“യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു.” (പ്രവൃ, 1:5). “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം (ജലസ്നാനം) കഴിപ്പിക്കുക.” (മത്താ, 28:19)
രക്ഷയ്ക്കായി ജലസ്നാനം അത്യന്താപേക്ഷിതമാണെന്ന് കരുതുന്നവരുണ്ട്. ജലസ്നാനത്താലാണ് പാപമോചനവും പരിശുദ്ധാത്മാവും ലഭിക്കുന്നതെന്നും അക്കൂട്ടർ കരുതുന്നു. രക്ഷ ലഭിക്കുന്നത് സ്നാനത്താലാണ് അതിനു രണ്ടുപക്ഷമില്ല. എന്നാൽ ജലസ്നാനത്താലല്ല: ആത്മസ്നാനത്താലാണ് രക്ഷ ലഭിക്കുന്നത്. എന്തെന്നാൽ രക്ഷ ഭൗതികമല്ല; ആത്മികമാണ്. ജഡത്തിൻ്റെ രക്ഷയല്ല; ആത്മരക്ഷയാണ് നമുക്കു ലഭിച്ചിരിക്കുന്നത്. സമ്പൂർണ്ണരക്ഷ ലഭിക്കുന്നത് കർത്താവിൻ്റെ പ്രത്യക്ഷതയിലാണ്. നമ്മുടെ വിശ്വാസത്തിനും മാനസാന്തരത്തിനും പാപമോചനത്തിനും വീണ്ടുംജനനത്തിനുമായി ദൈവം നമുക്കു ദാനമായി നല്കുന്നതാണ് ആത്മസ്നാനം; നമ്മുടെ വിശ്വാസത്തിൻ്റെ വെളിച്ചത്തിൽ അഥവാ, നമ്മുടെ വിശ്വാസം ഏറ്റുപറയുന്നതിൻ്റെ വെളിച്ചത്തിൽ പ്രാദേശികസഭ നല്കുന്നതാണ് ജലസ്നാനം. ക്രിസ്തു തലയായ അവൻ്റെ ശരീരമായ ദൈവസഭയിലെ അംഗങ്ങളിൽ ജലസ്നാനം സ്വീകരിക്കാത്തവർ ഒരുപക്ഷെ ഉണ്ടാകാം; എന്നാൽ ദൈവത്തിൻ്റെ ദാനമായ ആത്മസ്നാനം കൂടാതെ ഒരാൾക്കുപോലും ക്രിസ്തുവിൻ്റെ ശരീരമായ സഭയുടെ ഭാഗമാകാൻ കഴിയില്ല. എന്തെന്നാൽ ജലസ്നാനത്താലല്ല; ആത്മസ്നാനത്താലാണ് ഒരുവ്യക്തി ക്രിസ്തുവിൻ്റെ മാർമ്മികശരീരമായ സഭയോടു ചേരുന്നത്. ജലസ്നാനമെന്നല്ല, മറ്റേതൊരു പ്രവൃത്തിയാലും ദൈവത്തിൻ്റെ ദാനമായ പരിശുദ്ധാത്മാവിനെ നേടാൻ കഴിയില്ല; വിശ്വാസത്തിൻ്റെ പ്രസംഗം അഥവാ, സുവിശേഷത്താൽ സൗജന്യമായാണ് ആത്മസ്നാനം ലഭിക്കുന്നത്.
ആത്മസ്നാനം: ആത്മസ്നാനത്താലാണ് വ്യക്തി രക്ഷിക്കപ്പെടുന്നതും ക്രിസ്തുവിൻ്റെ ശരീരമായ സാർവ്വത്രികസഭയോടു ഏകീഭവിക്കുന്നതും: “ശരീരം ഒന്നും, അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും. യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.” (1കൊരി, 12:12,13). സുവിശേഷത്താൽ അഥവാ വിശ്വാസത്തിൻ്റെ പ്രസംഗത്താലാണ് ആത്മസ്നാനം ലഭിക്കുന്നത്: “ഞാൻ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ?” (ഗലാ, 3:2). ദൈവം തൻ്റെ ആത്മാവിനെ അച്ചാരമായി അഥവാ ആദ്യഫലമായി വ്യക്തിക്കു നല്കുന്നതും ആത്മാവിനാൽ വ്യക്തിയെ മുദ്രയിടുന്നതും രക്ഷയുടെ സുവിശേഷത്താലാണ്: “അവനിൽ നിങ്ങൾക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങൾ കേൾക്കയും അവനിൽ വിശ്വസിക്കയും ചെയ്തിട്ടു, തന്റെ സ്വന്തജനത്തിന്റെ വീണ്ടെടുപ്പിന്നു വേണ്ടി തന്റെ മഹത്വത്തിന്റെ പുകഴ്ചെക്കായിട്ടു നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു.” (എഫെ, 1:13,14. ഒ.നോ: റോമ, 8:23; 2കൊരി, 1:22; 5:5; എഫെ, 4:30). സുവിശേഷം പ്രസംഗിക്കപ്പെടുന്നതു പരിശുദ്ധാത്മാവിലാണ്: “സ്വർഗ്ഗത്തിൽ നിന്നു അയച്ച പരിശുദ്ധാത്മാവിനാൽ നിങ്ങളോടു സുവിശേഷം അറിയിച്ചവർ അതു ഇപ്പോൾ നിങ്ങളെ ഗ്രഹിപ്പിച്ചിരിക്കുന്നു. അതിലേക്കു ദൈവദൂതന്മാരും കുനിഞ്ഞുനോക്കുവാൻ ആഗ്രഹിക്കുന്നു.” (1പത്രൊ, 1:12). പ്രസംഗിക്കപ്പെടുന്ന വചനം ജീവനും ആത്മാവുമാണ്: “ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു; മാംസം ഒന്നിന്നും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു.” (യോഹ, 6:63). ആത്മാവും ജീവനുമായ വചനത്താലാണ് വീണ്ടും ജനിക്കുന്നത്: “നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിന്നു അവൻ തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു.” (യാക്കോ, 1:18). “കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.” (1പത്രൊ, 1:23). ആത്മാവാണ് ജീവൻ നല്കുന്നത്: “ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു.” (യോഹ, 6:63). ജീവൻ ലഭിച്ചത് ജഡത്തിനല്ല; ആത്മാവിനാണ്: “ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു:” (യോഹ, 3:6). ആത്മസ്നാനത്താലുള്ള വിശുദ്ധീകരണത്താലാണ് ജീവൻ നല്കി രക്ഷയ്ക്കായി തിരഞ്ഞെടുത്തത്: “ഞങ്ങളോ, കർത്താവിന്നു പ്രിയരായ സഹോദരന്മാരേ, ദൈവം നിങ്ങളെ ആദിമുതൽ ആത്മാവിന്റെ വിശുദ്ധീകരണത്തിലും സത്യത്തിന്റെ വിശ്വാസത്തിലും രക്ഷെക്കായി തിരഞ്ഞെടുത്തതുകൊണ്ടു നിങ്ങൾ നിമിത്തം ദൈവത്തെ എപ്പോഴും സ്തുതിപ്പാൻ കടമ്പെട്ടിരിക്കുന്നു.” (2തെസ്സ, 2:13. ഒ.നോ: റോമ, 1:16).
ആത്മസ്നാനദാതാവ്: ദൈവമാണ് ആത്മസ്നാനം നല്കുന്നത്. (പ്രവൃ, 11:17; 1കൊരി, 6:19). വഴിയൊരുക്കാൻ വന്ന യോഹന്നാൻ സ്നാപകനാണ് ആദ്യമായി ആത്മസ്നാത്തെക്കുറിച്ച് പ്രസ്താവിച്ചത്: “ഞാൻ നിങ്ങളെ മാനസാന്തരത്തിന്നായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും.” (മത്താ, 3:11. ഒ.നോ: മർക്കൊ, 1:8; ലൂക്കൊ, 3:16; യോഹ, 1:33; പ്രവൃ, 1:5; 11:15; 1കൊരി, 12,13). തൻ്റെ പിന്നാലെ വന്ന പുരുഷൻ അഥവാ, മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുമെന്നല്ല യോഹന്നാൻ പറഞ്ഞത്; ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും. യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ് ക്രിസ്തു. അതാണ് ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:14-16. ഒ.നോ: ലൂക്കൊ, 1:68; യെശ, 25:8-9; 35:3-6; 40:3). ഫിലിപ്പിൻ്റെ കൈസര്യയിൽവെച്ച് യേശുക്രിസ്തു തൻ്റെ നിർണ്ണയം പ്രഖ്യാപിക്കുകയുണ്ടായി: “ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.” (മത്ത, 16:18). ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനമാണ് മനുഷ്യരുടെ രക്ഷ: (റോമ, 5:15; പ്രവൃ, 15:11). അഥവാ, ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമാണ് പരിശുദ്ധാത്മാവെന്ന ദൈവത്തിൻ്റെ വാഗ്ദത്തം: (യോഹ, 7:37-39; പ്രവൃ, 2:33). ഒലിവുമലയിൽനിന്ന് സ്വർഗ്ഗാരോഹണം ചെയ്യുന്നതിനുമുമ്പ് ആത്മസ്നാനത്തെക്കുറിച്ചു കർത്താവ് പറഞ്ഞു: “യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു.” (പ്രവൃ, 1:5). ന്യായപ്രമാണത്തിലെ അവസാനത്തെ പ്രവാചകനായ യോഹന്നാൻ്റെയും കർത്താവിൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായിരുന്നു, പെന്തെക്കൊസ്തു നാളിലെ ആത്മസ്നാനത്താലുള്ള സഭാസ്ഥാപനം: “പെന്തെക്കൊസ്തുനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു. പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തുനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു. അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി.” (പ്രവൃ, 2:1-4).
ആത്മാവിനാൽ പണിയപ്പെടുന്ന ദൈവസഭ: ദൈവത്തിൻ്റെ സഭ പണിയപ്പെടുന്നത് ജഡത്താലും ജലത്താലുമല്ല; ആത്മാവിനാലാണ്: “ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു. അവനിൽ കെട്ടിടം മുഴുവനും യുക്തമായി ചേർന്നു കർത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു. അവനിൽ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന്നു ആത്മാവിനാൽ ഒന്നിച്ചു പണിതുവരുന്നു.” (എഫെ, 2:20-22). പെന്തെക്കൊസ്തു നാളിലാണ് ക്രിസ്തുയേശു എന്ന മൂലക്കല്ലിന്മേൽ അപ്പൊസ്തലന്മാരെയും പ്രവാചകന്മാരെയും ചേർത്തുകൊണ്ട് ആത്മസ്നാനത്താൽ ദൈവസഭയുടെ അടിസ്ഥാനമിട്ടത്. (1കൊരി, 12,12,13; എഫെ, 2:20). ആ അടിസ്ഥാനത്തിന്മേൽ വിശ്വാസികളായ കല്ലുകളെ ചേർത്തുകൊണ്ട് ആത്മാവിനാൽ പണിയപ്പെടുന്നതാണ് ദൈവസഭ. ക്രിസ്തു തലയായ അവൻ്റെ ശരീരമാണ് സഭ: “സർവ്വവും അവന്റെ കാൽക്കീഴാക്കിവെച്ചു അവനെ സർവ്വത്തിന്നും മീതെ തലയാക്കി എല്ലാറ്റിലും എല്ലാം നിറെക്കുന്നവന്റെ നിറവായിരിക്കുന്ന അവന്റെ ശരീരമായ സഭെക്കു കൊടുക്കയും ചെയ്തിരിക്കുന്നു.” (എഫെ, 1:22,23). “അവൻ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു;” (കൊലൊ, 1:18). വിശ്വാസി ക്രിസ്തുവിനോടു ഏകീഭവിക്കുന്നത് ആത്മാവിലാണ്: (എഫെ, 2:22). “സഭയുടെ തലയായ ക്രിസ്തുവിൻ്റെ ശുശ്രൂഷകൾ മുഴുവൻ ആത്മാവിലായിരുന്നു: ജനനം (മത്താ, 1:18,20; ലൂക്കൊ, 1:35), വളർച്ച (ലൂക്കൊ, 2:40,52), ശുശ്രൂഷയ്ക്കായുള്ള അഭിഷേകം (മത്താ, 3:16; ലൂക്കോ, 4:1; പ്രവൃ, 10:48), പരീക്ഷ (മത്താ, 4:1; മർക്കൊ, 1:12; ലൂക്കൊ, 4:1), ശുശ്രൂഷ (ലൂക്കൊ, 4:14,18,19), അത്ഭുതങ്ങൾ അടയാളങ്ങൾ (മത്താ, 12:28; പ്രവൃ, 10:48), ക്രൂശുമരണം (എബ്രാ, 9:14), പുനരുത്ഥാനം (1പത്രൊ, 3:18. ഒ.നോ: റോമ, 8:11; എഫെ, 1:20). ദൈവസഭാസ്ഥാപനം: (മത്താ, 3:11; 16:18; പ്രവൃ, 1:5; 2:1-4). വിശ്വാസികളോടുള്ള ബന്ധത്തിൽ: വ്യക്തികളോടു സുവിശേഷം അറിയിക്കുന്നത് പരിശുദ്ധാത്മാവിലാണ് (1പത്രൊ, 1:12), സുവിശേഷത്താലാണ് വ്യക്തികൾക്ക് ആത്മാവെന്ന ആദ്യദാനം ലഭിക്കുന്നത് (റോമ, 8:23; ഗലാ, 3:2), ആത്മാവിൽ സ്നാനം ലഭിക്കുന്നു (1കൊരി, 12,13), ആത്മാവിനെ അച്ചാരമായി നല്കി മുദ്രയിടുന്നു (2കൊരി, 2:22; എഫെ, 1:13,14; 4:30), പാപത്തെക്കുറിച്ചും നീതിയെക്കുറുറിച്ചും വരുവാനുള്ള ന്യായവിധിയെക്കുറിച്ചും ബോധം വരുത്തി മാനസാന്തരത്തിലേക്കു നയിക്കുന്നു (യോഹ, 16:7,8), വീണ്ടുംജനിപ്പിക്കുന്നു (യോഹ, 3:3-6,8; യാക്കോ, 1:18; 1പത്രൊ, 1:23), ദൈവസഭയോടു ചേർക്കുന്നു (എഫെ, 2:22), ദൈവമന്ദിരമാക്കുന്നു (1കൊരി, 3:16; 6:19), എന്നേക്കും കൂടെയിരിക്കുന്നു (യോഹ, 14:6), നടത്തുന്നു (റോമ, 8:14), കൂടെ ജീവിക്കുന്നു (ഗലാ, 5:25), മക്കളാണെന്ന ഉറപ്പുനല്കുന്നു (റോമ, 8:16), കൃപാവരങ്ങൾ നല്കുന്നു (1കൊരി, 12:8-11), അകത്തെ മനുഷ്യനെ ശക്തിയോടെ ബലപ്പെടുത്തുന്നു (എഫെ, 3:16), പ്രാർത്ഥനയിൽ സഹായിക്കുന്നു (റോമ, 8:26), മർത്യശരീരങ്ങളെ ജീവിപ്പിക്കും. (റോമ, 8:11). പുതിയനിയമരക്ഷ ജലത്താലല്ല; ആത്മാവിനാലാണ്. ക്രിസ്തുവിൻ്റെ ജീവിതത്തിലും ക്രിസ്ത്യാനികളുടെ ജീവിതത്തിലും ആത്മാവാണ് പ്രവർത്തിക്കുന്നത്. ജലസ്നാനമൊരു പ്രവൃത്തിയാണ്. പ്രവൃത്തികളുടെ ഒരു നിയമം മനുഷ്യർക്ക് ദൈവം നല്കിയതായിരുന്നു: (റോമ, 10:5). മനുഷ്യൻ്റെ ബലഹീനത നിമിത്തം പ്രവൃത്തികളാൽ നീതീകരണം പ്രാപിക്കാൻ മനുഷ്യനു കഴിയാഞ്ഞതിനാലാണ്, ദൈവം കന്യകയിലൂടെ ഒരു മനുഷ്യപ്രത്യക്ഷത എടുത്തിട്ട് അവൻ്റെ മരണത്താൽ കൃപയാലുള്ള രക്ഷ ആത്മാവിനാൽ സൗജന്യമായി നല്കിയത്: (റോമ, 8:3; എഫെ, 2:5,8). ദൈവത്തിൻ്റെ കൃപയോടൊപ്പം രക്ഷയ്ക്കായി പ്രവൃത്തികൂടി വേണമെന്ന് ശഠിച്ചിരുന്നവർ ആദിമസഭയിലും ഉണ്ടായിരുന്നു. ആ പ്രശ്നം പരിഹരിക്കാനാണ് യെരൂശലേമിൽ അപ്പൊസ്തലന്മാരുടെ കൗൺസിൽ കൂടിയത്: (പ്രവൃ, 15:1-33). സമ്മേളത്തിനൊടുവിൽ വിജാതീയരാരും ന്യായപ്രമാണത്തിന്റെ ആചാരങ്ങളൊന്നും അനുഷ്ഠിക്കേണ്ടതില്ലെന്നാണ് പരിശുദ്ധാത്മാവും അപ്പൊസ്തലന്മാരും വിധിച്ചത്: (15:28). ദൈവസഭ പണിയുന്നത് ആത്മാവാണ്; ആത്മാവിനാൽ രക്ഷിക്കപ്പെട്ട് ദൈവമക്കളായവർ ദൈവത്തിൻ്റെ കല്പനയായ ജലസ്നാനമെന്ന കർമ്മം സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.
