മൂതൽ Coverdale Bible (1535), Bishops’ Bible (1568), Geneva Bible (1587), King James (1611) തുടങ്ങിയ ആദ്യകാല പരിഭാഷകളിലെല്ലാം മറ്റുപല പരിഭാഷകളിലും ബ്രാക്കറ്റിലല്ലാതെ ഈ വാക്യം കാണാവുന്നതാണ്. അതായത്, ഫിലിപ്പൊസ് ഷണ്ഡനോടു യെശയ്യാപ്രവചനത്തെ ആധാരമാക്കി സുവിശേഷം അറിയിച്ചപ്പോൾത്തന്നെ അവന് ആത്മസ്നാനം അഥവാ, ആത്മാവ് ലഭിച്ചു: (പ്രവൃ, 10:44; ഗലാ, 3:2,5). ആത്മാവാണ് കൃപയാലുള്ള വിശ്വാസം വ്യക്തിക്ക് നല്കുന്നതും വീണ്ടുംജനിപ്പിച്ച് രക്ഷ അണിയിക്കുന്നതും: (2:കൊരി, 4:13; എഫെ, 2:5,8. ഒ.നോ: ഗലാ, 3:2,5). പരിശുദ്ധാത്മാവിനെ കൂടാതെ, യേശു എൻ്റെ രക്ഷിതാവായ കർത്താവാണെന്ന വിശ്വാസം ഏറ്റുപറയാൻ ആർക്കും കഴിയില്ല: (1കൊരി, 12:3). അനന്തരം, അവർ വെള്ളമുള്ളോരു സ്ഥലത്തു എത്തിയപ്പോൾ ഷണ്ഡൻ: ഇതാ വെള്ളം ഞാൻ സ്നാനം ഏല്ക്കുന്നതിന്നു എന്തു വിരോധം എന്നു ചോദിച്ചു. അതിന്നു ഫിലിപ്പൊസ്: നീ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം എന്നു പറയുകയും അവനെ സ്നാനം കഴിപ്പിക്കുകയും ചെയ്തു: (പ്രവൃ, 8:36-38). ഇവിടെ രണ്ടു കാര്യങ്ങൾ കാണാം. ഒന്ന്; യേശുക്രിസ്തുവാകുന്ന (2തിമൊ, 2:8) അവൻ്റെ നാമത്തെക്കുറിച്ചുള്ള (പ്രവൃ, 8:12) സുവിശേഷത്താൽ ലഭിക്കുന്ന ആത്മസ്നാനത്താൽ ഷണ്ഡൻ രക്ഷിക്കപ്പെടുന്നു. രണ്ട്; രക്ഷിക്കപ്പെട്ട ഷണ്ഡൻ്റെ സാക്ഷ്യൻ്റെ വെളിച്ചത്തിൽ ഫിലിപ്പോസ് അവന് ജലസ്നാനം നല്കുന്നു. സുവിശേഷത്താലാണ് ആത്മസ്നാനം ലഭിക്കുന്നത്: (പ്രവൃ, 10:44). എന്നാൽ, ഫിലിപ്പൊസ് സുവിശേഷം അറിയിച്ചിട്ട് ഷണ്ഡൻ്റെ വിശ്വാസം ആരാഞ്ഞശേഷം സ്നാനപ്പെടുത്തിയതായും പത്രൊസ് കൊർന്നേല്യൊസിനോട് വിശ്വാസം ആരായാതെ നേരിട്ട് സ്നാനപ്പെടുത്താൻ കല്പിച്ചതായും കാണാം. അതിൻ്റെ കാരണമെന്താണെന്നു ചോദിച്ചാൽ; ആത്മസ്നാനം ഒരു ആന്തരിക പ്രവൃത്തിയാണ്; ആത്മസ്നാനം ലഭിച്ചവന് തൻ്റെ ഉള്ളത്തിൽ അത് അനുഭവിക്കാൻ കഴിയുമെങ്കിലും അതിന് പ്രത്യേകിച്ച് അടയാളങ്ങളൊന്നുമില്ല: (യോഹ, 3:8; പ്രവൃ, 19:5). അതിനാൽ, ആത്മസ്നത്തോടൊപ്പം പ്രത്യക്ഷമായ ഏന്തെങ്കിലും വരങ്ങളുണ്ടെങ്കിൽ മാത്രമേ, വ്യക്തിക്ക് ആത്മസ്നാനം ലഭിച്ച് രക്ഷിക്കപ്പെട്ടതായി സുവിശേഷകന് മനസ്സിലാകുകയുള്ളു. ഷണ്ഡന് പ്രത്യക്ഷമായ വരങ്ങളൊന്നും ഇല്ലായിരുന്നു; അതുകൊണ്ട് അവൻ്റെ വിശ്വാസം ആരായേണ്ടിവന്നു. കൊർന്നേല്യൊസിനും കുടുംബത്തിനും ആത്മസ്നാനത്തോടൊപ്പം അന്യഭാഷയെന്ന പ്രത്യക്ഷമായൊരു വരവും ഉണ്ടായിരുന്നു; അതിനാൽ, വിശ്വാസം ആരായാതെതന്നെ അവനെ സ്നാനപ്പെടുത്തി. എന്തെന്നാൽ, സുവിശേഷത്താൽ ലഭിക്കുന്ന ആത്മസ്നാനത്താലാണ് വിശ്വാസം ഉളവാകുന്നത്: “ഞാൻ വിശ്വസിച്ചു, അതുകൊണ്ടു ഞാൻ സംസാരിച്ചു” എന്നു എഴുതിയിരിക്കുന്നതു പോലെ വിശ്വാസത്തിന്റെ അതേ ആത്മാവു ഞങ്ങൾക്കുള്ളതിനാൽ ഞങ്ങളും വിശ്വസിക്കുന്നു അതുകൊണ്ടു സംസാരിക്കുന്നു.” (2കൊരി, 4:13). അതായത്, ആത്മസ്നാനത്താൽ രക്ഷിക്കപ്പെട്ടവരിൽനിന്ന് ദൃശ്യമാകുന്ന വരങ്ങളുടെ വെളിച്ചത്തിലോ, രക്ഷിക്കപ്പെട്ടവരുടെ വിശ്വാസത്തിൻ്റെ വെളിച്ചത്തിൽ അഥവാ, വിശ്വാസം ഏറ്റുപറയുന്നതിൻ്റെ വെളിച്ചത്തിലോ ആണ് ജലസ്നാനം നല്കുന്നത്: (പ്രവൃ, 8:37; 1കൊരി, 12:3).

ജലസ്നാനം സ്വീകരിക്കേണ്ട നാമം: രക്ഷിക്കപ്പെട്ട വ്യക്തി യേശുക്രിസ്തുവിൻ്റെ നാമത്തിലാണ് ജലസ്നാനം സ്വീകരിക്കേണ്ടത്: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കുക.” (മത്താ, 28:19). പുതിയനിയമം വെളിപ്പെടുത്തുന്ന പിതാവിൻ്റെ നാമവും പുത്രൻ്റെ നാമവും ഒന്നുതന്നെയാണ്: “നീ എനിക്കു തന്നിരിക്കുന്ന നിൻ്റെ നാമം” എന്നു പുത്രൻ രണ്ടുവട്ടം പിതാവിനോടു പറയുന്നതായി കാണാം: (യോഹ, 17:11; 17:12). അതായത്, പിതാവ് പുത്രനു കൊടുത്ത തൻ്റെ നാമമാണ് യേശു അഥവാ, യേശുക്രിസ്തു. “ഞാൻ എൻ്റെ പിതാവിൻ്റെ നാമത്തിൽ വന്നിരിക്കുന്നു” എന്നു പുത്രൻ പറയുകയുണ്ടായി: (യോഹ, 5:43). സുവിശേഷങ്ങളിൽ ദൈവപുത്രൻ പിതാവിൻ്റെ നാമത്തിൽ പ്രവർത്തിച്ചതായും (യോഹ, 10:25) ശിഷ്യന്മാർ യേശുവിൻ്റെ നാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചതായും കാണാം: (ലൂക്കൊ, 10:17. ഒ.നോ. മർക്കൊ, 9:38; ലൂക്കൊ, 9:49). രണ്ട് വ്യത്യസ്ത നാമങ്ങളിൽ അത്ഭുതങ്ങൾ നടന്നാൽ; പുതിയനിയമം അതിൽത്തന്നെ ഛിദ്രിച്ചുപോകും. എന്തെന്നാൽ പുതിയനിയമത്തിൽ എല്ലാക്കാര്യങ്ങളും യേശുക്രിസ്തു എന്ന ഏകനാമത്തിലാണ് ചെയ്യേണ്ടത്. “നിൻ്റെ നാമത്തെ മഹത്വപ്പെടുത്തേണമേ” എന്നും “പുത്രനെ മഹത്വപ്പെടുത്തേണമേ” എന്നും പുത്രൻ അഭിന്നമായി പറഞ്ഞിരിക്കുന്നത് കാണാം: (യോഹ, 12:28; 17:1). അത് പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നുതന്നെയാണ് എന്നതിൻ്റെ വ്യക്തമായ തെളിവാണ്. “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്യാൻ” കല്പനയുമുണ്ട്. (കൊലൊ, 3:17). എന്നേക്കും ഇരിക്കേണ്ടതിന് പരിശുദ്ധാത്മാവ് വന്നതും യേശുവിൻ്റെ നാമത്തിലാണ്: (യോഹ, 14:16). യഹോവയെന്ന നാമമായിരുന്നു പഴയനിയമത്തിൽ രക്ഷയ്ക്കായുള്ള ഏകനാമം: (യോവേ, 2:32; പ്രവൃ, 2:21). പുതിയനിയമത്തിൽ രക്ഷയ്ക്കായുള്ള ഏകനാമം യേശുക്രിസ്തു ആണ്: (പ്രവൃ, 4:12). പിതാവായ ഏകദൈവമേ നമുക്കുള്ളെന്നു ദൈവപുത്രനും അപ്പൊസ്തലന്മാരും പറയുന്നു: (യോഹ, 17:3; 8:41; 1കൊരി, 8:6; എഫെ, 4:6). അപ്പോൾ, “യേശുക്രിസ്തു” എന്ന നാമം പുത്രൻ്റെ നാമം മാത്രമായാൽ, ആ നാമത്തിലെങ്ങനെ രക്ഷകിട്ടും? (പ്രവൃ, 4:12) മാനസാന്തരവും പാപമോചനം ലഭിക്കും? (ലൂക്കൊ, 24:47; പ്രവൃ, 10:43) അത്ഭുതങ്ങളും അടയാളങ്ങളും നടക്കും? (പ്രവൃ, 4:30. ഒ.നോ: മത്താ, 1:21; സങ്കീ, 118:26–മത്താ, 23:39, യോഹ,10:25, 17:6, യോഹ, 17:26; യെശ, 45:22, യോവേ, 2:32–പ്രവൃ, 2:22; 4:12, റോമ, 10:13). കൂടാതെ, ആദിമസഭ യേശുക്രിസ്തു എന്ന ഏകനാമം വിളിച്ചാണ് അപേക്ഷിച്ചിരുന്നത്: സ്തെഫാനോസും (പ്രവൃ, 7:59), ദമസ്കൊസിലുള്ള സഭയും (പ്രവൃ, 9:14), യെരൂശലേം സഭയും (പ്രവൃ, 9:21), പൗലൊസും (പ്രവൃ, 22:16), കൊരിന്ത്യസഭയും (1കൊരി, 1:2), പൗലൊസ് മൂന്നുട്ടം അപേക്ഷിച്ചതും (2കൊരി, 12:8), തിമൊഥെയൊസിൻ്റെ സഭയും (2തിമൊ, 2:12), ബൈബിൾ എഴുതി അവസാനിപ്പിക്കുമ്പോൾ യോഹന്നാൻ അപ്പൊസ്തലനും (വെളി, 22:20) വിളിച്ചപേക്ഷിച്ചതു യേശുക്രിസ്തുവിൻ്റെ നാമമാണ്. പിതാവിൻ്റെയോ പരിശുദ്ധാത്മാവിൻ്റെയോ നാമം ആരും വിളിച്ചപേക്ഷിച്ചിട്ടില്ല എന്നതും, “അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവർ” എന്ന പൗലൊസിൻ്റെ പ്രസ്താവനയും ചേർത്തു ചിന്തിച്ചാൽ; പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ്, യേശുക്രിസ്തു എന്നു സ്ഫടികസ്ഫുടം വ്യക്തമാകും. (മത്താ, 28:19–പ്രവൃ, 2:38, 8:16, 10:48, 19:5, 22:16). [കാണുക: ഏകസത്യദൈവത്തിൻ്റെ നാമം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്താണ്?, സ്നാനം ഏല്ക്കേണ്ട നാമം]

റോമർ 6:1-11; ഗലാത്യർ 3:27; കൊലൊസ്യർ 2:12,13 തുടങ്ങിയ വേദഭാഗങ്ങൾ ജലസ്നാനത്തെ സൂചിപ്പിക്കുന്നതായി അനേകരും മനസ്സിലാക്കുന്നു. എന്നാൽ ആ വേദഭാഗങ്ങൾ അക്ഷരാർത്ഥത്തിൽ ആത്മസ്നാനത്തെ കുറിച്ചുള്ളതാണ്. മേല്പറഞ്ഞ മൂന്നു പുസ്തകങ്ങളിലും ജലമെന്നൊരു പദംപോലുമില്ല; ആത്മാവിനെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നതു മുഴുവൻ: (റോമ, 5:5; 7:6; 8:2; 8:4; 8:5; 8:6; 8:9; 8:10; 8:11; 8:15; 8:16; 8:23; 8:26; 8:27; 9:2; 12:11; 14:17; 15:13; 15:18; 15:32; ഗാലാ, 3:2; 3:3; 3:5; 3:14; 4:4; 5:5; 5:16; 5:17; 5:18; 5:22; 5:25; 6:1; 6:8; 6:18; കൊലൊ, 1;18; 2:5). ക്രിസ്തുവിനോട് നമ്മെ ഏകീഭവിപ്പിക്കുന്നതും അവൻ്റെ മരണപുരനുത്ഥാനങ്ങളിൽ പങ്കുകാരാക്കുന്നതും തോട്ടിലെ വെള്ളമല്ല; ദൈവത്തിൻ്റെ ആത്മാവാണ്. അതിനാണ് ദൈവം നമുക്ക് ആത്മാവിൽ സ്നാനം നല്കുന്നത്. (മത്താ, 3:11; 1കൊരി, 12:12,13; എഫെ, 1:13,14). ആത്മസ്നാനത്താലാണ് യേശുക്രിസ്തുവിനോട് ചേരുന്നതും (റോമ, 6:3) നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെടുന്നതും (റോമ, 6:6) അവൻ്റെ മരണത്തിൽ പങ്കാളിയാകുന്നതും (റോമ, 6:3) അവനോടുകൂടെ അടക്കപ്പെടുന്നതും (റോമ, 6:4; കൊലൊ, 2:12) അവനോടുകൂട ഉയിർത്തെഴുന്നേല്ക്കുന്നതും (റോമ, 6:4,5; കൊലൊ, 2:12) പാപമോചനം പ്രാപിക്കുന്നതും (റോമ, 6:7) അവനെ ധരിക്കുന്നതും (ഗലാ, 3:27) അവനോടുകൂടി ജീവിക്കുന്നതും. (റോമ, 6:8). ആത്മാവിലാണ് ഭക്തന്മാർ ദൈവത്തെ കണ്ടത്; ആത്മാവിലാണ് പ്രവാചകന്മാർ ഭാവികാര്യങ്ങളെ കണ്ടതും വെളിപ്പാടുകൾ ലഭിച്ചതും പ്രവചിച്ചതും; ആത്മാവിലാണ് പൗലൊസ് മൂന്നാം സ്വർഗ്ഗത്തോളം എടുക്കപ്പെട്ടത്. അതുപോലെ ആത്മാവിലാണ് നാം ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളിൽ പങ്കാളിയാകുന്നതും അവനോടു ചേരുന്നതും അവനെ ധരിക്കുന്നതും അവനോടുകൂടി ജീവിക്കുന്നതും.

ക്രിസ്തുവിനെ ധരിക്കുന്ന സ്നാനം: “ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. അതിൽ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ.” (ഗലാ, 3:27,28). ക്രിസ്തുവിനെ ധരിക്കുന്ന സ്നാനം ജലസ്നാനമല്ല; ആത്മസ്നാനമാണെന്നു ദൈവത്തിൻ്റെ വചനം കൃത്യമായി നമ്മോടു പറയുന്നു. “ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു” എന്നാണ് പൗലൊസ് പറഞ്ഞത്. എന്നാൽ ക്രിസ്തു സ്വർഗ്ഗാരോഹണത്തിനു മുമ്പു പറഞ്ഞ കല്പനയിൽ നോക്കുക: “എന്റെ പിതാവു വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെ മേൽ അയക്കും. നിങ്ങളോ ഉയരത്തിൽനിന്നു ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ ”എന്നും അവരോടു പറഞ്ഞു.” (ലൂക്കോ, 24:49. ഒ.നോ: പ്രവൃ, 1:4). ഉയരത്തിൽ നിന്നു ധരിക്കേണ്ട ശക്തി എന്താണെന്നും പറഞ്ഞിട്ടുണ്ട്: “യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു.” (പ്രവൃ, 1:5). പരിശുദ്ധാത്മാത്മ സ്നാനമാണ് ഉയരത്തിൽ നിന്നുള്ള ശക്തിയെന്ന് വ്യക്തമാണല്ലോ? എന്നേക്കും ഇരിക്കേണ്ടതിന് പരിശുദ്ധാത്മാവ് അവരോഹണം ചെയ്യുന്നതിനു മുമ്പാണ് ക്രിസ്തു ഇതു കല്പിച്ചത്. “ഉയരത്തിൽനിന്നു ശക്തി ധരിക്കുവോളം അഥവാ, ആത്മാവിൽ സ്നാനം ലഭിക്കുവോളം യെരുശലേമിൽ പാർപ്പിൻ.” എന്നാൽ ഉയരത്തിൽ നിന്നുള്ള ശക്തിധരിച്ച് അഥവാ, പരിശുദ്ധാത്മാവിനാൽ ദൈവസഭ സ്ഥാപിതമായി വർഷങ്ങൾക്കുശേഷം ആത്മാസ്നാനത്താൽ രക്ഷിക്കപ്പെട്ട (ഗലാ, 3:2-5) ഗലാത്യയിലെ വിശ്വാസികളോടാണ് പൗലൊസ് പറയുന്നത്; “ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.” അതായത്, ‘ഉയരത്തിൽനിന്നു ശക്തി ധരിക്കുമെന്നും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു’ എന്നു പറയുന്നതും ഒന്നുതന്നെയാണ്. രണ്ട് കാര്യങ്ങൾ അതിനോടുള്ള ബന്ധത്തിൽ പറയാം: ഒന്ന്; എൻവിയൊ’ (ἐνδύω – endyo) എന്ന ഗ്രീക്കുപദത്തെയാണ് രണ്ടിടത്തും ‘ധരിക്കുക’ എന്നു പരിഭാഷ ചെയ്തിരിക്കുന്നത്. endue എന്ന ഇംഗ്ലീഷ് പദത്തിനു ‘ഉടുപ്പണിയിക്കുക, അനുഗ്രഹിക്കുക’ എന്നാണർത്ഥം. അതിനാൽ, ‘ഉയരത്തിൽനിന്നു ശക്തി ധരിക്കാൻ’ യേശു പറയുന്നതും ‘ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു’ എന്നു പൗലൊസ് പറഞ്ഞതും ഒരേ വാക്കുകൊണ്ട് ഒരേ അർത്ഥത്തിലാണെന്ന് മനസ്സിലാക്കാമല്ലോ? രണ്ട്; പലരായ വിശ്വാസികൾ ക്രിസ്തുവിൽ ഏകശരീരമാകുന്നത് ആത്മസ്നാനത്താലാണെന്നും പറഞ്ഞിട്ടുണ്ട്: “ശരീരം ഒന്നും, അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും. യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.” (1കൊരി, 12:12,13). ക്രിസ്തുവിനെ ധരിക്കുന്നത് ആത്മസ്നാത്താലാണെന്ന് വ്യക്തമാണല്ലോ?

