ലൂക്കൊസ് (Luke)
പേരിനർത്ഥം – പ്രകാശം പരത്തുന്ന
മൂന്നാമത്തെ സുവിശേഷവും അപ്പൊസ്തലന്മാരുടെ പ്രവൃത്തികളും എഴുതിയത് ലൂക്കൊസാണ്. ഇദ്ദേഹത്തെക്കുറിച്ചുള്ള സൂചനകൾ തിരുവെഴുത്തുകളിൽ വിരളമാണ്. വൈദ്യനായ ലൂക്കൊസ് കൊലൊസ്യസഭയെ വന്ദനം ചെയ്യുന്നു. (4:14). പരിച്ഛേദനക്കാരുടെ കൂട്ടത്തിൽ (4:11) പേരില്ലാത്തതിനാൽ ലൂക്കൊസ് യെഹൂദനല്ല എന്നു കരുതാം. ആദിമുതൽ കണ്ട സാക്ഷികളിലും അദ്ദേഹം ഉൾപ്പെടുന്നില്ല. (ലൂക്കൊ, 1:1,2). അപ്പൊസ്തലപ്രവൃത്തികളിൽ പല ഭാഗങ്ങളിലും കാണുന്ന ഞങ്ങൾ എന്ന പ്രയോഗം ആ ഭാഗങ്ങളിലെ പ്രവർത്തനങ്ങളിൽ ലൂക്കൊസ് ഉൾപ്പെട്ടിരുന്നുവെന്നു കാണിക്കുന്നു. ലൂക്കൊസ് ത്രോവാസിൽ വച്ചു പൗലൊസിനോടു ചേർന്നു മക്കെദോന്യയിലേക്കു യാത്രചെയ്തു. (പ്രവൃ, 16:10,11). ഫിലിപ്പിവരെ കൂടെ പോകുന്നുവെങ്കിലും അവിടെ ഉണ്ടായ പീഡനങ്ങളിൽ ലൂക്കൊസ് പങ്കാളിയല്ല (16:25-17:1); പട്ടണം വിട്ടതുമില്ല. കാരണം ഇവിടെ ഉപയോഗിക്കുന്നതു പ്രഥമപുരുഷ ബഹുവചനമാണ്. എന്നാൽ പൗലൊസ് ഫിലിപ്പിയിൽ മടങ്ങി എത്തിയതിനു (20:6) ശേഷം പിന്നെയും ‘ഞങ്ങൾ’ എന്നു കാണുന്നതിനാൽ അതിനുശേഷമുള്ള യാത്രകളിൽ ലൂക്കൊസ് ഭാഗഭാക്കായിരുന്നുവെന്നു കരുതാം. (20:6-21:8). റോമയിലേക്കുള്ള യാത്രയിൽ പൗലൊസിനെ അനുഗമിച്ചു; കപ്പൽച്ചേതം അനുഭവിച്ചു (28:2 ).
സുറക്കൂസ, പുത്യൊലി വഴിയായി റോമിലെത്തി. (പ്രവൃ, 28:12-26). ഒന്നാമത്തെ കാരാഗൃഹവാസത്തിന്റെ അവസാനം വരെ കൂട്ടുവേലക്കാരനായിരുന്നു. (ഫിലെ, 24; കൊലൊ, 4:14). മറ്റു പലരും പൗലൊസിനെ വിട്ടുപോയിട്ടും പ്രയാസമേറിയ അന്ത്യനാളുകളിൽ ലൂക്കൊസ് മാത്രം പൗലൊസിനോടു കൂടെയുണ്ടായിരുന്നതായി കാണുന്നു. (2തിമൊ, 4:11). പൗലൊസിന്റെ മരണത്തെക്കുറിച്ചു പ്രസ്താവിക്കാത്തതുകൊണ്ട് അതിനു മുൻപായിരിക്കണം ലൂക്കൊസ് അപ്പൊസ്തല പ്രവൃത്തികൾ എഴുതിയത്. യേശുക്രിസ്തുവിന്റെ ജീവിതകാലത്തു അദ്ദേഹം സംഭവങ്ങൾക്കു സാക്ഷിയായിരുന്നില്ല എങ്കിലും സംഭവങ്ങൾ വളരെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. യെരൂശലേമിൽ നടന്ന ഒരു സംഭവം, യെഹൂദന്മാരുടെ മാത്രം വിവരണമാക്കാതെ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിക്കേണ്ട ചരിത്രസംഭവമാക്കുവാനും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. സഭയുടെ വളർച്ചയുടെ ചരിത്രം സാക്ഷാൽ ചരിത്രമായി തന്നെ അദ്ദേഹം എഴുതി. ലൂക്കൊസ് രക്തസാക്ഷിയായെന്നു ഒരു പാരമ്പര്യമുണ്ട്.