പരിശുദ്ധാത്മാവെന്ന ദാനം: “പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെ മേലും പകർന്നതു കണ്ടു വിസ്മയിച്ചു.” (പ്രവൃ, 10:46. ഒ. നോ: പ്രവൃ, 2:38; 8:20; 11:17; റോമ, 8:23; ഗലാ, 3:3; എഫെ, 1:13,14). രക്ഷയുടെ സുവിശേഷം കേൾക്കുമ്പോൾ ദൈവം നമുക്കു ദാനമായി തരുന്നതാണ് ആത്മസ്നാനം. ജാതികളായ വിശ്വാസികൾക്കു മുമ്പൻ കൊർന്നേല്യൊസാണ്. ഭൂമിയിലുള്ള സകല ജാതികളെയും പ്രതിനിധീകരിച്ചുകൊണ്ട് ക്രിസ്തു തലയായിരിക്കുന്ന അവൻ്റെ ശരീരമായ ദൈവസഭയിൽ ആദ്യമായി പ്രവേശനം സിദ്ധിച്ചത് കൊർന്നേല്യൊസിനും കുടുബത്തിനുമാണ്. (പ്രവൃ, 8:34-48). ക്രിസ്തു കല്പിച്ച ക്രമപ്രകാരമാണ് പത്രൊസ് യെഹൂദരോടും (പ്രവൃ, 2:38-41) ശമര്യരോടും (8:14-17) ജാതികളെയും (10:44-48) സുവിശേഷം അറിയിച്ച് ദൈവസഭയിലേക്ക് പ്രവേശനം നല്കിയത്. (പ്രവൃ, 1:8). അതിനുള്ള അധികാരം ക്രിസ്തു പത്രൊസിനെയാണ് ഏല്പിച്ചിരുന്നത്. (മത്താ, 16:19). കൊർന്നേല്യൊസിൻ്റെയും കുടുബത്തിൻ്റെയും രക്ഷാനുഭവത്തിൻ്റെ നേർചിത്രം ബൈബിളിലുണ്ട്: (8:34-48) കൊർന്നേല്യസിനോടു ദൂതൻ പ്രത്യക്ഷനായി പറഞ്ഞത്; പത്രൊസിനെ വരുത്തുക; രക്ഷിക്കപ്പെടുവാനുള്ള ജലസ്നാനം നിന്നെ അവൻ കഴിപ്പിക്കുമെന്നല്ല; രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ (വചനം) അവൻ നിന്നോടു പറയുമെന്നാണ് പറഞ്ഞത്: (പ്രവൃ,11:14). പത്രൊസ് രക്ഷയുടെ ആ വാക്കുകളെ അഥവാ സുവിശേഷം പ്രസംഗിക്കുമ്പോൾത്തന്നെ വചനം കേട്ട എല്ലാവരുടെമേലും പരിശുദ്ധാത്മാവ് വന്നു. (പ്രവൃ, 10:44). അതിനുശേഷമാണ് അഥവാ, അവർ രക്ഷിക്കപ്പെട്ട ശേഷമാണ് ജലസ്നാനം കഴിപ്പിക്കാൻ പത്രൊസ് കല്പിച്ചത്. (10:48). ക്രിസ്തുവിനെ വിശ്വസിക്കാനുള്ള നമ്മുടെ വിശ്വാസംപോലും ആത്മാസ്നാനാന്തരം കൃപയാൽ നമുക്കു ലഭിക്കുന്നതാണ്: “ഞാൻ വിശ്വസിച്ചു, അതുകൊണ്ടു ഞാൻ സംസാരിച്ചു” എന്നു എഴുതിയിരിക്കുന്നതു പോലെ വിശ്വാസത്തിന്റെ അതേ ആത്മാവു ഞങ്ങൾക്കുള്ളതിനാൽ ഞങ്ങളും വിശ്വസിക്കുന്നു അതുകൊണ്ടു സംസാരിക്കുന്നു.” (2കൊരി, 4:13. ഒ.നോ: എഫെ, 2:8,9). കൊർന്നേല്യൊസിൻ്റെ ഭവനത്തിലെ സംഭവം യെരൂശലേം സഭയിൽ അവതരിപ്പിക്കുമ്പോൾ പത്രൊസ് പറഞ്ഞത്: “ഞാൻ സംസാരിച്ചു തുടങ്ങിയപ്പോഴേക്കു പരിശുദ്ധാത്മാവു ആദിയിൽ നമ്മുടെമേൽ എന്നപോലെ അവരുടെ മേലും വന്നു. അപ്പോൾ ഞാൻ: യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു; നിങ്ങൾക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കർത്താവു പറഞ്ഞ വാക്കു ഓർത്തു. ആകയാൽ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ?” (പ്രവൃ, 11:15-17). യോഹന്നാൻ മുന്നറിയിച്ചതും (മത്താ, 3:11) കർത്താവ് വാഗ്ദത്തം ചെയ്തതും (പ്രവൃ, 1:5) പെന്തെക്കൊസ്തുനാളിൽ അപ്പൊസ്തലന്മാരിലൂടെ ആരംഭിച്ച് (പ്രവൃ, 2:1-4) യെഹൂദർ (2:37-42) ശമര്യർ (8:14-17) ജാതികളിലൂടെ പുരോഗമിച്ച (10:44-48) ആത്മസ്നാനം, അവസാന വ്യക്തിയും ക്രിസ്തുവിൻ്റെ ശരീരമായ ദൈവസഭയോടു ചേർക്കുന്നതുവരെ തടർന്നുകൊണ്ടിരിക്കും. (എഫെ, 2:21,22).
ആത്മസ്നാനവും വീണ്ടുംജനനവും: സുവിശേഷം യേശക്രിസ്തുവാണ്: “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക; അതാകുന്നു സുവിശേഷം” (2തിമൊ, 2:8). സുവിശേഷം യേശുക്രിസ്തുവിൻ്റെ നാമത്തെക്കുറിച്ചുള്ളതാണ്: “എന്നാൽ ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന ഫിലിപ്പൊസിനെ അവർ വിശ്വസിച്ചപ്പോൾ പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു.” (പ്രവൃ, 8:12). സുവിശേഷം അറിയിക്കുന്നത് പരിശുദ്ധാത്മാവിലാണ്: “സ്വർഗ്ഗത്തിൽ നിന്നു അയച്ച പരിശുദ്ധാത്മാവിനാൽ നിങ്ങളോടു സുവിശേഷം അറിയിച്ചവർ അതു ഇപ്പോൾ നിങ്ങളെ ഗ്രഹിപ്പിച്ചിരിക്കുന്നു. അതിലേക്കു ദൈവദൂതന്മാരും കുനിഞ്ഞുനോക്കുവാൻ ആഗ്രഹിക്കുന്നു.” (1പത്രൊ, 1:12. ഒ.നോ 1തെസ്സ, 1:5). സുവിശേഷത്താലാണ് ആത്മാവ് ലഭിക്കുന്നത് അഥവാ, ആത്മസ്നാനം നടക്കുന്നത്: “ഞാൻ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ?” (ഗലാ, 3:2. ഒ.നോ: 3:5; എഫെ, 1:13,14). ആത്മാവാണ് ദൈവത്തിൻ്റെ ആദ്യദാനം: “ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു.” (റോമ, 8:23). ആത്മാവിനാലും ദൈവവചനത്താലുമാണ് വ്യക്തി വീണ്ടും ജനിക്കുന്നത്. ആത്മാവിലുള്ള ജനനം: “ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു.” (യോഹ, 3:6. ഒ.നോ: 3:5,8). “ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു.” (യോഹ, 6:63. ഒ.നോ: റോമ, 8:11; 2കൊരി, 3:6). ദൈവവചനത്താലുള്ള ജനനം: “കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.” (1പത്രൊ, 1:23. ഒ.നോ: 2തെസ്സ, 2:14; യാക്കോ, 1:18; 1:21). സുവിശേഷമായ യേശുക്രിസ്തുവിലൂടെയാണ് ആത്മാവു ലഭിക്കുന്നതെന്നും ആത്മാവിനാലും സുവിശേഷത്താലുമാണ് വീണ്ടുംജനിക്കുന്നതെന്നും അഭിന്നമായി പറഞ്ഞിരിക്കയാൽ, സുവിശേഷമായ ക്രിസ്തുവിലൂടെയുള്ള ആത്മാവെന്ന ആദ്യദാനത്തിലൂടെയാണ് വ്യക്തി വീണ്ടും ജനിക്കുന്നതെന്ന് വ്യക്തമാണല്ലോ? ആത്മാവിലുള്ള സ്നാനത്താലാണ് വ്യക്തി ക്രിസ്തുവിൻ്റെ മരണത്തോടും പുനരുത്ഥാനത്തോടും ഏകീഭവിക്കുന്നത്: ”ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. അതിൽ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ.” (ഗലാ, 3:27-28). യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.” (1കൊരി, 12:13). “സ്നാനത്തിൽ നിങ്ങൾ അവനോടുകൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേല്പിച്ച ദൈവത്തിന്റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താൽ അവനോടുകൂടെ നിങ്ങളും ഉയിർത്തെഴുന്നേൽക്കയും ചെയ്തു.” (കൊലൊ, 2:12. ഒ.നോ: യോഹ, 3:3,5,8; റോമ, 4:24,25; 6:3; 6:8; 7:4; 1കൊരി, 12:13; ഗലാ, 3:27; എഫെ, 2:4,5,8; 4:5; കൊലൊ, 3:1). ക്രിസ്തുവാകുന്ന ദൈവനിവസത്തിൻ്റെ അടിസ്ഥാനത്തോടു നമ്മെച്ചേർത്തു പണിയുന്നത് ആത്മാവാണ്: “അവനിൽ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന്നു ആത്മാവിനാൽ ഒന്നിച്ചു പണിതുവരുന്നു.” (എഫെ, 2:22). സുവിശേഷത്താൽ ലഭിക്കുന്ന ആത്മാവിനാൽ അഥവാ, ആത്മസ്നാനത്താൽ വ്യക്തി തൻ്റെ പാപങ്ങളിൽ ക്രിസ്തുവിനോടുകൂടി മരിക്കുകയും അവനോടുകൂടി പുതുജീവനോടെ ഉയിർക്കുകയും ചെയ്യുന്നതാണ് വീണ്ടുംജനനം. സുവിശേഷത്താൽ ദാനമായി ലഭിച്ച ആത്മാവിനാൽ വീണ്ടുംജനനം പ്രാപിച്ച വ്യക്തി വീണ്ടും മരിച്ചടക്കപ്പെടേണ്ട ആവശ്യമില്ല. അതിനാൽ ജലസ്നാനം ആത്മികജീവൻ പ്രാപിച്ച വ്യക്തിയുടെ ബാഹ്യസാക്ഷ്യമാണെന്നു മനസ്സിലാക്കാം.
സ്നാനം ഒന്നു: “നിങ്ങളെ വിളിച്ചപ്പോൾ ഏകപ്രത്യാശെക്കായി നിങ്ങളെ വിളിച്ചതുപോലെ ശരീരം ഒന്നു, ആത്മാവു ഒന്നു, കർത്താവു ഒരുവൻ, വിശ്വാസം ഒന്നു, സ്നാനം ഒന്നു, എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെ, 4:4-6). ഈ വേദഭാഗത്തെ സ്നാനത്തെ ജലസ്നാനമായി മനസ്സിലാക്കുന്നവരുണ്ട്. എന്നാൽ ജലസ്നാനമല്ല; ആത്മസ്നാനമാണ് ഈ വേദഭാഗത്തെ വിഷയം. മേല്പറഞ്ഞ വേദഭാഗത്ത് ഏഴ് കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്; അത് ഏഴും ഭൗതികമല്ല; ആത്മികമാണ്: 1. ഏകപ്രത്യാശ, 2. ഏകശരീരം, 3. ഏകാത്മാവ്, 4. ഏകകർത്താവ്, 5. ഏകവിശ്വാസം, 6. ഏകസ്നാനം, 7. ഏകദൈവം. ഏകപ്രത്യാശ: ലോകപ്രകാരമുള്ള പ്രത്യാശയാലല്ല വിശ്വാസി രക്ഷിക്കപ്പെടുന്നതും ജീവിക്കുന്നതും. കൃപയാലുള്ള പ്രത്യാശയാലാണ്. നിലനില്ക്കുന്ന കൃപാവരങ്ങളിൽ ഒന്നാണ് പ്രത്യാശ: (1കൊരി, 13:13). പ്രത്യാശയാലാണ് നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്: (റോമ, 8:24). ഏകശരീരം: ക്രിസ്തു തലയായിരിക്കുന്ന അവൻ്റെ ഏകശരീരമായ സഭയെക്കുറിച്ചാണ്: (കൊലൊ, 3:15. ഒ.നോ: 1കൊരി, 12:12,13; എഫെ, 1:23; 2:16; 3:6; കൊലൊ, 2:19; 3:15). ഇവിടെ പറഞ്ഞിരിരിക്കുന്ന ശരീരം ജഡശരീരമല്ല; ആത്മശരീരമാണ് അഥവാ ക്രിസ്തുവിൻ്റെ മാർമ്മികശരീരമാണ്. ഏകാത്മാവ്: യെഹൂദനെന്നും യവനൻ അഥവാ, ജാതികളെന്നും വ്യത്യാസമില്ലാതെ ഏകാത്മാവിലാണ് നമുക്കു പിതാവിങ്കലേക്കു പ്രവേശനം ലഭിച്ചത്: (എഫെ, 2:18. ഒ.നോ: യോഹ, 3:6,8; 1കൊരി, 12:13; എഫെ, 1:13,14). ഏകകർത്താവ്: യേശുക്രിസ്തുവെന്ന ഏകകർത്താവാണ് നമുക്കുള്ളത്: (ലൂക്കൊ, 2:11; പ്രവൃ, 2:36; 1കൊരി, 8:6). ഏകവിശ്വാസം: ലോകപ്രകാരമുള്ള വിശ്വാസത്താലല്ല, കൃപയാലുള്ള വിശ്വാസത്താലാണ് വ്യക്തികൾ രക്ഷപ്രാപിക്കുന്നത്: (എഫെ, 2:5,8). നിലനില്ക്കുന്ന കൃപാവരങ്ങളിലൊന്നാണ് വിശ്വാസം: (1കൊരി, 13:13). ഏകസ്നാനം: ജലസ്നാനത്താലല്ല, ഏകാത്മസ്നാനത്താലാണ് വ്യക്തികൾ ക്രിസ്തുവിൻ്റെ ശരീരമായ സഭയോടു ചേരുന്നത്: (1കൊരി, 12:12,13. ഒ.നോ: മത്താ, 3:11; മർക്കൊ, 1:8; ലൂക്കൊ, 3:16; യോഹ, 1:33; 20:22; പ്രവൃ, 1:5; 2:1-4; 11:16; റോമ, 15:15; 1കൊരി, 12:3; എഫെ, 1:14; 2:18; 2തെസ്സ, 2:13; തീത്തൊ, 3:7; എബ്രാ, 6:4). മൂലക്കല്ലായ ക്രിസ്തുവിനോടും അപ്പൊസ്തലന്മാരും പ്രവാചകന്മാരുമെന്ന അടിസ്ഥാനത്തോടും നമ്മെച്ചേർത്തു പണിയുന്നത് ആത്മാവിനാലാണ്: (എഫെ, 2:20-22). ഏകദൈവപിതാവ്: പിതാവായ ഏകദൈവമേ നമുക്കുള്ളു: (യോഹ, 5:44; 8:41; 17:3; 1കൊരി, 8:4,6; 1തിമൊ, 1:17; എബ്രാ, 2:11 യൂദാ, 1:24). ഏകാത്മസ്നാനത്താലാണ് ഏകശരീരത്തിൽ വിശ്വാസികൾ അംഗങ്ങളാകുന്നത്: “ശരീരം ഒന്നും, അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും. യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.” (1കൊരി, 12:12,13). സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതുമെല്ലാം പിന്നെയും ക്രിസ്തുവിൽ ഒന്നായിച്ചേർക്കുവാനുള്ള കാലസമ്പൂർണ്ണതയിലെ വ്യവസ്ഥെക്കായിട്ടാണ് പരിശുദ്ധാത്മസ്നാനത്താൽ നമ്മെ ഒന്നാക്കിയിരിക്കുന്നത്: (എഫെ, 1:10-14).