ക്രിസ്തു കുടിച്ച പാനപാത്രവും ഏറ്റ സ്നാനവും: “യേശു അവരോടു: നിങ്ങൾ യാചിക്കുന്നതു ഇന്നതു എന്നു നിങ്ങൾ അറിയുന്നില്ല; ഞാൻ കുടിക്കുന്നപാന പാത്രം കുടിപ്പാനും ഞാൻ ഏല്ക്കുന്ന സ്നാനം ഏല്പാനും നിങ്ങൾക്കു കഴിയുമോ എന്നു ചോദിച്ചതിന്നു കഴിയും എന്നു അവർ പറഞ്ഞു. യേശു അവരോടു: ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾ കുടിക്കയും ഞാൻ ഏല്ക്കുന്ന സ്നാനം ഏൽക്കയും ചെയ്യും നിശ്ചയം.” (മർക്കൊ, 10:38,39; ലൂക്കൊ, 12:50). ഈ വേദഭാഗത്തു പറയുന്ന, ക്രിസ്തു കുടിക്കാനിരുന്ന പാനപാത്രവും ഏല്ക്കാനിരുന്ന സ്നാനവും താൻ യോഹന്നാൻ്റെ കയ്യാൽ ഏറ്റുകഴിഞ്ഞ സ്നാനത്തെക്കുറിച്ചല്ല; പ്രത്യുത, താൻ ഏല്ക്കാനിരുന്ന കഷ്ടാനുഭവം അഥവാ, ക്രൂശുമരണമെന്ന പരമയാഗത്തെക്കുറിച്ചാണ്. താൻ കുടിക്കാനിരിക്കുന്ന പാനപാത്രത്തിലും ഏല്ക്കാനിരിക്കുന്ന സ്നാനത്തിലും അഥവാ, കഷ്ടാനുഭവങ്ങളിൽ ശിഷ്യന്മാരും പങ്കുകൊള്ളുമെന്നാണ് ക്രിസ്തു പറഞ്ഞത്. പക്ഷെ എങ്ങനെ? താൻ ഏല്പാനിരുന്ന ക്രൂശുമരണമെന്ന സ്നാനത്തെയോർത്ത് ക്രിസ്തു വളരെ ഞെരുങ്ങിയിരുന്നു: (ലൂക്കൊ, 12:50). എത്രവലിയ വ്യഥയാണ് താൻ അനുഭവിച്ചിരുന്നതെന്ന് ഗെത്ത്ശെമനയിലെ പ്രാർത്ഥനയിൽ മനസ്സിലാക്കാം: പിന്നെ അവൻ അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: “പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ” എന്നു പ്രാർത്ഥിച്ചു.” (മത്താ, 26:39. ഒ.നോ: മർക്കൊ, 14:35,36; ലൂക്കൊ, 22:42). മാനവകുലത്തിൻ്റെ പാപമെല്ലാം തൻ്റെ പരിശുദ്ധശരീരത്തിൽ വഹിച്ച ക്രിസ്തുയേശുവെന്ന മനുഷ്യൻ പ്രാണവേദനയിലായതും പരിക്ഷീണനായി കവിണ്ണുവീണതും അവനെ ശക്തിപ്പെടുത്താൻ സ്വർഗ്ഗത്തിൽ നിന്നൊരു ദൂതൻ പ്രത്യക്ഷനായതും ഗെത്ത്ശെമനയിൽ കാണാം: (മത്താ, 26:39; മർക്കൊ, 14:35; ലൂക്കൊ, 14:43,44; 1തിമൊ, 2:6). അതിലും എത്രയോ ഭയാനകമാണ് ക്രൂശുമരണം. ക്രിസ്തുയേശു സകല മനുഷ്യർക്കുംവേണ്ടി ക്രൂശുമരണമെന്ന കഷ്ടങ്ങൾ സഹിച്ചത് ദൈവകൃപയാലും (എബ്രാ, 2:9) പരിശുദ്ധാത്മാവിനാലുമാണ്: “നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?” (എബ്രാ, 9:14). ആത്മാവിനാലാണ് താൻ പുനരുത്ഥാനം ചെയ്തതും: “ക്രിസ്തുവും നമ്മെ ദൈവത്തോടു അടുപ്പിക്കേണ്ടതിന്നു നീതിമാനായി നീതികെട്ടവർക്കു വേണ്ടി പാപംനിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു, ജഡത്തിൽ മരണശിക്ഷ ഏൽക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു.” (1പത്രൊ, 3:18. ഒ.നോ: റോമ, 8:11). ക്രിസ്തു തൻ്റെ മരണപുനരുത്ഥാനങ്ങളാകുന്ന സ്നാനമേറ്റത് ആത്മാവിലായിരുന്നുവെങ്കിൽ; ആ മരണപുനരുത്ഥാനങ്ങളോട് ദൈവത്തിൻ്റെ ആത്മാവിനാലല്ലാതെ, ജലത്താൽ നമുക്കെങ്ങനെ ഏകീഭവിക്കാൻ കഴിയും?… യേശുക്രിസ്തു പരിശുദ്ധാത്മാവിനാൽ സഫലമാക്കിയ മരണപുനരുത്ഥാനമെന്ന തൻ്റെ പരമയാഗത്തോടു വ്യക്തികൾക്ക് ആത്മസ്നാനത്താലല്ലാതെ, പ്രാദേശിക സഭകളിലെ ആരോ നല്കുന്ന ജലസ്നാനത്താൽ ഏകീഭവിക്കാൻ കഴിയുമെന്ന് ആരെങ്കിലും വിശ്വസിക്കുന്നുവെങ്കിൽ പിന്നെയൊന്നും പറഞ്ഞിട്ടു കാര്യമില്ല. യേശു അവരോടു: “ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾ കുടിക്കയും ഞാൻ ഏല്ക്കുന്ന സ്നാനം ഏൽക്കയും ചെയ്യും നിശ്ചയം.” (മർക്കൊ, 10:39). ക്രിസ്തു ആത്മാവിനാൽ കുടിച്ച പാനപാത്രവും (കഷ്ടാനുഭവം) ഏറ്റ സ്നാനവും (മരണപുനരത്ഥാനങ്ങൾ) നമ്മളും ഏല്ക്കാനാണ് അവൻ നമ്മെ ആത്മാവിൽ സ്നാനം കഴിപ്പിച്ചത്. അത് ജഡത്തിലും ജലത്തിലും നമുക്കു ഏല്ക്കാൻ കഴിയില്ല; ക്രിസ്തു മുഖാന്തരം ദൈവം കൃപയാൽ നല്കുന്ന ആത്മസ്നാനത്താലാണ് നാമവൻ്റെ മരണപുനരുദ്ധാനങ്ങളോട് ഏകീഭവിക്കുന്നത്: (മത്താ, 3:11; മർക്കൊ, 1:8; ലൂക്കൊ, 3:16; യോഹ, 1:33; പ്രവൃ, 1:5; 11:15; റോമ, 6:3-5; 1കൊരി, 12,13; ഗലാ, 3:27; കൊലൊ, 2:12,13; 2തെസ്സ, 2:13).

പുനർജ്ജനനസ്നാനം: “അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചതു. നാം അവന്റെ കൃപയാൽ നീതീകരിക്കപ്പെട്ടിട്ടു പ്രത്യാശപ്രകാരം നിത്യജീവന്റെ അവകാശികളായിത്തീരേണ്ടതിന്നു പുനർജ്ജനനസ്നാനം കൊണ്ടും നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുമൂലം നമ്മുടെമേൽ ധാരാളമായി പകർന്ന പരിശുദ്ധാത്മാവിന്റെ നവീകരണംകൊണ്ടും തന്നേ.” (തീത്തൊ, 3:5). നമ്മുടെ വീണ്ടുംജനനം അഥവാ, ആത്മീയജനനത്തെ കുറിക്കുകയാണ് പുനർജ്ജനനസ്നാനം. രക്ഷയ്ക്കായി യാതൊരു നീതിപ്രവൃത്തികളും ആവശ്യമില്ലെന്നു പറഞ്ഞുകൊണ്ടാണ് പുനർജ്ജനനസ്നാനത്തെക്കുറിച്ചു പറയുന്നത്. ജലസ്നാനം വാക്കിലും പ്രവൃത്തിയിലും ഉൾപെടുന്ന കല്പനയാണ്. എന്നാൽ പുനർജ്ജനനസ്നാനം പരിശുദ്ധാത്മാവിലുള്ള കഴുകലാണ്. അതിന് യാതൊരു പ്രവൃത്തിയും ആവശ്യമില്ല; സുവിശേഷം കൈക്കൊണ്ടാൽ മാത്രംമതി. (പ്രവൃ, 2:41; 8:37; 13:39; 15:11; 16:31). പരിശുദ്ധാത്മസ്നാനം തന്നെയാണ് പുനർജ്ജനനസ്നാനം. സത്യവേദപുസ്തകം സമകാലിക പരിഭാഷ: “അത് നമ്മുടെ പുണ്യപ്രവൃത്തികള്‍ കൊണ്ടല്ല, പിന്നെയോ നമ്മെ പുനരുജ്ജീവിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മസ്നാപനം കൊണ്ടാണ്.” (തീത്തൊ, 3:5). പി.ഒ.സി: “അതു നമ്മുടെ നീതിയുടെ പ്രവൃത്തികള്‍കൊണ്ടല്ല; പിന്നെയോ, അവിടുത്തെ കാരുണ്യംമൂലം പരിശുദ്ധാത്മാവില്‍ അവിടുന്ന്‌ നിര്‍വഹിച്ച പുനരുജ്ജീവനത്തിന്റെയും നവീകരണത്തിന്റെയും സ്‌നാനത്താലത്രെ.” ദൈവവചനത്താലും അഥവാ, സുവിശേഷത്താലും ആത്മാവിനാലുമാണ് വ്യക്തി വീണ്ടും ജനിക്കുന്നത്: (യോഹ, 3:6,8; യാക്കോ, 1:18; 1പത്രൊ, 1:23).

വെള്ളത്താലും ആത്മാവിനാലും: യേശു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.” (യോഹ, 3:5). ജലസ്നാനം കൂടാതെ രക്ഷയില്ലെന്നു വിശ്വസിക്കുന്നവർ അവിടെ ‘വെള്ളത്താലും ആത്മാവിനാലും ജനിക്കണം’ എന്നു പറയുന്നതിനെ അക്ഷരാർത്ഥത്തിൽ വെള്ളമായി മനസ്സിലാക്കുന്നു. അത് ‘വിശ്വാസത്താൽ നീതീകരണം’ എന്ന ബൈബിളിൻ്റെ പഠിപ്പിക്കലിന് ഘടകവിരുദ്ധമാണ്. ബൈബിളിനെ മനുഷ്യൻ വ്യാഖ്യാനിക്കേണ്ട ആവശ്യമില്ല; ദൈവത്തിൻ്റെ ആത്മാവുതന്നെ വ്യാഖ്യാനിച്ചു വെച്ചിട്ടുണ്ട്. എഫെസ്യർ 5:26-ൽ വചനത്തെ വെള്ളത്തോട് സാദൃശ്യപ്പെടുത്തിയിട്ടുണ്ട്: “അവൻ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും” (എഫെ, 5:26) ഈ വാക്യത്തിൽ സ്നാനത്തെ കുറിക്കുന്ന baptízo അല്ല; കഴുകലിനെ കുറിക്കുന്ന loutron ആണ്. അതായത്, വചനത്താലുള്ള കഴുകലാണ് വിഷയം. “That he might sanctify and cleanse it with the washing of water by the word,” (KJV). “അവന്‍ അതിനെ(സഭയെ) വിശുദ്‌ധീകരിക്കുന്നതിന്‌,വചനമെന്ന ജലംകൊണ്ടു കഴുകി വെണ്‍മയുള്ളതാക്കി.” മലയാളത്തിലെ മറ്റൊരു പരിഭാഷ: “ക്രിസ്തു അവിടത്തെ സഭയെ വചനത്താൽ പ്രക്ഷാളനം നടത്തി നിർമലീകരിച്ച് വിശുദ്ധീകരിക്കേണ്ടതിനും” (മലയാളം ഓശാന). വചനത്തെ ജീവനുള്ള വെള്ളമായി യേശുതന്നെ പറഞ്ഞിട്ടുണ്ട്. (യോഹ, 4:10-14. ഒ.നോ: എബ്രാ, 4:12). വെള്ളത്താലല്ല; വചനത്താലാണ് ശുദ്ധീകരണം ഉണ്ടാകുന്നത്: “ഞാൻ നിങ്ങളോടു സംസാരിച്ച വചനം നിമിത്തം നിങ്ങൾ ഇപ്പോൾ ശുദ്ധിയുള്ളവരാകുന്നു.” (യോഹ, 15:3. ഒ.നോ: 1തിമൊ, 4:5). വചനം ജീവനും ആത്മാവുമാണെന്നും പറഞ്ഞിട്ടുണ്ട്: (യോഹ, 6:63). വചനത്താലും ആത്മാവിനാലുമുള്ള വീണ്ടുംജനനത്തെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. വചനത്താലുള്ള ജനനം: കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.” (1പത്രൊ, 1:23. ഒ.നോ: 1കൊരി, 4:15; 2തെസ്സ, 2:14; യാക്കോ, 1:18; 1:21). ആത്മാവിലുള്ള ജനനം: “ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു.” (യോഹ, 3:6. ഒ.നോ: 3:5,6,8; 1കൊരി, 6:11; ഗലാ, 5:25). വിശ്വാസമുളവാകുന്നത് ദൈവവചന കേൾവിയാലാണ്. (റോമ, 10:17; എഫെ, 2:8). വിശ്വാസവചനം അഥവാ സുവിശേഷത്താലാണ് ആത്മാവ് ലഭിക്കുന്നത്. (ഗലാ, 3:2,5). വചനത്താൽ ലഭിക്കുന്ന ആത്മാവിനാലാണ് വ്യക്തി വീണ്ടും ജനിക്കുന്നത്. യേശുവിനു മുന്നോടിയായി വന്ന യോഹന്നാൻ വെള്ളത്തിൽ സ്നാനം കഴിപ്പിച്ചു; ക്രിസ്തു മുഖാന്തരം ദൈവം നമ്മെ ആത്മാവിൽ സ്നാനം കഴിപ്പിച്ചു. (ലൂക്കൊ, 24:49; പ്രവൃ, 1:5; 11:14-17; 1കൊരി, 6:19). കർത്താവായ യേശുക്രിസ്തുവിൻ്റെ നാമവും രക്തവും ആത്മാവും വചനവും മാത്രംമതി രക്ഷ്ക്ക്; വെള്ളം വേണ്ട: (റോമ, 15:15; 1കൊരി, 6:11; 2തെസ്സ, 2:13; 1തിമോ, 4:5; തീത്തൊ, 2:14; 3:6,7; എബ്രാ, 9:14; 1യോഹ, 1:7). രക്ഷിക്കപ്പെട്ടവൻ കർത്താവായ യേശുക്രിസ്തുവിൻ്റെ നാമത്തിൽ ജലസ്നാനം സ്വീകരിക്കുക. വെള്ളത്താൽ അഥവാ, ജലസ്നാനത്താലാണ് വീണ്ടുംജനിക്കുന്നതെന്നു പറഞ്ഞാലുള്ള കുഴപ്പം രണ്ടാണ്: ഒന്ന്; ദൈവത്തിൻ്റെ വചനത്താലും ആത്മാവിനാലും വീണ്ടുജനിച്ച ഒരുവൻ ജലസ്നാനത്താൽ ഒന്നുകൂടി വീണ്ടുജനിക്കേണ്ടിവരും. രണ്ട്; ജലസ്നാനം യഥാർത്ഥത്തിൽ ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളോടു ഏകീഭവിക്കുന്ന ശുശ്രൂഷയാണെങ്കിൽ; വചനത്താലും ആത്മാവിനാലും വീണ്ടുംജനിച്ച വ്യക്തി, വീണ്ടും മരിക്കുകയും ഉയിർക്കുകയും ചെയ്യുന്ന ശുശ്രൂഷയാകും. അതിനാൽ യോഹന്നാൻ 3:5-ലെ വെള്ളത്തെ വചനത്തോടു ഉപമിച്ചിരിക്കുകയാണെന്നു മനസ്സിലാക്കാം.

