ലുക്കൊസ് എഴുതിയ സുവിശേഷം (Gospel of Luke)
പുതിയനിയമ കാനോനിലെ മൂന്നാമത്തെ പുസ്തകം. സുവിശേഷങ്ങളിൽ വച്ചു സമഗ്രവും ദീർഘവുമാണിത്. എക്കാലത്തെയും എഴുതപ്പെട്ട ഗ്രന്ഥങ്ങളിൽ വച്ചു ഏറ്റവും മനോഹരമായ ഗ്രന്ഥം എന്നാണ് ‘റെനാൻ’ ഈ സുവിശേഷത്തെക്കുറിച്ചു പറഞ്ഞിട്ടുള്ളത്. ഇതിന്റെ ശൈലി ആകർഷകവും ഉദാത്തവുമാണ്. കർത്താവായ യേശുക്രിസ്തുവിനെ മനുഷ്യപുത്രനായി അവതരിപ്പിക്കുന്നു. ക്രിസ്തു യെഹൂദന്മാരുടെ മാത്രമല്ല സകല മനുഷ്യരുടെയും രക്ഷിതാവാണ്; ജാതികളുടെ പ്രകാശവും യിസായേലിന്റെ മഹത്വവുമാണ്. (ലൂക്കൊ, 2:30,31). സുവിശേഷം സകല ജാതികളോടും പ്രസംഗിക്കേണ്ടതാണ്.
ഗ്രന്ഥകർത്താവ്: പുതിയനിയമത്തിലെ ഏറ്റവും വലിയ പുസ്തകങ്ങളാണ് ലൂക്കൊസ് സുവിശേഷവും അപ്പൊസ്തലന്മാരുടെ പ്രവ്യത്തികളും. ഇവ രണ്ടും ഒരു തുടർച്ചയായ ചരിത്രത്തിന്റെ രണ്ടു ഭാഗങ്ങളാണ്. ഒരു തെയോഫിലൊസിനെ സംബോധന ചെയ്ത് എഴുതിയതാണ് രണ്ടു പുസ്തകങ്ങളും. (ലൂക്കൊ, 1:1-4; പ്രവൃ, 1:1-5). ലൂക്കൊസ് സുവിശേഷത്തിന്റെ സംഗ്രഹം നല്കിക്കൊണ്ട് അപ്പൊസ്തല പ്രവൃത്തികൾ ആരംഭിക്കുകയും അനന്തരചരിത്രം ക്രമമായി ആഖ്യാനം ചെയ്യുകയും ചെയ്യുന്നു. രണ്ടു പുസ്തകങ്ങളിലെയും ഭാഷയും ശൈലിയും ഏതാണ്ട് ഒന്നു പോലെയാണ്. ഗ്രന്ഥകർത്താവ് പൗലൊസിന്റെ സഹപ്രവർത്തകനും യാത്രാസഖിയുമാണെന്നു പ്രവൃത്തികളിലെ ഉത്തമപുരുഷാഖ്യാനങ്ങൾ വ്യക്തമാക്കുന്നു. (16:10-17; 20:5-21:18; 27:1-28:16). ഈ സഹപ്രവർത്തകൻ ലൂക്കൊസാണ്. പ്രവൃത്തികളിലെ ഉത്തമ പുരുഷാഖ്യാനഭാഗങ്ങൾ ഒഴിച്ചുള്ളതും അതേ ഗ്രന്ഥകർത്താവിന്റെ രചനയാണെന്നു ഇരുഭാഗങ്ങളിലെയും ഭാഷാശൈലി സാക്ഷ്യപ്പെടുത്തുന്നു. ഇരു പുസ്തകങ്ങളുടെയും മുഖവുരകളും ഏക കർതൃകത്വത്തിനു തെളിവാണ്. ലൂക്കൊസ് സുവിശേഷത്തിന്റെയും അപ്പൊസ്തല പ്രവൃത്തികളുടെയും കർത്താവ് ലൂക്കൊസ് ആണെന്നതിനു പ്രാചീന പാരമ്പര്യങ്ങളുടെ ശക്തമായ പിൻബലമുണ്ട്. ജസ്റ്റിൻ, പോളിക്കാർപ്പ്, പാപ്പിയാസ്, മാർസിയോൺ, അലക്സാണ്ടിയയിലെ ക്ലെമെന്റ്, തെർത്തുല്യൻ, ഓറിജിൻ, ജെറോം, യൂസിബിയസ് എന്നിവർ ലൂക്കൊസിന്റെ കർതൃത്വത്തെക്കുറിച്ചു പ്രസ്താവിച്ചിട്ടുണ്ട്. ഈ സുവിശേഷം ലൂക്കൊസിന്റെ കൃതിയാണെന്നു മുററ്റോറിയൻ രേഖാശകലത്തിൽ (എ.ഡി. 170) പറഞ്ഞിട്ടുണ്ട്. പരിചയസമ്പന്നനായ ചരിത്രകാരനും പുതിയനിയമത്തിലെ ഒരേ ഒരു യെഹൂദേതര എഴുത്തുകാരനുമാണ് ലൂക്കൊസ്. ഒരു വിജാതീയനാകകൊണ്ട് ലൂക്കൊസിന്റെ സുവിശേഷവും അപ്പൊസ്തല പ്രവൃത്തികളും യെഹൂദേതരരുടെ ഇടയിൽ സുവിശേഷത്തിന്റെ വ്യാപനത്തിനു പ്രാധാന്യം നല്കിക്കാണുന്നു.
എഴുതിയ കാലം: സുവിശേഷത്തിന്റെ രചനയ്ക്ക് ശേഷമാണ് (പ്രവൃ, 1:1-3) അപ്പൊസ്തല പ്രവൃത്തികളുടെ രചന. അതിനാൽ അപ്പൊസ്തലന്മാരുടെ പ്രവൃത്തികളുടെ രചനയുടെ കാലം നാം നിർണ്ണയിക്കുന്നതിനു അനുസരിച്ചായിരിക്കും സുവിശേഷ രചനയുടെ കാലം നിശ്ചയിക്കുക. അപ്പൊസ്തല പ്രവൃത്തികൾ ഏ.ഡി. 61-ലാണ് എഴുതപ്പെട്ടത്. അതിനാൽ ലഭ്യമായ തെളിവുകൾ ചൂണ്ടിക്കാണിക്കുന്നതു് ഏ.ഡി. 60-നടുപ്പിച്ച് സുവിശേഷം എഴുതിയിരിക്കണമെന്നാണ്. മർക്കൊസ് സുവിശേഷത്തെ തന്റെ സുവിശേഷരചനയ്ക്ക് പ്രയോജനപ്പെടുത്തിയിട്ടുള്ളതു കൊണ്ടു മർക്കൊസ് സുവിശേഷത്തിനു ശേഷമാണു ലൂക്കൊസ് സുവിശേഷം എഴുതപ്പെട്ടത്. അതിനാൽ ലൂക്കൊസ് സുവിശേഷരചന മർക്കൊസ് സുവിശേഷത്തിനു വളരെ പിന്നീടായിരിക്കണമെന്നില്ല. ലൂക്കൊസിനു മർക്കൊസുമായി വളരെ അടുപ്പമുണ്ടായിരുന്നു. (കൊലൊ, 4:10,14; ഫിലെ, 24). മർക്കൊസിനെക്കുറിച്ച് ലൂക്കൊസിനു നല്ല അറിവുണ്ടായിരുന്നു. (പ്രവൃ, 12:12,25; 13:13; 15:37-4). തന്മൂലം മർക്കൊസ് എഴുതി പൂർത്തിയാക്കിയ ഉടൻ തന്നേ ആ സുവിശേഷം ലൂക്കൊസിനു വായിക്കുവാൻ ലഭ്യമായിരുന്നു.