‘സ്നാനം ഒന്നു’ എന്നു പറഞ്ഞിരിക്കുന്നത് ജലസ്നാനമല്ല; ആത്മസ്നാനമാണെന്നതിന് ശക്തമായ ഒരു തെളിവുകൂടി തരാം: പൗലൊസാണല്ലോ സ്നാനം ഒന്നെന്നു പറഞ്ഞിരിക്കുന്നത്; അതേ പൗലൊസ് തന്നെ കൊരിന്ത്യരോടു പറയുന്നു: “സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു.” (1കൊരി, 1:17). ഇവിടെ പറയുന്ന സ്നാനം ആത്മസ്നാനമല്ല; ജലസ്നാനമാണ്. മനുഷ്യർക്കു കൊടുക്കാൻ കഴിയുന്നത് ജലസ്നാനമാണ്; ആത്മസ്നാനം ദൈവം നല്കുന്നതാണ്. (പ്രവൃ. 11:17; 1കൊരി, 6:19). കൊരിന്ത്യരോടു പറയുന്നകാര്യം വ്യക്തമായി മനസ്സിലാക്കാൻ അന്ത്യൊക്യയിലെ പള്ളിയിൽവെച്ചുള്ള പൗലൊസിൻ്റെ മറ്റൊരു പ്രസ്താവനയും ചേർത്തുചിന്തിക്കണം: “നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കർത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ടു.” (പ്രവൃ, 13:47. ഒ.നോ: യെശ, 49:6). ജലസ്നാനം കൂടാതെ രക്ഷ കിട്ടില്ലെങ്കിൽ, ഭൂമിയുടെ അറ്റത്തോളം രക്ഷയാകേണ്ടതിന്നു പൗലൊസിനെ കർത്താവ് അയച്ചിരിക്കെ, എന്നെ സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ കർത്താവ് എന്നെ അയച്ചതെന്നു എങ്ങനെ പറയാൻ കഴിയും? ഇനി, പൗലൊസിനോടു കർത്താവ് പറഞ്ഞ മറ്റൊരു കാര്യംകൂടി താൻ പറയുന്നുണ്ട്: “ജനത്തിന്നു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന്നു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയക്കുന്നു എന്നു കല്പിച്ചു.” (പ്രവൃ, 26:18). പാപമോചനവും ക്രിസ്തുവിവിലുള്ള വിശ്വാസവും ശുദ്ധീകരിക്കപ്പെട്ടവരുടെ അവകാശവും ലഭിക്കുന്നത് ജലസ്നാനത്താലാണെങ്കിൽ, എന്നെ സ്നാനം കഴിപ്പിപ്പാനല്ല അയച്ചതെന്ന് പൗലൊസ് പറയുമോ? അപ്പോൾ രക്ഷയ്ക്കായുള്ളത് ജലസ്നാനമല്ല; ആത്മസ്നാനമാണ്. അത് സുവിശേഷത്തിലൂടെ കർത്താവ് ദാനമായി നല്കുന്നതാണ്. (ഗലാ, 3:2,5; എഫെ,1:13,14). ദൈവം തൻ്റെ ക്രിസ്തുവിലൂടെ ഒരുക്കിയിരിക്കുന്ന രക്ഷയ്ക്കായി ഒരേയൊരു സ്നാനമേയുള്ളു; അത് തൻ്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷത്തിൽ ദൈവം ദാനമായി നല്കുന്നതാണ്. സുവിശേഷം പ്രസംഗിക്കുവാൻ ക്രിസ്തുവിൽ നിന്നും പ്രത്യേകം നിയോഗം പ്രാപിച്ച അപ്പൊസ്തലനായിരുന്നു പൗലൊസ്. പ്രസ്തുത നിയോഗത്തിന്റെ ഭാഗമായിരുന്നില്ല ജലസ്നാനം. അതുകൊണ്ടാണ് പൗലൊസ് പറഞ്ഞത്; സ്നാനം അഥവാ ജലസ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു.
ജലസ്നാനം: ജലസ്നാനം രക്ഷയുടെ ഉപാധിയല്ല; രക്ഷിക്കപ്പെട്ടവർ അനുഷ്ഠിക്കേണ്ട പ്രഥമവും പ്രധാനവുമായ ക്രിസ്തീയ കർമ്മമാണ്; അഥവാ രക്ഷാനന്തര പ്രവൃത്തിയാണ്. വീണ്ടെടുക്കപ്പെട്ട വ്യക്തിയുടെ ആത്മാവു ക്രിസ്തുവിനോടു ചേർന്നു എന്നതിന്റെ ബാഹ്യ അടയാളമാണ് ക്രിസ്തീയ സ്നാനം. ദൈവം വാഗ്ദാനം ചെയ്ത രക്ഷയുടെ നിവൃത്തിയായിരുന്നു ക്രിസ്തുവിന്റെ ആഗമനം. ക്രിസ്തുയേശുവിലെ വിശ്വാസത്താൽ ഈ രക്ഷയിൽ പങ്കാളിയായതിനെ ചൂണ്ടിക്കാണിക്കുകയാണ് ക്രിസ്തു വ്യവസ്ഥാപനം ചെയ്ത സ്നാനം. കർത്താവ് നല്കിയ മഹാനിയോഗമനുസരിച്ചാണ് അപ്പൊസ്തലന്മാർ സ്നാനം നല്കിയതും, സഭ ഇന്നും അതു അനുവർത്തിക്കുന്നതും. (മത്താ, 28:19,20; മർക്കൊ, 16:15,16). മഹാനിയോഗത്തോടൊപ്പം കർത്താവ് നല്കിയ വാഗ്ദത്തമാണ് “ഞാനോ യുഗാന്ത്യം വരെയും എപ്പോഴും നിങ്ങളോടു കൂടെ ഉണ്ടായിരിക്കും” എന്നത്. അപ്പൊസ്തലന്മാർ യുഗാവസാനംവരെ ജീവിച്ചിരുന്നില്ല. എന്നാൽ സഭ യുഗാവസാനംവരെ ഭൂമിയിൽ ഉണ്ടായിരിക്കും. സഭയുടെ പ്രതിനിധികൾ എന്ന നിലയ്ക്കാണ് കർത്താവ് ഈ കല്പന ശിഷ്യന്മാർക്കു നല്കിയത്. അതിനാൽ കർത്താവിന്റെ വരവുവരെയും തുടരേണ്ട അനുഷ്ഠാനമാണ് സ്നാനം കഴിപ്പിക്കൽ.
ജലസ്നാനത്തിൻ്റെ ആവശ്യകത: ഒന്നാമത്, യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള ജലസ്നാനം എന്തിനാണെന്ന് സ്നാനത്തെക്കുറിച്ചുള്ള കർത്താവിൻ്റെ കല്പനയിൽത്തന്നെ പറഞ്ഞിട്ടുണ്ട്: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.” (മത്താ, 28:19-20). ഈ വേദഭാഗത്ത്, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അഥവാ, യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിക്കുന്നത് എന്തിനാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. “സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” എന്നാണ് പറയുന്നത്. രക്ഷിതാവും കർത്താവുമായ ക്രിസ്തുവിൻ്റെ ശിഷ്യരാകാനുള്ളതാണ് സ്നാനം. ഒന്നുകൂടി പറയാം: ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് നമ്മുടെ രക്ഷിതാവും കർത്താവും ആക്കിവെച്ച യേശുവിൻ്റെ ശിഷ്യരാകാനുള്ള കർമ്മമാണ് സ്നാനം. (പ്രവൃ, 2:23-24,36; 5:31). അതായത്, ഞാനിനി ലോകത്തിൻ്റെ വകയല്ല; ദൈവത്തിൻ്റെ വകയാണെന്ന് ലോകത്തോടു വിളിച്ചുപറയുന്നത് പരസ്യമായി കഴിക്കുന്ന ജലസ്നാനത്താലാണ്. സുവിശേഷം അറിയിക്കാൻ പൗലൊസിനെ അയക്കുമ്പോൾ, കർത്താവ് കല്പിച്ചതുകൂടി ഇതിനൊപ്പം ചിന്തിക്കണം: “അവർക്കു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന്നു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽനിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയക്കുന്നു എന്നു കല്പിച്ചു.” (പ്രവൃ, 26:18). ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽനിന്നു ദൈവത്തിങ്കലേക്കും തിരിക്കുന്നതാണ് സുവിശേഷം. അഥവാ, ദൈവം തൻ്റെ ക്രിസ്തുവിലൂടെ ഒരുക്കിയ സുവിശേഷത്താൽ മനുഷ്യർക്ക് ദാനമായി ലഭിക്കുന്നതാണ് മാനസാന്തരവും പാപമോചനവും രക്ഷയും. അതിനാൽ, സാത്താൻ്റെ അധീനതയിലുള്ള ലോകത്തിൻ്റെ അടിമത്വത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രാപിച്ച് ക്രിസ്തുവിൻ്റെ അനുയായി ആകുന്നുവെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നതാണ് ജലസ്നാനം. ലോകത്തിൻ്റെ ഏതെങ്കിലുമൊരു കൂട്ടായ്മയിൽനിന്നു ദൈവത്തിൻ്റെ കൂട്ടായ്മയിൽ ചേരുന്നതിനെയും ജലസ്നാനം കാണിക്കുന്നു. ഒപ്പം, രക്ഷിക്കപ്പെട്ടവൻ്റെ ബാഹ്യസാക്ഷ്യവും നല്ല മനസ്സാക്ഷിക്കുള്ള അപേക്ഷയും കൂടിയാണ് ജലസ്നാനം: (1പത്രൊ, 3:21). തന്മൂലം, രക്ഷിക്കപ്പെട്ടവൻ അനുഷ്ഠിക്കേണ്ട പ്രഥമവും പധാനവുമായ ക്രിസ്തീയ കർമ്മമാണ് ജലസ്നാനം എന്ന് മനസ്സിലാക്കാം. അല്ലാതെ, രക്ഷിക്കപ്പെടാൻ വേണ്ടിയല്ല സ്നാനം ഏല്ക്കേണ്ടത്. ആദിമസഭയിൽ ജലസ്നാനം സാർവ്വത്രികമായിരുന്നു. (പ്രവൃ, 2:41; 8:12, 8:38; 9:18; 10:47,48; 16:14,15,33; 18:8; 19:5).
ഒന്നുകൂടി വ്യക്തമാക്കിയാൽ: ദൈവമക്കൾ ആകാനല്ല സ്നാനം ഏല്ക്കേണ്ടത്; ദൈവമക്കളായവർ അനുഷ്ഠിക്കേണ്ടതാണ് സ്നാനം. ക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനമാണ് മനുഷ്യൻ്റെ രക്ഷ. “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). പത്രൊസ് അപ്പൊസ്തലൻ പറയുന്നത് നോക്കുക: “കര്‍ത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു.” (പ്രവൃ, 15:11}. ക്രിസ്തുവിൻ്റെ കൃപയാലാണ് രക്ഷ പ്രാപിക്കുന്നത്; അല്ലാതെ, യാതൊരു പ്രവൃത്തിയാലുമല്ല മനുഷ്യൻ രക്ഷ പ്രാപിക്കുന്നത്. “കാരാഗൃഹ പ്രമാണിയുടെ പ്രസിദ്ധമായ ഒരു ചോദ്യമുണ്ട്: രക്ഷ പ്രാപിപ്പാൻ ഞാൻ എന്ത് ചെയ്യണം.” (പ്രവൃ, 16:30). അതിൻ്റെ ഉത്തരമാണ്: “കർത്താവായ യേശുവിൽ വിശ്വസിക്ക; നീയും നിൻ്റെ കുടുബവും രക്ഷ പ്രാപിക്കും.” (പ്രവൃ, 16:31). ക്രിസ്തുവാകുന്ന, അവൻ്റെ നാമത്തെക്കുറിച്ചുള്ള സുവിശേഷത്താൽ രക്ഷ പ്രാപിച്ചവരാണ് ദൈവമക്കളാകുന്നത്. (2തിമൊ, 2:8; പ്രവൃ, 8;12; യോഹ, 3:15-18; 20:31). ദൈവത്തിൻ്റെ മക്കൾ ഒഴികഴിവില്ലാതെ അനുസരിക്കേണ്ട കല്പനയാണ് സ്നാനം. അല്ലാതെ മക്കളാകാൻവേണ്ടി അനുസരിക്കേണ്ട കല്പനയല്ല. എന്തെന്നാൽ, കല്പന അനുസരിക്കാൻ പോയിട്ട് ജീവൻപോലും ഇല്ലാത്തവരായിരുന്നു നമ്മൾ. നമ്മുടെ പഴയ അവസ്ഥ അപ്പൊസ്തലൻ വ്യക്തമാക്കിയിട്ടുണ്ട്: പ്രകൃതിയാൽ ജാതികളും പരിച്ഛേദനക്കാരാൽ അഗ്രചർമ്മക്കാർ എന്നു വിളിക്കപ്പെട്ടിരുന്നവരും ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേൽപൌരതയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങൾക്കു അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും പാപത്തിൽ മരിച്ചവരും ആയിരുന്നു: (എഫെ, 2:1,5,11,13). ദൈവത്തിൻ്റെ കല്പന അനുസരിക്കേണ്ടത് അവൻ്റെ മക്കളും ദാസന്മാരുമാണ്. ദൈവവുമായി ഒരു ബന്ധവുമില്ലാതെ പാപത്തിൽ മരിച്ചവരായിരുന്ന ജാതികൾ കല്പന എന്തിനനുസരിക്കും; എങ്ങനെയനുസരിക്കും? ഒന്നാമത്; നമുക്ക് യാതൊരു ബന്ധവുമില്ലാത്ത ഒരാളുടെ കല്പന അനുസരിക്കാൻ നാം ബാധ്യസ്ഥരല്ല. ഒരുദാഹരണം പറയാം: ‘എന്റെ ജനത്തെ വിട്ടയക്കേണം എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു’ എന്നു മോശെയും അഹരോനും ഫറവോനോടു പറഞ്ഞപ്പോൾ, അവൻ്റെ മറുപടി: “യിസ്രായേലിനെ വിട്ടയപ്പാൻ തക്കവണ്ണം ഞാൻ യഹോവയുടെ വാക്കു കേൾക്കേണ്ടതിന്നു അവൻ ആർ? ഞാൻ യഹോവയെ അറികയില്ല; ഞാൻ യിസ്രായേലിനെ വിട്ടയക്കയുമില്ല” എന്നാണ് പറഞ്ഞത്. (പുറ, 5:1,2). ഫറവോനു യഹോവയെ അറിയില്ല; മിസ്രയീമ്യരുടെ ദേവന്മാർ ആരെങ്കിലും പറഞ്ഞുവെന്ന് പറഞ്ഞാൽ ചിലപ്പോൾ അവൻ അനുസരിക്കും. അതുതന്നെയാണ് ദൈവവുമായി ഒരു ബന്ധവുമില്ലാത്ത ജാതികളോടു ‘നീ സ്നാനമേറ്റാൽ രക്ഷിക്കപ്പെടുന്നു പറഞ്ഞാലുള്ള സ്ഥിതി; അവൻ അനുസരിക്കാൻ കൂട്ടാക്കില്ല. രണ്ടാമത്; ആത്മികമായി മരിച്ചവർക്ക് ഒരു കല്പനയും അനുസരിക്കാൻ കഴിയില്ല. അതിന്, ആദ്യം ജീവനുണ്ടാകണം. ആത്മികമായി മരിച്ച അവസ്ഥയിലുള്ള ഒരാൾ, ആത്മികമായ കല്പന എങ്ങനെ അനുസരിക്കും? അതിനു ആത്മിക ജീവൻ പ്രാപിക്കണം. അതിന് ആദ്യം സുവിശേഷം കൈക്കൊള്ളണം. (പ്രവൃ, 2:41). സുവിശേഷത്താൽ ആത്മാവ് ലഭിക്കും; ആത്മിക ജീവൻ പ്രാപിക്കും; ദൊവമക്കളാകും. (യോഹ, 3:5-8; 20:31; പ്രവൃ, 10:44; ഗലാ, 3:2,5; എഫെ, 1:13-14). ദൈവവുമായി പിതൃപുത്ര ബന്ധത്തിലാകുന്ന വ്യക്തി, ക്രിസ്തുവിൻ്റെ ശിഷ്യത്വം സ്വീകരിക്കാനായി ദൈവകല്പനയായ സ്നാനം സ്വീകരിക്കും. ക്രിസ്തുവിൻ്റെ കാൽച്ചുവട് പിന്തുടരുവാനാണ് നമ്മളെ വിളിച്ചിരിക്കുന്നത്. (1പത്രൊ, 2ൻ്റെ21). അതിൻ്റെ ആദ്യ പടിയായാണ് സ്നാനം.
