സൻബല്ലത്ത് (Sanballat)
പേരിനർത്ഥം – സീൻ (ചന്ദ്രദേവൻ) ജീവൻ നല്കി
ബാബിലോന്യ നാമമാണിത്. യെരൂശലേമിനു 29 കി.മീറ്റർ വടക്കുപടിഞ്ഞാറുള്ള ബേത്ത്-ഹോരോനിൽ നിന്നുള്ളവനായിരിക്കണം. (യോശു, 10:10). സൻബല്ലത്തിനെ ഹോരോന്യൻ എന്നു പറഞ്ഞിരിക്കുന്നു. (നെഹെ, 2:10,19; 13:28). യെരൂശലേം മതിൽ പുതുക്കിപ്പണിയാനുള്ള നെഹെമ്യാവിന്റെ ശ്രമങ്ങളെ സൻബല്ലത്ത് ആവോളം എതിർത്തു. (നെഹെ, 4:1). ദുർബ്ബലരായ യെഹൂദന്മാർക്കു അതിനു കഴിവില്ല എന്നു പറഞ്ഞ് യെഹൂദന്മാരെ നിന്ദിച്ചു. (നെഹെ, 2:19; 4:3). യുദ്ധം ചെയ്യേണ്ടതിനും കലക്കം വരുത്തേണ്ടതിനും കൂട്ടുകെട്ടുണ്ടാക്കി. (നെഹെ, 4:8). നെഹെമ്യാവിനെ ചതിയിൽ വധിക്കുവാനായി ഓനോ സമഭൂമിയിൽ യോഗം കൂടുവാൻ നെഹെമ്യാവിനെ ക്ഷണിച്ചു. (നെഹെ, 6:2). നെഹെമ്യാവ് തന്ത്രം മനസ്സിലാക്കി വന്നില്ല. തുടർന്നു നെഹെമ്യാവിനെ ഭയപ്പെടുത്തുവാൻ ശ്രമിച്ചു. (നെഹെ, 6:5-14). യെഹൂദന്മാരുടെ ഇടയിൽ സ്വാധീനം ലഭിക്കുവാൻ സൻബല്ലത്ത് തന്റെ മകളെ മഹാപുരോഹിതനായ എല്യാശീബിന്റെ മകനു വിവാഹം കഴിച്ചു കൊടുത്തു. (നെഹെ, 13:28). എല്യാശീബ് തോബീയാവിന്റെ ബന്ധുവായിരുന്നു. (നെഹെ, 13:4). നെഹെമ്യാവ് സൻബല്ലത്തിന്റെ മരുമകനെ ഓടിച്ചുകളഞ്ഞു; തോബീയാവിന്റെ വീട്ടുസാമാനമൊക്കെയും അറയിൽ നിന്നു പുറത്തെറിഞ്ഞു കളഞ്ഞു. (നെഹെ, 13:8). പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ഈജിപ്റ്റിൽ നിന്നു കണ്ടെടുത്ത ചില പാപ്പിറസ് എഴുത്തുകളിൽ സൻബല്ലത്തിന്റെ പേര് കാണുന്നുണ്ട്. അയാൾ ശമര്യയിലെ ദേശാധിപതി ആയിരുന്നു.