ഹബക്കൂകിന്റെ പുസ്തകം (Book of Habakkuk)
പഴയനിയമത്തിലെ മുപ്പത്തി അഞ്ചാമത്തെ പുസ്തകം; ചെറിയ പ്രവാചകന്മാരിൽ എട്ടാമത്തേതും. എഴുത്തുകാരന്റെ പേരിലാണു പുസ്തകം അറിയപ്പെടുന്നത്. ഈ പ്രവചനത്തിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ ഒഴികെ പ്രവാചകനെക്കുറിച്ചു മറ്റൊരറിവും ലഭ്യമല്ല.
പ്രവചനത്തിന്റെ കാലം: ബി.സി. 605-ൽ കർക്കെമീശ് യുദ്ധത്തിൽ വച്ചു നെബുഖദ്നേസർ ഈജിപ്റ്റിനെ തോല്പ്പിച്ചു. അതോടുകൂടി കല്ദയ സാമ്രാജ്യം പ്രാബല്യം പ്രാപിച്ചു. ബി.സി. 605-നു മുമ്പു ഹബക്കുക് പ്രവചിച്ചിരിക്കാനിടയില്ല. പ്രവചനത്തിലെ കല്ദയ പരാമർശമാണ് കാരണം. നെബൂഖദ്നേസർ യെരുശലേം കീഴടക്കുന്നതു ബി.സി. 587-ലാണ്. തന്മൂലം ബി.സി. 605-നും 587-നും ഇടയ്ക്കാണു പ്രവചനത്തിന്റെ രചനാകാലം. ഈ കാലനിർണ്ണയത്തെ യാഥാസ്ഥിതികരും ഉൽപതിഷ്ണുക്കളും അംഗീകരിക്കുന്നുണ്ട്. എന്നാൽ രചനാ കാലത്തെയും പുസ്തകത്തിന്റെ ഐക്യത്തെയും നിഷേധിക്കുന്നവരും ഇല്ലാതില്ല. മൂന്നാം അദ്ധ്യായത്തിലെ സങ്കീർത്തനം പുസ്തകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നു ശൈലിയിൽ ഭിന്നിച്ചുനില്ക്കുന്നു. ഹബക്കൂക്കിന്റെ കർതൃത്വത്തെ നിഷേധിക്കുവാൻ അതു മതിയായ കാരണമല്ല. മൂന്നാമദ്ധ്യായത്തിന്റെ തുടക്കത്തിൽ തന്നെ ഹബക്കുക് പ്രവാചകന്റെ ഒരു പ്രാർത്ഥനാഗീതം എന്നു പറഞ്ഞിട്ടുണ്ട്. ഒന്നും രണ്ടും അദ്ധ്യായങ്ങൾ പ്രവചനവും മൂന്നാമദ്ധ്യായം പ്രവാചകന്റെ പ്രാർത്ഥനാഗീതവുമാണ്.
പ്രവചനത്തിലെ സന്ദേശം: യെഹൂദാജനത്തിന്റെ പാപവും സാഹസവും എന്തുകൊണ്ടു ശിക്ഷിക്കപ്പെടുന്നില്ല എന്ന പ്രശ്നം പ്രവാചകൻ ഉന്നയിക്കുന്നു. (1:2-4). യെഹൂദയെ ശിക്ഷിക്കുന്നതിനു കല്ദയരെ (ബാബിലോന്യരെ) അയയ്ക്കുമെന്നു ദൈവം മറുപടി നല്കുന്നു. (1:5-11). ദുഷ്ടന്മാരായ കല്ദയരെക്കൊണ്ടു നീതിമാനായ ദൈവം യെഹൂദയെ ശിക്ഷിക്കുന്നതു എങ്ങനെ എന്ന ന്യായമായ ചോദ്യം പ്രവാചകൻ ചോദിക്കുന്നു. വിശ്വാസത്യാഗി ആയെങ്കിലും യെഹുദ കല്ദയരെക്കാൾ മെച്ചമാണ്. (1:12-17). കല്ദയർ ശിക്ഷിക്കപ്പെടാതെ പോകയില്ലെന്നു ദൈവം ഉറപ്പു നല്കുന്നു. (2:1-20). ഈ ദേശീയ ദുരന്തത്തിൽ നീതിമാൻ വിശ്വാസത്താൽ ജീവിക്കും. (2:4). ഈ പ്രസ്താവന പുതിയനിയമ എഴുത്തുകാർക്കും, നവീകരണ കർത്താക്കൾക്കും ഏറെ പ്രിയങ്കരമായിരുന്നു. പുതിയനിയമത്തിൽ റോമർ 1:17, ഗലാത്യർ 3:11, എബ്രായർ 10:38 എന്നിവിടങ്ങളിൽ പ്രസ്തുതവാക്യം ഉദ്ധരിച്ചിട്ടുണ്ട്. മൂന്നാമദ്ധ്യായം ഹബക്കൂക് പ്രവാചകന്റെ പ്രാർത്ഥനാഗീതമാണ്. (3:1). ഹൃദയസ്പർശിയായ പ്രാർത്ഥനാ ഗീതമാണിത്. ദൈവത്തിന്റെ പ്രത്യക്ഷതയുടെ ഒരു മനോഹരവർണ്ണനയാണു 3:2-15-ൽ. ദൈവത്തിലുള്ള ആശ്രയവും വിശ്വാസവും രേഖപ്പെടുത്തിക്കൊണ്ടു (3:17-19) പ്രവചനം അവസാനിക്കുന്നു.
