ഹമ്മുറാബി (Hammurabi)
ബാബിലോണിലെ പ്രഖ്യാതമായ ഒന്നാം രാജവംശത്തിലെ ആറാമത്തെ രാജാവാണ് ഹമ്മുറാബി. പിതാവായ സിൻ-മുബാലിറ്റിനു (Sin-Muballit) ശേഷം ബി.സി. 1792 മുതൽ ബി.സി. 1750 വരെ ബാബിലോണിയയിലെ രാജാവായി. അയൽ രാജ്യങ്ങൾക്കെതിരായ നിരവധി യുദ്ധങ്ങളിൽ വിജയിച്ചുകൊണ്ട് മെസൊപ്പൊട്ടേമിയയുടെ മേൽ ബാബിലോണിന്റെ നിയന്ത്രണം വ്യാപിപ്പിച്ചു. മരിക്കുമ്പോൾ അദ്ദേഹത്തിന്റെ സാമ്രാജ്യം മെസൊപ്പൊട്ടേമിയയെ മുഴുവൻ നിയന്ത്രിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പിൻഗാമികൾക്ക് അദ്ദേഹത്തിന്റെ സാമ്രാജ്യം നിലനിർത്താനായില്ല. ഉല്പത്തി 14:1-ലെ അമ്രാഫെൽ ഹമ്മുറാബി ആണെന്നു കരുതിവന്നു. എന്നാൽ 1937-ൽ മാരി എന്ന പട്ടണത്തിൽ നിന്നും കണ്ടെടുത്ത കളിമൺ ഫലകങ്ങൾ ഹമ്മുറാബിയും അമ്രാഫെലും ഒരാളല്ലെന്നു തെളിയിച്ചു. ഹമ്മുറാബിയുടെ ഭരണകാലം ബി.സി. 1792-1750 എന്നു പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിനു മൂന്നു നൂറ്റാണ്ടുകൾക്കു മുമ്പാണ് അബ്രാഹാം ജീവിച്ചിരുന്നത്. ഹമ്മുറാബി ബാബിലോണിനെ തന്റെ തലസ്ഥാനമായി ഉയർത്തി. അശ്ശൂർ, നീനെവേ തുടങ്ങിയ പട്ടണങ്ങളെ മോടിപിടിപ്പിച്ചു. അദ്ദേഹത്തിന്റെ കാലം ഒരു സുവർണ്ണയുഗമായിരുന്നു. വാനശാസ്ത്രം, ശില്പശാസ്ത്രം, ഗണിതശാസ്ത്രം, സാഹിത്യം എന്നിവ വളർന്നു. സൃഷ്ടി, പ്രളയം എന്നിവയെക്കുറിച്ചുള്ള പുരാണങ്ങൾ ക്രോഡീകരിക്കപ്പെട്ടു. നീനെവേയിൽ അശ്ശർ ബനിപ്പാളിന്റെ ഗ്രന്ഥശേഖരത്തിൽ ഇവയുടെ പ്രതികൾ ഉണ്ടായിരുന്നു. ഹമ്മുറാബിയുടെ ശിക്ഷാനിയമം പ്രസിദ്ധമാണ്. മോശെയുടെ ന്യായപ്രമാണത്തിനു ചില അംശങ്ങളിലെങ്കിലും ഹമ്മുറാബിയുടെ നിയമത്തോടു സാദൃശ്യമുണ്ട്.