ഉദ്ദേശ്യം: ഒരു തെയോഫിലൊസിനെ അഭിസംബോധന ചെയ്താണ് ലൂക്കൊസ് സുവിശേഷം എഴുതിയത്. (1:1). തെയോഫിലോസിനു ഉപദേശം ലഭിച്ചിരിക്കുന്ന വാർത്തയുടെ നിശ്ചയം അറിയേണ്ടതിനാണ് സുവിശേഷത്തിന്റെ രചന. ഒരു വിജാതീയനും ഉന്നത ഉദ്യോഗസ്ഥനുമായിരുന്നു തെയോഫിലൊസെന്നു കരുതപ്പെടുന്നു. ക്രാറ്റിസ്റ്റൊസ് (ശ്രീമാൻ) എന്ന വിശേഷണം ഗവർണ്ണർ പോലുള്ള ഉന്നതർക്കാണ് നല്കിക്കാണുന്നത്. (പ്രവൃ, 23:26; 24:3; 26:5) എന്നീ വാക്യങ്ങളിൽ രാജശ്രീ എന്നാണ് പ്രസ്തുത വിശേഷണത്തെ പരിഭാഷപ്പെടുത്തിയിട്ടുള്ളത്. വ്യക്തിയെ സംബോധന ചെയ്യുന്നെങ്കിലും വിജാതീയർ, വിശേഷിച്ചു ഗ്രേക്കർ ലൂക്കൊസിന്റെ വീക്ഷണത്തിലുണ്ടായിരുന്നു. തെയോഫിലൊസിനു ദൈവത്താൽ സ്നേഹിക്കപ്പെടുന്നവർ എന്ന സാമാന്യാർത്ഥം നല്കിയാൽ എല്ലാ ക്രിസ്ത്യാനികളെയും ഉദ്ദേശിച്ചാണ് സുവിശേഷം രചിച്ചതെന്നു കാണാം.
പ്രധാന വാക്യങ്ങൾ: 1. “ദൂതൻ അവരോടു: ഭയപ്പെടേണ്ടാ; സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു.” ലൂക്കോസ് 2:10.
2. “ജാതികൾക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്റെ ജനമായ യിസ്രായേലിന്റെ മഹത്വവുമായി നീ സകല ജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷയെ എന്റെ കണ്ണു കണ്ടുവല്ലോ” എന്നു പറഞ്ഞു.” ലൂക്കോസ് 2:30-32.
3. “യോഹന്നാൻ എല്ലാവരോടും ഉത്തരം പറഞ്ഞതു: ഞാൻ നിങ്ങളെ വെള്ളംകൊണ്ടു സ്നാനം കഴിപ്പിക്കുന്നു; എന്നാൽ എന്നിലും ബലവാനായവൻ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാൻ ഞാൻ യോഗ്യനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും.” ലൂക്കോസ് 3:16.
4. “ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവു എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവു എന്റെമേൽ ഉണ്ടു; ബദ്ധന്മാർക്കു വിടുതലും കുരുടന്മാർക്കു കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും കർത്താവിന്റെ പ്രസാദവർഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു.” ലൂക്കോസ് 4:18,19.
5. അനന്തരം അവൻ പന്തിരുവരെ കൂട്ടിക്കൊണ്ടു അവരോടു: “ഇതാ നാം യെരൂശലേമിലേക്കു പോകുന്നു; മനുഷ്യപുത്രനെക്കുറിച്ചു പ്രവാചകന്മാർ എഴുതിയിരിക്കുന്നതു എല്ലാം നിവൃത്തിയാകും. അവനെ ജാതികൾക്കു ഏല്പിച്ചുകൊടുക്കയും അവർ അവനെ പരിഹസിച്ചു അവമാനിച്ചു തുപ്പി തല്ലീട്ടു കൊല്ലുകയും മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേൽക്കയും ചെയ്യും.” ലൂക്കോസ് 18:31,32.
