സാദോക് (Zadok)
പേരിനർത്ഥം – നീതിമാൻ
ദാവീദ് രാജാവിന്റെ കാലത്തുണ്ടായിരുന്ന മഹാപുരോഹിതൻ. അഹീത്തുബിന്റെ പുത്രനായ സാദോക് അഹരോന്റെ പുത്രനായ എലെയാസാറിന്റെ കുടുംബത്തിൽ പെട്ടവനായിരുന്നു. (1ദിന, 24:3). അഹരോനിൽ നിന്നും പതിനൊന്നാമത്തെ തലമുറയിലാണ് സാദോക് പുരോഹിതൻ. സാദോക്കും അവന്റെ പിതൃഭവനത്തിലെ 22 പ്രഭുക്കന്മാരും ആയി ഹെബ്രോനിൽ വന്നു ദാവീദിന്റെ പക്ഷം ചേർന്നു. (1ദിന, 12:26-28). ഇതു മറ്റൊരു സാദോക് ആയിരിക്കാമെന്നു കരുതുന്നവരും ഉണ്ട്. അന്നുമുതൽ എല്ലാ പ്രതിസന്ധികളിലും സാദോക് ദാവീദിന്റെ കൂടെ ഉറച്ചുനിന്നു. അബ്ശാലോമിന്റെ മത്സരത്തിൽ ദാവീദ് യെരൂശലേം വിട്ടോടി. അപ്പോൾ സാദോക്കും ലേവ്യരും നിയമപ്പെട്ടകം ചുമന്നുകൊണ്ടു ദാവീദിനു പിന്നാലെ ചെന്നു. എന്നാൽ ദാവീദിന്റെ കല്പനയനുസരിച്ച് സാദോക്ക് യെരൂശലേമിൽ താമസിച്ചുകൊണ്ടു വാർത്തകൾ രഹസ്യമായി രാജാവിനെ അറിയിച്ചുവന്നു. (2ശമൂ, 15:24- 29; 17:15). അബ്ശാലോമിന്റെ മരണശേഷം ദാവീദിനെ മടക്കിവിളിക്കുവാൻ മൂപ്പന്മാരെ പ്രേരിപ്പിച്ചത് സാദോക്കും അബ്യാഥാരും ആയിരുന്നു. (1ദിന, 19:11-15). ദാവീദിന്റെ വാർദ്ധക്യത്തിൽ അദോനീയാവ് മത്സരിച്ചപ്പോൾ യോവാബും അബ്യാഥാരും അവന്റെ പക്ഷം ചേർന്നു. എന്നാൽ സാദോക് ദാവീദിനോടു കൂറു പുലർത്തി. ദാവീദിന്റെ ഹിതപ്രകാരം ശലോമോനെ രാജാവായി അഭിഷേകം ചെയ്തത് സാദോക് ആയിരുന്നു. (1രാജാ, 1:34,39). ശലോമോൻ രാജാവായപ്പോൾ അബ്യാഥാരിനെ പൗരോഹിത്യത്തിൽ നിന്നും നീക്കി പകരം സാദോക്കിനെ പൗരോഹിത്യത്തിൽ സ്ഥിരപ്പെടുത്തി. (1രാജാ, 2;27, 35). ഇതിനുശേഷം സാദോക്കിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള പരാമർശമൊന്നുമില്ല. ശലോമോന്റെ ഉദ്യോഗസ്ഥന്മാരുടെ പട്ടികയിൽ സാദോക്കിനെ പുരോഹിതൻ എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. (1രാജാ, 4:4; 1ദിന, 29:22).