സഭാപ്രസംഗി (Book of Ecclesiastes)
പഴയനിയമത്തിലെ ഇരുപത്തൊന്നാമത്തെ പുസ്തകം. എബ്രായ കാനോനിൽ കൈത്തൂവീമിൽ (എഴുത്തുകൾ) പെടുന്നു. പുസ്തകത്തിന്റെ എബ്രായപേര് ‘കോഹെലെത്തും’ ഗീക്കുപേര് ‘എക്ലിസിയാസ്റ്റീസും’ ആണ്. സഭയിൽ പ്രഭാഷണം നടത്തുന്നവൻ എന്നാണ് ഇതിനർത്ഥം. കോഹെലെത് ഒരപൂർവ്വ പദമാണ്. ഈ പുസ്തകത്തിലുള്ള ഏഴു പരാമർശങ്ങളൊഴികെ കാനോനിക തിരുവെഴുത്തുകളിൽ മറ്റൊരിടത്തും ഈ പദം പ്രയോഗിച്ചിട്ടില്ല. സെപ്റ്റജിന്റിൽ സദൃശവാക്യങ്ങൾ, ഉത്തമഗീതം എന്നിവയോടൊപ്പം സങ്കീർത്തനത്തിനു ശേഷമാണ് സഭാപ്രസംഗിയുടെ സ്ഥാനം. ദാവീദിന്റെ സങ്കീർത്തനങ്ങൾക്കു ശേഷം പുത്രനായ ശലോമോന്റെ പുസ്തകങ്ങൾ എന്ന സാമാന്യ യുക്തിയാണ് ഈ വർഗ്ഗീകരണത്തിനടിസ്ഥാനം. അഞ്ചു ചുരുളുകളിൽ (മെഗില്ലോത്ത്) ഒന്നായ ഇതിനെ യെഹൂദന്മാർ കുടാരപ്പെരുന്നാളിനു പാരായണം ചെയ്യുന്നു.
ഗ്രന്ഥകർത്താവ്: മാർട്ടിൻ ലൂഥറിന്റെ കാലം മുതൽ ശലോമോന്റെ കർത്തൃത്വം നിഷേധിക്കപ്പെട്ടു വരുന്നു. ഭാഷാരീതി, അരാമ്യ ഭാഷാസ്വാധീനം, ചിലപ്രയോഗങ്ങളുടെ കാലപ്പൊരുത്തമില്ലായ്മ എന്നിവയാണ് വിമർശകന്മാർ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങൾ. എന്നാൽ ശലോമോന്റെ ഗ്രന്ഥകർത്തൃത്വം പൊതുവെ ഇന്നു അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ശലോമോന്റെ കാലം ബി.സി. പത്താം നൂറ്റാണ്ടാണ്. ശലോമോന്റെ കർത്തൃത്വത്തിനു അനുകൂലമായ വാദഗതികൾ താഴെപ്പറയുന്നവയാണ്. 1. ബാബാബ്രതയിൽ സെപ്റ്റ്വജിന്റിലെ ക്രമമനുസരിച്ച് സദൃശവാക്യങ്ങൾ, ഉത്തമഗീതം, സഭാപ്രസംഗി, എന്നിങ്ങനെ വർഗ്ഗീകരിച്ചിരിക്കുന്നു. ശലോമോൻ യൗവനകാലത്ത് പ്രേമത്തിനു ഊന്നൽ നല്കിക്കൊണ്ട് ഉത്തമഗീതവും ജീവിതമദ്ധ്യത്തിൽ പ്രായോഗിക ജീവിതത്തിൽ സദാചാരതത്വങ്ങൾക്ക് ഊന്നൽ നല്കിക്കൊണ്ട് സദൃശവാക്യങ്ങളും ജീവിത സായാഹ്നത്തിൽ വാർദ്ധക്യസഹജമായ ദോഷാനുദർശനത്തിൽ സഭാപ്രസംഗിയും എഴുതി എന്നു റബ്ബിമാർ പറഞ്ഞിട്ടുണ്ട്. 2. ശലോമോന്റെ ഗ്രന്ഥകർത്തൃത്വത്തിനു ഏറ്റവും പ്രാചീനമായ തെളിവ് പുസ്തകത്തിലെ ആദ്യ വാക്യമാണ്. യെരുശലേമിലെ രാജാവായി ദാവീദിന്റെ മകനായ സഭാപ്രസംഗിയുടെ വചനങ്ങൾ (1:1,12) എന്നിങ്ങനെ എഴുത്തുകാരൻ ദാവീദിന്റെ പുത്രനായിരുന്നുവെന്നും, യെരുശലേമിലെ രാജാവായിരുന്നുവെന്നും പ്രത്യക്ഷമായി പറയുന്നു. ശലോമോൻ എന്ന പേര് സഭാപ്രസംഗിയിലില്ല; ശലോമോനാണ് എഴുതിയതെന്നു സഭാപ്രസംഗി അവകാശപ്പെടുന്നുമില്ല. ശലോമോൻ സഭാപ്രസംഗി എന്ന ഗൂഢനാമം പ്രയോഗിക്കുന്നത് വ്യാഖ്യാനക്ഷമവുമല്ല. എങ്കിലും മറ്റു തെളിവുകൾ സഭാപ്രസംഗിയെ ശലോമോനായി മനസ്സിലാക്കുവാൻ പ്രേരിപ്പിക്കുന്നു. 