പ്രധാന വാക്യങ്ങൾ: 1. “യഹോവേ, എത്രത്തോളം ഞാൻ അയ്യം വിളിക്കയും നീ കേൾക്കാതിരിക്കയും ചെയ്യും? സാഹസംനിമിത്തം ഞാൻ എത്രത്തോളം നിന്നോടു നിലവിളിക്കയും നീ രക്ഷിക്കാതിരിക്കയും ചെയ്യും?” ഹബക്കൂക്‍ 1:2.
2. “ജാതികളുടെ ഇടയിൽ ദൃഷ്ടിവെച്ചു നോക്കുവിൻ! ആശ്ചര്യപ്പെട്ടു വിസ്മയിപ്പിൻ! ഞാൻ നിങ്ങളുടെ കാലത്തു ഒരു പ്രവൃത്തി ചെയ്യും; അതു വിവരിച്ചുകേട്ടാൽ നിങ്ങൾ വിശ്വസിക്കയില്ല.” ഹബക്കൂക്‍ 1:5.
3. “എന്റെ ദൈവമായ യഹോവേ, നീ പുരാതനമേ എന്റെ പരിശുദ്ധനല്ലയോ? ഞങ്ങൾ മരിക്കയില്ല; യഹോവേ, നീ അവനെ ന്യായവിധിക്കായി നിയമിച്ചിരിക്കുന്നു; പാറയായുള്ളോവേ, ശിക്ഷെക്കായി നീ അവനെ നിയോഗിച്ചിരിക്കുന്നു.” ഹബക്കൂക്‍ 1:12.
4. “എന്നാൽ യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ടു; സർവ്വ ഭൂമിയും അവന്റെ സന്നിധിയിൽ മൌനമായിരിക്കട്ടെ.” ഹബക്കൂക്‍ 2:20.
5. “യഹോവേ, ഞാൻ നിന്റെ കേൾവി കേട്ടു ഭയപ്പെട്ടുപോയി; യഹോവേ, ആണ്ടുകൾ കഴിയുംമുമ്പെ നിന്റെ പ്രവൃത്തിയെ ജീവിപ്പിക്കേണമേ; ആണ്ടുകൾ കഴിയുംമുമ്പെ അതിനെ വെളിപ്പെടുത്തേണമേ; ക്രോധത്തിങ്കൽ കരുണ ഓർക്കേണമേ.” ഹബക്കൂക്‍ 3:2.
6. “യഹോവയായ കർത്താവു എന്റെ ബലം ആകുന്നു; അവൻ എന്റെ കാൽ പേടമാൻ കാൽപോലെ ആക്കുന്നു; ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു. സംഗീതപ്രമാണിക്കു തന്ത്രിനാദത്തോടെ.” ഹബക്കൂക്‍ 3:19.
ബാഹ്യരേഖ: 1. ഹബക്കുകിന്റെ ഒന്നാമത്തെ പരാതി; പാപം ശിക്ഷിക്കപ്പെടുന്നില്ല: 1:1-4.
2. ദൈവത്തിൽ നിന്നുള്ള മറുപടി; കല്ദയരെക്കൊണ്ട് യെഹൂദയെ ശിക്ഷിക്കും: 1:5-11.
3. ഹബക്കൂകിന്റെ രണ്ടാമത്തെ പരാതി; ദുഷ്ടന്മാരായ കല്ദയർ ശിക്ഷിക്കപ്പെടാതെ പോകുന്നു: 1:12-2:1.
4. ദൈവത്തിൽ നിന്നുള്ള മറുപടി; കല്ദയർ ശിക്ഷ തെറ്റി ഒഴിയുകയില്ല: 2:2-20.
5. പ്രവാചകന്റെ പ്രാർത്ഥനാഗീതം: 3:1-19. ഇത് ഒരു ഭാവഗീതമാണ്. സങ്കീർത്തനങ്ങൾക്കു വെളിയിൽ ‘സേലാ’ പ്രയോഗിച്ചിട്ടുള്ള ഒരേ ഒരു ഭാഗം ഇതത്രേ.
പൂർണ്ണവിഷയം
യെഹൂദയുടെ ദുഷ്പ്രവൃത്തികളിൽ പ്രവാചകൻ അപകടസൂചന കാണുന്നു 1:1-4
ദൈവത്തിന്റെ ഉത്തരം, ജനത്തെ ശിക്ഷിക്കുന്നതിന് ബാബിലോണിനെ കൊണ്ടുവരുന്നു 1:5-11.
പ്രവാചകന്റെ ചോദ്യം എന്തുകൊണ്ട് ബാബിലോണിനെ നിയോഗിക്കുന്നു 1:12-17
ദൈവത്തിന്റെ ഉദ്ദേശ്യം നിവൃത്തിയാകുന്നത് 2:1-4
അഹങ്കാരികളും ക്രൂരന്മാരും ആയവരുടെ മേലുള്ള ശിക്ഷ 2:5-20
ഒരു സ്തോത്ര സങ്കീര്‍ത്തനം 3:1-19
ദൈവത്തിന്റെ അനുകമ്പ, മഹത്വം 3:1-6
രാജ്യങ്ങളുടെ മേലുള്ള ദൈവ കോപം 3:16-19
ഏതു സാഹചര്യത്തിലും ദൈവത്തിലുള്ള പ്രവാചകന്റെ വിശ്വാസവും സന്തോഷവും 3:16-19