6. “തലയോടിടം എന്ന സ്ഥലത്തു എത്തിയപ്പോൾ അവർ അവിടെ അവനെയും ദുഷ്‌പ്രവൃത്തിക്കാരെയും, ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി, ക്രൂശിച്ചു. എന്നാൽ യേശു: “പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ” എന്നു പറഞ്ഞു. അനന്തരം അവർ അവന്റെ വസ്ത്രം വിഭാഗിച്ചു ചീട്ടിട്ടു.” ലൂക്കോസ് 23:33,24.
7. “നിങ്ങൾ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നതു എന്തു?
ലൂക്കോസ് 24:6 അവൻ ഇവിടെ ഇല്ല ഉയിർത്തെഴുന്നേറ്റിരിക്കുന്നു.” ലൂക്കോസ് 24:5,6.
ബാഹ്യരേഖ: I. മുഖവുര: 1:1-4.
II.യേശുവിന്റെ ജനനവും ശുശ്രൂഷയ്ക്കായുള്ള ഒരുക്കവും: 1:5-4:13.
1. യോഹന്നാൻ സ്നാപകന്റെ ജനനം മുന്നറിയിക്കുന്നു: 1:5-25.
2. യേശുവിന്റെ ജനനം മുന്നറിയിക്കുന്നു, മറിയ എലീശബെത്തിനെ സന്ദർശിക്കുന്നു: 1 :26-56.
3. സ്നാപകയോഹന്നാന്റെ ജനനം: 1:57-80.
4. യേശുവിന്റെ ജനനവും ബാല്യവും: 2:1-52.
5. യോഹന്നാൻ സ്നാപകന്റെ ശുശ്രൂഷ, യേശുവിന്റെ സ്നാനം, വംശാവലി: 3:1-38.
6. യേശു പരീക്ഷിക്കപ്പെടുന്നു: 4:1-13.
III. ഗലീലയിലെ പ്രവർത്തനം: 4:14-19:27.
1. നസറേത്തിൽ തിരസ്കരിക്കപ്പെടുന്നു, ഗലീലയിൽ രോഗികളെ സൗഖ്യമാക്കുന്നു: 4:14-44.
2. ആദ്യശിഷ്യന്മാരെ വിളിക്കുന്നു, പരീശന്മാരും ശാസ്ത്രിമാരും വിമർശിക്കുന്നു: 5:1-39.
3. പന്ത്രണ്ടു ശിഷ്യന്മാരെ തിരഞ്ഞെടുക്കുന്നു: 6:1-49.
4. അത്ഭുതങ്ങൾ ചെയ്യുന്നു, ഉപമകൾ പറയുന്നു: 7:-8:56.
5. അയ്യായിരം പേരെ പോഷിപ്പിക്കുന്നു, രൂപാന്തരപ്പെടുന്നു, കഷ്ടാനുഭവത്തെക്കുറിച്ചു അറിയിക്കുന്നു: 9:1-62.
6. എഴുപതു ശിഷ്യന്മാരെ അയയ്ക്കുന്നു, യേശു മറിയയെയും മാർത്തയെയും സന്ദർശിക്കുന്നു, നല്ല ശമര്യന്റെ ഉപമ പറയുന്നു: 10:1-42.
7. വിവിധ ഉപദേശങ്ങളും ഉപമകളും: 11:1-19:27.
IV. യേശുവിന്റെ കഷ്ടാനുഭവവും മരണവും: 19:28-2:56.
1. ജൈത്രപ്രവേശവും ദൈവാലയ ശുദ്ധീകരണവും: 19:28-48. വാദപ്രതിവാദം, രണ്ടാം വരവിനെക്കുറിച്ചുള്ള പ്രവചനം: 20:1-2:38.
