യിരെമ്യാ പ്രവാചകന്റെ പുസ്തകം (Book of Jeremiah)
പഴയനിയമത്തിലെ ഇരുപത്തിനാലാമത്തെ പുസ്തകം; വലിയ പ്രവാചകന്മാരിൽ രണ്ടാമത്തേതും. പ്രവാചകന്റെ പേരിൽ പുസ്തകം അറിയപ്പെടുന്നു. സങ്കീർത്തനങ്ങൾ കഴിഞ്ഞാൽ ബൈബിളിലെ ഏറ്റവും ദീർഘമായ പുസ്തകം ഇതാണ്. യിർമെയാഹു അഥവാ യിർമെയാഹ് എന്നാണ് എബ്രായരൂപം. യെഹൂദാ ചരിത്രത്തിലെ അവസാന വർഷങ്ങളിലാണ് യിരെമ്യാവ് പ്രവചിച്ചത്.
ഗ്രന്ഥകർത്താവ്: ബെന്യാമീൻ ദേശത്തു അനാഥോത്തിലെ പുരോഹിതന്മാരിൽ ഹില്ക്കീയാവിന്റെ മകനായ യിരെമ്യാവ് (1:1) ആണ് ഗ്രന്ഥകാരൻ എന്നതിന് ഉപോദ്ബലകമായി വേണ്ട തെളിവുകളുണ്ട്. തന്റെ ശുശ്രൂഷയുടെ ആരംഭം മുതൽ യെഹോയാക്കീം രാജാവിന്റെ ഭരണത്തിന്റെ നാലാം വർഷം വരെയുള്ള പ്രവചനങ്ങൾ യിരെമ്യാവ് പറഞ്ഞു കൊടുക്കുകയും എഴുത്തുകാരനായ ബാരൂക്ക് രേഖപ്പെടുത്തുകയും ചെയ്തു. (36:1-4). ഈ ചുരുളിനെ യെഹോയാക്കീം നശിപ്പിച്ചപ്പോൾ കൂടുതൽ പ്രവചനങ്ങൾ ചേർത്തു മറ്റൊരു ചുരുൾ യിരെമ്യാവ് പറഞ്ഞുകൊടുത്തു ബാരുക്ക് എഴുതി. (36:32). യിരെമ്യാ പ്രവചനം മുഴുവനും ആ ചുരുൾ ഉൾക്കൊണ്ടിരുന്നില്ല. പ്രവചനത്തിൽ പല ഭാഗങ്ങളും ഈ സംഭവത്തിനു ശേഷം എഴുതിയതാണ്. 52-ാം അദ്ധ്യായം പ്രവാചകന്റേത് ആയിരിക്കണമെന്നില്ല. 2രാജാക്കന്മാർ 24:18-25:30 വരെയുള്ള ഭാഗം എടുത്തു ചേർത്തതായിരിക്കണം.
യിരെമ്യാവിന്റെ ഗ്രന്ഥകർത്തൃത്വത്തിനു ബാഹ്യ തെളിവുകളുമുണ്ട്. യിരെമ്യാ പ്രവാചകന്റെ പുസ്തകത്തെ പേരുപറഞ്ഞു അതിൽ നിന്നും ദാനീയേൽ ഉദ്ധരിച്ചിട്ടുണ്ട്. (ദാനീ, 9:2; യിരെ, 25:11-14; 29:10). യിരെമ്യാവിന്റെ പ്രവചനത്തിനും കാലത്തിനും 2ദിന, 36:21; എസ്രാ 1:1 എന്നീ ഭാഗങ്ങളിൽ നിന്നും സ്ഥിരീകരണം ലഭിക്കുന്നു. യിരെമ്യാ പ്രവാചകന്റെ പ്രവചനവും മുന്നറിയിപ്പും നിഷേധിച്ചത് കൊണ്ടാണ് യെരുശലേമിനു നാശം സംഭവിച്ചതെന്നു പ്രഭാഷകനിൽ കാണുന്നു. “അവർ യിരെമ്യാ പ്രവചിച്ചതുപോലെ, വിശുദ്ധസ്ഥലം സ്ഥിതിചെയ്യുന്ന തെരഞ്ഞെടുക്കപ്പെട്ട നഗരം അഗ്നിക്കിരയാക്കി; അതിന്റെ തെരുവുകൾ ശൂന്യമാക്കി. അവർ യിരെമ്യായെ പീഡിപ്പിച്ചിരുന്നു; പക്ഷെ, പിഴുതെടുക്കാനും