ജലത്തിൽ സ്നാനപ്പെടുന്നതു എപ്പോൾ: വിശ്വാസം ഏറ്റുപറയുന്ന സമയത്തു സ്ഥാനപ്പെടുന്നതായാണ് അപ്പൊസ്തലപ്രവൃത്തികളിൽ നാം കാണുന്നത്. കേൾക്കുക, കൈക്കൊള്ളുക, വിശ്വസിക്കുക, സ്നാനപ്പെടുക എന്നതാണു പുതിയനിയമ മാതൃക: (പ്രവൃ, 2:41), ശമര്യരുടെ സ്നാനം (പ്രവൃ, 8:12), ഷണ്ഡൻ്റെ സ്നാനം (പ്രവൃ, 9:35-38), കൊർന്നേല്യൊസിന്റെയും ചാർച്ചക്കാരുടെയും സ്നാനം (പ്രവൃ, 10:44-48) ലുദിയയുടെയും കുടുംബത്തിന്റെയും സ്നാനം (പ്രവൃ, 16:14,15), കാരാഗൃഹ പ്രമാണിയുടെയും കുടുംബത്തിന്റെയും സ്നാനം (പ്രവൃ, 16:32,33), ക്രിസ്പൊസിന്റെയും കുടുംബത്തിന്റെയും, അനേകം കൊരിന്ത്യരുടെയും സ്നാനം (പ്രവൃ,18:8), എഫെസൊസിലെ വിശ്വാസികളുടെ സ്നാനം (പ്രവൃ, 19:4,5) എന്നിവയും നോക്കുക. സുവിശേഷം കേൾക്കുക അഥവാ, കൈക്കൊള്ളുക എന്നത് സഭയുടെ അടിസ്ഥാന ഉപദേശങ്ങളിൽ ആദ്യത്തേതാണ്: (പ്രവൃ, 2:41,42). ‘വിശ്വസിക്കുക’ എന്നത് സുവിശേഷ കേൾവിയാൽ ഉളവാകുന്ന ആത്മസ്നാനത്താൽ ലഭിക്കുന്ന കൃപയാണ്: (1കൊരി, 13:13; ഗലാ, 3:2; എഫെ, 1:13,14; 2:5,8). “പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.” (1കൊരി, 12:3). സുവിശേഷത്താൽ ലഭിക്കുന്ന ആത്മസ്നാനത്താൽ വ്യക്തിയുടെ ഹൃദയത്തിൽനിന്നു സ്വാഭാവികമായി ഉളവാകുന്ന സാക്ഷ്യമാണ്: യേശുവെൻ്റെ കർത്താവും രക്ഷിതാവുമാണെന്നുള്ളത്. ആ സാക്ഷ്യത്തിൻ്റെ വെളിച്ചത്തിലാണ് ജലസ്നാനം നല്കുന്നത്. “നീ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം.” (പ്രവൃ, 8:37). സഭയുടെ അടിസ്ഥാന ഉപദേശങ്ങളിൽ രണ്ടാമത്തേതാണ് സ്നാനം: (പ്രവൃ, 2:41,42). അടിസ്ഥാന ഉപദേശങ്ങൾ: “അവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേർ അവരോടു ചേർന്നു. അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാർത്ഥന കഴിച്ചും പോന്നു.” (പ്രവൃ, 2:41,42). “Then they that gladly received his word, were baptized, and the same day there were added to the Church about three thousand souls. And they continued in the Apostles’ doctrine, and fellowship, and breaking of bread, and prayers.” (GNV 1599). 1. ദൈവവചനം കൈക്കൊള്ളുക. (അവന്റെ വാക്കു കൈക്കൊണ്ടവർ = പത്രൊസിൽനിന്നു ദൈവവചനം കൈക്കൊണ്ടവർ). (2:41). 2. സ്നാനം ഏല്ക്കുക. (2:41). 3. സഭയോടു ചേരുക (അവരോടു ചേർന്നു = പ്രാദേശിക സഭയോടു ചേരുക). (2:41). 4. ഉപദേശം കേൾക്കുക. (2:42). 5. കൂട്ടായ്മ ആചരിക്കുക (2:42). 6. അപ്പം നുറക്കുക. (2:42). 7. പ്രാർത്ഥന കഴിക്കുക. (2:42). പ്രവൃത്തികൾ 2:38-ലെ ‘മാനസാന്തരം’ തുടങ്ങിയാണ് അടിസ്ഥാന ഉപദേശങ്ങളെന്ന് മനസ്സിലാക്കുന്നവരുണ്ട്; തെറ്റാണത്. ലോകപ്രകാരമുള്ള മാനസാന്തരം മാത്രമേ ഒരു വ്യക്തിക്ക് സ്വയമായി ഉളവാക്കാൻ കഴിയുകയുള്ളു; ആ മാനസാന്തരം ജീവൻ നല്കുന്നതല്ല; മരണം ഉളവാക്കുന്നതാണ്. ദൈവഹിതപ്രകാരമുള്ള മാനസാന്തരമാണ് വ്യക്തിക്ക് ജീവൻ നല്കുന്നത്. അത് ദൈവത്തിൻ്റെ വചനം അഥവാ സുവിശേഷത്താൽ ലഭിക്കുന്ന പരിശുദ്ധാത്മാവിൻ്റെ ദാനമാണ്. (2കൊരി, 7:8-10; ഗലാ, 3:2; എഫെ, 1:13,14). ‘അവരോടു ചേർന്നു’ അഥവാ, പ്രാദേശിക സഭയോടുചേർന്ന് ദൈവവചനം പഠിക്കുകയും ദൈവത്തെ ആരാധിക്കുകയും ചെയ്യേണ്ടത് രക്ഷിക്കപ്പെട്ട വ്യക്തി ചെയ്യേണ്ടതാണ്. എന്നാൽ ക്രിസ്തുവിൻ്റെ ശരീരമായ സാർവ്വത്രിക സഭയോട് ചേർക്കുന്നത് മനുഷ്യരല്ല; കർത്താവണത് ചെയ്യുന്നത്: “കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു.” (പ്രവൃ, 2:46; 1കൊരി, 12:12,13).
വിശ്വസിക്കുന്നുവെങ്കിൽ ആകാം: “അവർ (ഫിലിപ്പൊസും ഷണ്ഡനും) ഇങ്ങനെ വഴിപോകയിൽ വെള്ളമുള്ളോരു സ്ഥലത്തു എത്തിയപ്പോൾ ഷണ്ഡൻ: ഇതാ വെള്ളം ഞാൻ സ്നാനം ഏല്ക്കുന്നതിന്നു എന്തു വിരോധം എന്നു പറഞ്ഞു. അതിന്നു ഫിലിപ്പൊസ്: നീ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം എന്നു പറഞ്ഞു. യേശുക്രിസ്തു ദൈവപുത്രൻ എന്നു ഞാൻ വിശ്വസിക്കുന്നു എന്നു അവൻ ഉത്തരം പറഞ്ഞു. അങ്ങനെ അവൻ തേർ നിർത്തുവാൻ കല്പിച്ചു; ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, അവൻ അവനെ സ്നാനം കഴിപ്പിച്ചു.” (പ്രവൃ, 8:36-38). ഇതിൻ്റെ 37-ാം വാക്യം സത്യവേദപുസ്തകം ഉൾപ്പെടെ ആധുനിക പരിഭാഷകളിൽ ചിലതിൽ സന്ദിഗ്ധമെന്ന നിലയിൽ ബ്രാക്കറ്റിലിട്ടിരിക്കുന്നതും ചിലതിൽനിന്ന് നീക്കം ചെയ്തിക്കുന്നതായും കാണാം. എന്നാൽ, ഇംഗ്ലീഷിലെ ആദ്യത്തെ പരിഭാഷയായ william tyndale (1526) മൂതൽ Coverdale Bible (1535), Bishops’ Bible (1568), Geneva Bible (1587), King James (1611) തുടങ്ങിയ ആദ്യകാല പരിഭാഷകളിലെല്ലാം മറ്റുപല പരിഭാഷകളിലും ബ്രാക്കറ്റിലല്ലാതെ ഈ വാക്യം കാണാവുന്നതാണ്. അതായത്, ഫിലിപ്പൊസ് ഷണ്ഡനോടു യെശയ്യാപ്രവചനത്തെ ആധാരമാക്കി സുവിശേഷം അറിയിച്ചപ്പോൾത്തന്നെ അവന് ആത്മസ്നാനം അഥവാ, ആത്മാവ് ലഭിച്ചു: (പ്രവൃ, 10:44; ഗലാ, 3:2,5). ആത്മാവാണ് കൃപയാലുള്ള വിശ്വാസം വ്യക്തിക്ക് നല്കുന്നതും വീണ്ടുംജനിപ്പിച്ച് രക്ഷ അണിയിക്കുന്നതും: (2:കൊരി, 4:13; എഫെ, 2:5,8. ഒ.നോ: ഗലാ, 3:2,5). പരിശുദ്ധാത്മാവിനെ കൂടാതെ, യേശു എൻ്റെ രക്ഷിതാവായ കർത്താവാണെന്ന വിശ്വാസം ഏറ്റുപറയാൻ ആർക്കും കഴിയില്ല: (1കൊരി, 12:3). അനന്തരം, അവർ വെള്ളമുള്ളോരു സ്ഥലത്തു എത്തിയപ്പോൾ ഷണ്ഡൻ: ഇതാ വെള്ളം ഞാൻ സ്നാനം ഏല്ക്കുന്നതിന്നു എന്തു വിരോധം എന്നു ചോദിച്ചു. അതിന്നു ഫിലിപ്പൊസ്: നീ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം എന്നു പറയുകയും അവനെ സ്നാനം കഴിപ്പിക്കുകയും ചെയ്തു: (പ്രവൃ, 8:36-38). ഇവിടെ രണ്ടു കാര്യങ്ങൾ കാണാം. ഒന്ന്; യേശുക്രിസ്തുവാകുന്ന (2തിമൊ, 2:8) അവൻ്റെ നാമത്തെക്കുറിച്ചുള്ള (പ്രവൃ, 8:12) സുവിശേഷത്താൽ ലഭിക്കുന്ന ആത്മസ്നാനത്താൽ ഷണ്ഡൻ രക്ഷിക്കപ്പെടുന്നു. രണ്ട്; രക്ഷിക്കപ്പെട്ട ഷണ്ഡൻ്റെ സാക്ഷ്യൻ്റെ വെളിച്ചത്തിൽ ഫിലിപ്പോസ് അവന് ജലസ്നാനം നല്കുന്നു. സുവിശേഷത്താലാണ് ആത്മസ്നാനം ലഭിക്കുന്നത്: (പ്രവൃ, 10:44). എന്നാൽ, ഫിലിപ്പൊസ് സുവിശേഷം അറിയിച്ചിട്ട് ഷണ്ഡൻ്റെ വിശ്വാസം ആരാഞ്ഞശേഷം സ്നാനപ്പെടുത്തിയതായും പത്രൊസ് കൊർന്നേല്യൊസിനോട് വിശ്വാസം ആരായാതെ നേരിട്ട് സ്നാനപ്പെടുത്താൻ കല്പിച്ചതായും കാണാം. അതിൻ്റെ കാരണമെന്താണെന്നു ചോദിച്ചാൽ; ആത്മസ്നാനം ഒരു ആന്തരിക പ്രവൃത്തിയാണ്; ആത്മസ്നാനം ലഭിച്ചവന് തൻ്റെ ഉള്ളത്തിൽ അത് അനുഭവിക്കാൻ കഴിയുമെങ്കിലും അതിന് പ്രത്യേകിച്ച് അടയാളങ്ങളൊന്നുമില്ല: (യോഹ, 3:8; പ്രവൃ, 19:5). അതിനാൽ, ആത്മസ്നത്തോടൊപ്പം പ്രത്യക്ഷമായ ഏന്തെങ്കിലും വരങ്ങളുണ്ടെങ്കിൽ മാത്രമേ, വ്യക്തിക്ക് ആത്മസ്നാനം ലഭിച്ച് രക്ഷിക്കപ്പെട്ടതായി സുവിശേഷകന് മനസ്സിലാകുകയുള്ളു. ഷണ്ഡന് പ്രത്യക്ഷമായ വരങ്ങളൊന്നും ഇല്ലായിരുന്നു; അതുകൊണ്ട് അവൻ്റെ വിശ്വാസം ആരായേണ്ടിവന്നു. കൊർന്നേല്യൊസിനും കുടുംബത്തിനും ആത്മസ്നാനത്തോടൊപ്പം അന്യഭാഷയെന്ന പ്രത്യക്ഷമായൊരു വരവും ഉണ്ടായിരുന്നു; അതിനാൽ, വിശ്വാസം ആരായാതെതന്നെ അവനെ സ്നാനപ്പെടുത്തി. എന്തെന്നാൽ, സുവിശേഷത്താൽ ലഭിക്കുന്ന ആത്മസ്നാനത്താലാണ് വിശ്വാസം ഉളവാകുന്നത്: “ഞാൻ വിശ്വസിച്ചു, അതുകൊണ്ടു ഞാൻ സംസാരിച്ചു” എന്നു എഴുതിയിരിക്കുന്നതു പോലെ വിശ്വാസത്തിന്റെ അതേ ആത്മാവു ഞങ്ങൾക്കുള്ളതിനാൽ ഞങ്ങളും വിശ്വസിക്കുന്നു അതുകൊണ്ടു സംസാരിക്കുന്നു.” (2കൊരി, 4:13). അതായത്, ആത്മസ്നാനത്താൽ രക്ഷിക്കപ്പെട്ടവരിൽനിന്ന് ദൃശ്യമാകുന്ന വരങ്ങളുടെ വെളിച്ചത്തിലോ, രക്ഷിക്കപ്പെട്ടവരുടെ വിശ്വാസത്തിൻ്റെ വെളിച്ചത്തിൽ അഥവാ, വിശ്വാസം ഏറ്റുപറയുന്നതിൻ്റെ വെളിച്ചത്തിലോ ആണ് ജലസ്നാനം നല്കുന്നത്: (പ്രവൃ, 8:37; 1കൊരി, 12:3).
ജലസ്നാനം സ്വീകരിക്കേണ്ട നാമം: രക്ഷിക്കപ്പെട്ട വ്യക്തി യേശുക്രിസ്തുവിൻ്റെ നാമത്തിലാണ് ജലസ്നാനം സ്വീകരിക്കേണ്ടത്: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കുക.” (മത്താ, 28:19). പുതിയനിയമം വെളിപ്പെടുത്തുന്ന പിതാവിൻ്റെ നാമവും പുത്രൻ്റെ നാമവും ഒന്നുതന്നെയാണ്: “നീ എനിക്കു തന്നിരിക്കുന്ന നിൻ്റെ നാമം” എന്നു പുത്രൻ രണ്ടുവട്ടം പിതാവിനോടു പറയുന്നതായി കാണാം: (യോഹ, 17:11; 17:12). അതായത്, പിതാവ് പുത്രനു കൊടുത്ത തൻ്റെ നാമമാണ് യേശു അഥവാ, യേശുക്രിസ്തു. “ഞാൻ എൻ്റെ പിതാവിൻ്റെ നാമത്തിൽ വന്നിരിക്കുന്നു” എന്നു പുത്രൻ പറയുകയുണ്ടായി: (യോഹ, 5:43). സുവിശേഷങ്ങളിൽ ദൈവപുത്രൻ പിതാവിൻ്റെ നാമത്തിൽ പ്രവർത്തിച്ചതായും (യോഹ, 10:25) ശിഷ്യന്മാർ യേശുവിൻ്റെ നാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചതായും കാണാം: (ലൂക്കൊ, 10:17. ഒ.നോ. മർക്കൊ, 9:38; ലൂക്കൊ, 9:49). രണ്ട് വ്യത്യസ്ത നാമങ്ങളിൽ അത്ഭുതങ്ങൾ നടന്നാൽ; പുതിയനിയമം അതിൽത്തന്നെ ഛിദ്രിച്ചുപോകും. എന്തെന്നാൽ പുതിയനിയമത്തിൽ എല്ലാക്കാര്യങ്ങളും യേശുക്രിസ്തു എന്ന ഏകനാമത്തിലാണ് ചെയ്യേണ്ടത്. “നിൻ്റെ നാമത്തെ മഹത്വപ്പെടുത്തേണമേ” എന്നും “പുത്രനെ മഹത്വപ്പെടുത്തേണമേ” എന്നും പുത്രൻ അഭിന്നമായി പറഞ്ഞിരിക്കുന്നത് കാണാം: (യോഹ, 12:28; 17:1). അത് പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നുതന്നെയാണ് എന്നതിൻ്റെ വ്യക്തമായ തെളിവാണ്. “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്യാൻ” കല്പനയുമുണ്ട്. (കൊലൊ, 3:17). എന്നേക്കും ഇരിക്കേണ്ടതിന് പരിശുദ്ധാത്മാവ് വന്നതും യേശുവിൻ്റെ നാമത്തിലാണ്: (യോഹ, 14:16). യഹോവയെന്ന നാമമായിരുന്നു പഴയനിയമത്തിൽ രക്ഷയ്ക്കായുള്ള ഏകനാമം: (യോവേ, 2:32; പ്രവൃ, 2:21). പുതിയനിയമത്തിൽ രക്ഷയ്ക്കായുള്ള ഏകനാമം യേശുക്രിസ്തു ആണ്: (പ്രവൃ, 4:12). പിതാവായ ഏകദൈവമേ നമുക്കുള്ളെന്നു ദൈവപുത്രനും അപ്പൊസ്തലന്മാരും പറയുന്നു: (യോഹ, 17:3; 8:41; 1കൊരി, 8:6; എഫെ, 4:6). അപ്പോൾ, “യേശുക്രിസ്തു” എന്ന നാമം പുത്രൻ്റെ നാമം മാത്രമായാൽ, ആ നാമത്തിലെങ്ങനെ രക്ഷകിട്ടും? (പ്രവൃ, 4:12) മാനസാന്തരവും പാപമോചനം ലഭിക്കും? (ലൂക്കൊ, 24:47; പ്രവൃ, 10:43) അത്ഭുതങ്ങളും അടയാളങ്ങളും നടക്കും? (പ്രവൃ, 4:30. ഒ.നോ: മത്താ, 1:21; സങ്കീ, 118:26–മത്താ, 23:39, യോഹ,10:25, 17:6, യോഹ, 17:26; യെശ, 45:22, യോവേ, 2:32–പ്രവൃ, 2:22; 4:12, റോമ, 10:13). കൂടാതെ, ആദിമസഭ യേശുക്രിസ്തു എന്ന ഏകനാമം വിളിച്ചാണ് അപേക്ഷിച്ചിരുന്നത്: സ്തെഫാനോസും (പ്രവൃ, 7:59), ദമസ്കൊസിലുള്ള സഭയും (പ്രവൃ, 9:14), യെരൂശലേം സഭയും (പ്രവൃ, 9:21), പൗലൊസും (പ്രവൃ, 22:16), കൊരിന്ത്യസഭയും (1കൊരി, 1:2), പൗലൊസ് മൂന്നുട്ടം അപേക്ഷിച്ചതും (2കൊരി, 12:8), തിമൊഥെയൊസിൻ്റെ സഭയും (2തിമൊ, 2:12), ബൈബിൾ എഴുതി അവസാനിപ്പിക്കുമ്പോൾ യോഹന്നാൻ അപ്പൊസ്തലനും (വെളി, 22:20) വിളിച്ചപേക്ഷിച്ചതു യേശുക്രിസ്തുവിൻ്റെ നാമമാണ്. പിതാവിൻ്റെയോ പരിശുദ്ധാത്മാവിൻ്റെയോ നാമം ആരും വിളിച്ചപേക്ഷിച്ചിട്ടില്ല എന്നതും, “അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവർ” എന്ന പൗലൊസിൻ്റെ പ്രസ്താവനയും ചേർത്തു ചിന്തിച്ചാൽ; പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ്, യേശുക്രിസ്തു എന്നു സ്ഫടികസ്ഫുടം വ്യക്തമാകും. (മത്താ, 28:19–പ്രവൃ, 2:38, 8:16, 10:48, 19:5, 22:16). [കാണുക: ഏകസത്യദൈവത്തിൻ്റെ നാമം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്താണ്?, സ്നാനം ഏല്ക്കേണ്ട നാമം]
റോമർ 6:1-11; ഗലാത്യർ 3:27; കൊലൊസ്യർ 2:12,13 തുടങ്ങിയ വേദഭാഗങ്ങൾ ജലസ്നാനത്തെ സൂചിപ്പിക്കുന്നതായി അനേകരും മനസ്സിലാക്കുന്നു. എന്നാൽ ആ വേദഭാഗങ്ങൾ അക്ഷരാർത്ഥത്തിൽ ആത്മസ്നാനത്തെ കുറിച്ചുള്ളതാണ്. മേല്പറഞ്ഞ മൂന്നു പുസ്തകങ്ങളിലും ജലമെന്നൊരു പദംപോലുമില്ല; ആത്മാവിനെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നതു മുഴുവൻ: (റോമ, 5:5; 7:6; 8:2; 8:4; 8:5; 8:6; 8:9; 8:10; 8:11; 8:15; 8:16; 8:23; 8:26; 8:27; 9:2; 12:11; 14:17; 15:13; 15:18; 15:32; ഗാലാ, 3:2; 3:3; 3:5; 3:14; 4:4; 5:5; 5:16; 5:17; 5:18; 5:22; 5:25; 6:1; 6:8; 6:18; കൊലൊ, 1;18; 2:5). ക്രിസ്തുവിനോട് നമ്മെ ഏകീഭവിപ്പിക്കുന്നതും അവൻ്റെ മരണപുരനുത്ഥാനങ്ങളിൽ പങ്കുകാരാക്കുന്നതും തോട്ടിലെ വെള്ളമല്ല; ദൈവത്തിൻ്റെ ആത്മാവാണ്. അതിനാണ് ദൈവം നമുക്ക് ആത്മാവിൽ സ്നാനം നല്കുന്നത്. (മത്താ, 3:11; 1കൊരി, 12:12,13; എഫെ, 1:13,14). ആത്മസ്നാനത്താലാണ് യേശുക്രിസ്തുവിനോട് ചേരുന്നതും (റോമ, 6:3) നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെടുന്നതും (റോമ, 6:6) അവൻ്റെ മരണത്തിൽ പങ്കാളിയാകുന്നതും (റോമ, 6:3) അവനോടുകൂടെ അടക്കപ്പെടുന്നതും (റോമ, 6:4; കൊലൊ, 2:12) അവനോടുകൂട ഉയിർത്തെഴുന്നേല്ക്കുന്നതും (റോമ, 6:4,5; കൊലൊ, 2:12) പാപമോചനം പ്രാപിക്കുന്നതും (റോമ, 6:7) അവനെ ധരിക്കുന്നതും (ഗലാ, 3:27) അവനോടുകൂടി ജീവിക്കുന്നതും. (റോമ, 6:8). ആത്മാവിലാണ് ഭക്തന്മാർ ദൈവത്തെ കണ്ടത്; ആത്മാവിലാണ് പ്രവാചകന്മാർ ഭാവികാര്യങ്ങളെ കണ്ടതും വെളിപ്പാടുകൾ ലഭിച്ചതും പ്രവചിച്ചതും; ആത്മാവിലാണ് പൗലൊസ് മൂന്നാം സ്വർഗ്ഗത്തോളം എടുക്കപ്പെട്ടത്. അതുപോലെ ആത്മാവിലാണ് നാം ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളിൽ പങ്കാളിയാകുന്നതും അവനോടു ചേരുന്നതും അവനെ ധരിക്കുന്നതും അവനോടുകൂടി ജീവിക്കുന്നതും.
