സർവ്വസൃഷ്ടിക്കും ആദ്യജാതൻ
“അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.” (കൊലൊ, 1:15).
ക്രിസ്തുവിനെ സർവ്വസൃഷ്ടിക്കും ആദ്യജാതനെന്ന് വിശേഷിപ്പിച്ചിരിക്കയാൽ, അക്ഷരാർത്ഥത്തിൽ അവൻ ദൈവത്തിൻ്റെ ആദ്യജാതനാണെന്ന് വിശ്വസിക്കുന്നവരാണ് ക്രൈസ്തവരിൽ അധികവും. ദൈവം സൃഷ്ടിച്ച തൻ്റെ ആദ്യത്തെ പുത്രനാണ് ക്രിസ്തുവെന്ന് വിശ്വസിക്കുന്നവരും, ദൈവം സർവ്വകാലങ്ങൾക്കുമുമ്പെ ജനിപ്പിച്ച തൻ്റെ പുത്രനാണ് ക്രിസ്തുവെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ചില കാര്യങ്ങൾ ആമുഖമായി ചിന്തിച്ചാൽ, സൃഷ്ടിവാദവും ജനനവാദവും ബൈബിൾ വിരുദ്ധമാണെന്ന് മനസ്സിലാക്കാം:
1. ക്രിസ്തുവിനെ അദൃശ്യദൈവത്തിൻ്റെ പ്രതിമ (image – eikon) എന്നു പറഞ്ഞിരിക്കുന്നപോലെ (2കൊരി, 4:4;:കൊലൊ, 1:15), പുരുഷനെയും ദൈവത്തിൻ്റെ പ്രതിമ (image – eikon) എന്നു പറഞ്ഞിട്ടുണ്ട്: പുരുഷൻ ദൈവത്തിന്റെ പ്രതിമയും തേജസ്സും ആകയാൽ മൂടുപടം ഇടേണ്ടതല്ല. സ്ത്രീയോ പുരുഷന്റെ തേജസ്സ് ആകുന്നു.” (1കൊരി, 11:7). രണ്ട് വേദഭാഗങ്ങളിലും “പ്രതിമ” എന്ന് പറഞ്ഞിരിക്കുന്നത്; മൂലഭാഷയായ ഗ്രീക്കിലും ഇംഗ്ലീഷിലും ഒരേ അർത്ഥത്തിലാണ്. അതിനാൽ, “അദൃശ്യദൈവത്തിൻ്റെ പ്രതിമ” എന്ന പ്രയോഗം; ക്രിസ്തുവിൻ്റെ ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) മനുഷ്യപ്രകൃതിയെ കുറിക്കുന്നതാണെന്ന് മനസ്സിലാക്കാം: (യോഹ, 8:40; റോമ, 5:15; 1തിമൊ, 2:6). ആദാമിനെ വരുവാനുള്ളവൻ്റെ അഥവാ, ക്രിസ്തുവിന്റെ പ്രതിരൂപം (figure – typos) എന്നും പറഞ്ഞിട്ടുണ്ട്: “എങ്കിലും വരുവാനുള്ളവന്റെ പ്രതിരൂപമായ ആദാമിന്റെ ലംഘനത്തിന്നു തുല്യമായി പാപം ചെയ്യാത്തവരിലും മരണം ആദാം മുതൽ മോശെവരെ വാണിരുന്നു.” (റോമ, 5:14). തന്മൂലം, ദൈവത്തിൻ്റെ പ്രതിമ എന്ന പ്രയോഗത്തിന് ‘ദൈവം’ എന്ന അർത്ഥമില്ലെന്ന് മനസ്സിലാക്കാം.
2. ആദ്യജതൻ (Firstborn) എന്നാൽ: മൂത്തകുട്ടി, കടിഞ്ഞൂലായ, പ്രഥമസന്തതി, മൂത്ത സന്തതി, ഒന്നാമതായി ജനിച്ച, ആദ്യം പിറന്ന എന്നൊക്കെയാണ് അർത്ഥം. ആദ്യജാതൻ എന്ന പ്രയോഗം അനന്തര ജാതന്മാരെ വ്യഞ്ജിപ്പിക്കുകയാണ്. അതിനാൽ, “സർവ്വസൃഷ്ടിക്കും ആദ്യജാതൻ (The firstborn of every creature) അഥവാ, എല്ലാ സൃഷ്ടികളുടെയും ആദ്യജാതൻ” എന്നതിനെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ; അവൻ എല്ലാ സൃഷ്ടിക്കും മൂത്തപുത്രൻ അഥവാ, മുമ്പനായി സൃഷ്ടിക്കപ്പെട്ടവനാണെന്ന് മനസ്സിലാക്കണം. അതിന് യാതൊരു തെളിവും ബൈബിളിലില്ല. ഇനി, ആദ്യജാതൻ എന്ന പ്രയോഗത്തെ യഥാർത്ഥത്തിൽ ദൈവത്തിൻ്റെ കടിഞ്ഞൂൽ പുത്രൻ അഥവാ, മൂത്തപുത്രൻ എന്ന് മനസ്സിലാക്കിയാൽ; യേശുവിനെപ്പോലെ മറ്റുക്കൾ ദൈവത്തിനുണ്ടെന്ന് മനസ്സിലാക്കണം. അതിനും ബൈബിളിൽ തെളിവെന്നുമില്ല. അല്ലെങ്കിൽ, ദൈവം പ്രപഞ്ചത്തിലെ സർവ്വസൃഷ്ടികളുടെയും പിതാവായിരിക്കണം. അഥവാ, സർവ്വസൃഷ്ടികളും ദൈവത്തിൻ്റെ മക്കളാണെന്നു വരണം. പട്ടി, പൂച്ച, പഴുതാര, പാമ്പ് തുടങ്ങി ആകാശവും ഭൂമിയും നക്ഷത്രങ്ങളും സർവ്വ ചരാചരങ്ങളും ദൈവത്തിൻ്റെ മക്കളാണെങ്കിൽ, ക്രിസ്തു സർവ്വസൃഷ്ടിക്കും ആദ്യജാതൻ അഥവാ, മൂത്തപുത്രനാണെന്ന് വ്യാഖ്യാനിക്കാമായിരുന്നു. സർവ്വത്തിൻ്റെയും സ്രഷ്ടാവെന്ന നിലയിൽ ദൈവത്തെ സർവ്വസൃഷ്ടികളുടെയും പിതാവെന്ന് വേണമെങ്കിൽ പറയാം. എന്നാൽ, ദൈവത്തിൻ്റെ മക്കളെന്ന് ബൈബിൾ വിശേഷിപ്പിക്കുന്നത്, ദൂതന്മാരെയും മനുഷ്യരെയും മാത്രമാണ്. അതായത്, സർവ്വസൃഷ്ടികളെയും ദൈവത്തിൻ്റെ മക്കളെന്ന് വിശേഷിപ്പിച്ചിട്ടില്ല. അതിനാൽ, അവനെ യഥാർത്ഥത്തിൽ സർവ്വസൃഷ്ടിക്കും ആദ്യജാതൻ എന്ന് പറയാൻ കഴിയില്ല. ദൈവം സർവ്വസൃഷ്ടികൾക്കും പിതാവായാൽ മാത്രം പോര, ക്രിസ്തു സർവ്വസൃഷ്ടികളുടെയും ജേഷ്ഠൻ അഥവാ, മൂത്ത സഹോദരനും ആകണം. അവൻ പട്ടി, പൂച്ച, പഴുതാര, പാമ്പ് തുടങ്ങിയ സർവ്വചരാചരങ്ങളുടെയും ജേഷ്ഠനായാൽ മാത്രമേ, അവനെ യഥാർത്ഥത്തിൽ സർവ്വസൃഷ്ടിക്കും ആദ്യജാതൻ എന്ന് വിളിക്കാൻ കഴിയുകയുള്ളു. എന്നാൽ, ക്രിസ്തു ദൂതന്മാരിൽപ്പോലും ആദ്യജാതനാണെന്ന് ബൈബിൾ പറയുന്നില്ല. അവൻ വീണ്ടെടുക്കപ്പെട്ടവരുടെ മാത്രം ആദ്യജാതനാണ്. “ദൈവം മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിനു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചിരിക്കുന്നു.” (റോമ, 8:29). ദൈവം ക്രിസ്തു മുഖാന്തരം നമ്മെ ദത്തെടുത്തത് കൊണ്ടാണ് അവൻ വീണ്ടെടുക്കപ്പെട്ട മനുഷ്യരുടെ ആദ്യജാതനായത്. (എഫെ, 1:4-6). പെന്തെക്കൊസ്ത് നാൾമുതലാണ് ക്രിസ്തുവിന് ആദ്യജാതനെന്ന പദവി കൈവന്നത്. അതിനാൽ, അവനെ അക്ഷരാർത്ഥത്തിൽ സർവ്വസൃഷ്ടിക്കും ആദ്യജാതനെന്ന് പറയാൻ കഴിയില്ല.
3. പഴയനിയമത്തിൽ, ദൈവപുത്രനായ ക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; 52:13-15; 53:1-12; 61:1-2). അതുകൊണ്ടാണ്, “ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും; നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും” എന്ന് പത്രൊസ് അപ്പൊസ്തലൻ പറഞ്ഞിരിക്കുന്നത്. (1പത്രൊ, 1:20). വാക്യം ശ്രദ്ധിക്കുക: ലോകസ്ഥാപനത്തിനുമുമ്പെ അവൻ ഉണ്ടായിരുന്നു എന്നല്ല; മുന്നറിയപ്പെട്ടവൻ അഥവാ, പ്രവചനങ്ങളിലൂടെ മുമ്പുകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്ത് ലോകത്തിൽ വെളിപ്പെട്ടവനുമാണ്. യേശുവെന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും, ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. അവനെങ്ങനെയാണ് സർവ്വസൃഷ്ടിക്കും മുമ്പെ ഉണ്ടാകുന്നത്? തന്മൂലം, ആദ്യജാതൻ എന്നത് അവൻ്റെ അഭിധാനം ആണെന്ന് വ്യക്യമാകുന്നു.
4. ക്രിസ്തു ഏഴുപേരുടെ പുത്രനാണെന്ന് ബൈബിൾ പറയുന്നു: ദൈവപുത്രൻ (മത്താ, 3:17), മനുഷ്യപുത്രൻ (മത്താ, 8:20), അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1; ഗലാ, 3:16), ദാവീദിന്റെ പുത്രൻ (മത്താ, 1:1), മറിയയുടെ പുത്രൻ (മത്താ, 1:21), യോസേഫിൻ്റെ പുത്രൻ (മത്താ, 1:25), സ്ത്രീയുടെ സന്തതി. (ഗലാ, 4:4). കാലസമ്പൂർണ്ണതയിലെ സ്ത്രീ യിസ്രായേലാണ്. (മീഖാ, 5:2,3; ഉല്പ, 3:15; റോമ, 9:5). ഒരുത്തനെ ഏഴുപേരുടെ പുത്രനായി പറഞ്ഞിട്ടുണ്ടെങ്കിൽ, അതവൻ്റെ അസ്തിത്വമല്ല; അഭിധാനങ്ങൾ അഥവാ, സ്ഥാനപ്പേരാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. അതിൽ ശ്രദ്ധേയമായൊരു കാര്യമുണ്ട്: ക്രിസ്തു ജനനത്തിൽത്തന്നെ ആറുപേരുടെയും പുത്രനായിരുന്നു; എന്നാൽ, ദൈവപുത്രനായിരുന്നില്ല. മറിയ പ്രസവിക്കുന്ന അവളുടെ ആദ്യജാതനായ യേശുവിനെ ദൈവപുത്രനെന്ന് വിളിക്കപ്പെടും എന്നത് പ്രവചനങ്ങളായിരുന്നു: (ലൂക്കൊ, 1:32,35; 2:7). ആ പ്രവചനങ്ങൾ നിവൃത്തിയായത് യേശു ജനിച്ച് ഏകദേശം മുപ്പത് വർഷമായപ്പോഴാണ്: (മത്താ, 3:17). മറിയയിൽ ജനിച്ച് ഏകദേശം മുപ്പതുവർഷം കഴിഞ്ഞ് പ്രവചനംപോലെ ദൈവപുത്രനെന്ന് വിളിക്കപ്പെട്ടവൻ എങ്ങനെ സർവ്വസൃഷ്ടിക്കും മുമ്പെ ദൈവത്തിൻ്റെ ആദ്യജാതനാകും? അതിനാൽ, ആദ്യജാതൻ എന്നത് ക്രിസ്തുവിൻ്റെ പദവിയാണെന്ന് മനസ്സിലാക്കാം.