1പത്രൊസ് 3:20-21: “ആ പെട്ടകത്തിൽ അല്പജനം, എന്നുവെച്ചാൽ എട്ടുപേർ, വെള്ളത്തിൽകൂടി രക്ഷ പ്രാപിച്ചു. അതു സ്നാനത്തിന്നു ഒരു മുൻകുറി. സ്നാനമോ ഇപ്പോൾ ജഡത്തിന്റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ നമ്മെയും രക്ഷിക്കുന്നു.” ജലസ്നാനത്താലാണ് രക്ഷയെന്ന് കാണിക്കാൻ ഈ വാക്യവും പലരും എടുക്കാറുണ്ട്. 21-ാം വാക്യത്തിലെ “സ്നാനമോ ഇപ്പോൾ ജഡത്തിന്റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ” എന്ന ഭാഗം സന്ദിഗ്ധമാകയാൽ 1587-മുതലുള്ള ജെനീവ പരിഭാഷകളിലും 1611-മുതലുള്ള കെജെവി പരിഭാഷകളിലും ബ്രാക്കറ്റിലാണ് ഇട്ടിരിക്കുന്നത്: “The like figure whereunto even baptism doth also now save us (not the putting away of the filth of the flesh, but the answer of a good conscience toward God,) by the resurrection of Jesus Christ: (KJV, 1പത്രൊ, 3:21). അനേകം പരിഭാഷകളിൽ ബ്രാക്കറ്റിലാണ് കാണുന്നത്: (ABU, ANT, BSB, BSV, BV2020, CLNT, CSB, DLNT, Diaglott, EMTV, HCSB, HNT, LHB, LITV, Logos, LONT, LSV,  MNT, Murd, NASB, NCV,  NET, NKJV, NTM, OEB-cw, OEB-us, PCE, RHB, RWV+, SLT, Thomson, WBT, WEB, WNT, Worrell, Worsley, WoNT, YLT). അതായത്, പഴയകാല കയ്യെഴുത്തുപ്രതികളിൽ ഇല്ലാത്തത് അഥവാ ഇല്ലെന്ന് സംശയിക്കുന്ന വേദഭാഗമാണ് ബ്രാക്കറ്റിലിടുന്നത്. അങ്ങനെയായാൽ, 21-ാം വാക്യം ഇങ്ങനെവരും: അതു സ്നാനത്തിന്നു ഒരു മുൻകുറി. യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ നമ്മെയും രക്ഷിക്കുന്നു. യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമാണ് പരിശുദ്ധാത്മാവെന്ന ദാനം: (യോഹ, 7:37-39; പ്രവൃ, 2:33). യേശുക്രിസ്തുവാകുന്ന (2തിമൊ, 2:8), അവൻ്റെ നാമത്തെക്കുറിച്ചുള്ള സുവിശേഷത്തിലൂടെ (പ്രവൃ, 8:12) അവൻ ദാനമായി നല്കുന്നതാണ് ആത്മസ്നാനം: (മത്താ, 3:11; പ്രവൃ, 10:46; ഗലാ, 3:2,5). പഴയനിയമത്തിൽ വെള്ളത്തിലൂടെ എട്ടുപേർ രക്ഷപ്രാപിച്ചുവെങ്കിൽ, പുതിയനിയമത്തിൽ യേശുക്രിസ്തുവിൻ്റെ പുനരുത്ഥാനത്താൽ അഥവാ പുനരുത്ഥാനത്തിൻ്റെ ഫലമായ ആത്മസ്നാനത്താലാണ് വ്യക്തികൾ രക്ഷ പ്രാപിക്കുന്നത്. ഇനി, മേല്പറഞ്ഞ വേദഭാഗം സന്ദിഗ്ധമല്ല; ബൈബിളിൻ്റെ ഭാഗമാണെന്ന് വാദിച്ചാലും ജലസ്നാനത്താലാണ് രക്ഷയെന്ന് അവിടെ പറയുന്നില്ല. “സ്നാനം നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായും യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ നമ്മെയും രക്ഷിക്കുന്നു” എന്നാണ് പറഞ്ഞിരിക്കുന്നത്. വേറൊരു പരിഭാഷ ചേർക്കുന്നു: “ആ ജലം സ്നാനത്തിന്റെ ഒരു പ്രതീകം! അത് നിങ്ങളുടെ ശരീരത്തിൽനിന്ന് മാലിന്യം നീക്കിക്കളയുന്നതിനല്ല; മറിച്ച്, ദൈവത്തോട് നാം ചെയ്യുന്ന നല്ല മനസ്സാക്ഷിക്കുള്ള ഉടമ്പടിയാണ്. യേശുക്രിസ്തുവിന്റെ ഉയിർപ്പിലൂടെയാണ് നിങ്ങളുടെ രക്ഷ സാധ്യമാകുന്നത്.” (മ.ബൈ.നൂ.പ). ജലസ്നാനത്താലാണ് രക്ഷയെന്ന് ബൈബിളിൽ ഒരിടത്തും പറയുന്നില്ല. സുവിശേഷത്താലുള്ള ദൈവത്തിൻ്റെ ദാനമായ പരിശുദ്ധാത്മസ്നാനത്താലാണ് വ്യക്തി രക്ഷ പ്രാപിക്കുന്നത്: (പ്രവൃ, 10:44-46; ഗലാ, 3:2,5).

പാപമോചനത്തിനായുള്ള സ്നാനം: “പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.” (പ്രവൃ, 2:38). ഈ വേദഭാഗം ആധാരമാക്കിയാണ് പാപമോചനവും പരിശുദ്ധാത്മാവും രക്ഷയും ജലസ്നാനത്താലാണെന്ന് പലരും ധരിച്ചിരിക്കുന്നത്. ആദ്യാമ്യപാപത്തിന് വേണ്ടിയാണ് ക്രിസതു മരിച്ചത്: (റോമ, 5:15-17; 1കൊരി, 15:21). എന്നാൽ, പെന്തെക്കൊസ്തിലെ യെഹൂദന്മാർക്കുള്ളത് ആദാമ്യപാപം മാത്രമല്ല; “നീതിമാനായ ഹാബേലിന്റെ രക്തംമുതൽ ബെരെഖ്യാവിന്റെ മകനായ സെഖര്യാവിന്റെ രക്തംവരെ സകലപ്രവാചകന്മാരുടെയും രക്തംചൊരിഞ്ഞ പാപം അവരുടെമേലുണ്ട്. (മത്താ, 23:35, ലൂക്കൊ, 11:50,51). അതവരുടെ തലമേൽ നില്ക്കുമ്പോഴാണ്, കുലപാതകനുവേണ്ടി പരിശുദ്ധനും നീതിമാനുമായവനെ തള്ളിപ്പറയുകയും അവരുടെ ജീവനായകനെ കൊന്നുകളയുകയും ചെയ്തത്: (പ്രവൃ, 3:14). പത്രൊസിൻ്റെ പെന്തെക്കൊസ്തിലെ പ്രസംഗത്തിലും അതുണ്ട്: (പ്രവൃ, 2:23). പെസഹാ പെരുന്നാളിന് വന്ന യെഹൂദാ ജനമാണ്, അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ’ എന്ന് അലറിവിളിച്ചതും (മത്താ, 27:25) “യേശുവിനെ നീക്കിക്കളക; ബറബ്ബാസിനെ വിട്ടു തരിക” എന്നു നിലവിളിച്ചു അവനെ ക്രൂശിനേല്പിച്ചതും. (ലൂക്കോ, 23:17). പെസഹ, പെന്തെക്കൊസ്ത്, കൂടാരപ്പെരുന്നാൾ എന്നിങ്ങനെ മൂന്ന് മഹോത്സവങ്ങൾക്കാണ് യെഹൂദാ പുരുഷന്മാർ എല്ലാവരും ദൈവാലയത്തിൽ വരേണ്ടത്. (പുറ, 34:20-23). പെസഹ പെരുന്നാളിനുവന്ന് യേശുവിനെ ക്രൂശിക്കാൻ കൂട്ടുനിന്നവരെല്ലാവരും പെന്തെക്കൊസ്തിനുമുണ്ടാകും. അവരിൽനിന്നാണ് 3,000 യെഹൂദന്മാർ രക്ഷപ്രാപിച്ചത്. പത്രൊസിൻ്റെ പ്രസംഗത്താൽ അവരുടെ ഹൃദയത്തിൽ കുത്തുകൊണ്ടതായി 37-ാം വാക്യത്തിൽ വായിക്കുന്നു. അതവരുടെ മാനസാന്തരത്തെയാണ് കാണിക്കുന്നത്. മാനസാന്തരമുണ്ടാകുന്നത് സുവിശേഷത്താലാണ്: (2കൊരി, 7:8-10; പ്രവൃ, 5:31). എന്നാൽ, 38-ാം വാക്യത്തിൽ അവരോടു യേശുക്രിസ്തുനാമത്തിൽ സ്നാനമേറ്റു കഴുകിക്കളാൻ പറയുന്നത്, രക്ഷകനെ ക്രൂശിച്ച അവരുടെ വർത്തമാനകാലപാപമാണ്. യോഹന്നാൻ സ്നാനപകൻ അവരെ കഴിപ്പിച്ചതും പാപമോചനത്തിനുള്ള മാനസാന്തരസ്നാനമാണ്: (മർക്കൊ, 1:4; ലൂക്കൊ, 3:3. ഒ.നോ: മത്താ, 3:2; 3:8; ലൂക്കൊ, 3:8). യെഹൂദന്മാർ യോഹന്നാനാൽ സ്നാനമേറ്റത് പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ടാണ്: (മത്താ, 3:6; മത്താ, 1:4). അതിനാൽ, വെള്ളത്താൽ കഴുകിക്കളയാൻ കഴിയുന്ന പാപം ആദാമ്യപാപമല്ല; വർത്തമാനകാലപാപമാണെന്ന് വ്യക്തമാകുന്നു. അതായത്, രക്ഷിതാവിനെ തള്ളുകയും കൊല്ലുകയും ചെയ്ത അവരുടെ വർത്തമാനകാല പാപമാണ് ക്രിസ്തീയ സ്നാനത്തോടൊപ്പം മാനസാന്തരപ്പെട്ട് കഴുകിക്കളയാൻ പത്രൊസ് നിർദ്ദേശിച്ചതെന്ന് മനസ്സിലാക്കാം: (പ്രവൃ, 2:38). അപ്പോൾ, സ്നാനത്താലാണോ പരിശുദ്ധാത്മാവു എന്ന ദാനം അഥവാ, പരിശുദ്ധാത്മാസ്നാനം ലഭിക്കുന്നത്? അല്ല. സുവിശേഷത്താലാണ് പരിശുദ്ധാവ് ലഭിക്കുന്നതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്: (പ്രവൃ, 10:44;:ഗലാ, 3:2,5).  ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമാണ് പരിശുദ്ധാത്മാവെന്ന ദാനം: (യോഹ, 7:7-9; 14:26; പ്രവൃ, 2:33). ദൈവത്തിൻ്റെ ദാനം സ്നാനമെന്ന പ്രവൃത്തിയുടെ ഫലമല്ല; സുവിശേഷത്താൽ സൗജന്യമായി ലഭിക്കുന്നതാണ്: (പ്രവൃ, 8:20; 10:46; റോമ, 11:6). എന്നാൽ, ക്രിസ്തുവിനെ ക്രൂശിച്ച പാപം യെഹൂദന്മാർക്ക് ഉണ്ടായിരുന്നതിനാൽ, സുവശേഷത്താൽ ദാനമായി ലഭിക്കേണ്ട പരിശുദ്ധാത്മാവെന്ന ദാനം അഥവാ, ആത്മസ്നാനം അവർക്ക് ലഭിച്ചിരുന്നില്ല; ആ പാപമാണ് യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള ക്രിസ്തീയ സ്നാനത്തോടൊപ്പം കഴുകിക്കളയാൻ പത്രോസ് അവരോട് പറഞ്ഞതെന്ന് മനസ്സിലാക്കാം.

ഇനി പൗലൊസിൻ്റെ കാര്യം: വിശുദ്ധന്മാരെ നിഗ്രഹിപ്പാൻ താൻ സമ്മതം കൊടുത്തതായും ദൈവത്തിന്റെ സഭയെ അത്യന്തം ഉപദ്രവിച്ചു മുടിച്ചവനാണെന്നും പൗലൊസ് തന്നെ സാക്ഷ്യം പറഞ്ഞിട്ടുണ്ട്: (പ്രവൃ, 26:10; ഗലാ, 1:13). അതിനാൽ, പൗലൊസിൻ്റെയും വർത്തമാനകാല പാപമാണ് കഴുകിക്കളയാൻ പറഞ്ഞതെന്ന് മനസ്സിലാക്കാം: (പ്രവൃ, 22:16). ജലസ്നാനത്താലാണ് പൗലൊസിനു പാപമോചനവും ആത്മസ്നാനവും ലഭിച്ചതെങ്കിൽ, സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതെന്നു അവൻ ഒരിക്കലും പറയില്ല: (1കൊരി, 1:17). മേല്പറഞ്ഞ വസ്തുതകൾക്ക് പല തെളിവുകളുണ്ട്: 1. സുവിശേഷത്താലാണ് ആത്മസ്നാനം നടക്കുന്നതെന്നതിന് കൃത്യമായ തെളിവുണ്ട്: (പ്രവൃ, 10:44-45). 2. സുവിശേഷത്താലാണ് പരിശുദ്ധാത്മാവ് ലഭിക്കുന്നതെന്ന് തെളിവായി പറഞ്ഞിട്ടുമുണ്ട്: (ഗലാ, 3:2,5). 3. ന്യായപ്രമാണത്താൽ അഥവാ പ്രവൃത്തികളാലല്ല ആത്മാവ് ലഭിക്കുന്നതെന്നും അതേ വാക്യത്തിൽ മനസ്സിലാക്കാം: (ഗലാ, 3:2,5). 4. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ ദാനമാണ്: (പ്രവൃ, 8:20; 10:46). സ്നാനംപോലൊരു പ്രവൃത്തിയാലാണ് ആത്മസ്നാനം ലഭിക്കുന്നതെങ്കിൽ ദാനമെന്നല്ല; പ്രവൃത്തിയുടെ ഫലം അഥവാ പ്രതിഫലമെന്ന് പറയുമായിരുന്നു. 5. ആത്മസ്നാനത്തിൻ്റെ ഉപാധി സ്നാനമല്ലെന്നതിൻ്റെ തെളിവാണ് ശമര്യയിലെ സംഭവം; അവർ യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനമേറ്റിട്ടും അവർക്ക് ആത്മാവ് ലഭിച്ചില്ല: (പ്രവൃ, 8:15-16). 6. കൊർന്നേല്യസും കുടുംബവും സ്നാനമേല്ക്കുന്നതിനു മുമ്പെ സുവിശേഷത്താൽത്തന്നെ അവർക്ക് ആത്മസ്നാനം ലഭിച്ചു: (പ്രവൃ, 8:14-16). 7. യെഹൂദന്മാരോടും പൗലൊസിനോടുമല്ലാതെ പാപമോചനത്തിനായുള്ള സ്നാനത്തെക്കുറിച്ച് പറയുന്നില്ല.

പാപമോചനം യേശുവിൻ്റെ നാമത്തിൽ: സുവിശേഷം യേശുവാണ്: (2തിമൊ, 2:8). സുവിശേഷം യേശുവിൻ്റെ നാമത്തെക്കുറിച്ചുള്ളതാണ്: (പ്രവൃ, 8:12). സുവിശേഷം അറിയിക്കുന്നത് യേശുക്രിസ്തുവിൻ്റെ നാമത്തിലാണ്: (പ്രവൃ, 9:28). യേശുക്രിസ്തുവാകുന്ന സുവിശേഷത്താലും അവൻ്റെ നാമത്താലുമാണ് പാപമോചനം: “ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേൽക്കയും അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.” (ലൂക്കോ, 24:46,47). ഇതു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്ന വസ്തുതയാണ്: “അവനിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.” (പ്രവൃ, 10:43). പാപമോചനമെന്ന വീണ്ടെടുപ്പുള്ളത് സ്നാനത്തിലല്ല; ക്രിസ്തുവിലാണ്: (കൊലൊ, 1:14). രക്ഷ ദൈവത്തിൻ്റെ ദാനമാണ്: “കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു. ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.” (എഫെ, 2:8,9. ഒ.നോ: 2:5; വെളി, 7:10). ദൈവത്തിൻ്റെ ആത്മാവിനാൽ…. കൃപായാൽ …. വിശ്വാസം മൂലം …. പ്രവൃത്തികൾ കൂടാതെ …. രക്ഷിക്കപ്പെടുന്നു. ഇതാണ് പുതിയനിയമ വ്യവസ്ഥ. അതിനു ജലസ്നാനംപോലെ ഒരു പ്രവൃത്തി ആവശ്യമില്ല: “കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല; അല്ലെങ്കിൽ കൃപ കൃപയല്ല.” (റോമ, 11:6). രക്ഷയുടെ വ്യത്യസ്ത അംശങ്ങളായ മാനസാന്തരം, പാപമോചനം, വീണ്ടുംജനനം ഇതെല്ലാം ദൈവകൃപയുടെ സുവിശേഷത്താൽ സൗജന്യമായി ലഭിക്കുന്നതാണ്. ജലസ്നാനമെന്ന പ്രവൃത്തിയാലാണ് രക്ഷ കിട്ടുന്നതെങ്കിൽ ദൈവകൃപ വൃഥാവായിപ്പോയെന്ന് പറയേണ്ടിവരും!

വിശ്വസിക്കുകയും സ്നാനം ഏല്ക്കുകയും: “വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.” (മർക്കൊ, 16:16). ഈ വാക്യപ്രകാരം ജലസ്നാനം രക്ഷയ്ക്ക് അനിവാര്യമാണെന്ന് വിചാരിക്കുന്നവരുണ്ട്. “വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും” എന്നു പറഞ്ഞശേഷം സ്നാനമേല്ക്കാത്തവനല്ല, വിശ്വസിക്കാത്തവന് ശിക്ഷാവിധി വരുമെന്നാണ് പറഞ്ഞിരിക്കുന്നത്. സ്നാനം രക്ഷയ്ക്ക് അനിവാര്യമായിരുന്നെങ്കിൽ, ഒന്നെങ്കിൽ; “വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും” എന്നു പറഞ്ഞശേഷം ആ വാക്യത്തിന് കുത്ത് (full stop) ഇടുമായിരുന്നു. അല്ലെങ്കിൽ; രണ്ടാംഭാഗത്ത്, “വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും” എന്നുമാത്രം പറയാതെ, “വിശ്വസിച്ച് സ്നാനമേൽക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും” എന്ന് പറയുമായിരുന്നു. അതുമല്ലെങ്കിൽ; “വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും” എന്ന് പറഞ്ഞശേഷം, “ഇത് വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും” എന്നു പറയുമായിരുന്നു. അതാണ് ഭാഷയുടെ ഒരു രീതി. പുതിയനിയമരക്ഷ പ്രവൃത്തിയാലല്ല; കൃപയാലാണ്. അതായത്, രക്ഷകനിൽ വിശ്വസിക്കാനുള്ള കൃപപോലും സുവിശേഷത്താൽ ദാനമായി ലഭിക്കുന്നതാണ്: (2തിമൊ, 2:8; പ്രവൃ, 8:12; എഫെ, 2:5,8). എന്നിട്ടും, സുവിശേഷം വിശ്വസിക്കാൻ കൂട്ടാക്കാതെ തള്ളിക്കളയുന്നവർക്കാണ് ശിക്ഷാവിധി വരുന്നത്. രക്ഷിക്കപ്പെട്ടവനാണ് യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനമേല്ക്കേണ്ടത്. ലൂക്കൊസിൻ്റെ സമാന്തര വേദഭാഗം നോക്കുക: “അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.” (ലൂക്കോ, 24:47). ഇവിടെ സ്നാനത്തെക്കുറിച്ച് സൂചനപോലുമില്ല.

