രക്ഷയുടെ ഭദ്രത (The assurance of salvation)
“ഞാൻ അവെക്കു നിത്യജീവൻ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചു പോകയില്ല; ആരും അവയെ എന്റെ കയ്യിൽ നിന്നു പിടിച്ചുപറിക്കയും ഇല്ല. അവയെ തന്നിരിക്കുന്ന എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല.” (യോഹ, 10:28,29).
ദൈവകൃപയാൽ നീതീകരിക്കപ്പെട്ട് പരിശുദ്ധാത്മാവിനാൽ പുതുജനനം പ്രാപിച്ച് വിശ്വാസത്താൽ ക്രിസ്തുവിൽ ചേർന്നവർ കൃപയിൽ നിന്നൊരിക്കലും വീണുപോകാതെ അന്ത്യത്തോളം, നിത്യതയിലും നിലനിൽക്കുമെന്നതാണ് രക്ഷയുടെ ഭദ്രത സൂചിപ്പിക്കുന്നത്. രക്ഷയെ സംബന്ധിച്ചിടത്തോളം തിരുവെഴുത്തുകൾ വെളിപ്പെടുത്തുന്ന മൗലിക ഉപദേശമാണിത്. വിശ്വാസികൾക്ക് സദാകാലവും ആശ്വാസം നൽകുന്ന ഈ ഉപദേശം വളരെയധികം ദുർവ്യാഖ്യാനങ്ങൾക്കും ദുരുപയോഗങ്ങൾക്കും വിധേയമായിട്ടുണ്ട്. രക്ഷയുടെ ഭദ്രത യഥാർത്ഥ രക്ഷാനുഭവം പ്രാപിച്ചവർക്കു മാത്രമാണെന്നതു ശ്രദ്ധേയമാണ്. രക്ഷാനുഭവം പ്രാപിച്ചവർ എന്ന് സാക്ഷ്യം പറയുന്നവരും ചില ജീവകാരുണ്യ പ്രവൃത്തികളിലൂടെ ക്രൈസ്തവദൗത്യം പ്രകടിപ്പിക്കുന്നവരും വാസ്തവമായി രക്ഷിക്കപ്പെട്ടവർ ആയിരിക്കണമെന്നില്ല. ഒരു ക്രിസ്ത്യാനി പിന്മാറിപ്പോകുകയോ പാപത്തിൽ വീഴുകയോ ചെയ്യാതിരിക്കുമെന്ന് രക്ഷയുടെ ഭദ്രത ഉറപ്പുപറയുന്നില്ല. എന്നാൽ അവർ ഒരിക്കലും തങ്ങൾ ആയിരിക്കുന്ന കൃപയിൽ നിന്നു വീണുപോകയില്ലെന്നും തങ്ങളുടെ പിന്മാറ്റത്തിൽ നിന്നും അവർ മടങ്ങിവരുമെന്നും അതു ഉറപ്പുപറയുന്നു. എന്നാൽ പലരിലും രക്ഷയെക്കുറിച്ചുള്ള ഉറപ്പോ രക്ഷയുടെ ഭദ്രതയിൽ വിശ്വാസമോ ഇല്ല. തിരുവെഴുത്തുകളിലുള്ള അജ്ഞതയാണ് ഇതിനു കാരണം. പ്രവൃത്തികളാലല്ല കൃപയാലത്രേ രക്ഷിക്കപ്പെട്ടത്. “കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടി രിക്കുന്നത്; അതിനും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.” (എഫെ, 2:8). പ്രവൃത്തികളാൽ രക്ഷ ലഭിച്ചെങ്കിൽ അതു പ്രവൃത്തികളാൽ നഷ്ടപ്പെടുമായിരുന്നു. രക്ഷിക്കപ്പെടാത്ത അവസ്ഥയിൽ സ്വന്തം പ്രവൃത്തികൾ കൊണ്ട് രക്ഷനേടാൻ കഴിയാത്തതുപോലെ രക്ഷിക്കപ്പെട്ട ഒരു വ്യക്തിക്ക് തന്റെ പ്രവൃത്തികളാൽ രക്ഷ നഷ്ടപ്പെടുത്താനും കഴിയുകയില്ല; വിശ്വാസിയിൽ വസിക്കുന്ന ദൈവം അതനുവദിക്കില്ല. മാറ്റമില്ലാത്തവനായ ക്രിസ്തുവിലൂടെ ദൈവം നൽകിയിരിക്കുന്ന രക്ഷ മാറ്റമില്ലാത്തതാണ്. ഈ പ്രമേയം ഉപദേശനിബദ്ധവും, യുക്തി സംഗതവും അത്രേ.
രക്ഷയുടെ ഭദ്രതയെക്കുറിച്ചുള്ള ഉറപ്പുലഭിക്കുന്നതിന് പാപികൾക്കുവേണ്ടി ദൈവം കരുതിയ രക്ഷയുടെ സ്വഭാവം എന്താണെന്ന് മനസ്സിലാക്കിയിരിക്കേണ്ടതാണ്; ഒപ്പം ഈ രക്ഷയുടെ ഉത്തരവാദി ആരാണെന്നും. ദൈവം തന്നെയാണ് തന്റെ അനാദിനിർണ്ണയപ്രകാരം രക്ഷ ഒരുക്കിയതെന്നും മാനുഷികമായ യാതൊരംശവും മനുഷ്യന്റെ യാതൊരു പങ്കും അതിലില്ലെന്നും മനസ്സിലാക്കിക്കഴിയുമ്പോൾ രക്ഷ ഭ്രദമാണെന്ന് ഉറപ്പാകും. രക്ഷയുടെ പ്രവൃത്തി ദൈവം ചെയ്തതാകയാൽ സർവ്വജ്ഞനായ ദൈവത്തിന്നു പിഴ പറ്റുകയില്ലെന്നും അതിനു വീഴ്ച സംഭവിക്കുകയില്ലെന്നും വ്യക്തമാണ്. മാനുഷികമായ അംശം രക്ഷയിൽ ഉണ്ടെങ്കിൽ മാനുഷികമായ പിഴകളും പരിമിതികളും അതിൽ പ്രതിഫലിക്കുകയും രക്ഷ നഷ്ടപ്പെടുകയും ചെയ്യും. ക്രിസ്തുവിലെ വിശ്വാസത്തിലൂടെ ദൈവത്തിങ്കലേക്കു വരുന്ന പാപിക്കുവേണ്ടി പിതാവായ ദൈവവും പുത്രനും പരിശുദ്ധാത്മാവും ചെയ്യുന്ന വേല നാം മനസ്സിലാക്കേണ്ടതാണ്.