5. യേശുവിനെക്കുറിച്ചുള്ള ചരിത്രവസ്തുതകൾ നോക്കാം: കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല. അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപരഹിതനായ ഒരു മനുഷ്യക്കുഞ്ഞിനെയാണ് അവൾ പ്രസവിച്ചത്. (മത്താ, 1:1,25; ലൂക്കൊ, 1:35; 2:7; 2കൊരി, 5:21). മറിയ പ്രസവിച്ചത് തൻ്റെ പുത്രനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം പരിച്ഛേദന കഴിച്ചത്. (ലൂക്കൊ, 2:21). അബ്രാഹാമിൻ്റെ പുത്രന്മാരും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്. (ഉല്പ, 17:10-14). ജെന്റർ (Gender) ഇല്ലാത്ത ഒരു ദൈവത്തെയാണ് എട്ടാം ദിവസം പരിച്ഛേദന കഴിച്ചതെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (മത്താ, 1:25; ലൂക്കൊ, 2:7,22-24; പുറ, 13:2,12; ലേവ്യ, 12:1-8; സംഖ്യാ, 3:13). മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമല്ലാതെ മറ്റാരെയും വീണ്ടെടുക്കാൻ പ്രമാണമില്ല. (പുറ, 34:19,20; സംഖ്യാ, 18:15). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവനെ പരിച്ഛേദന കഴിക്കാനോ, വിശുദ്ധമായി അർപ്പിക്കാനോ, ദൈവത്തിൽനിന്ന് വീണ്ടെടുക്കാനോ പ്രമാണമില്ല. ഒരു ദൈവത്തെ മറ്റൊരു ദൈവത്തിന് വിശുദ്ധമായി അർപ്പിച്ചിട്ട്, ആ ദൈവത്തിൽനിന്ന് ഈ ദൈവത്തെ മനുഷ്യർ വീണ്ടെടുപ്പ് വിലകൊടുത്ത് മേടിച്ചു എന്നൊക്കെപ്പറഞ്ഞാൽ എങ്ങനെയിരിക്കും? യേശുവെന്ന മനുഷ്യൻ ജനിച്ചത് ന്യായപ്രമാണത്തെ ലംഘിക്കാനല്ല; വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ അതിനെ നിവൃത്തിക്കാനാണ്. (മത്താ, 5:17-18). ചിലർ കരുതുന്നപോലെ, ദൈവപുത്രൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആയിരുന്നെങ്കിൽ, ന്യയപ്രമാണത്തിലെ വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ, അതിനെ നിവൃത്തിക്കാൻ ജനിച്ചവൻ; തൻ്റെ ജനനം മുതൽ ന്യായപ്രമാണത്തെ നഗ്നമായി ലംഘിച്ചു എന്ന് പറയണം. അതില്പരം അബദ്ധം വേറെന്താണ്? ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ചവൻ അതിനെ എങ്ങനെ ലംഘിക്കും? (ഗലാ, 4:4). ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് എളുപ്പം” എന്ന് പഠിപ്പിച്ച ക്രിസ്തു അതിനെ ലംഘിച്ചു എന്ന് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചു കളയുന്നതാണ് നല്ലത്. (ലൂക്കൊ, 16:17).
അനന്തരം, ദൈവകൃപയോടെ ആത്മാവിൽ ബലപ്പെട്ടുവന്നത്, യേശുവെന്ന മനുഷ്യക്കുഞ്ഞാണ്. (ലൂക്കൊ, 2:40). ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിലാണ് യേശുവെന്ന മനുഷ്യൻ മുതിർന്നുവന്നത്. (ലൂക്കൊ, 2:52). ആത്മാവിൽ ബലപ്പെട്ടതും ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നതും ഒരു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആണെന്ന് പറഞ്ഞാൽ, ശരിയാകുമോ? അവന് ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18,19; പ്രവൃ, 4:27; 10:38). താൻ ക്രിസ്തു ആയത് യോർദ്ദാനിൽ വെച്ചാണെന്ന്; യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:20-21). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവന് അഭിഷേകത്തിൻ്റെ ആവശ്യമെന്താണ്? ദൂതന്മാർക്കു പോലും അഭിഷേകം ആവശ്യമില്ലാതിരിക്കേ, അവൻ ദൈവത്തിൻ്റെ നിത്യപുത്രനും ദൈവവും ആയിരുന്നെങ്കിൽ, എന്തിനായിരുന്നു; ആത്മാവിനാൽ അവനെ ശക്തിപ്പെടുത്തിയത്? (ലൂക്കൊ, 4:14). അവൻ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യൻ ആയതുകൊണ്ടാണ് അവന് അഭിഷേകം ആവശ്യമായി വന്നത്. (എബ്രാ, 2:9; യോഹ, 8:40). അഭിഷേകാനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നിങ്ങനെ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, പിതാവായ ദൈവത്താൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ആയത്. (ലൂക്കൊ, 1:32,35; 3:22). പ്രവചനം, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അവൻ ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവം ആയിരുന്നെങ്കിൽ, അവൻ ദൈവപുത്രനെന്ന് വിളിക്കപ്പെടും എന്ന് ദൂതൻ രണ്ടുവട്ടം പ്രവചിച്ചത് എന്തിനായിരുന്നു? യോർദ്ദാനിലെ, പ്രവചനനിവൃത്തിയുടെ ആവശ്യമെന്തായിരുന്നു? ബൈബിൾ ഒരു കോമഡി പുസ്തകം അല്ലെന്ന് ആദ്യം മനസ്സിലാക്കുക. അഭിഷേകാനന്തരമാണ്, ആത്മാവിൻ്റെ ശക്തിയോടെ യേശു ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന പാപരഹിതനായ വ്യക്തി ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ഇവൻ എൻ്റെ പ്രിയപുത്രനെന്ന് പിതാവ് അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ അഥവാ, എബ്രായ വർഷം 3755-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങൾപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,35; 2:11; 3:22; പ്രവൃ, 4:27; 10:38). ബി.സി. 6-ൽ ജനിച്ച് എ.ഡി. 29-ൽ മാത്രം ക്രിസ്തുവും ദൈവപുത്രനും ആയവൻ സർവ്വസൃഷ്ടിക്കും മുമ്പെ ഉണ്ടാകുന്നത് എങ്ങനെയാണ്? ആത്മീയമായി പറയുന്നതിനെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാലുള്ള കുഴപ്പം ഇതാണ്.
