ശമുവേൽ

ശമുവേൽ (Samuel)

പേരിനർത്ഥം – ദൈവം കേട്ടു

യിസ്രായേലിലെ ഒടുവിലത്തെ ന്യായാധിപനും (പ്രവൃ, 13:20), ആദ്യത്തെ പ്രവാചകനും (പ്രവൃ, 3:24), പൗരോഹിത്യത്തിൽ ഏലിയുടെ പിൻഗാമിയായിരുന്നു ശമൂവേൽ. ലേവി ഗോത്രജനായിരുന്നു: (1ദിന, 6:1-28, 33-38). പഴയനിയമകാലത്ത് മോശയ്ക്കു ശേഷം ജനിച്ചവരിൽ മഹാനായി കരുതപ്പെട്ടു വന്നു: (യിരെ, 15:1).  

എഫ്രയീം മലനാട്ടിൽ രാമാഥയീം സോഫീമിൽ എല്ക്കാനായുടെയും ഹന്നയുടെയും പുത്രനായി ജനിച്ചു. മക്കളില്ലാതിരുന്നതിനാൽ ഹന്ന മനോവ്യസനത്തോടുകൂടി പ്രാർത്ഥിച്ചു വന്നു. ഒരു പുരുഷസന്താനം ലഭിച്ചാൽ അവനെ ജീവപര്യന്തം യഹോവയ്ക്ക് സമർപ്പിക്കും എന്നു അവൾ നിശ്ചയിച്ചു. അവൾക്ക് ഒരു മകൻ ജനിച്ചു. ‘ഞാൻ അവനെ യഹോവയോട് അപേക്ഷിച്ചു വാങ്ങി’ എന്നു പറഞ്ഞ് ശമുവേൽ എന്നു പേരിട്ടു: (1ശമൂ, 1:1-20). അവനു മുലകുടി മാറിയശേഷം മാതാപിതാക്കന്മാർ അവനെ ശീലോവിൽ യഹോവയുടെ ആലയത്തിൽ പ്രതിഷ്ഠിച്ചു: (1:28). 

കുഞ്ഞായിരുന്നപ്പോൾ തന്നെ ശമൂവേൽ ദൈവത്തിന്റെ സന്നിധിയിൽ ഏഫോദ് ധരിച്ചു ശുശ്രൂഷ ചെയ്തു. ആണ്ടുതോറും ഒരു ചെറിയ അങ്കി ഉണ്ടാക്കി അമ്മ ശമുവേലിനു നല്കിയിരുന്നു: (1ശമൂ, 2;11,18,19). ആ കാലത്ത് യഹോവയുടെ വചനം ദുർല്ലഭമായിരുന്നു. എന്നാൽ ശമുവേൽ ദൈവാലയത്തിൽ കിടന്നപ്പോൾ യഹോവ വിളിച്ചു അവനോടു സംസാരിച്ചു. ദീർഘനാളുകൾക്കു ശേഷം യഹോവ തന്റെ അരുളപ്പാട് അറിയിക്കുകയായിരുന്നു. ഏലിയുടെ കുടുംബത്തിന്റെ നാശത്തെക്കുറിച്ചുള്ള അരുളപ്പാട് വിമനസ്സോടെ ഏലിയെ അറിയിച്ചു. ശമുവേൽ വളർന്നു; യഹോവ അവനോടു കൂടെ ഉണ്ടായിരുന്നു. അവന്റെ വചനങ്ങളിൽ ഒന്നും നിഷ്ഫലമായില്ല. യിസ്രായേല്യരൊക്കെയും ശമൂവേൽ യഹോവയുടെ വിശ്വസ്ത പ്രവാചകൻ എന്നു മനസ്സിലാക്കി: (1ശമൂ, 3:1-20). 

