വാഗ്ദത്തങ്ങൾ വരും നിശ്ചയം; താമസിക്കയുമില്ല
സർവ്വശക്തനായ ദൈവം, തന്നെ വിട്ട് പാപത്തിലൂടെ വഷളത്തങ്ങളിലും മ്ലേച്ഛതകളിലും ഓടുന്ന മനുഷ്യനെ തന്നിലേക്ക് മടക്കിവരുത്തുവാൻ തന്റെ ദാസന്മാരിലൂടെ മുന്നറിയിപ്പുകളും താക്കീതുകളും ലോകാരംഭംഴമുതൽ ഇന്നുവരെ നൽകിവരുന്നു. പക്ഷേ, അവ ഉടനടി സംഭവിക്കാത്തതിനാൽ ഈ മുന്നറിയിപ്പുകളെ ജനം അവഗണിച്ചും നിഷേധിച്ചുംകൊണ്ട് പാപത്തിന്റെ ആഴങ്ങളിലേക്കുള്ള ഓട്ടം തുടർന്നുകൊണ്ടിരിക്കുന്നു. ദൈവം തന്റെ പ്രവാചകന്മാരിലൂടെയും ദാസന്മാരിലൂടെയും താക്കീതുകളും മുന്നറിയിപ്പുകളും നൽകുന്നതു പാപിയെ നശിപ്പിക്കുവാനല്ല, പിന്നെയോ വീണ്ടെടുക്കുവാനാണ്. അതുകൊണ്ടാണ് “ദുഷ്ടൻ തന്റെ വഴിവിട്ടുതിരിഞ്ഞു ജീവിക്കുന്നതിലാണ് എനിക്കു സന്തോഷമുള്ളത്…… നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങൾ വിട്ടുതിരിയുവിൻ. നിങ്ങൾ എന്തിനു മരിക്കുന്നു?” (യെഹെ, 33:11) എന്ന് ദൈവം ചോദിക്കുന്നത്. അതുകൊണ്ടുതന്നെ മഹാകാരുണ്യവാനും ദീർഘക്ഷമയുള്ളവനും സ്നേഹവാനുമായ ദൈവം, മനുഷ്യൻ പാപം ഉപേക്ഷിച്ച് തന്റെ സ്നേഹത്തിലേക്കു മടങ്ങിവരുവാൻ അവനു വേണ്ടുവോളം സമയം കൊടുക്കുന്നു. പക്ഷേ ആ സമയദൈർഘ്യം ദൈവത്തിന്റെ അരുളപ്പാടുകളെ സംശയിക്കുവാനും തിരസ്കരിക്കുവാനും മനുഷ്യനെ പ്രേരിപ്പിക്കുന്നു. ഈ കാരണംകൊണ്ട് താൻ ദർശനങ്ങളും അരുളപ്പാടുകളും നൽകിയ തന്റെ തിരഞ്ഞെടുക്കപ്പെട്ട ദാസന്മാർപോലും പലപ്പോഴും വിഷമവൃത്തത്തിലാകുന്നു. എന്തെന്നാൽ ദൈവം നൽകിയ മുന്നറിയിപ്പുകളായ ദർശനങ്ങളും അരുളപ്പാടുകളും ഉടനടി പ്രാവർത്തികമാകാതെ വരുമ്പോൾ ജനം അവരെ അവിശ്വസിക്കുകയും അവഹേളിക്കുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് അത്യുന്നതനായ ദൈവം: “ദർശനത്തിന്നു ഒരു അവധിവെച്ചിരിക്കുന്നു; അതു സമാപ്തിയിലേക്കു ബദ്ധപ്പെടുന്നു; സമയം തെറ്റുകയുമില്ല; അതു വൈകിയാലും അതിന്നായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല” (ഹബ, 2:3) എന്നു തന്റെ വചനത്തിൽ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്ന തന്റെ ദാസന്മാർക്ക് ഉറപ്പു നൽകുന്നത്.