അനുബന്ധം: മർക്കൊസ് 16:9-20-വരെയുള്ള ഭാഗങ്ങൾ സന്ദിഗ്ധമാകയാൽ സത്യവേദപുസ്തകം, മലയാളം ഓശാന തുടങ്ങിയ മലയാളം പരിഭാഷകളിലും ഇംഗ്ലീഷിലെ പല പരിഭാഷകളിലും വാക്യങ്ങൾ ബ്രാക്കറ്റിലാണ് ഇട്ടിരിക്കുന്നത്. ഉദാ: (AB, BV2020, CEB, CSB, ESV, LEB, LSB, MSG, NASB, NCC, NET, NLV, NOY, NRS, NRSV-CI, RKJNT, Rotherham, T4T, WNT, WMNT). വത്തിക്കാൻ്റെ ഔദ്യോഗിക പരിഭാഷയായ The New American Bible-ലും ബ്രാക്കറിലാണ് കാണുന്നത്. CSB-യിൽ എട്ടാം വാക്യത്തിനുശേഷം “ചില ആദ്യകാല കയ്യെഴുത്തുപ്രതികളിൽ 16:8-ഓടു കൂടി മർക്കൊസ് അവസാനിക്കുന്നു” എന്നു അടിക്കുറിപ്പ് കാണാം. NIV-യുടെ എട്ടാം വാക്യത്തിനുശേഷം, “ആദ്യകാല കൈയെഴുത്തുപ്രതികളിലും മറ്റ് ചില പുരാതന സാക്ഷികൾളും 16:9-20 വാക്യങ്ങൾ ഇല്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു” എന്ന അടിക്കുറിപ്പ് കാണാം. Noyes Bible-ൽ എട്ടാം വാക്യത്തിനുശേഷം, “ടിഷെൻഡോർഫിന്റെയും മറ്റുള്ളവരുടെയും അഭിപ്രായത്തിൽ ബാക്കിയുള്ള പന്ത്രണ്ട് വാക്യങ്ങൾ യഥാർത്ഥത്തിൽ മാർക്കൊസ് സുവിശേഷത്തിന്റെ ഭാഗമല്ലായിരുന്നു, എന്ന അടിക്കുറിപ്പ് കാണാം. പുതിയലോകം ഭാഷാന്തരത്തിലും RSV-യിലും 16:9-120-വരെയുള്ള പ്രസ്തുതവേദഭാഗം ഒഴിവാക്കിയിക്കിയാക്കിയതായി കാണാം. “പിൽക്കാല ഗ്രീക്ക് കയ്യെഴുത്തുപ്രതികളിൽ ഭൂരിഭാഗവും മർക്കോസ് 16:9-20 അടങ്ങിയിട്ടുണ്ടെങ്കിലും, ഏറ്റവും പഴക്കമേറിയതും ആദരണീയവുമായ രണ്ട് കൈയെഴുത്തുപ്രതികളായ കോഡെക്‌സ് സിനാറ്റിക്കസ് (Codex Sinaiticus), കോഡെക്‌സ് വത്തിക്കാനസ് (Codex Vaticanus) എന്നിവയിൽ 8-ാം വാക്യത്തിലാണ് മർക്കൊന്റെ സുവിശേഷം അവസാനിക്കുന്നത്. കൂടാതെ, നാലാം നൂറ്റാണ്ടിലെ സഭാപിതാക്കൻമാരായ യൂസേബിയസും (Eusebius) ജെറോമും (Jerome) തങ്ങൾക്ക് ലഭ്യമായ മിക്കവാറും എല്ലാ ഗ്രീക്ക് കൈയെഴുത്തുപ്രതികളിലും മർക്കൊസ് 16:9-20 ഇല്ലെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.”

മർക്കൊസ് 16:9-20 യഥാർത്ഥമായി ബൈബിൻ്റെ ഭാഗമല്ലെന്ന് തെളിയിക്കാൻ പര്യാപ്തമായ പ്രയോഗങ്ങൾ ആ വേദഭാഗത്തു തന്നെയുണ്ട്: “വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളിൽ സംസാരിക്കും; സർപ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കുടിച്ചാലും അവർക്കു ഹാനി വരികയില്ല; രോഗികളുടെ മേൽ കൈവെച്ചാൽ അവർക്കു സൌഖ്യം വരും എന്നു പറഞ്ഞു.” (മർക്കൊ, 16:17,18). വിശ്വസിക്കുന്നവരാൽ നടക്കുന്ന അഞ്ച് അടയാളങ്ങളാണ് മേല്പറഞ്ഞത്. അതിൽ രണ്ടെണ്ണം ശ്രദ്ധേയമാണ്.1. “സർപ്പങ്ങളെ പിടിച്ചെടുക്കും. എന്താവശ്യത്തിനാണ് സർപ്പങ്ങളെ പിടിച്ചെടുക്കുന്നത്? ഈ പ്രയോഗത്തെ സാധൂകരിക്കാൻ പൗലൊസിൻ്റെ കയ്യിൽ അണലി ചുറ്റിയകാര്യം പലരും പറഞ്ഞുകേട്ടിട്ടുണ്ട്. പൗലൊസ് അണലിയെ പിടിച്ചെടുത്തതല്ല; വിറകു പെറുക്കിയപ്പോൾ അബദ്ധവശാൽ ചുറ്റിയതാണ്: (പ്രവൃ, 28:3). അതവനെ കടിക്കാതെ അവൻ കുടഞ്ഞുകളഞ്ഞു; അഥവാ അത് കടികാതെവണ്ണം ദൈവമവനെ രക്ഷിച്ചു: (22:6-7). അതുപോലാണോ ഒരുത്തൻ സർപ്പത്തെ പിടിച്ചെടുന്നത്? സർപ്പത്തെ കണ്ടാൽ ഓടി രക്ഷപെടുകയല്ലാതെ, അതിനെ പിടിച്ചെടുക്കാൻ നോക്കുന്നവൻ മരിക്കതന്നെവേണം. ദൈവത്തിന് ഒരു പണിയും ഇല്ലാഞ്ഞിട്ടുവേണമല്ലോ, അവനെ രക്ഷിക്കാൻ. 2. മരണകരമായ യാതൊന്നു കുടിച്ചാലും അവർക്കു ഹാനി വരികയില്ല. അതായത്, വിഷംകുടിച്ചാലും ചാകില്ല. ബെസ്റ്റ്!ദൈവത്തെ പരീക്ഷിക്കാൻ വേറൊന്നും വേണ്ട. ക്രിസ്തുവിനെ ദൈവാലയത്തിൻ്റെ അഗ്രത്തിൽ കൊണ്ടുപോയി നിർത്തിയിട്ട് സാത്താൻ പറഞ്ഞു: നീ അവിടുന്ന് ചാടിക്കോ; ദൂതന്മാർ നിന്നെ താങ്ങും. ക്രിസ്തു ചാടിയോ; “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു” എന്നാണ് സാത്താനോട് പറഞ്ഞത്. ദൈവത്തെ പരീക്ഷിക്കുന്ന മേല്പറഞ്ഞ രണ്ട് പ്രയോഗങ്ങൾ ക്രിസ്തീയ ഉപദേശത്തിൻ്റെ ഭാഗമല്ലെന്ന് തെളിയുന്നു. അതിനാൽ, മർക്കൊസ് 16:9-20 പില്ക്കാലത്ത് കൂട്ടുചേർത്തതാണെന്ന് മനസ്സിലാക്കാം.

കർത്താവ് പൗലൊസിനെ ജാതികളുടെ അപ്പൊസ്തലനായി അയക്കുമ്പോൾ രണ്ടു കാര്യങ്ങളാണ് പ്രധാനമായും പറയുന്നത്: ഒന്ന്: “നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു: (പ്രവൃ, 13:47). രണ്ട്: “ജനത്തിന്നു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന്നു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയക്കുന്നു.” (പ്രവൃ, 26:18). ഒന്നാമത്തെ വാക്യത്തിലുള്ളത്, പൗലൊസിനു കൊടുക്കുന്ന അധികാരവും പദവിയുമാണ്: ഭൂമിയുടെ അറ്റത്തോളവും രക്ഷയാകുക; ജാതികളുടെ വെളിച്ചമായിരിക്കുക. രണ്ടാമത്തെ വാക്യത്തിലുള്ളത്, കർത്താവ് പൗലൊസിലൂടെ ജാതികൾക്ക് കൊടുക്കുന്ന നന്മയാണ്: പാപമോചനം, ക്രിസ്തുവിലുള്ള വിശ്വാസം, ശുദ്ധീകരിക്കപ്പെട്ടവരുടെ അവകാശം, സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കു തിരിവ് അഥവാ മാനസാന്തരം. ദൈവത്തിങ്കലേക്കുള്ള തിരിവാണ് മാനസാന്തരം. കർത്താവിൻ്റെ കല്പന ശിരസാവഹിച്ച പൗലൊസ്, സുവിശേഷം അറിയിക്കുകയാണ് ചെയ്തത്: (1കൊരി, 1:17). സുവിശേഷത്താൽ ദാനമായി ലഭിക്കുന്നതാണ് ആത്മസ്നാനം: (പ്രവൃ, 10:44-46; 11:14-17; റോമ, 8:23; ഗലാ, 3:2,3; എഫെ, 1:13,14). ആത്മസ്നാനത്താലാണ് പാപമോചനവും (റോമ, 6:7) ക്രിസ്തുവിലുള്ള വിശ്വാസവും (എഫെ, 2:5,8) വിശുദ്ധീകരിക്കപ്പെട്ടവരുടെ അവകാശവും (എഫെ, 1:14; കൊലൊ, 3:24) മാനസാന്തരവും (പ്രവൃ, 11:18) ഉണ്ടാകുന്നത്. ഏറ്റം ശ്രദ്ധേയമായ ഒരു കാര്യം ഇവിടെ കാണാം: ജനത്തിനു പാപമോചനം കൊടുക്കാൻ കർത്താവയച്ച പൗലൊസ് പറയുന്നു: സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു. (1കൊരി, 1:17). രക്ഷയ്ക്കായുള്ള പാപമോചനത്തിനു ജലസ്നാനം അനിവാര്യമായിരുന്നു എങ്കിൽ, ‘സ്നാനം കഴിപ്പിപ്പാനല്ല ക്രിസ്തു എന്നെ അയച്ചതെന്നു’ പറഞ്ഞ പൗലൊസ് ക്രിസ്തുവിൻ്റെ എതിരാളിയായി മാറും.

യേശുക്രിസ്തു നിക്കോദേമൊസിനോടു വീണ്ടുംജനനത്തെക്കുറിച്ചു പറഞ്ഞുവന്നിട്ട് പഴയനിയമത്തിലെ ഒരു സംഭവം പറഞ്ഞിട്ടുണ്ട്: “മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു.” (യോഹ, 3:14). യിസായേല്യർ ഏദോം ദേശത്തുകൂടി സഞ്ചരിച്ചപ്പോൾ അവർക്കു ഭക്ഷണവും വെള്ളവും ദുർല്ലഭമായി. തന്മൂലം അവർ മോശെക്കും ദൈവത്തിനും വിരോധമായി സംസാരിച്ചു. യഹോവ ജനങ്ങളുടെ ഇടയിൽ അഗ്നിസർപ്പങ്ങളെ അയച്ചു. അവയുടെ കടിയേറ്റ് അനേകംപേർ മരിച്ചു. യഹോവയുടെ കല്പന അനുസരിച്ചു മോശെ ഒരു താമ്രസർപ്പം നിർമ്മിച്ചു കൊടിമരത്തിൽ തുക്കി. കടിയേറ്റവർ വിശ്വാസത്താൽ താമ്രസർപ്പത്തെ നോക്കുകയും രക്ഷ പ്രാപിക്കുകയും ചെയ്തു. (സംഖ്യാ, 21:4-9). അവിടെ ചിന്തനീയമായ ഒരു വിഷയമുണ്ട്: മരുഭൂമിയിൽ യിസ്രായേൽ ജനത്തിന്നു രക്ഷയായിത്തീർന്ന താമ്രസർപ്പത്തെ സമാഗമനകൂടാരത്തിൽ വെയ്ക്കാതെ എന്തുകൊണ്ടാണ് കൊടിമരത്തിൽ തൂക്കിയത്? ദൈവം തൻ്റെ ക്രിസ്തുവിലൂടെ ഒരുക്കാനിരുന്ന കൃപയാലുള്ള രക്ഷയുടെ മുൻകുറിയായിരുന്ന താമ്രസർപ്പം. കിലോമീറ്ററുകളോളം പാളയമടിച്ചിരുന്ന യിസ്രായേൽജനം അഗ്നിസർപ്പത്തിൻ്റെ കടിയേൽക്കുമ്പോൾ തൽസ്ഥാനത്തുനിന്നുകൊണ്ടു പ്രവൃത്തികൂടാതെ, വിശ്വാസത്താലുള്ള ഒരു നോട്ടംകൊണ്ട് രക്ഷ പ്രാപിപ്പാനാണ് അതിനെ കൊടിമരത്തിൽ തൂക്കിയത്. കർത്താവായ യേശുക്രിസ്തുവിൻ്റെ ക്രൂശുമരണത്തിൻ്റെ നിഴലാണ് മോശെ മരുഭൂമിയിൽ ഉയർത്തിയ താമ്രസർപ്പം. നിഴലായ താമ്രസർപ്പത്തിലൂടെ പ്രവൃത്തികൂടാതെ രക്ഷപ്രാപിച്ചുവെങ്കിൽ, പൊരുളായ ക്രിസ്തുവിൻ്റെ ക്രൂശുമരണത്തിലൂടെ പ്രവൃത്തികൂടാതെ എത്രയധികമായി നാം രക്ഷപ്രാപിക്കും. “ഞാനോ ഭൂമിയിൽ നിന്നു ഉയർത്തപ്പെട്ടാൽ എല്ലാവരെയും എങ്കലേക്കു ആകർഷിക്കും” എന്നു മറ്റൊരു വാക്യവും അവൻ പറഞ്ഞു: (യോഹ, 12:32). പിതാവ് ആകർഷിച്ചിട്ടാണ് നാം പുത്രൻ്റെ അടുക്കൽ എത്തിയത്: “എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടില്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും.” (യോഹ, 6:44). ദൈവമാണ് ആത്മാവിൽ സ്നാനംനല്കി നമ്മെ രക്ഷിച്ച് നമ്മോടൊപ്പം വസിക്കുന്നത്. (പ്രവൃ, 11:17; 1കൊരി, 6:19). “നാമോ ലോകത്തിന്റെ ആത്മാവിനെ അല്ല, ദൈവം നമുക്കു നല്കിയതു അറിവാനായി ദൈവത്തിൽനിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചതു.” (1കൊരി, 2:12).

കർത്താവായ യേശുക്രിസ്തുവിന്റെ ജനനമരണപുനുരുത്ഥാന സ്വർഗ്ഗാരോഹണങ്ങളാണ് മനുഷ്യരുടെ രക്ഷയ്ക്കടിസ്ഥാനം. ക്രിസ്തു തൻ്റെ സ്വന്തരക്തത്താൽ സമ്പാദിച്ച രക്ഷ വ്യക്തികൾക്കു ലഭിക്കുന്നത് ജലസ്നാനത്താലല്ല; രക്ഷയെക്കുറിച്ചുള്ള സുവിശേഷ കേൾവിയാൽ ലഭിക്കുന്ന ആത്മസ്നാനത്താൽ കൃപയാലുളവാകുന്ന വിശ്വാസത്താലാണ്. ജലസ്നാനം രക്ഷയ്ക്കുള്ള ഉപാധിയല്ല; രക്ഷിക്കപ്പെട്ടവൻ അനുഷ്ഠിക്കേണ്ട പ്രഥമവും പ്രധാനവുമായ ക്രിസ്തീയ കർമ്മമാണ്. അതനുഷ്ഠിക്കേണ്ടത് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമായ യേശുക്രിസ്തുവിൻ്റെ നാമത്തിലാണ്. സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിൻ.