ക്രിസ്തുവിനെ ധരിക്കുന്ന സ്നാനം: “ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. അതിൽ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ.” (ഗലാ, 3:27,28). ക്രിസ്തുവിനെ ധരിക്കുന്ന സ്നാനം ജലസ്നാനമല്ല; ആത്മസ്നാനമാണെന്നു ദൈവത്തിൻ്റെ വചനം കൃത്യമായി നമ്മോടു പറയുന്നു. “ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു” എന്നാണ് പൗലൊസ് പറഞ്ഞത്. എന്നാൽ ക്രിസ്തു സ്വർഗ്ഗാരോഹണത്തിനു മുമ്പു പറഞ്ഞ കല്പനയിൽ നോക്കുക: “എന്റെ പിതാവു വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെ മേൽ അയക്കും. നിങ്ങളോ ഉയരത്തിൽനിന്നു ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ ”എന്നും അവരോടു പറഞ്ഞു.” (ലൂക്കോ, 24:49. ഒ.നോ: പ്രവൃ, 1:4). ഉയരത്തിൽ നിന്നു ധരിക്കേണ്ട ശക്തി എന്താണെന്നും പറഞ്ഞിട്ടുണ്ട്: “യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു.” (പ്രവൃ, 1:5). പരിശുദ്ധാത്മാത്മ സ്നാനമാണ് ഉയരത്തിൽ നിന്നുള്ള ശക്തിയെന്ന് വ്യക്തമാണല്ലോ? എന്നേക്കും ഇരിക്കേണ്ടതിന് പരിശുദ്ധാത്മാവ് അവരോഹണം ചെയ്യുന്നതിനു മുമ്പാണ് ക്രിസ്തു ഇതു കല്പിച്ചത്. “ഉയരത്തിൽനിന്നു ശക്തി ധരിക്കുവോളം അഥവാ, ആത്മാവിൽ സ്നാനം ലഭിക്കുവോളം യെരുശലേമിൽ പാർപ്പിൻ.” എന്നാൽ ഉയരത്തിൽ നിന്നുള്ള ശക്തിധരിച്ച് അഥവാ, പരിശുദ്ധാത്മാവിനാൽ ദൈവസഭ സ്ഥാപിതമായി വർഷങ്ങൾക്കുശേഷം ആത്മാസ്നാനത്താൽ രക്ഷിക്കപ്പെട്ട (ഗലാ, 3:2-5) ഗലാത്യയിലെ വിശ്വാസികളോടാണ് പൗലൊസ് പറയുന്നത്; “ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.” അതായത്, ‘ഉയരത്തിൽനിന്നു ശക്തി ധരിക്കുമെന്നും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു’ എന്നു പറയുന്നതും ഒന്നുതന്നെയാണ്. രണ്ട് കാര്യങ്ങൾ അതിനോടുള്ള ബന്ധത്തിൽ പറയാം: ഒന്ന്; എൻവിയൊ’ (ἐνδύω – endyo) എന്ന ഗ്രീക്കുപദത്തെയാണ് രണ്ടിടത്തും ‘ധരിക്കുക’ എന്നു പരിഭാഷ ചെയ്തിരിക്കുന്നത്. endue എന്ന ഇംഗ്ലീഷ് പദത്തിനു ‘ഉടുപ്പണിയിക്കുക, അനുഗ്രഹിക്കുക’ എന്നാണർത്ഥം. അതിനാൽ, ‘ഉയരത്തിൽനിന്നു ശക്തി ധരിക്കാൻ’ യേശു പറയുന്നതും ‘ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു’ എന്നു പൗലൊസ് പറഞ്ഞതും ഒരേ വാക്കുകൊണ്ട് ഒരേ അർത്ഥത്തിലാണെന്ന് മനസ്സിലാക്കാമല്ലോ? രണ്ട്; പലരായ വിശ്വാസികൾ ക്രിസ്തുവിൽ ഏകശരീരമാകുന്നത് ആത്മസ്നാനത്താലാണെന്നും പറഞ്ഞിട്ടുണ്ട്: “ശരീരം ഒന്നും, അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും. യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.” (1കൊരി, 12:12,13). ക്രിസ്തുവിനെ ധരിക്കുന്നത് ആത്മസ്നാത്താലാണെന്ന് വ്യക്തമാണല്ലോ?
ക്രിസ്തു കുടിച്ച പാനപാത്രവും ഏറ്റ സ്നാനവും: “യേശു അവരോടു: നിങ്ങൾ യാചിക്കുന്നതു ഇന്നതു എന്നു നിങ്ങൾ അറിയുന്നില്ല; ഞാൻ കുടിക്കുന്നപാന പാത്രം കുടിപ്പാനും ഞാൻ ഏല്ക്കുന്ന സ്നാനം ഏല്പാനും നിങ്ങൾക്കു കഴിയുമോ എന്നു ചോദിച്ചതിന്നു കഴിയും എന്നു അവർ പറഞ്ഞു. യേശു അവരോടു: ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾ കുടിക്കയും ഞാൻ ഏല്ക്കുന്ന സ്നാനം ഏൽക്കയും ചെയ്യും നിശ്ചയം.” (മർക്കൊ, 10:38,39; ലൂക്കൊ, 12:50). ഈ വേദഭാഗത്തു പറയുന്ന, ക്രിസ്തു കുടിക്കാനിരുന്ന പാനപാത്രവും ഏല്ക്കാനിരുന്ന സ്നാനവും താൻ യോഹന്നാൻ്റെ കയ്യാൽ ഏറ്റുകഴിഞ്ഞ സ്നാനത്തെക്കുറിച്ചല്ല; പ്രത്യുത, താൻ ഏല്ക്കാനിരുന്ന കഷ്ടാനുഭവം അഥവാ, ക്രൂശുമരണമെന്ന പരമയാഗത്തെക്കുറിച്ചാണ്. താൻ കുടിക്കാനിരിക്കുന്ന പാനപാത്രത്തിലും ഏല്ക്കാനിരിക്കുന്ന സ്നാനത്തിലും അഥവാ, കഷ്ടാനുഭവങ്ങളിൽ ശിഷ്യന്മാരും പങ്കുകൊള്ളുമെന്നാണ് ക്രിസ്തു പറഞ്ഞത്. പക്ഷെ എങ്ങനെ? താൻ ഏല്പാനിരുന്ന ക്രൂശുമരണമെന്ന സ്നാനത്തെയോർത്ത് ക്രിസ്തു വളരെ ഞെരുങ്ങിയിരുന്നു: (ലൂക്കൊ, 12:50). എത്രവലിയ വ്യഥയാണ് താൻ അനുഭവിച്ചിരുന്നതെന്ന് ഗെത്ത്ശെമനയിലെ പ്രാർത്ഥനയിൽ മനസ്സിലാക്കാം: പിന്നെ അവൻ അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: “പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ” എന്നു പ്രാർത്ഥിച്ചു.” (മത്താ, 26:39. ഒ.നോ: മർക്കൊ, 14:35,36; ലൂക്കൊ, 22:42). മാനവകുലത്തിൻ്റെ പാപമെല്ലാം തൻ്റെ പരിശുദ്ധശരീരത്തിൽ വഹിച്ച ക്രിസ്തുയേശുവെന്ന മനുഷ്യൻ പ്രാണവേദനയിലായതും പരിക്ഷീണനായി കവിണ്ണുവീണതും അവനെ ശക്തിപ്പെടുത്താൻ സ്വർഗ്ഗത്തിൽ നിന്നൊരു ദൂതൻ പ്രത്യക്ഷനായതും ഗെത്ത്ശെമനയിൽ കാണാം: (മത്താ, 26:39; മർക്കൊ, 14:35; ലൂക്കൊ, 14:43,44; 1തിമൊ, 2:6). അതിലും എത്രയോ ഭയാനകമാണ് ക്രൂശുമരണം. ക്രിസ്തുയേശു സകല മനുഷ്യർക്കുംവേണ്ടി ക്രൂശുമരണമെന്ന കഷ്ടങ്ങൾ സഹിച്ചത് ദൈവകൃപയാലും (എബ്രാ, 2:9) പരിശുദ്ധാത്മാവിനാലുമാണ്: “നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?” (എബ്രാ, 9:14). ആത്മാവിനാലാണ് താൻ പുനരുത്ഥാനം ചെയ്തതും: “ക്രിസ്തുവും നമ്മെ ദൈവത്തോടു അടുപ്പിക്കേണ്ടതിന്നു നീതിമാനായി നീതികെട്ടവർക്കു വേണ്ടി പാപംനിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു, ജഡത്തിൽ മരണശിക്ഷ ഏൽക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു.” (1പത്രൊ, 3:18. ഒ.നോ: റോമ, 8:11). ക്രിസ്തു തൻ്റെ മരണപുനരുത്ഥാനങ്ങളാകുന്ന സ്നാനമേറ്റത് ആത്മാവിലായിരുന്നുവെങ്കിൽ; ആ മരണപുനരുത്ഥാനങ്ങളോട് ദൈവത്തിൻ്റെ ആത്മാവിനാലല്ലാതെ, ജലത്താൽ നമുക്കെങ്ങനെ ഏകീഭവിക്കാൻ കഴിയും?… യേശുക്രിസ്തു പരിശുദ്ധാത്മാവിനാൽ സഫലമാക്കിയ മരണപുനരുത്ഥാനമെന്ന തൻ്റെ പരമയാഗത്തോടു വ്യക്തികൾക്ക് ആത്മസ്നാനത്താലല്ലാതെ, പ്രാദേശിക സഭകളിലെ ആരോ നല്കുന്ന ജലസ്നാനത്താൽ ഏകീഭവിക്കാൻ കഴിയുമെന്ന് ആരെങ്കിലും വിശ്വസിക്കുന്നുവെങ്കിൽ പിന്നെയൊന്നും പറഞ്ഞിട്ടു കാര്യമില്ല. യേശു അവരോടു: “ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾ കുടിക്കയും ഞാൻ ഏല്ക്കുന്ന സ്നാനം ഏൽക്കയും ചെയ്യും നിശ്ചയം.” (മർക്കൊ, 10:39). ക്രിസ്തു ആത്മാവിനാൽ കുടിച്ച പാനപാത്രവും (കഷ്ടാനുഭവം) ഏറ്റ സ്നാനവും (മരണപുനരത്ഥാനങ്ങൾ) നമ്മളും ഏല്ക്കാനാണ് അവൻ നമ്മെ ആത്മാവിൽ സ്നാനം കഴിപ്പിച്ചത്. അത് ജഡത്തിലും ജലത്തിലും നമുക്കു ഏല്ക്കാൻ കഴിയില്ല; ക്രിസ്തു മുഖാന്തരം ദൈവം കൃപയാൽ നല്കുന്ന ആത്മസ്നാനത്താലാണ് നാമവൻ്റെ മരണപുനരുദ്ധാനങ്ങളോട് ഏകീഭവിക്കുന്നത്: (മത്താ, 3:11; മർക്കൊ, 1:8; ലൂക്കൊ, 3:16; യോഹ, 1:33; പ്രവൃ, 1:5; 11:15; റോമ, 6:3-5; 1കൊരി, 12,13; ഗലാ, 3:27; കൊലൊ, 2:12,13; 2തെസ്സ, 2:13).
പുനർജ്ജനനസ്നാനം: “അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചതു. നാം അവന്റെ കൃപയാൽ നീതീകരിക്കപ്പെട്ടിട്ടു പ്രത്യാശപ്രകാരം നിത്യജീവന്റെ അവകാശികളായിത്തീരേണ്ടതിന്നു പുനർജ്ജനനസ്നാനം കൊണ്ടും നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുമൂലം നമ്മുടെമേൽ ധാരാളമായി പകർന്ന പരിശുദ്ധാത്മാവിന്റെ നവീകരണംകൊണ്ടും തന്നേ.” (തീത്തൊ, 3:5). നമ്മുടെ വീണ്ടുംജനനം അഥവാ, ആത്മീയജനനത്തെ കുറിക്കുകയാണ് പുനർജ്ജനനസ്നാനം. രക്ഷയ്ക്കായി യാതൊരു നീതിപ്രവൃത്തികളും ആവശ്യമില്ലെന്നു പറഞ്ഞുകൊണ്ടാണ് പുനർജ്ജനനസ്നാനത്തെക്കുറിച്ചു പറയുന്നത്. ജലസ്നാനം വാക്കിലും പ്രവൃത്തിയിലും ഉൾപെടുന്ന കല്പനയാണ്. എന്നാൽ പുനർജ്ജനനസ്നാനം പരിശുദ്ധാത്മാവിലുള്ള കഴുകലാണ്. അതിന് യാതൊരു പ്രവൃത്തിയും ആവശ്യമില്ല; സുവിശേഷം കൈക്കൊണ്ടാൽ മാത്രംമതി. (പ്രവൃ, 2:41; 8:37; 13:39; 15:11; 16:31). പരിശുദ്ധാത്മസ്നാനം തന്നെയാണ് പുനർജ്ജനനസ്നാനം. സത്യവേദപുസ്തകം സമകാലിക പരിഭാഷ: “അത് നമ്മുടെ പുണ്യപ്രവൃത്തികള്‍ കൊണ്ടല്ല, പിന്നെയോ നമ്മെ പുനരുജ്ജീവിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മസ്നാപനം കൊണ്ടാണ്.” (തീത്തൊ, 3:5). പി.ഒ.സി: “അതു നമ്മുടെ നീതിയുടെ പ്രവൃത്തികള്‍കൊണ്ടല്ല; പിന്നെയോ, അവിടുത്തെ കാരുണ്യംമൂലം പരിശുദ്ധാത്മാവില്‍ അവിടുന്ന് നിര്‍വഹിച്ച പുനരുജ്ജീവനത്തിന്റെയും നവീകരണത്തിന്റെയും സ്‌നാനത്താലത്രെ.” ദൈവവചനത്താലും അഥവാ, സുവിശേഷത്താലും ആത്മാവിനാലുമാണ് വ്യക്തി വീണ്ടും ജനിക്കുന്നത്: (യോഹ, 3:6,8; യാക്കോ, 1:18; 1പത്രൊ, 1:23).
