വിവേകം (understanding)
തെവൂനാഹ്, ബീനാഹ്, ഹാവീൻ, നാവോൻ, ഷോമേഅ എന്നിങ്ങനെ ഒട്ടധികം എബ്രായ പദങ്ങളെയാണ് വിവേകം എന്നു സത്യവേദപുസ്തകത്തിൽ പരിഭാഷപ്പെടുത്തിയിട്ടുള്ളത്. കൃതമോ, ഉക്തമോ ആയ എന്തിന്റെയെങ്കിലും പൂർണ്ണമായ അർത്ഥം മനസ്സിലാക്കുക, ഒരു കാര്യം പൂർത്തിയാക്കാനുള്ള അറിവും വൈദഗ്ദ്ധ്യവും ഉണ്ടായിരിക്കുക എന്നീ രണ്ടു പ്രധാന ആശയങ്ങളാണ് ‘വിവേകം’ ഉൾക്കൊള്ളുന്നത്. ദൈവത്തിന്റെ പ്രവൃത്തികളുടെ സവിശേഷസ്വഭാവമാണ് വിവേകം. (ഇയ്യോ, 26:12; സദൃ, 3:19). വിവേകത്തിന്റെ പരമമായ ഉറവിടം ദൈവമത്രേ. (സദൃ, 2:6). ഭാഷ തിരിച്ചറിയുക എന്നതാണ് വിവേകത്തിന്റെ ലളിതവും ഉപരിപ്ലവുമായ അർത്ഥം. (ഉല്പ, 11:7; 1കൊരി, 14:2). ഈ അർത്ഥത്തിൽ എബ്രായയിൽ ‘ഷേമാ’യും ഗ്രീക്കിൽ ‘അകുവോ’യും പ്രയോഗിക്കുന്നു. ‘നൊയെവോ, സുനിഏമി, ഗിനോസ്ക്കോ, എപിഗിനോസ്ക്കോ’ തുടങ്ങിയ ഗ്രീക്കു ധാതുക്കളാണ് തിരിച്ചറിയുക എന്ന അർത്ഥത്തിൽ പുതിയനിയമത്തിലുള്ളത്. വിവേകം എന്നു വിവർത്തനം ചെയ്യുന്നത് സുനെസിസ് (കൊലൊ, 2:2); ഡയൊനൊയ (1യോഹ, 5:20) തുടങ്ങിയ ഗ്രീക്കു പദങ്ങളെയാണ്. കേൾക്കുക, തിരിച്ചറിയുക എന്നിവ വിവേചിച്ചു നല്കിയിരിക്കുന്നതിൽ നിന്നും വിവേകത്തിന്റെ അർത്ഥം വ്യക്തമായി മനസ്സിലാക്കാൻ കഴിയും. (യെശ, 6:9,10).