യിസ്രായേൽ ഫെലിസ്ത്യരോടു ദാരുണമായി പരാജയപ്പെടുകയും യഹോവയുടെ പെട്ടകം പിടിക്കപ്പെടുകയും ചെയ്തു. അധികകാലവും യഹോവയുടെ നിയമപെട്ടകം കിര്യത്ത്-യെയാരീമിൽ ആയിരുന്നു. യിസ്രായേൽ ജനം വിലപിച്ചു: (1ശമൂ, 7:1,2(. തങ്ങളുടെ പാപവഴികളെ ഉപേക്ഷിക്കുവാനും അന്യദൈവങ്ങളെ മാറ്റിക്കളയുവാനും ശമൂവേൽ ജനത്തെ ഉപദേശിച്ചു. ജനത്തെയെല്ലാം മിസ്പയിൽ കൂട്ടിവരുത്തി. അവർ ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. ഈ സഭയിൽ വച്ച് ശമൂവേൽ തിരഞെഞ്ഞെടുക്കപ്പെട്ടതായി അഥവാ ജനം ശമുവേലിനെ ന്യായാധിപനായി അംഗീകരിച്ചതായി കരുതപ്പെടുന്നു: (1ശമൂ, 7:3-6). യിസ്രായേൽ മിസ്പയിൽ ഒന്നിച്ചുകൂടി എന്നറിഞ്ഞു ഫെലിസ്ത്യർ അവരോടു യുദ്ധത്തിനു വന്നു. ശമൂവേൽ യിസ്രായേലിനു വേണ്ടി യാഗം കഴിച്ച് പ്രാർത്ഥിച്ചു. യഹോവ ഇടിമുഴക്കി ഫെലിസ്ത്യരെ ഭയപ്പെടുത്തി. അവർ തോറ്റോടുകയും യിസ്രായേൽ അവരെ സംഹരിക്കുകയും ചെയ്തു. വർഷത്തിലെ പ്രസ്തുത ഋതുവിൽ മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത പ്രകൃതി പ്രതിഭാസമായിരുന്നു അത്. യിസ്രായേലിന്റെ ശത്രുക്കൾ പരാജയപ്പെട്ടു. യിസ്രായേൽ അവരെ ബേത്കാർ വരെ പിന്തുടർന്നു അവരെ സംഹരിച്ചു: (1ശമൂ, 7:11). ശമൂവേൽ ഒരു കല്ലെടുത്തു മിസ്പെക്കും ശേനിനും മദ്ധ്യേ നാട്ടി, ‘ഇത്രത്തോളം യഹോവ നമ്മെ സഹായിച്ചു’ എന്നു പറഞ്ഞ് അതിനു ഏബെൻ-ഏസെർ എന്നു പേരിട്ടു: (7:12). ഫെലിസ്ത്യർ കീഴടക്കിയിരുന്ന പട്ടണങ്ങൾ യിസ്രായേലിനു തിരികെക്കിട്ടി. യിസ്രായേലും അമോര്യരും തമ്മിലും സമാധാനമായിരുന്നു: (7:14). ആണ്ടുതോറും ബേഥേലിലും ഗില്ഗാലിലും മിസ്പയിലും ചുറ്റി സഞ്ചരിച്ചു ന്യായപാലനം ചെയ്തു വന്നു: (7:16,17). രാമയിൽ താമസിച്ചു യിസ്രായേലിനു ന്യായപാലനം ചെയ്യുകയും അവിടെ ഒരു യാഗപീഠം പണിയുകയും ചെയ്തു. ശമൂവേൽ ജീവപര്യന്തം യിസ്രായേലിനു ന്യായപാലനം ചെയ്തു: (1ശമൂ, 7:15). 