പീഡിപ്പിക്കാനും നശിപ്പിക്കാനും അതുപോലെ തന്നെ നിർമ്മിക്കാനും നട്ടു പിടിപ്പിക്കാനും മാതാവിന്റെ ഉദരത്തിൽ വച്ചുതന്നെ പ്രവാചകനായി അഭിഷേചിക്കപ്പെട്ടവനായിരുന്നു അയാൾ.” (പ്രഭാ, 49:6,7). ജൊസീഫസും തല്മൂദും ഈ വസ്തുത രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ നിയമത്തിൽ യിരെമ്യാ പ്രവചനത്തിൽ നിന്നുള്ള ഉദ്ധരണികൾ ഉണ്ട്. 1. (മത്താ, 2:17,18 – യിരെ, 31:15); 2. (മത്താ, 21:13; മർക്കൊ, 11:17; ലൂക്കൊ, 19:46 – യിരെ, 7:11). 3. (റോമ, 11:27 – യിരെ, 31:3-34); 4. (എബാ, 8:8-13 – യിരെ, 31:31-34).
സംവിധാനം: യിരെമ്യാ പ്രവചനത്തിലെ ഉള്ളടക്കം കാലാനുക്രമത്തിലല്ല നിബന്ധിച്ചിരിക്കുന്നത്. എന്നാൽ സാകല്യമായി ഒരു ക്രമം വിഷയത്തിൽ ദൃശ്യമാണ്. 1-25 അദ്ധ്യായങ്ങൾ ഒരു പ്രത്യേക ഭാഗമാണ്. 26-45 അദ്ധ്യായങ്ങൾ മറ്റൊരു ഭാഗമാണ്. ഈ ഭാഗം പ്രവാചകന്റെ വ്യക്തിപര ജീവിതത്തെ സംബന്ധിക്കുന്നതാണ്. അതിന്റെ ആഖ്യാനം ഉത്തമപുരുഷ ഏകവചനത്തിലത്രേ. 46-51-ൽ കാണുന്ന ജാതീയ ദേശങ്ങൾക്കെതിരെയുള്ള പ്രവചനങ്ങൾ മൂന്നാമതൊരു ഗണമാണ്; 52-ാം അദ്ധ്യായം ചരിത്രപരമായ അനുബന്ധവും. ഈ ഐക്യം ഗ്രന്ഥസംവിധാനത്തിൽ കാണാമെങ്കിലും ചില ഖണ്ഡങ്ങൾ എന്തുകൊണ്ടാണ് പ്രസ്തുത സ്ഥാനത്ത് ചേർത്തിരിക്കുന്നു എന്നതു വിശദമാക്കാൻ സാധ്യമല്ല. ചരിത്രപശ്ചാത്തലത്തിൽ പ്രവചനത്തെ പിൻവരുമാറു പുനസ്സംവിധാനം ചെയ്യാം:
1. യോശീയാവിന്റെ കാലം: 1:1-19; 2:1-3:5; 3:6-6:30; 7:1-10:25; 18:1-20:18.
2. യെഹോവാഹാസിന്റെ കാലം: ഇല്ല.
3. യെഹോയാക്കീമിന്റെ കാലം: 11:1-13:14; 14:1-15:21; 16:1-17:2; 22:1-30; 23:1-8,9-40; 25:1-14; 15:38; 26:1-24; 35:1-19; 36:1-32; 45:1-5; 46:1-12,13-28; 47:1-7; 48:1-47.
4. യെഹോയാഖീന്റെ കാലം: 31:15-27.
5. സിദെക്കീയാവിന്റെ കാലം: 21:1-22:30; 24:1-10; 27:1-22; 28:1-17; 29;1-32; 30:1-31:40; 32:1-44; 33:1-26; 34:1-7,8-11,12-22; 37:1-21; 38:1-28; 39:1-18; 49:1-22,23-33,34-39; 50:1-51:64.
6. ഗെദല്യാവിന്റെ കാലം: 40:1-42:22; 43:1-44:30.
