റോമ (Rome)
ആരംഭത്തിൽ ഒരു ചെറിയ നഗരമായിരുന്ന റോമ ഏറ്റവും വലിയ വിശ്വസാമ്രാജ്യത്തിന്റെ ഭരണ കേന്ദ്രമായി മാറി. ഇന്ന് റോം ഇറ്റലിയുടെ തലസ്ഥാനം ആണ്. സംസ്കാരത്തിന്റെ പരമകാഷ്ഠയിൽ എത്തിയ റോം സാന്മാർഗ്ഗിക അധഃപതനത്തിന്റെ പര്യായമായിത്തീർന്നു. റോമാ സാമ്രാജ്യത്തിന്റെ ഉച്ചാവസ്ഥയിലാണ് ക്രിസ്തുമതം റോമിൽ വ്യാപിച്ചത്.
റോമിന്റെ സ്ഥാപകനും പ്രഥമ രാജാവുമായ റോമുലസ് ഐതീഹ്യമനുസരിച്ച് മാഴ്സ് ദേവന്റെ പുത്രനാണ്. ബന്ധുക്കൾ നിഷ്ക്കരുണം ഉപേക്ഷിച്ച റോമുലസിനെ പോറ്റി വളർത്തിയതു ഒരു ഇടയന്റെ ഭാര്യയും ചെന്നായയും ആയിരുന്നു. ബി.സി. 753-ൽ ആയിരുന്നു റോമിന്റെ സ്ഥാപനം. റോമുലസിന്റെ പേരിൽ നിന്നാണ് ‘റോമ’യുടെ നിഷ്പത്തി. ടൈബർനദി പതിക്കുന്ന മെഡിറ്ററേനിയൻ സമുദ്രത്തിൽ നിന്നും ഏകദേശം 27 കി.മീറ്റർ മുകളിൽ ടൈബർ നദിയുടെ ഇരുകരകളിലുമാണ് നഗരം സ്ഥിതിചെയ്യുന്നത്. ആരംഭത്തിൽ റോമിലെ കുടിപാർപ്പു പലാത്തിൻ (Palatinum) കുന്നിൽ മാത്രമായിരുന്നു. ഈ പദത്തിൽ നിന്നാണ് ഇംഗ്ലീഷിലെ Palace-ന്റെ ഉത്പത്തി. തുടർന്നു ആറു കുന്നുകൾ കൂടി ഉൾപ്പെട്ടു. സെർവിയുസ് തുള്ളിയൂസ് (Servius Tullius) ഏഴുകുന്നുകളെയും ചുറ്റി കന്മതിൽ കെട്ടിയടച്ചു. അങ്ങനെ റോം ഏഴുകുന്നുകളുടെ നഗരം (Urbs Septicollis) ആയി. പലാത്തിൻ (Palatine), ക്വിറിനാൽ (Quirinal), അവെന്തിൻ (Aventine), ചേളിയം (Caelian), വിമിനാൽ (Viminal), എസ്ക്യൂലിൻ (Esquiline), കാപ്പിത്തോളിൻ (Capitoline) എന്നിവയാണ് ഏഴുകുന്നുകൾ. ലത്തീനിൽ Mons Palatinus, Mons Quirinalis, Mons Aventinus, Mons caelius, Mons Viminalis, Mons Esquilinus, Mons capitolinus.