ജലസ്നാനംകൂടാതെ രക്ഷ കിട്ടില്ലെന്നു വിചാരിക്കുന്ന സഹോദരങ്ങളോടു ചില ചോദ്യങ്ങൾ:

1. ക്രിസ്തു തൻ്റെ മനുഷ്യാത്മാവിനെ ദൈവകരങ്ങളിൽ ഏല്പിച്ചിട്ട് ദൈവാത്മാവിനാലാണ് തന്നെത്തന്നെ മരണത്തിനേല്പിച്ചത്: (ലൂക്കൊ, 23:46;  എബ്രാ, 9:14). ക്രിസ്തുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചതും ദൈവാത്മാവാണ്: (1പത്രൊ, 3:18. ഒ.നോ: റോമ, 8:11; എഫെ, 1:20). അതായത്, ക്രിസ്തുവിൻ്റെ മരണവും പുനരുത്ഥാനവും ദൈവാത്മാവിലായിരുന്നു. ക്രിസ്തു ദൈവാത്മാവിനാൽ തികച്ച തൻ്റെ മരണപുനരുത്ഥാനങ്ങളാകുന്ന പരമയാഗത്താട് ദൈവത്മാവിനാൽ അഥവാ, ആത്മസ്നാനത്താലല്ലാതെ, ജലസ്നാനത്താൽ എങ്ങനെ നമുക്ക് ഏകീഭവിക്കാൻ കഴിയും???…

2. ജലസ്നാനത്താൽ വ്യക്തി രക്ഷ പ്രാപിക്കുമെങ്കിൽ, യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമായി (യോഹ, 7:37-39), ദൈവം നല്കുന്നതായ (പ്രവൃ, 11:17) ആത്മസ്നാനത്തിൻ്റെ അർത്ഥമെന്താണ്; ആവശ്യമെന്താണ്???…

3. ആദാമ്യപാപത്തിൽനിന്ന് ന്യായപ്രമാണത്താൽ അഥവാ പ്രവൃത്തികളാൽ മുക്തരാകാൻ കഴിയാത്തതുകൊണ്ടാണ് ദൈവം മനുഷ്യനായി വെളിപ്പെട്ട് ക്രൂശിൽ മരിച്ചത്: (റോമ, 5:15-17; 1കൊരി, 15:17; 1തിമൊ, 3:14-16). ക്രിസ്തുവിൻ്റെ മരണപുനരത്ഥാനങ്ങളുടെ ഫലമാണ് ആത്മസ്നാനം: (യോഹ, 7:37-39; 24:26; പ്രവൃ, 2:33). പിതാവ് തൻ്റെ നാമമാണ് പുത്രന് കൊടുത്തത്: (യോഹ, 17:11-12). പിതാവിൻ്റെ നാമം ക്രിസ്തുവിൻ്റെ ക്രൂശുമരണത്തിന് മുമ്പുമുണ്ട്; അതുകൊണ്ടാണല്ലോ പുത്രനു കൊടുത്തത്. രക്ഷയ്ക്കായി യേശുവെന്ന നാമവും ജലസ്നാമെന്ന പ്രവൃത്തിയും മതിയെങ്കിൽ ക്രിസ്തു പാടുപെട്ട് ക്രൂശിൽ മരിച്ചതെന്തിനാണ്???…

4. ക്രിസ്തുവിനൊപ്പം സഭയുടെ അടിസ്ഥാനപ്പണിയിൽ പങ്കുള്ളവരാണ് അപ്പൊസ്തലന്മാർ: (എഫെ, 2:20). യേശുവിൻ്റെ പന്ത്രണ്ട് ശിഷ്യന്മാർക്ക് പെന്തെക്കൊസ്തിൽ ആത്മസ്നാനം ലഭിച്ചതല്ലാതെ, അവരിൽ ഒരാൾപോലും ജലസ്നാനം ഏറ്റതായി രേഖയില്ല. ജലസ്നാനത്താലാണ് രക്ഷയെങ്കിൽ അവരിൽ ഒരാളെങ്കിലും ജലസ്നാനം കഴിച്ചതായി രേഖപ്പെടുത്താത്തതെന്താണ്???…

5. സഭയുടെ അടിസ്ഥാനത്തിൽ ക്രിസ്തുവിനൊപ്പം പങ്കുള്ള പന്ത്രണ്ട് അപ്പൊസ്തലന്മാർക്കും ജലസ്നാനം കൂടാതെ രക്ഷകിട്ടും; ആ അടിസ്ഥാനത്തിന്മേൽ ആത്മാവിനാൽ ചേർത്തുപണിയപ്പെടുന്ന വിശ്വാസികൾക്ക് (എഫെ, 2:20-22) ജലസ്നാനത്താൽ മാത്രമേ രക്ഷകിട്ടുകയുള്ളു എന്ന് പറയുന്നതിലെ യുക്തിയെന്താണ്? ആത്മസ്നാനത്തെക്കാൾ ശ്രേഷ്ഠമാണോ ജലസ്നാനം???…

6. “ജനത്തിനു പാപമോചനം നല്കാനും സാത്താൻ്റെ അധികാരത്തിൽനിന്നു ദൈവത്തിങ്കലേക്കു തിരിപ്പാനും ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു കർത്താവു ജാതികളുടെ വെളിച്ചമാക്കി വെച്ച പൗലൊസ് പറയുന്നു: സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു.” (പ്രവൃ, 13:47; 26:18; 1കൊരി, 1:17). ജാതികളോടു സുവിശേഷം പ്രസംഗിക്കുവാൻ ക്രിസ്തുവിൽ നിന്നും പ്രത്യേകം നിയോഗം പ്രാപിച്ച അപ്പൊസ്തലനായിരുന്നു പൗലൊസ്. സ്നാനം പ്രസ്തുത നിയോഗത്തിന്റെ ഭാഗമായിരുന്നെങ്കിൽ, സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതെന്നു പൗലൊസ് പറയുമായിരുന്നോ? ജാതികളെ രക്ഷിക്കാൻ ദൈവത്താൽ അയക്കപ്പെട്ട പൗലൊസ് രക്ഷയുടെ ഭാഗമായ ജലസ്നാനം കഴിപ്പിപ്പാനല്ല എന്നെ അയച്ചതെന്നു പറഞ്ഞാൽ, അവൻ കള്ളയപ്പൊസ്തലനാണെന്ന് പറയേണ്ടിവരില്ലേ???…

7. അപ്പൊല്ലോസിനെക്കുറിച്ചുള്ള വിവരങ്ങളാണിത്: 1. വാഗ്വൈഭവവും തിരുവെഴുത്തുകളിൽ സാമർത്ഥ്യവുമുള്ളവൻ. 2. കർത്താവിന്റെ മാർഗ്ഗത്തിൽ ഉപദേശം ലഭിച്ചവൻ. 3. ആത്മാവിൽ എരിവുള്ളവൻ. 4. യേശുവിന്റെ വസ്തുത സൂക്ഷമമായി പ്രസ്താവിക്കയും ഉപദേശിക്കയും ചെയ്തവൻ. 5. ദൈവകൃപയാൽ വിശ്വസിച്ചവർക്കു വളരെ പ്രയോജനമായിത്തിർന്നവൻ. 6. യേശു തന്നേ ക്രിസ്തു എന്നു അവൻ തിരുവെഴുത്തുകളാൽ തെളിയിച്ചു ബലത്തോടെ യെഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞവൻ. (പ്രവൃ, 18: 24-28). 7. അവൻ അപ്പൊസ്തലനായിരുന്നു: (1കൊരി, 4:6-9). ഈ അപ്പൊല്ലോസിന് യോഹന്നാൻ്റെ സ്നാനത്തെക്കുറച്ച് മാത്രമേ അറിവുണ്ടായിരുന്നുള്ളു: (പ്രവൃ, 18:25). ജലസ്നാനത്താലാണ് രക്ഷയെങ്കിൽ; സ്നാനം ഏല്ക്കാത്ത, സ്നാനത്തെക്കുറിച്ച് ഒരറിവുമില്ലാതിരുന്ന അപ്പൊല്ലൊസിനെ ദൈവം സുവിശേഷം അറിയിക്കുവാൻ നിയോഗിച്ചത് എന്തിനാണ്? അവനെ വെള്ളപൂശി അപ്പൊസ്തലനായി ബൈബിളിൽ അവതരിപ്പിച്ചിരിക്കുന്നത് എന്തിനാണ്???…

ക്രിസ്തു തലയായിരിക്കുന്ന അവൻ്റെ ശരീരമായ സഭ പണിയപ്പെടുന്നത് ജഡത്താലും ജലത്താലുമല്ല; ആത്മാവിനാണ്: “ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു. അവനിൽ കെട്ടിടം മുഴുവനും യുക്തമായി ചേർന്നു കർത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു. അവനിൽ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന്നു ആത്മാവിനാൽ ഒന്നിച്ചു പണിതുവരുന്നു.” (എഫെ, 2:20-22).

ദൈവത്തിൻ്റെ ആത്മാവിനാൽ അഥവാ ആത്മസ്നാനത്താൽ രക്ഷിക്കപ്പെട്ട് ക്രിസ്തുവിനോട് ചേർന്നവർ അനുഷ്ഠിക്കേണ്ട പ്രഥമവും പ്രധാനവുമായ ക്രിസ്തീയ കർമ്മമാണ് യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള ജലസ്നാനം. ക്രിസ്തീയരക്ഷ പ്രവൃത്തിയാലല്ല കൃപയാലാണ്; അല്ലെങ്കിൽ കൃപ കൃപയല്ല. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

സ്നാനം ഏല്ക്കേണ്ട നാമം

സ്നാനം ഏല്ക്കേണ്ട നാമം

“ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.” (മത്തായി 28:19)

കർത്താവായ യേശുക്രിസ്തു തൻ്റെ സ്വന്തരക്തത്താൽ സമ്പാദിച്ച ദൈവത്തിൻ്റെ സഭയ്ക്ക് ആചരിക്കുവാനായി ഏല്പിച്ചിരിക്കുന്ന രണ്ട് അനുഷ്ഠാനങ്ങളിൽ ഒന്നാണ് സ്നാനം; അടുത്തത് കർത്തൃമേശയാണ്. സ്നാനം ഒരിക്കലായും കർത്തൃമേശ നിരന്തരമായും ആചരിക്കണം. സ്നാനം എല്ലാ ക്രൈസ്തവ വിഭാഗങ്ങളും അനുഷ്ഠിക്കുന്നുവെങ്കിലും, ഏത് നാമത്തിലാണ് സ്നാനപ്പെടേണ്ടതെന്ന് എല്ലാവർക്കും അറിയില്ല. അതിനാൽ സ്നാനമേല്ക്കേണ്ട നാമത്തെക്കുറിച്ചുള്ള ബൈബിൾ വിവരങ്ങൾ താഴെ ചേർക്കുന്നു:

1. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം: കർത്താവ് അപ്പൊസ്തലന്മാർക്ക് നല്കിയ മഹാനിയോഗമാണ്, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കുക എന്നത്. പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നത് സംജ്ഞാനാമമല്ല; സ്ഥാനനാമം അഥവാ പദവിനാമമാണ്. പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന മൂന്ന് പദവികൾക്കുശേഷം “നാമം അഥവാ, പേരു” (onoma – Name) എന്ന ഏകവചനം പറഞ്ഞിരിക്കയാൽ, അതൊരു സംജ്ഞാനാമം അഥവാ, ഒരു പ്രത്യേക പേരിനെയാണ് (Proper Name) സൂചിപ്പിക്കുന്നതെന്ന് മനസ്സിലാക്കാം. പുതിയനിയമത്തിൽ ദൈവത്തിനും ക്രിസ്തുവിനുമായി ഒരേയൊരു സംജ്ഞാനാമേ പറഞ്ഞിട്ടുള്ളു; അതാണ്, യേശു അഥവാ, യേശുക്രിസ്തു. (മത്താ, 1:21; ലൂക്കൊ, 1:31; യോഹ, 5:43; 17:11,12). അതായത്, ഏകസത്യദൈവമായ പിതാവിൻ്റെ നാമവും (യോഹ, 17:3. ഒ.നോ: 5:43; 17:11,12), അവൻ്റെ ജഡത്തിലെ വെളിപ്പെടായ മനുഷ്യനായ ക്രിസ്തുയേശുവിൻ്റെ നാമവും (മത്താ, 1:21; 1തിമൊ, 2:5,6; 3:14-16), പരിശുദ്ധാത്മാവിൻ്റെ നാമവും ഒന്നുതന്നെയാണ്: (യോഹ, 14:26. ഒ.നോ: മത്താ, 28:19; പ്രവൃ, 2:38; 8:16; 10:48; 19:5).

2. ദൈവത്തിൻ്റെ വെളിപ്പാടുകളും പദവികളും: പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികൾ ആയിരുന്നെങ്കിൽ ‘പിതാവിന്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം’ എന്ന വാക്യാംശം വ്യാകരണ നിയമപ്രകാരം തെറ്റാണ്. വ്യക്തികളെ ചേർത്ത് പറയുമ്പോൾ ‘നാമം’ എന്ന ഏകവചനമല്ല; ‘നാമങ്ങൾ’ എന്ന ബഹുവചനമാണ് വരേണ്ടത്. ബൈബിളിൻ്റെ അബദ്ധരാഹിത്യത്തിൽ വിശ്വസിക്കുന്നവർ ഈ വസ്തുത അംഗീകരിക്കേണ്ടത് ആവശ്യമാണ്. ഉദാ: ”പത്രൊസിൻ്റെയും പൗലൊസിൻ്റയും യോഹന്നാൻ്റെയും നാമം” എന്ന് പറഞ്ഞാൽ; അവർ വ്യത്യസ്ത വ്യക്തികളാകയാൽ ആ വാക്യാംശം തെറ്റാണ്; വ്യത്യസ്ത വ്യക്തികളെ ചേർത്ത് പറയുമ്പോൾ നാമങ്ങൾ എന്നുവരണം. എന്നാൽ, കേരളത്തിലെ ഇപ്പോഴത്തെ ”മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും വിജിലൻസ് മന്ത്രിയുടെയും നാമം” എന്ന് പറഞ്ഞാൽ ശരിയാണ്; ആ മൂന്ന് പദവികളും വഹിക്കുന്നത് പിണറായി വിജയനെന്ന ഏകവ്യക്തിയാണ്. അതുപോലെ, പിതാവിന്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്നു പറഞ്ഞിരിക്കുന്നത്; പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നത് അദൃശ്യനായ ഏകദൈവത്തിൻ്റെ മൂന്ന് വെളിപ്പാടുകളും പദവികളും ആയതിനാലാണ്. (മത്താ, 28:19. ഒ.നോ: പ്രവൃ, 2:38; 8:16; 10:48; 19:5: 22:16; കൊലൊ, 3:17). കൂടുതൽ തെളിവുകൾ താഴെക്കാണാം:

3. യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ: ബൈബിളിൽ എല്ലാക്കാര്യങ്ങൾക്കും തെളിവുകളുണ്ട്. അതുപോലെ, നാമത്തിനും നാമങ്ങൾക്കും ബൈബിളിൽ തെളിവുണ്ട്; നാമങ്ങൾ എന്ന ബഹുവചനത്തിൻ്റെ തെളിവുകൾ: 1. “ലേവിയുടെ പുത്രന്മാരുടെ പേരുകൾ: ഗേർശോൻ, കെഹാത്ത്, മെരാരി.” (സംഖ്യാ, 3:17; പുറ, 6:16). ഇവിടെ നോക്കുക: ലേവിയുടെ മൂന്നു പുത്രന്മാർ വ്യത്യസ്ത വ്യക്തികളാകയാലാണ് ‘പേരുകൾ അഥവാ നാമങ്ങൾ’ എന്ന ബഹുവചനം പ്രയോഗിച്ചിരിക്കുന്നത്. ലേവിയെന്ന ഏകൻ്റെ മക്കളായതുകൊണ്ടും ഐക്യത്തിൽ അവർ ഒന്നായതുകൊണ്ടും ഒന്നിലധികം വ്യക്തികളെ ചേർത്തു പറയുമ്പോൾ ‘പേര് അഥവാ നാമം’ എന്ന ഏകവചനം ഉപയോഗിക്കാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. 2. “പന്ത്രണ്ട് അപ്പോസ്തോലന്മാരുടെ പേരുകള്‍ ഇവയാണ്: “ഒന്നാമൻ പത്രൊസ് എന്നു പേരുള്ള ശിമോൻ, അവന്റെ സഹോദരൻ അന്ത്രെയാസ്, സെബെദിയുടെ മകൻ യാക്കോബ്, അവന്റെ സഹോദരൻ യോഹന്നാൻ, ഫിലിപ്പൊസ്, ബർത്തൊലൊമായി, തോമസ്, ചുങ്കക്കാരൻ മത്തായി, അല്ഫായുടെ മകൻ യാക്കോബ്, തദ്ദായി, ശിമോൻ, യേശുവിനെ കാണിച്ചുകൊടുത്ത ഈസ്കര്യോത്താ യൂദാ.” (മത്താ, 10:2-4). സത്യവേദപുസ്തകത്തിൽ ‘പേരാവിതു’ എന്നാണു കാണുന്നത്. ഗ്രീക്കിൽ ഒനോമാട്ടയും (onomata) ഇംഗ്ലീഷിൽ പേരുകളും (names) ആണ്. സത്യവേദപുസ്തകം പരിഷ്കരിച്ച ലിപിയും മലയാളം ഓശാനയും വിശുദ്ധഗ്രന്ഥവും പി.ഒ.സിയും കാണുക. അപ്പൊസ്തലന്മാർ ഒന്നിലധികം അഥവാ, പന്ത്രണ്ടുപേർ ഉള്ളതുകൊണ്ടാണ് ‘പേരു’ എന്ന ഏകവചനം ഉപയോഗിക്കാതെ, ‘പേരുകൾ അഥവാ നാമങ്ങൾ’ എന്ന ബഹുവചനം ഉപയോഗിച്ചിരിക്കുന്നത്. അപ്പൊസ്തലന്മാർ ക്രിസ്തുവെന്ന ഏകശരീരത്തിൽ ഐക്യത്തിൽ ഒന്നായിട്ടും അവർക്ക് നാമമല്ല; നാമങ്ങളാണുള്ളത്: (യോഹ, 17:11,21,23). എന്തെന്നാൽ, ക്രിസ്തുവിൽ ഒന്നായിരിക്കുമ്പോഴും അവർ ഒന്നിലധികം വ്യക്തികളാണ്. വ്യക്തികളെ ചേർത്തു പറയുമ്പോൾ വ്യാകരണനയമപ്രകാരം നാമമെന്നല്ല; നാമങ്ങളെന്നാണ് പറയേണ്ടത്. നാമമെന്ന ഏകവചനത്തിൻ്റെ തെളിവ്: “നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും.” (യെശ, 9:6). ഇവിടെ നോക്കുക: ഒരുത്തൻ്റെ നാല് പ്രാവചനിനാമം (Prophetic Name) പറഞ്ഞശേഷം ‘പേർ’ (name) എന്ന് ഏകവചനത്തിൽ പറയുന്നു. ആ നാലു പദവികൾ ഏകവ്യക്തിയുടെ പ്രാചചനിക നാമം ആയതുകൊണ്ടാണ്, ‘പേർ’ എന്ന ഏകവചനം പറഞ്ഞിരിക്കുന്നത്. അത് ഒന്നിലധികം വ്യക്തികളെ കുറിക്കുന്നത് ആയിരുന്നെങ്കിൽ, ഏകവചനമല്ല; ബഹുവചനം അഥവാ, ‘പേരുകൾ’ (names) എന്ന് പറയുമായിരുന്നു. അതുപോലെ മത്തായി 28:19-ലെ പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നത് ഏകസത്യദൈവത്തിൻ്റെ മൂന്നു വെളിപ്പാടുകളും പദവിയുമാകുന്നു. ‘നാമം’ യേശുക്രിസ്തു എന്നും ആകുന്നു. (പ്രവൃ, 2:38; 8:16; 10:48; 19:5: 22:16).

