ലെബാനോൻ പർവ്വതം (Mountain of Lebanon)
പേരിനർത്ഥം – ശുഭ്രം
ഏഷ്യാമൈനറിലെ ടോറസ് (Taurus) പർവ്വതനിരയുടെ തുടർച്ചയായ ലെബാനോൻ പർവ്വതം ഏതാണ്ട് സമാന്തരമായ രണ്ടു പർവ്വതനിരകളാണ്; പടിഞ്ഞാറ് ലെബാനോനും കിഴക്കു ആന്റി ലെബാനോനും. ഈ പർവ്വതനിരയുടെ പ്രാന്തപ്രദേശങ്ങളെയും ലെബാനോൻ എന്നു വിളിച്ചിരുന്നു. (യോശു, 13:5). ഇന്ന് ലെബാനോൻ ഒരു റിപ്പബ്ലിക്കിന്റെയും പേരാണ്. ബി.സി. 18-ാം നൂറ്റാണ്ടു മുതലുള്ള പ്രാചീന രേഖകളിൽ ലെബാനോൻ പർവ്വതം സ്ഥാനം പിടിച്ചിട്ടുണ്ട്. അസ്സീറിയർ ഇതിനെ ‘ലാബ്നാനു’ എന്നും, ഹിത്യർ ‘നിബ്ലാനി’ എന്നും, മിസ്രയീമ്യർ (ഈജിപ്ത്) ‘റ്മ്ന്ന്’ എന്നും വിളിച്ചു വരുന്നു. വെളുത്തത് എന്നാണ് പേരിന്നർത്ഥം. വെളുത്ത ചുണ്ണാമ്പു കല്ലുകളോടുകൂടിയ ഉയരമേറിയ പർവ്വതനിരയും, വർഷത്തിൽ ആറുമാസം കൊടുമുടികളെ മൂടിക്കിടക്കുന്ന മഞ്ഞുമാണ് (യിരെ, 18:14) പേരിന്നടിസ്ഥാനം. ഗലീലയുടെ ഉത്തരഭാഗത്തു നിന്നാണു ലെബാനോൻ പർവ്വതം ആരംഭിക്കുന്നത്. ചെറിയ കുന്നുകളായിട്ടാണ് തുടക്കം. ക്രമേണ പൊക്കം കൂടി തെക്കു പടിഞ്ഞാറായി 160 കി.മീറ്റർ നീളത്തിൽ സിറിയായിലും പലസ്തീനിലുമായി വ്യാപിച്ചു കിടക്കുന്നു. ഏകദേശം 32 കി.മീറ്റർ വീതിയുണ്ട്. പലസ്തീൻ പർവ്വതനിരയുമായി ചേരുന്ന ലെബാനോൻ സൂയസ് ഉൾക്കടലിൽ അവസാനിക്കുന്നു. പർവ്വതത്തിന്റെ ശരാശരി ഉയരം 2550 മീറ്ററാണ്.
ലെബാനോൻ പർവ്വതത്തിൽ അനേകം കൊടുമുടികളുണ്ട്. തെക്കു നിന്ന് വടക്കോട്ടുള്ള പ്രധാന കൊടുമുടികൾ ഇവയാണ്: സീദോനു പുറകിൽ ജെബൽറിഹാൻ, തോമത്, ജെബൽ നിഹാ (1630 മുതൽ 1900 മീറ്റർ വരെ ഉയരം), ബേറുട്ടിനു പിന്നിൽ ജെബൽ ബാറൂക്ക് (2200 മീറ്റർ),, ജെബൽ കുനൈയിസെ (2100 മീറ്റർ), ജെബൽ സന്നിൻ (2600 മീറ്റർ), ട്രിപ്പോളിക്കു തെക്കു കിഴക്കുള്ള ക്വെർനെറ്റ് എസ്-സൗദാ (3000 മീറ്റർ). ഒടുവിൽ പറഞ്ഞ കൊടുമുടിയാണ് ഏറ്റവും ഉയരം കൂടിയത്. പർവ്വതനിരകളിലെ ഉയർന്ന സ്ഥാനങ്ങളിലും തീരപ്രദേശത്തും നല്ല മഴ ലഭിക്കുന്നു. മഴ നിഴൽ പ്രദേശമായ ദമസ്ക്കൊസിലും ബിഖാ താഴ്വരയുടെ ഉത്തരാർദ്ധത്തിലും ലഭിക്കുന്ന മഴ 25 സെന്റിമീറ്ററിൽ കുറവാണ്. ലെബാനോൻ പർവ്വതത്തിന്റെ പശ്ചിമഭാഗം ചരിഞ്ഞ് മെഡിറ്ററേനിയനിൽ അവസാനിക്കുന്നു. അവിടെ അതു ബേറൂട്ടിനു വടക്കായി കനാന്യ താഴ്വരയ്ക്കു രൂപം നല്കുന്നു.
