രക്തംകൊണ്ടെഴുതിയ പുതിയനിയമം
ഭൂമുഖത്തുള്ള എല്ലാ ക്രൈസ്തവ സഭകളും തങ്ങളുടെ ആരാധനകളിൽ കർത്താവായ യേശുക്രിസ്തുവിന്റെ തിരുശരീരരക്തങ്ങളുടെ സ്മാരകമായ അപ്പവീഞ്ഞുകൾ ഭക്ഷിച്ചു പാനം ചെയ്യുന്നവരാണ്. കുർബ്ബാന, തിരുവത്താഴം, അപ്പം നുറുക്കൽ തുടങ്ങിയ പേരുകളിൽ ഇത് അറിയപ്പെടുന്നു. ഇതിനെക്കുറിച്ചുള്ള വിശ്വാസപ്രമാണങ്ങളിലും വ്യാഖ്യാനങ്ങളിലും വ്യത്യസ്തത കണ്ടേക്കാമെങ്കിലും ലോകത്തിലെ ഒരു മതസ്ഥാപകനും പറയാത്ത, ചെയ്യാത്ത ഇനിയൊരിക്കലും ചെയ്യുവാൻ കഴിയാത്ത അനുപമമായ സ്നേഹത്തിന്റെ പ്രതീകമായ അതിമഹത്തായ ത്യാഗമാണ് കർത്താവായ യേശുക്രിസ്തു തന്റെ ജീവാർപ്പണത്തിലൂടെ ചെയ്തത്. പഴയനിയമത്തിൽ, ബലി അർപ്പിക്കപ്പെട്ട കുഞ്ഞാടിന്റെ രക്തത്താലാണ് ദൈവത്താൽ വേർതിരിക്കപ്പെട്ട യെഹൂദാജനം പാപമോചനം നേടിയതെങ്കിൽ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായ, ദൈവത്തിന്റെ ഓമനപ്പുത്രനായ യേശുക്രിസ്തു മുഴുവൻ മനുഷ്യവർഗ്ഗത്തിൻ്റെയും പാപവിമോചനത്തിനായി സ്വന്തം രക്തം ചിന്തി പുതിയ നിയമം സ്ഥാപിച്ചു. “ഇത് നിങ്ങൾക്കുവേണ്ടി നൽകുന്ന എന്റെ ശരീരം” എന്ന് കല്പ്പിച്ച കർത്താവ്, “തന്റെ ഓർമ്മയ്ക്കായി” ഇതു ചെയ്യണമെന്ന് ശിഷ്യന്മാരോടു കല്പിച്ചു. കർത്താവ് സ്ഥാപിച്ച ഈ പുതിയനിയമം തന്റെ ഓർമ്മയ്ക്കായി തന്റെ അനുഗാമികൾ കൊണ്ടാടിവരുന്നു. എന്നാൽ ഈ പുതിയനിയമത്തിന്റെ അന്തസ്സത്തയായ സ്നേഹവും സഹനവും ത്യാഗവം പ്രാവർത്തികമാക്കാതെ ആഡംബരനിബിഡമായി “ഓർമ്മയ്ക്കായി ചെയ്യുന്ന” ക്രിയകൾക്കൊന്നിനും കർത്താവിന്റെ അനുഗ്രഹങ്ങൾ തേടുവാനാ നേടുവാനോ കഴിയുകയില്ലെന്ന് ആഘോഷിക്കുന്നവരോ അനുഭവിക്കുന്നവരോ ചിന്തിക്കാറില്ല. എന്നാൽ, മണിക്കുറുകൾക്കകം തന്നെ തള്ളിപ്പറയാവാൻ പോകുന്ന പത്രൊസിനും, തന്നെ വിട്ട് ഓടിപ്പോകുവാൻ പോകുന്ന മറ്റു ശിഷ്യന്മാർക്കും തന്റെ ശരീരരക്തങ്ങളുടെ സ്മാരകമായ അപ്പവും വീഞ്ഞും കർത്താവ് നൽകിയത്, അവർ അപ്രകാരമെല്ലാം ചെയ്യുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ ആയിരുന്നു. ഇപ്രകാരം ശത്രുമിത്ര ഭേദമില്ലാത്തതും, ആത്മാർത്ഥവും നിസ്വാർത്ഥവും, എല്ലാം സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നതുമായ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പരമോന്നത പ്രതിഫലനമാണ് തന്റെ സ്വന്തം രക്തംകൊണ്ടഴുതിയ പുതിയനിയമത്തിലൂടെ കർത്താവ് ലോകത്തിനു വെളിപ്പെടുത്തിയത്. ഈ പരിപാവനവും പരിശുദ്ധവുമായ പുതിയനിയമ ബലിയുടെ ഓർമ്മ പുതുക്കുമ്പോഴെല്ലാം യേശുവിൻ്റെ സ്നേഹവും സഹനവും ക്ഷമയും ത്യാഗവും നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുവാൻ കഴിയുന്നില്ലെങ്കിൽ, ഈ ഓർമ്മ പുതുക്കൽ കൊണ്ട് യാതൊരു അനുഗ്രഹവും കർത്താവിൽനിന്നു പ്രാപിക്കുവാൻ നമുക്കു കഴിയുകയില്ല.