യെഹൂദൻ (Jew)
യെഹൂദൻ എബ്രായയിൽ ‘യെഹൂദി’ ആണ്; ഗ്രീക്കിൽ ‘യൂഡയൊസും.’ യിരെമ്യാവിന്റെ കാലത്തിനു മുമ്പു പഴയനിയമത്തിൽ യെഹൂദൻ എന്ന പ്രയോഗമില്ല. യെഹൂദൻ എന്ന പദത്തിന്റെ മൗലികമായ അർത്ഥം യെഹൂദാഗോത്രജൻ അഥവാ യെഹൂദാരാജ്യത്തിലെ (ബെന്യാമീൻ, യെഹൂദാ) പ്രജ എന്നത്രേ. (2രാജാ, 16:6; 25:25). പില്ക്കാലത്തു യെഹൂദൻ എന്ന പദത്തിനു അർത്ഥവ്യാപ്തി ലഭിച്ചു. പ്രവാസത്തിൽ നിന്നു മടങ്ങിയെത്തിയ എബ്രായരെ മുഴുവൻ അതുൾക്കൊണ്ടു. ബാബേൽ പ്രവാസത്തിൽനിന്നും മടങ്ങിവന്നവർ അധികവും യെഹൂദാഗോത്രത്തിൽ നിന്നുള്ളവരായിരുന്നു. മാത്രവുമല്ല, പൗരാണിക യിസ്രായേലിന്റെ ചരിത്രപരമായ പ്രാതിനിധ്യസ്വഭാവം യെഹൂദയ്ക്കുണ്ടായിരുന്നു. അതിനാൽ ലോകമെങ്ങുമുള്ള എബായരെക്കുറിക്കുവാൻ യെഹൂദൻ എന്ന സംജ്ഞ പ്രയുക്തമായി. (എസ്ഥ, 2:5; മത്താ, 2:2). ഹിസ്കീയാ രാജാവിന്റെ കാലം മുതൽ യെഹൂദയിലെ ഭാഷ യെഹൂദാഭാഷ അഥവാ യെഹൂദ്യ ഭാഷ എന്നറിയപ്പെട്ടു. (2രാജാ, 18:26, 28; നെഹെ, 13:24; യെശ, 36:11, 13). സുവിശേഷങ്ങളിൽ യെഹൂദന്മാർ (ബഹുവചനത്തിൽ) യിസ്രായേല്യരാണ്. പുതിയ നിയമത്തിൽ യെഹൂദന്മാരെയും (യിസ്രായേല്യർ) ജാതികളെയും വേർതിരിച്ചു കാണിക്കുന്നുണ്ട്. (മർക്കൊ, 7:3; യോഹ, 2:6; പ്രവൃ, 10:28). യെഹൂദകഥകളെയും (തീത്തൊ, 1:14), യെഹൂദ മതത്തെയുംക്കുറിച്ചു പൗലൊസ് പരാമർശിക്കുന്നുണ്ട്. (ഗലാ, 1:13, 14).