7. ചരിത്രപരമായ അനുബന്ധം: 52:1-34.
സെപ്റ്റ്വജിന്റു പാഠവും എബ്രായപാഠവും: പഴയനിയമത്തിൽ എബ്രായപാഠവും സെപ്റ്റ്വജിന്റു പാഠവും തമ്മിൽ സാരമായ വ്യത്യാസമുള്ള ഒരു പുസ്തകമാണു യിരെമ്യാപ്രവചനം. സെപ്റ്റ്വജിന്റു പാഠത്തിൽ എബ്രായ പാഠത്തിലുള്ളതിനെക്കാൾ 2700 വാക്കുകൾ കുറവാണ്. എബ്രായ പാഠത്തിലില്ലാത്ത നൂറോളം വാക്കുകൾ സെപ്റ്റജിന്റിൽ കൂടുതലുണ്ട്. അധിക പദങ്ങൾ അത്ര പ്രാധാന്യമുള്ളവയല്ല. എബ്രായ പാഠത്തിലെ പല ആവർത്തനങ്ങളും സെപ്റ്റജിന്റ് വിട്ടുകളഞ്ഞു. അന്യജനതകളെക്കുറിച്ചുള്ള അരുളപ്പാടുകൾ സെപ്റ്റ്വജിന്റിൽ യിരെമ്യാവ് 25:13-നു ശേഷമാണ്. എബ്രായയിലെ 14-ാം വാക്യം സെപ്റ്റ്വജിൻ്റിൽ ഉപേക്ഷിച്ചു. ഈ അരുളപ്പാടുകൾക്കു ശഷം സെപ്റ്റ്വജിന്റു 25:15 മുതൽ തുടങ്ങുന്നു. എബ്രായ പാഠത്തിൽ 46-51 അദ്ധ്യായങ്ങളിലാണ് അന്യജാതികൾക്കെതിരെയുള്ള പ്രവചനങ്ങൾ.
പ്രധാന വാക്യങ്ങൾ: 1. “യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: നിന്നെ ഉദരത്തിൽ ഉരുവാക്കിയതിന്നു മുമ്പെ ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിന്നു മുമ്പെ ഞാൻ നിന്നെ വിശുദ്ധീകരിച്ചു, ജാതികൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു.” യിരേമ്യാവ് 1:4,5.
2. “ഇരുട്ടാകുന്നതിന്നും നിങ്ങളുടെ കാൽ അന്ധകാരപർവ്വതങ്ങളിൽ ഇടറിപ്പോകുന്നതിന്നും മുമ്പെ നിങ്ങളുടെ ദൈവമായ യഹോവെക്കു ബഹുമാനം കൊടുപ്പിൻ; അല്ലെങ്കിൽ നിങ്ങൾ പ്രകാശത്തിന്നു കാത്തിരിക്കെ അവൻ അന്ധതമസ്സും കൂരിരുട്ടും വരുത്തും. നിങ്ങൾ കേട്ടനുസരിക്കയില്ലെങ്കിൽ ഞാൻ നിങ്ങളുടെ ഗർവ്വം നിമിത്തം രഹസ്യത്തിൽ കരയും; യഹോവയുടെ ആട്ടിൻ കൂട്ടത്തെ പിടിച്ചു കൊണ്ടുപോയിരിക്കയാൽ ഞാൻ ഏറ്റവും കരഞ്ഞു കണ്ണുനീരൊഴുക്കും.” യിരേമ്യാവു 13:1617.
3. “ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളതു; അതു ആരാഞ്ഞറിയുന്നവൻ ആർ? യഹോവയായ ഞാൻ ഹൃദയത്തെ ശോധനചെയ്തു അന്തരംഗങ്ങളെ പരീക്ഷിച്ചു ഓരോരുത്തന്നു അവനവന്റെ നടപ്പിന്നും പ്രവൃത്തിയുടെ ഫലത്തിന്നും തക്കവണ്ണം കൊടുക്കുന്നു.” യിരേമ്യാവ് 17:9,10.
