യെഹോയാദ (Jehoiada)
പേരിനർത്ഥം – യഹോവ അറിയുന്നു
അസര്യാവിന്റെ മകൻ. (1ദിന, 6:11). സഹോദരനായ അമര്യാവിനുശേഷം മഹാപുരോഹിതനായി. വിവാഹബന്ധം കൊണ്ടു യെഹൂദയിലെ രാജകുടുംബത്തിൽ അംഗമായി. അഹസ്യാവിന്റെ സഹോദരിയും യെഹോരാമിന്റെ മകളുമായ യെഹോശബത്ത് (2ദിന, 22:11) എന്നു പേരുള്ള യെഹോശേബയെ വിവാഹം ചെയ്തു. (2രാജാ, 11:2). അഥല്യാ രാജ്ഞി രാജസന്തതിയെ മുഴുവൻ നശിപ്പിച്ചപ്പോൾ യെഹോയാദാ പുരോഹിതൻ ഭാര്യയോടൊപ്പം യോവാശിനെ ആറുവർഷം ഒളിപ്പിച്ചു പാർപ്പിച്ചു. യോവാശിനു ഏഴുവയസ്സ് പ്രായമായപ്പോൾ യെഹോയാദാ വിപ്ലവം ആസൂത്രണം ചെയ്തു. ശതാധിപന്മാരിൽ അഞ്ചുപേർക്കു തന്റെ പദ്ധതി വെളിപ്പെടുത്തി. (2ദിന, 23:1; 2രാജാ, 11:4). യോവാശിനെ അവർക്കു കാണിച്ചു കൊടുത്തു. അവർ യെഹൂദയിലെങ്ങും പോയി ലേവ്യരെയും യെരൂശലേമിനോടു കുറുള്ള കുടുംബത്തലവന്മാരെയും വരുത്തി യോവാശിനെ അവർക്കു കാണിച്ചു കൊടുത്തു അവനെ രാജാവായി അഭിഷേകം ചെയ്തു. രംഗത്തുവന്ന അഥല്യാ കൊല്ലപ്പെട്ടു. ദൈവത്തെ സേവിക്കാമെന്നു പുരോഹിതൻ ജനത്തെക്കൊണ്ടു ഉടമ്പടി ചെയ്യിച്ചു. ആദ്യകാലത്ത് അദ്ദേഹം യോവാശിനെ ഉപദേശിക്കുകയും നടത്തുകയും ചെയ്തു. നൂറ്റിമുപ്പതു വർഷം ജീവിച്ചിരുന്നു. (2ദിന, 24:15). രാജാക്കന്മാരോടൊപ്പം യെഹോയാദാ അടക്കപ്പെട്ടു. ജനത്തിന്റെ ദുഷ്ടതയെ എതിർക്കുക നിമിത്തം യോവാശിന്റെ കല്പനയാൽ ജനം കല്ലെറിഞ്ഞു കൊന്ന സെഖര്യാവ് (2ദിന, 24:20-22; ലൂക്കൊ, 11:51) ഇദ്ദേഹത്തിന്റെ പുത്രനാണ്.