സ്തോത്രം (give thanks)
സ്തോത്രവും സ്തുതിയും പര്യായങ്ങളാണ്. ദൈവത്തിന്റെ മഹിമകളെയും പരിപൂർണ്ണതകളെയും ഓർത്തുകൊണ്ട് ഭക്തിപൂർവ്വം ദൈവിക ഗുണങ്ങളെ വാഴ്ത്തുകയാണ് സ്തുതി. കഴിഞ്ഞകാലത്ത് ദൈവം ചെയ്ത നന്മകളെ ഓർത്തുകൊണ്ടുള്ള നന്ദി പറയലാണ് സ്തോത്രത്തിൽ. പഴയനിയമകാലത്ത് യഹോവയ്ക്കു പ്രത്യേകം സ്തോത്രയാഗം അർപ്പിച്ചിരുന്നു. (ലേവ്യ, 7:11-21). ആദ്യഫലം അർപ്പിച്ചിരുന്നതും സ്തോത്രമായി ആയിരുന്നു. (ആവ, 26:1-11). ആത്മാർത്ഥമായി അധരംകൊണ്ടു ദൈവത്തിനു സ്തോത്രം പറയുന്നതും ദൈവത്തിനു പ്രസാദകരമായ യാഗമാണ്. (എബ്രാ, 13:15; ഹോശേ, 14:2; സങ്കീ, 119:108). ഒരു ക്രിസ്ത്യാനിയുടെ ജീവിതം ദൈവത്തിനു പ്രസാദമുള്ള സ്തോത്രയാഗമായി അർപ്പിക്കേണ്ടതാണ്. (റോമ, 12:1). എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും ആവശ്യങ്ങൾ സ്തോതത്തോടെ ദൈവത്തോടു അറിയിക്കേണ്ടത് വിശ്വാസിയുടെ കടമയാണ്. (ഫിലി, 4:6).
സ്തുതി (praise)
സ്തുതിയെക്കുറിക്കുന്ന പഴയനിയമപദങ്ങൾ ‘ഹാലൽ’ (ശബ്ദം പുറപ്പെടുവിക്കുക), ‘യാദാ’ (സ്തുതിക്കുമ്പോഴുള്ള അങ്ഗചലനത്തെ വിവക്ഷിക്കുന്നു), ‘സാമർ’ (പാട്ടുപാടുക) എന്നിവയാണ്. യൂഖാറിസ്റ്റൈൻ (സ്തോത്രം അർപ്പിക്കുക) എന്നതത്രേ പുതിയനിയമപദം. തിരുവെഴുത്തുകൾ സ്തുതിയാൽ മുഖരിതമാണ്. സന്തോഷത്തിൽ നിന്നും നൈസർഗ്ഗികമായി ഉണ്ടാകുന്നതാണ് സ്തുതി. ദൈവം തന്റെ പ്രവൃത്തികളിൽ സന്തോഷിക്കുന്നു. (സങ്കീ, 104:31; സദൃ, 8:30,31). ദൈവത്തിന്റെ സർവ്വസൃഷ്ടികളും ദൈവദൂതന്മാരും സ്തുതിയിലൂടെ തങ്ങളുടെ സന്തോഷം പ്രകടിപ്പിക്കുന്നു. (ഇയ്യോ, 38:4-7; വെളി, 4:6-11). ഈ ഭൂമിയിൽ ദൈവരാജ്യത്തിന്റെ ആഗമനം തന്നെ ദൈവജനത്തിനും സർവ്വസൃഷ്ടിക്കും സന്തോഷവും സ്തുതിയും തിരിച്ചു കിട്ടുന്നതിലുടെയാണ് വെളിപ്പെടുന്നത്. സൃഷ്ടിക്കും വീണ്ടെടുപ്പിനുംവേണ്ടി ദൈവത്തിനു സ്തുതിയും തോത്രവും അർപ്പിക്കുന്നു. (സങ്കീ, 24, 136). സ്വർഗ്ഗത്തിൽ ദൈവദൂതന്മാരും സ്വർഗ്ഗീയജീവികളും സഷ്ടാവും വീണ്ടെടുപ്പുകാരനുമായ ദൈവത്തെ നിരന്തരം വാഴ്ത്തി സ്തുതിക്കുന്നു. അതിന്റെ മാറ്റൊലി തന്നെയാണ് ഭൂമിയിൽ മനുഷ്യരും ദൈവത്തെ സ്തുതിക്കുന്നത്. (വെളി, 4:11; 5:9,10). വീണ്ടെടുപ്പുകാരനായ ദൈവത്തിന്റെ സൽഗുണങ്ങളെ ഘോഷിക്കുക എന്നതു ദൈവജനത്തിന്റെ പ്രത്യേക ലക്ഷണമാണ്. (1പത്രൊ, 2:9; എഫെ, 1:3-14; ഫിലി, 1:11). ജാതികൾ ദൈവത്തെ മഹത്വീകരിക്കുന്നില്ല. (റോമ, 1:21; വെളി, 16:9). സ്തുതി ദൈവത്തെ മഹത്വപ്പെടുത്തുകയും പ്രസാദിപ്പിക്കുകയും ചെയ്യുന്നു; അത് ദൈവസന്നിധിയിൽ അർപ്പിക്കുന്ന യാഗമാണ്. (സങ്കീ, 50:23).
ആദിമക്രിസ്ത്യാനികൾ ദൈവാലയത്തിൽ ചെന്നു ആരാധനയിൽ പങ്കെടുത്ത് ആനന്ദം അനുഭവിച്ചിരുന്നു. (ലൂക്കൊ, 24:53; പ്രവൃ, 3:1). ക്രിസ്തീയ ജീവിതത്തിലെ പ്രധാനഘടകം സന്തോഷമാണ്. ഈ സന്തോഷമാണ് ദൈവത്തെ ആരാധിക്കുവാനും സ്തുതിക്കുവാനും പ്രേരിപ്പിക്കുന്നത്. യേശുവിൽ നിന്നും പാപക്ഷമയും രോഗസൗഖ്യവും പ്രാപിച്ചവർ ആനന്ദാതിരേകത്താൽ കർത്താവിനെ സ്തുതിച്ചു. (ലൂക്കൊ, 18:43; മർക്കൊ, 2:12). ആദിമസഭയിലും ക്രിസ്തുവിലുടെ വെളിപ്പെട്ട ദൈവശക്തിയും ദൈവിക നന്മയും അറിയുകയും അനുഭവിക്കുകയും ചെയ്തവർ ദൈവത്തെ വാഴ്ത്തി സ്തുതിച്ചു. ഇന്നും വിശ്വാസികളുടെ അനുഭവം അതുതന്നെയാണ്. (പ്രവൃ, 2:46; 3:8; 11:18; 16:25; എഫെ, 1:1-14). ദൈവത്തെ സ്തുതിക്കുന്നതിനും സ്തോത്രം ചെയ്യുന്നതിനും സങ്കീർത്തനങ്ങൾ അന്നും ഇന്നും ഒന്നുപോലെ ഉപയോഗിച്ചു വരുന്നു. (കൊലൊ, 3:16). ക്രിസ്തുവിനെക്കുറിച്ചുള്ള സ്തുതിഗാനമാണ്. (ഫിലി, 2:6-11).