2. അന്ത്യഅത്താഴം: 22:1-38.
3. ക്രിസ്തു ഗെത്ത്ശെമനയിൽ: 22:39-53.
4. മഹാപുരോഹിതന്റെ മുമ്പിൽ വിചാരണ, പത്രൊസിന്റെ തള്ളിപ്പറയൽ: 22:54-71.
5. പീലാത്തൊസിന്റെയും ഹെരോദാവിന്റെയും മുമ്പിൽ വിചാരണ: 23:1-25.
6. കൂശീകരണവും അടക്കവും: 23:26-56.
V. പുനരുത്ഥാനവും സ്വർഗ്ഗാരോഹണവും : 24:1-53.
ലുക്കാസ് സുവിശേഷത്തിൽ മാത്രം രേഖപ്പെടുത്തിയിട്ടുള്ള കാര്യങ്ങൾ
1. സെഖര്യാവിന്റെ ദർശനവും എലീശബെത്തിന്റെ ഗർഭധാരണവും: 1:5-25.
2. ഗ്രബീയേൽ ദൂതൻ മറിയയെ വന്ദിക്കുന്നു: 1:26-38.
3. മറിയ എലീശബെത്തിനെ സന്ദർശിക്കുന്നു: 1:39-56.
4. യോഹന്നാൻ സ്നാപകന്റെ ജനനവും സെഖര്യാവിന്റെ തോത്രഗാനവും: 1:57-80.
5. പേർവഴി ചാർത്തുവാനുള്ള ഔഗുസ്തൊസ് കൈസരുടെ കല്പന: 2:1-3.
6. ബേത്ലേഹെമിലെ ക്രിസ്തുവിന്റെ ജനനവും അതിന്റെ വിശദവിവരണവും: 2:4-20.
7. ക്രിസ്തുവിന്റെ പരിച്ഛേദനം: 2:21.
8. യേശുവിനെ ദൈവാലയത്തിൽ സമർപ്പിക്കുന്നത്: 2:22-24.
9. ശിമോനും ഹന്നായും: 2:25-38.
10. നസറേത്തിലെ നിശബ്ദ വർഷങ്ങൾ: 2:39-40.
11. യേശു പെസഹയിൽ സംബന്ധിക്കുന്നതും ഉപദേഷ്ടാക്കന്മാരോടു വാദിക്കുന്നതും: 2:41-52.
12. യോഹന്നാൻ സ്നാപകന്റെ പരസ്യശുശ്രൂഷാരംഭത്തിന്റെ കാലം: 3:1,2.
13. യോഹന്നാൻ സ്നാപകന്റെ ഉപദേശം: 3:10-15.
14. മറിയയിൽ നിന്ന് ക്രിസ്തുവിന്റെ മാനുഷിക വംശാവലി: 3:23-38.
15. നസറത്തിൽ നിന്നും ക്രിസ്തുവിനെ തിരസ്കരിക്കുന്നത്: 4:15-30.
16. പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നിവരെ വിളിക്കുന്നതിന്റെ വിശദവിവരണം: 5:1-10.
17. ക്രിസ്തുവിന്റെ സമഭുമി പ്രഭാഷണം: 6:17-49.
18. വിധവയുടെ മകനെ ഉയിർപ്പിക്കുന്നത്: 7:11-17.
19. ശിമോന്റെ വീട്ടിൽ വച്ചു യേശുവിനെ പരിമളതൈലം പൂശിയ സ്ത്രീ: 7:36-50.
20. യേശുവിനെ ശുശ്രൂഷിച്ച സ്ത്രീകൾ: 8:1-3.
21. യാക്കോബിന്റെയും യോഹന്നാന്റെയും വൃത്താന്തം: 9:51-56.
22. എഴുപതു ശിഷ്യന്മാരെ അയയ്ക്കുന്നത്: 10:1-12.