റോമിന്റെ ആദ്യത്തെ മതിൽ വളരെ മോശമായിരുന്നു. റോമുലസിന്റെ സഹോദരനായ റീമസ് അതിനെ ആക്ഷേപിച്ചതുകൊണ്ട് അവനെ വധിച്ചു. റോമിലെ ആദ്യനിവാസികൾ ഒളിച്ചോടിയവരും, കുറ്റവാളികളും വിദേശികളും ആയിരുന്നു. 39 വർഷത്തെ ഭരണത്തിനു ശേഷം ബി.സി. 714-ൽ റോമുലസ് പെട്ടെന്നു അപ്രത്യക്ഷനായി. അയാൾ സ്വർഗ്ഗത്തിലേക്കെടുക്കപ്പെട്ടെന്നു പ്രചരിപ്പിച്ചു. ക്വിറിനുസ് എന്ന പേരിൽ ദൈവിക ബഹുമതികൾ റോമുലസിനു നല്കി. പന്ത്രണ്ടു ദേവന്മാരിലൊന്നായി അയാളെ ഉയർത്തി. ഒരു ക്ഷേത്രം പ്രതിഷ്ഠിച്ചു; ഫ്ളാമെൻ ക്വീറിനാലിസ് എന്ന പേരിൽ ഒരു പുരോഹിതനെ ബലികൾ അർപ്പിക്കുന്നതിനായി നിയോഗിച്ചു. ആദ്യകാലത്തു റോം ഭരിച്ചിരുന്ന ഏഴു രാജാക്കന്മാരാണു റോമുലസ് (ബി.സി. 753-715), നൂമാ (ബി.സി. 715-672), തുള്ളൂസ് ഹോസ്റ്റിലസ് (ബി.സി. 672-640), അഞ്ചുസ് മാർസ്യൂസ് (ബി,സി. 640-616), ടാർക്വിൻ പ്രസ്ക്കുസ് (ബി.സി. 616-578), സെർവ്യൂസ് തുള്ളിയൂസ് (ബി.സി. 578-534), ടാർക്വിൻ ഗർവ്വി (ബി.സി. 534-509) എന്നിവർ. ടാർക്വിൻ ഒരു യുദ്ധത്തിന്റെ ഫലമായി നാടുവിട്ടു. അതോടെ റോം റിപ്പബ്ലിക്കായി. ബി.സി. 509-27 ആയിരുന്നു റിപ്പബ്ലിക്കിന്റെ കാലം. രാജാവില്ലാത്ത രാഷ്ട്രം എന്നതിൽ കവിഞ്ഞു ജനകീയമായ ഒരുള്ളടക്കവും റിപ്പബ്ലിക്കിനില്ലായിരുന്നു. ബി.സി. 367 വരെ ഫെട്രിഷ്യൻ (പ്രഭു) കുടുംബങ്ങളിൽ നിന്നു ആണ്ടുതോറും തിരഞ്ഞടുത്തിരുന്ന രണ്ടു കോൺസലുകളാണ് റോം ഭരിച്ചിരന്നത്. ബി.സി. 367-ൽ പ്ലീബിയന്മാരിൽ (സാധാരണ ജനം) നിന്നും കോൺസലിനെ തിരഞ്ഞെടുത്തു. കോൺസലുകൾക്കു രാജാക്കന്മാരുടെ പൂർണ്ണ അധികാരമുണ്ടായിരുന്നു.
