സൻഹേരീബ് (Sennacherib)
പേരിനർത്ഥം – സീൻ (ചന്ദ്രദേവൻ) സഹോദരന്മാരെ വർദ്ധിപ്പിച്ചു
അശ്ശൂർ രാജാവ് (ബി.സി. 705-681). പിതാവിന്റെ വധത്തിനുശേഷം എതിർപ്പുകളെ അതിജീവിച്ച് രാജാവായി. ഇക്കാലത്തായിരിക്കണം ബെരോദാക്-ബലദാൻ എന്ന ബാബേൽ രാജാവ് ഹിസ്കീയാരാജാവിനു എഴുത്തും സമ്മാനവും കൊടുത്തയച്ചത്. (2രാജാ, 20:12-19; യെശ, 39). ടൈഗ്രീസ് നദിയുടെ കിഴക്കെ കരയിലുള്ള നീനെവേ തലസ്ഥാനമാക്കി കൊട്ടാരങ്ങളും ക്ഷേത്രങ്ങളും നഗരമതിലുകളും അദ്ദേഹം നിർമ്മിച്ചു. സൻഹേരീബ് ഒരു നല്ല യോദ്ധാവായിരുന്നു. രാജ്യത്തിലുടനീളം വിപ്ലവങ്ങളെ അമർച്ച ചെയ്തു. ബി.സി. 689-ൽ ബാബിലോണിനെ നശിപ്പിച്ചു. യെഹൂദയിലെ ഹിസ്കീയാരാജാവും സൻഹേരീബിനെതിരെ മത്സരിച്ചവരിൽ ഉണ്ടായിരുന്നു. സീദോൻ കീഴടക്കിക്കൊണ്ട് അദ്ദേഹം തെക്കോട്ടു തിരിച്ചു. അസ്കലോൻ, ബേത്-ദാഗോൻ, യോപ്പ എന്നിവയും പല പലസ്തീൻ പട്ടണങ്ങളും അദ്ദേഹം പിടിച്ചടക്കി. എൽതെക്കേയിൽ വെച്ച് പലസ്തീന്റെയും ഈജിപ്റ്റിന്റെയും സഖ്യസൈന്യത്തെ പരാജയപ്പെടുത്തി. സൻഹേരീബുമായി സഖ്യത്തിലായിരുന്ന എക്രോൻ രാജാവിനെ ഹിസ്കീയാവ് ബദ്ധനാക്കിയിരുന്നു. സൻഹേരീബ് എക്രോൻ പിടിച്ചെടുത്ത് അതിന്റെ രാജാവിനു മടക്കിക്കൊടുത്തു. യെരൂശലേമിനെ കീഴടക്കിയില്ലെങ്കിലും ഹിസ്കീയാരാജാവിനെ കൂട്ടിലെ പക്ഷിയെന്നപോലെ അടച്ചിട്ടതായി സൻഹേരീബ് അഭിമാനിച്ചു. ഈ ആക്രമണത്തിന്റെ മൂന്നു രേഖകൾ പഴയനിയമത്തിലുണ്ട്. (2രാജാ, 18:13-19:17; 2ദിന, 32:1-22; യെശ, 36:1-37:38).
ഹിസ്കീയാവ് രാജാവിന്റെ വാഴ്ചയുടെ പതിനാലാമാണ്ടിൽ സൻഹേരീബ് യെഹൂദയ്ക്കെതിരെ വന്നു അതിന്റെ ഉറപ്പുള്ള പട്ടണങ്ങളെല്ലാം പിടിച്ചു. ഹിസ്കീയാവ് രാജാവ് കപ്പം കൊടുക്കാമെന്ന് ഏറ്റു. ദൈവാലയ ഭണ്ഡാരത്തിൽ നിന്നും എടുത്തായിരുന്നു കപ്പം കൊടുത്തത്. അന്ത്യശാസനം നല്കുന്നതിനു സൻഹേരീബ് തന്റെ ഉദ്യോഗസ്ഥന്മാരെ അയച്ചു. ഇക്കാലത്ത് അദ്ദേഹം ലാഖീശ് പിടിച്ചു ലിബ്നയ്ക്കെതിരെ തിരിയുകയായിരുന്നു. യെഹൂദാ രാജാവ് തനിക്കെതിരെ വരുന്നു എന്ന് അറിഞ്ഞപ്പോൾ സൻഹേരീബ് വീണ്ടും ഒരു സന്ദേശം ഹിസ്കീയാവിനു അയച്ചു. ഹിസ്കീയാവ് ഇക്കാര്യം പ്രാർത്ഥനയിൽ വെച്ചു. യെശയ്യാ പ്രവാചകൻ ദൈവിക വിടുതലിന്റെ ഉറപ്പുനല്കി. ദൈവം തന്റെ ദൂതനെ അയച്ച് അശ്ശൂർ സൈന്യത്തെ സംഹരിച്ചു. സൻഹേരീബ് സ്വന്തം നാട്ടിലേക്കു മടങ്ങി. (2രാജാ, 19:35,36; 2ദിന, 32:21; യെശ, 37:36,37). നീനെവേയിലേക്ക് മടങ്ങിവന്ന സൻഹേരീബിനെ രണ്ടുപുത്രന്മാർ കൊന്നു. (2രാജാ, 19:37; യെശ, 37:38). ഇളയപുത്രനായ ഏസെർ-ഹദോനെ രാജാവാക്കാൻ സൻഹേരീബ് തീരുമാനിച്ചതായിരുന്നു കാരണം. സൻഹേരീബിനെ കൊന്ന പുത്രന്മാരായ അദ്രമേലെക്കും ശരേസെരും അരാരാത്ത് ദേശത്തിലേക്കു ഓടിപ്പോയി. ഏസെർ-ഹദ്ദോൻ രാജാവായി.