യാഗത്തേക്കാൾ ശ്രേഷ്ഠം ദൈവപരിജ്ഞാനം
അത്യുന്നതനായ ദൈവത്തിന്റെ സന്നിധിയിൽ തന്റെ ജനം അർപ്പിക്കേണ്ട യാഗങ്ങളുടെയും പാലിക്കേണ്ട അനുഷ്ഠാനങ്ങളുടെയും ആരാധിക്കേണ്ട ക്രമീകരണങ്ങളുടെയും വിശദാംശങ്ങൾ ദൈവം കല്പനകളായി മോശെയിലൂടെ നൽകിയത്, അവർ എന്നെന്നും നിത്യമായ സ്നേഹത്താൽ തന്നാടു ബന്ധിതരാകുന്നതിനു വേണ്ടിയായിരുന്നു. അവരോടുള്ള തന്റെ അത്യഗാധമായ സ്നേഹത്താൽ പാലും തേനും ഒഴുകുന്ന കനാൻദേശം അവർക്ക് അവകാശമായി കൊടുത്തു. ആ സമ്പൽസമൃദ്ധിയുടെ നടുവിൽ തങ്ങളോടു കല്പിച്ചിരുന്നതനുസരിച്ച് അവർ യാഗങ്ങളും ഹോമയാഗങ്ങളും അർപ്പിച്ചു. ആരാധനകൾ മുടക്കംകൂടാതെ നടത്തി. പക്ഷേ, അവർ അവയെല്ലാം ചെയ്തത് ദൈവത്തോടുള്ള അദമ്യമായ സ്നേഹംകൊണ്ടായിരുന്നില്ല. പ്രത്യുത പാരമ്പര്യങ്ങളുടെ നിർബ്ബന്ധം കൊണ്ടായിരുന്നു. അവർ സത്യദൈവത്തെക്കാൾ ഉപരിയായി അന്യദൈവങ്ങളെയാണ് സ്നേഹിച്ചത്. അതുകൊണ്ടാണ് “യാഗത്തിലല്ല, ദയയിലും ഹോമയാഗങ്ങളെക്കാൾ ദൈവപരിജ്ഞാനത്തിലും ഞാൻ പ്രസാദിക്കുന്നു” (ഹോശേ, 6:6) എന്ന് ദൈവം അരുളിച്ചെയ്യുന്നത്. തന്റെ സ്നേഹത്തിന്റെ വൈശിഷ്ട്യത്തെ മനസ്സിലാക്കുവാൻ പരിജ്ഞാനമില്ലാത്തതിനാലാണ് നാമമാത്രമായ ചടങ്ങുകളായി, തന്നോടു യാതൊരു വൈകാരിക ബന്ധവുമില്ലാതെ അവർ യാഗങ്ങൾ അർപ്പിച്ചിരുന്നതെന്ന് ദൈവം വ്യക്തമാക്കുന്നു. അതുകൊണ്ടാണ് തന്നോടുള്ള സ്നേഹത്തിന്റെ ബാഹ്യഭാവങ്ങൾ കാട്ടി അർപ്പിക്കുന്ന യാഗങ്ങളെക്കാളും ഹോമയാഗങ്ങളെക്കാളും വിശ്വസ്തത നിറഞ്ഞ, അചഞ്ചലമായ, സ്ഥിരപ്രതിഷ്ഠമായ സ്നേഹത്തിൽനിന്ന് അർപ്പിക്കുന്ന യാഗങ്ങളാണ് തന്നെ പ്രസാദിപ്പിക്കുന്നതെന്ന് ദൈവം അരുളിച്ചെയ്യുന്നത്. ആ സ്നേഹം ഉളവാകുന്നത് അവരോടുള്ള തന്റെ സ്നേഹത്തെയും കരുണയെയും കരുതലിനെയും കുറിച്ചുള്ള പരിജ്ഞാനം അവർക്ക് ഉണ്ടാകുമ്പോഴാണ്. ആ വലിയ പരിജ്ഞാനത്താൽ അവരിൽനിന്നു കരുണയുടെ നീർച്ചാലുകൾ അണപൊട്ടിയൊഴുകും. അതുകൊണ്ടാണ് ഹോമയാഗങ്ങളെക്കാൾ ദൈവിക പരിജ്ഞാനത്തിൽ താൻ പ്രസാദിക്കുന്നുവെന്ന് ദൈവം അരുളിച്ചെയ്യുന്നത്. കരുണാസമ്പന്നനായ ദൈവത്തിനു നമ്മാടുളള സ്നേഹം മനസ്സിലാക്കാതെയും നമുക്ക് ദൈവത്തോടുള്ള സ്നേഹബഹുമാനങ്ങൾ ഇല്ലാതെയുമാണ് നാം ദൈവസന്നിധിയിൽ നേർച്ചകളും ആരാധനകളും മറ്റും അർപ്പിക്കുന്നതെങ്കിൽ, യിസായലിനോട് ദൈവം അരുളിച്ചെയ്തത് നമുക്കും ബാധകമാണ്. അതുകൊണ്ട് നാം ദൈവസന്നിധിയിൽ ചെയ്യുന്നതെല്ലാം, ദൈവത്തിനുവേണ്ടി ചെയ്യുന്നതെല്ലാം, ദൈവത്തോടുള്ള നിർവ്യാജനേഹത്തിൽനിന്ന് ഉരുത്തിരിയുന്നതാകുമ്പോഴാണ് ദൈവത്തിൻ്റെ പ്രസാദവർഷം നമ്മുടെമേൽ സ്നേഹവാനായ ദൈവം ചൊരിയുന്നത്.