രൂബേൻ

രൂബേൻ (Reuben)

പേരിനർത്ഥം – നോക്കൂ! ഒരു മകൻ 

യാക്കോബിനു ലേയയിൽ ജനിച്ച മൂത്തമകൻ. (ഉല്പ, 29:32). യാക്കോബ് ഏദെറിൽ താമസിക്കുമ്പോൾ രൂബേൻ അതിഭയങ്കരമായ പാപം ചെയ്തു. അവൻ തന്റെ അപ്പന്റെ വെപ്പാട്ടിയും, ലേയയുടെ ഭാസിയും തന്റെ രണ്ടു സഹോദരന്മാരുടെ മാതാവുമായ ബില്ഹായുമായി മന:പൂർവ്വം അഗമ്യഗമനം നടത്തി. ഇതു പരസ്യമാകയില്ലെന്നവൻ കരുതി. എന്നാൽ യിസ്രായേൽ അതു കേട്ടു. (ഉല്പ, 35:22). മരണസമയത്തു പോലും യാക്കോബ് രൂബേന്റെ ഈ പാപം ഓർത്തു. ആ വൃദ്ധന്റെ അനുഗ്രഹം സാക്ഷാൽ ശാപമായിരുന്നു. “വെള്ളം പോലെ തുളുമ്പുന്നവനേ, നീ ശ്രേഷ്ഠനാകയില്ല; നീ അപ്പന്റെ കിടക്കമേൽ കയറി അതിനെ അശുദ്ധമാക്കി; എന്റെ ശയ്യമേൽ അവൻ കയറിയല്ലോ.” (ഉല്പ, 49:4). 

യോസേഫിനെ കൊല്ലാനുള്ള സഹോദരന്മാരുടെ ശ്രമത്തിൽ നിന്നു അവനെ രക്ഷിച്ചു എന്നതു രൂബേന്റെ സ്വഭാവമഹത്വത്തെ വെളിപ്പെടുത്തുന്നു. എന്നാൽ സത്യം വെളിപ്പെടുത്താതെ ലജ്ജാകരമായ നിലയിൽ പിതാവിനെ വഞ്ചിക്കുന്നതിനു അവൻ സമ്മതം മൂളി. (ഉല്പ, 37:21,22, 29:35). ഒറ്റുകാരെന്ന നിലയിൽ മിസ്രയീമിൽ ബന്ധിക്കപ്പെടുമ്പോൾ രൂബേൻ സഹോദരന്മാരെ കുറ്റപ്പെടുത്തി. (ഉല്പ, 42:22). ബെന്യാമിന്റെ സുരക്ഷയ്ക്കായി രൂബേൻ തന്റെ രണ്ടു പുത്രന്മാരെ ജാമ്യമായി നല്കാമെന്നു പിതാവിനോടു പറഞ്ഞു. (ഉല്പി, 42:377). യാക്കോബും കുടുംബവും മിസ്രയീമിലേക്കു പോയപ്പോൾ രൂബേനു നാലു പുത്രന്മാരുണ്ടായിരുന്നു: ഹനോക്, ഫല്ലൂ, ഹെസ്രോൻ, കാർമി. (ഉല്പ, 46:9). 

രൂബേൻ ഗോത്രം: മിസ്രയീമിൽ കുടിയേറിപ്പാർത്തപ്പോൾ രൂബേനു നാലു പുത്രന്മാരുണ്ടായിരുന്നു. അവരിൽ നിന്നായിരുന്നു പ്രധാന കുടുംബങ്ങൾ ഉണ്ടായത്. സീനായിൽ വച്ചു ജനസംഖ്യ എടുത്തപ്പോൾ രൂബേന്യയോദ്ധാക്കൾ 40,500 ആയിരുന്നു. (സംഖ്യാ, 1:21). മുപ്പത്തെട്ടു വർഷങ്ങൾക്കുശേഷം കനാനിൽ പ്രവേശിക്കുന്നതിനു മുമ്പ് കണക്കെടുത്തപ്പോൾ രൂബേന്യരുടെ എണ്ണം 43,730 ആയി കുറഞ്ഞു. (സംഖ്യാ, 26:7). അനന്തരകാലത്ത് ഗാദും മനശ്ശെയും കൂടി രൂബേന്യരുടെ എണ്ണം 44,760 ആയിത്തീർന്നു. (1ദിന, 5:18). മരുഭൂമി പ്രയാണത്തിൽ രൂബേന്റെ സ്ഥാനം സമാഗമന കൂടാരത്തിനു തെക്കായിരുന്നു. ദേശവിഭജനത്തിൽ യോർദ്ദാനു കിഴക്കായിരുന്നു രൂബേനു അവകാശം ലഭിച്ചത്. സീസരയുമായുള്ള യുദ്ധത്തിൽ രൂബേന്യരുടെ അവിശ്വസ്തത വെളിപ്പെട്ടു. ദേശം അപകടത്തിലായപ്പോൾ സായുധ സന്നദ്ധരാകാനുള്ള ക്ഷണം ചെവിക്കൊളളാൻ അവർക്കു കഴിഞ്ഞില്ല. (ന്യായാ, 5:16). മരുഭൂമിയിൽ വച്ചു മോശെയുടെ നേതൃത്വത്തിന് ഏതിരെയുണ്ടായ മത്സരത്തിൽ പ്രധാന നായകന്മാരായിരുന്ന മൂന്നുപേരിൽ രണ്ടുപേർ രൂബേൻ്റെ സന്തതികളായിരുന്നു. (സംഖ്യാ, 16:1). ശൗലിന്റെ കാലത്ത് അവർ ഗാദ്യരോടും മനശ്ശെയുടെ പാതിഗോത്രക്കാരോടും ചേർന്നു ഹൃഗ്രീയരോടു യുദ്ധം ചെയ്തു. (1ദിന, 5:10, 19). സഹസ്രാബാദയുഗത്തിൽ ദേശത്തിന്റെ ഒരു ഭാഗം രൂബേനു ലഭിക്കും. (യെഹെ, 48:6, 31). വരാനിരിക്കുന്ന കഷ്ടത്തിൽ നിന്നും രക്ഷയ്ക്കായി മുദ്രയിടപ്പെടുന്ന ഗോത്രങ്ങളിൽ രൂബേനും ഉൾപ്പെടുന്നു. (വെളി, 7:5).

Leave a Reply

Your email address will not be published. Required fields are marked *