സോസ്ഥനേസ് (Sosthenes)
പേരിനർത്ഥം – തൻ്റെ ജനതയുടെ രക്ഷകൻ
പൗലൊസ് കൊരിന്തിൽ താമസിക്കുമ്പോൾ അവിടെയുണ്ടായിരുന്ന പള്ളിപ്രമാണി. പൗലൊസിനെ ദേശാധിപതിയായ ഗല്ലിയോന്റെ അടുക്കൽ ഹാജരാക്കി. എന്നാൽ യെഹൂദ മതസംബന്ധമായ കേസ് വിസ്തരിച്ചു തീരുമാനമെടുക്കുവാൻ ഗല്ലിയോൻ വിസമ്മതിച്ചു കോടതി പിരിച്ചുവിട്ടു. എല്ലാവരും പള്ളിപ്രമാണിയായ സോസ്ഥനേസിനെ പിടിച്ചു ന്യായാസനത്തിന്റെ മുമ്പിൽ വെച്ചു അടിച്ചു. (പ്രവൃ, 18:17) സോസ്ഥനേസ് മതഭ്രാന്തനായ ഒരു യെഹൂദനായിരുന്നു. എന്നാൽ ആൾക്കൂട്ടം ഗ്രേക്കരായിരുന്നു. യെഹൂദന്മാരെ വെറുത്തിരുന്ന അവർ ഗല്ലിയോന്റെ ഉദാസീനഭാവം മുതലെടുത്തു സോസ്ഥനേസിനെ അടിക്കുകയായിരുന്നു. ഇതാണ് പൊതുവെ അംഗീകരിക്കപ്പെടുന്ന വിശദീകരണം.
കൊരിന്ത്യർക്കുള്ള ഒന്നാം ലേഖനം താനും ഒരു സോസ്തനേസും കൂട്ടുചേർന്നു എഴുതിയതായി ലേഖനത്തിന്റെ തുടക്കത്തിൽ പൌലൊസ് സൂചിപ്പിച്ചിരിക്കുന്നു. (1കൊരി, 1:11). മുകളിൽ പറഞ്ഞിരിക്കുന്ന സോസ്ഥനേസ് തന്നെയാണ് ഇയാളെന്നു പലരും കരുതുന്നു. അത് ശരിയാണെങ്കിൽ പില്ക്കാലത്തു അയാൾ മാനസാന്തരപ്പെട്ടിരിക്കണം. പൊതുവെ പ്രചാരമുള്ള പേരാണിത്. ഇവർ രണ്ടുപേരും വിഭിന്ന വ്യക്തികൾ ആയിരുന്നുകൂടെന്നുമില്ല.