സുവിശേഷചരിത്രകാലത്ത്, “പിതാവും പുത്രനും ഐക്യത്തിൽ ഒന്നായിരുന്നു” എന്നു യോഹന്നാനിൽ പറഞ്ഞിരിക്കയാൽ (യോഹ, 17:11,21,23), പിതാവും പുത്രയും പരിശുദ്ധാത്മാവും ഐക്യത്തിൽ ഒന്നായതുകൊണ്ടാണ് ‘നാമം’ എന്ന ഏകവചനം പറഞ്ഞിരിക്കുന്നതെന്നു ആരും വിചരിക്കണ്ട. സുവിശേഷചരിത്രകാലത്ത് ദൈവവും ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനും എന്ന രണ്ടു പേരുണ്ടായിരുന്നു. (യോഹ, 8:16-18; 8:29; 16:32). ദൈവമല്ല നമുക്കുവേണ്ടി ക്രൂശിൽ മരിച്ചത്; ദൈവത്തിൻ്റെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യനായിരുന്നു: (ലൂക്കൊ, 1:35; 1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:5,6; 3:14-16). ജഡത്തിൽ വളിപ്പെട്ടവൻ തൻ്റെ ശുശ്രൂഷ തികച്ച് അപ്രത്യക്ഷനായാൽ ആ പദവിയല്ലാതെ മറ്റൊരു വ്യക്തിയായി ഉണ്ടാകുകയില്ല. ആരാണോ മനുഷ്യനായി പ്രത്യക്ഷനായത്, അവനാണ് എന്നുമെന്നേക്കും ഉള്ളവൻ. (1തിമൊ, 3:15; യിരെ, 10:10). അതിനാലാണ്, “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 16:26). അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് പറഞ്ഞത്. (യോഹ, 8:24,28; 13:19). അബ്രാഹാം ജനിച്ചതിനു മുമ്പേയുള്ള എഗോ എയ്മി അഥവാ, യഹോവയാണെന്ന് പറഞ്ഞത്. (യോഹ, 8:58). ഞാനും പിതാവും ഒന്നാകുന്നു എന്ന് പറഞ്ഞത്. (യോഹ, 10:30). എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം പിതാവിനെ കാണണം എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം: നീ എന്നെ അറിയുന്നില്ലയോ എന്നാണ്. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു. ഞാനും പിതാവും ഒന്നാകുന്നു എന്ന പ്രയോഗം, ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; പറഞ്ഞാൽ ഭാഷാപരമായി അതബദ്ധമാണ്. അങ്ങനെയൊരു പ്രയോഗം ലോകത്തിൽ ആരും പറഞ്ഞതായിട്ടും കാണാൻ കഴിയില്ല. അത് ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. ക്രിസ്തുവിൻ്റെ ജഡത്തിലെ ശുശ്രൂഷയോടുള്ള ബന്ധത്തിൽ പിതാവും പുത്രനും എപ്രകാരം ഐക്യത്തിൽ ഒന്നായിരുന്നുവോ, അപ്രകാരം ശിഷ്യന്മാരും ഐക്യത്തിൽ ഒന്നായിരുന്നു: (യോഹ, 17:23. ഒ.നോ: 17:11,21). ശിഷ്യന്മാർ എല്ലാവരും ഐക്യത്തിൽ ഒന്നായവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനമേറ്റവരും ക്രിസ്തു തലയായിരിക്കുന്ന അവൻ്റെ ഏകശരീരമായ സഭയിലെ അംഗങ്ങളുമാണ്: (യോഹ, 17:23; 1കൊരി, 12:13; എഫെ, 1:23,30). എന്നിട്ടും പന്ത്രണ്ട് ശിഷ്യന്മാരെ ചേർത്തു പറഞ്ഞപ്പോൾ, ‘നാമം’ എന്ന ഏകവചനമല്ല; ‘നാമങ്ങൾ’ എന്ന ബഹുവചനമാണ് പറഞ്ഞിരിക്കുന്നത്: (മത്താ, 10:2-4). എത്ര ഐക്യമുള്ളവരായായും വിഭിന്ന വ്യക്തികളെ ചേർത്തുപറയുമ്പോൾ ഭാഷയിൽ ബഹുവചനം ഉപയോഗിക്കണം. അതുപോലെ, പിതാവും പുത്രനും പരിശുദ്ധാത്മാവും നിത്യരും വിഭിന്നരുമായ വ്യക്തികൾ ആയിരുന്നെങ്കിൽ, ‘നാമം’ എന്ന ഏകവചനമല്ല, ‘നാമങ്ങൾ’ എന്ന ബഹുവചനം ഉപയോഗിക്കുമായിരുന്നു. ദൈവശ്വാസീയമായ വചനത്തിനു തെറ്റുപറ്റില്ലെന്നറിയുക: (2തിമൊ, 3:16). ഇനി, ത്രിത്വം വിചാരിക്കുന്നപോലെ, പിതാവും പുത്രനും പരിശുദ്ധാത്മാവും വിഭിന്നരായ വ്യക്തികളും ഐക്യത്തിൽ ഒന്നായ ദൈവവും ആണെങ്കിൽ; അതേ അർത്ഥത്തിൽ ഐക്യത്തിൽ ഒന്നായ അപ്പൊസ്തലന്മാർ പന്ത്രണ്ട് വ്യക്തികൾ ചേർന്ന ഒരു മനുഷ്യനാകണം: (യോഹ, 17:11,23).

4. പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നുതന്നെ: “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമം” എന്ന പ്രയോഗം സുവിശേഷചരിത്രകാലത്ത് പറയാൻ പറ്റില്ല. സുവിശേഷകാലത്ത് പുത്രൻ പിതാവിൽനിന്നു വിഭിന്നനായിരുന്നു. (യോഹ, 8:16; 14:23; 16:32; 17:11,21,23). സുവിശേഷ ചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നുതന്നെ ആകയാലാണ്, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കാൻ കല്പിച്ചതും അപ്പൊസ്തലന്മാർ യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിച്ചതും: (മത്താ, 28:19; പ്രവൃ, 2:38; 8:16; 10:48; 19:5). പിതാവും പുത്രനും പരിശുദ്ധാത്മാവും നിത്യരും വ്യത്യസ്തരുമായ വ്യക്തികളാണെങ്കിൽ, പിതാവിന്റെയും “പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം (onoma – Name) അഥവാ, പേര് എന്ന ഏകവചനപ്രയോഗം പരമാബദ്ധമായി മാറും.

5. ഭാഷാപരമായ മറ്റൊരു തെളിവ്: വ്യവസ്ഥിത ദൈവശാസ്ത്രത്തിൻ്റെ രചയിതാവ് ജീ. സുശീലൻ ത്രിത്വവിശ്വാസിയാണെങ്കിലും, അദ്ദേഹം ഭാഷാപണ്ഡിതനാകയാൽ; “സ്നാനം നല്കുന്നത് യേശുവിൻ്റെ നാമത്തിലാണ്” എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. (സ്നാനം, Systematic Theology, പേജ്, 630). അതായത്, “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം” എന്ന വാക്യാംശം ഒരു സംജ്ഞാനാമം അഥവാ, പ്രത്യേകനാമത്തെ (proper name) കുറിക്കുന്നതാണെന്ന് പുള്ളിക്കറിയാം. പള്ളിയുടെ വിശാസത്തിന് വിരുദ്ധമാണെങ്കിലും, ഇതുപോലെ പല സത്യങ്ങളും പുള്ളി ദൈവശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്. ഉദാ: “ഞാനും പിതാവും ഒന്നാകുന്നു” എന്ന വേദഭാഗം ഉദ്ധരിച്ചുകൊണ്ട്, “പിതാവും പുത്രനും ഒരു വ്യക്തിയാണെന്ന് നമുക്കറിയാം”എന്നും പുള്ളി പറഞ്ഞിട്ടുണ്ട്. (Systematic theology, പേജ്, 147). ഭാഷ അറിയാവുന്നവരാണെങ്കിൽ, വചനം വിശ്വസിക്കുന്നില്ലെങ്കിൽപ്പോലും “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെ നാമം” വ്യത്യസ്ത വ്യക്തികളുടെ ഐക്യത്തിൽ ഒന്നാകുന്നതിനെ കുറിക്കുന്നതല്ല; ഒരു പ്രത്യക പേരിനെ കുറിക്കുന്നതാണെന്ന് മനസ്സിലാക്കാൻ കഴിയും. . [കൂടുതൽ അറിയാൻ കാണുക: ഒനോമയും (Name) ഒനോമാട്ടയും (Names)]

6. സമാന്തരഭാഗങ്ങൾ: മത്തായി 28:19-ൽ പറഞ്ഞിരിക്കുന്ന നാമം ഏതാണെന്നറിയാൻ സമാന്തരഭാഗങ്ങൾ നോക്കിയാൽ മതിയാകും: “പിന്നെ അവൻ അവരോടു: നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ. വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.” (മർക്കൊ, 16:15,16). സുവിശേഷത്തെ തുടർന്നാണ് സ്നാനം വരുന്നത്. സുവിശേഷം പ്രസംഗിക്കുകയും കേൾവിക്കാരനായ വ്യക്തി സുവിശേഷം കൈക്കൊള്ളുകയും ചെയ്യുന്നില്ലെങ്കിൽ സ്നാനത്തിൻ്റെ ആവശ്യമില്ല. പത്രൊസിൻ്റെ വാക്കു അഥവാ, വചനം കൈക്കൊണ്ടവരാണ് സ്നാനം ഏറ്റത്. (പ്രവൃ, 2:41). അഥവാ, സുവിശേഷം വിശ്വസിക്കുന്നവരാണ് സ്നാനം ഏല്ക്കേണ്ടത്. സുവിശേഷത്തിൻ്റെ അടിസ്ഥാനം യേശുവാണ്: “ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു.” (1കൊരി, 15:3,4). സുവിശേഷം യേശുവാണ്: “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക. അതു ആകുന്നു സുവിശേഷം.” (1തിമൊ, 2:8,9). സുവിശേഷം പ്രസംഗിക്കേണ്ടത് യേശുവിൻ്റെ നാമത്തിലാണ്: “എന്നാൽ ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം.” (പ്രവൃ, 8:12. ഒ.നോ: പ്രവൃ, 4:18; 5:40; 9:27). അടുത്തവാക്യം: “ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേൽക്കയും അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.” (ലൂക്കോ, 24:46,47). സുവിശേഷം ആരുടെ നാമത്തിലാണോ, മാനസാന്തരവും പാപമോചനവും ആരുടെ നാമത്തിലാണോ ആ നാമത്തിൽത്തന്നെയാണ് സ്നാനവും. യേശുവിൽനിന്ന് സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ കൈപ്പറ്റിയവനായ പത്രൊസും സകല പ്രവാചകന്മാരും അത് സാക്ഷ്യപ്പെടുത്തുന്നു. (പ്രവൃ, 2:38; 10:43). യേശുക്രിസ്തു എന്ന നാമത്തിൻ്റെ പ്രത്യേകത എന്താണെന്നു ചോദിച്ചാൽ, അത് പുത്രൻ്റെ നാമം മാത്രമല്ല; പിതാവായ ഏകസത്യദൈവത്തിൻ്റെ നാമമാണ്. (യോഹ, 17:3. ഒ.നോ: 5:43; 17:11,12).

7. സകല ഭൂസീമാവാസികൾക്കും രക്ഷയ്ക്കായുള്ള ഏകനാമം: പഴയനിയമത്തിൽ ഭൂമിയിലെ സകല മനുഷ്യർക്കും രക്ഷയ്ക്കായുള്ള ഏകനാമം യഹോവയുടേതാണ്: “സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22). പുതിയനിയമത്തിൽ ആകാശത്തിനു കീഴിൽ രക്ഷയ്ക്കായുള്ള ഏകനാമം യേശുക്രിസ്തുവാണെന്ന് അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനയും സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ കൈപ്പറ്റിയവനായ പത്രൊസ് വിളിച്ചുപറയുന്നു: മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട യേശുക്രിസ്തു എന്ന നാമമല്ലാതെ വേറൊരു നാമവും ഇല്ല. (പ്രവൃ, 4:10-12). പഴയനിയമത്തിലെ യഹോവയല്ല യേശുക്രിസ്തുവെങ്കിൽ അഥവാ, യഹോവയുടെ ജഡത്തിലെ വെളിപ്പാടല്ല പുത്രനെങ്കിൽ (1തിമൊ, 3:14-16, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം ‘യേശുക്രിസ്തു’ എന്ന ഏകനാമല്ലെങ്കിൽ, ബൈബിൾ അതിൽത്തന്നെ ഛിദ്രിച്ചുപോകില്ലേ? “ഒരു പട്ടണമോ ഗൃഹമോ തന്നിൽ തന്നേ ഛിദ്രിച്ചു എങ്കിൽ നിലനിൽക്കയില്ല.” (മത്താ, 12:26).

8. അപ്പൊസ്തലന്മാർ കാണിച്ച മാതൃക: പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കാനാണ് കർത്താവ് കല്പിച്ചത്: (മത്താ, 28:19). അപ്പൊസ്തലന്മാരാകട്ടെ, യേശുക്രിസ്തുവിൻ്റെ നാമത്തിലാണ് സ്നാനം കഴിപ്പിച്ചത്: ‘ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ‘ (പ്രവൃ, 2:38), ‘കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു‘ (പ്രവൃ, 8:16), ‘യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ കല്പിച്ചു‘ (പ്രവൃ, 10:48), ‘കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു‘ (പ്രവൃ, 19:5) എന്നിങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. സ്നാനമെന്നല്ല, പുതിയനിയമത്തിലെ ഏതൊരുകാര്യം ചെയ്താലും യേശുക്രിസ്തുവിൻ്റെ നാമത്തിലാണ് ചെയ്യേണ്ടത്: “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.” (കൊലൊ, 3:17). കർത്താവ് ഏതൊരു നാമത്തിൽ അഥവാ, പേരിൽ സ്നാനം കഴിപ്പിക്കാനാണോ അപ്പൊസ്തലന്മാരോട് കല്പിച്ചത്, അതേ നാമത്തിലാണ് അവർ ജനത്തിനു സ്നാനം നല്കിയത്. ഇത്രയും സ്ഫടികസ്ഫുടമായി ദൈവത്തിൻ്റെ വചനം പറഞ്ഞിട്ടും അങ്ങനല്ല; ഇങ്ങനാണെന്നു പറയുന്നവർ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്നു നിങ്ങളെത്തന്നേ പരീക്ഷിച്ചാൽ നന്നായിരിക്കും.

9. സകല പ്രവാചകന്മാരും സാക്ഷ്യം പറഞ്ഞ നാമം: “അവനിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.” (പ്രവൃ, 10:43). ഈ വാക്യം ശ്രദ്ധിക്കണം: “അവരിൽ വിശ്വസിക്കുന്ന ഏവന്നും അവരുടെ നാമം മൂലം” എന്നു മൂന്നു പേരെക്കുറിച്ചല്ല; ‘അവനിൽ’ അഥവാ ‘യേശുക്രിസ്തുവിൽ’ എന്നു ഏകനെക്കുറിച്ചാണ് പറയുന്നത്. അടുത്തത്; ‘അവരുടെ നാമം മൂലം പാപമോചനം ലഭിക്കും’ എന്നു മൂന്നുപേരെക്കുറിച്ചല്ല; ‘അവൻ്റെ നാമം മൂലം’ എന്നു യേശുക്രിസ്തു എന്ന ഏകനെക്കുറിച്ചാണ് പറയുന്നത്. അതുതന്നെയാണ് കർത്താവ് കല്പിച്ച നാമവും (മത്താ, 28:19) പത്രൊസും മറ്റുള്ളവരും സ്നാനം കഴിപ്പിച്ച നാമവും: (പ്രവൃ, 2:38. ഒ.നോ: 2:38; 8:16; 10:48; 19:5).

10. ഏകസത്യദൈവത്തിൻ്റെ നാമം: “യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; ഞങ്ങൾ യഹോവയുടെ ആലയത്തിൽനിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു.” (സങ്കീ, 118:26. ഒ.നോ: മത്താ, 23:39; മർക്കൊ, 11:9; ലൂക്കൊ, 13:35; 18:38; യോഹ, 12:13). “ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും.” (യോഹ, 5:43). “എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എനിക്കു സാക്ഷ്യം ആകുന്നു.” യോഹന്നാൻ 10:25). “പിതാവേ, നിന്റെ നാമത്തെ മഹത്വപ്പെടുത്തേണമേ. അപ്പോൾ സ്വർഗ്ഗത്തിൽനിന്നു; ഞാൻ മഹത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്വപ്പെടുത്തും എന്നൊരു ശബ്ദം ഉണ്ടായി:” (യോഹ, 12:28). “പിതാവേ, നാഴിക വന്നിരിക്കുന്നു; നിന്റെ പുത്രൻ നിന്നെ മഹത്വപ്പെടുത്തേണ്ടതിന്നു പുത്രനെ മഹത്വപ്പെടുത്തേണമേ.” (യോഹ, 17:1). “നീ ലോകത്തിൽനിന്നു എനിക്കു തന്നിട്ടുള്ള മനുഷ്യർക്കു ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു.” (യോഹ, 17:6). “പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.” (യോഹ, 17:11). “അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു;” (യോഹ, 17:12). “എങ്കിലും പിതാവു എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും.” (യോഹ, 14:26). “എന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും.” (യോവേ, 2:32; പ്രവൃ, 2:22. ഒ.നോ: യോഹ, 20:31; റോമ, 10:13). “കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും എന്നു അവർ പറഞ്ഞു.” (പ്രവൃ, 16:31). “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:12). [കാണുക: ഏകസത്യദൈവത്തിൻ്റെ നാമം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്താണ്?]

11. ആദിമസഭ വിളിച്ചപേക്ഷിച്ച നാമം: അപ്പൊസ്തലിക കാലത്ത് യേശുക്രിസ്തു എന്ന ഏകനാമം വിളിച്ചാണ് അപേക്ഷിച്ചിരുന്നത്: സ്തെഫാനോസും (പ്രവൃ, 7:59), ദമസ്കൊസിലുള്ള സഭയും (പ്രവൃ, 9:14), യെരൂശലേം സഭയും (പ്രവൃ, 9:21), പൗലൊസും (പ്രവൃ, 23:16), കൊരിന്ത്യസഭയും (1കൊരി, 1:2), പൗലൊസ് മൂന്നുട്ടം അപേക്ഷിച്ചതും (2കൊരി, 12:8), തിമൊഥെയൊസിൻ്റെ സഭയും (2തിമൊ, 2:12), ബൈബിൾ എഴുതി അവസാനിപ്പിക്കുമ്പോൾ യോഹന്നാൻ അപ്പൊസ്തലനും (വെളി, 22:20) വിളിച്ചപേക്ഷിച്ചതു യേശുക്രിസ്തുവിൻ്റെ നാമമാണ്. പിതാവിൻ്റെ നാമം (യഹോവ) ആരും വിളിച്ചപേക്ഷിച്ചിട്ടില്ല എന്നതും, “അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവർ” എന്ന പൗലൊസിൻ്റെ പ്രസ്താവനയും ചേർത്തു ചിന്തിച്ചാൽ; പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ്, യേശുക്രിസ്തു എന്നു അസന്ദിഗ്ധമായി മനസ്സിലാക്കാം. താൻ ദൈവമല്ല; മനുഷ്യനാണ്; പിതാവ് എന്നെക്കാൾ വലിയവനാണ് എന്നൊക്കെ പുത്രൻതന്നെ പറഞ്ഞിരിക്കെ, യേശുക്രിസ്തു എന്നത് പുത്രൻ്റെ നാമം മാത്രമാണെങ്കിൽ അപ്പൊസ്തലന്മാരും യെഹൂദന്മാർ ഉൾപ്പെടുന്ന ആദിമസഭ ആ നാമം വിളിച്ചപേക്ഷിക്കുമായിരുന്നോ?