രക്ഷയുടെ ഭദ്രതയ്ക്ക് അടിസ്ഥാനമായ സത്യങ്ങൾ താഴെ കൊടുക്കുന്നു:
1. ദൈവികനിർണ്ണയം: വിശ്വാസിയുടെ ഭദ്രതയ്ക്ക് അടിസ്ഥാനമായിരിക്കുന്നത് പിതാവായ ദൈവത്തിന്റെ നിർണ്ണയമാണ്. ദൈവനിർണ്ണയത്തെ തടുക്കുവാനോ മാറ്റുവാനോ ആർക്കും കഴിയുകയില്ല. “സൈന്യങ്ങളുടെ യഹോവ ആണയിട്ടു അരുളിച്ചെയ്യുന്നത്. ഞാൻ വിചാരിച്ചതുപോലെ സംഭവിക്കും; ഞാൻ നിർണ്ണയിച്ചതുപോലെ നിവൃത്തിയാകും.” (യെശ, 14:249). “അവനോ അനന്യൻ; അവനെ തടുക്കുന്നതു ആർ? തിരുവുള്ളത്തിന്റെ താത്പര്യം അവൻ അനുഷ്ഠിക്കും.” (ഇയ്യോ, 23:13). “നാം തിരുസന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു ദൈവം നമ്മെ തിരഞ്ഞെടുത്തിരിക്കുന്നു . “ നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുക്കയും” (എഫെ, 1:4). അനേകം പുത്രന്മാരെ തേജസ്സിലേക്ക് നടത്തുകയാണ് ദൈവത്തിന്റെ സ്വർഗ്ഗീയനിർണ്ണയം. (എബ്രാ, 2:10). അനേകം പുത്രന്മാരെ തേജസ്സിലേക്കു കൊണ്ടു വരുമ്പോൾ, അതിൽ ഒരു വ്യക്തി നഷ്ടപ്പെടുന്നത് ദൈവികനിർണ്ണയം പരാജയപ്പെടുന്നതിനു തുല്യമാണ്. രക്ഷിക്കപ്പെട്ടവരെ സംബന്ധിച്ച് ദൈവത്തിന്നുള്ള നിർണ്ണയം ഇതാണ്: “അവൻ മുന്നിവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു. മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.” (റോമ, 8:29,30). എഫെസ്യലേഖനത്തിലും അപ്പൊസ്തലനായ പൗലൊസ് ദൈവത്തിന്റെ ഈ നിർണ്ണയം വ്യക്തമാക്കുന്നുണ്ട്: “അവനിൽ നാം അവകാശവും പ്രാപിച്ചു. തന്റെ ഹിതത്തിന്റെ ആലോചന പോലെ സകലവും പ്രവർത്തിക്കുന്നവന്റെ നിർണ്ണയപ്രകാരം മുന്നിയമിക്കപ്പെട്ടതു മുമ്പിൽ കൂട്ടി ക്രിസ്തുവിൽ ആശവെച്ചവരായ ഞങ്ങൾ അവന്റെ മഹത്ത്വത്തിന്റെ പുകഴ്ചെക്കാകേണ്ടതിന്നു തന്നേ.” (എഫെ, 1:11,12). ഓരോ വ്യക്തികളും ക്രിസ്തുവിലാകുന്നത് തൻ്റെ അനാദിനിർണ്ണയത്താലാണ്. ഒരു വ്യക്തിയുടെയെങ്കിലും രക്ഷ നഷ്ടപ്പെട്ടാൽ ദൈവത്തിൻ്റെ നിർണ്ണയം പിഴച്ചുപോകില്ലേ?
2. ദൈവശക്തി: ക്രിസ്തുവിലൂടെ ദൈവത്തിന്റെ അടുക്കൽ വരുന്നവരെ രക്ഷിക്കുവാനും സൂക്ഷിക്കുവാനുമുള്ള ദൈവത്തിന്റെ ശക്തി രക്ഷയുടെ ഭദ്രതയ്ക്ക് അടിസ്ഥാനമാണ്: “അവയെ തന്നിരിക്കുന്ന എന്റെ പിതാവ് എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിക്കാൻ ആർക്കും കഴികയില്ല.” (യോഹ, 10:29). ദൈവം സൂക്ഷിക്കുവാൻ ശക്തനാണ്. ദൈവത്തിന് സൂക്ഷിക്കുവാൻ കഴിവില്ലാതിരിക്കണമെങ്കിൽ ദൈവത്തെക്കാൾ ശക്തനായ ഒരുവൻ ഉണ്ടായിരിക്കണം. അവനു മാത്രമേ ദൈവത്തിന്റെ കരത്തിൽ നിന്നും വിശ്വാസിയെ പിടിച്ചുപറിക്കാനാവൂ. എന്നാൽ ദൈവം സർവ്വാധികാരിയും സർവ്വശക്തനുമാണ്. “ഞാൻ ആരെ വിശ്വസിച്ചിരിക്കുന്നു എന്നറിയുന്നു; അവൻ എന്റെ ഉപനിധി ആ ദിവസം വരെ സൂക്ഷിപ്പാൻ ശക്തൻ എന്നു ഉറച്ചുമിരിക്കുന്നു.” (2തിമൊ, 1:12). മാത്രവുമല്ല, നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികയ്ക്കും എന്ന് അപ്പൊസ്തലന് ഉറപ്പുണ്ട്. (ഫിലി, 1:4). ഒരു വിശ്വാസി ദൈവശക്തിയിൽ കാക്കപ്പെടുകയാണ്. (1പത്രൊ, 1:4; റോമ, 16:25; യൂദാ, 24). വിശ്വാസിക്ക് ദൈവം അനുകൂലമാണ്. തന്മൂലം അവനെതിരായിരിക്കുവാൻ ഒരു ശക്തിക്കും സാദ്ധ്യമല്ല. “ഇതു സംബന്ധിച്ചു നാം എന്തു പറയേണ്ടു? ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ? സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവർക്കുംവേണ്ടി ഏല്പ്പിച്ചുതന്നവൻ അവനോടു കൂടെ സകലവും നമുക്കു നല്കാതിരിക്കുമോ? ദൈവം തിരഞ്ഞെടുത്തവരെ ആർ കുറ്റം ചുമത്തും? നീതീകരിക്കുന്നവൻ ദൈവം. ശിക്ഷ വിധിക്കുന്നവൻ ആർ? ക്രിസ്തുയേശു മരിച്ചവൻ; മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവൻ തന്നേ; അവൻ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു.” (റോമ, 8:31-34). ക്രിസ്തുവിൽ വിശ്വസിച്ച പൗലൊസ് പറയുന്നത്; ആ ദിവസംവരെ ഞാൻ നില്ക്കുമെന്നല്ല; അവനെന്നെ സൂക്ഷിക്കുമെന്നാണ്. ക്രിസ്തുവിലായ ഒരു വ്യക്തിയുടെയെങ്കിലും രക്ഷ നഷ്ട്ടപ്പെട്ടാൽ ദൈവത്തിൻ്റെ സർവ്വശക്തിയും കൂടെ നഷ്ടപ്പെടില്ലേ?
3. സർവ്വജ്ഞാനം: മുന്നറിവ്, മുൻനിർണ്ണയം, മുന്നിയമനം, വിളി, തിരഞ്ഞെടുപ്പ്, നീതീകരണം, തേജസ്കരണം തുടങ്ങിയവയെല്ലാം ദൈവത്തിൻ്റെ സർവ്വജ്ഞാനത്തിൽ ഉൾപ്പെട്ടതാണ്. “ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു; എന്റെ ആലോചന നിവൃത്തിയാകും; ഞാൻ എന്റെ താല്പര്യമൊക്കെയും അനുഷ്ടിക്കും എന്നു ഞാൻ പറയുന്നു.” (യെശ, 46:10). ദൈവത്തിൻ്റെ സർവ്വവ്യാപിത്വം അവൻ്റെ സർവ്വജ്ഞത്വത്തിൻ്റെ അനുബന്ധ ഘടകമാണ്. (സങ്കീ, 139:1-10; സദൃ, 15:13; യിരെ, 23:23-25). ”ദൈവത്തിന്റെ വിവേകത്തിന്നു അന്തമില്ല.” (സങ്കീ, 147:5). ”ദൈവത്തിനു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിന്നു നഗ്നവും മലർന്നതുമായി കിടക്കുന്നു.” (എബ്രാ, 4:13). നമ്മുടെ തലമുടിപോലും എണ്ണപ്പെട്ടിരിക്കുന്നു. (മത്താ, 10:30). ദൈവം തിരഞ്ഞെടുത്ത ഒരാളെങ്കിലും നഷ്ടപ്പെട്ടുപോയാൽ ദൈവമെങ്ങനെ സർവ്വജ്ഞനായിരിക്കും?