3. യെരുശലേമിൽ ഉണ്ടായിരുന്ന എല്ലാവരെക്കാളും അധികം ജ്ഞാനം തനിക്കുണ്ടായിരുന്നു എന്നു എഴുത്തുകാരൻ പറയുന്നു. ഇത് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ശലോമോന്റെ ജ്ഞാനവുമായി പൊരുത്തപ്പെടുന്നുണ്ട്. (1:16; 2:9; 1രാജാ, 4:30). 4. യെരൂശലേമിന്റെ പ്രതാപത്തെക്കുറിച്ചുള്ള വർണ്ണന ശലോമോന്റെ കാലത്തിന് അനുയോജ്യമാണ്. (2:4-9; 1ദിന, 29:25). ഈ പുസ്തകത്തിലെ ചില പരോക്ഷസൂചനകളും ശലോമോന്റെ സ്വഭാവത്തെ വെളിപ്പെടുത്തുന്നു. (4:13; 7:26-28). 5. സഭാപ്രസംഗി ജ്ഞാനിയായിരുന്നു എന്നതുകൂടാതെ, അവൻ ജനത്തിനു പരിജ്ഞാനം ഉപദേശിച്ചു കൊടുക്കയും ചിന്തിച്ചു ശോധനകഴിച്ചു അനേകം സദൃശവാക്യം ചമെക്കുകയും ചെയ്തു. (12:9; 1രാജാ, 4:32). സഭാപ്രസംഗിക്കും സദൃശവാക്യങ്ങൾക്കും തമ്മിൽ പല കാര്യങ്ങളിലും സാമ്യമുണ്ട്. അത് രണ്ടിന്റെയും എഴുത്തുകാരൻ ഒരാളാണെന്നതിനു തെളിവാണ്.
പ്രതിപാദ്യം: ബൈബിളിലെ ഏറ്റവും സങ്കീർണ്ണമായ പുസ്തകമാണ് സഭാപ്രസംഗി. സൂര്യന്റെ കീഴിലുള്ള ഒരു മനുഷ്യന്റെ ചിന്ത ഏതുവരെ ചെന്നെത്തുമെന്ന് ഈ പുസ്തകം വ്യക്തമാക്കുന്നു. സഭാപ്രസംഗിയിൽ വെളിപ്പെടുന്നത് ഒരു വിധത്തിലുള്ള ദോഷാനുദർശനവും വീക്ഷണവ്യതിരേകവുമാണ്. തന്മൂലം ഈ പുസ്തകത്തെ കാനോനിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് പലർക്കും എതിരഭിപ്രായമാണ് ഉണ്ടായിരുന്നത്. എന്നാൽ പുസ്തകത്തിന്റെ പ്രതിപാദ്യത്തെക്കുറിച്ചുള്ള ഒരു സാമാന്യധാരണ ഇതിന്റെ ഉദ്ദേശ്യത്തെ വെളിപ്പെടുത്തുന്നു. ഈ പുസ്തകത്തിൽ ഈശ്വരവാചിയായി ഉപയോഗിക്കുന്ന പദം എലോഹീം ആണ്, യഹോവ അല്ല. സ്രഷ്ടാവ് എന്ന നിലയിലാണ് ദൈവത്തോടുള്ള മനുഷ്യന്റെ ബന്ധം വ്യക്തമാക്കുന്നത്; രക്ഷിതാവ് എന്ന ബന്ധം അല്ല. സൂര്യനു കീഴെ എന്ന പ്രയോഗത്തിന്റെ ആവർത്തനം എഴുത്തുകാരൻ ഒരു സാധാരണ മനുഷ്യന്റെ അഥവാ ലൗകിക മനുഷ്യന്റെ വീക്ഷണകോണിൽ നിന്നാണ് കാര്യങ്ങളെ നോക്കി കാണുന്നത് എന്നു സൂചിപ്പിക്കുന്നു. പ്രകൃത്യതീത വെളിപ്പാടല്ല; പ്രത്യുത, സാമാന്യ വെളിപ്പാടാണ് ഈ പുസ്തകത്തിലെ വിഷയം. ഹാ, മായ, മായ, സകലവും മായ എന്നാവർത്തിച്ചുള്ള പ്രയോഗവും ഈ വസ്തുതയെ തന്നെ സ്ഥിരീകരിക്കുകയാണ്. സൂര്യനു കീഴിൽ പുതുതായി ഒന്നും ഇല്ല എന്നുള്ള പ്രസ്താവന ഒരു പുതിയനിയമത്തെ വിവക്ഷിക്കാതെ പഴയനിയമത്തിൽ തന്നെ ചിന്തയെ തളച്ചിടുന്നു. (1:9) ദൈവത്തിന്റെ അസ്തിത്വം (3:14; 5:2), പരമാധികാരം (6:2; 7:13; 9:1), നീതി (5:8; 8:12), മനുഷ്യന്റെ പാപവും പരിമിതികളും (7:20; 8:8-17, 9:3), മനുഷ്യന്റെ ചുമതലയും ഉത്തരവാദിത്വവും (9:7-10; 12:13), അമർത്ത്യത (3:11; 12:7), ശിക്ഷയും പ്രതിഫലവും (2:26; 3:17; 8:12; 11:9; 12:14) എന്നിങ്ങനെ സാമാന്യ വെളിപ്പാടിന്റെ വിഷയങ്ങൾ ഇതിൽ തെളിഞ്ഞുകാണാം.