വെള്ളത്താലും ആത്മാവിനാലും: യേശു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.” (യോഹ, 3:5). ജലസ്നാനം കൂടാതെ രക്ഷയില്ലെന്നു വിശ്വസിക്കുന്നവർ അവിടെ ‘വെള്ളത്താലും ആത്മാവിനാലും ജനിക്കണം’ എന്നു പറയുന്നതിനെ അക്ഷരാർത്ഥത്തിൽ വെള്ളമായി മനസ്സിലാക്കുന്നു. അത് ‘വിശ്വാസത്താൽ നീതീകരണം’ എന്ന ബൈബിളിൻ്റെ പഠിപ്പിക്കലിന് ഘടകവിരുദ്ധമാണ്. ബൈബിളിനെ മനുഷ്യൻ വ്യാഖ്യാനിക്കേണ്ട ആവശ്യമില്ല; ദൈവത്തിൻ്റെ ആത്മാവുതന്നെ വ്യാഖ്യാനിച്ചു വെച്ചിട്ടുണ്ട്. എഫെസ്യർ 5:26-ൽ വചനത്തെ വെള്ളത്തോട് സാദൃശ്യപ്പെടുത്തിയിട്ടുണ്ട്: “അവൻ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും” (എഫെ, 5:26) ഈ വാക്യത്തിൽ സ്നാനത്തെ കുറിക്കുന്ന baptízo അല്ല; കഴുകലിനെ കുറിക്കുന്ന loutron ആണ്. അതായത്, വചനത്താലുള്ള കഴുകലാണ് വിഷയം. “That he might sanctify and cleanse it with the washing of water by the word,” (KJV). “അവന്‍ അതിനെ(സഭയെ) വിശുദ്‌ധീകരിക്കുന്നതിന്,വചനമെന്ന ജലംകൊണ്ടു കഴുകി വെണ്‍മയുള്ളതാക്കി.” മലയാളത്തിലെ മറ്റൊരു പരിഭാഷ: “ക്രിസ്തു അവിടത്തെ സഭയെ വചനത്താൽ പ്രക്ഷാളനം നടത്തി നിർമലീകരിച്ച് വിശുദ്ധീകരിക്കേണ്ടതിനും” (മലയാളം ഓശാന). വചനത്തെ ജീവനുള്ള വെള്ളമായി യേശുതന്നെ പറഞ്ഞിട്ടുണ്ട്. (യോഹ, 4:10-14. ഒ.നോ: എബ്രാ, 4:12). വെള്ളത്താലല്ല; വചനത്താലാണ് ശുദ്ധീകരണം ഉണ്ടാകുന്നത്: “ഞാൻ നിങ്ങളോടു സംസാരിച്ച വചനം നിമിത്തം നിങ്ങൾ ഇപ്പോൾ ശുദ്ധിയുള്ളവരാകുന്നു.” (യോഹ, 15:3. ഒ.നോ: 1തിമൊ, 4:5). വചനം ജീവനും ആത്മാവുമാണെന്നും പറഞ്ഞിട്ടുണ്ട്: (യോഹ, 6:63). വചനത്താലും ആത്മാവിനാലുമുള്ള വീണ്ടുംജനനത്തെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. വചനത്താലുള്ള ജനനം: കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.” (1പത്രൊ, 1:23. ഒ.നോ: 1കൊരി, 4:15; 2തെസ്സ, 2:14; യാക്കോ, 1:18; 1:21). ആത്മാവിലുള്ള ജനനം: “ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു.” (യോഹ, 3:6. ഒ.നോ: 3:5,6,8; 1കൊരി, 6:11; ഗലാ, 5:25). വിശ്വാസമുളവാകുന്നത് ദൈവവചന കേൾവിയാലാണ്. (റോമ, 10:17; എഫെ, 2:8). വിശ്വാസവചനം അഥവാ സുവിശേഷത്താലാണ് ആത്മാവ് ലഭിക്കുന്നത്. (ഗലാ, 3:2,5). വചനത്താൽ ലഭിക്കുന്ന ആത്മാവിനാലാണ് വ്യക്തി വീണ്ടും ജനിക്കുന്നത്. യേശുവിനു മുന്നോടിയായി വന്ന യോഹന്നാൻ വെള്ളത്തിൽ സ്നാനം കഴിപ്പിച്ചു; ക്രിസ്തു മുഖാന്തരം ദൈവം നമ്മെ ആത്മാവിൽ സ്നാനം കഴിപ്പിച്ചു. (ലൂക്കൊ, 24:49; പ്രവൃ, 1:5; 11:14-17; 1കൊരി, 6:19). കർത്താവായ യേശുക്രിസ്തുവിൻ്റെ നാമവും രക്തവും ആത്മാവും വചനവും മാത്രംമതി രക്ഷ്ക്ക്; വെള്ളം വേണ്ട: (റോമ, 15:15; 1കൊരി, 6:11; 2തെസ്സ, 2:13; 1തിമോ, 4:5; തീത്തൊ, 2:14; 3:6,7; എബ്രാ, 9:14; 1യോഹ, 1:7). രക്ഷിക്കപ്പെട്ടവൻ കർത്താവായ യേശുക്രിസ്തുവിൻ്റെ നാമത്തിൽ ജലസ്നാനം സ്വീകരിക്കുക. വെള്ളത്താൽ അഥവാ, ജലസ്നാനത്താലാണ് വീണ്ടുംജനിക്കുന്നതെന്നു പറഞ്ഞാലുള്ള കുഴപ്പം രണ്ടാണ്: ഒന്ന്; ദൈവത്തിൻ്റെ വചനത്താലും ആത്മാവിനാലും വീണ്ടുജനിച്ച ഒരുവൻ ജലസ്നാനത്താൽ ഒന്നുകൂടി വീണ്ടുജനിക്കേണ്ടിവരും. രണ്ട്; ജലസ്നാനം യഥാർത്ഥത്തിൽ ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളോടു ഏകീഭവിക്കുന്ന ശുശ്രൂഷയാണെങ്കിൽ; വചനത്താലും ആത്മാവിനാലും വീണ്ടുംജനിച്ച വ്യക്തി, വീണ്ടും മരിക്കുകയും ഉയിർക്കുകയും ചെയ്യുന്ന ശുശ്രൂഷയാകും. അതിനാൽ യോഹന്നാൻ 3:5-ലെ വെള്ളത്തെ വചനത്തോടു ഉപമിച്ചിരിക്കുകയാണെന്നു മനസ്സിലാക്കാം.
1പത്രൊസ് 3:20-21: “ആ പെട്ടകത്തിൽ അല്പജനം, എന്നുവെച്ചാൽ എട്ടുപേർ, വെള്ളത്തിൽകൂടി രക്ഷ പ്രാപിച്ചു. അതു സ്നാനത്തിന്നു ഒരു മുൻകുറി. സ്നാനമോ ഇപ്പോൾ ജഡത്തിന്റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ നമ്മെയും രക്ഷിക്കുന്നു.” ജലസ്നാനത്താലാണ് രക്ഷയെന്ന് കാണിക്കാൻ ഈ വാക്യവും പലരും എടുക്കാറുണ്ട്. 21-ാം വാക്യത്തിലെ “സ്നാനമോ ഇപ്പോൾ ജഡത്തിന്റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ” എന്ന ഭാഗം സന്ദിഗ്ധമാകയാൽ 1587-മുതലുള്ള ജെനീവ പരിഭാഷകളിലും 1611-മുതലുള്ള കെജെവി പരിഭാഷകളിലും ബ്രാക്കറ്റിലാണ് ഇട്ടിരിക്കുന്നത്: “The like figure whereunto even baptism doth also now save us (not the putting away of the filth of the flesh, but the answer of a good conscience toward God,) by the resurrection of Jesus Christ: (KJV, 1പത്രൊ, 3:21). അനേകം പരിഭാഷകളിൽ ബ്രാക്കറ്റിലാണ് കാണുന്നത്: (ABU, ANT, BSB, BSV, BV2020, CLNT, CSB, DLNT, Diaglott, EMTV, HCSB, HNT, LHB, LITV, Logos, LONT, LSV, MNT, Murd, NASB, NCV, NET, NKJV, NTM, OEB-cw, OEB-us, PCE, RHB, RWV+, SLT, Thomson, WBT, WEB, WNT, Worrell, Worsley, WoNT, YLT). അതായത്, പഴയകാല കയ്യെഴുത്തുപ്രതികളിൽ ഇല്ലാത്തത് അഥവാ ഇല്ലെന്ന് സംശയിക്കുന്ന വേദഭാഗമാണ് ബ്രാക്കറ്റിലിടുന്നത്. അങ്ങനെയായാൽ, 21-ാം വാക്യം ഇങ്ങനെവരും: അതു സ്നാനത്തിന്നു ഒരു മുൻകുറി. യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ നമ്മെയും രക്ഷിക്കുന്നു. യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമാണ് പരിശുദ്ധാത്മാവെന്ന ദാനം: (യോഹ, 7:37-39; പ്രവൃ, 2:33). യേശുക്രിസ്തുവാകുന്ന (2തിമൊ, 2:8), അവൻ്റെ നാമത്തെക്കുറിച്ചുള്ള സുവിശേഷത്തിലൂടെ (പ്രവൃ, 8:12) അവൻ ദാനമായി നല്കുന്നതാണ് ആത്മസ്നാനം: (മത്താ, 3:11; പ്രവൃ, 10:46; ഗലാ, 3:2,5). പഴയനിയമത്തിൽ വെള്ളത്തിലൂടെ എട്ടുപേർ രക്ഷപ്രാപിച്ചുവെങ്കിൽ, പുതിയനിയമത്തിൽ യേശുക്രിസ്തുവിൻ്റെ പുനരുത്ഥാനത്താൽ അഥവാ പുനരുത്ഥാനത്തിൻ്റെ ഫലമായ ആത്മസ്നാനത്താലാണ് വ്യക്തികൾ രക്ഷ പ്രാപിക്കുന്നത്. ഇനി, മേല്പറഞ്ഞ വേദഭാഗം സന്ദിഗ്ധമല്ല; ബൈബിളിൻ്റെ ഭാഗമാണെന്ന് വാദിച്ചാലും ജലസ്നാനത്താലാണ് രക്ഷയെന്ന് അവിടെ പറയുന്നില്ല. “സ്നാനം നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായും യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ നമ്മെയും രക്ഷിക്കുന്നു” എന്നാണ് പറഞ്ഞിരിക്കുന്നത്. വേറൊരു പരിഭാഷ ചേർക്കുന്നു: “ആ ജലം സ്നാനത്തിന്റെ ഒരു പ്രതീകം! അത് നിങ്ങളുടെ ശരീരത്തിൽനിന്ന് മാലിന്യം നീക്കിക്കളയുന്നതിനല്ല; മറിച്ച്, ദൈവത്തോട് നാം ചെയ്യുന്ന നല്ല മനസ്സാക്ഷിക്കുള്ള ഉടമ്പടിയാണ്. യേശുക്രിസ്തുവിന്റെ ഉയിർപ്പിലൂടെയാണ് നിങ്ങളുടെ രക്ഷ സാധ്യമാകുന്നത്.” (മ.ബൈ.നൂ.പ). ജലസ്നാനത്താലാണ് രക്ഷയെന്ന് ബൈബിളിൽ ഒരിടത്തും പറയുന്നില്ല. സുവിശേഷത്താലുള്ള ദൈവത്തിൻ്റെ ദാനമായ പരിശുദ്ധാത്മസ്നാനത്താലാണ് വ്യക്തി രക്ഷ പ്രാപിക്കുന്നത്: (പ്രവൃ, 10:44-46; ഗലാ, 3:2,5).
പാപമോചനത്തിനായുള്ള സ്നാനം: “പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.” (പ്രവൃ, 2:38). ഈ വേദഭാഗം ആധാരമാക്കിയാണ് പാപമോചനവും പരിശുദ്ധാത്മാവും രക്ഷയും ജലസ്നാനത്താലാണെന്ന് പലരും ധരിച്ചിരിക്കുന്നത്. ആദ്യാമ്യപാപത്തിന് വേണ്ടിയാണ് ക്രിസതു മരിച്ചത്: (റോമ, 5:15-17; 1കൊരി, 15:21). എന്നാൽ, പെന്തെക്കൊസ്തിലെ യെഹൂദന്മാർക്കുള്ളത് ആദാമ്യപാപം മാത്രമല്ല; “നീതിമാനായ ഹാബേലിന്റെ രക്തംമുതൽ ബെരെഖ്യാവിന്റെ മകനായ സെഖര്യാവിന്റെ രക്തംവരെ സകലപ്രവാചകന്മാരുടെയും രക്തംചൊരിഞ്ഞ പാപം അവരുടെമേലുണ്ട്. (മത്താ, 23:35, ലൂക്കൊ, 11:50,51). അതവരുടെ തലമേൽ നില്ക്കുമ്പോഴാണ്, കുലപാതകനുവേണ്ടി പരിശുദ്ധനും നീതിമാനുമായവനെ തള്ളിപ്പറയുകയും അവരുടെ ജീവനായകനെ കൊന്നുകളയുകയും ചെയ്തത്: (പ്രവൃ, 3:14). പത്രൊസിൻ്റെ പെന്തെക്കൊസ്തിലെ പ്രസംഗത്തിലും അതുണ്ട്: (പ്രവൃ, 2:23). പെസഹാ പെരുന്നാളിന് വന്ന യെഹൂദാ ജനമാണ്, അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ’ എന്ന് അലറിവിളിച്ചതും (മത്താ, 27:25) “യേശുവിനെ നീക്കിക്കളക; ബറബ്ബാസിനെ വിട്ടു തരിക” എന്നു നിലവിളിച്ചു അവനെ ക്രൂശിനേല്പിച്ചതും. (ലൂക്കോ, 23:17). പെസഹ, പെന്തെക്കൊസ്ത്, കൂടാരപ്പെരുന്നാൾ എന്നിങ്ങനെ മൂന്ന് മഹോത്സവങ്ങൾക്കാണ് യെഹൂദാ പുരുഷന്മാർ എല്ലാവരും ദൈവാലയത്തിൽ വരേണ്ടത്. (പുറ, 34:20-23). പെസഹ പെരുന്നാളിനുവന്ന് യേശുവിനെ ക്രൂശിക്കാൻ കൂട്ടുനിന്നവരെല്ലാവരും പെന്തെക്കൊസ്തിനുമുണ്ടാകും. അവരിൽനിന്നാണ് 3,000 യെഹൂദന്മാർ രക്ഷപ്രാപിച്ചത്. പത്രൊസിൻ്റെ പ്രസംഗത്താൽ അവരുടെ ഹൃദയത്തിൽ കുത്തുകൊണ്ടതായി 37-ാം വാക്യത്തിൽ വായിക്കുന്നു. അതവരുടെ മാനസാന്തരത്തെയാണ് കാണിക്കുന്നത്. മാനസാന്തരമുണ്ടാകുന്നത് സുവിശേഷത്താലാണ്: (2കൊരി, 7:8-10; പ്രവൃ, 5:31). എന്നാൽ, 38-ാം വാക്യത്തിൽ അവരോടു യേശുക്രിസ്തുനാമത്തിൽ സ്നാനമേറ്റു കഴുകിക്കളാൻ പറയുന്നത്, രക്ഷകനെ ക്രൂശിച്ച അവരുടെ വർത്തമാനകാലപാപമാണ്. യോഹന്നാൻ സ്നാനപകൻ അവരെ കഴിപ്പിച്ചതും പാപമോചനത്തിനുള്ള മാനസാന്തരസ്നാനമാണ്: (മർക്കൊ, 1:4; ലൂക്കൊ, 3:3. ഒ.നോ: മത്താ, 3:2; 3:8; ലൂക്കൊ, 3:8). യെഹൂദന്മാർ യോഹന്നാനാൽ സ്നാനമേറ്റത് പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ടാണ്: (മത്താ, 3:6; മത്താ, 1:4). അതിനാൽ, വെള്ളത്താൽ കഴുകിക്കളയാൻ കഴിയുന്ന പാപം ആദാമ്യപാപമല്ല; വർത്തമാനകാലപാപമാണെന്ന് വ്യക്തമാകുന്നു. അതായത്, രക്ഷിതാവിനെ തള്ളുകയും കൊല്ലുകയും ചെയ്ത അവരുടെ വർത്തമാനകാല പാപമാണ് ക്രിസ്തീയ സ്നാനത്തോടൊപ്പം മാനസാന്തരപ്പെട്ട് കഴുകിക്കളയാൻ പത്രൊസ് നിർദ്ദേശിച്ചതെന്ന് മനസ്സിലാക്കാം: (പ്രവൃ, 2:38). അപ്പോൾ, സ്നാനത്താലാണോ പരിശുദ്ധാത്മാവു എന്ന ദാനം അഥവാ, പരിശുദ്ധാത്മാസ്നാനം ലഭിക്കുന്നത്? അല്ല. സുവിശേഷത്താലാണ് പരിശുദ്ധാവ് ലഭിക്കുന്നതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്: (പ്രവൃ, 10:44;:ഗലാ, 3:2,5). ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമാണ് പരിശുദ്ധാത്മാവെന്ന ദാനം: (യോഹ, 7:7-9; 14:26; പ്രവൃ, 2:33). ദൈവത്തിൻ്റെ ദാനം സ്നാനമെന്ന പ്രവൃത്തിയുടെ ഫലമല്ല; സുവിശേഷത്താൽ സൗജന്യമായി ലഭിക്കുന്നതാണ്: (പ്രവൃ, 8:20; 10:46; റോമ, 11:6). എന്നാൽ, ക്രിസ്തുവിനെ ക്രൂശിച്ച പാപം യെഹൂദന്മാർക്ക് ഉണ്ടായിരുന്നതിനാൽ, സുവശേഷത്താൽ ദാനമായി ലഭിക്കേണ്ട പരിശുദ്ധാത്മാവെന്ന ദാനം അഥവാ, ആത്മസ്നാനം അവർക്ക് ലഭിച്ചിരുന്നില്ല; ആ പാപമാണ് യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള ക്രിസ്തീയ സ്നാനത്തോടൊപ്പം കഴുകിക്കളയാൻ പത്രോസ് അവരോട് പറഞ്ഞതെന്ന് മനസ്സിലാക്കാം.