4. ദൈവത്തിന്റെ വാഗ്ദത്തം: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” (യോഹ, 3:16). വൈരുദ്ധ്യത്തെ നിഷേധിച്ചുകൊണ്ട് നിത്യരക്ഷയെ ഉറപ്പിച്ചിരിക്കുകയാണിവിടെ. “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ട്; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.” (യോഹ, 5:24). ന്യായവിധിയിൽ കടക്കയില്ല എന്നു നിഷേധരൂപത്തിലും മരണത്തിൽനിന്ന് ജീവനിലേക്ക് കടന്നിരിക്കുന്നു എന്ന് ഭാവരൂപത്തിലും പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക. ദൈവം മനുഷ്യനു നൽകുന്നത് ഒരേ ഒരു ജീവനാണ്; അതായത് നിത്യജീവൻ. നിത്യജീവൻ ദൈവത്തിന്റെ ജീവനാണ്. ദൈവത്തിന്റെ ജീവൻ മരണത്തിനു വിധേയമാകാത്തതുപോലെ ദൈവപൈതലിന് ദൈവം നൽകുന്ന ജീവനും അവസാനിക്കയില്ല. വാഗ്ദത്തം ചെയ്തിട്ട് കൈവിട്ട് കളഞ്ഞാൽ ദൈവം അവിശ്വസ്തനാണെന്ന് വരില്ലേ?
5. ദൈവസ്നേഹം: നിത്യതയിൽ നിന്നുതന്നെ തന്റെ മക്കളെ തിരഞ്ഞെടുക്കുവാൻ ദൈവത്തെ പ്രേരിപ്പിച്ചത് അവന്റെ നിത്യസ്നേഹമാണ്. സ്നേഹത്തിൽ നമ്മെ മുന്നിയമിച്ചു എന്നാണ് അപ്പൊസ്തലൻ പറയുന്നത്. (എഫെ, 16). ദൈവത്തിന്റെ അസ്തിത്വത്തെ പോലെ ഒരിക്കലും മാറ്റമില്ലാത്തതാണ് തന്റെ സ്നേഹം. താൻ ഇനിയും സൃഷ്ടിക്കേണ്ടിയിരുന്ന മനുഷ്യനെ ദൈവം സ്നേഹിച്ചു. മാനുഷിക സ്നേഹത്തെപ്പോലെ തന്റെ സൃഷ്ടികൾ നല്ലവരായിരിക്കുമ്പോൾ അവരെ സ്നേഹിക്കുകയും ദോഷികളായിരിക്കുമ്പോൾ അവരെ വെറുക്കുകയും ചെയ്യുകയായിരുന്നില്ല ദൈവസ്നേഹം. മനുഷ്യർ അഭക്തരും, പാപികളും, ബലഹീനരും ആയിരിക്കവെയാണ് ദൈവം അവരെ സ്നേഹിച്ചത്. “നാം ബലഹീനർ ആയിരിക്കുമ്പോൾ തന്നെ ക്രിസ്തു തക്കസമയത്തു അഭക്തർക്കുവേണ്ടി മരിച്ചു. നീതിമാന്നുവേണ്ടി ആരെങ്കിലും മരിക്കുന്നതു ദുർല്ലഭം; ഗുണവാനുവേണ്ടി പക്ഷേ മരിപ്പാൻ തുനിയുമായിരിക്കും. ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നെ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു. അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാൽ എത്ര അധികമായി കോപത്തിൽ നിന്നു രക്ഷിക്കപ്പെടും. ശത്രുക്കളായിരിക്കുമ്പോൾ തന്നെ നമുക്കു അവന്റെ പുത്രന്റെ മരണത്താൽ ദൈവത്തോടു നിരപ്പുവന്നു എങ്കിൽ നിരന്നശേഷം നാം അവന്റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും.” (റോമ, 5:6-10). പാപിയെ രക്ഷിച്ചശേഷം സാത്താന് വിട്ടുകൊടുത്താൽ ദൈവസ്നേഹം സ്വാത്ഥമാണെന്ന് വരില്ലേ?
6. ദൈവനിവാസം: ആത്മീകമായി രക്ഷിക്കപ്പെട്ട ഓരോ വിശ്വാസിയും ഒരോ ദൈവമന്ദിരങ്ങളാണ്. “നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?” (1കൊരി, 3:16; ഒ.നോ: 1കൊരി, 6:19). അപ്പോൾത്തന്നെ ദൈവസഭയുടെ പണിയും നടന്നുകൊണ്ടിരിക്കയാണ്. “ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു. അവനിൽ കെട്ടിടം മുഴുവനും യുക്തമായി ചേർന്നു കർത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു.” (എഫെ, 2:20,21). യേശുക്രിസ്തുവെന്ന മൂലക്കല്ലിന്മേൽ അപ്പൊസ്തലന്മാരെയും പ്രവാചകന്മാരെയും അടിസ്ഥാനമാക്കിക്കൊണ്ടും രക്ഷിക്കപ്പെടുന്നവരെ ഇഷ്ടികകൾ ആക്കിക്കൊണ്ടും, ദൈവാത്മാവ് രണ്ടായിരം വർഷമായിട്ട് ദൈവത്തിൻ്റെ സഭ പണിതുകൊണ്ടിരിക്കുകയാണ്. ഈ മന്ദിരത്തിൻ്റെ അഥവാ സഭയുടെ പണി തീരുമ്പോഴാണ് അക്ഷരാർത്ഥത്തിൽ ദൈവം മനുഷ്യരോടുകൂടി വസിക്കുന്നത്. (വെളി, 21:3). രക്ഷിക്കപ്പെട്ടവർ ഓരോരുത്തരായി നഷ്ടപ്പെട്ടുകൊണ്ടിരുന്നാൽ ദൈവനിവസം പണിതീരാത്ത വീടാകില്ലേ?
7. ക്രിസ്തുവിന്റെ മരണം: പിതാവായ ദൈവം രക്ഷ ആസൂത്രണം ചെയ്തു. പുത്രനായ ക്രിസ്തു രക്ഷ സിദ്ധമാക്കി. ക്രിസ്തുവിന്റെ മരണത്തിൽ നമ്മുടെ രക്ഷ ഭദ്രമായിരിക്കുന്നു. ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. (റോമ, 5:8). അതുകൊണ്ട് ഇപ്പോൾ യേശുക്രിസ്തുവിലുള്ളവർക്ക് ഒരു ശിക്ഷാവിധിയും ഇല്ല. (റോമ, 8:1). പാപികൾക്കുവേണ്ടി ക്രിസ്തു കഷ്ടം അനുഭവിക്കുകയും മരിക്കുകയും ചെയ്തതുകൊണ്ടു അവൻ നിത്യരക്ഷയ്ക്ക് കാരണഭൂതനായി. “പുത്രൻ എങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായി തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്നു.” (എബ്രാ, 5:8,9). ക്രിസ്തുവിന്റെ മരണം ലോകത്തിന്റെ പാപത്തിന് മതിയായ പ്രായശ്ചിത്തമായിരുന്നു. മനുഷ്യവർഗ്ഗത്തിന് ദൈവത്തോടുണ്ടായിരുന്ന കടം മുഴുവൻ ക്രിസ്തുവിന്റെ മരണത്താൽ തീർന്നു. സകല മനുഷ്യർക്കുമായി രക്ഷാമാർഗ്ഗം തുറന്നു. നിവൃത്തിയായി എന്ന് ക്രൂശിൽ വെച്ച് ക്രിസ്തു പ്രഖ്യാപിച്ചു. പാപത്തിന്റെ വില ക്രിസ്തു തന്റെ മരണം മൂലം പൂർണ്ണമായി കൊടുത്തു. തന്മൂലം ക്രിസ്തുവിനെ സ്വന്തരക്ഷിതാവായി സ്വീകരിക്കുന്ന വ്യക്തിക്ക് വിമോചനച്ചീട്ട് ലഭിച്ചു; അവൻ സ്വതന്ത്രനായി. ക്രിസ്തു തൻ്റെ മരണംകൊണ്ട് സമ്പാദിച്ച രക്ഷയിൽനിന്നു വിശ്വാസികൾ വീണുപോയാൽ, ക്രിസ്തുവിനെ താല്ക്കാലിക രക്ഷയുടെ കാരണഭൂതനെന്നല്ലാതെ; നിത്യരക്ഷയുടെ കാരണഭൂതനെന്ന് എങ്ങനെ വിളിക്കും?
8. ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേല്പ്: രണ്ടു കാരണങ്ങളാൽ ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേല്പ് ദൈവപൈതലിനു ലഭിച്ചിരിക്കുന്ന രക്ഷയുടെ ഭദ്രതയ്ക്ക് അടിസ്ഥാനമായി വർത്തിക്കുന്നു. 1. യേശുക്രിസ്തുവിന്റെ പുനരുത്ഥാനജീവന് വിശ്വാസി പങ്കാളിയായി. 2. ഉയിർത്തെഴുന്നേറ്റ ക്രിസ്തു തലയായിരിക്കുന്ന പുതുസൃഷ്ടിയുടെ ഭാഗമായി വിശ്വാസി മാറി. ദൈവപുത്രന്റെ പുനരുത്ഥാനജീവന് വിശ്വാസി പങ്കാളിയായി. വിശ്വാസി ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റു. (കൊലൊ, 2:12). വിശ്വാസിയെ ക്രിസ്തുയേശുവിൽ അവനോടുകൂടെ ഉയിർത്തെഴുന്നേല്പിച്ചു സ്വർഗ്ഗത്തിലിരുത്തി. (എഫെ, 2:7). സ്വർഗ്ഗത്തിൽനിന്നു ഒരു ദൈവപൈതലിനെ തട്ടിയെടുക്കുവാൻ ഒരു ശക്തിക്കും കഴിയുകയില്ല. “നമ്മുടെ അതിക്രമങ്ങൾ നിമിത്തം മരണത്തിന്നു ഏല്പിച്ചും നമ്മുടെ നീതീകരണത്തിന്നായി ഉയിർപ്പിച്ചുമിരിക്കുന്ന നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്നു ഉയിർപ്പിച്ചവനിൽ വിശ്വസിക്കുന്ന നമുക്കും കണക്കിടുവാനുള്ളതാകയാൽ തന്നേ.” (റോമ, 4:24). നാം നീതീകരിക്കപ്പെട്ടിരിക്കുകയാണ്. ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിൽ ആയിരിക്കുകയും ഉയിർത്തെഴുന്നേറ്റ ക്രിസ്തു ഉള്ളിൽ ആയിരിക്കുകയും ചെയ്യുന്നത് ഒരു ആത്മിക പുനരുത്ഥാനമാണ്. ഒരു വിശ്വാസിയുടെ പൂർണ്ണമായ ആളത്തത്തെ സംബന്ധിച്ചിടത്തോളം ഭാവിയിൽ ശരീരത്തിന്റെ പുനരുത്ഥാനത്തിലുടെയോ ശരീരത്തിന്റെ തേജസ്കരണത്തിലൂടെയോ അതു പൂർത്തിയാകും. “ആകയാൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ ക്രിസ്തു ദൈവത്തിന്റെ വലതുഭാഗത്തു ഇരിക്കുന്നിടമായ ഉയരത്തിലുള്ളത് അന്വേഷിപ്പിൻ. ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതു തന്നെ ചിന്തിപ്പിൻ. നിങ്ങൾ മരിച്ചു നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടു കൂടെ ദൈവത്തിൽ മറഞ്ഞിരിക്കുന്നു. നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ നിങ്ങളും അവനോടുകൂടെ തേജസ്റ്റിൽ വെളിപ്പെടും.” (കൊലൊ, 3-4). വിശ്വാസിയുടെ പൗരത്വവും (ഫിലി, 3:20) വിശ്വാസിയേയും ക്രിസ്തുവിനോടുകൂടി സ്വർഗ്ഗത്തിൽ ഇരുത്തിയിരിക്കുന്നു. (എഫെ, 2:7) സ്വർഗ്ഗത്തിൽ ഇരുത്തിയിരിക്കുന്ന ദൈവപൈതലിനെ സാത്താൻ എന്തുചെയ്യും?
9. ക്രിസ്തുവിന്റെ പക്ഷവാദവും മധ്യസ്ഥതയും: സ്വർഗ്ഗാരോഹണം ചെയ്ത് ക്രിസ്തു നമുക്കുവേണ്ടി ദൈവത്തിന്റെ സന്നിധിയിൽ പക്ഷവാദം ചെയ്യുന്നത് നമ്മുടെ രക്ഷയെ ഉറപ്പിക്കുന്നു. “ക്രിസ്തു വാസ്തവമായതിന്റെ പ്രതിബിംബമായി കൈപ്പണിയായ വിശുദ്ധമന്ദിരത്തിലേക്കല്ല, ഇപ്പോൾ നമുക്കുവേണ്ടി ദൈവസന്നിധിയിൽ പ്രത്യക്ഷനാവാൻ സ്വർഗ്ഗത്തിലേക്കത്രേ പ്രവേശിച്ചതു.” (എബാ, 9:24). ഒരു വിശ്വാസി പാപം ചെയ്തുവെങ്കിൽ അവനുവേണ്ടി വാദിക്കുവാൻ കാര്യസ്ഥനായ ക്രിസ്തു പിതാവിന്റെ അടുക്കലുണ്ട്. “എന്റെ കുഞ്ഞുങ്ങളേ . നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ ഞാൻ ഇതു നിങ്ങൾക്കു എഴുതുന്നു. ഒരുത്തൻ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ട്. അവൻ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിനു മാത്രമല്ല, സർവ്വലോകത്തിന്റെ പാപത്തിന്നും തന്നേ.” (1യോഹ, 2:1-2). നമ്മുടെ പാപരാഹിത്യത്തിലോ പ്രായോഗികവിശുദ്ധിയിലോ നമ്മുടെ രക്ഷ അടിസ്ഥാനപ്പെട്ടിരുന്നുവെങ്കിൽ അതിന് ഒരു ഭദ്രതയും ഉണ്ടാകുമായിരുന്നില്ല. നാം ചെയ്ത എല്ലാ പാപത്തിനും പ്രായശ്ചിത്തമാണ് തന്റെ രക്തം. അവന്റെ രക്തം നമ്മുടെ സർവ്വപാപങ്ങളിൽ നിന്നും നമ്മെ കഴുകി ശുദ്ധീകരിക്കുന്നു. കാൽവരിയിൽ ചൊരിയപ്പെട്ട രക്തത്തിന്റെ വെളിച്ചത്തിലാണ് ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി പക്ഷവാദം ചെയ്യുന്നത്. വിശ്വാസികളെ ദൈവസന്നിധിയിൽ കുറ്റാരോപണം ചെയ്യുന്നത് സാത്താനാണ്. “അപ്പോൾ ഞാൻ സ്വർഗ്ഗത്തിൽ ഒരു മഹാശബ്ദം പറഞ്ഞു കേട്ടത്. ഇപ്പോൾ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും രാജ്യവും അവന്റെ ക്രിസ്തുവിന്റെ ആധിപത്യവും തുടങ്ങിയിരിക്കുന്നു; നമ്മുടെ സഹോദരന്മാരെ രാപ്പകൽ ദൈവസന്നിധിയിൽ കുറ്റം ചുമത്തുന്ന അപവാദിയെ തള്ളിയിട്ടുകളഞ്ഞുവല്ലോ.” (വെളി, 12:10). എന്നാൽ അവയ്ക്കെല്ലാം പരിഹാരമായി ക്രിസ്തു ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കയും നമുക്കുവേണ്ടി പക്ഷവാദ കഴിക്കുകയും ചെയ്യുന്നു. “ശിക്ഷ വിധിക്കുന്നവൻ ആർ? ക്രിസ്തുയേശു മരിച്ചവൻ മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവൻ തന്നേ; അവൻ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു. (റോമ, 8:34). രക്ഷയിൽനിന്നു വിശ്വാസികൾ കൊഴിഞ്ഞുപോയാൽ ക്രിസ്തുവിൻ്റെ മദ്ധ്യസ്ഥതയും പക്ഷവാദവും ഒരു നാടകമായി മാറില്ലേ?
