സ്ഥിരത (Patience)
പീഡനവും എതിർപ്പും ക്ഷമയോടെ സഹിച്ചു നില്ക്കുവാൻ ദൈവം നല്കുന്ന കഴിവാണ് സഹിഷ്ണുത അഥവാ സ്ഥിരത. ഈ ആശയത്തെക്കുറിക്കുന്ന എബ്രായപദത്തിനു ‘ദീർഘം’ എന്നർത്ഥം. ദൈവം ദീർഘ ക്ഷമയുള്ളവനാണ്. (പുറ, 34:6; സംഖ്യാ, 14:17; സങ്കീ, 86:15; 103:8). ദീർഘക്ഷമയ്ക്ക് തത്തുല്യമായ ഗ്രീക്കുപദം ‘മാക്രൊതുമിയ’ ആണ്. ‘ഹ്യുപൊമൊനീ’ എന്ന ഗ്രീക്കു പദത്തെയാണ് പുതിയനിയമത്തിൽ സഹിഷ്ണുത, സ്ഥിരത എന്നിങ്ങനെ തർജ്ജമ ചെയ്തിട്ടുള്ളത്. കീഴെ (ഹ്യുപൊ) വസിക്കുക (മെനോ) എന്നാണ് വാച്യാർത്ഥം. ഹ്യുപൊമാനീ എന്ന നാമപദം മുപ്പത്തിരണ്ടു പ്രാവശ്യവും, ക്രിയാരൂപം പതിനഞ്ചു പ്രാവശ്യവും പുതിയനിയമത്തിലുണ്ട്.
തിരുവെഴുത്തുകളിലൂടെയാണ് വിശ്വാസിയിൽ ഈ സ്ഥിരത ഉളവാകുന്നത്. (റോമ, 15:4). സ്ഥിരതയും ആശ്വാസവും നമുക്കു നല്കുന്നത് ദൈവമാണ്. (റോമ, 15:6). തനിക്കും സകലവിശുദ്ധന്മാർക്കും വേണ്ടി പ്രാർത്ഥനയിൽ പൂർണ്ണസ്ഥിരത കാണിപ്പാൻ പൗലൊസ് എഫെസ്യരോട് പറഞ്ഞു. (6:18). വിശ്വാസികൾ തങ്ങളുടെ വിശുദ്ധജീവിതമാകുന്ന ഓട്ടം സ്ഥിരതയോടെ ഓടേണ്ടതാണ്. (എബ്രാ, 12:1). ലോകത്തിൻ്റെ വഞ്ചനയിൽ കുടുങ്ങി സ്വന്ത സ്ഥിരതവിട്ടു വീണു പോകാതിരിപ്പാൻ ഓരോരുത്തലരും സൂക്ഷിക്കേണ്ടതുമാണ്. (2പത്രൊ, 3:17). വിശ്വാസികൾക്ക് നേരിടുന്ന സ്ഥിരതയ്ക്കായിട്ടാണ് ഏന്നറിഞ്ഞ് സന്തോഷിക്കേണ്ടതാണ്: “എന്റെ സഹോദരന്മാരേ, നിങ്ങൾ വിവിധപരീക്ഷകളിൽ അകപ്പെടുമ്പോൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്നു അറിഞ്ഞു അതു അശേഷം സന്തോഷം എന്നു എണ്ണുവിൻ.” (യാക്കോ, 1:2,3).