6. ക്രിസ്തുവിനെ നാലുപ്രാവശ്യം ആദ്യജാതനെന്നും അഞ്ചുപ്രാവശ്യം ഏകജാതനെന്നും വിശേഷിപ്പിച്ചിട്ടുണ്ട്: (റോമ, 8:29; കൊലൊ, 1:15; 1:18; വെളി, 1:5; യോഹ, 1:14; 1:18; 3:16; 3:18; 1യോഹ, 4:9). യഥാർത്ഥത്തിലാണെങ്കിൽ രണ്ട് പ്രയോഗങ്ങളും പരസ്പരവിരുദ്ധമാണ്. ഒരു മകനും അപ്പൻ്റെ ആദ്യജാതനും ഏകജാതനും ഒരുപോലെ ആയിരിക്കാൻ കഴിയില്ല. അതിനാൽ, ആദ്യജാതനെന്നതും ഏകജാതനെന്നതും ക്രിസ്തുവിൻ്റെ അഭിധാനങ്ങൾ അഥവാ, പദവികൾ ആണെന്ന് മനസ്സിലാക്കാം. ദൈവവത്തിൻ്റെ ‘മടിയിലിരിക്കുന്നതല്ല; മാർവ്വിൽ അഥവാ, ഹൃദയത്തിലെ വചനമാണ് ജഡമായിത്തിർന്നു എന്ന് യോഹന്നാൻ പറയുന്നത്. Bosom മടിയല്ല; മാറിടം, മനസ്സ്, ഹൃദയം തുടങ്ങിയവയാണ്. അതാണ്, ഏകജാതനായ പുത്രൻ’ എന്ന പ്രയോഗത്തിനാധാരം: (യോഹ, 17:5). ക്രിസ്തുവിൻ്റെ നിസ്തുല്യതയെ (വചനം ജഡമായിത്തീർന്നവൻ) വിഷശേഷിപ്പിക്കാൻ യോഹന്നാൻ മാത്രം ഉപയോഗിക്കുന്ന പ്രയോഗമാണ് ഏകജാതൻ. ആദ്യജാതന് പല അർത്ഥങ്ങളുണ്ട്. അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ: ഈ വാക്യമൊഴികെ മറ്റ് മൂന്നിടത്തും വിശ്വാസികൾക്ക് മുമ്പൻ എന്ന നിലയിലാണ് ആദ്യജാതനെന്ന് അവനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഒരിടത്ത്, സഹോദരന്മാരിൽ അദ്യജാതനെന്നും (റോമ, 8:28), രണ്ടിടത്ത്, മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റ ആദ്യജാതനെന്നുമാണ്. (കൊലൊ, 1:18; വെളി, 1:5). അതായത്, അവൻ വീണ്ടെടുക്കപ്പെട്ട മനുഷ്യർക്ക് മുമ്പൻ എന്ന നിലയിലും, മരിച്ചവരിൽനിന്ന് നിത്യജീവനിലേക്ക് ഉയിർക്കപ്പെടാനുള്ളവർക്ക് മുമ്പൻ എന്ന നിലയിലും അവൻ ആദ്യജാതനാണ്. എന്നാൽ ഈ വാക്യത്തിൽ, സർവ്വസൃഷ്ടിക്കും ആദ്യജാതൻ എന്നാണ്. ആദ്യജാതനെന്ന പ്രയോഗത്തിനു ആദ്യം ജനിച്ചവൻ അഥവാ, മൂത്തപുത്രൻ എന്ന അർത്ഥം മാത്രമല്ല; അതൊരു സവിശേഷ പദവിയായിട്ടും ബൈബിളിൽ പ്രയോഗിച്ചിട്ടുണ്ട്: യിസ്രായേൽ ദൈവത്തിൻ്റെ ആദ്യജാതനാണ്. യിസ്രായേൽ ജാതിയെ മുഴുവനായി ദൈവം ഏക മകനായിട്ടും, ആദ്യ മകനായിട്ടുമാണ് കാണുന്നത്. (പുറ, 4:22-23). ദൈവം യിസ്രായേലിനെ ആദ്യജാതനെന്ന് വിശേഷിപ്പിക്കുമ്പോൾ, അതൊരു പദവിയാണെന്ന് മനസ്സിലാക്കാമല്ലോ? എഫ്രയീം ദൈവത്തിൻ്റെ ആദ്യജാതനാണ്. (യിരെ, 31:9). യഥാർത്ഥത്തിൽ എഫ്രയീം അപ്പനായ യോസേഫിൻ്റെപോലും ആദ്യജാതനല്ല. അതിനാൽ, ദൈവം അവനു കൊടുത്ത പദവിയാണെന്ന് വ്യക്തമാണല്ലോ? ദൈവം ദാവീദിനെ ആദ്യജാതനാക്കും എന്ന് പറഞ്ഞിട്ടുണ്ട്. (സങ്കീ, 89:27). ആദ്യജാതനാക്കും എന്ന് പറഞ്ഞാൽ, അതുമൊരു പദവിയാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാമല്ലോ? അതുപോലെ, സർവ്വസൃഷ്ടിക്കും ആദ്യജാതനെന്നത് ക്രിസ്തുവിൻ്റെ സവിശേഷമായ ഒരു പദവിയാണ്. ആ പദവിക്ക് അടിസ്ഥാനം എന്താണെന്ന് മാത്രമാണ് ഇനി അറിയേണ്ടത്:
ക്രിസ്തു സർവ്വസൃഷ്ടികളുടെയും ഉദ്ധാരകൻ ആയതുകൊണ്ടാണ്, അവനെ സർവ്വസൃഷ്ടിക്കും ആദ്യജാതൻ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. സൃഷ്ടി മുഴുവൻ ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു സ്വാതന്ത്ര്യം പ്രാപിക്കും എന്നുള്ള ആശയോടെ ഈറ്റു നോവോടെ ഇരിക്കുന്നു എന്നാണ് പൗലോസ് പറയുന്നത്. “സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടെ ഇരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ.” (റോമ, 8:22). ആദാമിൻ്റെ ലംഘനം നിമിത്തം മനുഷ്യൻ മാത്രമല്ല; സർവ്വസൃഷ്ടികളും ദ്രവത്വത്തിനും നാശത്തിനും വിധേയമായി. (ഉല്പ, 3:17-19; റോമ, 5:12-19). “നിൻ്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു” എന്നാണ് ദൈവം പറഞ്ഞത്. എന്നാൽ, സർവ്വസൃഷ്ടികളുടെയും ഉദ്ധാരകൻ മരണത്തെ ജയിച്ച് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവാണ്. “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല, ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15. ഒ.