10. ക്രിസ്തുവിന്റെ ഇടയശുശ്രൂഷ: സ്വർഗ്ഗത്തിൽ ക്രിസ്തു ഒരു വിശ്വസ്തനായ കാര്യസ്ഥനായിരിക്കുന്നതുപോലെ ഭൂമിയിൽ ഒരു വിശ്വസ്തനായ ഇടയനാണ്. ക്രിസ്തുവിൻ്റെ ദൈവപുത്രത്വം തെളിയിക്കുവാൻ ആവശ്യപ്പെട്ട യെഹൂദന്മാർക്കു നൽകിയ തെളിവ് തന്റെ ആടുകളെ സൂക്ഷിക്കുവാൻ തനിക്കുള്ള കഴിവാണ്. ഇന്നും എന്നും അനന്യനായ ക്രിസ്തുവിന് തന്റെ ആടുകളെ നിത്യമായി സൂക്ഷിക്കുവാൻ കഴിയും. “ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു. ഞാൻ അവയ്ക്ക് നിത്യജീവൻ കൊടുക്കുന്നു, അവ ഒരുനാളും നശിച്ചുപോകയില്ല; ആരും അവയെ എന്റെ കയ്യിൽ നിന്നു പിടിച്ചുപറിക്കയും ഇല്ല. (യോഹ, 16:27,28). താൻ മുഖാന്തരമായി ദൈവത്തോട് അടുക്കുന്നവരെ പൂർണ്ണമായി രക്ഷിക്കാൻ ക്രിസ്തു പ്രാപ്തനാണെന്ന് എബ്രായ ലേഖനകാരൻ വ്യക്തമാക്കുന്നു. “അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയാവാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.” (എബ്രാ, 7:25). ക്രിസ്തുവിന്റെ മഹാപൗരോഹിത്യ പ്രാർത്ഥനയിൽ (യോഹ, 17) ക്രിസ്തു അധികവും സംസാരിച്ചത് വിശ്വാസികളെ കുറിച്ചായിരുന്നു. തന്നിൽ വിശ്വസിക്കുന്നവർക്കു പ്രായശ്ചിത്തമാകേണ്ടതിന്നു ക്രൂശിൽ മരിക്കുവാൻ പോകുന്നതിനുമുമ്പ് പിതാവ് തനിക്കു നൽകിയിട്ടുള്ളവർക്കുറിച്ചുള്ള കരുതലായിരുന്നു ക്രിസ്തുവിനു പ്രധാനമായിരുന്നത്. ക്രിസ്തുവിൽ വിശ്വസിച്ച ഒരു വ്യക്തിയുടെ രക്ഷ നഷ്ടപ്പെട്ടാൽ ക്രിസ്തു കഴിച്ച അപേക്ഷ ദൈവം നിരസിച്ചു എന്നർത്ഥം. “ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല. ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളണമേ. അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിന്നു നിവൃത്തിവരേണ്ടതിന്നു ആ നാശയോഗ്യനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല. ഇപ്പോഴോ ഞാൻ നിന്റെ അടുക്കൽ വരുന്നു; എന്റെ സന്തോഷം അവർക്കു ഉള്ളിൽ പൂർണ്ണമാകേണ്ടതിന്നു ഇതു ലോകത്തിൽ വെച്ചു സംസാരിക്കുന്നു. ഞാൻ അവർക്കു നിന്റെ വചനം കൊടുത്തിരിക്കുന്നു; ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ലായ്കകൊണ്ടു ലോകം അവരെ പകെച്ചു. അവരെ ലോകത്തിൽനിന്നു എടുക്കേണം എന്നല്ല. ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളണം എന്നത്രേ ഞാൻ അപേക്ഷിക്കുന്നത്.” (യോഹ, 17:11-16). ക്രിസ്തു വിശ്വാസികൾക്കുവേണ്ടി ഇന്നും അപേക്ഷിക്കുകയാണ്. ക്രൂശീകരണത്തിനു മുമ്പായി പത്രൊസ് എന്ന ഏകവ്യക്തിക്കുവേണ്ടി ക്രിസ്തു ചെയ്ത പ്രാർത്ഥന സുപരിചിതമാണ്.”ഞാനോ നിന്റെ വിശ്വാസം പൊയ്പ്പോകാതിരിപ്പാൻ നിനക്കു വേണ്ടി അപേക്ഷിച്ചു; എന്നാൽ നീ ഒരു സമയം തിരിഞ്ഞുവന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക. അവൻ അവനോടു: കർത്താവേ ഞാൻ നിന്നോടുകൂടെ തടവിലാകുവാനും മരിക്കാനും ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു അവൻ: പത്രാസേ, നീ എന്നെ അറിയുന്നില്ല എന്നു മൂന്നുവട്ടം തള്ളിപ്പറയും മുമ്പേ ഇന്നു കോഴി കൂകുകയില്ല എന്നു ഞാൻ നിന്നോടു പറയുന്നു എന്നുപറഞ്ഞു.” (ലൂക്കൊ, 22:32-34). ക്രിസ്തുവിന്റെ അപേക്ഷ ദൈവം കൈക്കൊള്ളുകയും പതൊസിനെ ഉറപ്പിക്കുകയും ചെയ്തു. നമുക്കു വേണ്ടി അപേക്ഷിക്കുവാൻ ദൈവസന്നിധിയിൽ ഉള്ളത് നിത്യമഹാപുരോഹിതനാണ്. ക്രിസ്തു ആത്മാക്കളുടെ ഇടയനും അദ്ധ്യക്ഷനുമാണ്. തന്റെ ആടുകളെ വീഴ്ചകളിൽ നിന്നും സാത്താന്റെ കെണികളിൽ നിന്നും അവൻ വിടുവിക്കുന്നു. ദാവീദിനോടു ചേർന്ന് നമുക്കു ഏറ്റു പറയാം. “യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല.” (സങ്കീ, 23:1). “ഇടയനും ആടുകളുടെ ഉടമസ്ഥനുമല്ലാത്ത കൂലിക്കാരൻ ചെന്നായ് വരുന്നതു കണ്ടു ആടുകളെ വിട്ടു ഓടിക്കളയുന്നു; ചെന്നായ് അവയെ പിടിക്കയും ചിന്നിച്ചുകളകയും ചെയ്യുന്നു.” (യോഹ, 10:12). എന്നാൽ നല്ല ഇടയനായ ക്രിസ്തു താൻ ജീവൻകൊടുത്തു സമ്പാദിച്ച ആടുകളെ എങ്ങനെ ദുഷ്ടമൃഗങ്ങൾക്ക് ഏല്പിച്ചു കൊടുക്കും? തന്നിൽ വിശ്വസിക്കുന്ന ഒരു ദുർബ്ബല വിശ്വാസിയെങ്കിലും നശിച്ചുപോയാൽ താനെങ്ങനെ നല്ല ഇടയനായിരിക്കും?
11. പരിശുദ്ധാത്മാവിന്റെ ഉൾവാസം: രക്ഷയുടെ പൂർത്തീകരണത്തിന് പരിശുദ്ധാത്മാവിന്റെ സജീവപ്രവർത്തനം വിശ്വാസിയിലുണ്ട്. രക്ഷയുടെ ഭദ്രതയ്ക്ക് ഇത് ഒരു നിയാമക ഘടകമാണ്. “ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?” (1കൊരി, 6:19). പരിശുദ്ധാത്മാവിന്റെ ഉൾവാസം നിത്യമാണ്. അത് ക്ഷണികമോ കാലികമോ അല്ല. “എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും. ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്ക്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടുകൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.” (യോഹ, 14:16-17). നാമോരോരുത്തരും നമുക്കുള്ളവരല്ല; ദൈവത്തിനുള്ളവരെങ്കിൽ നമ്മെ സൂക്ഷിക്കാൻ ദൈവത്തിനു കഴിയില്ലേ?