ശമൂവേൽ വൃദ്ധനായപ്പോൾ തന്റെ പുത്രന്മാരായ യോവേൽ, അബീയാവു എന്നിവരെ ന്യായാധിപന്മാരാക്കി. എന്നാൽ അവർ ശമൂവേലിന്റെ വഴിയിൽ നടക്കാതെ കൈക്കൂലി വാങ്ങി ന്യായം മറിച്ചുകളഞ്ഞു. ആകയാൽ സകല ജാതികൾക്കുമുള്ളതുപോലെ യിസ്രായേലിനു ഒരു രാജാവിനെ നിയമിക്കണമെന്നു അവർ ശമൂവേലിനോടാവശ്യപ്പെട്ടു: (1ശമൂ, 8:1-5). ശമൂവേൽ പ്രാർത്ഥിച്ചു. യഹോവ കല്പിച്ചതനുസരിച്ച് രാജനീതി എന്തായിരിക്കുമെന്നു അവരോടു പറഞ്ഞു. എങ്കിലും അവർ രാജാവിനു വേണ്ടി അപേക്ഷിക്കുകയാൽ അവർക്കൊരു രാജാവിനെ വാഴിച്ചു കൊടുക്കുന്നതിനുള്ള ദൈവകല്പന അവരെ അറിയിച്ചു: (1ശമൂ, 8:6-19). ബെന്യാമീൻ ഗോത്രത്തിൽ ധനികനായ കീശിന് ശൗൽ എന്നു പേരായ ഒരു പുത്രൻ ഉണ്ടായിരുന്നു. അവൻ കോമളനും എല്ലാവരെക്കാളും തോൾമുതൽ പൊക്കമേറിയവനും ആയിരുന്നു. അപ്പൻ്റെ കാണാതെപോയ കഴുതകളെ അന്വേഷിച്ചൂപോയ വഴിയിൽ ശൗൽ ശമൂവേലിന്റെ അടുക്കൽ വന്നു. ശമൂവേൽ അവനെ അവനെ സ്വീകരിക്കുകയും, അവന്റെ തലയിൽ തൈലം ഒഴിച്ചു “യഹോവ തന്റെ അവകാശത്തിന് പ്രഭുവായി നിന്നെ അഭിഷേകം ചെയ്തിരിക്കുന്നു” എന്നു പറയുകയും ചെയ്തു: (1ശമൂ, 10:1). ശമൂവേൽ ജനത്തെ മിസ്പയിൽ ഒന്നിച്ചുകൂട്ടി. അവിടെവച്ചു രാജാവിനായി ചീട്ടിടുകയും ചിട്ട് ശൗലിനു വീഴുകയും ചെയ്തു: (1ശമൂ, 10:17-25). ഇങ്ങനെ ശൗലിനെ ഔപചാരികമായി ജനങ്ങളുടെ മുമ്പിൽ അവതരിപ്പിച്ചു: (1ശമൂ, 10:17-25). അമ്മോന്യനായ നാഹോശ് യാബേശ് നിവാസികൾക്കെതിരെ യുദ്ധത്തിനൊരുങ്ങി. ഇതറിഞ്ഞ് ശൗൽ ജനത്തെ കൂട്ടി അവർക്കെതിരെ ചെന്നു, അവരെ നിശ്ശേഷം തോല്പിച്ചു. ശൗലിന്റെ രാജത്വം ഉറപ്പിക്കുകയും (11:14-15), ശമൂവേൽ ദീർഘമായ ഒരു വിടവാങ്ങൽ പ്രസംഗം നടത്തുകയും ചെയ്തു. തന്റെ ന്യായപാലന കാലത്തെക്കുറിച്ചു വളരെ വ്യക്തമായ അവകാശവാദങ്ങൾ അദ്ദേഹം നിരത്തി. എന്നാൽ പ്രവാചകനെതിരെ ഒരു വാക്കുപോലും പറയുവാൻ ആർക്കും ഇല്ലായിരുന്നു: (1ശമൂ, 12). 