നോ: 5:17). ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനമാണ് സർവ്വസൃഷ്ടിക്കും ഉദ്ധാരണത്തിന് കാരണമാകുന്നത്. മനുഷ്യൻ്റെ പാപംമൂലമാണ് സൃഷ്ടികൾ ശപിക്കപ്പെട്ടത്; മനുഷ്യൻ്റെ യഥാസ്ഥാപനം സർവ്വസൃഷ്ടികളുടെയും അനുഗ്രഹത്തിനു കാരണമാകും. സഹസ്രാബ്ദരാജ്യത്തിലെ അനുഗ്രഹങ്ങൾക്കും പുതുവാനഭൂമിക്കും കാരണം, ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളാണ്. അതിനാലാണ്, അവൻ സർവ്വസൃഷ്ടിക്കും ആദ്യജാതൻ എന്ന അഭിധാനത്തിന് അർഹനായത്. (എബ്രാ, 2:14-15). അല്ലാതെ, അവൻ യഥാർത്ഥത്തിൽ സർവ്വസൃഷ്ടിക്കും മുമ്പെ സൃഷ്ടിക്കപ്പെട്ടവനോ, ജനിച്ചവനോ അല്ല. ചരിത്രപരമായി യോർദ്ദാനിൽവെച്ചാണ് യേശുവെന്ന ദൈവപുത്രൻ ജനിക്കുന്നത്. അതിനാൽ, അവൻ നിത്യപുത്രനുമല്ല, ആദ്യം ജനിച്ചവനോ, സൃഷ്ടിക്കപ്പെട്ടവനോ അല്ല. പിന്നെങ്ങനെ, അവൻ സർവ്വസൃഷ്ടിക്കും മുമ്പെ ഉണ്ടാകും? [കാണുക: യേശുക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനോ?]
കൊലൊസ്യരിലെ അടുത്ത വേദഭാഗം ഇപ്രകാരമാണ്: “സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അവൻ സർവ്വത്തിന്നും മുമ്പെയുള്ളവൻ; അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു.” (കൊലൊ, 1:16-17). ഇതൊക്കെ ആത്മീയമായിട്ട് പറയുന്ന കാര്യങ്ങളാണ്. താൻ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്നും സൃഷ്ടിയിൽ തൻ്റെകൂടെ ആരുമുണ്ടായിരുന്നില്ലെന്നും യഹോവ വ്യക്തമായി പറഞ്ഞിട്ടുണ്ട്. യഹോവ ഒരു വെല്ലുവിളിയെന്നവണ്ണം ചോദിക്കുന്നത് ഇപ്രകാരമാണ്: “നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ (alone) ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 44:24). ഈ വേദഭാഗത്ത്, ഞാൻ തന്നേ ആകാശത്തെയു ഭൂമിയെയും സൃഷ്ടിച്ചു എന്നിടത്ത്, ഞാൻ ഒറ്റയ്ക്ക് സൃഷ്ടിച്ചു എന്നാണ്. സത്യവേപുസ്തകം സമകാലിക പരിഭാഷയിലെ വാക്യം ചേർക്കുന്നു: “എല്ലാറ്റിനെയും സൃഷ്‍ടിച്ച സര്‍വേശ്വരനാണു ഞാന്‍. ഞാന്‍ തനിയെയാണ് ആകാശത്തെ നിവര്‍ത്തിയത്. ഭൂമിക്കു രൂപം നല്‌കിയതും ഞാന്‍ തന്നെ. അപ്പോള്‍ എന്‍റെ കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ?” ഞാൻ തനിയെ അഥവാ, ഒറ്റയ്ക്ക് സൃഷ്ടിച്ചു എന്നാണ് ശരിയായ പരിഭാഷ. തനിയെ എന്നതിന്, എബ്രായയിൽ ഒറ്റയെ കുറിക്കുന്ന ബാദ് (bad) ആണ്. ഇംഗ്ലീഷിൽ എലോൻ (alone) ആണ്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് പരിഭാഷയിൽ മോണോസ് (monos) ആണ്. അതായത്, പഴയനിയമത്തിൽ ഒറ്റയെ അഥവാ, സിംഗിളിനെ (single) കുറിക്കുന്ന യാഹീദിന് (yahid) തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. ആ പദംകൊണ്ട് ഖണ്ഡിതമായ അർത്ഥത്തിൽ, താൻ ഒറ്റയ്ക്കാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്നാണ് യഹോവ പറയുന്നത്. മോശെ തുടങ്ങിയുള്ള മശീഹമാരും ഭക്തന്മാരും അത് അസന്ദിഗ്ധമായി സാക്ഷ്യപ്പെടുത്തുന്നു: (ഉല്പ, 1:27; 2:7; 5:1; 2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 37:16). പിതാവ് ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്നും വാക്യമുണ്ട്: (യെശ, 64:8; മലാ, 2:10).
തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് ദൈവപുത്രൻതന്നെ അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ, എന്ന് ചോദിച്ച പരീശന്മാരോട് അവൻ പറയുന്നത് നോക്കുക: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.” (മത്താ, 19:4. ഒ.നോ: മർക്കൊ, 10:6). ഈ വാക്യത്തോടുള്ള ബന്ധത്തിൽ മൂന്നുകാര്യങ്ങൾ പറയാം: 1. ക്രിസ്തു പറഞ്ഞത്: സൃഷ്ടിച്ച ‘അവൻ‘ (he wich made) എന്നാണ്. സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, പിതാവായ യഹോവയോടൊപ്പം സ്രഷ്ടാവായി താനും ഉണ്ടായിരുന്നെങ്കിൽ, ‘സൃഷ്ടിച്ച അവൻ’ എന്ന ഏകവചനമല്ല, ‘സൃഷ്ടിച്ച ഞങ്ങൾ‘ (we which made) എന്ന ബഹുവചനം പറയുമായിരുന്നു. 2. ചിലരുടെ വ്യാഖ്യാനപ്രകാരം; ദൈവത്തിലെ മൂന്നു പേർ ചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു പേരെയാണ് ഉണ്ടാക്കിയത്. എന്നാൽ ക്രിസ്തു പറഞ്ഞത്: ‘സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു’ എന്നാണ്. വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് ‘അവരെ‘ (them) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. സൃഷ്ടികളായ രണ്ടു പേരെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് ഒന്നിലധികം പേർ ആയിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല? എന്തെന്നാൽ, സ്രഷ്ടാവ് ഒരുത്തൻ മാത്രമാണ്. (ഉല്പ, 1:27; 2:7; 5:1; 5:1; യെശ, 64:8; മലാ, 2:10). 3. സൃഷ്ടിച്ച ‘അവൻ‘ എന്ന പ്രഥമപുരുഷ സർവ്വനാമമാണ് ക്രിസ്തു ഉപയോഗിച്ചത്. അതായത്, ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ യെഹൂദന്മാരോട്, ഏകദൈവത്തെ പ്രഥമപുരുഷനിൽ അഥവാ, മൂന്നാമനായും ഏകവചനത്തിലും വിശേഷിപ്പിച്ചുകൊണ്ട്, തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കി. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, താൻ ദൈവമാണെങ്കിലോ, സൃഷ്ടിയിൽ തനിക്ക് പങ്കുണ്ടായിരുന്നെങ്കിലോ “സൃഷ്ടിച്ച അവൻ” (he wich made) എന്ന് പറയാതെ, “സൃഷ്ടിച്ച ഞങ്ങൾ” (we which made) എന്ന് പറയുമായിരുന്നു. മർക്കൊസിൽ പറയുന്നതും ദൈവം അവരെ സൃഷ്ടിച്ചു (God made them) എന്ന് പ്രഥമ പുരുഷനിലാണ്. (മർക്കൊ, 10:6). സൃഷ്ടിയിങ്കൽ താനും ഉണ്ടായിരുന്നെങ്കിൽ, സൃഷ്ടിച്ച ഞങ്ങൾ എന്നോ, ദൈവവും ഞാനുകൂടി സൃഷ്ടിച്ചു എന്നോ പറയുമായിരുന്നു. അതാണ് ഭാഷ. സൃഷ്ടിയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ക്രിസ്തുതന്നെ അസന്ദിഗ്ധമായി വ്യക്തമാക്കി.
