ഹൃദയത്തെ നോക്കുന്ന ദൈവം
ശരീരശാസ്ത്രപ്രകാരം മനുഷ്യന്റെ ഒരു സുപ്രധാന അവയവമാണ് ഹൃദയം. അതിനെ സർവ്വശക്തനായ ദൈവം കാണുന്നത് മനുഷ്യന്റെ വികാരവിചാരവീക്ഷണങ്ങളുടെ ആസ്ഥാനമായിട്ടാണ്. മനുഷ്യനു ഹൃദയത്തെ ബാഹ്യനേത്രങ്ങൾകൊണ്ടു കാണുവാൻ കഴിയാത്തതുപോലെ ഹൃദയത്തിന്റെ നിരുപണങ്ങളും നിരീക്ഷണങ്ങളും മനസ്സിലാക്കുവാനും അവനു സാദ്ധ്യമല്ല. അത്യുന്നതനായ ദൈവത്തിനാകട്ടെ, മനുഷ്യഹൃദയത്തെ ആരാഞ്ഞറിയുവാനും ശോധന ചെയ്യുവാനും കഴിയും. “ഹൃദയം എല്ലാറ്റിനെക്കാളും കാപട്യവും ദുഷ്ടതയും ഉള്ളതാകുന്നു; അത് ആരാഞ്ഞറിയുന്നവൻ ആര്? യഹോവയായ ഞാൻ ഹൃദയത്തെ പരിശോധിക്കുന്നു; ഞാൻ അന്തരംഗങ്ങളെ പരീക്ഷിച്ച് ഓരോരുത്തനും അവനവന്റെ വഴികൾക്കും പ്രവൃത്തികളുടെ ഫലത്തിനും തക്കവണ്ണം കൊടുക്കുന്നു.” (യിരെ, 17:9,10). ശൗലിനു പകരം യിസായേലിന് മറ്റൊരു രാജാവിനെ തിരഞ്ഞെടുക്കുവാനായി ശമൂവേൽ പ്രവാചകനെ ദൈവം അയച്ചപ്പോൾ യിശ്ശായിയുടെ ആദ്യജാതനായിരിക്കും യഹോവയാൽ തിരഞ്ഞെടുക്കപ്പെട്ടവൻ എന്നാണ് ശമൂവേൽ കരുതിയത്. അപ്പോൾ യഹോവ ശമുവേലിനാട്: “അവന്റെ മുഖമോ പൊക്കമോ നോക്കരുത്; ഞാൻ അവനെ തള്ളിയിരിക്കുന്നു. മനുഷ്യൻ നോക്കുന്നതുപോലെയല്ല, യഹോവ നോക്കുന്നത്; മനുഷ്യൻ ബാഹ്യമായതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു” എന്ന് അരുളിച്ചെയ്തു. (1ശമൂ, 16:7). അത്യുന്നതനായ ദൈവം ശമൂവേലിനോട് അരുളിച്ചെയ്യുന്ന ഈ സത്യം ദൈവജനത്തിനു മാർഗ്ഗദീപമാകണം. ‘തങ്ങൾ ദൈവത്തിനായി സമർപ്പിച്ചിട്ടും നിരന്തരമായി പ്രാർത്ഥിച്ചിട്ടും ദിവസങ്ങളോളം ഉപവസിച്ചിട്ടും ദാനധർമ്മങ്ങൾ ചെയ്തിട്ടും ദൈവം ഉത്തരമരുളുന്നില്ല’ എന്ന് അനേകം സഹോദരങ്ങൾ പറയാറുറുണ്ട്. മനുഷ്യന്റെ ആചാരാനുഷ്ഠാനങ്ങളെക്കാളുപരി ദൈവം ആഗ്രഹിക്കുന്നത് മനുഷ്യൻ ദൈവസ്വഭാവത്തിൽ ആയിത്തീരുവാനാണ്. നമ്മുടെ പ്രാർത്ഥനകളും ഉപവാസങ്ങളുമെല്ലാം നമ്മുടെ ജീവിതവീക്ഷണങ്ങൾക്കു മാറ്റം വരുത്തുന്നതും നമ്മെ ദൈവസ്വഭാവത്തോടുകൂടിയ പുതിയ സൃഷ്ടികളാക്കുന്നതുമാകണം. അസൂയയും അത്യാഗ്രഹവും പകയും പരിഭവങ്ങളും ദുർമ്മോഹങ്ങളും ദുഷ്പ്രവൃത്തികളം നിറഞ്ഞ ഹൃദയങ്ങളിൽ നിന്നുയരുന്ന പ്രാർത്ഥനകൾ ദൈവത്തിനു സ്വീകാര്യമല്ല. എന്തെന്നാൽ, ദൈവം ഹൃദയത്തെയാണു നോക്കുന്നത്. അതുകൊണ്ടാണ് ദൈവജനമെന്ന് അഭിമാനിച്ചിരുന്ന യിസായേലിനോട് അവരുടെ ഹൃദയത്തിന്റെ അഗ്രചർമ്മം പരിച്ഛേദന ചെയ്യുവാൻ (ആവ, 10:16; 30:6; യിരെ, 4:4) ദൈവം ആവശ്യപ്പെടുന്നത്.