11 ദിവസങ്ങൾക്കു പകരം 38 വർഷം
യഹോവ സംഹരിച്ച ആദ്യജാതന്മാരുടെ ശവസംസ്കാരങ്ങൾ നടത്തിക്കൊണ്ടിരുന്ന മിസ്രയീമ്യരുടെ കണ്മുമ്പിലൂടെയാണ് ഒന്നാം മാസം 15-ാം തീയതി യിസ്രായേൽമക്കൾ വാഗ്ദത്തനാട്ടിലേക്കുള്ള പ്രയാണം ആരംഭിച്ചത്. (സംഖ്യാ, 33:3-4). ആ ദീർഘയാത്രയിൽ അഗ്നിസ്തംഭംകൊണ്ടും മേഘസ്തംഭംകൊണ്ടും ദൈവം അവരെ സുരക്ഷിതരായി കാത്തുപരിപാലിക്കുകയും നയിക്കുകയും സ്വർഗ്ഗീയ ഭോജ്യത്താൽ സംതൃപ്തരാക്കുകയും ചെയ്തു. അവർ അനുഷ്ഠിക്കേണ്ട കല്പനകൾ സീനായി പർവ്വതത്തിൽവച്ച് യഹോവ തന്നെ തന്റെ ശബ്ദത്തിലൂടെ അവരോട് അരുളിചെയ്തു. പാരാനിലെ കാദേശിൽനിന്നു കാൽനടയായി കനാനിലെത്തുവാൻ കേവലം 11 ദിവസത്തെ യാത്ര മാത്രം ബാക്കിനിൽക്കെ, കനാൻദേശം രഹസ്യമായി പരിശോധിച്ചു മടങ്ങിയെത്തിയ കാലേബും യോശുവയും ഒഴികെയുള്ള ഗോത്രത്തലവന്മാരുടെ വാക്കു വിശ്വസിച്ച യിസ്രായേൽമക്കൾ ആ നിമിഷംവരെ തങ്ങളെ വഴിനടത്തിയ ദൈവത്തെ മറന്നുകളഞ്ഞു. തുടർന്നു തങ്ങൾക്ക് ഒരു നേതാവിനെ തിരഞ്ഞെടുത്ത് മിസ്രയീമിലേക്കു മടങ്ങിപ്പോകുവാൻ അവർ തീരുമാനിക്കുകയും മോശെയെയും അഹരോനെയും കല്ലെറിയണമെന്നു പറയുകയും ചെയ്തു. അപ്പോൾ ദൈവത്തിന്റെ കോപം അവരുടെമേൽ ജ്വലിച്ചു. അവർ 40 വർഷം മരുഭൂമിയിൽ അലഞ്ഞുനടക്കുമെന്നും കാലേബും യോശുവയുമൊഴികെ, 20 വയസ്സും അതിലധികവും പ്രായമുള്ള ഒരുവനും കനാനിൽ പ്രവേശിക്കുകയില്ലെന്നും യഹോവ അരുളിച്ചെയ്തു. അങ്ങനെ 11 ദിനരാത്രങ്ങൾക്കു പകരം എകദേശം 13,880 ദിനരാത്രങ്ങൾ (38 വർഷം) മരുഭൂമിയിൽ അലഞ്ഞുനടന്നതിനു ശേഷമാണ് യിസ്രായേൽ മക്കൾക്ക് കനാനിൽ കാലുകുത്തുവാൻ കഴിഞ്ഞത്. അവരിൽ, കാലേബും യോശുവയുമല്ലാതെ, 58 വയസ്സിലധികം പ്രായമുള്ള ആരും ഉണ്ടായിരുന്നില്ല. ദൈവം ആഗ്രഹിക്കുന്ന ലക്ഷ്യത്തിൽ എത്തുവാൻ പലപ്പോഴും നാം വൈകുന്നതിന്റെയും എത്തുവാൻ കഴിയാത്തതിന്റെയും കാരണം, യിസ്രായേൽ മക്കളെപ്പോലെ നമ്മെ അനുദിനം വഴി നടത്തുന്ന സർവ്വശക്തനായ ദൈവത്തെ നമുക്കു സമ്പൂർണ്ണമായി വിശ്വസിക്കുവാൻ കഴിയാത്തതാണ്. (വേദഭാഗം: സംഖ്യാപുസ്തകം 13:1-14:38).