ക്രിസ്തു കാലസമ്പൂർണ്ണതയിലാണ് ജനിച്ചതും പാപപരിഹാരാർത്ഥം ക്രൂശിക്കപ്പെട്ടതും. എന്നാൽ, ക്രിസ്തുവിലൂടെയുള്ള രക്ഷ ലോക സ്ഥാപനത്തിനുമുമ്പെ മുൻനിർണ്ണയിക്കപ്പെട്ടതാണ്. അതുകൊണ്ടാണ്, ലോകസ്ഥാപനത്തിനുമുമ്പെ ക്രിസ്തുവിൽ നമ്മെ തിരഞ്ഞെടുത്തുവെന്നും (എഫെ, 1:4), ലോകസ്ഥാപനംമുതൽ അറുക്കപ്പെട്ട കുഞ്ഞാടെന്നുമൊക്കെ പറയുന്നത്. (വെളി, 13:8). നെഹെമ്യാവ് പറയുന്നത് നോക്കുക: “നീ, നീ മാത്രം യഹോവ ആകുന്നു; നീ ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു.” (നെഹെ, 9:6). സ്വർഗ്ഗവും സ്വർഗ്ഗാധിസ്വർഗ്ഗവും ദൃശ്യവും അദൃശ്യവുമായ എല്ലാറ്റിൻ്റെയും സ്രഷ്ടാവ് യഹോവ ഒരുത്തൻ മാത്രമാണ്. ദൈവത്തിൻ്റെ സൃഷ്ടികൾ യഥാസ്ഥാനപ്പെടുന്നതും പുതുസൃഷ്ടിക്ക് കാരണവും ദൈവത്തിൻ്റെ ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളാണ്. (വെളി, 21:1). അതുകൊണ്ടാണ്, അവൻ മുഖാന്തരം സകലവും സൃഷ്ടിക്കപ്പെട്ടു എന്ന് ആത്മീയ അർത്ഥത്തിൽ പറയുന്നത്. അല്ലാതെ, യഥാർത്ഥത്തിൽ സൃഷ്ടിയിൽ ക്രിസ്തുവിന് നേരിട്ട് പങ്കൊന്നുമില്ല. അത് യഹോവയും പഴയനിയമ ഭക്തന്മാരും ക്രിസ്തു തന്നെയും അസന്ദിഗ്ധമായി പറഞ്ഞത് നാം കണ്ടതാണ്. കൊലൊസ്സ്യരിലെ അടുത്ത വാക്യം നോക്കുക: “അവൻ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു; സകലത്തിലും താൻ മുമ്പനാകേണ്ടതിന്നു അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽ നിന്നു ആദ്യനായി എഴുന്നേറ്റവനും ആകുന്നു.” (കൊലൊ, 1:18). അദ്യജാതനായി എഴുന്നേറ്റവനും എന്നാണ് ശരിയായ പ്രയോഗം. വാക്യം ശ്രദ്ധിക്കുക: “അവൻ സകലത്തിലും മുമ്പൻ ആണെന്നല്ല പറയുന്നത്; മുമ്പൻ ആകേണ്ടതിനാണ് മരിച്ചവരിൽ നിന്ന് ആദ്യജാതനായി എഴുന്നേറ്റത്.“ യഥാർത്ഥത്തിൽ അവൻ സർവ്വസൃഷ്ടിക്കും മുമ്പേയുണ്ടായിരുന്നെങ്കിൽ, അവൻ സകലത്തിലും മുമ്പൻ ആണെന്നല്ലേ പറയേണ്ടത്? അവൻ മരിച്ചവരിൽനിന്ന് ഉയിർത്തശേഷമാണ്, സകലത്തിനും മുമ്പനും ശ്രേഷ്ഠനും സ്വർഗ്ഗത്തെക്കാൾ ഉന്നതനും ആയിത്തീർന്നത്. (കൊലൊ, 1:18; എബ്രാ, 1:4; 7:26). തന്മൂലം, “അവൻ മുഖാന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു” എന്ന് പറയുന്നത് ആത്മീയ അർത്ഥത്തിലാണെന്ന് മനസ്സിലാക്കാം.
ക്രിസ്തു ആരുടെയും സാക്ഷാൽ പുത്രനും സൃഷ്ടിയുമല്ലങ്കിൽ പിന്നെയവൻ ആരാണ്? ക്രിസ്തു ആരാണെന്ന് ചോദിച്ചാൽ; ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാണ്. ദൈവഭക്തിയുടെ മർമ്മത്തിൽ, അവൻ ജഡത്തിൽ വെളിപ്പെട്ടു എന്നതിലെ ‘അവൻ’ എന്ന സർവ്വ നാമം മാറ്റിയിട്ട്, തൽസ്ഥാനത്ത് നാമം ചേർത്താൽ, ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്ന് കിട്ടും. ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയായ ദൈവമാണ്. (യിരെ, 10:10). ദൈവഭക്തിയുടെ മർമ്മത്തിൽ പൗലോസ് അത് അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്നത് കൂടാതെ, അനേകം തെളിവുകൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന്, യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുമെന്നും, സകല മുഖങ്ങളിൽ നിന്നും കണ്ണുനീർ തുടയ്ക്കുമെന്നും, യഹോവ വന്നു രക്ഷിക്കുമെന്നും യശ്ശയ്യാവ് പ്രവചിച്ചിരുന്നു. (25:8; 35:4). ക്രിസ്തുവിൻ്റെ ജനനത്തിന് മുമ്പുതന്നെ സെഖര്യാപുരോഹിതനും അക്കാര്യം പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിരുന്നു: “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ; അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). അതിൻ്റെ നിവർത്തിയായിട്ടാണ് ജീവനുള്ള ദൈവമായ യഹോവ ജഡത്തിൽ വെളിപ്പെട്ട്, മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-15). അനവധി തെളിവുകളുണ്ട്: യെഹൂദന്മാർ കുത്തിത്തുളച്ചത് യേശുവിനെയാണല്ലോ. “എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.” (യോഹ, 19:34). എന്നാൽ യഹോവ പറയുന്നത്, അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുമെന്നാണ്. സത്യവേദപുസ്തകം പരിഭാഷ കൃത്യമല്ലാത്തതിനാൽ; വിശുദ്ധഗ്രന്ഥം പരിഭാഷ ചേർക്കുന്നു: “ഞാന്‍ ദാവീദ് ഗൃഹത്തിന്മേലും യറുശലേം നിവാസികളുടെ മേലും കൃപയുടെയും ആശ്വാസത്തിന്‍റേയും ആത്മാവിനെ പകരും; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുകയും ഏകജാതനെപ്രതി വിലപിക്കുന്നതു പോലെ അവനു വേണ്ടി വിലപിക്കുകയും ചെയ്യും; ആദ്യജാതനുവേണ്ടി വ്യസനിക്കുന്നതുപോലെ അവനു വേണ്ടി വ്യസനിക്കും.” (സെഖ, 12:10). ഇംഗ്ലീഷ് പരിഭാഷകളും നോക്കുക. അവർ കുത്തിത്തുളച്ച എൻ്റെ പുത്രനിനിലേക്ക് നോക്കും എന്നല്ല യഹോവ പറഞ്ഞത്; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കും. യോഹന്നാൻ അപ്പൊസ്തലൻ തന്നെ സെഖര്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട്; അക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്: “അവർ കുത്തിയവങ്കലേക്കു നോക്കും എന്ന് മറ്റൊരു തിരുവെഴുത്തും പറയുന്നു.” (യോഹ, 