ഹാ, മായ! മായ! സകലതും മായ
സ്വർഗ്ഗസ്ഥനായ ദൈവത്തിന്റെ അനുഗ്രഹവർഷങ്ങളാൽ അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്ന മണ്മയനായ മനുഷ്യൻ, കീഴടക്കുന്ന പെരുമയുടെയും പ്രതാപത്തിന്റെയും സുഖസൗകര്യങ്ങളുടെയും സമ്പൽസമൃദ്ധിയുടെയും കൊടുമുടികൾ, മനുഷ്യമനസ്സുകൾക്കു സങ്കല്പിക്കുവാൻ കഴിയുന്നതിലും അപ്പുറമാണെന്ന് ശലോമോന്റെ ജീവിതം ചൂണ്ടിക്കാണിക്കുന്നു. ഭൗതികമായ അനുഗ്രഹങ്ങളുടെ ശൃംഗങ്ങളിൽ എത്തിയശേഷം ദൈവത്തെ മറന്നു ജീവിച്ചാൽ ദൈവം അവനെ മാത്രമല്ല, അവന്റെ തലമുറകളെയും ശിക്ഷിക്കുമെന്ന് ശലോമോന്റെ ചരിത്രം വിളംബരം ചെയ്യുന്നു. ശലോമോൻ വാഴ്ച ആരംഭിച്ചപ്പോൾ ദൈവം പ്രത്യക്ഷപ്പെട്ട്, അവനു ജ്ഞാനവും വിവേകവുമുള്ള ഹൃദയം നൽകിയിരിക്കുന്നു എന്നും അവനു സമനായവൻ അവനുമുമ്പ് ഉണ്ടായിട്ടില്ല, പിമ്പ് ഉണ്ടാകുകയുമില്ല എന്നും അരുളിച്ചെയ്തു. (1രാജാ, 3:12). അതോടൊപ്പം ദൈവം അവനു ധനവും മാനവും വാഗ്ദത്തം ചെയ്തു. തനിക്കുമുമ്പ് യെരൂശലേമിൽ ഉണ്ടായിരുന്ന എല്ലാവരെക്കാളും അധികം ജ്ഞാനവും ധനവും അഭിവൃദ്ധിയും പ്രാപിച്ച ശലോമോൻ മഹാനായിത്തീർന്നു. തന്റെ കണ്ണ് ആഗ്രഹിച്ചതൊന്നും നിഷേധിക്കാതെയും ഹൃദയത്തിന്റെ സന്തോഷത്തിനു വിലക്കു കല്പിക്കാതെയും അവൻ ജീവിതം മധുരമായി ആസ്വദിച്ചു. (സഭാ, 2:1-10). പക്ഷേ, സ്നേഹവാനായ ദൈവം അവനു നൽകിയ ജ്ഞാനവും വിവേകവും സ്വന്തം ജീവിതത്തിൽ പ്രായോഗികമാക്കുന്നതിൽ ശലോമോൻ പരാജയപ്പെട്ടു. അന്യദേവന്മാരെയും വിഗ്രഹങ്ങളെയും ആരാധിക്കുന്നവരിൽ നിന്ന് ഭാര്യമാരെ സ്വീകരിക്കരുതെന്നുള്ള ദൈവത്തിന്റെ കല്പന അവൻ തള്ളിക്കളഞ്ഞു. 700 കുലീന ഭാര്യമാരും 300 വെപ്പാട്ടികളും ഉണ്ടായിരുന്ന ശലോമോൻ വയോവൃദ്ധനായപ്പോൾ ബിംബാരാധകരായ ഭാര്യമാരുടെ സമ്മർദ്ദത്താൽ അവരുടെ ദേവന്മാർക്ക് പജാഗിരികൾ പണിയുകയും അവയെ ആരാധിക്കുകയും ചെയ്തു. തന്നെ മറന്നുകളഞ്ഞ ശലോമോന്റെ രാജ്യം അവന്റെ തലമുറയുടെ കാലത്ത് (രെഹബെയാം) രണ്ടായി വിഭജിക്കപ്പെടുമെന്ന് അരുളിചെയ്ത ദൈവം, അങ്ങനെ പ്രവർത്തിക്കുകയും ഒരു ഗോത്രത്തിന്മേൽ മാത്രം അധികാരം നൽകി അവനെ ശിക്ഷിക്കുകയും ചെയ്തു. ഭൗതിക സുഖങ്ങൾ തേടിയുള്ള യാത്രയിൽ ശലോമോൻ താൻ നേടിയെടുത്ത സുഖസമൃദ്ധികൾ തനിക്ക് സമാധാനം നൽകുവാൻ പര്യാപ്തമല്ലെന്നു കണ്ടപ്പോൾ സ്വയം ജീവിതം വെറുത്തു. (സഭാ, 2:17). ദൈവത്തിനുവേണ്ടി ആദ്യമായി മനോഹരമായ ദൈവാലയം പണികഴിപ്പിച്ചവനും, ദൈവം പ്രത്യക്ഷപ്പെട്ടു മുഖാമുഖം സംസാരിച്ചവനും, ലോകജ്ഞാനികളിൽ അഗ്രഗണ്യനുമായ ശലോമോൻ “ഹാ, മായ! മായ! സകലവും മായയും വൃഥാ പ്രയത്നവും അത്രേ” എന്നു പ്രഖ്യാപിക്കുന്നത് ദൈവത്തെ മറന്ന് ഭൗതികസുഖങ്ങൾ തേടിപ്പോകുന്ന ഓരോരുത്തർക്കും ഗുണപാഠമാകണം.