12. പരിശുദ്ധാത്മ സ്നാനം: പുതിയനിയമോപദേശങ്ങളിൽ ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒന്നാണ് പരിശുദ്ധാത്മസ്നാനം. ഒരു വിശ്വാസിയെ ക്രിസ്തുവിനോടുള്ള സജീവബന്ധത്തിൽ ആക്കുന്നത് പരിശുദ്ധാത്മാവാണ്. ആത്മാവ് നൽകുന്ന വീണ്ടും ജനനത്തിലൂടെ ക്രിസ്തു വിശ്വാസിയിൽ വസിക്കുന്നു. ആത്മസ്നാനത്തിലൂടെ വിശ്വാസി ക്രിസ്തുവിൽ ആകുന്നു. ക്രിസ്തു ശിരസ്സായിരിക്കുന്ന ശരീരത്തിൽ ജീവനുള്ള അവയവങ്ങളായി വിശ്വാസികൾ ചേർക്കപ്പെടുന്നു. വികലമായ അവയവങ്ങളെക്കൊണ്ട് ക്രിസ്തുവിന്റെ മഹത്ത്വപൂർണ്ണമായ ശരീരം വികലമാകുകയോ പ്രസ്തുത ശരീരത്തിനു അംഗഭംഗം സംഭവിക്കുകയോ ഇല്ല. ഒടുക്കത്തെ ആദാം വീഴ്ച പറ്റാത്തവനാണ്. ഈ പുതുസൃഷ്ടിയിൽ ശിരസ്സ് ശരീരത്തിനു സമ്പൂർണ്ണ നില നൽകുന്നു. ക്രിസ്തു സ്വന്തരക്തത്താൽ കാന്തയെ വിലയ്ക്കു വാങ്ങിയിരിക്കുകയാണ്. “അവൻ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും കറ, ചുളുക്കം മുതലായതു ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കുതന്നെ തേജസ്സോടെ മുന്നിറുത്തേണ്ടതിന്നും തന്നെത്താൻ അവൾക്കുവേണ്ടി ഏല്പിച്ചുകൊടുത്തു.” (എഫെ, 5:26,27). അസംഖ്യം വിശ്വാസികൾ ഉൾക്കൊളളുന്ന സഭയാണ് ക്രിസ്തുവിന്റെ കാന്ത. വിശ്വാസികളുടെ ഈ ഗണത്തിൽ ഒരുഭാഗത്തിന് രക്ഷ നഷ്ടപ്പെടുകയാണെങ്കിൽ കാന്ത അപൂർണ്ണയും വികലയും ആയിരിക്കും. എങ്കിൽ ഈ കാന്തയെക്കുറിച്ച് കളങ്കമില്ലാത്തത് എന്നുപറയാൻ സാദ്ധ്യമല്ല. പിതാവിന്റെ ഇഷ്ടദാനമായി യേശുക്രിസ്തുവിന് ലഭിക്കുന്ന കാന്ത അംഗഭംഗം സംഭവിച്ചവളാകാൻ പാടില്ല. ആ ശരീരത്തിൽ നിന്നും ഒരംശം പോലും വിച്ഛിന്നമാകാവുന്നതുമല്ല. പരിശുദ്ധാത്മസ്നാനം രക്ഷയുടെ ഭദ്രതയ്ക്ക് ഉറപ്പാണ്. ക്രിസ്തുവിൻ്റെ കാന്തയായ അവൻ്റെ സഭയായ ശരീരത്തിൽനിന്ന് വിശ്വാസികൾ നഷ്ടപ്പെട്ടാൽ; ക്രിസ്തുവിൻ്റെ കാന്ത വികലാംഗയായി മാറില്ലേ?
13. പരിശുദ്ധാത്മ മുദ്ര: “അവനിൽ നിങ്ങൾക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങൾ കേൾക്കയും അവനിൽ വിശ്വസിക്കയും ചെയ്തിട്ടു, തന്റെ സ്വന്തജനത്തിന്റെ വീണ്ടെടുപ്പിനുവേണ്ടി തന്റെ മഹത്ത്വത്തിന്റെ പുകഴ്ചയ്ക്കായിട്ടു നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിന്റെ പരിശുദ്ധാത്മാവിനാൽ മുദയിട്ടിരിക്കുന്നു.” (എഫെ, 1:13,14). ദൈവം തന്റെ മുദ്ര തന്റെ മക്കളിൽ പതിപ്പിച്ചിരിക്കുകയാണ്. ഈ അടയാളം മാറ്റപ്പെടാവുന്നതല്ല. അഭിഷേകമായി നമ്മിൽ വസിക്കുന്ന പരിശുദ്ധാത്മാവ് തന്നെയാണ് ഈ മുദ്ര. ഈ മുദ്രയുടെ സാന്നിദ്ധ്യം ഒരു ഇടപാടിന്റെ പൂർത്തീകരണത്തെയും ദൈവത്തിന്റെ ഉടമസ്ഥാവകാശത്തെയും നിത്യഭദ്രതയെയും വ്യക്തമാക്കുന്നു. ആത്മാവ് മുദ്രയിടുന്നതിനെക്കുറിച്ച് മൂന്നു പരാമർശങ്ങൾ പുതിയനിയമത്തിലുണ്ട്. “ഞങ്ങളെ നിങ്ങളോടു കൂടെ ക്രിസ്തുവിൽ ഉറപ്പിക്കുന്നതും നമ്മെ അഭിഷേകം ചെയ്തതും ദൈവമല്ലോ. അവൻ നമ്മ മുദ്രയിട്ടും ആത്മാവു എന്ന് അച്ചാരം നമ്മുടെ ഹൃദയങ്ങളിൽ തന്നുമിരിക്കുന്നു.” (2കൊരി, 1:21,22). ഈ ഖണ്ഡത്തിലെ നാലുഭാഗങ്ങളും രക്ഷയുടെ ഭദ്രത വ്യക്തമാക്കുന്നവയാണ്. തേജസ്സിൽ നാം അനുഭവിക്കുവാൻ പോകുന്ന ദൈവികാനുഗ്രഹത്തിന്റെ ഒരു മുൻകാഴ്ചയാണ് പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യം ഹൃദയത്തിൽ നൽകുന്നതെന്ന് ഈ ഭാഗം വ്യക്തമാക്കുന്നു. മുദ്രയെക്കുറിച്ചു പറയുന്ന മറ്റു രണ്ടുഭാഗങ്ങളാണ് എഫെസ്യർ 1:13-14; 4:30 എന്നിവ. വീണ്ടെടുപ്പിൻ നാളിന്നായി വിശ്വാസി മുദ്രയിടപ്പെട്ടിരിക്കുന്നത് പരിശുദ്ധാത്മാവിനാലാണ്. (എഫെ, 4:30). ഇവിടെ വീണ്ടെടുപ്പ് ശരീരത്തിന്റെ തേജസ്കരണത്തെ ചൂണ്ടിക്കാണിക്കുന്നു. “ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു?” (റോമ, 8:23). നോഹയുടെ കാലത്തെ പ്രളയത്തിൽ പെട്ടകത്തിനകത്തു കടന്നവരെല്ലാം രക്ഷപ്പെട്ടു. അവരിൽ ആരും പുറത്തുവീണു നശിച്ചുപോകാതിരിക്കുമാറ് ദൈവം പെട്ടകത്തിന്റെ വാതിൽ പൂട്ടി. ദൈവമാണ് നമ്മുടെ രക്ഷയെ പരിശുദ്ധാത്മാവിനാൽ ഭദ്രമായി മുദ്രയിട്ടിരിക്കുന്നത്. വീണ്ടെടുപ്പുനാളിലേക്ക് മുദ്രയിട്ടിട്ട് കൈവിട്ടുകളയുന്നവനാണോ ദൈവം?
