യോബേൽ സംവത്സരം
യിസ്രായേലിന്റെ സപ്തകോത്സവങ്ങളിൽ ഒന്നാണ് യോബേൽ സംവത്സരം അഥവാ ജൂബിലി വർഷം. യോവേൽ എന്ന എബ്രായപത്തിനു ആട്ടിൻകൊമ്പ്, കാഹളം എന്നീ അർത്ഥങ്ങളുണ്ട്. കാഹളം ധ്വനിപ്പിച്ച് വിമോചനം പ്രഖ്യാപിക്കുകയാണ് ഉത്സവത്തിലെ പ്രധാന ഘടകം. സത്യവേദപുസ്തകത്തിൽ എബ്രായപദത്തെ ലിപ്യന്തരണം ചെയ്തു ചേർത്തു. മറ്റു പരിഭാഷകളിൽ ഇംഗ്ലീഷ് പദത്തെ (Jubilee) ജൂബിലി വർഷം എന്നു ലിപ്യന്തരണം ചെയ്തു. യോവേൽ എന്ന എബ്രായപദം ഗ്രീക്കു ലത്തീൻ ഫ്രഞ്ചു തുടങ്ങിയ ഭാഷകളുടെ പടികയറി ഇറങ്ങി ഇംഗ്ലീഷിലെത്തിയപ്പോൾ ജൂബിലിയായി. ഏതിന്റെയും അമ്പതാം വർഷം ആഘോഷിക്കുന്നതിനു ജൂബിലി എന്നു പറയും.
യോബേൽ സംവത്സരത്തിനു (ലേവ്യ, 25:10) വിടുതലാണ്ട് (യെഹ, 46:17) എന്നും പേരുണ്ട്. ശബ്ബത്തു വർഷവുമായി യോബേൽ സംവത്സരത്തിനുള്ള ബന്ധവും അതാചരിക്കേണ്ട പൊതു നിർദ്ദേശങ്ങളും ലേവ്യർ 25:8-16, 23-55-ൽ കാണാം. യോബേൽ സംവത്സരത്തിനും നിലത്തിന്റെ അവകാശത്തിനും തമ്മിലുള്ള ബന്ധം ലേവ്യർ 27:16-25-ൽ പ്രതിപാദിച്ചിട്ടുണ്ട്. ആവർത്തന പുസ്തകത്തിൽ യോബേൽ സംവത്സരത്തെക്കുറിച്ചു പറഞ്ഞിട്ടില്ല. ഗ്രന്ഥപഞ്ചകത്തിൽ ഇതിനെക്കുറിച്ചുള്ള അന്യപരാമർശം സംഖ്യാ 36:4-ൽ മാത്രമാണ്. സപ്തശബ്ബത്തു വർഷം അതായതു് 49 വർഷം കഴിയുമ്പോൾ ദേശം മുഴുവനും കാഹളം ധ്വനിപ്പിച്ചു അമ്പതാം വർഷം യോബേൽ വർഷമായി വിശുദ്ധീകരിക്കുകയും ആഘോഷിക്കുകയും ചെയ്യും. ചിലർ കരുതുന്നതുപോലെ 49-ാം വർഷമല്ല ഇത് ആഘോഷിക്കുന്നത്. അമ്പതാം വർഷമാണ് യോബേൽ സംവത്സരം എന്നു ലേവ്യർ 25:10 മുതലുള്ള ഭാഗത്തു വ്യക്തമായി പറഞ്ഞിട്ടുണ്ട്.
ആചരണം
യിസ്രായേല്യർക്കു വാഗ്ദത്തഭൂമി കൈവശമായി 49 വർഷം അതിൽ കൃഷിചെയ്തു കഴിയുമ്പോൾ യോബേൽ സംവത്സരം ആഘോഷിക്കേണ്ട കടമയുണ്ട്. ഏഴു വർഷം ദേശം കീഴടക്കാനും ഏഴുവർഷം ദേശം വിഭജിച്ചു നല്കുവാനും വേണ്ടിവന്നു. അതിനാൽ യെഹൂദന്മാർ കനാനിൽ വന്നതിനുശേഷം ആദ്യത്തെ ശബ്ബത്ത് വർഷം 21-ാം വർഷവും ആദ്യത്തെ യോബേൽ വർഷം 64-ാം വർഷവും ആയി എന്നു പുരാതന തൽമൂദു പാരമ്പര്യം പറയുന്നു. അതു ശരിയുമാണ്. ദൈവത്തിന്റെ കൃപാസാന്നിദ്ധ്യം തന്റെ ജനത്തോടു യോബേൽ സംവത്സരത്തിൽ പ്രഖ്യാപിക്കുന്നത് കാഹളനാദത്തോടെയാണ്. ഈ ഉത്സവത്തിന്റെ പൊതുവായ ആചരണത്തെക്കുറിച്ചുള്ള ഒരു പ്രത്യേക വിവരണം ബൈബിളിൽ ഇല്ലാത്തതുകൊണ്ടു ജൂബിലി നിയമം എപ്പോഴെങ്കിലും നടപ്പിലായിരുന്നുവോ എന്നു സംശയിക്കുന്നവരുണ്ട്. യോബേൽസംവത്സരം ആചരിച്ചിരുന്നുവെന്നതിന് അനുകൂലമായി മൂന്നു തെളിവുകൾ ചൂണ്ടിക്കാണിക്കാവുന്നതണ്. ഒന്ന്; മറ്റുത്സവങ്ങൾ ആചരിക്കുന്നതുകൊണ്ടു ഇതും ആചരിച്ചിരുന്നിരിക്കണം. രണ്ട്; വസ്തുവകകൾ കൈമാറാൻ പാടില്ല എന്ന നിയമം എബ്രായരുടെ ഇടയിൽ നിലവിലിരുന്നു. (സംഖ്യാ, 36:4,6,7, യെഹെ, 46:17). മൂന്ന്; എബായ പാരമ്പര്യത്തിന്റെ സാക്ഷ്യം.