12. അസ്തിത്വദ്യോതകമാണ് പേര്: പേർ കൂടാതെ ഒന്നും ലോകത്ത് നിലനില്ക്കുന്നില്ല. ലോകത്തിൽ സ്വതന്ത്രമായി നിലനില്ക്കുന്നതും വേർതിരിച്ച് അറിയാൻ കഴിയുന്നതുമായ എല്ലാറ്റിനും ഒരു പേരുണ്ട്. പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന പ്രയോഗം പഴയനിയമത്തിലില്ല; പുതിയനിയമത്തിലാണുള്ളത്. ട്രിനിറ്റി പഠിപ്പിക്കുന്നപോലെ, ദൈവം വിഭിന്ന വ്യക്തികളാണെങ്കിൽ, പിതാവിനും പരിശുദ്ധാത്മാവിനും കൂടി ഓരോ പേര് പുതിയനിയമത്തിൽ ഉണ്ടാകുമായിരുന്നു. പഴയനിയമത്തിൽ പിതാവായ ദൈവത്തിന് പേർ പറഞ്ഞിട്ടുണ്ട്: (പുറ, 3:15). ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പുത്രനും പേർ പറഞ്ഞിട്ടുണ്ട്: (മത്താ, 1:21; 1തിമൊ, 3:15,16). ജഡത്തിൽ പ്രത്യക്ഷനായവൻ തൻ്റെ ശുശ്രൂഷതികച്ച് അപ്രത്യക്ഷനായാൽ പിതാവും പുത്രനും ഒന്നാണെന്ന് മുകളിൽ നാം കണ്ടതാണ്. പരിശുദ്ധാത്മാവിനു പ്രത്യേകം പേർ പറഞ്ഞിട്ടില്ലാത്തത് പിതാവിൽനിന്നു വ്യതിരിക്തൻ അല്ലാത്തതുകൊണ്ടാണ്. പരിശുദ്ധാത്മാവ് എന്നത് ഒരു പേരല്ല; പദവി അല്ലെങ്കിൽ, ഒരു വിശേഷണമാണ്. പഴയനിയമത്തിൽ ഒരുത്തനെ വിശുദ്ധമനുഷ്യൻ (holy man) എന്ന് പറഞ്ഞിട്ടുണ്ട്; ആ മനുഷ്യന് ‘എലീശാ’ എന്ന് കൃത്യമായൊരു പേരുണ്ട്. (2രാജാ, 4:8). ട്രിനിറ്റി പഠിപ്പിക്കുന്നപോലെ പരിശുദ്ധാത്മാവ് പിതാവിൽനിന്ന് വ്യത്യസ്തനും നിത്യനുമായ വ്യക്തിയാണെങ്കിൽ, പഴയനിയമത്തിലോ, പുതിയനിയമത്തിലോ പരിശുദ്ധാത്മാത്മാവിന് പ്രത്യേകമായൊരു പേരുണ്ടാകുമായിരുന്നു. [കാണുക: പരിശുദ്ധാത്മാവ് ആരാണ്?)

13. പുതിയനിയമം: “ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും” എന്ന യഹോവയുടെ വാഗ്ദത്തത്തിൻ്റെ ഫലമാണ് പുതിയനിയമം: (യിരെ, 31:31-34; എബ്രാ, 8:8-13. ഒ.നോ: യെഹെ, 11:19,20). യിസ്രായേലിനെ മിസ്രയീമ്യ ദാസ്യത്തിൽനിന്ന് വിടുവിച്ചുകൊണ്ടുവന്ന് ന്യായപ്രമാണം നല്കുന്നതിനു മുന്നോടിയായാണ് ദൈവം തനിക്ക് യഹോവ എന്ന നാമം എടുത്തത്. (പുറ, 3:14,15). അതിനു മുമ്പൊരിക്കലും, പൂർവ്വപിതാക്കന്മാർക്കുപോലും ഒരു നാമത്തിൽ ദൈവം വെളിപ്പെട്ടിരുന്നില്ല. (പുറ, 6:3). അതുപോലെ, പുതിയനിയമം സ്ഥാപിക്കുന്നതിനു മുന്നോടിയായാണ്, ദൈവം തൻ്റെ വെളിപ്പാടായ മനുഷ്യനു “യേശു” എന്ന തൻ്റെ പുതിയ പേർ നല്കിയത്. (മത്താ, 1:21; ലൂക്കൊ, 1:31; യോഹ, 5:43; 17:11,12; 1തിമൊ, 3:15,16). ദൈവത്തിൻ്റെ വാഗ്ദത്തംപോലെ തൻ്റെ വെളിപ്പാടായ ക്രിസ്തുവിൻ്റെ രക്തംമൂലമാണ് പുതിയനിയമം സ്ഥാപിതമായത്. ((യിരെ, 31:31-34; ലൂക്കൊ, 22:20; എബ്രാ, 8:8-13). പിതാവ് (യോഹ, 5:43; 17:11,12) പുത്രൻ (മത്താ, 1:23) പരിശുദ്ധാത്മാവ് (യോഹ, 14:26) എന്നത് ഏകദൈവത്തിൻ്റെ മൂന്നു വെളിപ്പാടുകളും യേശുക്രിസ്തു എന്നത് ഏകനാമവും ആയതുകൊണ്ടാണ്, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കാൻ കല്പിച്ചത്. (മത്താ, 28:19. ഒ.നോ: പ്രവൃ, 2:38; 8:16; 10:48; 19:5; കൊലൊ, 3:17). സുവിശേഷചരിത്രകാലത്ത് ദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു. (യോഹ, 8:16-18; 8:29; 14:23; 16:32; 17:11,21,23). ദൈവമല്ല നമുക്കുവേണ്ടി ക്രൂശിൽ മരിച്ചത്; ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനായിരുന്നു: (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:5,6; 3:14-16). ജഡത്തിൽ വെളിപ്പെട്ടവൻ ശുശ്രൂഷ തികച്ച് അപ്രത്യക്ഷനായാൽ അഥവാ, സുവിശേഷചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒന്നുതന്നെയാണ്. (യോഹ, 8:24;28; 8:58; 10:30; 14:9). അതുകൊണ്ടാണ്, ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ രക്ഷയ്ക്കായി യേശുക്രിസ്തുവെന്ന ഏകനും ആ നാമവുമല്ലാതെ മറ്റൊരു നാമമില്ലെന്ന് അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് വിളിച്ചുപറഞ്ഞത്. (പ്രവൃ, 4:12). സകലജാതികൾക്കും രക്ഷയ്ക്കായുള്ള ഏകദൈവവും നാമവും യഹോവയാണെന്ന് പഴയനിയമത്തിൽ ഖണ്ഡിതമായി പറഞ്ഞിരിക്കെ (യെശ, 45:5,6,22), ക്രിസ്തു യഹോവയുടെ ജഡത്തിലെ വെളിപ്പാടും “യേശുക്രിസ്തു” എന്നത് യഹോവയുടെ പുതിയനിയമത്തിലെ നാമവുമല്ലെങ്കിൽ, പഴയപുതിയനിയമങ്ങൾ തമ്മിൽ ചിദ്രിച്ചുപോകില്ലേ?

യഹോവ തന്നെയാണോ മനുഷ്യനായി വെളിപ്പെട്ട് ക്രൂശിൽ മരിച്ചതെന്നു പലർക്കും സംശയമുണ്ടാകാം: ദൈവഭക്തിയെക്കുറിച്ചുള്ള മർമ്മത്തിൽ “God was manifest in the flesh” എന്നാണ് കെ.ജെ.വി ഉൾപ്പെടെയുള്ള പല ഇംഗ്ലീഷ് പരിഭാഷകളിലും കാണുന്നത്; എന്നാൽ അത് പൂർണ്ണമായും ശരിയല്ല; ഭാഷയുടെ വ്യാകരണം അറിയാവുന്നവർ “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതിലെ ‘അവൻ’ എന്ന ‘സർവ്വനാമം’ മാറ്റിയിട്ട് തൽസ്ഥാനത്ത് ‘നാമം’ ചേർത്താൽ; “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്നു കിട്ടും.” (1തിമൊ, 3:14-16) ജീവനുള്ള ദൈവം യഹോവയാണ്: (യിരെ, 10:10). ഇനി യഹോവയായ ദൈവം പറയുന്നത് കേൾക്കുക: “And I will pour upon the house of David, and upon the inhabitants of Jerusalem, the spirit of grace and of supplications: and they shall look upon me whom they have pierced, and they shall mourn for him, as one mourneth for his only son, and shall be in bitterness for him, as one that is in bitterness for his firstborn.” “അവർ കുത്തിയ എന്നെ നോക്കും” (സെഖ, 12:10. KJV). എന്നെയാണ് അവർ കുത്തിത്തുളച്ചതെന്ന് യഹോവ പറയുമ്പോൾ വിശ്വസിക്കാതെ പറ്റില്ലല്ലോ? മലയാളം പരിഭാഷയും കാണുക:  “ഞാന്‍ ദാവീദ് ഗൃഹത്തിന്മേലും, യറുശലേം നിവാസികളുടെ മേലും കൃപയുടെയും ആശ്വാസത്തിന്‍റേയും ആത്മാവിനെ പകരും; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുകയും ഏകജാതനെ പ്രതി വിലപിക്കുന്നതു പോലെ അവനു വേണ്ടി വിലപിക്കുകയും ചെയ്യും; ആദ്യജാതനുവേണ്ടി വ്യസനിക്കുന്നതുപോലെ അവനു വേണ്ടി വ്യസനിക്കും.” (സെഖ, 12:10. വി.ഗ്ര). അതായത്, ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിൽ ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:12) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ മനുഷ്യനാണ് യേശു. (യോഹ, 8:40; 1യോഹ, 3:5. ഒ.നോ: ലൂക്കൊ, 1:68; യെശ, 25:8-9; 35:3-6; 40:3). അതിനാൽ, പുതിയനിയമത്തിൽ പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്നത് ഏകദൈവത്തിൻ്റെ പ്രത്യക്ഷതകളും പദവികളും യേശുക്രിസ്തു എന്നത് നാമവും ആണെന്ന് മനസ്സിലാക്കാം. [കാണുക: ദൈവഭക്തിയുടെ മർമ്മം, യഹോവയും യേശുവും ഒന്നാണോ?]

14. ‘ഞാനോ’ എല്ലാനാളും കൂടെയുണ്ട്: പിതാവും പുത്രനും പരിശുദ്ധാത്മാവും മൂന്ന് വ്യത്യസ്ത വ്യക്തിയല്ലെന്നതിൻ്റെ തെളിവ് മത്തായി 28:19-ൽത്തന്നെ ഉണ്ട്; അതിൻ്റെ അവസാനഭാഗം: ”ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നാണ് കർത്താവ് അരുളിച്ചെയ്ത്. പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്തരായ മൂന്ന് വ്യക്തിയാണെങ്കിൽ, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കാൻ പറഞ്ഞശേഷം ‘ഞാനോ എന്നല്ല ഞങ്ങളോ’ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടെന്ന് പറയുമായിരുന്നു. തന്മൂലം, ആ വേദഭാഗത്ത് നിന്നുതന്നെ പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നത് ഏകദൈവത്തിൻ്റെ മൂന്ന് വെളിപ്പാടുകളും പദവികളും ആണെന്ന് മനസ്സിലാക്കാം.

15. പുതിയനിയമത്തിൽ എല്ലാക്കാര്യങ്ങളും യേശുവിൻ്റെ നാമത്തിലാണ്: പ്രവചനം, ഭൂതോച്ചാടനം, വീര്യപ്രവൃത്തികൾ (മത്താ, 7:22), ജാതികളുടെ പ്രത്യാശ, (മത്താ, 12:20), കൂടിവരുന്ന നാമം (മത്താ, 18:20), മാനസാന്തരം, പാപമോചനം (ലൂക്കോ, 24:47), പ്രാർത്ഥന (യോഹ, 14:13), പരിശുദ്ധാത്മാവു (യോഹ, 14:26), പ്രാർത്ഥനയുടെ മറുപടി (യോഹ, 16:23), നിത്യജീവൻ (യോഹ, 20:31; 1യോഹ, 5:13), രോഗസൗഖ്യം (പ്രവൃ, 3:6), രക്ഷിക്കപ്പെടുന്നത് (പ്രവൃ, 4:12), അടയാളങ്ങൾ, അത്ഭുതങ്ങൾ (പ്രവൃ, 4:30), സുവിശേഷം (പ്രവൃ, 5:8:12), വിളിച്ചപേക്ഷിക്കുന്നത് (പ്രവൃ, 9:14), പ്രസംഗം (പ്രവൃ, 9:27), പാപമോചനം (പ്രവൃ, 10:43), വിശ്വാസത്തിന്നുള്ള അനുസരണം (റോമ, 1:6), ശുദ്ധീകരണം, നീതീകരണം (1കൊരി, 6:11), സ്തോത്രം ചെയ്യുന്നത് (എഫെ, 5:30), മുഴങ്കാൽ മടങ്ങുന്നത് (ഫിലി, 2:10), പ്രബോധനം (1തെസ്സ, 4:1), സ്തോത്രയാഗം (എബ്രാ, 13:5), വിശ്വസിക്കേണ്ടത് (1യോഹ, 3:23). “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.” (കൊലൊ, 3:17). പിതാവും പുത്രനും പരിശുദ്ധാത്മാവും സുവിശേഷ ചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിൽ ഒന്നുതന്നെ അല്ലെങ്കിൽ അഥവാ, വ്യതിരിക്തരായ വ്യക്തികളായിരുന്നെങ്കിൽ; ഏകമനുഷ്യനായ പുത്രൻ്റെ നാമത്തിൽ മാത്രം എല്ലാക്കാര്യങ്ങളും ചെയ്യാൻ കല്പിക്കുമോ? (റോമ, 5:15. ഒ,നോ: യോഹ, 8:40; 1താമൊ, 2:6). എന്തെങ്കിലും ഒരുകാര്യം പിതാവിൻ്റെ നാമത്തിൽ (യഹോവ) ചെയ്യുവാൻ കല്പിക്കുമായിരുന്നില്ലേ? അതിനാൽ, പിതാവിൻ്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമമാണ് യേശുക്രിസ്തു എന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

16. ദൈവത്തിൽ വ്യക്തികളല്ല; ദൈവത്തിനു വെളിപ്പാടുകളാണുള്ളത്: അനേകർക്കും ദൈവത്തിൻ്റെ പ്രകൃതിപോലും അറിയില്ലെന്നതാണ് വസ്തുത: അക്ഷയനും അദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും നിത്യനും മരണമില്ലാത്തവനും മാറ്റമില്ലാത്തവനും അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനുമായ ഏകദൈവം (monos theos) ആണുള്ളത്. (1തിമൊ, 1:17; യോഹ, 4:24; യിരെ, 23:23-24; 1യോഹ, 4:12; 1തിമൊ, 6:16; റോമ, 16:24; മലാ, 3:6; യാക്കോ, 1:17; വെളി, 4:10; യോഹ, 5:44). ദൈവം അദൃശ്യനാണെന്ന് മൂന്നുവട്ടം പറഞ്ഞിട്ടുണ്ട്: (യോഹ, 4:24കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27). ബൈബിൾ പുസ്തകങ്ങളിൽ അവസാനം അഞ്ചു പുസ്തകങ്ങളെഴുതിയ യോഹന്നാൻ അപ്പോസ്തലൻ, ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ലെന്നു രണ്ടുവട്ടം പറഞ്ഞിരിക്കുന്നു: (യോഹ, 1:18; 1യോഹ, 4:12). ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു പൗലൊസ് അപ്പൊസ്തലനും പറഞ്ഞിരിക്കുന്നു: (1തിമൊ, 6:16). എന്നാൽ പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും പലരും കണ്ടിട്ടുണ്ട്. പിതാവ്: എൻ്റെ പിതാവിൻ്റെ മുഖം ദൂതന്മാർ എപ്പോഴും കാണുന്നുവെന്നു ക്രിസ്തു പറഞ്ഞു: (മത്താ, 18:10). യഹോവയായ ദൈവം ഭൂമിയിൽ പലനിലകളിൽ മനുഷ്യർക്കു തന്നെത്തന്നെ വെളിപ്പെടുത്തിയതുകൂടാതെ, സ്വർഗ്ഗസിംഹാസനത്തിൽ ദൂതന്മാരുടെ മദ്ധ്യേ ഇരിക്കുന്ന യഹോവയെ, മീഖായാവ് (1രാജാ, 22:19), യെശയ്യാവ് (6:1-5), യെഹെസ്ക്കേൽ (1:26-28), ദാനീയേൽ (7:9,10), യോഹന്നാൻ (വെളി, 4:1,2) തുടങ്ങിയവർ കണ്ടിട്ടുണ്ട്. യഹോവ സ്വർഗ്ഗസിംഹാസനത്തിലിരുന്ന് നിത്യം ദൂതന്മാരുടെ ആരാധന സ്വീകരിക്കുകയാണ്: (യെശ, 6:3; വെളി, 4:8). സ്വർഗ്ഗത്തിൽ പിതാവായ യഹോവയെ യെഹെസ്ക്കേലും ദാനീയേലും കണ്ടത് മനുഷ്യസാദൃശ്യത്തിലാണ്. (യെഹെ, 1:26; 8:2; 10:1; ദാനീ, 7:9). പുത്രൻ: മനുഷ്യനായി വെളിപ്പെട്ട പുത്രനെയും അനേകർ കണ്ടിട്ടുണ്ട്: (1കൊരി, 15:21; 1തിമൊ, 2:6; 3:16; 1പത്രൊ,1:20). പരിശുദ്ധാത്മാവ്: ആത്മാവിനെ ദേഹരൂപത്തിൽ അഥവാ മനുഷ്യരൂപത്തിൽ യോഹന്നാൻ സ്നാപകനും (ലൂക്കൊ, 3:22) പിളർന്നിരിക്കുന്ന നാവുകളുടെ രൂപത്തിൽ പെന്തെക്കൊസ്തുനാളിൽ അപ്പൊസ്തലന്മാരും കണ്ടിട്ടുണ്ട്: (പ്രവൃ, 2:3). പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും അനേകർ കണ്ടിട്ടുണ്ട്. അതായത്, അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിൻ്റെ മൂന്നു പ്രത്യക്ഷതകളും പദവികളുമാണ് പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്നത്; നാമമാണ് യേശുക്രിസ്തു: (മത്താ, 28:19). ദൈവത്തിന് വേറെയും വെളിപ്പാടുകളുണ്ട്. [കാണുക: അദൃശ്യനായ ഏകദൈവവും പ്രത്യക്ഷതകളും, യഹോവെഉടെ പ്രത്യക്ഷതകൾ]

17. വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും: “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.” (കൊലൊസ്സ്യർ 3:17). ഈയൊരു വാക്യം മാത്രംമതി കർത്താവായ യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം ഏല്ക്കാൻ. “പിതാവിന്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം ഏറ്റതായി നിങ്ങൾ വിശ്വസിപ്പിൻ” എന്നാണ് കർത്താവ് മത്തായി 28:19-ൽ കല്പിച്ചിരുന്നതെങ്കിൽ മേല്പറഞ്ഞ വാക്യം നമുക്കു ബാധകമാകില്ലായിരുന്നു. എന്തെന്നാൽ, ‘വാക്കിനാലോ, പ്രവൃത്തിയാലോ എന്തു ചെയ്താലും യേശുക്രിസ്തുവിൻ്റെ നാമത്തിൽ ചെയ്യാനാണ് കല്പന. വിശ്വാസമാകട്ടെ; വാക്കിലും പ്രവൃത്തിയിലും ഉൾപ്പെടുന്നതല്ല. ദൈവകല്പന ലംഘിക്കാനുള്ളതല്ല; അനുസരിക്കാനുള്ളതാണ്. കർത്താവായ യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം സ്വീകരിക്കുന്നവൻ തൻ്റെ പ്രവൃത്തിമൂലം പിതാവായ ദൈവത്തിനാണ് മഹത്യം കരേറ്റുന്നത്. ഇനി, ഒരാൾ പറയുകയാണെന്നിരിക്കട്ടെ; “ഞാൻ യേശുവിൻ്റെ കലപന മാത്രമേ അനുസരിക്കുകയുള്ളു; പൗലൊസിൻ്റെ കല്പന അനുസരിക്കില്ല.” അത് പല കുഴപ്പങ്ങൾക്കും കാരണമാണ്: 1. ദൈവമാണ് പൗലൊസിനെ തിരഞ്ഞെടുത്ത് വെളിപ്പാടുകൾ നല്കി ജാതികളുടെ അപ്പൊസ്തലനാക്കി വെച്ചത്. (1തിമൊ, 2:4-7). 2. അങ്ങനെ പറയുന്നൊരാൾ, ക്രിസ്തുവിൻ്റെയും പൗലൊസിൻ്റെയും കല്പനകൾ പരസപരവരുദ്ധമാണെന്ന് സാക്ഷ്യം പറയുകയാണ്. 3. ക്രിസ്തു കല്പിച്ചതിനു വിരുദ്ധമായാണ് പൗലൊസ് കല്പിച്ചതെങ്കിൽ, തൻ്റെ പതിനാലു ലേഖനങ്ങൾ വിശ്വാസയോഗ്യമല്ലാതാകും. ബൈബിൾ അബദ്ധജഡിലമല്ല എന്നു വിശ്വസിക്കുന്ന ഒരാൾ, ക്രിസ്തു പറഞ്ഞ കല്പനയിലെ ‘പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെ നാമം’ ആണ് പൗലൊസിൻ്റെ കല്പനയിലെ ‘കർത്താവായ യേശുക്രിസ്തു’ എന്നു മനസ്സോടെ വിശ്വസിക്കണം. [ജലസ്നാനം വാക്കിലും പ്രവൃത്തിയിലും ഉൾപ്പെടുന്ന ഒരു കല്പനയല്ലെന്ന് സ്വന്തമനസ്സാക്ഷിക്ക് വിരുദ്ധമായി ഒരുത്തൻ ചിന്തിക്കുന്നുവെങ്കിൽ, അവൻ ഇഷ്ടംപോലെ ചെയ്യുകയും കർത്താവുമായി കണക്കുതീർക്കയും ചെയ്യട്ടെ]

കർത്താവിൻ്റെ മഹാനിയോഗം: കർത്താവ് സ്നാനത്തെക്കുറിച്ചുള്ള കല്പന നല്കിയത് ത്രിത്വവിശ്വാസികൾക്കല്ല; അപ്പൊസ്തലന്മാർക്കാണ്. യേശു അവരുടെ ഭാഷയിൽ അവരോട് പറഞ്ഞ കാര്യം അവർക്ക് മനസ്സിലായതിൽ അധികമായി മറ്റാർക്കും മനസ്സിലാകില്ലല്ലോ. കർത്താവിൽനിന്ന് അവർക്ക് ലഭിച്ച കല്പന അവരെങ്ങനെ പ്രായോഗിക തലത്തിൽ കൊണ്ടുവന്നു എന്ന് പരിശോധിച്ചാൽ, സത്യവിശ്വാസികൾക്ക് സ്നാനത്തെക്കുറിച്ചുള്ള ഉത്തരമായി. ത്രിത്വനാമത്തിൽ അഥവാ, പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നീ സ്ഥാനനാമത്തിൽ ഒരിക്കലും അവർ സ്നാനം കഴിപ്പിച്ചില്ല; യേശുക്രിസ്തു എന്ന ഏകനാമത്തിലാണ് സ്നാനം കഴിപ്പിച്ചത്. (പ്രവൃ, 2:38; 8:16; 10:48; 19:5). ചിലർ കരുതുന്നത്; യേശുവിൻ്റെ കല്പനയ്ക്ക് വിരുദ്ധമായിട്ടാണ് അപ്പൊസ്തലന്മാർ സ്നാനപ്പെടുത്തിയതെന്നാണ്. അതിനോടുള്ള ബന്ധത്തിൽ മൂന്ന് കാര്യങ്ങൾ പറയാം: 1. നിലത്ത് എന്തോ എഴുതിയതല്ലാതെ, പുതിയനിയമത്തിലെ ഒറ്റയക്ഷരം യേശു എഴുതിയിട്ടില്ല. എല്ലാം അപ്പൊസ്തലന്മാരാണ് എഴുതിയിരിക്കുന്നത്. അവർ യേശുവിൻ്റെ കല്പനയ്ക്ക് വിരുദ്ധമായിട്ടാണ് പ്രവർത്തിച്ചതെങ്കിൽ, പുതിയനിയമത്തിലെ പുസ്തകങ്ങൾക്ക് പിന്നെ യാതൊരു വിശ്വാസ്യതയും ഉണ്ടാകില്ല. ന്യായപ്രമാണകല്പനപോലെ, ഒന്നിൽ തെറ്റിയ അവർ സകലത്തിന്നും കുറ്റക്കാരായി തീരുകയും ചെയ്യുന്നു. (യാക്കോ, 2:10). 2. പെന്തെക്കൊസ്തിൽ സഭ സ്ഥാപിതമായി യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിച്ചതിനും ഏകദേശം ഇരുപത്തഞ്ച് വർഷങ്ങൾക്ക് ശേഷമാണ് മത്തായി സുവിശേഷം എഴുതുന്നത്. അവർ കർത്താവിൻ്റെ കല്പനയ്ക്ക് വിരുദ്ധമായിട്ടാണ് സ്നാനം കഴിപ്പിച്ചിരുന്നതെങ്കിൽ, കർത്താവിൻ്റെ കല്പനയെ അവർക്കനുകൂലമായി മത്തായിക്ക് തിരുത്തിയെഴുതാമായിരുന്നു. അങ്ങനെ ചെയ്യാതിരുന്നതിൽനിന്ന് കർത്താവ് പറഞ്ഞ കല്പനയാണ് അവർ അതേപോലെ അനുസരിച്ചതെന്ന് മനസ്സിലാക്കാം. 3. അപ്പൊസ്തലന്മാരുടെ പ്രവൃത്തികളെന്നല്ല; പരിശുദ്ധാത്മാവിൻ്റെ പ്രവൃത്തികൾ എന്നാണ് ആ പുസ്തകത്തിന് പേർ വരേണ്ടതെന്ന് എല്ലാവരും അംഗീകരിക്കുന്ന വസ്തുതയാണ്. കാരണം, അതിലെ പ്രവൃത്തികൾ മുഴുവൻ പരിശുദ്ധാത്മാവിൻ്റേതാണ്. പരിശുദ്ധാത്മാവ് അപ്പൊസ്തലന്മാരെ തടുക്കുന്നതായും, പറഞ്ഞയക്കുന്നതായും, എടുത്തുകൊണ്ട് പോകുന്നതായും നാം വായിക്കുന്നു. (8:39; 13:4; 16:7). കൂടാതെ, ആത്മാവിന് വിരുദ്ധമായി പ്രവർത്തിച്ച ഒരു കുടുംബം പട്ടുപോയതായും കാണാം. (5:1-11). എന്നുവെച്ചാൽ, കർത്താവ് കല്പിച്ചതിന് വിരുദ്ധമായി അപ്പൊസ്തലന്മാർ പ്രവർത്തിക്കാൻ ഇച്ഛിച്ചാലും അവരിൽ വസിക്കുന്ന ദൈവാത്മാവ് അതിന് സമ്മതിക്കില്ലായിരുന്നു. അതിനാൽ, കർത്താവ് കല്പിച്ച പിതാവിന്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം അഥവാ, പേര് ‘യേശുക്രിസ്തു’ ആണെന്നും ആ നാമത്തിലാണ് അവർ സ്നാനം കഴിപ്പിച്ചതെന്നും അസന്ദിഗ്ദമായി തെളിയുന്നു.

ഒരു നാമത്തിൽ അഥവാ പ്രത്യേകപേരിൽ സ്നാനമേല്ക്കാനാണ് ക്രിസ്തു കല്പിച്ചിരിക്കുന്നത്; ആ നാമം ‘യേശു’ എന്നല്ലാതെ മറ്റൊന്നല്ല. (2:38; 8:16; 10:48; 19:5: 22:16). ‘യഹോവ രക്ഷയാകുന്നു’ എന്നർത്ഥമുള്ള ‘യെഹോശൂവാ അഥവാ യേശു’ എന്നതാണ് സംജ്ഞാനാമം. (മത്താ, 1:21). അഭിഷിക്തൻ അഥവാ, ക്രിസ്തു എന്ന പദവിനാമം പരിശുദ്ധാത്മാവിനാൽ പെന്തെക്കൊസ്തുനാളിൽ യേശു എന്ന പേരിനൊപ്പം ചേർക്കപ്പെട്ട് പേരായി മാറിയതാണ്. ഉദാ: (പ്രവൃ, 2:38. ഒ.നോ: മത്താ, 1:1; മർക്കൊ, 1:1). പ്രവൃത്തികളിൽ ‘യേശുക്രിസ്തു’ (2:38; 10:48) എന്ന നാമത്തിൽ സ്നമേറ്റതായി രണ്ടിടത്തും, ‘കർത്താവായ യേശു’ (8:16; 19:5) എന്ന നാമത്തിൽ സ്നാനമേറ്റതായി രണ്ടിടത്തും പറഞ്ഞിട്ടുണ്ട്. ആകയാൽ ”കർത്താവായ യേശു, യേശുക്രിസ്തു, കർത്താവായ യേശുക്രിസ്തു” എന്നിങ്ങനെ ഏത് നാമത്തിലും സ്നാനമേല്ക്കാവുന്നതാണ്. “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.” (കൊലൊ, 3:17). കർത്താവായ യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം ഏല്ക്കുന്നവൻ പിതാവായ ദൈവത്തിനാണ് സ്തോത്രം കരേറ്റുന്നത്. സ്നാനം വാക്കിലും പ്രവൃത്തിലും ഉൾപ്പെടുന്ന ശുശ്രൂഷയല്ലെന്ന് ഒരു വ്യക്തിയോ പ്രസ്ഥാനമോ കരുതുന്നുവെങ്കിൽ, അവരെ തിരുത്താൻ ഈ ലേഖനത്തിനെന്നല്ല, ദൈവത്തിനുപോലും കഴിയില്ല.

“വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.” (കൊലൊ, 3:17). സുവിശേഷം കൈക്കൊണ്ട് ക്രിസ്തുവിൻ്റെ രക്ഷയിലേക്ക് വരുന്ന വ്യക്തിക്ക് സ്നാനമേല്ക്കേണ്ട നാമം ഏതാണെന്ന് നിശ്ചയമുണ്ടാകില്ല; കഴിപ്പിക്കുന്ന ആൾക്കാണ് ശരിയായ നാമത്തിൽ സ്നാനം നൽകാനുള്ള ഉത്തരവാദിത്വം. വാക്കുകൊണ്ടും ക്രിയകൊണ്ടുമുള്ള രണ്ടു ശുശ്രൂഷകളാണ് ദൈവസഭയ്ക്കുള്ളത്: “ഒരുത്തൻ പ്രസംഗിക്കുന്നു എങ്കിൽ ദൈവത്തിന്റെ അരുളപ്പാടു പ്രസ്താവിക്കുന്നു എന്നപോലെയും ഒരുത്തൻ ശുശ്രൂഷിക്കുന്നു എങ്കിൽ ദൈവം നല്കുന്ന പ്രാപ്തിക്കു ഒത്തവണ്ണവും ആകട്ടെ. എല്ലാറ്റിലും ദൈവം യേശുക്രിസ്തുമൂലം മഹത്വപ്പെടുവാൻ ഇടവരട്ടെ. മഹത്വവും ബലവും എന്നെന്നേക്കും അവന്നുള്ളതു. ആമേൻ. (1പത്രൊ, 4:11). ഇതുരണ്ടും സമ്മേളിക്കുന്ന ശുശ്രൂഷയാണ് സ്നാനം; നാമം പ്രസ്താവിക്കപ്പെടുകയും ക്രിയചെയ്യുകയും ചെയ്യുന്നു. തെറ്റായ നാമത്തിൽ സ്നാനം നല്കുകവഴി, സ്നാനം കഴിപ്പിക്കുന്നയാൾ മൂന്നു തെറ്റുകൾ ഒരുപോലെ ചെയ്യുന്നു: കർത്താവിൻ്റെ കല്പന ലംഘിക്കുന്നു (മത്താ, 28:19); ദൈവവചനത്തോടു മറുതലിക്കുന്നു (കൊലൊ, 3:17); യേശുക്രിസ്തു മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം കരേറ്റാതിരിക്കുന്നു. (കൊലൊ, 3:17). കല്പന അനുസരിക്കാൻ ഉള്ളതാണ്; ആവർത്തിക്കാൻ ഉള്ളതല്ല. ത്രിത്വനാമത്തിൽ സ്നാനപ്പെടുത്തുന്ന എല്ലാവരും കർത്താവിൻ്റെ കല്പന അനുസരിക്കുകയല്ല; ആവർത്തിക്കുക മാത്രമാണ് ചെയ്യുന്നത്.

മത്തായി 28:19 സ്നാനം സ്വീകരിക്കാനുള്ള നാമം എന്നതിനെക്കാൾ ഉപരിയായി: പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന ഏകസത്യദൈവത്തിൻ്റെ നാമമാണ്. സ്വർഗ്ഗത്തെക്കാൾ ഉന്നതമായ, സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുന്ന അതിശയകരമായ നാമമാണതെന്ന് ബൈബിൾ നമ്മെ ഓർമ്മിപ്പിക്കുന്നു. ത്രിത്വവിശ്വാസികൾ നെഞ്ചത്തടിച്ച് അവകാശപ്പെടുന്ന ഒരു കാര്യമുണ്ട്: ഞങ്ങൾ കർത്താവ് കല്പിച്ച പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിലാണ് സ്നാനമേറ്റത്. അല്ല സഹോദരങ്ങളെ, ഇതുവരെയും നിങ്ങൾ യേശുക്രിസ്തുവിൻ്റെ കല്പന അനുസരിച്ചിട്ടില്ല. നിങ്ങൾ യഥാർത്ഥമായി ആ നാമം ഗ്രഹിച്ചിട്ടില്ല; പിതാവിന്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം ഏറ്റിട്ടില്ല. ആ അതിപരിശുദ്ധനാമം യേശുക്രിസ്തു എന്നാകുന്നു. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കട്ട; ക്രിസ്തുവിൽ ഇടറിപ്പോകാത്തവർ ഭാഗ്യവാന്മാർ!

കൂടുതൽ അറിവിനായി താഴെക്കാണുന്ന ലേഖനങ്ങൾ കാണുക: 👇

ഏകസത്യദൈവത്തിൻ്റെ നാമം

പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്താണ്?

ആത്മസ്നാനവും ജലസ്നാനവും

സ്നാനവും രക്ഷയും

ബൈബിളിലെ ദൈവം (png)

ബൈബിളിലെ ദൈവം (God in the Bible)

1. എൻ്റെ വിശ്വാസപ്രഖ്യാപനം

2. യോഹന്നാൻ 1:1-ലെ വചനം

3. ഏകസത്യദൈവം (The only true God)

4. യെശയ്യാവ് കണ്ട യഹോവ/യേശുവിൻ്റെ തേജസ്സ്

5. ജീവനുള്ള ദൈവം (The Living God)

6. പിതാവിന്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം

7. ഞാനാകുന്നവൻ ഞാനാകുന്നു

8. പുത്രനും നിത്യപിതാവും

9. യെശയ്യാവിലെ ക്രിസ്തു

10. മഹത്ത്വത്തിൻ്റെ രാജാവായ യേശുക്രിസ്തു

11. വീണ്ടെടുപ്പുകാരനായ യഹോവ

12. യഹോവ വന്നു നിങ്ങളെ രക്ഷിക്കും

13. ഇതാ, നമ്മുടെ ദൈവം

14. ദൈവവും രക്ഷിതാവും ഒരുവൻ

15. യേശു എന്ന നാമം

16. കർത്താവും ദൈവവും

17. അത്യുന്നതനും പുത്രനും

18. പിതാവും ഞാനും ഒന്നുതന്നെ

19. ഏകദൈവവും മദ്ധ്യസ്ഥനും

20. കർത്താവായ യേശുക്രിസ്തു

21. യഹോവയും യേശുവും

22. യേശു = യഹോവ രക്ഷയാകുന്നു

23. ദൈവമായ യഹോവ

24. യിസ്രായേലിന്റെ ദൈവമായ യഹോവ

25. എന്നെ അറിയുന്നവൻ പിതാവിനെയും അറിയുന്നു

26. മറ്റൊരുത്തനിലും രക്ഷ ഇല്ല

27. സ്നാനം സ്വീകരിക്കേണ്ട നാമം

28. യഹോവയും മാത്രം ദൈവം

29. യഹോവ

30. യഹോവ/ക്രിസ്തു

31. ദൈവത്തിന്റെ വചനം

32. Jehovah, alone are God

33. ഏകദൈവം

34. സൃഷ്ടിതാവായ യേശുക്രിസ്തു

35. ആകാശഭൂമികളുടെ സ്രഷ്ടാവ്

36. യഹോവയാൽ ഉപദേശിക്കപ്പെടവർ

37. യഹോവ പ്രത്യക്ഷനാകും

38. സ്വർഗ്ഗസ്ഥനായ പിതാവ്

39. ക്രൈസ്തവസ്നാനം

40. രക്ഷ വിശ്വാസത്തിൽ മാത്രം

41. കൃപ, കൃപ, കൃപ മാത്രം