സിദെക്കീയാവ് (Zidekiah)
പേരിനർത്ഥം — യഹോവ നീതിമാൻ
യെഹൂദയിലെ ഇരുപതാമത്തെയും അവസാനത്തെയും രാജാവ്. (597-587 ബി.സി). യോശീയാ രാജാവിന്റെ ഇളയമകനും യെഹോവാഹാസിന്റെ സഹോദരനുമാണ്. (1ദിന, 3:15; 2രാജാ, 23:31; 24:18). യെഹോയാഖീൻ രാജാവിനെ ബാബേൽരാജാവായ നെബൂഖദ്നേസർ തോല്പിച്ചു തടവുകാരനായി കൊണ്ടുപോയ ശേഷം അവന്റെ ചിറ്റപ്പനായ മത്ഥന്യാവിനെ സിദെക്കീയാവു എന്നു പേർ മാറ്റി രാജാവായി വാഴിച്ചു (2രാജാ, 24;15-17). വാഴ്ച തുടങ്ങിയപ്പോൾ സിദെക്കീയാവിനു 21 വയസ്സായിരുന്നു. സിദെക്കീയാവു ബാബേൽ രാജാവിനോടു മത്സരിച്ചു. ബാബേൽരാജാവു സർവ്വ സൈന്യവുമായി വന്നു യെരുശലേമിനെ നിരോധിച്ചു. (2രാജാ, 25:1). പതിനെട്ടു മാസത്തെ നിരോധനം നിമിത്തം പട്ടണം ക്ഷാമത്തിന്റെ കെടുതിയിൽ വീണു. ബി.സി. 587 ജൂലൈ മാസത്തിൽ പട്ടണം വീണു. രാജാവും പടയാളികളും ഒളിച്ചോടിയെങ്കിലും ബാബേൽ സൈന്യം അവരെ പിന്തുടർന്നു പിടിച്ചു. പുത്രന്മാരെ സിദെക്കീയാവിന്റെ മുമ്പിൽ വച്ചു കൊന്നു. കണ്ണുകൾ പൊട്ടിച്ച് സിദെക്കീയാവിനെ ബാബേലിലേക്കു കൊണ്ടുപോയി. (2രാജാ, 25:1-7). അങ്ങനെ യെഹൂദ്യയുടെ രാജഭരണത്തിനും തിരശ്ശീല വീണു.