ലാസർ (Lazarus)
പേരിനർത്ഥം – ദൈവസഹായം
എബ്രായഭാഷയിൽ എലെയാസറിന്റെ മറ്റൊരു രൂപമാണ് ലാസർ. ബേഥാന്യയിലെ മാർത്തയുടെയും മറിയയുടെയും സഹോദരൻ. യെരൂശലേമിൽ യേശു വരുമ്പോൾ ബേഥാന്യയിൽ ലാസറിന്റെ വീട്ടിൽ പാർക്കുക പതിവായിരുന്നു. യേശു യോർദ്ദാനു കിഴക്കുഭാഗത്തു പ്രവർത്തിച്ചുകൊണ്ടിരുന്നപ്പോൾ ലാസർ സുഖമില്ലാതിരിക്കുന്നു എന്ന വിവരം സഹോദരിമാർ യേശുവിനെ അറിയിച്ചു. ലാസർ മരിച്ചുപോയി എന്ന് യേശുവിനറിയാമായിരുന്നു. യേശു ബേഥാന്യയിൽ എത്തിയപ്പോൾ ലാസർ മരിച്ചിട്ടു നാലു ദിവസം കഴിഞ്ഞിരുന്നു. സഹോദരിമാരുമായി യേശു കല്ലറയ്ക്കൽ ചെന്ന് ലാസറിനെ ഉയിർത്തെഴുന്നേല്പിച്ചു. പല യെഹൂദന്മാരും ഇതു കണ്ടിട്ട് യേശുവിൽ വിശ്വസിച്ചു. മഹാപുരോഹിതന്മാരും പരീശന്മാരും ഒന്നിച്ചുകൂടി യേശുവിനെ സ്വതന്ത്രനായി വിടുന്നത് അപകടമാണെന്നു കരുതി അവനെ കൊല്ലുവാൻ നിശ്ചയിച്ചു. (യോഹ, 11). പെസഹയ്ക്ക് ആറുദിവസം മുൻപ് യേശു വീണ്ടും ബേഥാന്യയിൽ വന്നു. ലാസർ യേശുവിനോടു കൂടി പന്തിയിൽ ഇരുന്നു. യെഹൂദന്മാരുടെ ഒരു വലിയ കുട്ടം ലാസറിനെ കാണുവാൻ അവിടെ കൂടി വന്നിട്ടുണ്ടായിരുന്നു. (യോഹ, 12:1-11). ലാസർ ഉയിർപ്പിക്കപ്പെട്ടപ്പോൾ അവനു മുപ്പതു വയസ്സായിരുന്നു എന്നും അവൻ വീണ്ടും മുപ്പതുകൊല്ലം കൂടി ജീവിച്ചിരുന്നു എന്നും ഒരു പാരമ്പര്യം ഉണ്ട്.
ഉപമയിലെ ലാസർ
ഉപമയിലെ ലാസർ. (ലൂക്കൊ, 16:19-31). യേശുക്രിസ്തു ഉമകളിൽ കഥാപാത്രങ്ങളുടെ പേരു പറയാറില്ല. എന്നാൽ ഈ ഉപമയിൽ മാത്രമാണ് യേശു ഒരു പേരു പറഞ്ഞു കാണുന്നത്. ധനവാന്റെ പേരും പറഞ്ഞിട്ടില്ല. തന്റെ വാതില്ക്കൽ കിടന്ന ലാസർ എന്ന ഭിക്ഷക്കാരന്റെ ദാരുണാവസ്ഥ ധനവാൻ കണ്ടില്ല. മരണാനന്തരം ലാസർ അബ്രാഹാമിന്റെ മടിയിലേക്കും, ധനവാൻ പാതാളത്തിലേക്കും പോയി. പരസ്പരബന്ധം സാദ്ധ്യമാകാതിരിക്കുമാറു അവർക്കു മദ്ധ്യേ ഒരു വലിയ പിളർപ്പുണ്ടായിരുന്നു. തന്റെ സഹോദരന്മാർ യാതനാസ്ഥലത്തു വരാതിരിക്കാൻ അവരോടു സാക്ഷ്യം പറയേണ്ടതിനു ലാസറിനെ അയക്കുവാൻ ധനവാൻ അപേക്ഷിച്ചു. അതുകൊണ്ടു പ്രയോജനമില്ലെന്നും അവർക്കു മോശെയും പ്രവാചകന്മാരും ഉണ്ടെന്നും അബ്രാഹാം പറഞ്ഞു : (ലൂക്കൊ, 16:29). ലാസറെ ഉയിർപ്പിച്ചിട്ടും പുരോഹിതന്മാരും പരീശന്മാരും വിശ്വസിച്ചില്ലെന്നു മാത്രമല്ല, ക്രിസ്തുവിനെ കൊല്ലുവാൻ അവർ തീരുമാനിക്കുകയും ചെയ്തു. ലൂക്കൊസ് 16:31-ലെ ഉയിർത്തെഴുന്നേല്പിന്റെ പരാമർശം ക്രിസ്തുവിന്റെ പുനരുത്ഥാനത്തെ കുറിക്കുന്നതായിരിക്കണം. അതു ബേഥാന്യയിലെ ലാസറിന്റേത് ആയിരിക്കാനിടയില്ല.