ശെബാ രാജ്ഞി (Queen of Sheba)
ശലോമോന്റെ കീർത്തിയെക്കുറിച്ചു കേട്ടറിഞ്ഞ ശൈബാരാജ്ഞി കടമൊഴികളാൽ ശലോമോനെ പരീക്ഷിച്ചറിയാനായി യെരുശലേമിലേക്കു വന്നു. (1രാജാ, 10:1-13, 2ദിന, 9:1-12). ശെബായ ലിപികളിലെഴുതിയ അനേകം ശിലാലിഖിതങ്ങൾ അറേബ്യയുടെ ഉത്തരപശ്ചിമഭാഗത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്. ശെബായരെ ഭരിച്ചിരുന്നതു പുരോഹിത രാജാക്കൻമാരായിരുന്നു. (സങ്കീ, 72:10). തലസ്ഥാനനഗരിയായ മര്യാബയുടെ ശുന്യശിഷ്ടങ്ങൾ അവരുടെ സംസ്കാരത്തിന്റെ വളർച്ചയെ വെളിപ്പെടുത്തുന്നു. ശൈബാരാജ്ഞിയുടെ കടമൊഴികൾക്കെല്ലാം ശലോമോൻ ഉത്തരം പറഞ്ഞു. ശലോമോന്റെ സമ്പത്തും ബുദ്ധിയും നേരിൽ മനസ്സിലാക്കിയ രാജ്ഞി അത്ഭുതം കൂറി. “നിന്റെ കാര്യങ്ങളെയും ജ്ഞാനത്തെയും കുറിച്ചു ഞാൻ എന്റെ ദേശത്തുവെച്ചു കേട്ട വർത്തമാനം സത്യം തന്നേ. ഞാൻ വന്നു എന്റെ കണ്ണുകൊണ്ടു കാണുന്നതു വരെ ആ വർത്തമാനം വിശ്വസിച്ചില്ല. എന്നാൽ പാതി പോലും ഞാൻ അറിഞ്ഞിരുന്നില്ല. ഞാൻ കേട്ട കീർത്തിയെക്കാൾ നിന്റെ ജ്ഞാനവും ധനവും അധികമാകുന്നു.” (1രാജാ, 10:6-7). അമൂല്യങ്ങളായ സമ്മാനങ്ങൾ നൽകിയ ശേഷം ശൈബാരാജ്ഞി മടങ്ങിപ്പോയി. തെക്കെ രാജ്ഞി എന്നു ക്രിസ്തു ശൈബാരാജ്ഞിയെ പറഞ്ഞു. (മത്താ, (12:42). ശെബായിൽ നിന്നും അറേബ്യയുടെ പശ്ചിമതീരങ്ങളിലേക്കു നടന്നുവന്നിരുന്ന കച്ചവടത്തെക്കുറിച്ചും ശെബയിലെ വ്യാപാരികളെക്കുറിച്ചും ധാരാളം പരാമർശങ്ങളുണ്ട്. (ഇയ്യോ, 6:19, യെശ, 60:6, യിരെ, 6:20, യെഹെ, 27:22-23). അടിമക്കച്ചവടത്തിനു പേർപെറ്റവരായിരുന്നു ശൈബായർ. (ഇയ്യോ, 1:15, യോവേ, 3:8).
ആകെ സൂചനകൾ (2) — മത്താ, 12:42, ലൂക്കോ, 11:31.