ഇനി പൗലൊസിൻ്റെ കാര്യം: വിശുദ്ധന്മാരെ നിഗ്രഹിപ്പാൻ താൻ സമ്മതം കൊടുത്തതായും ദൈവത്തിന്റെ സഭയെ അത്യന്തം ഉപദ്രവിച്ചു മുടിച്ചവനാണെന്നും പൗലൊസ് തന്നെ സാക്ഷ്യം പറഞ്ഞിട്ടുണ്ട്: (പ്രവൃ, 26:10; ഗലാ, 1:13). അതിനാൽ, പൗലൊസിൻ്റെയും വർത്തമാനകാല പാപമാണ് കഴുകിക്കളയാൻ പറഞ്ഞതെന്ന് മനസ്സിലാക്കാം: (പ്രവൃ, 22:16). ജലസ്നാനത്താലാണ് പൗലൊസിനു പാപമോചനവും ആത്മസ്നാനവും ലഭിച്ചതെങ്കിൽ, സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതെന്നു അവൻ ഒരിക്കലും പറയില്ല: (1കൊരി, 1:17). മേല്പറഞ്ഞ വസ്തുതകൾക്ക് പല തെളിവുകളുണ്ട്: 1. സുവിശേഷത്താലാണ് ആത്മസ്നാനം നടക്കുന്നതെന്നതിന് കൃത്യമായ തെളിവുണ്ട്: (പ്രവൃ, 10:44-45). 2. സുവിശേഷത്താലാണ് പരിശുദ്ധാത്മാവ് ലഭിക്കുന്നതെന്ന് തെളിവായി പറഞ്ഞിട്ടുമുണ്ട്: (ഗലാ, 3:2,5). 3. ന്യായപ്രമാണത്താൽ അഥവാ പ്രവൃത്തികളാലല്ല ആത്മാവ് ലഭിക്കുന്നതെന്നും അതേ വാക്യത്തിൽ മനസ്സിലാക്കാം: (ഗലാ, 3:2,5). 4. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ ദാനമാണ്: (പ്രവൃ, 8:20; 10:46). സ്നാനംപോലൊരു പ്രവൃത്തിയാലാണ് ആത്മസ്നാനം ലഭിക്കുന്നതെങ്കിൽ ദാനമെന്നല്ല; പ്രവൃത്തിയുടെ ഫലം അഥവാ പ്രതിഫലമെന്ന് പറയുമായിരുന്നു. 5. ആത്മസ്നാനത്തിൻ്റെ ഉപാധി സ്നാനമല്ലെന്നതിൻ്റെ തെളിവാണ് ശമര്യയിലെ സംഭവം; അവർ യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനമേറ്റിട്ടും അവർക്ക് ആത്മാവ് ലഭിച്ചില്ല: (പ്രവൃ, 8:15-16). 6. കൊർന്നേല്യസും കുടുംബവും സ്നാനമേല്ക്കുന്നതിനു മുമ്പെ സുവിശേഷത്താൽത്തന്നെ അവർക്ക് ആത്മസ്നാനം ലഭിച്ചു: (പ്രവൃ, 8:14-16). 7. യെഹൂദന്മാരോടും പൗലൊസിനോടുമല്ലാതെ പാപമോചനത്തിനായുള്ള സ്നാനത്തെക്കുറിച്ച് പറയുന്നില്ല.
പാപമോചനം യേശുവിൻ്റെ നാമത്തിൽ: സുവിശേഷം യേശുവാണ്: (2തിമൊ, 2:8). സുവിശേഷം യേശുവിൻ്റെ നാമത്തെക്കുറിച്ചുള്ളതാണ്: (പ്രവൃ, 8:12). സുവിശേഷം അറിയിക്കുന്നത് യേശുക്രിസ്തുവിൻ്റെ നാമത്തിലാണ്: (പ്രവൃ, 9:28). യേശുക്രിസ്തുവാകുന്ന സുവിശേഷത്താലും അവൻ്റെ നാമത്താലുമാണ് പാപമോചനം: “ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേൽക്കയും അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.” (ലൂക്കോ, 24:46,47). ഇതു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്ന വസ്തുതയാണ്: “അവനിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.” (പ്രവൃ, 10:43). പാപമോചനമെന്ന വീണ്ടെടുപ്പുള്ളത് സ്നാനത്തിലല്ല; ക്രിസ്തുവിലാണ്: (കൊലൊ, 1:14). രക്ഷ ദൈവത്തിൻ്റെ ദാനമാണ്: “കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു. ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.” (എഫെ, 2:8,9. ഒ.നോ: 2:5; വെളി, 7:10). ദൈവത്തിൻ്റെ ആത്മാവിനാൽ…. കൃപായാൽ …. വിശ്വാസം മൂലം …. പ്രവൃത്തികൾ കൂടാതെ …. രക്ഷിക്കപ്പെടുന്നു. ഇതാണ് പുതിയനിയമ വ്യവസ്ഥ. അതിനു ജലസ്നാനംപോലെ ഒരു പ്രവൃത്തി ആവശ്യമില്ല: “കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല; അല്ലെങ്കിൽ കൃപ കൃപയല്ല.” (റോമ, 11:6). രക്ഷയുടെ വ്യത്യസ്ത അംശങ്ങളായ മാനസാന്തരം, പാപമോചനം, വീണ്ടുംജനനം ഇതെല്ലാം ദൈവകൃപയുടെ സുവിശേഷത്താൽ സൗജന്യമായി ലഭിക്കുന്നതാണ്. ജലസ്നാനമെന്ന പ്രവൃത്തിയാലാണ് രക്ഷ കിട്ടുന്നതെങ്കിൽ ദൈവകൃപ വൃഥാവായിപ്പോയെന്ന് പറയേണ്ടിവരും!
വിശ്വസിക്കുകയും സ്നാനം ഏല്ക്കുകയും: “വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.” (മർക്കൊ, 16:16). ഈ വാക്യപ്രകാരം ജലസ്നാനം രക്ഷയ്ക്ക് അനിവാര്യമാണെന്ന് വിചാരിക്കുന്നവരുണ്ട്. “വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും” എന്നു പറഞ്ഞശേഷം സ്നാനമേല്ക്കാത്തവനല്ല, വിശ്വസിക്കാത്തവന് ശിക്ഷാവിധി വരുമെന്നാണ് പറഞ്ഞിരിക്കുന്നത്. സ്നാനം രക്ഷയ്ക്ക് അനിവാര്യമായിരുന്നെങ്കിൽ, ഒന്നെങ്കിൽ; “വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും” എന്നു പറഞ്ഞശേഷം ആ വാക്യത്തിന് കുത്ത് (full stop) ഇടുമായിരുന്നു. അല്ലെങ്കിൽ; രണ്ടാംഭാഗത്ത്, “വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും” എന്നുമാത്രം പറയാതെ, “വിശ്വസിച്ച് സ്നാനമേൽക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും” എന്ന് പറയുമായിരുന്നു. അതുമല്ലെങ്കിൽ; “വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും” എന്ന് പറഞ്ഞശേഷം, “ഇത് വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും” എന്നു പറയുമായിരുന്നു. അതാണ് ഭാഷയുടെ ഒരു രീതി. പുതിയനിയമരക്ഷ പ്രവൃത്തിയാലല്ല; കൃപയാലാണ്. അതായത്, രക്ഷകനിൽ വിശ്വസിക്കാനുള്ള കൃപപോലും സുവിശേഷത്താൽ ദാനമായി ലഭിക്കുന്നതാണ്: (2തിമൊ, 2:8; പ്രവൃ, 8:12; എഫെ, 2:5,8). എന്നിട്ടും, സുവിശേഷം വിശ്വസിക്കാൻ കൂട്ടാക്കാതെ തള്ളിക്കളയുന്നവർക്കാണ് ശിക്ഷാവിധി വരുന്നത്. രക്ഷിക്കപ്പെട്ടവനാണ് യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനമേല്ക്കേണ്ടത്. ലൂക്കൊസിൻ്റെ സമാന്തര വേദഭാഗം നോക്കുക: “അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.” (ലൂക്കോ, 24:47). ഇവിടെ സ്നാനത്തെക്കുറിച്ച് സൂചനപോലുമില്ല.
അനുബന്ധം: മർക്കൊസ് 16:9-20-വരെയുള്ള ഭാഗങ്ങൾ സന്ദിഗ്ധമാകയാൽ സത്യവേദപുസ്തകം, മലയാളം ഓശാന തുടങ്ങിയ മലയാളം പരിഭാഷകളിലും ഇംഗ്ലീഷിലെ പല പരിഭാഷകളിലും വാക്യങ്ങൾ ബ്രാക്കറ്റിലാണ് ഇട്ടിരിക്കുന്നത്. ഉദാ: (AB, BV2020, CEB, CSB, ESV, LEB, LSB, MSG, NASB, NCC, NET, NLV, NOY, NRS, NRSV-CI, RKJNT, Rotherham, T4T, WNT, WMNT). വത്തിക്കാൻ്റെ ഔദ്യോഗിക പരിഭാഷയായ The New American Bible-ലും ബ്രാക്കറിലാണ് കാണുന്നത്. CSB-യിൽ എട്ടാം വാക്യത്തിനുശേഷം “ചില ആദ്യകാല കയ്യെഴുത്തുപ്രതികളിൽ 16:8-ഓടു കൂടി മർക്കൊസ് അവസാനിക്കുന്നു” എന്നു അടിക്കുറിപ്പ് കാണാം. NIV-യുടെ എട്ടാം വാക്യത്തിനുശേഷം, “ആദ്യകാല കൈയെഴുത്തുപ്രതികളിലും മറ്റ് ചില പുരാതന സാക്ഷികൾളും 16:9-20 വാക്യങ്ങൾ ഇല്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു” എന്ന അടിക്കുറിപ്പ് കാണാം. Noyes Bible-ൽ എട്ടാം വാക്യത്തിനുശേഷം, “ടിഷെൻഡോർഫിന്റെയും മറ്റുള്ളവരുടെയും അഭിപ്രായത്തിൽ ബാക്കിയുള്ള പന്ത്രണ്ട് വാക്യങ്ങൾ യഥാർത്ഥത്തിൽ മാർക്കൊസ് സുവിശേഷത്തിന്റെ ഭാഗമല്ലായിരുന്നു, എന്ന അടിക്കുറിപ്പ് കാണാം. പുതിയലോകം ഭാഷാന്തരത്തിലും RSV-യിലും 16:9-120-വരെയുള്ള പ്രസ്തുതവേദഭാഗം ഒഴിവാക്കിയിക്കിയാക്കിയതായി കാണാം. “പിൽക്കാല ഗ്രീക്ക് കയ്യെഴുത്തുപ്രതികളിൽ ഭൂരിഭാഗവും മർക്കോസ് 16:9-20 അടങ്ങിയിട്ടുണ്ടെങ്കിലും, ഏറ്റവും പഴക്കമേറിയതും ആദരണീയവുമായ രണ്ട് കൈയെഴുത്തുപ്രതികളായ കോഡെക്‌സ് സിനാറ്റിക്കസ് (Codex Sinaiticus), കോഡെക്‌സ് വത്തിക്കാനസ് (Codex Vaticanus) എന്നിവയിൽ 8-ാം വാക്യത്തിലാണ് മർക്കൊന്റെ സുവിശേഷം അവസാനിക്കുന്നത്. കൂടാതെ, നാലാം നൂറ്റാണ്ടിലെ സഭാപിതാക്കൻമാരായ യൂസേബിയസും (Eusebius) ജെറോമും (Jerome) തങ്ങൾക്ക് ലഭ്യമായ മിക്കവാറും എല്ലാ ഗ്രീക്ക് കൈയെഴുത്തുപ്രതികളിലും മർക്കൊസ് 16:9-20 ഇല്ലെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.”
മർക്കൊസ് 16:9-20 യഥാർത്ഥമായി ബൈബിൻ്റെ ഭാഗമല്ലെന്ന് തെളിയിക്കാൻ പര്യാപ്തമായ പ്രയോഗങ്ങൾ ആ വേദഭാഗത്തു തന്നെയുണ്ട്: “വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളിൽ സംസാരിക്കും; സർപ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കുടിച്ചാലും അവർക്കു ഹാനി വരികയില്ല; രോഗികളുടെ മേൽ കൈവെച്ചാൽ അവർക്കു സൌഖ്യം വരും എന്നു പറഞ്ഞു.” (മർക്കൊ, 16:17,18). വിശ്വസിക്കുന്നവരാൽ നടക്കുന്ന അഞ്ച് അടയാളങ്ങളാണ് മേല്പറഞ്ഞത്. അതിൽ രണ്ടെണ്ണം ശ്രദ്ധേയമാണ്.1. “സർപ്പങ്ങളെ പിടിച്ചെടുക്കും. എന്താവശ്യത്തിനാണ് സർപ്പങ്ങളെ പിടിച്ചെടുക്കുന്നത്? ഈ പ്രയോഗത്തെ സാധൂകരിക്കാൻ പൗലൊസിൻ്റെ കയ്യിൽ അണലി ചുറ്റിയകാര്യം പലരും പറഞ്ഞുകേട്ടിട്ടുണ്ട്. പൗലൊസ് അണലിയെ പിടിച്ചെടുത്തതല്ല; വിറകു പെറുക്കിയപ്പോൾ അബദ്ധവശാൽ ചുറ്റിയതാണ്: (പ്രവൃ, 28:3). അതവനെ കടിക്കാതെ അവൻ കുടഞ്ഞുകളഞ്ഞു; അഥവാ അത് കടികാതെവണ്ണം ദൈവമവനെ രക്ഷിച്ചു: (22:6-7). അതുപോലാണോ ഒരുത്തൻ സർപ്പത്തെ പിടിച്ചെടുന്നത്? സർപ്പത്തെ കണ്ടാൽ ഓടി രക്ഷപെടുകയല്ലാതെ, അതിനെ പിടിച്ചെടുക്കാൻ നോക്കുന്നവൻ മരിക്കതന്നെവേണം. ദൈവത്തിന് ഒരു പണിയും ഇല്ലാഞ്ഞിട്ടുവേണമല്ലോ, അവനെ രക്ഷിക്കാൻ. 2. മരണകരമായ യാതൊന്നു കുടിച്ചാലും അവർക്കു ഹാനി വരികയില്ല. അതായത്, വിഷംകുടിച്ചാലും ചാകില്ല. ബെസ്റ്റ്!ദൈവത്തെ പരീക്ഷിക്കാൻ വേറൊന്നും വേണ്ട. ക്രിസ്തുവിനെ ദൈവാലയത്തിൻ്റെ അഗ്രത്തിൽ കൊണ്ടുപോയി നിർത്തിയിട്ട് സാത്താൻ പറഞ്ഞു: നീ അവിടുന്ന് ചാടിക്കോ; ദൂതന്മാർ നിന്നെ താങ്ങും. ക്രിസ്തു ചാടിയോ; “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു” എന്നാണ് സാത്താനോട് പറഞ്ഞത്. ദൈവത്തെ പരീക്ഷിക്കുന്ന മേല്പറഞ്ഞ രണ്ട് പ്രയോഗങ്ങൾ ക്രിസ്തീയ ഉപദേശത്തിൻ്റെ ഭാഗമല്ലെന്ന് തെളിയുന്നു. അതിനാൽ, മർക്കൊസ് 16:9-20 പില്ക്കാലത്ത് കൂട്ടുചേർത്തതാണെന്ന് മനസ്സിലാക്കാം.