ലെബാനോൻ, ആന്റിലെബാനോൻ പർവ്വതനിരകളെ പരസ്പരം വേർതിരിക്കുന്ന ഫലഭൂയിഷ്ഠമായ താഴ്വരയാണ് ലെബാനോൻ താഴ്വര അഥവാ ബിഖാത്ത്-ഹാ ലബ്നാൻ. (യോശു, 11:17; 12:7). ഈ താഴ്വരയുടെ വീതി 10 മുതൽ 16 വരെ കി.മീറ്റർ ആണ്. പ്രസ്തുത താഴ്വരയിലുടെ ഓറന്റീസ് നദി വടക്കോട്ടും ലിറ്റാനി നദി തെക്കോട്ടും ഒഴുകുന്നു. ആന്റിലെബാനോൻ പർവ്വതം തെക്കു പടിഞ്ഞാറു നിന്നു വടക്കു കിഴക്കായി ഏകദേശം 105 കി.മീറ്റർ നീണ്ടുകിടക്കുന്നു. ആന്റിലെബാനോൻ പർവ്വതത്തിലെ ഏറ്റവും പൊക്കം കൂടിയ കൊടുമുടിയാണ് 2750 മീറ്റർ ഉയരമുള്ള ഹെർമ്മോൻ.
ഇടതൂർന്നു വളരുന്ന കാനനങ്ങൾക്കു പ്രസിദ്ധമാണ് ലെബാനോൻ. നവംബർ മുതൽ മാർച്ചു വരെ പെയ്യുന്ന സമൃദ്ധിയായ മഴയും ചുണ്ണാമ്പുകല്ലുകളോടു കൂടിയ കുന്നുകളും അനേകം അരുവികൾക്കും ഉറവകൾക്കും ജന്മം നല്കുന്നു. (ഉത്ത, 4:15; യിരെ, 18:14). ഒലിവു, മുന്തിരി, അത്തി, മൾബറി, ആപ്പിൾ എന്നിവ ബിഖാതാഴ്വരയിലും ഉയരം കുറഞ്ഞ ചരിവുകളിലും വളരുന്നു. കുറേക്കൂടി ഉയർന്ന പ്രദേശങ്ങളിൽ കൊഴുന്തും കോണിഫർ മരങ്ങളും പ്രസിദ്ധമായ ദേവദാരുവൃക്ഷങ്ങളും വളരുന്നു. വനനശീകരണം മൂലം ഇപ്പോൾ ഒന്നോ രണ്ടോ ദേവദാരു തോപ്പുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. ലെബാനോന്റെ ഫലപുഷ്ടിയും (സങ്കീ, 72:16; ഉത്ത, 4:11; ഹോശേ, 14:5-7), വന്യമൃഗങ്ങളും (2രാജാ, 14:9; ഉത്ത, 4:8) തിരുവെഴുത്തുകളിൽ പ്രസ്തുതമാണ്.
യിസ്രായേലിനു വാഗ്ദത്തം ചെയ്ത ഭൂമിയുടെ ഒരതിരായാണ് തിരുവെഴുത്തുകളിൽ ആദ്യമായി ലെബാനോൻ പറയപ്പെടുന്നത്. (ആവ, 1:7; 11:24). “നിങ്ങളുടെ അതിർ മരുഭൂമിയിൽ ലെബാനോൻ വരെയും ഫ്രാത്ത് നദി മുതൽ പടിഞ്ഞാറെ കടൽ വരെയും ആകും.” (ആവ, 11:24). ഈ പ്രദേശത്ത് യുദ്ധപ്രിയരായ ചില ജാതികൾ പാർത്തിരുന്നു. അവരെ മേരോം തടാകത്തിന്നരികെവച്ച് യോശുവ തോല്പിച്ചു. (യോശു, 11:2-18). ലെബാനോനിലെ ദേവദാരു വൃക്ഷങ്ങൾ പ്രസിദ്ധമാണ്. ശലോമോന്റെ ദൈവാലയം പണിയുന്നതിനാവശ്യമായ ദേവദാരു ഈ കാടുകളിൽ നിന്നു വെട്ടിയാണ് ഹീരാം കൊടുത്തയച്ചത്. (1രാജാ, 5:9). എസ്രായുടെ കാലത്തു നിർമ്മിച്ച രണ്ടാം ദൈവാലയത്തിന്നാവശ്യമായ തടിയും ഇവിടെനിന്നു തന്നെയായിരുന്നു ലഭിച്ചത്. (എസ്രാ, 3:7). സോരിലെ കപ്പലുകൾക്ക് ആവശ്യമായ സരളമരവും ലെബാനോനിൽ നിന്നും ആന്റിലെബാനോനിൽ (സെനീർ) നിന്നും ആണ് കൊണ്ടുവന്നിരുന്നത്. (യെഹെ, 26:5).