ഹർമ്മഗെദ്ദോൻ

ഹർമ്മഗെദ്ദോൻ (Armageddon)

ഹാർ മെഗിദ്ദോ = മെഗിദ്ദോ കുന്ന്. (വെളി, 16:16). എസ്ദ്രലോൻ സമതലത്തിന്റെ തെക്കെ അറ്റത്താണ് മെഗിദ്ദോ. പലസ്തീനിലെ ഒരു വലിയ അടർക്കളമാണ് മെഗിദ്ദോ താഴ്വര. ഇവിടെ വച്ചു നടന്ന യുദ്ധങ്ങളിലാണ് ബാരാക്ക് കനാന്യരെയും (ന്യായാ, 4:15) ഗിദെയോൻ മിദ്യാന്യരെയും ജയിച്ചത്. (ന്യായാ, 7). രണ്ടു വലിയ നാശങ്ങൾൾക്കും മെഗിദ്ദോ സാക്ഷ്യം വഹിച്ചു; ശൗൽ രാജാവിന്റെയും (1ശമൂ, 31:8), യോശീയാ രാജാവിന്റെയും മരണത്തിന്. (2രാജാ, 23:29,30; 2ദിന, 35:22). പില്ക്കാലത്ത് ഭയാനകവും അന്തിമവുമായ യുദ്ധത്തിന്റെ രംഗമായി മെഗിദ്ദോ മാറി. 

കർത്താവായ യേശുക്രിസ്തുവിന്റെ തേജസ്സിലുള്ള പ്രത്യക്ഷതയുമായി ബന്ധപ്പെട്ടു അപ്പൊസ്തലനായ യോഹന്നാൻ ഹർമ്മഗെദ്ദോൻ യുദ്ധം വെളിപ്പെടുത്തുന്നു. കള്ളപ്രവാചകന്റെയും (വെളി, 13:11-18), മൃഗത്തിന്റെയും കീഴിൽ ജാതീയരാഷ്ട്രങ്ങൾ യിസ്രായേലിനെ നിരോധിക്കും. അവരിൽ നിന്നും യെഹൂദ്യ ശേഷിപ്പിനെ വിടുവിക്കുകയാണ് ക്രിസ്തുവിന്റെ പുനരാഗമനത്തിൻ്റെ ഉദ്ദേശ്യങ്ങളിലൊന്ന്. ഈ സൈന്യങ്ങളെ മുഴുവൻ ചലിപ്പിക്കുന്നതു ഭൂതാത്മാക്കളാണ്. (വെളി, 16:13-16; സെഖ, 12:1-9). ജാതികളുടെ കാലത്തിന്റെയും വർത്തമാന യുഗത്തിന്റെയും അന്ത്യമഹായുദ്ധവും ദാനീയേൽ 2:35-ലെ കല്ലിനെക്കുറിച്ചുള്ള പ്രവചനത്തിന്റെ നിവൃത്തിയും ആണിത്. 

ക്രിസ്തു സ്വർഗ്ഗീയ സൈന്യവുമായി ഹർമ്മഗെദ്ദോൻ യുദ്ധത്തിൽ പോരാടുന്നതിനു വേണ്ടി ശ്വേതാശ്വാരൂഢനായി വരും. ഹർമ്മഗെദ്ദോൻ യുദ്ധത്തിനു രണ്ടു ഘട്ടങ്ങളുണ്ട്. ആദ്യഘട്ടത്തിൽ യിസ്രായേൽ ദയനീയമായി പരാജയപ്പെടും. (സെഖ, 14:2; യോവേ, 3:2,3). ആദ്യയുദ്ധത്തിൽ എതിർക്രിസ്തു ജയിക്കുകയും യെരൂശലേമിൽ കടന്നു നഗരത്തിന്റെ പകുതി പിടിക്കുകയും, ജനത്തെ ബദ്ധരാക്കി കൊണ്ടുപോകുകയും ചെയ്യും. പിടിച്ചെടുക്കുന്ന യിസ്രായേൽദേശം അവർ പകുത്തെടുക്കും. അനന്തരം ഒറ്റദിവസംകൊണ്ടു യിസ്രായേലിന്റെ പേർ നശിപ്പിക്കണം എന്ന ലക്ഷ്യത്തോടുകൂടി സർവ്വരാജ്യസഖ്യസൈന്യം ഹർമ്മഗെദ്ദോനിൽ കൂടിച്ചേരും. ഈ വിഷമഘട്ടത്തിൽ യിസ്രായേൽ നിസ്സഹായയാകും. അവർ ദൈവത്തോടു നിലവിളിക്കും. (യോവേ, 3:11). അപ്പോൾ കർത്താവ് തന്റെ വലിയ സൈന്യവുമായി ഒലിവുമലയിൽ ഇറങ്ങും. (സെഖ, 14:4,5). മെഗിദ്ദോ താഴ്വരയിലെത്തുന്ന കർത്താവിനെയും സ്വർഗ്ഗീയ സൈന്യത്തെയും നശിപ്പിക്കുവാൻ വേണ്ടി എതിർക്രിസ്തു കോട്ട വളയും. ക്രിസ്തു അവരെ പൂർണ്ണമായി തോല്പിക്കും. എതിർക്രിസ്തുവിനെയും കള്ളപ്രവാചകനെയും ജീവനോടെ പിടിച്ച് അഗാധകൂപത്തിൽ തള്ളും. (വെളി, 19:20). ഹർമ്മഗെദ്ദോൻ യുദ്ധത്തിൽ കൊല്ലപ്പെട്ട സൈന്യങ്ങളുടെ രക്തം കുതിരകളുടെ കടിവാളങ്ങളോളം പൊങ്ങി ഇരുന്നൂറു നാഴിക ദൂരത്തോളം ഒഴുകും. (വെളി, 14:20).

Leave a Reply

Your email address will not be published. Required fields are marked *