റോമിന്റെ ആധിപത്യം ക്രമേണ വർദ്ധിച്ചുവന്നു. ഇറ്റലി പൂർണ്ണമായി റോമിനു കീഴടങ്ങി. തുടർന്നു അയോണിയൻ തീരത്തുണ്ടായിരുന്ന ഗ്രീക്കു കോളനികൾ (ബി.സി. 275) റോമിന്റെ വകയായി. മൂന്നു പ്യൂണിക്ക് യുദ്ധങ്ങൾളുടെ ഫലമായി (ബി.സി. 264-146) സിസിലി, സാർഡീനിയ, കോഴ്സിക്ക, കാർത്തേജിന്റെ അധീനതയിലുണ്ടായിരുന്ന പ്രദേശങ്ങൾ, മാസിഡോണിയ എന്നിവ റോമിന്റെ കീഴിലായി. ബി.സി. 64-63-ൽ പൊന്തൊസ്, സുറിയ, കിലിക്യ എന്നിവയെ പോംപി റോമൻ പ്രവിശ്യയാക്കി; ബി.സി. 63-ൽ പലസ്തീനെ ആക്രമിച്ചു. ബി.സി. 63 മുതൽ 31 വരെ റോമിൽ ആഭ്യന്തര വിപ്ലവം നടന്നു. ഒന്നാമത്ത ത്രിനായകത്വം (Triumvirate) ബി.സി, 60-ൽ നിലവിൽ വന്നു. അതിൽ ജൂലിയസ് സീസർ, പോംപി, ക്രാസ്സസ് എന്നിവർ ഉൾപ്പെട്ടിരുന്നു. ബി.സി. 44-ൽ ജൂലിയസ് സീസർ വധിക്കപ്പെട്ടു. രണ്ടാമത്തെ ട്രയംവിറേറ്റിൽ (ബി.സി. 43) ഒക്ടേവിയനും ആന്റണിയും ലെപിഡസും ഉൾപ്പെട്ടിരുന്നു. ബി.സി. 42-ൽ ഫിലിപ്പിയിൽ വച്ചു ഇവർ ബ്രൂട്ടസിന്റെയും കാഷ്യസ്സിന്റെയും കീഴിലുള്ള സൈന്യത്തെ തോല്പിച്ചു. ബി.സി. 31-ലെ ആക്ടിയം യുദ്ധത്തോടു കൂടി ഒക്ടേവിയൻ (അഗസ്റ്റസ് സീസർ) റോമിന്റെ പരമാധികാരിയായി, റോമിന്റെ സാമ്രാജ്യകാലം ആരംഭിച്ചു.
അഗസ്റ്റസ് സീസറിന്റെ (ഔഗുസ്തൊസ് കൈസർ – ബി.സി. 31- എ.ഡി. 14) കാലത്താണ് യേശു ജനിച്ചത്. തിബെര്യാസ് കൈസറുടെ (എ.ഡി. 14-37) കാലത്തായിരുന്നു യോഹന്നാൻ സ്നാപകന്റെയും യേശുവിന്റെയും ശുശ്രൂഷകൾ. തുടർന്നു കാളിഗുളയും (എ.ഡി. 37-41), കൌദ്യൊസും (41-54) റോം ഭരിച്ചു. ക്ലൗദ്യൊസിന്റെ കാലത്തായിരുന്നു പൗലൊസ് അപ്പൊസ്തലന്റെ മിഷണറി യാത്രകൾ. നീറോയുടെ കാലത്ത് (54-68) റോം അഗ്നിക്കിരയായി. അതിന്റെ പേരിൽ ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെട്ടു. പൗലൊസ് രക്തസാക്ഷിയായി. നീറോ ചക്രവർത്തിയുടെ മരണത്തെ തുടർന്നുണ്ടായ അധികാര മത്സരത്തിൽ വെസ്പേഷ്യൻ (69-79) ചക്രവർത്തിയായി. ഈ കാലയളവിൽ യെരൂശലേമിൽ വിപ്ലവം ഉണ്ടായി. എ.ഡി. 70-ൽ യെരുശലേമിനെ പൂർണ്ണമായി നശിപ്പിച്ചു. വെസ്പേഷ്യനെ തുടർന്നു തീത്തുസും (79-81), ഡൊമീഷ്യനും (8-96) റോം ഭരിച്ചു. ഡൊമീഷ്യന്റെ കാലത്താണ് ക്രിസ്ത്യാനികൾക്കെതിരെയുള്ള പീഡ കൊടുംപിരിക്കൊണ്ടത്. യോഹന്നാൻ അപ്പൊസ്തലൻ പത്മാസിലേക്കു നാടു കടത്തപ്പെട്ടു. അവിടെ വച്ചു അദ്ദേഹം വെളിപ്പാടു പുസ്തകം എഴുതി. നെർവ (എ.