പ്രധാന വാക്യങ്ങൾ: 1. “ഹാ മായ, മായ എന്നു സഭാപ്രസംഗി പറയുന്നു; ഹാ മായ, മായ, സകലവും മായയത്രേ.” സഭാപ്രസംഗി 1:2.
2. “ജ്ഞാനബാഹുല്യത്തിൽ വ്യസനബാഹുല്യം ഉണ്ടു; അറിവു വർദ്ധിപ്പിക്കുന്നവൻ ദുഃഖവും വർദ്ധിപ്പിക്കുന്നു.” സഭാപ്രസംഗി 1:18.
3. “ഞാൻ എന്റെ കൈകളുടെ സകലപ്രവൃത്തികളെയും ഞാൻ ചെയ്‍വാൻ ശ്രമിച്ച സകലപരിശ്രമങ്ങളെയും നോക്കി; എല്ലാം മായയും വൃഥാപ്രയത്നവും അത്രേ; സൂര്യന്റെ കീഴിൽ യാതൊരു ലാഭവും ഇല്ല എന്നു കണ്ടു.” സഭാപ്രസംഗി 2:11.
4. “നിന്റെ യൌവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക; ദുർദ്ദിവസങ്ങൾ വരികയും എനിക്കു ഇഷ്ടമില്ല എന്നു നീ പറയുന്ന കാലം സമീപിക്കയും.” സഭാപ്രസംഗി 12:1.
5. “എല്ലാറ്റിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നതു. ദൈവം നല്ലതും തീയതുമായ സകലപ്രവൃത്തിയെയും സകല രഹസ്യങ്ങളുമായി ന്യായവിസ്താരത്തിലേക്കു വരുത്തുമല്ലോ.” സഭാപ്രസംഗി 12:13.
ബാഹ്യരേഖ: I. ആമുഖം 1:1-11.
II ഭൗമിക വസ്തുക്കളെല്ലാം മായ: 1:12-6:12.
1. മാനുഷിക വിജ്ഞാനം അന്വേഷിക്കുന്നതിന്റെ അർത്ഥശൂന്യത: 1:12-18.
2. സന്തോഷം, സുഖം എന്നിവയുടെ മിഥ്യാത്വം: 2:1-11.
3. മാനുഷിക ജ്ഞാനത്തിന്റെയും സമ്പത്തിന്റെയും വ്യർത്ഥത: 2:12-23.
4. മാനുഷിക പ്രയത്നങ്ങളുടെ വൃഥാത്വം: 2:24-3:15.
5. പീഡകന്മാരും ദുഷ്ടന്മാരും മായ: 3:16-4:6.
6. ഒരു പ്രവൃത്തി തനിയെ ചെയ്യാൻ ശ്രമിക്കുന്നതിന്റെ വ്യർത്ഥത: 4:7-12.
7. സമ്പത്തിന്റെയും ഭോഷത്വത്തിന്റെയും വ്യർത്ഥത: 4:13-16.
8. പൊള്ളവാക്കുകളുടെ വ്യർത്ഥത: 5:1-7.
9. സമ്പത്തിന്റെ വ്യർത്ഥത: 5:8-6:12.
III. ജ്ഞാനം, ഭോഷത്വം എന്നിവയെ സംബന്ധിച്ചുള്ള നിരീക്ഷണം: 7:1-12:8.
1. ക്രമീകൃതമായ ജീവിതം: 7:1-29.
2. ദുഷ്ടൻ നീതിമാനെക്കാൾ ശുഭപ്പെടുന്നില്ല: 8:1-9:18.
3. ജ്ഞാനത്തിന്റെ വൈശിഷ്ട്യം: 10:1-11:10.
4. യൗവനകാലത്തു സഷ്ടാവിനെ ഓർക്കുക: 12:1-8.
IV. ഉപസംഹാരം: ദൈവത്തെ ഭയപ്പെട്ട് അവന്റെ കല്പനകളെ പ്രമാണിച്ചു കൊൾക: 12:9-14.