23. അവരുടെ മടങ്ങിവരവും വിവരണവും: 10:17-24.
24. നല്ല ശമര്യന്റെ ഉപമ: 10:25-37.
25. യേശു മറിയയുടെയും മാർത്തയുടെയും ഭവനത്തിൽ: 10:38-42.
26. അർദ്ധരാത്രിയിലെ സ്നേഹിതന്റെ ഉപമ: 11:5-8.
27. പരീശൻ ക്രിസ്തുവിനെ സൽക്കരിക്കുന്നു: 11:37-54.
28. പുരുഷാരത്തോടു ചെയ്ത പ്രഭാഷണം: 12:1-53.
29. പീലാത്തോസ് ഗലീല്യരെ കൊന്നത്: 13:1-5.
30. ഫലം കായ്ക്കാത്ത അത്തിവൃക്ഷത്തിന്റെ ഉപമ: 13:6-9.
31. പതിനെട്ടു വർഷം രോഗബാധിത ആയിരുന്ന സ്ത്രീ: 13:10-17.
32. രക്ഷിക്കപ്പെടുന്നവരുടെ എണ്ണത്തെക്കുറിച്ചുള്ള പ്രശ്നം: 13:22-30.
33. ഹെരോദാ അന്തിപ്പാസിനെക്കുറിച്ച് പരീശന്മാർക്കു നല്കുന്ന മറുപടി: 13:31-33.
34. മഹോദരമുള്ള മനുഷ്യൻ: 14:1-6.
35. വിനയത്തിന്റെ ഉപമ: 14:7-14.
36. വലിയ അത്താഴത്തിന്റെ ഉപമ: 14:15-24.
37. ശിഷ്യത്വത്തിലെ ത്യാഗം: 14:25-35.
38. കാണാതെപോയ ആട്: 15-3-7.
39. നഷ്ടപ്പെട്ടുപോയ ദഹ്മ: 15:8-10.
40. മുടിയൻ പുത്രൻ: 15:11-32.
41. അനീതിയുള്ള കാര്യവിചാരകൻ: 16:1-18.
42. ധനവാനും ലാസറും: 16:19-31.
43. ശിഷ്യന്മാർക്കുള്ള നിർദ്ദേശങ്ങൾ: 17:1-10.
44. പത്തു കുഷ്ഠരോഗികൾ: 17:12-18.
45. ദൈവരാജ്യത്തെ സംബന്ധിച്ചുള്ള ചോദ്യങ്ങൾ: 17:20-37.
46. അസഹ്യപ്പെടുത്തുന്ന വിധവയുടെ ഉപമ: 18:1-8.
47. പരീശന്റെയും ചുങ്കക്കാരന്റെയും ഉപമ: 18:9-14.
48. സക്കായിയുടെ മാനസാന്തരം: 19:2-10.
49. റാത്തലുകളുടെ ഉപമ: 19:11-27.
50. ക്രിസ്തു യെരുശലേമിനെ നോക്കി കരയുന്നു: 19:41-44.
51. പത്രോസിനുള്ള മുന്നറിയിപ്പ്: 22:31-32.
52. വാൾ വാങ്ങാനുള്ള മുന്നറിയിപ്പ്: 22-35-38.
53. ഗെത്തശമനയിൽ ദൂതന്റെ പ്രത്യക്ഷത: 22:43.
54. വിയർപ്പ് രക്തത്തുള്ളിപോലെ ആയത്: 22:44.
55. പീലാത്തൊസ് യേശുവിനെ ഹെരോദാവിന്റെ അടുക്കലേക്കു അയക്കുന്നത്: 23:6-12.
56. യെരുശലേം പുത്രിമാർക്കു നല്കുന്ന ഉപദേശം: 23:27-31.
57. അനുതപിച്ച കള്ളൻ: 23:39-43.
