സാത്താന്റെ തന്ത്രങ്ങൾ
സാത്താൻ ക്ഷണിക്കപ്പെടാത്ത അത്യുദയകാംക്ഷിയായി മനുഷ്യനെ സമീപിച്ച് ഹൃദയത്തിൽ സംശയം ജനിപ്പിക്കുന്നു: ഹവ്വാ സാത്താനെ അന്വേഷിക്കുകയോ ഏദെൻ തോട്ടത്തിലേക്കു ക്ഷണിക്കുകയോ ചെയതിട്ടല്ല അവൻ അവളെ തേടി ഏദെൻ തോട്ടത്തിലേക്കു കടന്നുചെന്നത്. എല്ലാ കാര്യങ്ങളും അറിയുന്ന ഒരു അഭ്യുദയകാംക്ഷിയെപ്പോലെ സ്നേഹം നടിച്ച് സംഭാഷണം ആരംഭിച്ച അവൻ, ദൈവത്തിന്റെ നന്മയെക്കുറിച്ച് ഹവ്വായിൽ സംശയം ജനിപ്പിച്ചു.
ദൈവം കല്പിച്ചിരിക്കുന്നത് തെറ്റാണെന്നു പ്രഖ്യാപിച്ച്, ദൈവത്തിലുള്ള മനുഷ്യന്റെ വിശ്വാസം തകർക്കുവാൻ സാത്താൻ ശ്രമിക്കുന്നു: തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം ഭക്ഷിച്ചാൽ നിശ്ചയമായും മരിക്കുകയില്ലെന്നുള്ള സാത്താന്റെ ദൃഢമായ പ്രസ്താവന, ഹവ്വായുടെ ദൈവത്തിലുള്ള വിശ്വാസത്തിൽ വിടവ് സൃഷ്ടിച്ചു. അങ്ങനെ അവൾ ദൈവത്തെക്കാൾ ഉപരി സാത്താനെ വിശ്വസിച്ചു.
സാത്താൻ ഭൗതികമായ അഭ്യുന്നതി വാഗ്ദാനം ചെയ്ത് ദൈവത്തെ അനുസരിക്കാതിരിക്കുവാൻ മനുഷ്യനു പ്രേരണ നൽകുന്നു: വ്യഷഫലം ഭക്ഷിച്ചാൽ ദൈവത്തെപ്പോലെ ആകുമെന്ന സാത്താന്റെ വാക്കുകൾ വിശ്വസിച്ച ഹവ്വാ ദൈവത്തെപ്പോലെ ആകുവാനുള്ള അഭിനിവേശത്താൽ, ദൈവത്തെ അനുസരിക്കാതെ വൃക്ഷഫലം നോക്കി – പറിച്ചു – ഭക്ഷിച്ചു.
സ്നേഹബന്ധങ്ങൾ മുതലെടുത്ത് പാപത്തിൽ വീഴ്ത്തുവാൻ സാത്താൻ ശ്രമിക്കുന്നു: ഹവ്വാ വൃക്ഷഫലം ഭക്ഷിച്ചതിനുശേഷം ഭർത്താവായ ആദാമിനു നൽകി; അവനും ഭക്ഷിച്ചു. അങ്ങനെ അവനും പാപത്തിൽ വീണു. ഭാര്യയുടെ സ്നേഹപൂർണ്ണമായ നിർബ്ബന്ധംകൊണ്ട് ആദാം ദൈവത്തിന്റെ കല്പന അനുസരിക്കാതെ പാപം ചെയ്തു.
സാത്താൻ നൽകിയ പ്രേരണ ഹവ്വായക്ക് തിരസ്കരിക്കാമായിരുന്നു. അതിനെക്കാളുപരി, തന്നിൽ ഉണ്ടായ സംശയത്തെക്കുറിച്ച്, തന്നെ സൃഷ്ടിക്കുകയും ഏദെനിൽ നിയമിക്കുകയും ചെയ്ത ദൈവത്തോട് അവൾക്കു ചോദിക്കാമായിരുന്നു. എന്നാൽ അതു ചെയ്യാതെ, സാത്താന്റെ പ്രേരണ നിമിത്തം ജഡത്തിന്റെ ദുരാഗ്രഹം, കണ്ണുകളുടെ ദുരാഗ്രഹം, ജീവിതത്തിന്റെ അഹന്ത (1യോഹ, 2:16) എന്നിവയ്ക്ക് അടിമപ്പെട്ടപ്പോഴാണ് ഇരുവരും പാപത്തിൽ വീണുപോയത്. (വേദഭാഗം: ഉല്പത്തി 1-3 അദ്ധ്യായം).
One thought on “സാത്താൻ്റെ തന്ത്രങ്ങൾ”