ഡി. 96-98), ട്രാജൻ (98-117) ഹദ്രിയൻ (117-138), അന്റോണിയസ് പയസ് (138-161), മാർക്കസ് ഔറീലിയസ് (161-180), കമ്മോദസ് (180-192), സെപ്റ്റിമുസ് സെവെറുസ് (193-211), കാരക്കല്ല (211-217), എലഗാബെലസ് (218-222), സെവറുസ് അലക്സാണ്ടർ (222-235), മാക്സിമിൻ (235-238), ഡീഷിയസ് (241-251), ഒറീലിയൻ (270-275), ഡയോക്ലീഷ്യൻ (284-305) എന്നിവരായിരുന്നു റോം ഭരിച്ച ചക്രവർത്തിമാരിൽ പ്രമുഖർ. ഹദ്രിയന്റെ കാലത്തു യെരുശലേം പുതുക്കിപ്പണിതു ജാതീയ നഗരമാക്കി മാറ്റി, അതിന് ഐലിയ കാപ്പിത്തോളിന എന്ന പേർ നല്കി. കിസ്ത്യാനികളെ ഏറ്റവുമധികം പീഡിപ്പിച്ചതു ഡയോക്ലീഷ്യൻ ആയിരുന്നു. കോൺസ്റ്റന്റയിൻ ചക്രവർത്തിയുടെ കാലത്തു ക്രിസ്തുമതം നിയമപരമായി അംഗീകരിക്കപ്പെട്ടു. സ്മുർന്നയിലെ സഭയോടുള്ള ദൂതിൽ (വെളി, 2:10) ക്രിസ്തുമാർഗ്ഗത്തെ ഉന്മൂലനം ചെയ്വാൻ റോമിലെ ചക്രവർത്തിമാർ ചെയ്ത ശ്രമങ്ങളുടെ സൂചനയുണ്ട്.
പൗലൊസ് റോമിൽ എത്തുമ്പോൾ പത്തുലക്ഷം ജനസംഖ്യയുള്ള ഒരു വലിയ പട്ടണമായിരുന്നു റോം. അന്ന് ലോകത്തിലെ ഏറ്റവും വലിയ പട്ടണമായിരുന്നു ഇത്. പലാത്തിൻ കുന്നിലായിരുന്നു അപ്പോളയുടെയും സൈബലയുടെയും ക്ഷേത്രങ്ങൾ. ബാബിലോണിനെപ്പോലെ റോമും സംഘടിതമായ ജാതീയമതങ്ങളുടെ പ്രതീകമാണ്. അതെപ്പോഴും ക്രിസ്തുമതത്തിനെതിരാണ്. വെളിപ്പാട് പുസ്തകത്തിൽ റോമാസാമ്രാജ്യത്തെയും പട്ടണത്തെയും പാപത്തിന്റെ പ്രതീകമായി അവതരിപ്പിച്ചിട്ടുണ്ട്. വെളിപ്പാട് 17-ഉം 18-ഉം അദ്ധ്യായങ്ങളിൽ റോമിന്റെ വീഴ്ച മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ഏഴു മലകളിൽ ഇരിക്കുന്ന പാപം എന്ന സ്ത്രീയായും തന്റെ മേച്ഛത കൊണ്ടു ഭൂമിയെ മുഴുവനും വഷളാക്കുന്നവളായും റോമിനെ അവതരിപ്പിക്കുന്നു. യെഹെസ്ക്കേൽ പ്രവചനത്തിലെ സോരിനെക്കുറിച്ചുള്ള വിലാപം പോലെയാണ് വെളിപ്പാട് 18-ാം അദ്ധ്യായത്തിലെ റോമിനെക്കുറിച്ചുള്ള വിലാപം. അവളുടെ കച്ചവടചരക്കുകളിൽ ഇരുപത്തിയെട്ടു ഇനങ്ങളാണ് പറയപ്പെട്ടിരിക്കുന്നത്. (വെളി, 18:11-16). അവൾക്കു ശിക്ഷ വന്നതും ഇത്ര വലിയ സമ്പത്തു നശിച്ചുപോയതും മണിക്കൂറിനുള്ളിലാണ്.