58. എമ്മവുസിലെ ശിഷ്യന്മാർക്കു ക്രിസ്തു പ്രത്യക്ഷപ്പെട്ടത്: 24:13-35.
59. പതിനൊന്നു ശിഷ്യന്മാർക്ക് ക്രിസ്തു പ്രത്യക്ഷപ്പെട്ടത്: 24:37-49.
60. ശിഷ്യന്മാരെ അനുഗ്രഹിച്ചു കൊണ്ടിരിക്കുമ്പോൾ ക്രിസ്തു സ്വർഗ്ഗാരോഹണം ചെയ്തതു: 24:50-53.
ചരിത്രസാമഗ്രികളും പ്രതിപാദനരീതിയും
ചരിത്രരേഖകളെ പൂർണ്ണമായി പരിശോധിച്ചശേഷമാണു ചരിത്രം എഴുതുന്നതെന്നു ലൂക്കൊസ് മുഖവുരയിൽ (1:1-4) പ്രസ്താവിച്ചിട്ടുണ്ട്. ലിഖിതരേഖകളും വിശ്വസ്തരായ സാക്ഷികളിൽ നിന്ന് ലഭിച്ച വസ്തുതകളും ലൂക്കൊസ് ശേഖരിക്കയും പരിശോധിക്കയും ചെയ്തു. മർക്കൊസ് സുവിശേഷം ലൂക്കൊസ് പ്രയോജനപ്പെടുത്തി. എന്നാൽ ലൂക്കൊസ് സുവിശേഷത്തിനും മത്തായി സുവിശേഷത്തിനും തമ്മിലുള്ള ബന്ധം ഇനിയും വ്യക്തമല്ല. സുശിക്ഷിതനും അപഗ്രഥനാത്മക ധിഷണയോടു കൂടിയവനുമായിരുന്നു ലൂക്കൊസ്. പ്രഥമവിവരങ്ങൾ ശേഖരിക്കുവാനുള്ള സന്ദർഭവും സാഹചര്യവും അദ്ദേഹത്തിനുണ്ടായിരുന്നു. വിശ്വാസം പണിയപ്പെടേണ്ടതു സുസ്ഥിരമായ അടിസ്ഥാനത്തിലായിരിക്കണം എന്ന ബോധം അദ്ദേഹത്തിനുണ്ടായിരുന്നു. തന്മൂലം വളരെയധികം പരിശ്രമിച്ചു വസ്തുതകൾ ശേഖരിച്ചാണ് സമഗ്രവും സൂക്ഷ്മവും അനുക്രമവുമായ ചരിത്രം ലൂക്കൊസ് എഴുതിയത്.
ഒരു സാധാരണ ചരിത്രപ്രബന്ധമോ ജീവചരിത്രഗ്രന്ഥമോ എഴുതുകയായിരുന്നില്ല ലുക്കാസിന്റെ ലക്ഷ്യം. അപ്പൊസ്തലനായ പൗലൊസിന്റെ മിഷണറി പ്രവർത്തനങ്ങളിൽ വിശ്വസ്ത സഹചാരിയായിരുന്ന ലൂക്കൊസിനു വിശ്വാസം വളരെ വിലപ്പെട്ടതായിരുന്നു. യേശുക്രിസ്തുവിനെ ലോകരക്ഷിതാവായും ദൈവപുത്രനായും ലുക്കോസ് വിശ്വസിച്ചു. അതുകൊണ്ട് താൻ ശേഖരിച്ച വിശ്വാസ്യമായ രേഖാസഞ്ചയത്തിൽ നിന്ന് ക്രിസ്തുവിന്റെ സുവിശേഷം അവതരിപ്പിക്കുവാൻ സഹായകമായവ മാത്രം തിരഞ്ഞെടുത്ത് സുവിശേഷം നിർമ്മിച്ചു. സുവിശേഷത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ ലൂക്കൊസ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്, കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാൻ വന്ന മനുഷ്യപുത്രനിലാണ്. (19:10).