19ൻ്റെ37). ഇത്രയ്ക്ക് സ്ഫടികസ്ഫുടമായിട്ടാണ് ദൈവാത്മാവ് ദൈവവചന സത്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്തൊരു തെളിവ്: തൻ്റെ പിന്നാലെ വന്ന മനുഷ്യനെക്കുറിച്ച് യോഹന്നാൻ സ്നാപകൻ പറഞ്ഞത് മുകളിൽ നാം കണ്ടതാണ്. (യോഹ, 1:30). യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല; ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്; അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ് അവൻ പറഞ്ഞത്. സ്നാപകൻ്റെ മറ്റൊരു പ്രസ്താവനകൂടി ഉണ്ട്: “ഞാൻ നിങ്ങളെ മാനസാന്തരത്തിനായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല, അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും; തീയിലും സ്നാനം ഏല്പിക്കും.” (മത്താ, 3:11. ഒ.നോ: മർക്കൊ, 1:8; ലൂക്കൊ, 3:16; യോഹ, 1:33). യോഹന്നാൻ പറയുന്നതിൻ്റെ അർത്ഥം; തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല. യേശുവെന്ന മനുഷ്യനെ യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതാണ്. (ലൂക്കൊ, 3:22; പ്രവൃ, 10:38). ആ മനുഷ്യനു എങ്ങനെയാണ് പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ കഴിയുന്നത്? തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല യോഹന്നാൻ പറഞ്ഞത്. ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടവൻ, അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നാണ്. പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ ഏകദൈവത്തിനു മാത്രമേ കഴിയുകയുള്ളു. (പ്രവൃ, 10:38). അവൻ തന്നെയാണ് മനുഷ്യരുടെ പാപപരിഹാരാർത്ഥം കന്യകയിലൂടെ ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. ജഡത്തിൽ പ്രത്യക്ഷനായി മനുഷ്യൻ്റെ പാപത്തിനു പരിഹാരം വരുത്താൻ, സ്വർഗ്ഗത്തിലോ, ഭൂമിയിലോ മറ്റൊരു ദൈവമില്ല. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്ന് നീ അറിഞ്ഞ് മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1ദിന, 2:11; 1രാജാ, 8:23; 2ദിന, 6:14). ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല. ഞാനല്ലാതെ ഒരു ദൈവവുമില്ല. എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല. ഞാൻ ഒരുത്തനെയും അറിയുന്നില്ല. എന്നാണ് യഹോവ പറയുന്നത്. (യെശ, 43:10; 44:8; 45:5).
അതായത്, യഹോവയായ ഏകദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിൽ ഉല്പാദിപ്പിച്ച ദേഹവും ദേഹിയും ആത്മാവുമുള്ള വിശുദ്ധപ്രജ അഥവാ, പരിശുദ്ധമനുഷ്യനാണ് യേശു. (മത്താ, 1:20; ലൂക്കൊ, 1:35; 2:21; 1പത്രൊ, 1:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 6:69; 8:40). അതിനെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്. പഴയപുതിയ നിയമങ്ങളിൽ മനുഷ്യർ കണ്ടതെല്ലാം, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏക ദൈവത്തിൻ്റെ പ്രത്യക്ഷതകളെ അഥവാ, പ്രത്യക്ഷ ശരീരങ്ങളെയാണ്. സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. (1തിമൊ, 2ൻ:6; 3:16). ഏകദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥൻ ആയത്, മനുഷ്യനായ ക്രിസ്തുയേശു ആണ്. (1തിമൊ, 2:5-6). അതുകൊണ്ടാണ്, പിതാവിനെ തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന മറ്റൊരുത്തൻ എന്ന് ക്രിസ്തു വിശേഷിപ്പിച്ചത്. (യോഹ, 5:32;37). യോർദ്ദാനിലെ സ്നാനം മുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ അദൃശ്യനായി ഇരുന്നതുകൊണ്ടാണ്, താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് അവൻ ആവർത്തിച്ചു പറഞ്ഞത്. (യോഹ, 3:2; 8:16; 8:29; 16:32; പ്രവൃ, 10:38). പിതാവിനെയും തന്നെയും ചേർത്ത് “ഞങ്ങൾ” എന്നും പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). നിന്നെയും എന്നെയും എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). താനും പിതാവും ഐക്യത്തിൽ ഒന്നാണെന്നും ക്രിസ്തു പറഞ്ഞു. (യോഹ, 17:11,21,23). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായാൽ, ആ മനുഷ്യവ്യക്തി പിന്നെ ഉണ്ടാകില്ല. (യോഹ, 20:17). അതുകൊണ്ടാണ്, “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 16:26). അതായത്, നിത്യമായ അസ്തിത്വത്തിൽ; പിതാവും പുത്രനും ഒരാളാണ്. അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 8:24,28; 13:19). അബ്രാഹാം ജനിച്ചതിനു മുമ്പേയുള്ള എഗോ എയ്മി അഥവാ, യഹോവയാണെന്ന് പറഞ്ഞത്. (യോഹ, 8:58). ഞാനും പിതാവും ഒന്നാകുന്നു എന്നു പറഞ്ഞത്. (യോഹ, 10:30). എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് ഫിലിപ്പോസിനോട് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം “പിതാവിനെ കാണണം” എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, “നീ എന്നെ അറിയുന്നില്ലയോ” എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!
[കാണുക: ദൈവഭക്തിയുടെ മർമ്മം]
One thought on “സർവ്വസൃഷ്ടിക്കും ആദ്യജാതൻ”