ശുശ്രൂഷ
‘ശുശ്രൂഷ എങ്കിൽ ശുശ്രൂഷയിൽ (റോമ, 12:7). ആത്മിക ശുശ്രൂഷകൾക്കായി ദൈവം നല്കുന്നതാണ് ശുശ്രൂഷാവരം. സഭയിൽ അദ്ധ്യക്ഷന്മാർ, ശുശ്രൂഷകന്മാർ എന്നിങ്ങനെ രണ്ട് ഔദ്യോഗിക പദവികൾ നാം കാണുന്നു. ശുശ്രൂഷകന്മാരുടെ ഔദ്യോഗിക പദവി എങ്ങനെ നിലവിൽ വന്നുവെന്നു നമുക്കറിയില്ല. ശുശ്രൂഷകരുടെ യോഗ്യതകളെക്കുറിച്ചുള്ള വ്യക്തമായ വിവരണം 1തിമൊഥെയൊസ് 3:8-13-ൽ നല്കിയിട്ടുണ്ട്. വ്യക്തിപരമായി ശുശ്രൂഷകന്മാർ ഘനശാലികളും അനിന്ദ്യരും ആയിരിക്കണം. ഇരുവാക്കുകാരും, മദ്യപരും ദുർല്ലാഭമോഹികളും ശുശ്രൂഷക്കാരായിരിക്കുവാൻ പാടില്ല. സാമൂഹികമായി ഏകഭാര്യയുള്ള ഭർത്താക്കന്മാരും മക്കളെയും സ്വന്തം കുടുംബങ്ങളെയും നന്നായി ഭരിക്കുന്നവരും ആത്മീയമായി വിശ്വാസത്തിന്റെ മർമ്മം ശുദ്ധമനസ്സാക്ഷിയിൽ വെച്ചുകൊള്ളുന്നവരും ആയിരിക്കണം അവർ. ശുശ്രുഷകന്മാരെ നിയോഗിക്കുന്നത് സഭ തന്നെയാണ്. ഓരോ പ്രാദേശികസഭയിലും അനേകം ശുശ്രൂഷകന്മാരുണ്ടായിരുന്നു. (ഫിലി, 1:1; 1തിമൊ, 3:8, അപ്പൊ, 6:1-6). പ്രവൃത്തി ആറാമദ്ധ്യായത്തിൽ ഏഴു പേരെയാണ് തിരഞ്ഞെഞ്ഞെടുത്തത്. എന്നാൽ പ്രാദേശികസഭയുടെ ചുറ്റുപാടുകളും വലിപ്പവും ശുശ്രൂഷകളുടെ വൈവിധ്യവും കണക്കിലെടുത്തു ശുശ്രൂഷകന്മാരുടെ എണ്ണം വ്യത്യാസപ്പെടുത്താൻ കഴിയും. സാധുക്കളുടെ കാര്യം നോക്കുന്നതിനാണ് ആദിമ സഭയിൽ ഏഴുപേരെ തിരഞ്ഞെടുത്തത്. ഇതു അപ്പൊസ്തലന്മാർക്ക് പ്രാർത്ഥനയിലും വചന ശുശ്രൂഷയിലും ഉറ്റിരിക്കുവാൻ സ്വാതന്ത്ര്യവും സമയവും നല്കി. സ്തെഫാനൊസ്, ഫിലിപ്പോസ് എന്നിവരുടെ സേവനം സഭയുടെ സാമ്പത്തികവും ഭൗതികവുമായ തലങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്നില്ല.