സവിശേഷതകൾ: 1. ജാതികൾക്കു പ്രാധാന്യം നല്കി എഴുതിയ സുവിശേഷം: യേശുക്രിസ്തുവിന്റെ വംശാവലി ആദാംവരെ നല്കിയിരിക്കുന്നത് അതിനാലാണ്. എബ്രായജനതയുടെ പിതാവായ അബ്രാഹാംവരെയല്ല വംശാവലി നല്കിയിട്ടുള്ളത്. ശമര്യജാതിയെ പ്രകീർത്തിച്ചുകൊണ്ട് ക്രിസ്തു നല്ല ശമര്യന്റെ ഉപമപറഞ്ഞത് ലൂക്കൊസ് മാത്രമേ രേഖപ്പെടുത്തിയുള്ളൂ. യിസ്രായേലിൽ കൂടിയും ഇത്ര വലിയ വിശ്വാസം കണ്ടിട്ടില്ലെന്നു പറഞ്ഞ് യേശു ഒരു വിജാതീയനായ ശതാധിപന്റെ വിശ്വാസത്തെ പുകഴ്ത്തി.
2. സാധുക്കളുടെയും എളിയവരുടെയും സുവിശേഷം: ചുങ്ക ക്കാരും പാപികളും വിധവകളും (3:12; 5:27-32; 7:37-50; 19:2-10; 23:43), ദരിദ്രരും (1:53; 2:7; 6:20; 7:22) ഈ സുവിശേഷത്തിൽ സ്ഥാനം പിടിക്കുന്നു.
3. സന്തോഷത്തിന്റെ സുവിശേഷം: പുസ്തകം ആരംഭിക്കുന്നതു സന്തോഷത്തിലാണ്. “സർവ്വജനത്തിനും ഉണ്ടാവാനുള്ളാരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു.” (2:10). പുസ്തകം അവസാനിക്കുന്നതാകട്ടെ; “അവർ മഹാസന്തോഷത്തോടെ യെരുശലേമിലേക്കു മടങ്ങിച്ചെന്നു എല്ലായ്പ്പോഴും ദൈവാലയത്തിലിരുന്നു ദൈവത്തെ വാഴ്ത്തിപ്പോന്നു.” (24:53) എന്ന പ്രസ്താവനയോടെയാണ്. ആനന്ദാധിക്യത്തിൽ പാടിയ അഞ്ചു പാട്ടുകൾ ലൂക്കൊസ് രേഖപ്പെടുത്തിയിട്ടുണ്ട്. എലീശബെത്തിന്റെ ‘ഭാഗ്യഗാനം’, മറിയയുടെ ‘മഹത്വീകരണ ഗാനം’, സെഖര്യാവിന്റെ ‘അനു ഗ്രഹഗാനം’, ദൂതന്മാരുടെ ‘അത്യുന്നതത്തിൽ മഹത്വം’, ശിമോന്റെ ‘ഇപ്പോൾ നാഥാ’ എന്നിവ.
4. പ്രാർത്ഥനയുടെ സുവിശേഷം: മറ്റേതു സുവിശേഷത്തെക്കാളും മുട്ടിന്മേൽ നില്ക്കുന്ന യേശുവിനെ ഈ സുവിശേഷം അവതരിപ്പിക്കുന്നു: (3:21; 5:16; 6:12,13; 9:18,28,29; 11:1-4; 22:31,32,41; 23:24; 24:30). പ്രാർത്ഥനയെ സംബന്ധിച്ച മുന്നു ഉപമകൾ ഈ സുവിശേഷത്തിൽ മാത്രമാണുള്ളത്: 1. പരീശനും ചുങ്കക്കാരനും. 2. അർദ്ധരാത്രിയിലെ കുട്ടുകാരൻ. 3. അസഹ്യപ്പെടുത്തുന്ന വിധവ.