യേശുവിൻ്റെ ശിഷ്യരാകാനുള്ള വ്യവസ്ഥ
പേരുകൾകൊണ്ടും സഭകളുടെ പെരുപ്പംകൊണ്ടും യേശുവിന്റെ അനുയായികളെ ലോകത്തിനു മനസ്സിലാക്കുവാൻ കഴിയാതിരുന്ന ഒരു കാലഘട്ടത്തിൽ, യേശുവിൽ വിശ്വസിക്കുകയും യേശുവിനുവേണ്ടി ജീവിക്കുകയും ചെയ്തിരുന്നവരെ മറ്റുള്ളവർ മനസ്സിലാക്കിയിരുന്നത്; “നിങ്ങൾ അന്യോന്യം സ്നേഹിക്കണം എന്ന ഒരു പുതിയ കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും അന്യോന്യം സ്നേഹിക്കണം എന്നുതന്നെ” (യോഹ, 13:34) എന്ന യേശുവിന്റെ പുതിയ കല്പന അവരുടെ ജീവിതത്തിൽ പ്രാവർത്തികമാക്കിയതുകൊണ്ടാണ്. തന്റെ ശിഷ്യന്മാർ തന്നെ സ്നേഹിക്കണമെന്നോ മറ്റുള്ളവരെ സ്നേഹിക്കണമെന്നോ അല്ല യേശു ആവശ്യപ്പെടുന്നത്. പിന്നെയോ അവർ പരസ്പരം സ്നേഹിക്കണം എന്നാണ് യേശു അവർക്കു നൽകിയ പുതിയ കല്പന. ഒരു രാത്രി മുഴുവൻ പ്രാർത്ഥിച്ചശേഷം (ലൂക്കൊ, 6:12,13) താൻ തിരഞ്ഞെടുത്ത 12 ശിഷ്യന്മാരുടെ ഇടയിൽ താൻ അവരോടുകൂടെ ഉണ്ടായിരുന്നിട്ടും തങ്ങളിൽ ആരാണ് വലിയവൻ (മർക്കൊ, 9:34) എന്ന വാഗ്വാദം ഉണ്ടായി. അതോടൊപ്പം യേശു മഹത്ത്വം പ്രാപിക്കുമ്പോൾ സഹോദരങ്ങളായ തങ്ങളെ ഇരുവരെയും യേശുവിന്റെ ഇടത്തും വലത്തും ഇരുത്തണമെന്ന് സെബദിമക്കളായ യാക്കോബും യോഹന്നാനും വ്യക്തിപരമായും അവനോടു അപേക്ഷിച്ചു. (മർക്കൊ, 10:35-38). തന്റെ ശിഷ്യന്മാർക്ക്, നിസ്വാർത്ഥമായ സ്നേഹാദരവുകൾ പരസ്പരം ഉണ്ടായിരുന്നുവെങ്കിൽ അവരിൽ ആരാണ് വലിയവൻ എന്നുള്ള ചിന്തയും, സ്ഥാനമാനങ്ങൾക്കായുള്ള അന്തർദാഹവും ഉണ്ടാകുമായിരുന്നില്ലെന്ന് അവരെ മനസ്സിലാക്കുവാനാണ് പരസ്പരസ്നേഹത്തെക്കുറിച്ചുള്ള പുതിയ കല്പന തന്റെ ശിഷ്യന്മാർക്ക് യേശു നൽകിയത്. മാത്രമല്ല, “നിങ്ങൾക്കു പരസ്പരം സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാരാകുന്നുവെന്ന് എല്ലാവരും അറിയും” (യോഹ, 13:35) എന്നു കല്പിച്ച കർത്താവ്, തന്റെ അനുയായികളിൽ പരസ്പരമുണ്ടാകേണ്ട സ്നേഹത്തിന്റെ അഗാധത ചൂണ്ടിക്കാണിക്കുന്നു. തന്റെ ശിഷ്യന്മാരുടെ കാലുകൾ കഴുകി സ്നേഹത്തിന്റെ മുഖമുദ്രകളായ എളിമയുടെയും സൗമ്യതയുടെയും താഴ്മയുടെയും മാതൃക കാട്ടിയ കർത്താവ് അത് അവരുടെ ജീവിതങ്ങളിലുണ്ടാകുവാൻ അവരും പരസ്പരം കാലുകൾ കഴുകേണ്ടതാകുന്നുവെന്നു കല്പ്പിക്കുന്നു. (യോഹ, 13:12-15). ക്രിസ്ത്യാനികളെന്ന് അഥവാ ക്രിസ്തുവിനെ വഹിക്കുന്നവരെന്ന് വിളിക്കപ്പെടുന്നവർക്ക് പരസ്പരം സ്നേഹിക്കുവാൻ കഴിയുന്നില്ലെങ്കിൽ “അവർ യേശുവിന്റെ ശിഷ്യന്മാർ” എന്ന പദവിക്കു യോഗ്യരാകുകയില്ല. പേരുകൊണ്ടും കുത്സിത മാർഗ്ഗങ്ങളിലൂടെ വെട്ടിപ്പിടിച്ച സ്ഥാനമാനങ്ങൾകൊണ്ടും, ക്രിസ്തുവിന്റെ ശിഷ്യന്മാരെന്ന് പെരുമ്പറയടിച്ച് പരസ്പര സ്നേഹമില്ലാതെ മുപ്പതോ നാല്പതോ വർഷം ഈ ഭൂമിയിൽ വാണണരുളിയശേഷം ഭൂതലം വിട്ടുപോകുന്നവർക്ക് യേശുവിന്റെ സന്നിധിയിൽ അവന്റെ ശിഷ്യന്മാരായി ചെല്ലുവാൻ കഴിയുമോ? സ്വാർത്ഥലാഭത്തിനായി പരസ്പരം തലതല്ലിക്കീറുകയും ദൈവാലയങ്ങൾ പോലും പോർക്കളങ്ങളാക്കി മാറ്റുകയും ചെയ്യുന്നവരെ തന്റെ ശിഷ്യന്മാരെന്ന് യേശുവിന് വിളിക്കുവാൻ കഴിയുമോ?