രൂത്ത് ((Ruth)
പേരിനർത്ഥം — സഖി
രൂത്ത് എന്ന പുസ്തകത്തിലെ നായികയായ ഇവൾ ന്യായാധിപന്മാരുടെ കാലത്ത് ജീവിച്ചിരുന്നു. എലീമെലെക്കിൻ്റെയും നൊവൊമിയുടെയും മൂത്ത മകനായ മഹ്ലോൻ രൂത്തിനെ വിവാഹം കഴീച്ചു. എലീമെലെക്കും ഭാര്യ നൊവൊമിയും പുത്രന്മാരായ മഹ്ലോൻ, കില്യോൻ എന്നിവരുമായി ക്ഷാമം നിമിത്തം യെഹൂദ്യയിലെ ബേത്ലേഹേം വിട്ടു മോവാബിൽ പോയി പാർത്തു. അവിടെവെച്ച് പിതാവും ആൺമക്കളും മരിച്ചു. നൊവൊമി സ്വന്തസ്ഥലത്തേക്കു മടങ്ങിയപ്പോൾ മഹ്ലോൻ്റെ ഭാര്യയായ രൂത്ത് അവളോടു കൂടി നാട്ടിലേക്കു വന്നു. മോവാബിൽ താമസിച്ചുകൊള്ളുവാൻ നൊവൊമി ഉപദേശിച്ചു എങ്കിലും നൊവൊമിയുടെ ദൈവത്തെക്കുറിച്ചും, ജനത്തെക്കുറിച്ചുമുള്ള വലിയ കാഴ്ചപ്പാട് അവളെ നൊവൊമിയോടു കൂടി പോകുവാൻ പ്രേരിപ്പിച്ചു. (രൂത്ത്, 1:1-18) ബേത്ലേഹേമിൽ വന്നശേഷം യവക്കൊയ്ത്തിൻ്റെ കാലത്ത് എലീമേലെക്കിൻ്റെ ബന്ധുവും ധനവാനുമായ ബോവസിൻ്റെ വയലിൽ കതിർ പെറുക്കുവാൻ രൂത്ത് പോയി. അവളുടെ പരിശ്രമശീലവും സ്വഭാവഗുണവും ബോവസിനെ ആകർഷിച്ചു. നൊവൊമിയോടുള്ള അവളുടെ കൂറും കണ്ടിട്ട് കോയ്ത്തുകാരോടു കൂടെ ഭക്ഷിക്കുവാൻ ബോവസ് രൂത്തിനെ അനുവദിച്ചു. (രൂത്ത്, 2:1-14). കൊയ്ത്തിനുശേഷം മെതി തുടങ്ങിയപ്പോൾ നൊവൊമിയുടെ നിർദേശമനുസരിച്ചു രൂത്ത് രാത്രിയിൽ മെതിക്കളത്തിൽ ചെന്ന് സംരക്ഷണം ആവശ്യപ്പെട്ടു. പ്രഭാതമായപ്പോൾ ആറിടങ്ങഴി യവം നല്കി അവളെ മടക്കി അയച്ചു. (രൂത്ത്, 3:1-15). ദേവരവിവാഹ നിയമമനുസരിച്ചു അടുത്ത ചാർച്ചക്കാരൻ വിവാഹം കഴിച്ചില്ലെങ്കിൽ താൻ വിവാഹം ചെയ്യാമെന്ന് ബോവസ് വാക്കുകൊടുത്തു. ദേവരവിവാഹ ക്രമമനുസരിച്ചു രൂത്തിനെ സ്വീകരിക്കേണ്ട ചാർച്ചക്കാരൻ തന്റെ അവകാശം ഒഴിഞ്ഞു. ബോവസ് രൂത്തിനെ വിവാഹം ചെയ്തു. അവരുടെ ആദ്യപുത്രനായ ഓബേദ് ദാവീദിൻ്റെ വല്യപ്പനാണ്. (രൂത്ത്, 4:1-15). യേശുവിന്റെ വംശാവലിയിൽ പറഞ്ഞിട്ടുള്ള അഞ്ചു സ്ത്രീകളിൽ ഒരാളാണ് രൂത്ത്. (മത്താ, 1:5).