രാഹാബ്

രാഹാബ് (Rahab)

പേരിനർത്ഥം — വിശാലം

യെരീഹോവിലെ പട്ടണമതിലിൽ പാർത്തിരുന്ന ഒരു വേശ്യ. യോശുവ ശിത്തീമിൽ നിന്ന് കനാനെ യെരീഹോ വരെ ഒറ്റുനോക്കാനായി രണ്ടുപേരെ അയച്ചു. അവർ രാഹാബിന്റെ വീട്ടിൽ പാർത്തു. ലിനൻ നിർമ്മിക്കുകയും ചായം മുക്കുകയും ചെയ്തിരുന്ന അവൾ യിസ്രായേലിന്റെ അത്ഭുതകരമായ പുരോഗതിയെക്കുറിച്ചു കേട്ടിരുന്നു. യഹോവ കനാൻ യിസ്രായേല്യർക്കു  കൊടുത്തിരിക്കയാണെന്നു അവൾ മനസ്സിലാക്കി. അതിനാൽ ഒറ്റുകാരെ വീട്ടിൻ മുകളിൽ കൊണ്ടുപോയി അവിടെ അടുക്കിവച്ചിരുന്ന ചണത്തണ്ടുകളുടെ ഇടയിൽ ഒളിപ്പിച്ചു. അവരെ പിടിക്കാൻ വന്ന ഉദ്യോഗസ്ഥന്മാരോടു നഗരവാതിൽ അടയ്ക്കുന്നതിനു മുമ്പു അവർ പോയി എന്നു പറഞ്ഞു. രാത്രിയിൽ ഈ വിവരം അവൾ അവരെ ധരിപ്പിച്ചു. യെരീഹോ നശിപ്പിക്കുമ്പോൾ തന്റെ കുടുംബത്ത അപകടം കൂടാതെ രക്ഷിക്കണമെന്നും അപ്രകാരം ചെയ്യുമെന്നുള്ളതിനു ഒരടയാളം നല്കണമെന്നും രാഹാബ് അപേക്ഷിച്ചു. അപ്രകാരം ചെയ്യാമെന്നു അവൾക്കു വാക്കുകൊടുത്തു. അവളുടെ വീടു തിരിച്ചറിയേണ്ടതിനു കിളിവാതിലിൽ ചുവപ്പുചരടു കെട്ടുകയായിരുന്നു അവർ നല്കിയ അടയാളം. അവൾ അവരെ കിളിവാതിൽ വഴി ഇറക്കിവിടുകയും രക്ഷപ്പെടേണ്ട മാർഗ്ഗം അവർക്കു ഉദേശിച്ചുകൊടുക്കുകയും ചെയ്തു. (യോശു, 2:1-24). ഇതിനു പ്രതിഫലമായി യെരീഹോ പട്ടണം പിടിച്ചടക്കിയപ്പോൾ യോശുവ രാഹാബിനെയും കുടുംബത്തെയും അപകടം കൂടാതെ രക്ഷിച്ചു. (യോശു, 6:17, 22-25). യേശുവിന്റെ വംശാവലിയിൽ ഉൾപ്പെട്ട അഞ്ചു സ്ത്രീകളിൽ ഒരുവൾ രാഹാബാണ്. (മത്താ, 1:5). ശല്മോന്റെ ഭാര്യയും ബോവസിന്റെ അമ്മയുമാണു രാഹാബ്. എബ്രായ ലേഖന കർത്താവു വിശ്വാസവീരന്മാരുടെ പട്ടികയിൽ രാഹാബിന്റെ  പേർ ഉൾപ്പെടുത്തി. (എബ്രാ, 11:31). ഇവളുടെ വിശ്വാസം പ്രവൃത്തിയിലൂടെ നീതീകരിക്കപ്പെട്ടു എന്ന് യാക്കോബും വ്യക്തമാക്കി. (യാക്കോ, 2:25). 

ആകെ സൂചനകൾ (2) — എബ്രായ, 11:31, യാക്കോ, 2:25.

Leave a Reply

Your email address will not be published. Required fields are marked *