ശൗൽ രാജാവായി വാണുതുടങ്ങി എങ്കിലും ശമൂവേൽ ന്യായാധിപനും പ്രവാചകനും ആയി പ്രവർത്തിച്ചു വന്നു. ശൗൽ ഫെലിസ്ത്യർക്കെതിരെ യുദ്ധത്തിലായിരുന്നു. യാഗം നടത്തുവാൻ ഗില്ഗാലിൽ ശമുവേലിനെ കാത്തിരുന്നു. എന്നാൽ ശമൂവേൽ നിശ്ചിതസമയത്തിനു വരാതിരുന്നതുകൊണ്ട് ശൗൽ ഹോമയാഗം കഴിച്ചു. അതു രാജാവിനു വിഹിതമല്ലായിരുന്നു. യാഗാർപ്പണം അവസാനിക്കും മുമ്പു തന്നെ ശമൂവേൽ വരികയും അവനെ ശാസിക്കുകയും ചെയ്തു. അവന്റെ രാജത്വം നിലനില്ക്കുകയില്ല എന്നും അതു തനിക്കു ബോധിച്ച ഒരു പുരുഷനു യഹോവ നല്കുമെന്നും ശമൂവേൽ പറഞ്ഞു: (1ശമൂ,13:1-15). ശമൂവേൽ അവനെ വിട്ടു ബെന്യാമീനിലെ ഗിബെയയിലേക്കു പോയി. അമാലേക്യരെ പൂർണ്ണമായി നശിപ്പിക്കണം എന്ന കല്പന ശൗൽ അനുസരിക്കാതെ രാജാവായ ആഗാഗിനെ രക്ഷിക്കുകയും തടിച്ച മൃഗങ്ങളെ ജീവനോടെ സൂക്ഷിക്കുകയും ചെയ്തു. ശമൂവേൽ ഇതിനു ശൗലിനെ ശാസിച്ചു. അനുസരണക്കേടു നിമിത്തം യഹോവ ശൗലിനെ ഉപേക്ഷിച്ചു എന്നു ശമൂവേൽ ശൗലിനെ അറിയിച്ചു. മടങ്ങിപ്പോകുവാൻ ഭാവിക്കുമ്പോൾ ശൗൽ ശമൂവേലിനെ അവിടെ തന്നോടു കൂടി ആരാധിക്കുവാൻ നിർബന്ധിച്ചു. ശമൂവേൽ കൂട്ടാക്കിയില്ല. ശൗൽ ബലം പ്രയോഗിച്ചു പ്രവാചകനെ പിടിച്ചു നിറുത്തുവാനൊരുങ്ങി. അതിൽ ശമൂവേലിന്റെ അങ്കി കീറിപ്പോയി. യിസ്രായേലിന്റെ രാജത്വം ഇന്നു നിങ്കൽ നിന്നു കീറി നിന്നെക്കാൾ ഉത്തമനായ നിന്റെ കൂട്ടുകാരനു കൊടുത്തിരിക്കുന്നു എന്നു ശമൂവേൽ പറഞ്ഞു. പിന്നെ ആഗാഗിനെ വരുത്തി കൊന്നുകളഞ്ഞു. അവിടെ നിന്നും ശമൂവേൽ രാമയിലേക്കു പോയി. പിന്നെ ശമൂവേൽ ശൗലിനെ ജീവപര്യന്തം കണ്ടിട്ടില്ല: (1ശമൂ, 15:35). 

അനന്തരം യഹോവയുടെ കല്പനപ്രകാരം ശമൂവേൽ ബേത്ലേഹെമിൽ ചെന്നു യിശ്ശായിയുടെ ഇളയ പുത്രനായ ദാവീദിനെ രാജാവായി അഭിഷേകം ചെയ്തു: (1ശമൂ,16:1-13). ശൗൽ ക്രോധത്തിൽ ദാവീദിനെ കൊല്ലാനൊരുങ്ങി. ദാവീദ് ഓടി രാമയിൽ ചെന്നു ശമുവേലിനോടു എല്ലാം പറഞ്ഞു. പിന്നെ ദാവീദും ശമൂവേലും പുറപ്പെട്ടു നയ്യോത്തിൽ ചെന്നു പാർത്തു. ഇതറിഞ്ഞ ശൗൽ ദാവീദിനെ പിടിക്കാൻ ദൂതന്മാരെ അയച്ചു. ഒടുവിൽ ശൗൽ തന്നെ നയ്യോത്തിൽ ചെന്നു. ശൗലിന്റെ മേലും ആത്മാവു വന്നു; ശൗൽ തന്റെ കൃത്യത്തിൽ നിന്നും പിന്മാറി: (1ശമൂ, 19:18-24). ശമൂവേൽ മരിച്ചു. യിസ്രായേൽ അവനെക്കുറിച്ചു വിലപിച്ചു. രാമയിൽ അവന്റെ വീട്ടിനരികിൽ അവനെ അടക്കി: (1ശമൂ, 25:1). 