കർത്താവ് പൗലൊസിനെ ജാതികളുടെ അപ്പൊസ്തലനായി അയക്കുമ്പോൾ രണ്ടു കാര്യങ്ങളാണ് പ്രധാനമായും പറയുന്നത്: ഒന്ന്: “നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു: (പ്രവൃ, 13:47). രണ്ട്: “ജനത്തിന്നു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന്നു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയക്കുന്നു.” (പ്രവൃ, 26:18). ഒന്നാമത്തെ വാക്യത്തിലുള്ളത്, പൗലൊസിനു കൊടുക്കുന്ന അധികാരവും പദവിയുമാണ്: ഭൂമിയുടെ അറ്റത്തോളവും രക്ഷയാകുക; ജാതികളുടെ വെളിച്ചമായിരിക്കുക. രണ്ടാമത്തെ വാക്യത്തിലുള്ളത്, കർത്താവ് പൗലൊസിലൂടെ ജാതികൾക്ക് കൊടുക്കുന്ന നന്മയാണ്: പാപമോചനം, ക്രിസ്തുവിലുള്ള വിശ്വാസം, ശുദ്ധീകരിക്കപ്പെട്ടവരുടെ അവകാശം, സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കു തിരിവ് അഥവാ മാനസാന്തരം. ദൈവത്തിങ്കലേക്കുള്ള തിരിവാണ് മാനസാന്തരം. കർത്താവിൻ്റെ കല്പന ശിരസാവഹിച്ച പൗലൊസ്, സുവിശേഷം അറിയിക്കുകയാണ് ചെയ്തത്: (1കൊരി, 1:17). സുവിശേഷത്താൽ ദാനമായി ലഭിക്കുന്നതാണ് ആത്മസ്നാനം: (പ്രവൃ, 10:44-46; 11:14-17; റോമ, 8:23; ഗലാ, 3:2,3; എഫെ, 1:13,14). ആത്മസ്നാനത്താലാണ് പാപമോചനവും (റോമ, 6:7) ക്രിസ്തുവിലുള്ള വിശ്വാസവും (എഫെ, 2:5,8) വിശുദ്ധീകരിക്കപ്പെട്ടവരുടെ അവകാശവും (എഫെ, 1:14; കൊലൊ, 3:24) മാനസാന്തരവും (പ്രവൃ, 11:18) ഉണ്ടാകുന്നത്. ഏറ്റം ശ്രദ്ധേയമായ ഒരു കാര്യം ഇവിടെ കാണാം: ജനത്തിനു പാപമോചനം കൊടുക്കാൻ കർത്താവയച്ച പൗലൊസ് പറയുന്നു: സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു. (1കൊരി, 1:17). രക്ഷയ്ക്കായുള്ള പാപമോചനത്തിനു ജലസ്നാനം അനിവാര്യമായിരുന്നു എങ്കിൽ, ‘സ്നാനം കഴിപ്പിപ്പാനല്ല ക്രിസ്തു എന്നെ അയച്ചതെന്നു’ പറഞ്ഞ പൗലൊസ് ക്രിസ്തുവിൻ്റെ എതിരാളിയായി മാറും.
യേശുക്രിസ്തു നിക്കോദേമൊസിനോടു വീണ്ടുംജനനത്തെക്കുറിച്ചു പറഞ്ഞുവന്നിട്ട് പഴയനിയമത്തിലെ ഒരു സംഭവം പറഞ്ഞിട്ടുണ്ട്: “മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു.” (യോഹ, 3:14). യിസായേല്യർ ഏദോം ദേശത്തുകൂടി സഞ്ചരിച്ചപ്പോൾ അവർക്കു ഭക്ഷണവും വെള്ളവും ദുർല്ലഭമായി. തന്മൂലം അവർ മോശെക്കും ദൈവത്തിനും വിരോധമായി സംസാരിച്ചു. യഹോവ ജനങ്ങളുടെ ഇടയിൽ അഗ്നിസർപ്പങ്ങളെ അയച്ചു. അവയുടെ കടിയേറ്റ് അനേകംപേർ മരിച്ചു. യഹോവയുടെ കല്പന അനുസരിച്ചു മോശെ ഒരു താമ്രസർപ്പം നിർമ്മിച്ചു കൊടിമരത്തിൽ തുക്കി. കടിയേറ്റവർ വിശ്വാസത്താൽ താമ്രസർപ്പത്തെ നോക്കുകയും രക്ഷ പ്രാപിക്കുകയും ചെയ്തു. (സംഖ്യാ, 21:4-9). അവിടെ ചിന്തനീയമായ ഒരു വിഷയമുണ്ട്: മരുഭൂമിയിൽ യിസ്രായേൽ ജനത്തിന്നു രക്ഷയായിത്തീർന്ന താമ്രസർപ്പത്തെ സമാഗമനകൂടാരത്തിൽ വെയ്ക്കാതെ എന്തുകൊണ്ടാണ് കൊടിമരത്തിൽ തൂക്കിയത്? ദൈവം തൻ്റെ ക്രിസ്തുവിലൂടെ ഒരുക്കാനിരുന്ന കൃപയാലുള്ള രക്ഷയുടെ മുൻകുറിയായിരുന്ന താമ്രസർപ്പം. കിലോമീറ്ററുകളോളം പാളയമടിച്ചിരുന്ന യിസ്രായേൽജനം അഗ്നിസർപ്പത്തിൻ്റെ കടിയേൽക്കുമ്പോൾ തൽസ്ഥാനത്തുനിന്നുകൊണ്ടു പ്രവൃത്തികൂടാതെ, വിശ്വാസത്താലുള്ള ഒരു നോട്ടംകൊണ്ട് രക്ഷ പ്രാപിപ്പാനാണ് അതിനെ കൊടിമരത്തിൽ തൂക്കിയത്. കർത്താവായ യേശുക്രിസ്തുവിൻ്റെ ക്രൂശുമരണത്തിൻ്റെ നിഴലാണ് മോശെ മരുഭൂമിയിൽ ഉയർത്തിയ താമ്രസർപ്പം. നിഴലായ താമ്രസർപ്പത്തിലൂടെ പ്രവൃത്തികൂടാതെ രക്ഷപ്രാപിച്ചുവെങ്കിൽ, പൊരുളായ ക്രിസ്തുവിൻ്റെ ക്രൂശുമരണത്തിലൂടെ പ്രവൃത്തികൂടാതെ എത്രയധികമായി നാം രക്ഷപ്രാപിക്കും. “ഞാനോ ഭൂമിയിൽ നിന്നു ഉയർത്തപ്പെട്ടാൽ എല്ലാവരെയും എങ്കലേക്കു ആകർഷിക്കും” എന്നു മറ്റൊരു വാക്യവും അവൻ പറഞ്ഞു: (യോഹ, 12:32). പിതാവ് ആകർഷിച്ചിട്ടാണ് നാം പുത്രൻ്റെ അടുക്കൽ എത്തിയത്: “എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടില്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും.” (യോഹ, 6:44). ദൈവമാണ് ആത്മാവിൽ സ്നാനംനല്കി നമ്മെ രക്ഷിച്ച് നമ്മോടൊപ്പം വസിക്കുന്നത്. (പ്രവൃ, 11:17; 1കൊരി, 6:19). “നാമോ ലോകത്തിന്റെ ആത്മാവിനെ അല്ല, ദൈവം നമുക്കു നല്കിയതു അറിവാനായി ദൈവത്തിൽനിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചതു.” (1കൊരി, 2:12).
കർത്താവായ യേശുക്രിസ്തുവിന്റെ ജനനമരണപുനുരുത്ഥാന സ്വർഗ്ഗാരോഹണങ്ങളാണ് മനുഷ്യരുടെ രക്ഷയ്ക്കടിസ്ഥാനം. ക്രിസ്തു തൻ്റെ സ്വന്തരക്തത്താൽ സമ്പാദിച്ച രക്ഷ വ്യക്തികൾക്കു ലഭിക്കുന്നത് ജലസ്നാനത്താലല്ല; രക്ഷയെക്കുറിച്ചുള്ള സുവിശേഷ കേൾവിയാൽ ലഭിക്കുന്ന ആത്മസ്നാനത്താൽ കൃപയാലുളവാകുന്ന വിശ്വാസത്താലാണ്. ജലസ്നാനം രക്ഷയ്ക്കുള്ള ഉപാധിയല്ല; രക്ഷിക്കപ്പെട്ടവൻ അനുഷ്ഠിക്കേണ്ട പ്രഥമവും പ്രധാനവുമായ ക്രിസ്തീയ കർമ്മമാണ്. അതനുഷ്ഠിക്കേണ്ടത് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമായ യേശുക്രിസ്തുവിൻ്റെ നാമത്തിലാണ്. സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിൻ.
ജലസ്നാനംകൂടാതെ രക്ഷ കിട്ടില്ലെന്നു വിചാരിക്കുന്ന സഹോദരങ്ങളോടു ചില ചോദ്യങ്ങൾ:
1. ക്രിസ്തു തൻ്റെ മനുഷ്യാത്മാവിനെ ദൈവകരങ്ങളിൽ ഏല്പിച്ചിട്ട് ദൈവാത്മാവിനാലാണ് തന്നെത്തന്നെ മരണത്തിനേല്പിച്ചത്: (ലൂക്കൊ, 23:46; എബ്രാ, 9:14). ക്രിസ്തുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചതും ദൈവാത്മാവാണ്: (1പത്രൊ, 3:18. ഒ.നോ: റോമ, 8:11; എഫെ, 1:20). അതായത്, ക്രിസ്തുവിൻ്റെ മരണവും പുനരുത്ഥാനവും ദൈവാത്മാവിലായിരുന്നു. ക്രിസ്തു ദൈവാത്മാവിനാൽ തികച്ച തൻ്റെ മരണപുനരുത്ഥാനങ്ങളാകുന്ന പരമയാഗത്താട് ദൈവത്മാവിനാൽ അഥവാ, ആത്മസ്നാനത്താലല്ലാതെ, ജലസ്നാനത്താൽ എങ്ങനെ നമുക്ക് ഏകീഭവിക്കാൻ കഴിയും???…
2. ജലസ്നാനത്താൽ വ്യക്തി രക്ഷ പ്രാപിക്കുമെങ്കിൽ, യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമായി (യോഹ, 7:37-39), ദൈവം നല്കുന്നതായ (പ്രവൃ, 11:17) ആത്മസ്നാനത്തിൻ്റെ അർത്ഥമെന്താണ്; ആവശ്യമെന്താണ്???…
3. ആദാമ്യപാപത്തിൽനിന്ന് ന്യായപ്രമാണത്താൽ അഥവാ പ്രവൃത്തികളാൽ മുക്തരാകാൻ കഴിയാത്തതുകൊണ്ടാണ് ദൈവം മനുഷ്യനായി വെളിപ്പെട്ട് ക്രൂശിൽ മരിച്ചത്: (റോമ, 5:15-17; 1കൊരി, 15:17; 1തിമൊ, 3:14-16). ക്രിസ്തുവിൻ്റെ മരണപുനരത്ഥാനങ്ങളുടെ ഫലമാണ് ആത്മസ്നാനം: (യോഹ, 7:37-39; 24:26; പ്രവൃ, 2:33). പിതാവ് തൻ്റെ നാമമാണ് പുത്രന് കൊടുത്തത്: (യോഹ, 17:11-12). പിതാവിൻ്റെ നാമം ക്രിസ്തുവിൻ്റെ ക്രൂശുമരണത്തിന് മുമ്പുമുണ്ട്; അതുകൊണ്ടാണല്ലോ പുത്രനു കൊടുത്തത്. രക്ഷയ്ക്കായി യേശുവെന്ന നാമവും ജലസ്നാമെന്ന പ്രവൃത്തിയും മതിയെങ്കിൽ ക്രിസ്തു പാടുപെട്ട് ക്രൂശിൽ മരിച്ചതെന്തിനാണ്???…
4. ക്രിസ്തുവിനൊപ്പം സഭയുടെ അടിസ്ഥാനപ്പണിയിൽ പങ്കുള്ളവരാണ് അപ്പൊസ്തലന്മാർ: (എഫെ, 2:20). യേശുവിൻ്റെ പന്ത്രണ്ട് ശിഷ്യന്മാർക്ക് പെന്തെക്കൊസ്തിൽ ആത്മസ്നാനം ലഭിച്ചതല്ലാതെ, അവരിൽ ഒരാൾപോലും ജലസ്നാനം ഏറ്റതായി രേഖയില്ല. ജലസ്നാനത്താലാണ് രക്ഷയെങ്കിൽ അവരിൽ ഒരാളെങ്കിലും ജലസ്നാനം കഴിച്ചതായി രേഖപ്പെടുത്താത്തതെന്താണ്???…
5. സഭയുടെ അടിസ്ഥാനത്തിൽ ക്രിസ്തുവിനൊപ്പം പങ്കുള്ള പന്ത്രണ്ട് അപ്പൊസ്തലന്മാർക്കും ജലസ്നാനം കൂടാതെ രക്ഷകിട്ടും; ആ അടിസ്ഥാനത്തിന്മേൽ ആത്മാവിനാൽ ചേർത്തുപണിയപ്പെടുന്ന വിശ്വാസികൾക്ക് (എഫെ, 2:20-22) ജലസ്നാനത്താൽ മാത്രമേ രക്ഷകിട്ടുകയുള്ളു എന്ന് പറയുന്നതിലെ യുക്തിയെന്താണ്? ആത്മസ്നാനത്തെക്കാൾ ശ്രേഷ്ഠമാണോ ജലസ്നാനം???…
6. “ജനത്തിനു പാപമോചനം നല്കാനും സാത്താൻ്റെ അധികാരത്തിൽനിന്നു ദൈവത്തിങ്കലേക്കു തിരിപ്പാനും ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു കർത്താവു ജാതികളുടെ വെളിച്ചമാക്കി വെച്ച പൗലൊസ് പറയുന്നു: സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു.” (പ്രവൃ, 13:47; 26:18; 1കൊരി, 1:17). ജാതികളോടു സുവിശേഷം പ്രസംഗിക്കുവാൻ ക്രിസ്തുവിൽ നിന്നും പ്രത്യേകം നിയോഗം പ്രാപിച്ച അപ്പൊസ്തലനായിരുന്നു പൗലൊസ്. സ്നാനം പ്രസ്തുത നിയോഗത്തിന്റെ ഭാഗമായിരുന്നെങ്കിൽ, സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതെന്നു പൗലൊസ് പറയുമായിരുന്നോ? ജാതികളെ രക്ഷിക്കാൻ ദൈവത്താൽ അയക്കപ്പെട്ട പൗലൊസ് രക്ഷയുടെ ഭാഗമായ ജലസ്നാനം കഴിപ്പിപ്പാനല്ല എന്നെ അയച്ചതെന്നു പറഞ്ഞാൽ, അവൻ കള്ളയപ്പൊസ്തലനാണെന്ന് പറയേണ്ടിവരില്ലേ???…
7. അപ്പൊല്ലോസിനെക്കുറിച്ചുള്ള വിവരങ്ങളാണിത്: 1. വാഗ്വൈഭവവും തിരുവെഴുത്തുകളിൽ സാമർത്ഥ്യവുമുള്ളവൻ. 2. കർത്താവിന്റെ മാർഗ്ഗത്തിൽ ഉപദേശം ലഭിച്ചവൻ. 3. ആത്മാവിൽ എരിവുള്ളവൻ. 4. യേശുവിന്റെ വസ്തുത സൂക്ഷമമായി പ്രസ്താവിക്കയും ഉപദേശിക്കയും ചെയ്തവൻ. 5. ദൈവകൃപയാൽ വിശ്വസിച്ചവർക്കു വളരെ പ്രയോജനമായിത്തിർന്നവൻ. 6. യേശു തന്നേ ക്രിസ്തു എന്നു അവൻ തിരുവെഴുത്തുകളാൽ തെളിയിച്ചു ബലത്തോടെ യെഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞവൻ. (പ്രവൃ, 18: 24-28). 7. അവൻ അപ്പൊസ്തലനായിരുന്നു: (1കൊരി, 4:6-9). ഈ അപ്പൊല്ലോസിന് യോഹന്നാൻ്റെ സ്നാനത്തെക്കുറച്ച് മാത്രമേ അറിവുണ്ടായിരുന്നുള്ളു: (പ്രവൃ, 18:25). ജലസ്നാനത്താലാണ് രക്ഷയെങ്കിൽ; സ്നാനം ഏല്ക്കാത്ത, സ്നാനത്തെക്കുറിച്ച് ഒരറിവുമില്ലാതിരുന്ന അപ്പൊല്ലൊസിനെ ദൈവം സുവിശേഷം അറിയിക്കുവാൻ നിയോഗിച്ചത് എന്തിനാണ്? അവനെ വെള്ളപൂശി അപ്പൊസ്തലനായി ബൈബിളിൽ അവതരിപ്പിച്ചിരിക്കുന്നത് എന്തിനാണ്???…
ക്രിസ്തു തലയായിരിക്കുന്ന അവൻ്റെ ശരീരമായ സഭ പണിയപ്പെടുന്നത് ജഡത്താലും ജലത്താലുമല്ല; ആത്മാവിനാണ്: “ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു. അവനിൽ കെട്ടിടം മുഴുവനും യുക്തമായി ചേർന്നു കർത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു. അവനിൽ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന്നു ആത്മാവിനാൽ ഒന്നിച്ചു പണിതുവരുന്നു.” (എഫെ, 2:20-22).
ദൈവത്തിൻ്റെ ആത്മാവിനാൽ അഥവാ ആത്മസ്നാനത്താൽ രക്ഷിക്കപ്പെട്ട് ക്രിസ്തുവിനോട് ചേർന്നവർ അനുഷ്ഠിക്കേണ്ട പ്രഥമവും പ്രധാനവുമായ ക്രിസ്തീയ കർമ്മമാണ് യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള ജലസ്നാനം. ക്രിസ്തീയരക്ഷ പ്രവൃത്തിയാലല്ല കൃപയാലാണ്; അല്ലെങ്കിൽ കൃപ കൃപയല്ല. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!
രക്ഷയെ കുറിച്ചുള്ള സുവിശേഷം കേട്ട് മാനസാന്തരം വന്നു ആത്മസ്നാനം ലഭിച്ചശേഷം ജലത്താൽ സ്നാനപ്പെട്ട ഞാൻ. വചനം കേട്ടു ഹൃദയം നുറുങ്ങുന്നതല്ലേ യഥാർത്ഥ സ്നാനം.
ആമ്മേൻ ദൈവത്തിനു മഹത്വം.