4. “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേലിലെ എഴുപതു സംവത്സരം കഴിഞ്ഞശേഷമേ ഞാൻ നിങ്ങളെ സന്ദർശിച്ചു ഈ സ്ഥലത്തേക്കു മടക്കിവരുത്തുമെന്നു നിങ്ങളോടുള്ള എന്റെ വചനം ഞാൻ നിവർത്തിക്കയുള്ളു. നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മെക്കല്ല നന്മെക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാടു.” യിരേമ്യാവ് 29:10,11.
ബാഹ്യരേഖ: I. യെഹൂദയ്ക്കും യെരൂശലേമിനും എതിരെയുള്ള പ്രവചനങ്ങൾ: 1:1-25:38.
1. പ്രവാചകന്റെ വിളി: 1:1-19.
2. യെഹൂദയുടെ പാപവും അവിശ്വസ്തതയും: 2:1-3:5.
3. വടക്കുനിന്നു വരുന്ന നാശം: 3:6-6:30.
4. പ്രവാസഭീഷണി: 7:1-10:25.
5. ലംഘിക്കപ്പെട്ട നിയമം: 11:1-23.
6. യിരെമ്യാവിന്റെ പരാതിയും ദൈവത്തിന്റെ മറുപടിയും: 12:1-17.
7. ചണനൂൽക്കച്ച: 13:1-27.
8. യെഹൂദയുടെമേൽ ന്യായവിധി: 14:1:15:21.
9. യിരെമ്യാവിനോടു വിവാഹം കഴിക്കരുതെന്നു കല്പിക്കുന്നു: 16അ.
10. ശബ്ബത്തുലംഘനം: 17 അ.
11. കുശവന്റെ ഉപമ: 18:1-17.
12. യിരെമ്യാവിനെതിരെയുള്ള ഗൂഢാലോചന: 18:18-23.
13. പ്രതീകാത്മക പ്രവൃത്തികളും ബന്ധനവും: 19:1-20:18.
14. യെഹൂദയെ സംബന്ധിച്ചുള്ള അരുളപ്പാടുകൾ: 21:1-23:8.
15. പ്രവാചകന്മാരെ സംബന്ധിച്ചുള്ളവ: 23:9-40.
16. യെഹൂദയ്ക്കുള്ള താക്കീതുകൾ: 24:1-25:38.
II. യിരെമ്യാവിന്റെ ജീവചരിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ: 26-45 അ.
1. മതനേതാക്കന്മാരുമായുള്ള സംഘർഷം: 26:1-29:32.
2. ആശ്വാസത്തിന്റെ അരുളപ്പാടുകൾ: 30:1-31:40.
3. യിരെമ്യാവു നിലം വാങ്ങുന്നു: 32:1-44.
4. മശീഹയുടെ കീഴിൽ പുന:സ്ഥാപനം: 33:1-26.
5. സിദെക്കീയാവിന്റെ പാപവും രേഖാബ്യരുടെ വിശ്വസ്തതയും: 34:1-35:19.
6. പ്രവചനച്ചുരുളുകൾ: 36:1-32.
7. യെരൂശലേമിന്റെ നിരോധനവും പതനവും: 37:1-40:6.
8. ഗെദല്യാവിന്റെ ഭരണം: 40:7-41-18.
9. മിസയീമിലേക്കുള്ള പലായനം: 42:1-43 ?:7.
10. പ്രവാചകൻ മിസ്രയീമിൽ: 43:8-44:30.
11. ബാരൂക്കിനോടുള്ള ദൂത്: 45:1-5.
III. അന്യദേശങ്ങൾക്കെതിരായ പ്രവചനങ്ങൾ: 46:1 ?-51:54.
1. മിസയീം: 46:1-28.
2. ഫെലിസ്ത്യ: 47:1-7.
3. മോവാബ്: 48:1-47.
4. അമ്മോന്യർ: 49:1-6.
5. ഏദോം: 49:7-22.
6. ദമ്മേശെക്ക്: 49:23-27.
7. അറബിദേശം: 49:28-33.
8. ഏലാം: 49:34-39.
9. ബാബിലോൻ: 50:1:51:64.
IV. ചരിത്രപരമായ അനുബന്ധം: 52-1-34.
1. യെഹൂദയുടെ പതനവും പ്രവാസവും: 52:1-30.
2. യെഹോയാഖീന്റെ മോചനം: 52:31-34.
please copy & paste the first part of ‘Bible shabda sagaram’ too of Jeremiah. this is only the second part.