14. ആത്മമുദ്ര: “അവൻ നമ്മെ മുദ്രയിട്ടും ആത്മാവു എന്ന അച്ചാരം നമ്മുടെ ഹൃദയങ്ങളിൽ തന്നുമിരിക്കുന്നു.” (2കൊരി, 1:22). “ആത്മാവിനെ അച്ചാരമായി തന്നിരിക്കുന്ന ദൈവം” (2കൊരി, 5:5); നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു.” (എഫെ, 14). ഒരു കരാർ ഉറപ്പിക്കുമ്പോൾ മുൻകൂറായി നല്കുന്ന തുകയ്ക്കാണ് അച്ചാരമെന്ന് പറയുന്നത്. ഭാവിയിൽ ലഭിക്കാനുള്ള നിത്യരക്ഷയുടെ ഉറപ്പാണ് അച്ചാരം. കരാറുപ്പിച്ചിട്ട് പിൻമാറിക്കളയുന്നവനാണോ ദൈവം?
15. ദൈവവചനത്തിൻ്റെ നിസ്തുലത: മനുഷ്യന്റെ സ്വാഭാവിക ജനനം കെടുന്ന ബീജത്താലും വീണ്ടുംജനനം കെടാത്ത ബീജത്താലുമാണ്. ദൈവവചനത്തെക്കുറിച്ച് കെടാത്ത ബീജം എന്നാണ് പറഞ്ഞിട്ടുള്ളത്. കെടാത്ത ബീജത്താൽ സംഭൂതമായ രക്ഷ എന്നും നിലനിൽക്കുന്നതാണ്. “കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനിൽക്കുന്നതുമായ ദൈവവചനത്താൽ തന്നെ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.” (1പത്രൊ, 1:23). മാത്രമല്ല നമ്മുടെ അവകാശമായ രക്ഷ സ്വർഗ്ഗത്തിൽ സൂക്ഷിച്ചിരിക്കയാണ്. “അന്ത്യകാലത്തിൽ വെളിപ്പെടുവാൻ ഒരുങ്ങിയിരിക്കുന്ന രക്ഷെക്കു വിശ്വാസത്താൽ ദൈവശക്തിയിൽ കാക്കപ്പെടുന്ന നിങ്ങൾക്കു വേണ്ടി സ്വർഗ്ഗത്തിൽ സൂക്ഷിച്ചിരിക്കുന്നതും ക്ഷയം, മാലിന്യം, വാട്ടം, എന്നിവ ഇല്ലാത്തതുമായ അവകാശത്തിന്നായി തന്നേ വീണ്ടും ജനിപ്പിച്ചിരിക്കുന്നു.” (1പത്രൊ, 1:4,5). ബൈബിളിൻ്റെ ഈ നിരുപമത്വമാണ് എല്ലാ മതഗ്രന്ഥങ്ങളിൽ നിന്നും ബൈബിളിനെ വ്യത്യസ്തമാക്കുന്നത്. ക്രിസ്തുവിൻ്റെ രക്തത്താൽ കഴുകപ്പെട്ട ഒരു വിശ്വാസിയുടെയെങ്കിലും രക്ഷ നഷ്ടപ്പെട്ടാൽ ബൈബിളിൻ്റെ പ്രഭയും നഷ്ടമാകില്ലേ?
രക്ഷ എന്താണെന്ന് അറിയാത്തതുകൊണ്ടാണ് അത് നഷ്ടപ്പെടുമെന്ന് പലരും കരുതുന്നത്. “പാപത്തിൻ്റെ ശക്തിയിൽനിന്നും അധികാരത്തിൽനിന്നും ക്രിസ്തുവിന്റെ ക്രൂശുമരണം മുഖാന്തരമുള്ള വിടുതലാണ് രക്ഷ.” കാലക്രമേണ ക്ഷയിച്ചുപോകാനും, വിശ്വാസജീവിതത്തിൻ്റെ പരിശോധനകളിൽ വാടിപ്പോകാനും, ലോകത്തിൻ്റെ മാലിന്യത്താൽ കളങ്കപ്പെടുവാനും ദൈവം തൻ്റെ രക്ഷയെ ഭൂമിയിൽ ഉപേക്ഷിച്ചിരിക്കയില്ല; സ്വർഗ്ഗത്തിൽ സൂക്ഷിച്ചിരിക്കയാണ്. രക്ഷിക്കപ്പെട്ട വ്യക്തിയുടെ പൗരത്വവും മാത്രമല്ല; വിശ്വാസിയേയും ക്രിസ്തുവിനോടുകൂടെ ഉയിർപ്പിച്ച് സ്വർഗ്ഗത്തിൽ ഇരുത്തിയിരിക്കുകയാണ്. പിന്നെങ്ങനെ രക്ഷ നഷ്ടപ്പെടും???…
എതിർവാദങ്ങൾ: രക്ഷ നഷ്ടപ്പെടുമെന്നു വാദിക്കുന്നവർ ചൂണ്ടിക്കാണിക്കുന്ന ചില ന്യായങ്ങളുണ്ട് അവ:
1. രക്ഷയുടെ ഭദ്രത മനുഷ്യന്റെ സ്വാതന്ത്ര്യം ഹനിക്കുന്നു: രക്ഷയുടെ ഭദ്രത മനുഷ്യനെ ഒരു യന്ത്രമാക്കി മാറ്റുകയും തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്യം അവന് നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. നൈതികവും ആത്മികവുമായ കാര്യങ്ങളിൽ വിരുദ്ധമായത് തിരഞ്ഞെടുക്കുവാനും സ്വീകരിക്കുവാനും ഉള്ള കഴിവാണ് യഥാർത്ഥസ്വാതന്ത്ര്യം എന്ന വ്യാജധാരണയാണ് ഈ വാദത്തിനു പിന്നിൽ. തെറ്റും ശരിയും തമ്മിൽ തിരഞ്ഞെടുക്കുകയല്ല, ശരിയായതു തിരഞ്ഞെടുക്കുകയാണ് സ്വാതന്ത്ര്യം. വിശുദ്ധിയുടെ നേർക്കുള്ള സ്വയം നിർണ്ണയമാണ് യഥാർത്ഥ സ്വാത്രന്ത്യം. ദൈവം സർവ്വസ്വത്രന്തനാണ്. എന്നാൽ ദൈവത്തിന് തെറ്റ് തിരഞ്ഞെടുക്കുവാനോ ചെയ്യുവാനോ കഴികയില്ല. വിശ്വാസിയിലെ പുതുജീവൻ ശരിയായതിനെ സ്വീകരിക്കുവാനും തെറ്റായതിനെ നിരസിക്കുവാനും മനുഷ്യന് സ്വാതന്ത്ര്യം നൽകുന്നു. ദൈവകൃപയാൽ ഈ സ്വാതന്ത്യത്തിലാണ് വിശ്വാസി നില്ക്കുന്നത്. “ഇച്ഛിക്ക എന്നതും പ്രവർത്തിക്ക എന്നതും നിങ്ങളിൽ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ടു പ്രവർത്തിക്കുന്നത്.” (ഫിലി, 2:13).