പ്രത്യേകതകൾ
യോബേൽ സംവത്സരത്തിനു മറ്റു സംവത്സരങ്ങളിൽ നിന്നും മൂന്നു പ്രത്യേകതകളുണ്ട്. ഒന്ന്; നിലത്തിനു വിശ്രമം: വിതയ്ക്കാനും കൊയ്യാനും, വള്ളിത്തല മുറിക്കാത്ത മുന്തിരിവള്ളിയുടെ പഴം പറിക്കാനും പാടില്ല. (ലേവ്യ, 25:11). അങ്ങനെ ഭൂമി വിശുദ്ധമായ വിശ്രമം, അനുഭവിക്കുകയും മനുഷ്യർ ജോലിയിൽ നിന്നു വിശ്രമിക്കുകയും ചെയ്യും. ഈ അനുഗ്രഹിക്കപ്പെട്ട വിശ്രമത്തിൽ 6-ാം വർഷം യഹോവ നല്കുന്ന അധിക അളവിന്റെ ഫലം കൊണ്ടു ഉപജീവിക്കും. (ലേവ്യ, 25:21). രണ്ട്; അവകാശത്തിലേക്കു മടങ്ങിപ്പോകൽ: (ലേവ്യ, 25:10-34, 27:16-24). വാഗ്ദത്ത ഭൂമി യിസ്രായേല്യർക്കു ചീട്ടിട്ടു വിഭാഗിച്ചു കൊടുക്കണമെന്നും അതു പൂർണ്ണമായി കൈമാറ്റം ചെയ്യപ്പെടാനാവാത്തത് ആയിരിക്കണമെന്നും മോശയുടെ നിയമം അനുശാസിക്കുന്നു. അതിനാൽ ഗ്രാമങ്ങളിലോ മതിലില്ലാത്ത പട്ടണങ്ങളിലോ ഉള്ള നിലം അതിന്റെ ഉടമസ്ഥൻ ദാരിദ്ര്യം മൂലം വില്ക്കുകയും എന്നാൽ അതു വീണ്ടെടുക്കപ്പെടാതിരിക്കുകയും ചെയ്താൽ അതു അതിന്റെ യഥാർത്ഥ ഉടമസ്ഥനോ നിയമപരമായ അവകാശിക്കോ യോബേൽ വർഷത്തിൽ മടക്കിക്കൊടുക്കണം. മതിലുള്ള പട്ടണത്തിലെ വീടു ഒരു വർഷത്തിനകം വീണ്ടെടുക്കാതിരുന്നാൽ വാങ്ങിയ ആളിന്നായിരിക്കും. യോബേൽ സംവത്സരത്തിൽ അതു ഒഴിഞ്ഞു കൊടുക്കണ്ട. (ലേവ്യ, 25:29-30). നിലം ഉടമസ്ഥൻ വീണ്ടെടുക്കാതെ മറ്റൊരാളിനു വിറ്റാൽ അതു പിന്നെ വീണ്ടെടുത്തുകൂടാ; ആ നിലം പുരോഹിതനു കൊടുക്കണം. ലേവ്യ, 27:17-21). മൂന്ന്; യിസായേല്യരുടെ ദാസ്യമോചനം: ദാരിദ്ര്യംനിമിത്തം തന്നെത്താൻ വിറ്റ യിസായേല്യനെ അവനോ അവന്റെ ചാർച്ചക്കാർക്കോ വീണ്ടെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ യോബേൽ സംവത്സരത്തിൽ അവനും കുഞ്ഞുങ്ങൾക്കും സ്വതന്ത്രരായിപ്പോകാം. (ലേവ്യ, 25:39-55). എല്ലാവിധത്തിലുള്ള കടക്കാർക്കും, കടക്കാരുടെ ഭൂസ്വത്തു തിരിച്ചുകൊടുക്കുന്നതിൽ നിന്നും ജൂബിലി വർഷത്തിൽ എല്ലാ കടങ്ങളും ഇളച്ചുകൊടുക്കുമെന്നു മനസ്സിലാക്കാം. യോബേൽ സംവത്സരം സ്വാതന്ത്യത്തിന്റെയും, കരുണയുടെയും, അടിമകളുടെ വീണ്ടെടുപ്പിന്റെയും, ദരിദ്രന്മാരുടെ വിടുതലിന്റെയും ജോലിയിൽ നിന്നുള്ള സ്വാതന്ത്ര്യത്തിന്റെയും വർഷമാണ്. ഈ വർഷത്തിൽ എല്ലാ പീഡനങ്ങളും അവസാനിപ്പിച്ചു ഉടമ്പടി ചെയ്ത ബദ്ധജനം തങ്ങളുടെ വീണ്ടെടുപ്പുകാരനെ കർത്താവിൽ കാണണം. കർത്താവാണു അവനെ കുടുംബത്തിലേക്കും അവകാശത്തിലേക്കും മടക്കിക്കൊണ്ടുവന്നത്.