ശമൂവേൽ പ്രവാചകന്റെ സ്വഭാവത്തിൽ സവിശേഷ ശ്രദ്ധയ്ക്ക് പാത്രമാകുന്നത് അദ്ദേഹത്തിന്റെ ഭക്തിയാണ്. മാതാവ് യഹോവയുടെ ശുശ്രൂഷയ്ക്കായി ശമുവേലിനെ സമർപ്പിച്ചു. ആജീവനാന്തം അദ്ദേഹം ദൈവത്തെ സേവിച്ചു. പ്രതിസന്ധികളിലെല്ലാം യഹോവയിങ്കലേക്കു തിരിയുകയും ഉപദേശം പ്രാപിക്കുകയും ചെയ്തു. പ്രവൃത്തികളും തീരുമാനങ്ങളും എല്ലാം യഹോവയുടെ വചനത്തെ അധിഷ്ഠാനമാക്കിയായിരുന്നു. ജനക്ഷേമമായിരുന്നു തന്റെ ഭരണത്തിന്റെ ലക്ഷ്യം. സ്ഥാനവും മാനവും അധികാരവും അദ്ദേഹത്തിന്റെ പിന്നാലെ ചെല്ലുകയായിരുന്നു. തന്റെ ഉപദേശവും ശുശ്രൂഷയും ഗണിക്കാതെ ഒരു രാജാവിനെ തിരഞ്ഞെടുത്തിട്ടും പ്രവാചകൻ ജനത്തോട് ഒരതൃപ്തിയും പ്രകടിപ്പിച്ചില്ല. ഏകാധിപത്യ സ്ഥാപനത്തിൽ ഉണ്ടാകാവുന്ന ദോഷങ്ങളെക്കുറിച്ചു ജനത്തിനു മുന്നറിയിപ്പു നല്കി. തന്റെ പിൻഗാമിയായി ശൗലിനെ തിരഞ്ഞെടുത്തപ്പോൾ യാതൊരു വിദ്വേഷവും കാണിക്കാതെ വളരെ സ്നേഹത്തോടും പൈതൃകമായ വാത്സല്യത്തോടുമാണ് അദ്ദേഹം പെരുമാറിയത്. ഇത്രയും വലിയ ഹൃദയവിശാലതയ്ക്ക് ചരിത്രത്തിൽ മറ്റൊരു ദൃഷ്ടാന്തമില്ല. അദ്ദേഹത്തിന്റെ ജീവിതത്തിൽ ചോദ്യം ചെയ്യപ്പെടാവുന്നതായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ വിടവാങ്ങൽ പ്രസംഗം ശ്രദ്ധിക്കുക: “ഞാൻ ഇതാ, ഇവിടെ നില്ക്കുന്നു. ഞാൻ ഒരുത്തന്റെ കാളയെ അപഹരിച്ചിട്ടുണ്ടോ? ഒരുത്തന്റെ കഴുതയെ അപഹരിച്ചിട്ടുണ്ടോ? ഞാൻ വല്ലവനെയും ചതിച്ചിട്ടുണ്ടോ? വല്ലവനെയും പീഡിപ്പിച്ചിട്ടുണ്ടോ? ഞാൻ വല്ലവന്റെയും കയ്യിൽ നിന്നു കൈക്കൂലി വാങ്ങി എന്റെ കണ്ണു കുരുടാക്കീട്ടുണ്ടോ? യഹോവയുടെയും അവന്റെ അഭിഷിക്തന്റെയും മുമ്പാകെ എന്റെ നേരെ സാക്ഷീകരിപ്പിൻ; ഞാൻ അതു മടക്കിത്തരാം:” (1ശമൂ, 12:3)

One thought on “ശമുവേൽ”

Leave a Reply

Your email address will not be published. Required fields are marked *