രാഹാബ്
എല്ലാ മതവിഭാഗങ്ങളും ഒരുപോലെ അറപ്പോടും വെറുപ്പോടും വീക്ഷിക്കുന്ന സാമൂഹിക തിന്മയാണ് വേശ്യാവൃത്തി. കാരണം, ശാരീരികവും മാനസികവും വൈകാരികവുമായ സുഖസന്തോഷങ്ങളെക്കാൾ ഉപരി ശരീരം വിറ്റു പണമാക്കുന്ന അവിഹിത ലൈംഗികവേഴ്ചയാണിത്. വംശാവലികൾക്കും പാരമ്പര്യര ആഭിജാത്യത്തിനും അമിതപ്രാധാന്യം കല്പിച്ചിരുന്ന യെഹൂദാജനത കാത്തിരുന്ന മശിഹായുടെ വംശാവലിയിൽ ഒരു വേശ്യ കടന്നുകൂടുക എന്നത് ആർക്കും വിഭാവനം ചെയ്യുവാൻ കഴിയുന്ന കാര്യമായിരുന്നില്ല. എന്നാൽ, ‘രാഹാബ് എന്ന വേശ്യ’ എന്ന് തിരുവചനം അഭിസംബോധന ചെയ്യുന്ന സ്തീ ദൈവപുത്രന്റെ വംശാവലിയിലേക്കു കടന്നുവന്നത്, സർവ്വശക്തനായ ദൈവത്തിൽ അവൾ വിശ്വസിക്കുകയും (എബ്രാ, 11:31) അവളുടെ ജീവൻ പണയംവച്ച് ദൈവജനത്തിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്തതുകൊണ്ടാണ്. (യാക്കോ, 2:25). ദേശം രഹസ്യമായി പരിശോധിക്കുവാൻ യോശുവ അയച്ച ചാരന്മാർ യെരീഹോമതിലിന്മേൽ പാർത്തിരുന്ന രാഹാബിന്റെ വീട്ടിൽ ഉണ്ടെന്ന് യെരീഹോരാജാവിന് അറിവുകിട്ടി. അവൻ അവളുടെ അടുക്കൽ ആളയച്ചപ്പോൾ ചാരന്മാരെ അവൾ തന്റെ ഭവനത്തിൽ ഒളിപ്പിച്ച്, രാജദ്യത്യന്മാരെ തിരിച്ചയച്ചു. എന്തെന്നാൽ “ദൈവമായ യഹോവ തന്നെ മീതേ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും ദൈവം ആകുന്നു” (യോശു, 2:11) എന്ന് അവൾ ഉറച്ചു വിശ്വസിച്ചിരുന്നു. സർവ്വശക്തനായ ദൈവം തന്റെ ജനത്തിനുവേണ്ടി ചെങ്കടൽ പിളർന്നതും സീഹോൻ, ഓഗ് എന്നീ അമോര്യരാജാക്കന്മാരെ നിർമ്മൂലമാക്കിയതും അവളുടെ വിശ്വാസത്തെ അരക്കിട്ടുറപ്പിച്ചു. യോശുവയും യിസായേൽമക്കളും യെരീഹോ പിടിച്ചടക്കുമ്പോൾ അവളെയും കുടുംബത്തെയും രക്ഷിക്കാമെന്നുള്ള ചാരന്മാരുടെ പ്രതിജ്ഞ യോശുവ നിറവേറ്റി. അങ്ങനെ ദൈവജനത്തോടൊപ്പം ഒരു പുതിയ ജീവിതം ആരംഭിച്ച രാഹാബിനെ ശല്മോൻ വിവാഹം ചെയ്യുകയും അവർക്ക് ബോവസ് ജനിക്കുകയും ചെയ്തു. അങ്ങനെ വേശ്യയായ അവൾ വിശുദ്ധനായ ദൈവത്തിൽ വിശ്വസിച്ച് വിശുദ്ധമായ കുടുംബജീവിതത്തിലൂടെ ദൈവപുത്രനായ യേശു ക്രിസ്തുവിന്റെ വംശാവലിയിൽ സ്ഥാനം പിടിച്ചു. “വരുവിൻ, നമുക്കു തമ്മിൽ വാദിക്കാം എന്നു യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ പാപങ്ങൾ കുടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായവിരുന്നാലും പഞ്ഞിപോലെ ആയിത്തീരും.” (യെശ, 1:18).