ഹിസ്ക്കീയാവ് (Hezekiah)
പേരിനർത്ഥം — യഹോവ എൻ്റെ ബലം
യെഹൂദയിലെ പതിമൂന്നാമത്തെ രാജാവ്. ആഹാസിൻ്റെ പുത്രനായ ഹിസ്ക്കീയാവു ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ രാജാവായി, 29 വർഷം രാജ്യം ഭരിച്ചു. (ബി.സി. 715-686). 2രാജാക്കന്മാർ18-20; 2ദിനവൃത്താന്തം 29-32; യെശയ്യാവ് 36-39 എന്നീ ഭാഗങ്ങളിൽ ഹിസ്ക്കീയാ രാജാവിന്റെ ചരിത്രം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.
ഹിസ്ക്കീയാവു ദൈവാലയത്തിന്റെ വാതിലുകൾ തുറന്നു അറ്റകുറ്റം തീർക്കുകയും ദൈവാലയം വെടിപ്പാക്കി വിശുദ്ധീകരിക്കുകയും ചെയ്തു. രാജ്യത്തിലെ വിഗ്രഹാരാധനാ ക്ഷേത്രങ്ങളെയും പൂജാഗിരികളെയും നശിപ്പിച്ചു. മോശെയുടെ കാലത്തുണ്ടാക്കിയിരുന്ന പിച്ചളസർപ്പത്തെ തകർത്തു. ആരാധനയും യാഗങ്ങളും ന്യായപ്രമാണപ്രകാരം പുന:സ്ഥാപിച്ചു. അതിനുശേഷം യെഹൂദയും യിസ്രായേലും ചേർന്നു പെസഹ ആചരിച്ചു. അതു യെരുശലേമിൽ വലിയ സന്തോഷത്തിനു കാരണമായി. ശലോമോന്റെ കാലം മുതൽ ഇതുപോലെ യെരൂശലേമിൽ സംഭവിച്ചിട്ടില്ല. (2ദിന, 30:1-27).
നഷ്ടപ്പെട്ടുപോയ പല പട്ടണങ്ങളും ഹിസ്ക്കീയാവു പിടിച്ചു, രാജ്യം വിസ്തൃതമാക്കി. അശ്ശൂരിന്റെ ആക്രമണങ്ങളെ ചെറുത്തു തോല്പിച്ചു. ശരിയായ സാമ്പത്തിക സ്ഥിരത കൈവരിച്ചു. (2ദിന,’32:27-30). ദേശീയ സുരക്ഷിതത്വത്തിനു വേണ്ട ക്രമീകരണങ്ങൾ ചെയ്തു. സൈന്യത്തെ സുസംഘടിതമാക്കി. (2ദിന, 32:5-7). ജലസംഭരണം വളരെ വിദഗ്ദ്ധമായ രീതിയിൽ ക്രമീകരിച്ചു. പട്ടണത്തിനു പുറത്തു നിന്നും ഗീഹോൻ അരുവിയിലെ ജലം 600 വാര ദൈർഘ്യമുള്ള ഒരു തുരങ്കത്തിൽ കൂടി പട്ടണമതിലിനുള്ളിൽ കൊണ്ടുവന്നു, ശീലോഹാം കുളത്തിൽ വെള്ളം സംഭരിക്കത്തക്കവണ്ണം ക്രമീകരിച്ചു. ശത്രുക്കൾ അരുവി തടസ്സപ്പെടുത്താതിരിക്കുവാൻ ഉത്ഭവസ്ഥലം മൂടി സംരക്ഷിച്ചു. (2രാജാ, 20:20; 2ദിന, 32:30).
അശ്ശൂരിന്റെ ആധിപത്യത്തിനു എതിരായി ബാബേലും മിസ്രയീമും സംഘടിക്കുവാൻ ശ്രമിച്ചു. അതിൽ പങ്കുചേരുവാൻ ബാബേൽ ദൂതന്മാരെ യെരുശലേമിലേക്കു അയച്ചു. ഹിസ്ക്കീയാവു രാജധാനിയിലും ഭണ്ഡാരത്തിലുമുള്ള സകലതും ദൂതന്മാരെ കാണിച്ചു. ഈ തെറ്റായ പ്രവൃത്തിക്കു യെശയ്യാവു ശാസിക്കുകയും ബാബേൽ യെഹൂദയെ കൊള്ളയിടും എന്നു പ്രവചിക്കുകയും ചെയ്തു. (യെശ,29). അശ്ശൂർരാജാവു ഹിസ്ക്കീയാവിനും മറ്റു ശ്രതുക്കൾക്കുമെതിരെ ശക്തിയായ ആക്രമണം നടത്തി. അശ്ശൂർരാജാവായ സൻഹേരീബ് ഹിസ്ക്കീയാവിനു മുന്നൂറു താലന്ത് വെള്ളിയും മുപ്പതുതാലന്തു പൊന്നും പിഴ കല്പ്പിച്ചു. (2രാജാ, 18:14). ഈ ഭാരിച്ച കപ്പം കൊടുക്കുന്നതിനു യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും ഉണ്ടായിരുന്ന വെള്ളിയൊക്കെയും എടുത്തതിനു പുറമെ ദൈവാലയത്തിന്റെ വാതിലുകളിലും കട്ടളകളിലും പൊതിഞ്ഞിരുന്ന പൊന്നും പറിച്ചെടുത്തു. ഏറെത്താമസിയാതെ യെരുശലേമിനെ നശിപ്പിക്കുവാൻ തന്നെ സൻഹേരീബ് തീരുമാനിച്ചു. ഹിസ്ക്കീയാരാജാവു യഹോവയുടെ മുമ്പിൽ വീണു അപേക്ഷിച്ചു. രാത്രി യഹോവയുടെ ദൂതൻ പുറപ്പെട്ട അശൂർ പാളയത്തിൽ 185000 പേരെ കൊന്നു. സൻഹേരീബ് മടങ്ങിപ്പോയി. അവനെ പുത്രന്മാർ കൊന്നു. എത ശക്തിയോടെ ആക്രമിച്ചിട്ടും യെരൂശലേം പിടിച്ചെടുക്കുവാൻ അശ്ശൂരിനു കഴിഞ്ഞില്ല.
ഹിസ്ക്കീയാവിനു മാരകമായ രോഗം ബാധിച്ചു. (2രാജാ 20:1; 2ദിന, 32:24; യെശ, 38:1). രാജാവിന്റെ പ്രാർത്ഥന അനുസരിച്ചു 15 വർഷം ആയുസ്സ് നീട്ടിക്കൊടുത്തു. ഹിസ്ക്കീയാവു മരിച്ചപ്പോൾ മനശ്ശെ രാജാവായി. (2രാജാ, 20:21).