2. ഭദ്രത അലസതയിലേക്കും അസാന്മാർഗ്ഗികതയിലേക്കും നയിക്കുന്നു: ഒരു വിശ്വാസിയുടെ രക്ഷ ഭദ്രമാണെങ്കിൽ വിശുദ്ധിയിൽ ജീവിക്കേണ്ടതിന്റെ ആവശ്യം എന്താണ്? ഇഷ്ടാനുരൂപമായ ഭോഗങ്ങൾ അനുഭവിച്ച് ഭൂമിയിൽ കഴിഞ്ഞുകൂടിയാൽ പോരേ? വീണ്ടും ജനനത്തിന്റെ സ്വഭാവത്തെക്കുറിച്ച് മനസ്സിലാക്കാത്തതാണ് ഈ ദുരുപദേശത്തിനു കാരണം. പുതുജനനത്തിലൂടെ ആന്തരികവൃത്തി പൂർണ്ണമായും പരിവർത്തനവിധേയമായിത്തീരുയും നിത്യജീവൻ പ്രാപിക്കുകയും ചെയ്യുന്നു. അതൊരിക്കലും ഭോഗങ്ങളെ കാംക്ഷിക്കുകയില്ല; ഒരു പുതിയജീവിതം ചെയ്യുവാനേ ആഗ്രഹിക്കൂ. “ദൈവത്തിൽ നിന്നു ജനിച്ചവൻ ആരും പാപം ചെയ്യുന്നില്ല; അവന്റെ വിത്തു അവനിൽ വസിക്കുന്നു; ദൈവത്തിൽനിന്നു ജനിച്ചതിനാൽ അവന്നു പാപം ചെയ്യാൻ കഴികയുമില്ല.” (1യോഹ, 3:9). വിശ്വാസി പാപത്തിൽ വീഴാം. എന്നാൽ പാപം ചെയ്യുക അവന്റെ ശീലമല്ല. പാപത്തിൽ തുടരുന്ന വ്യക്തി രക്ഷിക്കപ്പെട്ടവനല്ല. (റോമ, 6:1; 2തിമൊ, 2:19; 2പത്രൊ, 1:9,10; 1യോഹ, 2:3, 29; 3:14; 5:4). വീണ്ടുംജനനം പ്രാപിച്ച വ്യക്തി തനിക്കു ലഭിച്ച സന്തോഷത്തിൽ ദൈവത്തിന് നന്ദി പറയുകയും ആ സന്തോഷത്തെ ദൈവിക ശുശ്രൂഷയിലൂടെ പ്രകടമാക്കുകയും കർത്താവിനെ പിൻതുടരുകയും ചെയ്യും. ഫലത്താലാണ് വൃക്ഷത്തെ തിരിച്ചറിയുന്നത്. (യോഹ, 10:27; മത്താ, 7:16).
3. ഭദ്രത തിരുവെഴുത്തുകൾക്കു വിരുദ്ധമാണ്: തിരുവെഴുത്തുകളിലെ ചില വ്യക്തികൾ രക്ഷിക്കപ്പെടുകയും ഒടുവിൽ നശിക്കുകയും ചെയ്തതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പഴയ നിയമത്തിൽ ശൗലും പുതിയനിയമത്തിൽ ഇസ്കരിയോത്താ യുദയും ഉദാഹരണങ്ങളാണ്. ചിലർ പുറമെ രക്ഷിക്കപ്പെട്ടവരാണ്; എന്നാൽ അകമെ യാതൊരു പരിവർത്തനവും സംഭവിക്കാത്തവരാണ്. ചിലർ നല്ല പ്രവൃത്തികൾ ചെയ്തു എന്നുവരാം. ക്രിസ്തുവിന്റെ വാക്കുകൾ ഇതു വ്യക്തമാക്കുന്നു. “എന്നോടു കർത്താവേ, എന്നുപറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നത്. കർത്താവേ, കർത്താവേ നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും. അന്നു ഞാൻ അവരോടു : ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുവിൻ എന്നു തീർത്തുപറയും.” (മത്താ, 7:21-23). പുതുജനനം പ്രാപിച്ചവർ ദൈവജനത്തോടൊപ്പം തുടരും. അല്ലാത്തവർ ദൈവജനത്തെ വിട്ടുപോകും. “അവർ നമ്മുടെ ഇടയിൽ നിന്നു പുറപ്പെട്ടു എങ്കിലും നമുക്കുള്ളവർ ആയിരുന്നില്ല; അവർ നമുക്കുള്ളവർ ആയിരുന്നു എങ്കിൽ നമ്മോടുകൂടെ പാർക്കുമായിരുന്നു; എന്നാൽ എല്ലാവരും നമുക്കുള്ളവരല്ല എന്നു പ്രസിദ്ധമാകേണ്ടതല്ലോ.” (1യോഹ, 2:19). യൂദാ രക്ഷിക്കപ്പെട്ടിരുന്നില്ലെന്ന് ക്രിസ്തുവിന്റെ വാക്കുകൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. യേശു പത്രൊസിനോടു: “കുളിച്ചിരിക്കുന്നവന്നു കാൽ അല്ലാതെ കഴുകുവാൻ ആവശ്യം ഇല്ല; അവൻ മുഴുവനും ശുദ്ധിയുള്ളവൻ; നിങ്ങൾ ശുദ്ധിയുള്ളവർ ആകുന്നു; എല്ലാവരും അല്ലതാനും എന്നു പറഞ്ഞു.” (യോഹ, 13:10).
“പാപംചെയ്താൽ രക്ഷ നഷ്ടപ്പെടും; പാപം ചെയ്തില്ലെങ്കിൽ രക്ഷ നഷ്ടപ്പെടില്ല” ഇതാണ് ചിലരുടെ ആപ്തവാക്യം. ക്രിസ്തുവെന്ന ദൈവകുഞ്ഞാട് പാപമറിയാത്ത തന്റെ ശരീരത്തിൽ പാപികളായ മനുഷ്യരുടെ പാപമെല്ലാം ചുമന്നുകൊണ്ട് ക്രൂശിൽ മരിച്ചൊരുക്കിയ രക്ഷ പിന്നെയും പാപവുമായി ബന്ധിക്കപ്പെട്ടു കിടക്കുകയാണോ? ക്രിസ്തു തന്റെ രക്തംകൊണ്ടു സംമ്പാദിച്ച ഇത്രവലിയ രക്ഷയ്ക്ക് പാപത്തെ വിട്ടു സ്വതന്ത്രമായി നിലനില്ക്കാൻ കഴിയില്ലെന്നാണ് ഇക്കൂട്ടരുടെ ധാരണ. വേദപുസ്തകത്തിൽ രക്ഷ ഭദ്രമല്ലെന്നു തോന്നുന്ന ചില വാക്യങ്ങളുണ്ട്: (മത്താ, 10:22, 24:13; മർക്കൊ, 3:29; ലൂക്കൊ, 9:62; എബ്രാ, 6:4-8; 10:26; 1യോഹ, 5:16). അതൊക്കെ വിശ്വാസികൾക്ക് വിശുദ്ധജീവിതത്തിനുള്ള ഭയനിർദ്ദേശങ്ങൾ മാത്രമാണ്. വചനത്തെ വചനംകൊണ്ട് വ്യാഖ്യാനിക്കണമെന്ന സാമാന്യതത്വപ്രകാരം നോക്കിയാൽ മേൽപ്പറഞ്ഞ വേദഭാഗങ്ങൾ മറ്റനവധി വചനങ്ങൾക്ക് എതിരുമാണ്. ഉദാഹരണത്തിന്: മത്താ, 28:19; യോഹ, 1:12,13; 3:15; 3:16; 3:36; 4:14; 5:24; 6:37; 6:40; 6:47; 6:54; 8:51; 8:52; 10:28; 10:29; 14:16; 14:26; 17:2,3; റോമ, 5:21; 6:22; 6:23; 8:2, 8:26, 8:27, 8:30; 33-36; എഫെ, 2:5-8; ഫിലി, 3:20; 2തിമൊ, 1:12; എബ്രാ, 7:25; 8:12; 13:5; 1പത്രൊ, 1:4, 1:23; 1യോഹ, 2:1, 2:25; 5:11; യൂദാ, 24 തുടങ്ങിയവ. രക്ഷ നഷ്ടപ്പെടുമെന്ന് അലറിവിളിക്കുന്നവർ ഉപദേശത്തിന്റെ ഓരോ കാറ്റിനാൽ അലഞ്ഞുഴലുന്ന ശിശുക്കൾ മാത്രമാണ്. രക്ഷിക്കപ്പെട്ടവരെന്ന വ്യാജേന ദൈവസഭയിൽ നുഴഞ്ഞുകയറി ചില നന്മകളൊക്കെ അനുഭവിച്ചശേഷം യൂദായെപ്പോലെ നശിച്ചുപോകുന്നവരെ നോക്കിയല്ല ദൈവമക്കൾ വിശ്വാസജീവിതം നയിക്കേണ്ടത്; വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കി വിശ്വാസജീവിതത്തിൽ മുന്നേറാൻ ഓരോരുത്തരേയും ദൈവം സഹായിക്കട്ടെ!
“വീഴാതവണ്ണം നമ്മെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു, നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ. (യൂദാ, 1:24).